നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്

പ്രത്യാശയുടെ ഒരു സന്ദേശമാണ് നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുവാന്‍ പോകുന്നത്. പ്രത്യാശയ്ക്ക് യാതൊരു സാധ്യതയും ഇല്ലാത്ത ഒരു ലോകത്ത്, പ്രത്യാശ നല്‍കുന്ന നമ്മളുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ ചില വാക്കുകള്‍ നമ്മള്‍ ഒരിക്കല്‍ കൂടി ധ്യാനിക്കുവാന്‍ പോകുക ആണ്.

മാനവരാശി അനേകം പ്രതികൂലങ്ങളിലൂടെ കടന്നുപോകുക ആണ്. അവയ്ക്കു ഒന്നിന്നുപോലും ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ അവന് കഴിയുന്നില്ല. പഴയ രോഗങ്ങള്‍ പുതിയ മാറ്റങ്ങളോടെ വന്നു അവനെ തുടച്ചു നീക്കുവാന്‍ ശ്രമിക്കുന്നു. സമൃദ്ധിയുടെ നിറവില്‍ ജീവിക്കുന്ന ചില സമൂഹങ്ങള്‍ ഉള്ളപ്പോള്‍ തന്നെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു നേരത്തെ ആഹാരത്തിനയും വെള്ളത്തിനായും കേഴുന്ന അനേകം മനുഷ്യര്‍ ജീവിക്കുന്നു. ചിലര്‍ ആര്‍ഭാടമായ ജീവിതം നയിക്കുമ്പോള്‍, മറ്റ് ചിലര്‍ വസ്ത്രത്തിനായും പാര്‍പ്പിടത്തിനായും യാചിക്കുക ആണ്. യുദ്ധങ്ങളും പ്രകൃതിക്ഷോഭവും പെരുകുന്നു.


ആധുനിക സംസ്കാരം എന്നൊക്കെ നമ്മള്‍ ഇന്നത്തെ ജീവിത രീതിയെ വിളിക്കാറുണ്ട് എങ്കിലും, ദൈനം ദിനം സംഭവിക്കുന്ന കാര്യങ്ങള്‍, ഇത് സംസ്കാരം തന്നെയോ എന്ന ചിന്ത നമ്മളില്‍ ഉളവാക്കുന്നു.
വര്‍ത്തമാനകാല സംസ്കാരം, ജഡീക മോഹങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ മനുഷ്യനെ ക്രൂരമായി കൊലചെയ്യുന്ന ജീവിത രീതി ആണ്.
സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുവാന്‍ മടിക്കാത്ത മാതാപിതാക്കള്‍ എന്തു സംസ്കാരമാണ് പ്രകടിപ്പികുന്നത്? മദ്യവും മയക്കുമരുന്നും സുലഭമാകുന്ന ലോകം ഏത് സംസ്കാരത്തിന്റെ വശത്താണ്? അധാര്‍മ്മികമായ, കുത്തഴിഞ്ഞ, അരാജകത്വത്തിന്‍റെ ജീവിത രീതികള്‍ വര്‍ദ്ധിച്ചുവരുന്നതാണോ ആധുനിക സംസ്കാരം?
കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച, മനുഷ്യ ബന്ധങ്ങളില്‍ വിശ്വസ്തത ഇല്ലായ്മ, അമിതമായ ധനമോഹം, ഇതെല്ലാം സര്‍വ്വസാധാരണം ആയിത്തീര്‍ന്നിരിക്കുന്നു. സ്വന്തം വീടുപോലും മനുഷന് ഇന്ന് സുരക്ഷിതമായ വാസസ്ഥലം അല്ല.
ഇതിനെ എല്ലാം നമുക്ക് സംസ്കാരം എന്നു തന്നെ വിളിക്കാമോ? ഇത് അധാര്‍മ്മികതയും, ക്രൂരതയും, വക്രതയും, അവിശ്വസ്തതയും, മാനുഷിക മൂല്യങ്ങളുടെ തകര്‍ച്ചയും ഒക്കെ ആണ്.

ലോകത്തിന്റെ ചിന്തകള്‍ക്കൊത്ത് ജീവിക്കുന്ന മനുഷ്യരില്‍ മാത്രമല്ല നമ്മള്‍ ഇന്ന് മൂല്യ ശോഷണം കാണുന്നത്. ആത്മീയമേഖലയിലും ഇത് ദര്‍ശിക്കാവുന്നതാണ്. ലോകം സമാധാനം നാല്‍കാതെ വരുമ്പോള്‍, മനുഷ്യന് ആശ്രയിക്കുവാനുള്ള ഏക ഇടം ആത്മീയമേഖല ആയിരുന്നു. എന്നാല്‍ ഇന്ന് ആത്മീയഗോളവും ഭൌതീക ലോകത്തെക്കാള്‍ അപകടകരമായ സ്ഥിതിയില്‍ ആണ്. വഞ്ചനയും, ചതിയും, അധാര്‍മ്മികതയും, പാപവും, ജഡീക പ്രവര്‍ത്തികളും എല്ലാം ആത്മീയമേഖലയെ, ലോകത്തെക്കാള്‍ അപകടമാക്കിയിരിക്കുക ആണ്.
മനുഷ്യന്റെ അവസാന അത്താണി ആയിരുന്ന ആത്മീയമേഖലപോലും തകര്‍ന്നപ്പോള്‍, അവന്‍ ആശ്രയമില്ലാതെ ഉഴലുന്നവന്‍ ആയി തീര്‍ന്നിരിക്കുന്നു. എങ്ങും പ്രത്യാശയുടെ ഒരു കിരണം പോലും അവന്‍ കാണുന്നില്ല. ഇനി പ്രതീക്ഷിക്കുവാന്‍ യാതൊന്നും ഇല്ല എന്ന ചിന്തയില്‍ ആണ് മനുഷ്യരില്‍ ബഹുഭൂരിപക്ഷവും. ഇതില്‍ ദൈവവിശ്വാസിയും അവിശ്വാസിയും ഉണ്ട്.  


ഭയം ആണ് ഇന്നത്തെ ലോകത്തിന്റെ മുഖ്യ വികാരം. എല്ലാ മനുഷ്യരും ഭയത്തില്‍ ജീവിക്കുക ആണ്. യുദ്ധങ്ങളെക്കുറിച്ചുള്ള ഭയം, പകര്‍ച്ച വ്യാധികളെക്കുറിച്ചുള്ള ഭയം, ക്ഷാമം ഉണ്ടാകുമോ, കാലാവസ്ഥ പ്രതികൂലമാകുമോ, പ്രകൃതി നമ്മളെ ഇല്ലാതെ ആക്കുമോ എന്നുള്ള ഭയം. രാജ്യങ്ങളുടെ സാമ്പത്തിക നില തകര്‍ന്നു വീഴുമോ, നമ്മള്‍ പട്ടിണിയില്‍ ആകുമോ എന്നെല്ലാം നമ്മള്‍ ഭയപ്പെടുക ആണ്.
ഇന്നലെത്തെ നമ്മളുടെ ബന്ധുവും സ്നേഹിതനും ഇന്ന് നമ്മളുടെ കൊലപാതകി ആകുമോ എന്നു ഭയക്കേണ്ടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നതു. ആര്‍ക്കും ആരെയും എങ്ങനെയും കൊല്ലാം. ആരും കൊലപാതകിയും അധാര്‍മ്മികനുമായി മാറാം. അതില്‍ മാതാപിതാക്കളോ, മക്കളോ, സ്നേഹിതരോ, ആത്മീയ ഗുരുക്കന്മാരോ എന്നിങ്ങനെ ഉള്ള വ്യത്യാസം ഇല്ല.
ഏത് നിമിഷവും, ഒരു ശത്രു രാജ്യമൊ, ഒരു തീവ്രവാദിയോ, ഒരു സൈനീക ആക്രമണത്താലോ, ആഭ്യന്തര കലാപത്താലോ, വര്‍ഗ്ഗീയ കലാപത്താലോ നമ്മളെ ആക്രമിച്ചേക്കാം. ഇന്ന് ജീവിച്ചിരിക്കുന്ന നമ്മള്‍ അടുത്ത നിമിഷം ജീവനോടെ കാണുമോ എന്നു ആര്‍ക്കും നിശ്ചയം ഇല്ല.
ഒരു ഇടവും സുരക്ഷിതം അല്ല. ഒരു പ്രതീക്ഷയും ഇല്ല, ഒരു പ്രത്യാശയും ഇല്ല. എങ്ങും എവിടേയും എപ്പോഴും, ഭയം മാത്രം.

