പുതിയനിയമത്തില്‍ പൌരോഹിത്യം ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നും ഉണ്ട് എന്നുമായിരിക്കും ഉത്തരം. കാരണം പൌരോഹിത്യം എന്നതുകൊണ്ടു നമ്മള്‍ എന്ത് അര്‍ഥമാക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഉത്തരം.
ഇപ്പോഴത്തെ ചില ക്രിസ്തീയ എപ്പീസ്കോപ്പല്‍ സഭാവിഭാഗങ്ങളില്‍ കാണുന്ന പൌരോഹിത്യം പുതിയനിയമത്തില്‍ ഉണ്ടോ എന്നു ചോദിച്ചാല്‍, ഇല്ല എന്നതാണ് ഉത്തരം. വേദപുസ്തകത്തില്‍ നമ്മള്‍ ആദ്യം കാണുന്ന “അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതന്‍” മൽക്കീസേദെക്ക് ആണ്. അദ്ദേഹത്തെക്കുറിച്ച് നമ്മള്‍ ആദ്യമായി വായിക്കുന്നത് ഉല്‍പ്പത്തി പുസ്തകം 14 ആം അദ്ധ്യത്തില്‍ 18 മുതല്‍ 20 വരെയുള്ള വാക്യങ്ങളില്‍ ആണ്. അബ്രാഹാമിന്‍റെ സഹോദരപുത്രനായ ലോത്തിനെയും അവന്‍റെ സമ്പത്തും ശത്രുക്കളായ രാജാക്കന്മാര്‍ കൊള്ളയിട്ടു കൊണ്ടുപോയി. ഇത് അറിഞ്ഞ അബ്രഹാം ആ രാജാക്കന്മാരോടു യുദ്ധം ചെയ്ത്, അവരെ തോല്‍പ്പിച്ച്, ലോത്തിനെയും സമ്പത്തിനെയും തിരികെ കൊണ്ടുവന്നു. തിരികെ വരുന്ന വഴിക്ക്, അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്ന ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുമായി എതിരേറ്റു വന്നു. അവന്‍ അബ്രാഹാമിനെ അനുഗ്രഹിച്ചു, അബ്രഹാം അവന് സകലത്തിലും ദശാംശം കൊടുത്തു. ഇതാണ് മൽക്കീസേദെക്കിനെ നമ്മള്‍ കാണുന്ന ആദ്യ അവസരം. ഇതിന് ശേഷം, മൽക്കീസേദെക്കിന്റെ ക്രമപ്രകാരം ഒരു പൌരോഹിത്യം പഴയനിയമ കാലത്ത് തുടരുന്നതായി നമ്മള്‍ കാണുന്നില്ല.