താലന്തുകളുടെ ഉപമ


യേശുക്രിസ്തു തന്റെ ഭൌതീക ശുശ്രൂഷാ കാലത്ത് പറഞ്ഞ ഒരു ഉപമ ആണ് ഇന്നത്തെ പഠന വിഷയം.
ഉപമകള്‍ യേശുവിന്റെ പ്രഭാഷണങ്ങളിലെ പ്രധാനപ്പെട്ട ഭാഗം ആയിരുന്നു. ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ വിശദീകരിക്കുവാന്‍ അവന്‍ അധികവും ഉപയോഗിച്ചത് ഉപമകളെ ആണ്.
ചിലര്‍ ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ ഗ്രഹിക്കുവാനും മറ്റ് ചിലര്‍ ഗ്രഹിക്കാതെ ഇരിക്കുവാനും,മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും” വേണ്ടി ആണ് യേശു ഉപമകളിലൂടെ സംസാരിച്ചത്. (മര്‍ക്കോസ് 4: 11, 12)


ഉപമകള്‍ എല്ലാം സാരോപദേശ കഥകള്‍ ആണ്, അവയ്ക്കു ഒരു മുഖ്യ സന്ദേശം ഉണ്ടായിരിക്കും. ഈ സന്ദേശം വ്യക്തമാക്കികൊണ്ടായിരിക്കും ഓരോ ഉപമയും അവസാനിക്കുന്നത്.
ഉപമകള്‍ ഓര്‍ത്തിരിക്കുവാന്‍ എളുപ്പമുള്ളതും അതിലെ മുഖ്യ ദൂത് വേഗത്തില്‍ മനസ്സിലാക്കുവാന്‍ കഴിയുന്നതും ആയിരുന്നു. ഒപ്പം സാധാരണയായി ജനങ്ങള്‍ മനസ്സിലാക്കുന്നതിനും അപ്പുറമുള്ള ചില മര്‍മ്മങ്ങള്‍ അതില്‍ ഒളിപ്പിച്ചു വെക്കുവാനും കഴിയുമായിരുന്നു. യേശുവിന്റെ കാലത്തെ എല്ലാ റബ്ബിമാരും ആശയവിനിമയത്തിനായി ഉപമകള്‍ ഉപയോഗിക്കുമായിരുന്നു എന്ന് വേണം കരുതുവാന്‍.

യേശു ഉപയോഗിച്ച ഉപമകള്‍ യേശു കണ്ടുപിടിച്ചതല്ല. അന്ന് യഹൂദ സമൂഹത്തില്‍ പ്രചാരം ഉണ്ടായിരുന്ന കഥകള്‍ തന്നെ ആയിരുന്നു അതെല്ലാം. എന്നാല്‍ യേശു അവയെ എടുത്ത് തന്റെ മുഖ്യ സന്ദേശത്തിന് യോജ്യമായ വിധത്തില്‍ മാറ്റങ്ങള്‍ വരുത്തി ഉപയോഗിച്ചു.

യേശുവിന്റെ ഉപമകള്‍ ഒരു സമ്പൂര്‍ണ്ണ ചിത്രം ആണ്. അതായത് അവയുടെ വിശദാംശങ്ങള്‍ പോലും ദൈവരാജ്യത്തിന്റെ മര്‍മ്മത്തില്‍ നിന്നും വ്യത്യസ്തം ആയിരുന്നില്ല. അതിനാല്‍ ഓരോ ഉപമയേയും നമുക്ക് വ്യത്യസ്തമായ വീക്ഷണ കോണില്‍ നിന്നും വ്യാഖ്യാനിക്കാം. എങ്ങനെ വായിച്ചാലും അതില്‍ ദൈവരാജ്യത്തിന്റെ ശരിയായ മര്‍മ്മങ്ങള്‍ അടങ്ങിയിരിക്കും.
ഉദാഹരണത്തിന്, മുടിയനായ പുത്രന്റെ ഉപമയെ നമുക്ക് പിതാവിനെ കേന്ദ്രമാക്കി വായിയ്ക്കാം, ഒന്നാമത്തെയോ രണ്ടാമത്തെയോ പുത്രനെ കേന്ദ്രമാക്കി വായിയ്ക്കാം. അതുമല്ലെങ്കില്‍, ആ ഉപമയിലെ കൂലിക്കാരെ കേന്ദ്രമാക്കിയും ഉപമ വ്യാഖ്യാനിക്കാവുന്നതാണ്. എല്ലാ വ്യാഖ്യാനങ്ങളും ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ വെളിവാക്കും.
ഇതാണ് യേശു പറഞ്ഞ ഉപമകള്‍ സമ്പൂര്‍ണ്ണ ചിത്രം ആയിരുന്നു എന്നതുകൊണ്ടു ഉദ്ദേശിച്ചത്.


മുഖ്യ സന്ദേശത്തില്‍ നിന്നും കേള്‍വിക്കരുടെ ചിന്തയെ വഴിതിരിച്ച് വിടുന്ന യാതൊരു വിശദാംശങ്ങളും യേശു ഉപമയില്‍ പറഞ്ഞില്ല. അതിനാല്‍ ഉപമകള്‍ ഹൃസ്വവും കൃത്യവും ആയിരുന്നു. ശ്രദ്ധയോടെ തിരഞ്ഞെടുത്ത വാക്കുകള്‍ ആണ് യേശു ഉപമകളില്‍ ഉപയോഗിച്ചിട്ടുള്ളത് എന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.
ഉപമകള്‍ വിശാലവും പരന്നതുമായ കഥകള്‍ അല്ല, അത് ഒരു സന്ദേശത്തിന്റെ വസ്തുനിഷ്ഠാപരമായ വാഹകര്‍ ആണ്.

പത്തു കന്യകമാരുടെ ഉപമയ്ക്ക് ശേഷം തുടര്‍ച്ചയായി പറയുന്ന ഒരു ഉപമായാണ് താലന്തുകളുടെ ഉപമ.
ഈ ഉപമ നമ്മള്‍ക്കു മത്തായി 25: 14 മുതല്‍ 30 വരെയുള്ള വാക്യങ്ങളില്‍ വായിക്കാം.
ഇവിടെ, യേശുക്രിസ്തു നമ്മളെ ഏല്‍പ്പിച്ച താലന്തുകളെ വ്യാപാരം ചെയ്യുക, അതിനെ വര്‍ദ്ധിപ്പിക്കുക, അതില്‍ വിശ്വസ്തര്‍ ആയിരിക്കുക എന്നതാണു മുഖ്യ സന്ദേശം.
പരമ്പരാഗതമായ വ്യാഖ്യാനത്തില്‍ നിന്നും വിഭിന്നമായ ഒരു വീക്ഷണകോണില്‍ നിന്നും ഈ ഉപമയെ നോക്കികാണുവാന്‍ ആണ് നമ്മള്‍ ഇവിടെ ശ്രമിക്കുന്നത്.
ഞാന്‍ മുംബ് പറഞ്ഞതുപോലെ, യേശുവിന്റെ ഉപമകള്‍, അതിനെ ഏത് വീക്ഷണകോണില്‍ നിന്നും നോക്കിയാലും ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ വെളിപ്പെടുത്തുന്നത് ആയിരിയ്ക്കും.

ആരംഭമായി നമുക്ക് ഈ ഉപമ എന്താണ് എന്നു നോക്കാം.
ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ തന്റെ മൂന്ന് ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.
ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു. അതിനുശേഷം അവന്‍ യാത്രപുറപ്പെട്ടു.
യജമാനന്‍ താലന്തുകള്‍ ദാസന്മാരെ ഏല്‍പ്പിച്ചത് അത് വ്യാപാരം ചെയ്ത് വര്‍ദ്ധിപ്പിക്കേണം എന്ന ആഗ്രഹത്തോടെ ആയിരുന്നു എന്നു നമുക്ക് മനസ്സിലാക്കാം.  
അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു; രണ്ടു താലന്തു ലഭിച്ചവൻ വ്യാപാരം ചെയ്ത് വേറെ രണ്ടു നേടി.
എന്നാല്‍, ഒരു താലന്ത് ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.
വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീർത്തു.
അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു വേറെ അഞ്ചുകൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു യജമാനൻ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതെക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു, ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു.
അതിന്നു യജമാനൻ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ.
നീ എന്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
ആ താലന്തു അവന്റെ പക്കൽനിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിൻ. അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.
എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
ഇതാണ് യേശു പറഞ്ഞ ഉപമ.