എന്നാല്‍ ഈ സാഹചര്യത്തിലും പ്രത്യാശയുടെയും, ആശ്വാസത്തിന്റെയും സന്ദേശം നല്‍കുന്ന ഒരു പുസ്തകം ഉണ്ട്. അതൊരു ചരിത്ര പുസ്തകം ആണ്. മനുഷ്യന്റെ ചരിത്രത്തിന്റെ പുസ്തകം, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ മാറ്റമില്ലാത്ത ചരിത്രം പറയുന്ന ഒരേഒരു പുസ്തകം. അത്, മാനവരാശിയുടെ രക്ഷയ്ക്കായി ദൈവം തയ്യാറാക്കിയിരിക്കുന്ന നിത്യമായ പദ്ധതി വിശദീകരിക്കുന്ന വേദപുസ്തകം ആണ്. ഇതില്‍ നമ്മള്‍ മാനവരാശിയുടെ ഏക രക്ഷകനായ യേശുക്രിസ്തുവിന്റെ ജീവിത ചരിത്രം വായിക്കുന്നു.
നമ്മള്‍ ഇന്നേവരെ കണ്ടും കേട്ടും മനസിലാക്കിയതും, ഇനി കാണുവാനും കേള്‍ക്കുവാനും പോകുന്നതുമായ ക്രിസ്തുവിന്റെ നിത്യമായ ചരിത്രം വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നേ വരെ ലോകത്തിലെ സകല സംഭവങ്ങളെയും സ്വാധീനിക്കുകയും, മുന്‍കൂട്ടി പ്രവചിക്കുകയും, നിയന്ത്രിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ദൈവത്തിന്‍റെ വചനമാണ് വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകം അസ്ഥിരതയിലും ഭയത്തിലും ഇളകി മറിയുമ്പോള്‍, വേദപുസ്തകം പറയുന്നു: “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.” ഈ വാചകം നമ്മളുടെ കര്‍ത്താവായ യേശു ക്രിസ്തു പറയുന്നതാണ്. അത് നമ്മള്‍ യോഹന്നാന്‍റെ സുവിശേഷം 14:1 ല്‍ വായിക്കുന്നു.

യേശു ഇങ്ങനെ പറയുവാനുള്ള കാരണം എന്താണ്? യേശു എപ്പോഴാണ് ഇത് പറഞ്ഞത്? എന്തുകൊണ്ടാണ് നമ്മളുടെ ഹൃദയം കലങ്ങിപ്പോകാതെവണ്ണം പ്രത്യാശയോടെ നമ്മള്‍ ജീവിക്കേണ്ടത്? ഇതാണ് ഈ സന്ദേശത്തിലെ മുഖ്യ വിഷയം.

യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകള്‍, ആദ്യത്തെ മൂന്നു സുവിശേഷങ്ങളില്‍ ഉപമകളിലൂടെ ആണ് വിവരിക്കപ്പെടുന്നത് എങ്കില്‍ യോഹന്നാന്റെ സുവിശേഷത്തില്‍ അത് പ്രഭാഷണങ്ങളിലൂടെ ആണ് പ്രസ്താവിക്കപ്പെടുന്നത്.
യോഹന്നാന്റെ സുവിശേഷത്തില്‍ ആദ്യഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന പ്രഭാഷണങ്ങള്‍ക്ക് അത്ഭൂതങ്ങളുടെയും അടയാളങ്ങളുടെയും അകമ്പടി ഉണ്ട്. അത് യേശു, ക്രിസ്തു തന്നെ എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. എന്നാല്‍ രണ്ടാമത്തെ ഭാഗം വ്യത്യസ്തം ആണ്. ഇവിടെ നമ്മള്‍ പുതിയ കല്‍പ്പനയെക്കുറിച്ചും, ക്രിസ്തു എന്ന ഏക വഴിയെക്കുറിച്ചും, പരിശുദ്ധാത്മാവിന്റെ വരവിനെക്കുറിച്ചും, യേശു പിതാവിന്റെ അടുക്കല്‍ പോകുന്നതിനെക്കുറിച്ചും, നല്ല മുന്തിരിവള്ളിയെക്കുറിച്ചും ഒക്കെ ഉള്ള പ്രഭാഷണങ്ങളും യേശുവിന്‍റെ “മഹാ പുരോഹിത പ്രാര്‍ഥന”യും   വായിക്കുന്നു.

രണ്ടാമത്തെ ഭാഗത്തിനെ യേശുവിന്റെ അന്ത്യ യാത്രാമൊഴി എന്ന് വിശേഷിപ്പിക്കാം. ഇത്തരം അന്ത്യ യാത്രാമൊഴി പറയുന്ന രീതി ഗ്രീക്ക്കാര്‍ക്കിടയിലും എബ്രായര്‍ക്കിടയിലും നിലവില്‍ ഉണ്ടായിരുന്നു. അപ്രകാരം പഴയനിയമത്തില്‍ യാക്കോബും (ഉല്‍പ്പത്തി 49), മോശെയും, യേശുവയും (യോശുവ 22-24), ദാവീദും (1 ദിനവൃത്താന്തം 28, 28), തങ്ങളുടെ മക്കളോടും, യിസ്രായേല്‍ ജനത്തോടും പ്രവചനാത്മകമായി ദീര്‍ഘ സംഭാഷണം നടത്തുന്നുണ്ട്. ആവര്‍ത്തനപുസ്തകം മോശെയുടെ യാത്രാമൊഴികള്‍ ആയാണ് കണക്കാക്കപ്പെടുന്നത്.
ഇത്തരം പ്രഭാഷണങ്ങള്‍ക്ക് പൊതുവായ ചില സ്വഭാവങ്ങളും ഉണ്ട്. ഇത് പറയുന്ന വ്യക്തിയുടെ മരണം ആസന്നമാണ് എന്നതിനാല്‍ കേള്‍വിക്കാരെ ആശ്വസിപ്പിക്കുന്ന വാക്കുകള്‍ അതില്‍ നമുക്ക് കാണാവുന്നതാണ്. പ്രഭാഷണം പറയുന്നവര്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്നത് പ്രവചനരൂപത്തില്‍ പറയാറുണ്ട്. ഇത് മരണാസന്നര്‍ ആയിരിക്കുന്നവര്‍ക്ക് പ്രവചനത്തിനുള്ള കഴിവുകള്‍ ലഭിക്കും എന്ന അക്കാലത്തെ വിശ്വാസത്തിന്നു അനുസൃതം ആണ്. ഈ വാക്കുകളില്‍, അദ്ദേഹത്തിന് ശേഷം ജീവിച്ചിരിക്കുന്നവര്‍ എങ്ങനെ ജീവിക്കേണം എന്ന നിര്‍ദ്ദേശങ്ങളും ഉണ്ടായിരിക്കും.
യേശുവിന്റെ അന്ത്യ പ്രഭാഷണത്തിലും ഈ സവിശേഷതകള്‍ കാണാം എങ്കിലും, ഇവിടെ ഒരു വ്യത്യാസം ഉണ്ട്: പ്രഭാഷണം പറയുന്ന യേശുവിന്‍റെ സാന്നിധ്യം മരണത്തിനുശേഷവും പരിശുദ്ധാത്മാവായി നമ്മളോടു കൂടെ ഉണ്ട്. യേശു വീണ്ടും ജീവനോടെ തിരികെ വരുകയും ചെയ്യും. യേശുനിത്യനായ ദൈവമാണ്.  
യേശുക്രിസ്തുവിന്റെ വാക്കുകള്‍ സമയബന്ധിതമല്ല. അത് അപ്പോള്‍ കേട്ടുകൊണ്ടിരുന്ന ശിഷ്യന്മാരോടും, എക്കാലത്തെയും വിശ്വാസികളോടും പറയുന്ന ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ ആണ്.

യേശുവിന്റെ യാത്രാമൊഴിയുമായി ബന്ധപ്പെട്ട്, വേദപണ്ഡിതന്‍മാര്‍ക്കിടയില്‍ വ്യത്യസ്ഥമായ അഭിപ്രായം ഉള്ള രണ്ട് കാര്യങ്ങള്‍ ഉണ്ട്. ഒന്നു യേശുവിന്റെ അന്ത്യ യാത്രാമൊഴി എവിടെ ആണ് ആരംഭിക്കുന്നത്? ചിലര്‍ അത് 14 ആം അദ്ധ്യായം ഒന്നാം വാക്യം മുതല്‍ ആരംഭിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഇവിടെ യേശു തന്റെ ശിഷ്യന്മാരെ വിട്ടുപിരിയുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ മറ്റ് ചിലര്‍, അന്ത്യ യാത്രാമൊഴി 13 ആം അദ്ധ്യായം 31 ആം വാക്യം മുതല്‍ ആരംഭിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഇവിടെ യേശു പെസഹ അത്താഴം കഴിഞ്ഞശേഷം, അതിനോടൊപ്പം പറഞ്ഞുകൊണ്ടിരുന്ന സംഭാഷണം തുടരുക ആണ്. അവന്റെ പരസ്യ ശുശ്രൂഷ അവിടെ അവസാനിക്കുന്നു. യേശു ശിഷ്യന്മാരോടു പറഞ്ഞു: “കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല...” (13:33).
യേശു സംഭാഷണം തുടരുക ആണ്: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. (13:34)
യോഹന്നാന്‍ 16:33 ഓടെ അന്ത്യ യാത്രാമൊഴി അവസാനിക്കുന്നു എന്ന് കരുതപ്പെടുന്നു. 17 ആം അദ്ധ്യായം യേശുവിന്റെ “മഹാപുരോഹിത പ്രാര്‍ഥന” ആണ്. ഇതിനെയും അന്ത്യ യാത്രാമൊഴിയുടെ ഭാഗമായി കാണാം.   

