പഴയനിയമകാലത്തും പുതിയനിയമ കാലത്തും ബുദ്ധിയിലും, ബലത്തിലും, സമ്പത്തിലും ശക്തരായ ജനമാണ് യിസ്രായേല്‍. അനേക പ്രാവശ്യം അവര്‍ മറ്റ് രാജ്യങ്ങളുടെ കീഴില്‍ പ്രവാസികളും അടിമകള്‍ ആയി ജീവിച്ചിട്ടുണ്ട് എങ്കിലും, അവര്‍ അതിശക്തമായി തിരിച്ച് വന്നിട്ടുണ്ട്. ഈ ജനതയുടെ ബുദ്ധിവൈഭവവും, ശക്തിയും ലോകത്തെ മറ്റ് എല്ലാ ജനസമൂഹങ്ങളെയും എക്കാലത്തും അതിശയിപ്പിച്ചിട്ടുണ്ട്. അവരുമായി യുദ്ധചെയ്യുക അല്ല, സൌഹൃദമാണ് ഏറെ നല്ലത് എന്നു ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും, അവരുടെ ശത്രുക്കള്‍ പോലും തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ തകര്‍ക്കുവാന്‍ വഴികള്‍ അന്വേഷിക്കുന്നവരും എല്ലാ കാലത്തും ഉണ്ടായിരുന്നു.
യിസ്രായേല്‍ യഹോവയായ ദൈവത്താല്‍, അവന്റെ സ്വന്ത ജനമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സമൂഹമാണ് എന്നു നമുക്ക് അറിയാമല്ലോ. അവര്‍ ജയാളികള്‍ ആയി ജീവിക്കേണം എന്നു ദൈവം ആഗ്രഹിച്ചു എങ്കിലും അവര്‍ എക്കാലവും അങ്ങനെ ജീവിച്ചിട്ടില്ല. ഉയര്‍ച്ച താഴ്ചകള്‍ ഉള്ള ഒരു ഗ്രാഫ് പോലെയായിരുന്നു അവരുടെ ജീവിതം. പുതിയനിയമ സഭയും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടം ആണ്. ക്രിസ്തീയ സഭയും എപ്പോഴും ജയാളികള്‍ ആയിരിക്കേണം എന്നാണ് ദൈവത്തിന്‍റെ ആഗ്രഹം. എന്നാല്‍ ഇന്നത്തെ ക്രിസ്തീയ സഭ ജയാളികള്‍ ആണോ എന്നതില്‍ സംശയം ഉണ്ട്.