രണ്ടു ഉപമകള്‍

യേശു പറയുന്ന താലന്തുകളുടെ ഉപമയും, അവന്‍ മറ്റൊരു അവസരത്തില്‍ പറഞ്ഞ പത്തു റാത്തല്‍ വെള്ളിയുടെ ഉപമയും ഒറ്റ നോട്ടത്തില്‍ ഒരുപോലെ ഉള്ളവ ആണ് എന്നു നമുക്ക് തോന്നും. എന്നാല്‍ ഇവ രണ്ടും തമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്.
പത്ത് റാത്തല്‍ വെള്ളിയുടെ ഉപമ ലൂക്കോസ് 19: 12-26 വരെയുള്ള വാക്യങ്ങളില്‍ നമ്മള്‍ വായിക്കുന്നു.
താലന്തുകളുടെ ഉപമ മത്തായി 25: 14-30 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
രണ്ടു ഉപമകളിലും യജമാനാന്‍ ദൂരദേശത്തേക്ക് യാത്ര പോകുക ആണ്. അവന്‍ തന്റെ സമ്പത്തു ദാസന്മാരെ വ്യാപാരം ചെയ്യുവാനായി ഏല്‍പ്പിക്കുക ആണ്.

റാത്തലും താലന്തും
ഒരു ഉപമയില്‍  പത്തു റാത്തല്‍ വെള്ളി പത്ത് ദാസന്‍മാര്‍ക്ക് നല്കുക ആണ്.
രണ്ടത്തെ ഉപമയില്‍ താലന്തുകള്‍ വ്യത്യസ്തങ്ങളായ അളവില്‍ യജമാനന്‍ ദാസന്‍മാര്‍ക്ക് നല്കുന്നു.

എന്താണ് താലന്ത്, എന്താണ് റാത്തല്‍? അത് ലളിതമായി മനസ്സിലാക്കുവാന്‍ നമുക്ക് ശ്രമിക്കാം.
ഇതിന് ഉത്തരമായി എന്താണ് ശേക്കെല്‍ എന്നു പറഞ്ഞുകൊണ്ട് ആരംഭിക്കാം. ശേക്കെല്‍ എന്നത് ഭാരം അളക്കുന്ന ഒരു അളവുകോല്‍ ആയിരുന്നു. അത് തൂക്കം ആയിരുന്നു.
അതായത്, പുരാതന യിസ്രയേലില്‍ നാണയം എണ്ണി ആയിരുന്നില്ല അത് എത്രമാത്രം ഉണ്ട് എന്ന് പറഞ്ഞിരുന്നത്. നാണയത്തിന്റെ അളവ് അതിന്റെ തൂക്കം ആയിട്ടായിരുന്നു പറഞ്ഞിരുന്നത്.
എന്തിനെങ്കിലും വില നല്‍കേണ്ടി വരുമ്പോള്‍ സ്വര്‍ണ്ണമോ വെള്ളിയോ തൂക്കി അതിന്റെ ഭാരം അനുസരിച്ചു വിലയായി നല്‍കുമായിരുന്നു. ദൈവാലയത്തിലേക്കുള്ള വഴിപാടുകളും ഇങ്ങനെ സ്വര്‍ണ്ണമോ വെള്ളിയോ, അതിന്റെ ഭാരം തൂക്കി ആയിരുന്നു നല്കിയിരുന്നത്.
ഇപ്രാകാരമുള്ള 60 ശെക്കല്‍ ആയിരുന്നു ഒരു റാത്തല്‍. ശേക്കെലും റാത്തലും തൂക്കം തന്നെ ആയിരുന്നു. അതിനാല്‍ ഒരു റാത്തല്‍ എന്നത് ഒരു വലിയ തുക ആയിരുന്നു.
60 റാത്തല്‍ ആയിരുന്നു ഒരു താലന്ത്. അതും തൂക്കം തന്നെ.
അതായത് 60 ശേക്കെല്‍ ഒരു റാത്തലും 60 റാത്തല്‍ ഒരു താലന്തും ആയിരുന്നു. എല്ലാം തൂക്കം ആയിരിന്നു, എണ്ണം ആയിരുന്നില്ല.
അതിനാല്‍ ഒരു താലന്ത് പോലും വ്യാപാരം ചെയ്യുവാന്‍ മതിയായ ഒരു വലിയ തുക ആയിരുന്നു.

വ്യത്യസ്തങ്ങള്‍ ആയ സാഹചര്യങ്ങള്‍
എന്നാല്‍, ഈ ഉപമകള്‍ യേശു പറയുന്നതു രണ്ടു വ്യത്യസ്തങ്ങള്‍ ആയ സാഹചര്യങ്ങളില്‍ ആണ്.
ലൂക്കോസിലെ ഉപമ, യേശുവും ശിഷ്യന്മാരും യാത്രചെയ്ത് യെരുശലേമിനോടു അടുത്തപ്പോള്‍ പറഞ്ഞതാണ്. അവരുടെ യാത്ര ഗലീലയില്‍ നിന്നും തുടങ്ങിയതാണ്. അവര്‍ യെരൂശലേമിന്നു സമീപിച്ചപ്പോള്‍ ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു ശിഷ്യന്‍മാര്‍ക്കും കൂടെ ഉള്ളവര്‍ക്കും തോന്നി. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ല ക്രമീകരിക്കപ്പെടുന്നത് എന്നു പറയുവാനായി യേശു പത്ത് റാത്തല്‍ വെള്ളിയുടെ ഉപമ പറഞ്ഞു.
അതിനാല്‍ ഉപയിലെ മുഖ്യ സന്ദേശം യേശു രാജത്വം പ്രാപിക്കുവാന്‍ പിതാവിന്റെ സന്നിധിയിലേക്ക് പോകും എന്നും, കുറെ നാളുകള്‍ കഴിഞ്ഞ് രാജത്വം പ്രാപിച്ചു വീണ്ടും മടങ്ങി വരും എന്നും, ഈ രണ്ട് സംഭവങ്ങള്‍ക്കും ഇടയില്‍ ഒരു ഇടവേള ഉണ്ടായിരിക്കും എന്നും ആണ്. ഈ ഇടവേളയില്‍ യേശു ഏല്‍പ്പിക്കുന്ന ദൈവരാജ്യത്തിന്റെ സുവിശേഷം വ്യാപാരം ചെയ്തു അതിനെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കേണം. 

മത്തായിയിലെ താലന്തുകളുടെ ഉപമയുടെ സാഹചര്യം വ്യത്യസ്തം ആണ്.
ഇവിടെ, യേശു ദൈവാലയം സന്ദര്‍ശിച്ചതിന് ശേഷം തിരികെ ഒലിവ് മലയിലേക്ക് പോയി. അവിടെ വച്ച് ശിഷ്യന്മാര്‍ അവന്റെ അടുക്കല്‍ വന്നു, യെരുശലേമിന്‍റെ തകര്‍ച്ച, ലോകത്തിന്റെ അവസാനം, യേശുക്രിസ്തുവിന്റെ മടങ്ങി വരവ് എന്നിവ എപ്പോള്‍ സംഭവിക്കും എന്നു ചോദിച്ചു. ഈ മൂന്ന് ചോദ്യങ്ങള്‍ക്കും ഉള്ള മറുപടി ഒരുമിച്ച് സമ്മിശ്രമായി യേശു പറയുക ആണ്.
എന്നാല്‍ യേശുക്രിസ്തുവിന്റെ മടങ്ങി വരവിന്‍റെ,ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” എന്നു യേശു പറഞ്ഞു. (മത്തായി 24: 36)
അതിനാല്‍,അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.” എന്നും യേശു ഉപദേശിച്ചു.  (24: 44)
ഇതിന് ശേഷം ഏല്‍പ്പിച്ച ജോലി ഉത്തരവാദിത്തത്തോടെ ചെയ്യുന്ന വിശ്വസ്തനും ബുദ്ധിമാനും ആയ ദാസന്റ്റെയും തന്നെ ഏല്‍പ്പിച്ച ജോലിയെ അലക്ഷ്യമായി കണ്ട ദുഷ്ടദാസന്റ്റെയും ഉപമ പറഞ്ഞു.
അതിനു ശേഷം യേശു വീണ്ടും മറ്റൊരു ഉപമ കൂടി പറഞ്ഞു. അത്, മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുംകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരുടെ ഉപമ ആണ്. (25: 1- 13)
ഈ രണ്ട് ഉപമകളും അപ്രതീക്ഷിത സമയത്ത് യേശുക്രിസ്തു മടങ്ങി വരും എന്നു ഓര്‍ത്ത് എപ്പോഴും ഒരുങ്ങിയിരിക്കേണം എന്ന സന്ദേശം നല്കുന്നു.