വേദപണ്ഡിതന്‍മാര്‍ക്ക് അഭിപ്രായ വ്യത്യാസം ഉള്ള രണ്ടാമത്തെ കാര്യം, ഈ പ്രഭാഷണം നടക്കുന്ന സ്ഥലത്തേക്കുറിച്ചാണ്. ഇത് അന്ത്യത്താഴത്തിന് ശേഷം, അതിന് തുടര്‍ച്ചയായി പറഞ്ഞതാണ് എന്നു ചിന്തിക്കുന്നവര്‍ അനേകര്‍ ഉണ്ട്. അന്ത്യ അത്താഴം അരിമത്യയിലെ യോസേഫിന്റെ വീട്ടില്‍ വച്ചാണ് നടന്നത് എന്നു നമ്മള്‍ പറയാറുണ്ട് എങ്കിലും അതിന് വേദപുസ്തകത്തില്‍ വ്യക്തമായ തെളിവില്ല. എങ്കിലും അന്ത്യത്താഴം നടന്ന സ്ഥലത്തുവച്ചുതന്നെ, അതിനുശേഷം, തുടര്‍ച്ചയായി, യേശു തന്റെ അന്ത്യ പ്രഭാഷണവും പറഞ്ഞു എന്നു നമുക്ക് അനുമാനിക്കാം. യോഹന്നാന്‍ 14 ആം അദ്ധ്യത്തിന്റെ അവസാന വാക്യം ഇതിനുള്ള സാധ്യതയെ ആണ് കാണിക്കുന്നത്: “എഴുന്നേല്പിൻ; നാം പോക.” (14:31). 18 ആം അദ്ധ്യായം തുടങ്ങുന്നത്,ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോൻതോട്ടിന്നു അക്കരെക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതിൽ അവനും ശിഷ്യന്മാരും കടന്നു.” എന്ന് പറഞ്ഞുകൊണ്ടാണ്. (18:1)

യേശുവിന് ചുറ്റും, അന്ത്യ അത്താഴത്തിന്റെ മേശയ്ക്ക് ചുറ്റിനുമായി ശിഷ്യന്മാര്‍ ചാരി ഇരിക്കുമ്പോള്‍ ആണ്, യോഹന്നാന്‍ 14 ആം അദ്ധ്യായത്തിലെ വാക്കുകള്‍ യേശു പറയുന്നത്.
ഈ അദ്ധ്യായം തുടങ്ങുന്നത് യേശുവിന്‍റെ ആശ്വാസ വാക്കുകള്‍ കൊണ്ടാണ്:

യോഹന്നാന്‍ 14:1 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.

ഇതേ കാര്യം യേശു വീണ്ടും പറയുന്നതായി യോഹന്നാന്‍ അതേ അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

യോഹന്നാന്‍ 14: 27 സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.

എന്തുകൊണ്ടാണ് യേശു ഇങ്ങനെ ആവര്‍ത്തിച്ച് പറഞ്ഞത്? യേശുവിന്‍റെ വാക്കുകള്‍ പ്രവചനാത്മകം ആണെന്നും അത് ശിഷ്യന്മാര്‍ക്കും, ഇന്ന് ജീവിച്ചിരിക്കുന്ന നമ്മള്‍ക്കും ഒരുപോലെ ആശ്വാസം നല്‍കുന്നതാണ് എന്നും ഞാന്‍ മുമ്പ് പറഞ്ഞുകഴിഞ്ഞു.
ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം, അവരുടെ ഹൃദയം കലങ്ങിപ്പോകത്തക്കവണം അനേകം കാര്യങ്ങള്‍ അവരുടെ മനസ്സിലൂടെ പോകുന്നുണ്ട്.
അവരില്‍ ഒരാള്‍ യേശുവിനെ ഒറ്റിക്കൊടുക്കും എന്ന് യേശു ഇപ്പോള്‍ പറഞ്ഞതേ ഉള്ളൂ. മാത്രവുമല്ല, യേശു എവിടേക്കൊ പോകുക ആണ്, അവിടെക്കു അവര്‍ക്ക് അവനോടൊപ്പം അപ്പോള്‍ പോകുവാന്‍ കഴിയുക ഇല്ല, പിന്നെത്തേതിൽ അവര്‍ക്ക് അവനെ അനുഗമിക്കുവാന്‍ കഴിയും എന്ന് അവന്‍ തന്നെ പറയുന്നു. (13:36). അതില്‍ നിന്നും ശിഷ്യന്‍മാര്‍ക്ക് മനസ്സിലായി, യേശു അവരില്‍ നിന്നും ദൂരേക്ക് പോകുക ആണ്, അല്‍പ്പ സമയത്തിനകം അവര്‍ അനാഥരെപ്പോലെ ആകും. യേശു പറയുന്നതു അനുസരിച്ചാണെങ്കില്‍, അവന്‍ കൊല്ലപ്പെടും, അവര്‍ ഇടയന്‍ ഇല്ലാത്ത ആടുകളെപ്പോലെ ചിന്നിച്ചിതറും. യേശു ഇല്ലാത്ത ലോകം അവര്‍ക്ക് പ്രതികൂലമാണ്.

എന്നാല്‍ അവരുടെ ഹൃദയം കലങ്ങാതെ ഇരിക്കത്തക്കവണ്ണം പ്രത്യാശയുള്ള ഒരു ഭാവിയെക്കുറിച്ച് യേശു പറയുന്നുണ്ട്.
13 ആം അദ്ധ്യായം 36 ആം വാക്യത്തില്‍ തന്നെ,ഞാൻ പോകുന്ന ഇടത്തേക്കു നിനക്കു ഇപ്പോൾ എന്നെ അനുഗമിപ്പാൻ കഴികയില്ല; പിന്നെത്തേതിൽ നീ എന്നെ അനുഗമിക്കും” എന്നു യേശു അവര്‍ക്ക് ഉറപ്പ് നല്കുന്നുണ്ട്.
14 ആം അദ്ധ്യായത്തില്‍ യേശു എന്തിനാണ് പോകുന്നത് എന്നും എന്തുകൊണ്ടാണ് അവര്‍ അല്‍പ്പകാലത്തേക്ക് കാത്തിരിക്കേണ്ടത് എന്നും യേശു പറയുന്നു.

യോഹന്നാന്‍ 14: 2, 3
   എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.
   ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും

ഈ വാക്യങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുമ്പോള്‍, നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
മലയാളത്തിന്‍ലെ “വാസസ്ഥലങ്ങള്‍” എന്നതിന് ഇംഗ്ലീഷില്‍ “mansions” എന്ന വാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്കില്‍ “മോന്‍-എയ്” (mon-ay) എന്ന വാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ സ്വര്‍ഗ്ഗത്തില്‍ ധാരാളം മഹാസൌധങ്ങള്‍ ഉണ്ട് എന്നും, യേശു ക്രിസ്തു ഇപ്പോള്‍ അതെല്ലാം മോടിപിടിപ്പിക്കുന്ന തിരക്കില്‍ ആണ് എന്നും, അത് പൂര്‍ത്തിയായാല്‍ അവന്‍ വീണ്ടും വരും എന്നും പഠിപ്പിക്കുന്ന ഉപദേശിമാര്‍ നമ്മളുടെ ഇടയില്‍ ഉണ്ട്.
എന്നാല്‍, ഇവിടെ ഉപയോഗിച്ചിരിക്കുന്ന മൂല പദത്തിന്റെ അര്‍ത്ഥം, കൊട്ടാരങ്ങള്‍ എന്നല്ല, വാസസ്ഥലങ്ങള്‍” എന്നു തന്നെ ആണ്. അതായത് മലയാളത്തിലെ വിവര്‍ത്തനം ശരിയാണ്.
എന്താണ് ഈ വാസസ്ഥലങ്ങള്‍?