വ്യത്യസ്ഥമായ മുഖ്യ സന്ദേശം
രണ്ടു ഉപമകളുടെയും മുഖ്യ സന്ദേശങ്ങള്‍ വ്യത്യസ്തം ആണ്.
പത്ത് റാത്തല്‍ വെള്ളിയുടെ ഉപമ ആരംഭിക്കുന്നത്,കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവച്ചു ദൂരദേശത്തേക്കു യാത്രപോയി.” എന്നു പറഞ്ഞുകൊണ്ടാണ്. (ലൂക്കോസ് 19:12)
അതായത് രാജത്വം പ്രാപിച്ചു മടങ്ങിവരുന്ന ക്രിസ്തു ഇവിടെ മുഖ്യ കഥാപാത്രം ആണ്.
എന്നാല്‍ മത്തായി രേഖപ്പെടുത്തിയിരിക്കുന്ന താലന്തുകളുടെ ഉപമ ആരംഭിക്കുന്നത്, ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു. എന്ന് പറഞ്ഞുകൊണ്ടാണ്. (മത്തായി 25:14)
അതായത് താലന്തുകളുടെ ഉപമയില്‍ രാജത്വം പ്രാപിക്കുവാനായി പോകുന്ന യജമാനന്‍ ഇല്ല. ഇവിടെ യജമാനന്‍ ദൂരദേശത്തേക്ക് യാത്രയാകുന്നു എന്ന് മാത്രം.

പത്ത് റാത്തല്‍ വെള്ളിയുടെ ഉപമയില്‍ തിരികെ വരുന്ന യജമാനന്റെ അടുക്കല്‍ കണക്കുകള്‍ തീര്‍ക്കുന്ന ദാസന്മാര്‍ നില്‍ക്കുന്നതായി കാണുന്നു. ആദ്യത്തെ ദാസന്‍ അവന് ലഭിച്ച ഒരു റാത്തല്‍ വെള്ളി വ്യാപാരം ചെയ്തു പത്തു റാത്തല്‍ വെള്ളി സാമ്പാദ്ധിച്ചു എന്നു പറഞ്ഞു. രണ്ടാമന്‍ അവന് ലഭിച്ച ഒരു റാത്തല്‍ വെള്ളി വ്യാപാരം ചെയ്തു അഞ്ച് റാത്തല്‍ വെള്ളി സാമ്പാദ്ധിച്ചു എന്നു പറഞ്ഞു.
അവരോടു യജമാനന്‍ പറയുന്നതിങ്ങനെ ആണ്: “നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു. രണ്ടാമനോട്,നീയും അഞ്ചു പട്ടണത്തിന്നു മേൽവിചാരകൻ ആയിരിക്ക എന്നു അവൻ അവനോടു കല്പിച്ചു.” (ലൂക്കോസ് 19: 17, 19).
യജമാനന്‍ രാജത്വം പ്രാപിച്ചു വന്നിരിക്കയാണ്. അതിനാല്‍ ദാസന്‍മാര്‍ക്ക് മേല്‍വിചാരകന്‍മാര്‍ ആയിരിക്കുവാന്‍ പട്ടണങ്ങളെ നല്കുവാന്‍ അവന് കഴിയും.

എന്നാല്‍ താലന്തുകളുടെ ഉപമയില്‍ പട്ടണങ്ങളുടെ അധികാരം ദാസന്‍മാര്‍ക്ക് കൊടുക്കുന്നതായി കാണുന്നില്ല. ഇവിടെ രാജത്വം പ്രാപിക്കുവാനായി പോകുന്ന യജമാനനും ഇല്ല. യജമാനന്റെ പ്രതിഫലം ഇത്രമാത്രമേ ഉള്ളൂ: “നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക.” (മത്തായി 25: 21).

സാമ്യങ്ങള്‍
എന്നാല്‍ ദൂരെ ദേശത്തേക്കു യാത്ര പോകുന്ന യജമാനനും, വ്യാപാരം ചെയ്യുവാനായി യജമാനന്റെ സമ്പത്തു ലഭിക്കുന്ന ദാസന്മാരും, യജമാനന്റെ അസാന്നിദ്ധ്യമുള്ള നീണ്ട ഇടവേളയും, യജമാനന്റെ മടങ്ങി വരവും, കണക്കുകളുടെ പരിശോധനയും, വിശ്വസ്തര്‍ക്കുള്ള പ്രതിഫലവും രണ്ടു ഉപമകളിലും ഒരു പോലെ കാണാം.
ഇത് സൂചിപ്പിക്കുന്ന ചില സത്യങ്ങള്‍ ഉണ്ട്.
യേശു ക്രൂശില്‍ മരിച്ചതിനു ശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം തന്റെ ദാസന്മാരെ ഏല്‍പ്പിച്ചിട്ടു അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് പിതാവിന്റെ സന്നിധിയിലേക്ക് തന്നെ കയറി പോകും.
പിന്നീട് അവന്റെ അസാന്നിദ്ധ്യമുള്ള ഒരു നീണ്ട ഇടവേള ഉണ്ടാകും. ഈ ഇടവേളയില്‍ അവന്റെ ദാസന്മാര്‍ ദൈവരാജ്യത്തിന്റെ സുവിശേഷം വ്യാപാരം ചെയ്യ്ത് അതിനെ വര്‍ദ്ധിപ്പിക്കേണം.
യേശു വീണ്ടും വരും. അപ്പോള്‍ അവന്റെ ദാസന്മാര്‍ അവന്‍ ഏല്‍പ്പിച്ച സുവിശേഷം വ്യാപാരം ചെയ്തതിന്റെ കണക്കുകള്‍ അവനെ ഏല്‍പ്പിക്കേണം. തക്കവണം അവന്‍ എല്ലാവര്‍ക്കും പ്രതിഫലവും ശിക്ഷയും കല്‍പ്പിക്കും.

താലന്തുകളുടെ ഉപമ

അപ്പോള്‍ എന്തായിരിക്കാം താലന്തുകളുടെ ഉപമയിലെ മുഖ്യ സന്ദേശം. നമ്മള്‍ മുംബ് പറഞ്ഞതുപോലെ യേശു ഈ ഉപമ പറയുന്നതിന് മുമ്പ് രണ്ടു ഉപമകള്‍ പറയുന്നുണ്ട്. അതിലെ, പത്ത് കന്യകമാരുടെ ഉപമ, സമയത്തും അസമയത്തും ക്രിസ്തുവിന്റെ വരവിനായി കാത്തിരിക്കേണം എന്ന സന്ദേശം നല്കുന്നു. അതിനു മുമ്പു ബുദ്ധിയുള്ള ദാസന്റെയും ദുഷ്ടനായ ദാസന്റെയും ഉപമ പറയുന്നുണ്ട്. ഇതില്‍ വിശ്വസ്തത ആണ് മുഖ്യ സന്ദേശം.
താലന്തുകളുടെ ഉപമയിലും വിശ്വസ്തത ആണ് മുഖ്യ സന്ദേശം.

ഈ മൂന്നു ഉപമകളും കൂട്ടി വായിച്ചാല്‍, ദൂരദേശത്തേക്ക് പോകുന്ന യജമാനനെയും, അവന്റെ അഭാവമുള്ള ഒരു ദീര്‍ഘകാലയളവിനെയും, തന്നെ വിശ്വസ്തതയോടെ, എതുനേരവും കാത്തിരിക്കുന്ന, ഇടവേളയില്‍ താന്‍ ഏല്‍പ്പിച്ച സമ്പത്തു വ്യാപാരം ചെയ്തു വര്‍ദ്ധിപ്പിക്കുന്ന ദാസന്മാരെയും നമുക്ക് കാണാം.
അതായത് താലന്തുകളുടെ ഉപമയില്‍ ദൈവരാജ്യത്തിന്റെ ഒരു പ്രധാന മര്‍മ്മം യേശു പറയുന്നു: വിശ്വസ്തത വ്യാപാരത്തിലെ വിജയം ആണ്, വ്യാപാരത്തിലെ വിജയം വിശ്വസ്തത ആണ്, വ്യാപാരത്തിലെ വിജയം ദൈവരാജ്യത്തിന്റെ വര്‍ദ്ധനവ് ആണ്.
ഞാന്‍ പറഞ്ഞ ഈ ദൈവരാജ്യത്തിന്റെ പ്രമാണം ആണോ താലന്തുകളുടെ ഉപമയിലെ സന്ദേശം എന്നു നമുക്ക് തുടര്‍ന്നു പരിശോധിക്കാം.

ആദ്യമായി ദൈവരാജ്യത്തിന്റെ വര്‍ദ്ധനവ് എന്ന ആശയം വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ള ചിന്ത ആണോ എന്നു നോക്കാം. യെശയ്യാവു 9 ആം അദ്ധ്യായം ആരംഭിക്കുന്നത്, പിന്നത്തേതില്‍ “ജാതികളുടെ മണ്ഡലത്തിന്നു മഹത്വം വരുത്തും. എന്നു പറഞ്ഞുകൊണ്ടാണ്. പ്രവാചകന്‍ തുടര്‍ന്നു പറയുന്നതിതാണ്: ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു. നീ വർദ്ധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വർദ്ധിപ്പിക്കുന്നു. (യെശയ്യാവു 9: 1-3)
6 ആം വാക്യം പറയുന്നു: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും”.
ഇത് നമ്മളുടെ കര്‍ത്താവിനെ കുറിച്ചാണ് എന്നു എടുത്തു പറയേണ്ടതില്ലല്ലോ.
7 ആം വാക്യം ഇങ്ങനെ ആണ്: “അവന്റെ ആധിപത്യത്തിന്റെ വര്‍ദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.”

ദൈവരാജ്യത്തിന്റെ വര്‍ദ്ധനവിനെക്കുറിച്ചാണ് ഇവിടെ പറയുന്നതു എന്നു ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ.
യേശു തന്റെ ഭൌതീക ശുശ്രൂഷ ആരംഭിക്കുന്നത് തന്നെ, കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞുകൊണ്ടാണ്. (മര്‍ക്കോസ് 1: 15)
യേശുവിന്റെ വരവോടെയും പ്രഖ്യാപനത്തോടെയും ദൈവരാജ്യം ആരംഭിച്ചു കഴിഞ്ഞു.
എന്നാല്‍ അവന്‍ ഇപ്പോള്‍, രാജത്വം പ്രാപിച്ചു മടങ്ങി വരേണ്ടതിന് ദൂരെദേശത്തേക്ക് പോയിരിക്കുന്നു. അവന്‍ വേഗം തിരികെ വരും. ഈ ഇടവേളയില്‍ ദൈവരാജ്യം നമ്മളുടെ കൈകളില്‍ ആയിരിക്കുന്നു. നമ്മള്‍ അതിനെ വ്യാപാരം ചെയ്തു വര്‍ദ്ധിപ്പിക്കേണം.
ദൈവരാജ്യം നമ്മള്‍ അനുഭവിക്കുന്നതല്ല വിശ്വസ്തത, അതിനെ വ്യാപാരം ചെയ്യുന്നതാണ് വിശ്വസ്തത. വ്യാപാരത്തിലെ വിജയം ആണ് വിശ്വസ്തതയുടെ അടയാളം.
ദൈവരാജ്യത്തിന്റെ വര്‍ദ്ധന അതിന്റെ പരപ്പ് ആണ്. ദൈവരാജ്യത്തിന്റെ മൂല്യങ്ങളാല്‍ ലോകം സ്വാധീനിക്കപ്പെടുന്നതാണ്. അതായത്, ദൈവരാജ്യത്തിന്റെ മൂല്യങ്ങളുടെ സ്വാധീനതയും അതിന്റെ വര്‍ദ്ധനയും, പരപ്പും ആണ് ദൈവരാജ്യത്തിന്റെ വര്‍ദ്ധന.
ഇതാണ് താലന്തുകളുടെ ഉപമയുടെ സന്ദേശം.

നമുക്ക് വീണ്ടും ഉപമയിലേക്ക് തിരികെ വരാം. ഉപമയെ വിശദമായി പഠിക്കാം.
ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.
ഇവിടെ നിന്നുകൊണ്ടു നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ ഉണ്ട്.

എന്തിനാണ് യജമാനന്‍ തന്റെ സമ്പത്തു ദാസന്മാരെ ഏല്‍പ്പിച്ചത്? തന്റെ അസാന്നിധ്യത്തില്‍ അവ നഷ്ടപ്പെട്ട് പോകുമെന്നോ, “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും” ചെയ്യുമെന്നോ ഭയന്നാണോ? (മത്തായി 6: 19)
അങ്ങനെ ആണ് ഒരു ദാസന്‍ മനസ്സിലാക്കിയത് എന്നു തോന്നുന്നു. എന്നാല്‍ യജമാനന്റ്റെ ഉദ്ദേശ്യം അതായിരുന്നില്ല.
അവന്‍ ഒരു ഇടവേളയ്ക്ക് ശേഷം തിരികെ വന്നപ്പോള്‍ ആദ്യം ചെയ്തത്, അവരുമായി കണക്ക് തീര്‍ക്കുക എന്നതാണ്.
അതായത് താന്‍ ഏല്‍പ്പിച്ച താലന്തുകള്‍ അവര്‍ എത്രമാത്രം വര്‍ധിപ്പിച്ചു എന്നതിന്റെ കണക്കാണ് അവന്‍ തീര്‍പ്പാക്കുന്നത്.
അതിന്റെ അര്‍ത്ഥം യജമാനന്റെ അസാന്നിധ്യത്തില്‍ തന്റെ സമ്പത്തു വര്‍ദ്ധിപ്പിക്കുവാനായിട്ടാണ് അവന്‍ അത് ദാസന്മാരെ ഏല്‍പ്പിച്ചത്.
ഇവിടെ ആണ് ഒരു താലന്തു ലഭിച്ചവന്‍ പരാജയപ്പെട്ടത്. അവന്‍ തനിക്ക് ലഭിച്ച ഒരു താലന്ത് നഷ്ടമാക്കിയില്ല. യജമാനന് അത് തിരികെ കൊടുത്തു. അവന്‍ അത് , “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും” ചെയ്യാതെ സൂക്ഷിച്ചു. വിശ്വസ്തതയോടെ അത് അങ്ങനെ തന്നെ തിരികെ കൊടുത്തു. എന്നാല്‍ യജമാനന്‍ അവനെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്തു.
അപ്പോള്‍, താന്‍ ഏല്‍പ്പിച്ച താലന്തുകള്‍ വ്യാപാരം ചെയ്യേണമെന്നും അതിനെ വര്‍ദ്ധിപ്പിക്കേണം എന്നും ആണ് യജമാനന്‍ ആഗ്രഹിച്ചത്.

ഇനി നമ്മള്‍ ചിന്തിക്കുന്നത്, അടിമത്തം നിലവില്‍ ഉണ്ടായിരുന്ന അക്കാലത്ത്, യജമാനന്‍മാര്‍ തങ്ങളുടെ സമ്പത്തു വ്യാപാരം ചെയ്യുവാന്‍ ദാസന്മാരെ ഏല്‍പ്പിക്കുമായിരുന്നുവോ എന്ന ചോദ്യമാണ്. ഒപ്പം തന്നെ ദാസന്മാര്‍ വ്യാപാരം ചെയ്ത് സാമ്പാദിച്ചതെല്ലാം, മുഴുവന്‍ തുകയും അവര്‍ എന്തുകൊണ്ടാണ് യജമാനനെ ഏല്‍പ്പിച്ചത്?
ഉപമയില്‍ അവര്‍ വ്യാപാരം ചെയ്തു എന്നും അവര്‍ അതില്‍ നിന്നും മൊത്തം എന്തു നേടി എന്നും പറയുന്നുണ്ടു.
അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു. അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി.” (മത്തായി 25: 16, 17)
ഇതെല്ലാം അവര്‍ യജമാനന് കൈമാറി. അതായത് അവര്‍ സാമ്പാദിച്ചതെല്ലാം യജമാനന് കൊടുത്തു. അവര്‍ക്കായി ഒന്നും എടുത്തില്ല.