ഇന്ന് 21 ആം നൂറ്റാണ്ടില്‍ നമ്മള്‍ എന്തു മനസ്സിലാക്കുന്നു എന്നതല്ല, യേശു ഈ വാക്യം പറഞ്ഞപ്പോള്‍ അത് കേട്ടുകൊണ്ടിരുന്ന ശിഷ്യന്മാര്‍ എന്തു മനസ്സിലാക്കി എന്നതിനാണ് കൂടുതല്‍ പ്രാധാന്യം.
യേശുവിന്റെ കാലത്ത്, യെരുശലേം ദൈവാലയത്തില്‍ എത്തുന്ന ചില വിശ്വാസികള്‍ക്ക്, പുരോഹിതന്മാര്‍, വ്യക്തിപരമായ ഉപദേശങ്ങള്‍ നല്കുക പതിവ് ഉണ്ടായിരുന്നു. അതിനായി ദൈവാലത്തിന്റെ ചുറ്റുമതിലിനുള്ളില്‍, അതിനോട് ചേര്‍ന്ന് ചില സ്ഥലങ്ങള്‍ ക്രമീകരിച്ചിരുന്നു. അതിനെ “വാസസ്ഥലങ്ങള്‍” എന്നു വിളിച്ചിരുന്നു.
പടയാളികള്‍ തല്‍ക്കാലികമായി താമസിക്കുവാന്‍ നിര്‍മ്മിക്കുന്ന കൂടാരങ്ങളെക്കുറിച്ച് പറയുവാനും ഇതേ ഗ്രീക് പദം തന്നെ ഉപയോഗിച്ചിട്ടുണ്ട്.  
അതായത്, യേശു സ്വര്‍ഗ്ഗത്തിലുള്ള വീടുകളുടെയോ കൊട്ടാരങ്ങളുടെയോ കാര്യമല്ല പറയുന്നത്. യേശുവിന്റെ വാക്കുകളുടെ ഉദ്ദേശ്യം, ദൈവാലയത്തെക്കുറിച്ചോ അവിടെ ഉള്ള വാസസ്ഥലങ്ങളെക്കുറിച്ചോ പറയുവാനും അല്ല.
എങ്കിലും, അവന്‍ പാര്‍ക്കുവാനുള്ള സ്ഥലത്തേക്കുറിച്ചോ ഇടത്തെക്കുറിച്ചാകാം സൂചിപ്പിച്ചത്. അത് ക്രിസ്തുവിനോടൊപ്പമുള്ള വാസം ആണ്.  
പരിഭ്രമിച്ചു നില്‍ക്കുന്ന തന്റെ ശിഷ്യന്‍മാര്‍ക്ക് അവന്‍ ധൈര്യവും പ്രത്യാശയും നല്കുക ആണ്. അവന്‍ പോകും, എന്നാല്‍ തിരികെ വരും, അവരെ അവനോടൊപ്പം ചേര്‍ത്തുകൊള്ളും. അവന്‍ ഒരിയ്ക്കലും അവരെ കൈവിടുക ഇല്ല. അവരെ ചേര്‍ക്കുവാന്‍ ആവശ്യമായ വാസസ്ഥലം സ്വര്‍ഗ്ഗത്തില്‍ ഉണ്ട്.

യേശുവിന്റെ തുടര്‍ന്നുള്ള വാക്കുകളില്‍, “ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ,” എന്നതില്‍ “മുമ്പേ പോകുക” എന്ന ആശയമാണ് ഉള്ളത്. ഒരു ചെറിയ കൂട്ടം പടയാളികള്‍, തങ്ങളുടെ പിന്നാലേ വരുന്നവര്‍ക്കായി വഴി ഒരുക്കുവാനായി, മുമ്പേ പോകുന്നതിനു തുലയമായ ആശയം ആണ്. ഇത് ഗ്രീക് ഭാഷയുടെ സംസാര രീതിയിലുള്ള ആശയമാണ്. അതായത് യേശു ശിഷ്യന്‍മാര്‍ക്ക് മുമ്പേ പോകുന്നു. അവന്‍ പോയി, അവിടെ ശിഷ്യന്മാര്‍ക്കായി വാസസ്ഥലം ഒരുക്കും. അതിനുശേഷം അവിടെ താമസിക്കുവാനായി, അവരെ വന്നു കൂട്ടികൊണ്ടു പോകും. 

അപ്പോള്‍, യോഹന്നാന്‍ 14: 1, 2, 3 വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളില്‍ നിന്നും, ഈ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന നമ്മള്‍ രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കുന്നു. ഒന്ന്, കലങ്ങിപ്പോകത്തക്കവണ്ണമുള്ള സംഭവങ്ങള്‍ വരുവാന്‍ പോകുന്നു. രണ്ട്, അവ കാണുമ്പോഴും, അവയിലൂടെ കടക്കേണ്ടിവരുമ്പോഴും നമ്മള്‍ ഓര്‍ക്കേണ്ടുന്ന ഒരു പ്രത്യാശ ഉണ്ട്. നമ്മളുടെ കര്‍ത്താവ് നമ്മളെ അവനോടു കൂടെ ചേര്‍ക്കുവാനായി, തിരികെ വരും.
ഒന്ന് പ്രവചനാത്മകമായ ഒരു മുന്നറിയിപ്പ് ആണ്. രണ്ട് ആശ്വാസവും പ്രത്യാശയും ആണ്.

എന്തെല്ലാം കാര്യങ്ങള്‍ ആണ് യേശു പറഞ്ഞ, പ്രവചനാത്മകമായ മുന്നറിയിപ്പില്‍ അടങ്ങിയിട്ടുള്ളത് എന്നു വിവരിക്കുവാന്‍ സാധ്യമല്ല. നമ്മള്‍ മനസ്സിലാക്കുന്നതും, അനുഭവിച്ചതും, ഇതുവരെയും കേട്ടിട്ടില്ലാത്തതും, അനുഭവിച്ചിട്ടില്ലാത്തതുമായ അനേകം കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എങ്കിലും, ശിഷ്യന്‍മാര്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയുന്ന വിധത്തില്‍ ചില കാര്യങ്ങള്‍ യേശു പറഞ്ഞിട്ടുണ്ട്. സംഭവിച്ചതും, ഇനി സംഭവിക്കാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങള്‍ക്കും അതൊരു ചൂണ്ടുപലക ആയിരിയ്ക്കും.

വേദപുസ്തകത്തിലെ പ്രവചന ഭാഗങ്ങള്‍ പഠിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ടുന്ന ഒരു കാര്യമുണ്ട്.
പ്രവചനങ്ങളില്‍ മിക്കതിനും ഉടന്‍ സംഭവിക്കുന്ന കാര്യങ്ങളും, വിദൂര ഭാവിയില്‍ സംഭവിക്കുന്ന കാര്യങ്ങളും ഉണ്ട്. പഴയനിയമ പ്രവാചകന്മാരായ യിരെമ്യാവ്, യെഹെസ്കേല്‍, സെഖര്യാവു എന്നിവരുടെ പ്രവചനങ്ങള്‍ പഠിച്ചാല്‍ അത് മനസ്സിലാകും. അവരുടെ പ്രവചനങ്ങള്‍ യിസ്രായേല്‍ ജനത്തിന് വേണ്ടിയും എന്നാല്‍ വിദൂര ഭാവിയില്‍ സംഭവിക്കുവാന്‍ ഇരിക്കുന്നതും ആയ കാര്യങ്ങള്‍ ആയിരുന്നു. യിസ്രായേല്‍ ജനത്തെക്കുറിച്ചുള്ള ബിലെയാമിന്റെ പ്രവചനത്തില്‍ യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള പ്രവചനം ഉള്‍ക്കൊണ്ടിരിക്കുന്നതും ശ്രദ്ധിക്കുക.
യോഹന്നാന്റെ വെളിപ്പാട് പുസ്തകത്തില്‍ ഏഴ് സഭകല്‍ക്കുള്ള ദൂതില്‍ ചില പ്രവചനങ്ങള്‍ ആദ്യ നൂറ്റാണ്ടുകളില്‍ സംഭവിച്ചു കഴിഞ്ഞു; എന്നാല്‍ അവയെല്ലാം ഇനിയും സംഭവിക്കുവാന്‍ ഇരിക്കുന്നതും ആണ്.
ഒരു ഉദാഹരണം പറയാം. നമുക്ക് സ്മൂര്‍ന്നയിലെ സഭയോടുള്ള ദൂത് എടുക്കാം. ഈ ദൂത് വെളിപ്പാടു പുസ്തകം 2: 8-11 വരെയുള്ള വാക്യങ്ങളില്‍ വായിക്കാവുന്നതാണ്.

സ്മൂര്‍ന്ന, അതി മനോഹരവും, സമ്പന്നവും ആയ, റോമന്‍ ചക്രവര്‍ത്തിയെ ദൈവമായി ആരാധിക്കുന്നവരുടെ ഒരു പട്ടണം ആയിരുന്നു. അന്ന്, ചക്രവര്‍ത്തിയെ ദൈവമായി ആരാധിക്കാത്തവരെ രാജദ്രോഹികള്‍ ആയി കണക്കാക്കി പീഡിപ്പിച്ചിരുന്നു.
സ്മൂര്‍ന്നയിലെ സഭയ്ക്കുള്ള ദൂതില്‍, അവര്‍ക്ക് വരുവാനിരിക്കുന്ന പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മഹാ പീഡനകാലത്തെക്കുറിച്ച് ക്രിസ്തു മുന്നറിയിപ്പ് നല്‍കുന്നു.
ക്രൈസ്തവ സഭയ്ക്കെതിരെ അതിക്രൂരമായ പീഡനങ്ങള്‍ ഉണ്ടായ ഒരു ചരിത്രകാലഘട്ടത്തെ ആണ് സ്മൂര്‍ന്നയിലെ സഭ സൂചിപ്പിക്കുന്നത്.
AD 107 ല്‍ റോമിലെ കുപ്രസിദ്ധമായ രംഗഭൂമിയില്‍ വച്ച്, അപ്പോസ്തലനായ യോഹന്നാന്റെ ആത്മീയ സ്നേഹിതന്‍ ആയിരുന്ന, സിറിയയിലെ അന്ത്യോക്യയിലെ ബിഷപ്പ് ആയിരുന്ന ഇഗ്നെഷ്യസ്, സിംഹങ്ങളുടെ ഇടയിലേക്ക് എറിയപ്പെട്ട് ക്രൂരമായി കൊല്ലപ്പെട്ടു.
155 AD ല്‍, അപ്പോസ്തലനായ യോഹന്നാന്റെ ആത്മീയ ശിഷ്യനും  ഇഗ്നെഷ്യസ് ന്റെ സ്നേഹിതനും ആയിരുന്ന, പോളികാര്‍പ്പ്, അദ്ദേഹത്തിന്‍റെ 86 ആം വയസ്സില്‍ വാളിനാല്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ശരീരം ഒരു തൂണില്‍ കെട്ടി അതിന് തീകൊളുത്തി.
റോമന്‍ ചക്രവര്‍ത്തിയായ ഡയോക്ലീഷ്യന്‍റെ കാലത്ത് ക്രൈസ്തവര്‍ക്ക് എതിരെ ഉള്ള പീഡനം ഏറ്റവും വര്‍ദ്ധിച്ചു. AD 303 ല്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ അധികമായ കൊടിയ പീഡനങ്ങള്‍ ആരംഭിച്ചു. അദ്ദേഹം 305 AD ല്‍ മരിച്ചു എങ്കിലും, പീഡനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 313 AD യില്‍ കോണ്‍സ്റ്റാന്‍റ്റിന്‍ (Constantine) ചക്രവര്‍ത്തി, സഹിഷ്ണതയുടെ വിളംബരം പുറപ്പെടുവിക്കുന്നതു വരെ പീഡനങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.
ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി ആരംഭിച്ച പീഡനങ്ങള്‍ ഏകദേശം പത്ത് വര്‍ഷങ്ങള്‍ നീണ്ടുനി ന്നു.
സ്മൂര്‍ന്നയിലെ സഭയെക്കുറിച്ച് ക്രിസ്തു ദൂതില്‍ പറഞ്ഞിരിക്കുന്ന പത്തു ദിവസങ്ങളുടെ ഉപദ്രവം, ഡയോക്ലീഷ്യന്‍ ആരംഭിച്ച പത്തു വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഉപദ്രവ കാലത്തോട് ഒക്കുന്നു. ഉപദ്രവ ദിനങ്ങള്‍ താല്‍ക്കാലികം ആയിരുന്നു എങ്കിലും, അതി ഭയങ്കരം ആയിരുന്നു.