മദ്ധ്യപൂര്‍വ്വ ദേശത്തെ അടിമത്ത സമ്പ്രദായം പാശ്ചാത്യ നാടുകളില്‍ പിന്നീട് നിലവില്‍ ഉണ്ടായിരുന്ന അടിമത്ത സമ്പ്രദായത്തില്‍ നിന്നും വിഭിന്നം ആണ്.
George S. Clason എഴുതിയ The Richest Man in Babylon എന്ന പുസ്തകം വായിച്ചാല്‍ മദ്ധ്യപൂര്‍വ്വ ദേശത്തെ അടിമത്ത സമ്പ്രദായത്തെക്കുറിച്ച് ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.
വേദപുസ്തകത്തിലും ഒരു വ്യക്തി എങ്ങനെ മറ്റൊരുവന്റെ അടിമയായി തീരാം എന്ന് പറയുന്നുണ്ട്.
ഒരുവന്‍ ഏതെങ്കിലും വിധത്തില്‍ സാമ്പത്തികമായി തകര്‍ന്നാല്‍ അവന്‍ സമ്പന്നനായ മറ്റൊരുവന്റെ അടിമയായി തീരാം. കടം വീട്ടുവാന്‍ പണം കടം വാങ്ങാം. വീട്ടുവാന്‍ കഴിവില്ലാതെ ആകുമ്പോള്‍  അവന്‍ തന്നെത്തന്നെ കടം തന്നവന് വില്‍ക്കുന്നു. അല്ലെങ്കില്‍ അവന് അവന്റെ വസ്തുവകകള്‍ പണയമായി വില്‍ക്കാം. അല്ലെങ്കില്‍ മക്കളെ അടിമകളായി വില്‍ക്കാം.
അവന്, വീണ്ടും അദ്ധ്വാനിച്ചു പണം ഉണ്ടാക്കി അടിമത്തത്തില്‍ നിന്നും മോചിതന്‍ ആകാം. അങ്ങനെ വസ്തുവകകളെയും മക്കളെയും തന്നെത്തന്നെയും യജമാനന്റെ കയ്യില്‍ നിന്നും വീണ്ടെടുക്കാം.
എന്നാല്‍ ഒരിക്കല്‍ അടിമകളായവര്‍ക്ക് വീണ്ടെടുപ്പ് പലപ്പോഴും സാധ്യമാകാറില്ല.
ചില കുറ്റവാളികള്‍ പിടിക്കപ്പെടുമ്പോള്‍ അവരെ അടിമകള്‍ ആക്കാറുണ്ട്. മറ്റ് രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കി, അവിടെ ഉള്ള ജനത്തെ അടിമകള്‍ ആക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു.   
ഇങ്ങനെ ഉള്ള വിവിധ രീതികളില്‍ അടിമകള്‍ ആകുന്നവരുടെ കൂട്ടത്തില്‍ നല്ലവരും ദുഷ്ടന്മാരും ഉണ്ടായിരിക്കും.
ദുഷ്ടന്മാര്‍ യജമാനനെ ദ്രോഹിച്ചോ, ചതിച്ചോ എങ്ങനെ എങ്കിലും ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. യജമാനന്മാരെ ആക്രമിക്കുകയോ, ചതിക്കുകയോ, ഓടി രക്ഷപ്പെടുവാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് കടുത്ത ശിക്ഷ ലഭിക്കുവാന്‍ ഇടയാക്കും. ശിക്ഷിക്കപ്പെടുന്ന അടിമ കൂടുതല്‍ ക്രൂരനും ദുഷ്ടനും ആയി മാറും.

അടിമകള്‍ മാത്രമല്ല ദുഷ്ടന്മാര്‍ ആയി മാറുന്നത്. ചില യജമാനന്മാരും ദുഷ്ടന്മാരും ക്രൂരരും ആയിരിയ്ക്കും. അവര്‍ അടിമകളെ ഉപദ്രവിക്കും, മനുഷ്യരെപ്പോലെ കാണാതെ മൃഗങ്ങളെപ്പോലെ അടിമകളെ കാണും. കഠിനമായി ജോലി ചെയ്യിക്കും. ശരിയായി ആഹാരമോ രോഗങ്ങള്‍ക്ക് ചികില്‍സയോ നല്‍കില്ല. അവരുടെ അടുക്കല്‍ നിന്നും ഓടി പോകുവാന്‍ അടിമകള്‍ ശ്രമിക്കുന്നത് സ്വഭാവികം മാത്രമാണ്.
ഈ ചിന്തകള്‍ എല്ലാം വേദപുസ്തകത്തില്‍ പഴയനിയമ ഭാഗത്തും നമുക്ക് കാണുവാന്‍ കുഴിയും.

എന്നാല്‍ ഈ കൂട്ടത്തില്‍ നല്ലവരായ യജമാനന്മാരും നല്ലവരും വിശ്വസ്തരും ആയ അടിമകളും ഉണ്ട്. നല്ല യജമാനന്‍മാര്‍ അടിമകളെ സ്നേഹിക്കും, കരുതും. അടിമകള്‍ അവരെ വിട്ട് പോകുവാന്‍ ആഗ്രഹിക്കുക ഇല്ല.
ഇത്തരം യജമാനന്‍മാര്‍ അവരുടെ വിശ്വസ്തരായ അടിമകള്‍ക്ക് നിയന്ത്രണ വിധേയമായ സ്വാതന്ത്ര്യം നല്കും.
അവര്‍ക്ക് സ്വന്തമായി വ്യാപാരം നടത്താം. അതിനുള്ള മൂലധനം യജമാനന്‍ തരും. പക്ഷേ വ്യാപാരത്തിന്റെ മൂലധനം യജമാനന്‍റേത് ആയതിനാല്‍ വ്യാപാരം തത്വത്തില്‍ അവന്റേത് ആയിരിയ്ക്കും. ലാഭവും തത്വത്തില്‍ യജമാനന്‍റേത് ആയിരിയ്ക്കും. വിശ്വസ്തനായി വ്യാപാരം ചെയ്യുകയും ലാഭം യജമാനന് തിരികെ കൊടുക്കുകയും ചെയ്താല്‍, മുംബ് പറഞ്ഞു ഒത്ത പ്രതിഫലം യജമാനന്‍ ദാസന് നല്കും.

ഈ വ്യവസ്ഥിതിയുടെ പശ്ചാത്തലത്തില്‍ ആണ് യേശു പറഞ്ഞ ഉപമയിലെ യജമാനന്‍ തന്റെ സമ്പത്തു, തന്റെ അഭാവത്തില്‍ വ്യാപാരം ചെയ്ത് വര്‍ദ്ധിപ്പിക്കുവാന്‍ ദാസന്മാരെ ഏല്‍പ്പിച്ചത്. അവന്‍ വിശ്വസ്തര്‍ എന്ന് കണ്ടിട്ടാണ് മൂന്നുപേരെ തിരഞ്ഞെടുത്തത്. അവര്‍ യജമാനനോട് വിശ്വസ്തര്‍ ആയിരിക്കുകയും ചെയ്തു.
കണക്ക് തീര്‍ക്കുന്ന സമയത്ത് മൂന്നാമനെ ദാസനെ, യജമാനന്‍,ദുഷ്ടനും മടിയനും ആയ ദാസനേ”, “കൊള്ളരുതാത്ത ദാസനെ”, എന്നിങ്ങനെ ആണ് വിളിക്കുന്നത്. അവിശ്വസ്തനായ ദാസനെ എന്ന് വിളിക്കുന്നില്ല. ഇത് നമുക്ക് പിന്നീട് വിശദമായി ചിന്തിക്കാം.

ഈ ഭാഗം വിടുന്നതിന് മുമ്പു മാര്‍മ്മികമായ ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ.
നമ്മള്‍ വലിയ യജമാനനായ യേശു ക്രിസ്തുവിന്റെ ദാസന്മാര്‍ മാത്രമാണു. നമ്മളെ വിശ്വസ്തര്‍ എന്ന് കരുതി അവന്‍ തന്റെ സമ്പത്തു മുഴുവന്‍, ദൈവരാജ്യത്തിന്റെ സുവിശേഷം, നമ്മളെ ഏല്‍പ്പിച്ചിരിക്കുക ആണ്.
ദാസന്മാര്‍ എപ്പോഴും ദാസന്മാര്‍ ആണ്. അവരുടെ സ്വാതത്ര്യം യജമാനന്‍ നിശ്ചയിക്കുന്നതാണ്. അവരുടെ വ്യാപാരം യജമാനന്‍റേതാണ്. വ്യാപത്തിന്റെ ലാഭവും യജമാനന്‍റേത് ആണ്. ദാസന് യജമാനന്‍ നല്‍കുന്ന പ്രതിഫലമാണ് മിച്ചം. അവന്‍ അത് മാത്രമേ ആഗ്രഹിക്കാവൂ.

സമ്പത്തും വ്യാപാരവും യജമാനന്‍റേത് ആയതിനാല്‍ നമ്മള്‍ ശ്രദ്ധയോടെയും വിശ്വസ്തതയോടെയും വേണം വ്യാപാരം ചെയ്യുവാന്‍. നമ്മളുടെ വ്യാപാരം ദൈവരാജ്യത്തിന്റെ വര്‍ദ്ധനവ് സാധ്യമാക്കുന്നില്ല എങ്കില്‍, നമ്മള്‍ പരാജയപ്പെടുക ആണ്. അത്, യജമാനന്‍ വരുമ്പോള്‍ ശകാരത്തിനും ശിക്ഷയ്ക്കും ഇടയാക്കും. 
അതിനാല്‍ നമ്മള്‍ എപ്പോഴും, നമ്മളുടെ ചിന്തകളും, പ്രവര്‍ത്തികളും, വാക്കുകളും ദൈവരാജ്യത്തിന്റെ വര്‍ദ്ധനവിന് ഉതകുമോ എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. തിരികെ വരുന്ന യജമാനന്റെ മുന്നിലും സാക്ഷിയായി നില്‍ക്കുന്ന അനേകരുടെ മുന്നിലും നമ്മള്‍ ലജ്ജിക്കുവാന്‍ ഇടവരരുത്.

എന്താണ് വ്യാപാരം

താലന്തു ലഭിച്ച ദാസന്മാര്‍ ഉടനെ ചെന്നു വ്യാപാരം ചെയ്തു എന്ന് ഉപമയില്‍ നമ്മള്‍ വായിക്കുന്നു. എന്താണ് വ്യാപാരം ചെയ്തു എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്.
വ്യാപാരം എന്നത് ഒരു വലിയ വ്യവസായം അല്ല എന്ന് നമ്മള്‍ മനസ്സിലാക്കേണം. അത് ലളിതമായി പറഞ്ഞാല്‍ കച്ചവടം ആണ്. 
അന്നത്തെ ഒരു വ്യാപാരി എങ്ങനെ ആണ് കച്ചവടം ചെയ്തത് എന്ന് നമുക്ക് നോക്കാം. ഇവിടെ ഒരു ആത്മീയ മര്‍മ്മം ഒളിച്ചിരിപ്പുണ്ട്. 

അന്നത്തെ വ്യാപാരം അപകടം നിറഞ്ഞതും, ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടതും ആയ ഒരു പ്രവര്‍ത്തി ആയിരുന്നു.
അവന്‍ തന്റെ വീടും കുടുംബവും ബന്ധുമിത്രാദികളെയും സ്നേഹിതരേയും വിട്ടു ദൂരെദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവന്‍ ആയിരുന്നു. ഒരു പട്ടണത്തില്‍ നിന്നും മറ്റൊരു പട്ടണത്തിലേക്കു യാത്രചെയ്യുന്ന ശ്രമകരവും അക്ഷീണവും ആയ ജീവിതം ആയിരുന്നു വ്യാപരിയുടേത്. വ്യത്യസ്തമായ കാലാവസ്ഥകള്‍, ഭക്ഷണങ്ങള്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവയെല്ലാം വ്യാപാരിയുടെ ജീവിതത്തെ ക്ലേശകരം ആക്കി.
വല്ലപ്പോഴും മാത്രമേ അവന്‍ വീട്ടിലേക്ക് തിരികെ എത്താറുള്ളൂ. വീട്ടില്‍ എത്തിയാല്‍ അല്‍പ്പകാലം താമസിക്കും. വീണ്ടും യാത്രയാകും. അന്ന് വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ ഇന്നത്തെപ്പോലെ ഇല്ലായിരുന്നു എന്ന് ഓര്‍ക്കുക. ഒരിക്കല്‍ തന്റെ വീട് വിട്ടാല്‍ അവന് എന്തു സംഭവിച്ചു എന്ന് വീട്ടില്‍ ഉള്ളവര്‍ക്കും വീട്ടില്‍ എന്തു സംഭവിക്കുന്നു എന്ന് അവനും അറിയുവാന്‍ പ്രയാസമായിരുന്നു.
തികച്ചും അരക്ഷിതാവസ്ഥ നിറഞ്ഞ ഒരു ജീവിതം ആയിരുന്നു വ്യാപാരിയുടേത്.

വ്യാപാരികള്‍ അന്നും ഇന്നും ചെയ്യുന്നത്, ഒരു വസ്തു സുലഭമായും വിലക്കുറവിലും ലഭിക്കുന്ന  സ്ഥലത്തുനിന്നും അത് വാങ്ങി, ആവശ്യമുള്ളവര്‍ക്ക് അവരുടെ സ്ഥലത്തു എത്തിച്ചുകൊടുക്കുക എന്നതാണല്ലോ.
ഇതിനായി വ്യാപാരി അവന്റെ സമ്പത്തു മുതല്‍ മുടക്കായി മുന്‍കൂട്ടി മുടക്കുന്നു, സാധനങ്ങള്‍ വാങ്ങുന്നു. അത് ആവശ്യക്കാരുടെ അടുക്കല്‍ സുരക്ഷിതമായി എത്തിക്കുക അവന്റെ ഉത്തരവാദിതമാണ്. അതായത് അവന് എങ്ങനെ അത് ലഭിച്ചുവോ, അതുപോലെ തന്നെ ആവശ്യക്കാരുടെ അടുക്കല്‍ എത്തിക്കേണം.
ആവശ്യക്കാര്‍ എവിടെ ഉണ്ട് എന്നും അവരുടെ അടുക്കല്‍ എങ്ങനെ വസ്തുവകകള്‍ എത്തിക്കാം എന്നതും കണ്ടുപിടിക്കേണ്ടുന്ന ജോലിയും വ്യാപരിയുടേതാണ്.
ആവശ്യക്കാരുടെ പക്കല്‍ അവ എത്തിച്ച്, അത് അവര്‍ വാങ്ങിച്ചാല്‍ മാത്രമേ അവന്‍ മുടക്കിയ പണം തിരികെ ലഭിക്കൂ.

വ്യാപാരിയുടെ ജോലി വളരെ അപകടം നിറഞ്ഞതാണ് എന്ന് ഞാന്‍ പറഞ്ഞല്ലോ. അവന്‍ ആദ്യം വസ്തുവകകള്‍ വാങ്ങിക്കുവാനായി തന്റെ സമ്പത്തുമായി ദൂരെ ദേശങ്ങളിലേക്ക് യാത്ര ചെയ്യേണം. ഈ യാത്രയില്‍ പ്രതികൂലമായ കാലാവസ്ഥ അവന് അഭിമുഖീകരിക്കേണ്ടി വരും. പരുക്കന്മാരായ മനുഷ്യരെ അവന് നേരിടേണ്ടി വരും. വഴിയിലും സത്രങ്ങളിലും പതിയിരിക്കുന്ന കള്ളന്മാര്‍ അവനെ ആക്രമിച്ചു അവന്റെ സമ്പത്തു കൊള്ള ചെയ്തേക്കാം. ചിലപ്പോള്‍ അവനെ കൊന്നെക്കാം. വ്യാപാരത്തിനായി പുറപ്പെടുന്ന യാത്ര ചിലപ്പോള്‍ മരണത്തിലേക്ക് ആയേക്കാം.
എങ്കിലും ഒരു വ്യാപാരിക്ക് മാത്രമേ സമ്പത്തിനെ വര്‍ദ്ധിപ്പിക്കുവാന്‍ കഴിയൂ.

ഇന്ന് നമ്മള്‍ സുവിശേഷം വ്യാപാരം ചെയ്യുന്നവര്‍ ആണ്. അതില്‍ ആപത്തുകള്‍ ഉണ്ട്. ഒറ്റപ്പെടലുകളും ഏകാന്തതയും ഉണ്ട്. കുടുംബത്തെയും ചര്‍ച്ചക്കാരെയും സ്നേഹിതരേയും വേര്‍പിരിഞ്ഞു ജീവിക്കേണ്ടി വന്നേക്കാം. എന്നാല്‍ നമ്മള്‍ വ്യാപാരം ചെയ്യുവാനായി വിളിക്കപ്പെട്ടവര്‍ ആണ്. നമുക്ക് മാറിനില്‍ക്കുവാന്‍ കഴിയുക ഇല്ല.

നമ്മള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശനം നമ്മളുടെ ജീവന്റെമേലുള്ള ആപത്തല്ല. യജമാനന്‍ നമ്മളെ ഏല്‍പ്പിച്ച സമ്പത്തു കള്ളന്മാര്‍ വഴിമദ്ധ്യേ മോഷ്ടിക്കുവാന്‍ ശ്രമിക്കുന്നു എന്നതാണു.
നമ്മള്‍ വ്യാപാരം ചെയ്യുന്നത്, നമ്മളുടെ നല്ല യജമാനന്‍ ആയ യേശുക്രിസ്തു നമ്മളെ ഏല്‍പ്പിച്ച ദൈവരാജ്യത്തിന്റെ സുവിശേഷം ആണ്. അത് ആവശ്യമുള്ള ധാരാളം പേര്‍ ഈ ലോകത്ത് ഇനിയും ഉണ്ട്. അവരെ കണ്ടെത്തുക, അവര്‍ക്ക് അത് കൊടുക്കുക എന്നതാണു നമ്മളുടെ വിശ്വസ്തത.

നമ്മളുടെ വ്യാപാരത്തിന്റെ മുടക്കുമുതലും വ്യാപാരം ചെയ്യുന്ന വസ്തുവകകളും നമ്മളുടെ സ്വന്തം അല്ല. അത് നമ്മളുടെ യജമാനന്‍റേത് ആണ്. അതില്‍ യജമാനന്റെ മേലെഴുത്തും മുദ്രയും ഉണ്ട്. അവന്റെ മേലെഴുത്തും മുദ്രയും ആണ് നമ്മള്‍ വ്യാപാരം ചെയ്യുന്ന ദൈവരാജ്യത്തിന്റെ സുവിശേഷത്തിന്റെ സവിശേഷത. അവന്റെ മുദ്ര സുവിശേഷത്തെ കള്ളന്മാരില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.
നമ്മള്‍ ഇവിടെ ഒരു ഇടനിലക്കാരന്‍ മാത്രം ആണ്. യജമാനനില്‍ നിന്നും വാങ്ങി ആവശ്യക്കാര്‍ക്ക് കൊടുക്കുന്നു എന്ന് മാത്രം.
അതിനാല്‍ വ്യാപാരത്തിലെ മുടക്ക് മുതലും ലാഭവും യജമാനന് ഉള്ളതാണ്. അത് അവന് തിരികെ കൊടുക്കേണം.