അന്ന്, ചക്രവര്‍ത്തിയെ ആരാധിക്കുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യുവാനുള്ള അധികാരം ഉണ്ടായിരുന്നുള്ളൂ; അവര്‍ക്ക് മാത്രമേ വസ്തുവകകള്‍ സ്വന്തമാക്കുവാനും, ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കുവാനും അവകാശം ഉണ്ടായിരുന്നുള്ളൂ.
അന്നത്തെ പീഡനങ്ങള്‍ പലപ്പോഴും സാമ്പത്തികമായിരുന്നു എന്ന് പണ്ഡിതന്‍മാര്‍ പറയുന്നു. തൊഴില്‍ നഷ്ടപ്പെടുക, വരുമാന മാര്‍ഗ്ഗങ്ങള്‍ അടയുക, സമ്പത്ത് നഷ്ടപ്പെടുക എന്നിങ്ങനെയുള്ള പീഡനമാര്‍ഗ്ഗങ്ങള്‍ അന്നത്തെ അധികാരികള്‍ ക്രൈസ്തവര്‍ക്ക് എതിരെ ഉപയോഗിച്ചിരുന്നു.

വെളിപ്പാട് പുസ്തകത്തിലെ ദൂത് അന്നത്തെ സഭയ്ക്കുള്ള ദൂതും പ്രവചനവുമാണ് എന്നു ഞാന്‍ വീണ്ടും പറയേണ്ടതില്ലല്ലോ. ഇതില്‍ പറഞ്ഞിരിക്കുന്ന പ്രവചനങ്ങള്‍ ചരിത്രത്തില്‍ നിവര്‍ത്തിയായി കഴിഞ്ഞു.
എന്നാല്‍ അവ വീണ്ടും സംഭവിക്കുവാന്‍ ഇരിക്കുന്നതെ ഉള്ളൂ എന്നും വേദപണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. വെളിപ്പാടു പുസ്തകത്തില്‍ പറയുന്ന, എതിര്‍ക്രിതുവിന്റെ മുദ്രയും അത് ഏല്‍ക്കാത്തവര്‍ക്ക് വില്‍ക്കുവാനും വാങ്ങുവാനും കഴിയില്ല എന്ന പ്രവചനവും, സ്മൂര്‍ന്നയിലെ സഭയോടുള്ള പ്രവചനത്തോട് ഒക്കുന്നു എന്നു നമുക്ക് കാണുവാന്‍ കഴിയും.
അതായത് പ്രവാചനങ്ങള്‍ക്ക് “ഉടന്‍” എന്നും “പിന്നീട്” എന്നുമുള്ള രണ്ട് അവസ്ഥ ഉണ്ട്. കാലങ്ങളെയും ചരിത്രങ്ങളെയും കുറിച്ചുള്ള പ്രവചനങ്ങള്‍, വേഗം സംഭവിക്കുന്നതും എന്നാല്‍ വിദൂരഭാവിയില്‍ സംഭവിക്കുന്നതുമാണ്, ചരിത്രത്തിന്റെ പ്രത്യേകത തന്നെ അത് ആവര്‍ത്തിക്കപ്പെടുന്നു എന്നതാണ്.

ഈ വെളിച്ചത്തില്‍ വേണം നമ്മള്‍ യേശു അന്ത്യകാലത്തെക്കുറിച്ച് പറഞ്ഞ പ്രവചനങ്ങള്‍ പഠിക്കുവാന്‍. 
മര്‍ക്കോസ് 13:1 ല്‍ യേശുവും ശിഷ്യന്മാരും ദൈവാലയം വിട്ടു പോകുമ്പോള്‍ അവന്‍ പറഞ്ഞ പ്രവചനം രേഖപ്പെടുത്തിയിട്ടുണ്ട്.    
അവര്‍ ദൈവാലയത്തെ വിട്ടു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരുത്തൻ: ഗുരോ, ഇതാ, എങ്ങനെയുള്ള കല്ലു, എങ്ങനെയുള്ള പണി എന്നു അവനോടു പറഞ്ഞു. (13:1)
യേശു അവനോടു: നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു പറഞ്ഞു. (13:2)
ഇതിന് ശേഷം രേഖപ്പെടുത്തിയിരിക്കുന്നത് യേശു ഒലീവ് മലമുകളില്‍ വച്ച് പറഞ്ഞ പ്രവചനങ്ങള്‍ ആണ്.
ഈ പ്രവചനങ്ങള്‍ മത്തായി 24, മര്‍ക്കോസ് 13, ലൂക്കോസ് 21 എന്നീ അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

“അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.” (മത്തായി 24:3)
ഇവിടെ ശിഷ്യന്മാര്‍ മൂന്ന് ചോദ്യങ്ങള്‍ ആണ് യേശുവിനോടു ചോദിച്ചത് എന്നു വേണം നമ്മള്‍ മനസ്സിലാക്കുവാന്‍.
ഒന്നാമത്തെ ചോദ്യം: ദൈവാലയത്തിന്റെയും യെരൂശലേം പട്ടണത്തിന്റെയും തകര്‍ച്ച എപ്പോള്‍ സംഭവിക്കും?
രണ്ടാമത്തെ ചോദ്യം: യഹൂദന്മാരുടെ മേല്‍ ന്യായവിധി നടത്തുവാനായും ദൈവരാജ്യം സ്ഥാപിക്കുവാനായും ഉള്ള യേശുവിന്റെ വരവിന്‍റെ അടയാളം എന്തായിരിക്കും?
മൂന്നാമത്തെ ചോദ്യം: ഈ ലോകത്തിന്‍റെ അവസാനത്തിന്‍റെ ലക്ഷണങ്ങള്‍ എന്തായിരിക്കും?
ഈ ചോദ്യങ്ങള്‍ക്ക് യേശു പ്രത്യേകം പ്രത്യേകം മറുപടി പറയുന്നില്ല. മൂന്ന് ചോദ്യങ്ങള്‍ക്കും ഉള്ള മറുപടി ഒരുമിച്ച് സമ്മിശ്രമായി യേശു പറയുക ആണ്.
ഒരേ വാക്കുകളാല്‍ അവയ്ക്കു ഒരുമിച്ച് മറുപടി നല്കുവാന്‍ കഴിയും എന്നതിനാലാണ് ഈ രീതി യേശു സ്വീകരിച്ചത് എന്നു നമുക്ക് അനുമാനിക്കാം.
ഇതിനൊരു ഉദാഹരണം യെശയ്യാവ് പ്രവാചകന്‍റെ പുസ്തകത്തില്‍ നമുക്ക് കാണുവാന്‍ കഴിയും. ബാബിലോണിയന്‍ പ്രവാസത്തില്‍ നിന്നും മോചനം പ്രാപിക്കുന്നതിനെ കുറിച്ചും മശിഹ സ്ഥാപിക്കുന്ന ദൈവരാജ്യത്തെ കുറിച്ചും സംസാരിക്കുമ്പോള്‍, അത് രണ്ടു സംഭവങ്ങള്‍ ആണ് എങ്കിലും, അവയെക്കുറിച്ച് സമ്മിശ്രമായി പറയുന്ന രീതി പ്രവാചകന്‍ പ്രവചന പുസ്തകത്തില്‍ ആദിയോടന്തം സ്വീകരിച്ചിട്ടുണ്ട്.