സമ്പത്ത് വര്‍ദ്ധിക്കേണം

യജമാനന്‍ തന്റെ സമ്പത്തു ദാസന്മാരെ ഏല്‍പ്പിച്ചത് വ്യാപാരം ചെയ്യുവാന്‍ വേണ്ടി ആണ്. വ്യാപാരം ചെയ്യുന്നത് സമ്പത്തു വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി ആണ്. അതുകൊണ്ടാണ്, വിശ്വസ്തന്‍ ആയിരിക്കുക എന്നത് വിജയി ആയിരിക്കുക എന്നതായി മാറുന്നത്. വ്യാപാരത്തിലെ വിജയമാണ് വ്യാപാരത്തിലെ വിശ്വസ്തത.
ഈ തത്വം അറിഞ്ഞിട്ടും പ്രവര്‍ത്തിക്കാതെ ഇരുന്ന മൂന്നാമത്തെ ദാസനെ “ദുഷ്ടനും മടിയനുമായ ദാസനെ” എന്നാണ് യജമാനന്‍ വിളിക്കുന്നത്. 

ഉപമ ആരംഭിക്കുമ്പോള്‍ യേശു പറയുന്നതിങ്ങനെ ആണ്: “ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു. ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു. (മത്തായി 25: 14, 15).
യജമാനന് ഓരോ ദാസന്റെയും പ്രാപ്തി അറിയാം. അതനനുസരിച്ചാണ് താലന്ത് അളന്നു കൊടുത്തത്. അതായത് ഒരു താലന്ത് കിട്ടിയവന് ഏറ്റവും കുറഞ്ഞത് ഒരു താലന്ത് കൂടെ എങ്കിലും നേടുവാന്‍ കഴിയും എന്നു യജമാനന് അറിയാമായിരുന്നു. അവന്‍ അത് നേടാതിരുന്നത് അവന്റെ കഴിവുകേടുകൊണ്ടല്ല, അവന്‍ മടിയനും ദുഷ്ടനും കൊള്ളരുതാത്തവനും ആയതുകൊണ്ടാണ്.

താലന്തു ലഭിച്ചവര്‍ അവരുടെ പ്രാപ്തിപോലെ വ്യാപാരംചെയ്തു, പ്രാപ്തിപോലെ അതിനെ വര്‍ദ്ധിപ്പിച്ചു.
അഞ്ച് താലന്ത് ലഭിച്ചവന്‍ അഞ്ച് താലന്തുകൂടെ വ്യാപാരം ചെയ്ത് നേടി. രണ്ടു താലന്ത് ലഭിച്ചവന്‍ രണ്ട് താലന്തുകൂടെ വ്യാപാരം ചെയ്ത് നേടി.
ഓരോരുത്തര്‍ക്കും ലഭിച്ച താലന്തും അവര്‍ നേടിയതും വിഭിന്നമായിരുന്നു. എന്നാല്‍ യജമാനന്റെ പ്രതികരണം രണ്ട് പേരോടും ഒന്നായിരുന്നു: “അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു. (25: 21)
അവര്‍ എത്ര നേടി എന്നല്ല, വിശ്വസ്തതയോടെ വ്യാപാരം ചെയ്തോ, അതിനെ വര്‍ദ്ധിപ്പിച്ചോ എന്നതുമാത്രമാണ് യജമാനന്‍ കണക്കാക്കിയത്.
അപ്പോള്‍ വ്യപാരവും വര്‍ദ്ധനവും പ്രധാന വിഷയങ്ങള്‍ ആണ്. യജമാനന്‍ ദാസന്മാരുടെ വിശ്വസ്തത അളന്നത് താന്‍ ഏല്‍പ്പിച്ച താലന്ത് വര്‍ദ്ധിച്ചോ എന്ന് നോക്കിയാണ്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വ്യാപാരത്തില്‍ അവര്‍ വിജയിച്ചോ എന്നതാണു അവരുടെ വിശ്വസ്തയുടെ അടയാളം.
ഇവിടെ വിജയവും വിശ്വസ്തയും ഒന്നായി മാറുന്നു. ദൈവരാജ്യത്തില്‍ വിജയം വിശ്വസ്തത ആണ്, വിശ്വസ്തത വിജയം ആണ്.

ഇത് മനസ്സിലാക്കുവാന്‍ നമുക്ക് മൂന്നാമത്തെ ദാസന്റെ കണക്കുകൂടി നോക്കാം. യജമാനന്‍ മൂന്നാമത്തെ ദാസന്റെ  പ്രാപ്തിപോലെ ഒരു താലന്ത് അവനെ ഏല്‍പ്പിച്ചിട്ടാണ് ദൂരെദേശത്തേക്കു പോയത്. അവനില്‍ നിന്നും, അവന്റെ പ്രാപ്തിക്കും, അവനെ ഏല്‍പ്പിച്ചതിനും അനുസരിച്ച വര്‍ദ്ധനവ് മാത്രമേ യജമാനന്‍ പ്രതീക്ഷിച്ചുള്ളൂ. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവന്‍ വ്യാപാരം ചെയ്യുവാന്‍ പോലും തയ്യാറായില്ല.
അവന്റെ വ്യാപാരം തകര്‍ന്നതല്ല; അവന്റെ കഴിവില്ലായ്മയാല്‍ വ്യാപാരം നഷ്ടത്തില്‍ ആയതല്ല; അവന്‍ വ്യാപാരം ചെയ്യാതെ മടിയന്‍ ആയിരുന്നു.
താലന്തുകള്‍ ലഭിച്ച മറ്റ് രണ്ടു ദാസന്മാരും അത് വ്യാപാരം ചെയ്തപ്പോള്‍ ഒരു താലന്തു ലഭിച്ച മൂന്നാമന്‍ “പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.” (25:18)
യജമാനനോടു കണക്കുതീര്‍ത്ത ദിവസം അവന്‍ പറഞ്ഞത് ഇങ്ങനെ ആണ്, ഞാന്‍ നിന്നെ “ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു.” (25: 25)

അവന്‍ യജമാനന്റെ താലന്തു എന്തിനാണ് കുഴിച്ചിട്ടത്? അന്നത്തെ കാലത്ത് കള്ളന്മാര്‍ സമ്പത്തു മോഷ്ടിക്കുവാതിരിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അത് അതീവ രഹസ്യമായി വീടിനുള്ളിലൊ സമീപത്തോ കുഴി കുഴിച്ചു, അതില്‍ ഭദ്രമായി വാക്കുകവാക്കുക എന്നതായിരുന്നു. ഈ ദാസനും അതാണ് ചെയ്തത്.
അവന്‍ യജമാനനെ ഭയപ്പെട്ടു. അവനെ ഏല്‍പ്പിച്ച യജമാനന്റെ താലന്തു നഷ്ടപ്പെട്ടാല്‍ വലിയ ശിക്ഷ അനുഭവിക്കേണ്ടി വരും എന്നും, യജമാനന്‍ തിരികെ വരുവാന്‍ ദീര്‍ഘ കാലമെടുക്കും എന്നും ദാസന് അറിയാമായിരുന്നു. അതിനാല്‍ അവന്‍ അതിനെ സൂക്ഷിച്ചു വച്ചു.
യജമാനന്‍ തിരികെ വന്നു ചോദിച്ചപ്പോള്‍ അവന്‍ അത് തിരികെ കൊടുത്തു.

യജമാനന്‍ ദൂരെദേശത്തേക്ക് പോകുമ്പോള്‍ കൊടുത്ത അതേ താലന്തു, യാതൊരു പോറല്‍ പോലും എല്‍ക്കാതെ, കള്ളന്മാര്‍ തുരന്ന്കൊണ്ട് പോകാതെ, പുഴുവും തുരുമ്പും കെടുക്കാതെ, അവന്‍ തിരികെ കൊടുത്തു.
താലന്തു ഈ ദീര്‍ഘകാലയളവില്‍ കളവ് പോയി എന്നോ, മറ്റേതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ടു എന്നോ അവന്‍ കളവായി പറഞ്ഞില്ല. അവന്‍ അതില്‍ ഒന്നും എടുത്തു മാറ്റിയില്ല.
യജമാനന്‍, എന്ത്, എങ്ങനെ, കൊടുത്തുവോ അങ്ങനെ തന്നെ അവന്‍ തിരികെ കൊടുത്തു.
എന്നിട്ടും യജമാനന്‍ അവനെ മാത്രം വിശ്വസ്തനായ ദാസനേ എന്നു വിളിച്ചില്ല.
എന്ത് അവിശ്വസ്തത ആണ് അവന്‍ കാണിച്ചത്?

അവന്‍ വ്യാപാരം ചെയ്തില്ല, താലന്തുകളെ വര്‍ദ്ധിപ്പിച്ചതും ഇല്ല. വ്യാപാരം ചെയ്യുക എന്നതിനേക്കാള്‍ ഉപരി അതിനെ വര്‍ദ്ധിപ്പിച്ചില്ല എന്നതാണ് അവന്റെ അവിശ്വസ്തത ആയി യജമാനന്‍ കണ്ടത്.
യജമാനന്‍ അവനോടു പറയുന്നതിങ്ങനെ ആണ്: “നീ എന്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.” (25: 27)
അതായത് നിനക്കു വ്യാപാരം ചെയ്യുവാന്‍ ഭയമോ മടിയോ ആയിരുന്നു എങ്കില്‍, യജമാനന്‍ തന്ന താലന്തിനെ, പണം വ്യാപാരം ചെയ്യുന്നവരെ ഏല്‍പ്പിക്കാമായിരുന്നു. യജമാനാന്‍ വന്നു അവരുടെ പക്കല്‍ നിന്നും പലിശയോടെ തിരികെ വാങ്ങുമായിരുന്നു.
അങ്ങനെ ചെയ്താലും താലന്തുകളെ വര്‍ദ്ധിപ്പിക്കാമായിരുന്നു. താലന്തുകളുടെ വര്‍ദ്ധനവ് യജമാനന് പ്രധാന വിഷയം ആണ്. അത് ചെയ്യാതെ ഇരുന്നതിനാല്‍ ആണ് യജമാനന്‍ അവനെ ദുഷ്ടദാസന്‍ എന്നും കൊള്ളരുതാത്ത ദാസനെന്നും വിളിക്കുന്നത്.

ഇന്ന് നമ്മളുടെ പക്കലും നമ്മളുടെ കര്‍ത്താവ് അവന്റെ സമ്പത്തായ ദൈവരാജ്യത്തിന്റെ സുവിശേഷം ഏല്‍പ്പിച്ചിട്ടുണ്ട്. അതിനെ വ്യാപാരം ചെയ്യേണം എന്ന് നമുക്ക് കല്‍പ്പനയും ഉണ്ട്.
ദൈവരാജ്യത്തിന്റെ വര്‍ദ്ധനവാണ് കര്‍ത്താവിന്റെ ലക്ഷ്യം.
വ്യാപാരം ചെയ്യുവാന്‍ നമുക്ക് മടിയോ, ഭയമോ ആണെങ്കില്‍, നമുക്ക് അതിനെ വ്യാപാരം ചെയ്യുന്ന മറ്റാരെയെങ്കിലും ഏല്‍പ്പിക്കാം.
അതിന്റെ അര്‍ത്ഥം വ്യക്തമാണ്: നമുക്ക് സുവിശേഷം പറയുവാന്‍ അസൌകര്യം ഉണ്ടെങ്കില്‍ സുവിശേഷം അറിയിക്കുന്ന മറ്റൊരാളിനെ അതിനായി പിന്താങ്ങാം. അങ്ങനെ എങ്കില്‍ കര്‍ത്താവുമായി കണക്കുതീര്‍ക്കുന്ന ദിവസം നമുക്ക് ധൈര്യത്തോടെ പറയുവാന്‍ കഴിയും, നീ ഏല്‍പ്പിച്ച താലന്തു വര്‍ദ്ധിച്ചിരിക്കുന്നു.
മത്തായി 10: 41, 42 വാക്യങ്ങളില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “പ്രവാചകൻ എന്നുവച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാൻ എന്നുവച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും. ശിഷ്യൻ എന്നുവച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”

ഉപസംഹാരം

ഞാന്‍ ഈ സന്ദേശം അവസാനിപ്പിക്കട്ടെ.
താലന്തു വര്‍ദ്ധിച്ചത് അത് വ്യാപാരം ചെയ്തപ്പോള്‍ ആണ്. വ്യാപാരത്തില്‍ വിജയിച്ചതുകൊണ്ടാണ് അത് വര്‍ദ്ധിച്ചത്. വ്യാപാരത്തില്‍ പരാജയപ്പെട്ടാല്‍ ഉള്ളതുകൂടെ നഷ്ടപ്പെടും. ഈ ഭയം കാരമാണ് ഒരു താലന്തു ലഭിച്ച മൂന്നാമന്‍ വ്യാപാരം ചെയ്യാതിരുന്നതും.
താലന്തിന്റെ വര്‍ദ്ധനവ് കാരണം ആണ്, ആദ്യത്തെ രണ്ടു ദാസന്‍മാര്‍ക്കും, “നല്ലവനും വിശ്വസ്തനായ ദാസനേ” എന്ന വിളി ലഭിച്ചത്. 
വ്യാപാരം ചെയ്തു, എല്ലാം നഷ്ടമായിപ്പോയി എന്ന് യജമാനനോടു പറഞ്ഞാലും, “ദുഷ്ടനും മടിയനും ആയ” “കൊള്ളരുതാത്ത ദാസനേ” എന്ന വിളിയെ ലഭിക്കൂ.

അതായത്, ദൈവരാജ്യത്തില്‍, യജമാനന്‍ ഏല്‍പ്പിച്ച താലന്തിന്റെ വര്‍ദ്ധനവ് വിശ്വസ്തതയെ കാണിക്കുന്നു. അത് വ്യാപാരത്തിലെ ജയത്തെ കാണിക്കുന്നു.

ദൈവരാജ്യത്തില്‍ വിജയിയായ മനുഷ്യര്‍ ഉണ്ട്, അവര്‍ വിശ്വസ്തര്‍ ആയ മനുഷ്യര്‍ ആണ്. ദൈവരാജ്യത്തില്‍ വിശ്വസ്തര്‍ ആയ മനുഷ്യര്‍ ഉണ്ട്, അവര്‍ ജയാളികളായ മനുഷ്യര്‍ ആണ്.
യജമാനന്‍ നമ്മളെ ഏല്‍പ്പിച്ചിരിക്കുന്ന ദൈവരാജ്യത്തിന്റെ സുവിശേഷം എന്ന താലന്തില്‍ വര്‍ദ്ധനവിന്റെ ശക്തി അടങ്ങിയിട്ടുണ്ട്. അതാണ് മൂന്നാമത്തെ ദാസന്‍ പറയുന്നതു: “യജമാനനേ, നീ വിതെക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു (25: 24)
നമ്മള്‍ വ്യാപാരം ചെയ്യുക, ദൈവരാജ്യം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. നമ്മള്‍ ജയാളികള്‍ ആയിത്തീരും. ദൈവരാജ്യത്തിന്റെ വ്യാപാരം ഒരിക്കലും നഷ്ടമായിട്ടില്ല.
ഒന്നുകൂടി ഞാന്‍ പറയട്ടെ: ദൈവരാജ്യത്തിലെ വിശ്വസ്തര്‍ എല്ലാം ജയാളികള്‍ ആണ്, ജയാളികള്‍ എല്ലാം വിശ്വസ്തര്‍ ആണ്.

ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.
ഓണ്‍ലൈന്‍ ല്‍ നമ്മളുടെ വീഡിയോ ഓഡിയോ ചാനലുകളില്‍ ധാരാളം വീഡിയോകളും ഓഡിയോകളും ലഭ്യമാണ്. വീഡിയോ കാണുവാന്‍ താല്പര്യമുള്ളവര്‍ naphtalitribetv.com എന്ന വീഡിയോ ചാനലും ഓഡിയോ കേള്‍ക്കുവാന്‍ താല്പര്യമുള്ളവര്‍ naphtalitriberadio.com എന്ന ഓഡിയോ ചാനലും സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കേള്‍ക്കുവാന്‍ നിങ്ങളെ സഹായിക്കും.
അതുപോലെ തന്നെ, ഈ സന്ദേശങ്ങളുടെ പഠനക്കുറിപ്പുകള്‍ നമ്മളുടെ വെബ്സൈറ്റ്കളില്‍ ലഭ്യമാണ്. ഇംഗ്ലീഷിനായി naphtalitribe.com എന്ന website ഉം മലയാളത്തിലുള്ള പഠനക്കുറിപ്പുകള്‍ക്കായി vathil.in എന്ന website ഉം സന്ദര്‍ശിക്കുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.


No comments:

Post a Comment