മത്തായി 24: 6 ല്‍ കര്‍ത്താവ് പറയുന്നത് ഇങ്ങനെ ആണ്: “നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ;”
ഇവിടെ കര്‍ത്താവ് പറയുന്നത്, അന്ത്യകാലത്തു സംഭവിക്കുവാന്‍ ഇരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അവന്റെ പ്രവചനങ്ങള്‍ സംഭവിക്കേണ്ടത് തന്നെ എന്നാണ്. അതായത്, ദൈവജനത്തിന്റെ പ്രാര്‍ഥനയുടെ ഫലമായി അന്ത്യകാല സംഭവങ്ങളെ എല്ലാം മാറ്റികളയാം എന്നല്ല, അതെല്ലാം സംഭവിക്കേണ്ടത് തന്നെ എന്നാണ് കര്‍ത്താവ് പറയുന്നത്.
യേശുക്രിസ്തു തന്‍റെ പരസ്യ ശുശ്രൂഷയില്‍ ഭൂമിയില്‍ ആയിരുന്നപ്പോള്‍ അവന്‍ ചെയ്ത അത്ഭുതങ്ങളെ എല്ലാം അടയാളങ്ങള്‍ എന്നാണ് വിളിച്ചിരുന്നത്. (യോഹന്നാന്‍ 20:30). കാരണം, യേശു ചെയ്ത അത്ഭുതങ്ങള്‍ ദൈവരാജ്യം വന്നിരിക്കുന്നു എന്നതിന്‍റെ അടയാളങ്ങള്‍ ആണ്.
അതുപോലെതന്നെ ആണ് അന്ത്യകാലത്ത് സംഭവിക്കും എന്നു കര്‍ത്താവ് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍. അവ അടയാളങ്ങള്‍ ആണ്. ഇതൊന്നും ലോകാവസാനം അല്ല എന്നും കര്‍ത്താവ് പറയുന്നു. “എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.” എന്നാണ് അവന്‍ പറഞ്ഞിട്ടുള്ളത്.  

വരുവാനിരിക്കുന്ന മഹാവിപത്തുകളുടെ അടയാളങ്ങള്‍ ആദ്യം സംഭവിക്കുന്നത് എന്തിനുവേണ്ടി ആണ്? ഈ ചോദ്യത്തിനും ഉത്തരം യേശു തന്നെ പറയുന്നുണ്ട്.

ലൂക്കോസ് 21: 28, 31, 34
28  ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ.
31   അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.
34  ...... ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

ലൂക്കോസിന്‍റെ സുവിശേഷം 21: 36 ആം വാക്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടുന്ന ഒരു പ്രത്യേക പദപ്രയോഗം ഉണ്ട്.  “ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.”

ഈ വാക്യത്തില്‍ പറയുന്ന “ഒഴിഞ്ഞുപോകുവാനും” എന്നിടത്ത്, മൂലഭാഷയായ ഗ്രീക്കില്‍ ekpheugo (ek-fyoo'-go) എന്ന വാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കിന്‍റെ അര്‍ത്ഥം “ഓടി രക്ഷപ്പെടുക” എന്നതാണ്.
അപ്പോസ്തല പ്രവര്‍ത്തികള്‍ 16:27 ലും നമുക്ക് ഈ ഗ്രീക് പദം കാണാം. പൗലൊസും ശീലാസും ഫിലിപ്പിയ എന്ന പട്ടണത്തില്‍ സുവിശേഷം അറിയിച്ചുകൊണ്ടിരുന്നു. അവിടെ അവര്‍ വെളിച്ചപ്പാടത്തിയായ ഒരു ബാല്യക്കാരത്തിയെ വിടുവിച്ചു. അതിനാല്‍ ആ ദേശക്കാര്‍ അവരെ കാരാഗൃഹത്തില്‍ അടച്ചു. എന്നാല്‍ അവര്‍ അര്‍ദ്ധരാത്രിയിലും ദൈവത്തെ പാടി സ്തുതിച്ചുകൊണ്ടിരുന്നു.  പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു.
അപ്പോള്‍,കരാഗൃഹപ്രമാണി ഉറക്കുണർന്നു കാരാഗൃഹത്തിന്റെ വാതിലുകൾ ഉറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാർ ഓടിപ്പോയ്ക്കളഞ്ഞു എന്നു ഊഹിച്ചു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു.” (അപ്പോസ്തല പ്രവര്‍ത്തികള്‍ 16:27)
ഇവിടെ കാരാഗൃഹത്തില്‍ നിന്നും “ഓടിപ്പോയ്ക്കളഞ്ഞു” എന്നു പറയുവാനും, ലൂക്കോസ് 21:36 ല്‍ “ഒഴിഞ്ഞുപോകുവാനും” എന്നു പറയുവാനും ഉപയോഗിച്ചിരിക്കുന്നത് ഒരേ ഗ്രീക് പദം ആണ്. അതിന്‍റെ അര്‍ത്ഥം “ഓടി രക്ഷപ്പെടുക” എന്നാണ്. ഈ അര്‍ത്ഥത്തില്‍ ഇതേ വാക്ക് മറ്റ് ചില സ്ഥലങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. 
അതായത്, കര്‍ത്താവ് പറയുന്നതു ഇതാണ്: അന്ത്യകാലത്തു സംഭവിക്കുവാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അവന്റെ പ്രവചനങ്ങള്‍ സംഭവിക്കേണ്ടത് തന്നെ ആണ്. അത് മാറിപ്പോകുവാന്‍ അല്ല നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടത്. കാരണം അവ കര്‍ത്താവിന്റെ വരവിന്റെ അടയാളങ്ങള്‍ ആണ്. എന്നാല്‍ നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടുന്ന ഒരു കാര്യം ഉണ്ട്: “ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.” (ലൂക്കോസ് 21: 36)
അന്ത്യകാല സംഭവങ്ങളെക്കുറിച്ച് കര്‍ത്താവ് പറഞ്ഞ എല്ലാ കാര്യങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടുവാനാണ് കര്‍ത്താവ് പറഞ്ഞത്.

“ഒഴിഞ്ഞുപോകുവാനും” എന്ന പദം, അന്ത്യകാല കഷ്ടതകള്‍ നമ്മളെ വിട്ടു ഒഴിഞ്ഞുപോകും എന്നല്ല പറയുന്നതു, നമ്മള്‍ അതിനെ വിട്ടു ഓടി രക്ഷപ്പെടേണം എന്നാണ്. ഇങ്ങനെ ഓടി രക്ഷപ്പെടുന്നത് ജഡത്തിന്റെ ശക്തിയാല്‍ സാധ്യമല്ല എന്നൊരു ധ്വനി ഈ വാക്യത്തില്‍ ഉണ്ട്. വാക്യം പറയുന്നു: ഒഴിഞ്ഞുപോകുവാന്‍ “നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു” പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.” പ്രാപ്തര്‍ ആകുക എന്നത് യോഗ്യര്‍ ആകുക എന്നതാണ്.
ചില പഠന കൈയെഴുത്ത് പ്രതികളില്‍ ഓടി രക്ഷപ്പെടുവാന്‍ ശക്തരാകേണ്ടതിന് പ്രാര്‍ഥിപ്പീന്‍ എന്നാണ്.
ഈ യോഗ്യതയ്ക്കായും ശക്തിക്കായും നമ്മള്‍ പ്രാര്‍ഥിക്കേണ്ടിയിരിക്കുന്നു. അതായത്, സംഭവിപ്പാനുള്ള എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുപോകുന്നതും, മനുഷ്യപുത്രന്റെ മുമ്പിൽ നില്‍ക്കുന്നതും, ജഡീക ശക്തിയാല്‍ നേടുന്ന വിടുതല്‍ അല്ല.  അത് ആത്മാവിന്റെ ശക്തിയാല്‍ നേടുന്ന വിടുതല്‍ ആണ്. പ്രാര്‍ഥനയാല്‍ ആണ് നമ്മള്‍ ഓടി രക്ഷപ്പെടുന്നത്.

അന്ത്യനാളുകളുടെ അടയാളങ്ങളുടെ ഒരു നീണ്ട പട്ടിക യേശുക്രിസ്തു പറയുന്നുണ്ട്. അവ ചുരുക്കി പറഞ്ഞാല്‍ ഇവയെല്ലാം ആണ്.
നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; (മത്തായി 24:6). ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. (24:7).  അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും. (24: 9). അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും. (24:12)
വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും. (ലൂക്കോസ് 21:11)

ഇതിനോടൊപ്പം നമുക്ക് വളരെ സന്തോഷം തരുന്ന ഒരു കാര്യംകൂടെ യേശു പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (24: 14)
മത്തായി 24: 32, 33 വാക്യങ്ങളില്‍ കര്‍ത്താവ് അത്തിയെ ഒരു അടയാളമായി ചിത്രീകരിക്കുന്നുണ്ട്. യേശു പറഞ്ഞു: അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. (32). അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. (33)
ഇവിടെ പറയുന്ന അത്തി യഹൂദന്മാര്‍ ആണ് എന്നും അത്തി തളിര്‍ക്കുന്നത് യഹൂദന്മാര്‍ യഹൂദ രാജ്യം പുനസ്ഥാപിക്കുന്നത് ആണ് എന്നും വേദപണ്ഡിതന്മാര്‍ പറയാറുണ്ട്. 1948 ല്‍ ഇപ്പോഴത്തെ യിസ്രായേല്‍ സ്ഥാപിക്കപ്പെട്ടത് ഒരു അന്ത്യകാല അടയാളം ആണ് എന്നു അവര്‍ കരുത്തുന്നു.
എന്നാല്‍ ലൂക്കോസ് 21: 29 ആം വാക്യത്തില്‍ അത്തിയെക്കുറിച്ച് മാത്രമല്ല പറയുന്നതു. അവിടെ പറയുന്നതു ഇങ്ങനെ ആണ്: “അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ.
അതായത് യിസ്രായേലും ചുറ്റുമുള്ള രാജ്യങ്ങളും ഒരു അടയാളമാണ്. മദ്ധ്യപൂര്‍വ്വ രാജ്യങ്ങള്‍ ആയ ഗള്‍ഫ് രാഷ്ട്രങ്ങള്‍, ഇറാന്‍, ഈജിപ്ത്, ഇറാഖ്, സിറിയ, തുര്‍ക്കി, പലസ്തീന്‍ മുതലായ രാജ്യങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളും അന്ത്യകാല അടയാളങ്ങളില്‍പ്പെടും.
ആഭ്യന്തരമായി ഈ രാജ്യങ്ങള്‍ അറബ് രാഷ്ട്രങ്ങളുടെ നേതൃത്വം പിടിച്ചെടുക്കുവാന്‍ മല്‍സരിക്കുന്നത് അന്താരാഷ്ട്ര രാക്ഷ്ട്രീയം പരിശോധിക്കുന്നവര്‍ക്ക് മനസ്സിലാകും.
മുസ്ലിം വിശ്വാസികളുടെ ഇടയിലുള്ള വിവിധ വിഭാഗങ്ങളില്‍ പെട്ട, മുസ്ലീം വിശ്വാസികളില്‍ നിന്നുതന്നെ പീഡനങ്ങള്‍ അനുഭവിക്കുന്ന, കുര്‍ദ്ദുകകള്‍ പോലെഉള്ളവര്‍ കൂടുതല്‍ ശക്തി പ്രാപിച്ചുവരുന്നുണ്ട്.  കുര്‍ദ്ദിസ്ഥാന്‍ എന്നൊരു സ്വതന്ത്ര രാജ്യം അവരുടെ സ്വപ്നം ആണ്.
ഇവരുടെ എല്ലാം മുഖ്യ ശത്രു യിസ്രായേല്‍ ആണ് എന്നതും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ രാജ്യങ്ങള്‍ എല്ലാം കൂടുതല്‍ ശക്തി പ്രാപിച്ചു വരുക ആണ്.
എന്നാല്‍, വളരെ സമീപ കാലത്ത്, സൌദി അറേബ്യ യിസ്രയേലിനോട് ചില കാര്യങ്ങളില്‍ അനുകൂല നയം സ്വീകരിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്.
ഇതെല്ലാം അന്ത്യകാലത്തിന്‍റെ അടയാളങ്ങള്‍ ആണ്.

അന്ത്യകാല അടയാളങ്ങള്‍ ആയി യേശുക്രിസ്തു പറഞ്ഞ സംഭവങ്ങള്‍ നമ്മള്‍ ദിനംതോറും കണ്ടുകൊണ്ടിരിക്കുന്നു. അവ ചരിത്രത്തില്‍ ആരംഭിച്ചിട്ടു വളരെ നാളുകള്‍ ആയെങ്കിലും, ഇപ്പോള്‍ അവയെല്ലാം വര്‍ദ്ധിച്ചു വന്നിരിക്കുന്നു. ലോകം മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്ക് വെളിയിലേക്ക് പോകുന്ന ഒരു കാഴ്ച ആണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ലോകത്തെ ഇന്ന് ബാധിച്ചിരിക്കുന്ന സാമ്പത്തിക തകര്‍ച്ച അനുദിനം വര്‍ദ്ധിക്കുക ആണ്. ഓരോ വര്‍ഷവും പുതിയതോ, ജനതിക മാറ്റങ്ങള്‍ക്ക് വിധേയമായതോ ആയ പകര്‍ച്ച വ്യാധികള്‍ ലോകത്തെ വിഴുങ്ങികൊണ്ടിരിക്കുന്നു. ലോകത്തിന്റെ വൈദ്യശാത്രം എത്രമാത്രം ബലഹീനമാണ് എന്നു നമ്മള്‍ മനസ്സിലാക്കുക ആണ്.
എന്നാല്‍ ഇതൊന്നും ഒരു ദൈവപൈതലിനെ ഭയപ്പെടുത്തുന്നില്ല. കാരണം, യേശു പറഞ്ഞു: ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ;” (മത്തായി 24:6). ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.” (മത്തായി 24:25)

എന്നാല്‍ ഇത്തരം ലോക സംഭവങ്ങള്‍ യാതൊന്നും ഒരു വിശ്വാസിയെ അലട്ടിയില്ല എങ്കിലും, അനേകരെ അലട്ടുന്ന ഒരു വിഷയം ഉണ്ട്. ഇതിനെക്കുറിച്ച്, മത്തായി 24 ല്‍ യേശു മൂന്നു പ്രാവശ്യം പറഞ്ഞിട്ടുണ്ട്.
യുദ്ധങ്ങള്‍, ക്ഷാമം, ഭൂകമ്പം എന്നിവയെക്കുറിച്ചും, ആകാശത്തിലെ ശക്തികൾ ഇളകിപ്പോകുന്നതിനെക്കുറിച്ചും മഹാവ്യാധികളെക്കുറിച്ചും എല്ലാം ഇവിടെ യേശു ഒരു പ്രാവശ്യം മാത്രമേ പറയുന്നുള്ളൂ. എന്നാല്‍ യേശു ഈ പ്രഭാഷണത്തില്‍, ആരും നമ്മളെ വഞ്ചിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്ളേണം എന്നു മൂന്നു പ്രാവശ്യം പ്രാവശ്യം പറയുന്നു.  

മത്തായി 24: 4, 11, 24
4    അതിന്നു യേശു ഉത്തരം പറഞ്ഞതു: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
11    കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും.
24  കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.

തെറ്റിക്കുക എന്നതിന് കൂടുതല്‍ ഇംഗ്ലീഷ് പരിഭാഷകളിലും ഉപയോഗിച്ചിരിക്കുന്ന വാക്ക്, deceive അഥവാ വഞ്ചന എന്ന വാക്കാണ്. അന്ത്യകാലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം ഇതാണ്.
യേശു ഇത് പറയുമ്പോള്‍, അവിശ്വാസികളായ മനുഷ്യര്‍ നമ്മളെ വഞ്ചിക്കും, അവരെ സൂക്ഷിച്ചുകൊള്ളേണം എന്നല്ല അവന്‍ ഉദ്ദേശിച്ചത്. യേശുക്രിസ്തു പറഞ്ഞത്, “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (4). ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.” എന്നാണ്. (മത്തായി 24: 4, 5).
അര്‍ത്ഥം വ്യക്തമാണ്, ആത്മീയ ഗോളത്തില്‍ തന്നെ അനേകര്‍, അവര്‍ ക്രിസ്തു ആണ് എന്നോ, അവര്‍ ക്രിസ്തുവിന്റെ അഭിഷിക്തര്‍ ആണ് എന്നോ, അവരാണ് ശരി, അവര്‍ മാത്രമാണ് ശരി എന്നോ ഒക്കെ  പറഞ്ഞുകൊണ്ടു അന്ത്യകാലത്ത് എഴുന്നേല്‍ക്കും. ഇതാണ് അന്ത്യകാലത്തിന്റെ മുഖ്യ അടയാളം. 

ആത്മീയ ഗോളത്തില്‍ തന്നെ നമ്മള്‍ വഞ്ചിക്കപ്പെടുന്ന ഒരു കാലമാണ് അന്ത്യകാലം എന്നാണ് യേശു പറഞ്ഞത്. ഇത് രണ്ടു വിധത്തില്‍ ആകാം.
ഒന്ന്, അത്ഭുതങ്ങളും വലിയ അടയാളങ്ങളും ആയി വന്നു നമ്മളെ വഴിതെറ്റിച്ചുകളയുന്ന വ്യക്തികള്‍ എഴുന്നേല്‍ക്കും. “തെറ്റിക്കുക” എന്നതിന് മൂലഭാഷയായ ഗ്രീക്കില്‍ ഉള്ള വാക്കിന് “വഞ്ചിക്കുക” എന്നാണ് അര്‍ത്ഥം എന്നു ഞാന്‍ പറഞ്ഞല്ലോ. ഈ വാക്കിന് “തെറ്റായ വഴിയിലൂടെ നയിക്കുക” എന്നൊരു അര്‍ത്ഥവും ഉണ്ട്. അതും വഞ്ചന തന്നെ.  കര്‍ത്താവ് അവരെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ ആണ്: “ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.” (മത്തായി 24:5). “കള്ളപ്രവാചകന്മാരും, കള്ള ക്രിസ്തുക്കളും, പലരും വന്നു
വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. (മത്തായി 24:11, 24).
അതുകൊണ്ട് കര്‍ത്താവ് നമുക്ക് നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്: “അന്നു ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.” (മത്തായി 24: 23)

ക്രിസ്തീയ വിശ്വാസികള്‍ കരുതലോടെ ഇരിക്കേണ്ടുന്ന, ഇതിലും വലുതായ ഒരു അപകടം ഉണ്ട്. അത് വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന സത്യങ്ങള്‍ക്ക് വിപരീതമായ ഉപദേശങ്ങള്‍ ആണ്. ഇതില്‍, വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്ര സംഭവങ്ങളെ ഉപദേശങ്ങള്‍ ആക്കി മാറ്റി, സഭയുടെയും വിശുദ്ധിയുടെയും പ്രമാണങ്ങള്‍ ആയി, മനുഷ്യരുടെ മേല്‍ കെട്ടിവെക്കുന്ന വിപരീത ഉപദേശങ്ങള്‍ ഉണ്ട്. അത് കേട്ടാല്‍ നമുക്ക് യോജ്യം ഇന്ന് തോന്നും എങ്കിലും അത് ഉപദേശമായി വേദപുസ്തകം പഠിപ്പിക്കുന്നില്ല എന്നു നമ്മള്‍ തിരിച്ചറിയേണം. ഇതും ഒരു വഞ്ചന ആണ്.
ക്രിസ്തുവിന്റെ മനോഭാവത്തിലേക്ക് വളരുവാന്‍ ഒരു വിശ്വാസിയെ സഹായിക്കാത്തതെല്ലാം വിപരീത ഉപദേശങ്ങള്‍ ആണ്. മത്തായി 5 ആം അദ്ധ്യായം മുതല്‍ 7 ആം അദ്ധ്യായം വരെയുള്ള യേശുവിന്റെ ഗിരിപ്രഭാഷണം ദൈവരാജ്യത്തിന്റെ ഭരണഘടന ആണ്. അത് ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ ആണ്. പ്രമാണങ്ങള്‍, അത് മോശയുടെ ന്യായപ്രമാണത്തിലെ പ്രമാണങ്ങള്‍ ആയാലും, യേശു പഠിപ്പിച്ചവ ആയാലും, അവയെല്ലാം ദൈവത്തിന്റെ ഹൃദ്യത്തിന്റെ പ്രതിഫലനങ്ങള്‍ ആണ്. പ്രമാണങ്ങള്‍ ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ ആണ്.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍, പത്തു കല്‍പ്പനകള്‍ കാണാതെ അറിയാവുന്ന ബഹുഭൂരിപക്ഷത്തിനും, ഗിരി പ്രഭാഷണത്തിലെ ഒരു വാക്യം പോലും അറിഞ്ഞുകൂടാ.

വേദപുസ്തകം, ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിനായുള്ള ദൈവീക പദ്ധതി വിവരിക്കുന്ന ദൈവത്തിന്റെ അരുളപ്പാടുകള്‍ ആണ്. അത് ഒരു പുസ്തകം ആണ്, ഒരു പദ്ധതി വിവരിക്കുന്ന സമ്പൂര്‍ണ്ണമായ ഒരു പുസ്തകം ആണ്. ആ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്, മാറ്റമില്ലാത്ത ഒരേഒരു ദൈവം ആണ്.
പാപത്താലുളവായ പിശാചിന്‍റെ അടിമത്തത്തില്‍ നിന്നുമുള്ള മാനവരാശിയുടെ വിടുതല്‍ ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിന്റെ പ്രധാന ഘടകം ആണ്. അതിനായിട്ടാണ്, പാപമോചത്തിനായി, നിദ്ദോഷവും നിഷ്കളങ്കവും ആയ രക്തം ചൊരിയേണ്ടതിന്, യേശു ക്രൂശില്‍ മരിച്ചത്.
ഈ യേശുക്രിസ്തുവിലൂടെ മാത്രമേ മാനവരാശിക്ക് രക്ഷയുള്ളൂ. രക്ഷ കൃപയാല്‍ വിശ്വാസം മൂലം നമ്മള്‍ പ്രാപിക്കുന്നു.
ഇതെല്ലാം ആണ് നമ്മളുടെ അടിസ്ഥാന വിശ്വാസങ്ങള്‍. ഇവയില്‍നിന്നും, ഗൂഡമായോ, പ്രത്യക്ഷമായോ നമ്മളെ അകറ്റുന്നതെല്ലാം കള്ളപ്രവാചകന്മാരുടെ വഴിതെറ്റിക്കല്‍ ആണ്.
അന്ത്യകാലത്ത്, കള്ളപ്രവാചകന്‍മാര്‍ പെരുകി വരും എന്നും അനേകം വിശ്വാസികള്‍ പോലും തെറ്റിപ്പോകുവാന്‍ സാധ്യത ഉണ്ട് എന്നുമാണ് നമ്മളുടെ കര്‍ത്താവ് മുന്‍കൂട്ടി പറഞ്ഞത്.
ഇന്നത്തെ ആത്മീയ ലോകത്തെ നോക്കുക. തെറ്റായ ഉപദേശങ്ങള്‍ പഠിപ്പിക്കുന്നവര്‍ ഇപ്പോള്‍ സത്യ ഉപദേശം പഠിപ്പിക്കുന്നവരെപ്പോലെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സത്യ ഉപദേശം പഠിപ്പിക്കുന്നവരെയോ, ദുരുപദേശകര്‍ എന്നു വിളിച്ച് ഓടിച്ചു കളയുന്നു. ആര്‍ക്കും ദൈവ വചനം ശരിയായി പഠിക്കുവാന്‍ താല്പര്യമില്ല.
ഇന്ന് നമ്മളുടെ ഇടയിലെ വചന പ്രഘോഷകരില്‍ അന്‍പത് ശതമാനത്തില്‍ അധികം പേരും പ്രസംഗിക്കുന്നത് വിഡിത്തമോ, വേദവിപരീതമായ വ്യാഖ്യാനങ്ങളോ ആണ്.
തുടക്കത്തില്‍ ശരി എന്നു തോന്നി, അന്ത്യത്തില്‍ നമ്മളെ വലിയ വഞ്ചനയിലേക്ക് അവര്‍ നയിക്കും. 
ഈ വഞ്ചന ആണ് അന്ത്യകാലത്തിന്റെ ഏറ്റവും വലിയ ലക്ഷണം.

എങ്ങനെ കളപ്രാവചകന്മാരെ തിരിച്ചറിയാം എന്നു ചോദിച്ചാല്‍, ഒരു വാചകത്തില്‍ അതിനുള്ള ഉത്തരം ലൂക്കോസ് 6: 44 ല്‍ നമ്മളുടെ കര്‍ത്താവിന്‍റെ വാക്കുകളാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “ഏതു വൃക്ഷത്തെയും ഫലംകൊണ്ടു അറിയാം.”
വേദപുസ്തകത്തില്‍ നിന്നും ഒരു മാതൃക എടുത്താല്‍ അത് ബെരോവെ എന്ന സ്ഥലത്തെ വിശ്വാസികള്‍ ആണ്. “.... അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.” (അപ്പോസ്തല പ്രവര്‍ത്തികള്‍ 17:10)

എന്നാല്‍, ഇതുപോലെഉള്ള  അനേകം അന്ത്യകാല സംഭവങ്ങള്‍ കാണുമ്പോള്‍ ഒരു യഥാര്‍ത്ഥ വിശ്വാസി ഭ്രമിച്ചുപോകുന്നില്ല. അവന്‍ സന്തോഷിക്കുക ആണ്. അവന്റെ വീണ്ടെടുപ്പുകാരന്‍, അവനെ ചേര്‍ക്കുവാന്‍ വരാറായി. അതാണ് കര്‍ത്താവ് പറഞ്ഞത്:
നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.” (യോഹന്നാന്‍ 14:1)
എന്തുകൊണ്ടാണ് യേശു, “ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ” എന്നു പറഞ്ഞത്? അവന്‍ തുടര്‍ന്നു പറയുന്നു: “.... ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും. (യോഹന്നാന്‍ 14:3)
യേശുവിന്റെ ചില വാക്കുകള്‍ ഞാന്‍ വീണ്ടും പറയട്ടെ: “ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.” (മത്തായി 24:25). “ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ; (മത്തായി 24:6)
“നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.” (യോഹന്നാന്‍ 14: 27)
ലൂക്കോസ് 21: 28 ല്‍ യേശു പറയുന്നു: “ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ.”
അവസാനമായി മര്‍ക്കോസ് 13: 36, 37 വാക്യങ്ങള്‍ കൂടി വായിക്കട്ടെ: “അവൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന്നു ഉണർന്നിരിപ്പിൻ. (36). ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ. (37).

ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.

ഓണ്‍ലൈന്‍ ല്‍, നമ്മളുടെ വീഡിയോ ഓഡിയോ ചാനലുകളില്‍, മറ്റ് വിഷയങ്ങളെ കുറിച്ചുള്ള അനേകം വീഡിയോകളും ഓഡിയോകളും ലഭ്യമാണ്. വീഡിയോ കാണുവാന്‍ താല്പര്യമുള്ളവര്‍ naphtalitribetv.com എന്ന വീഡിയോ ചാനലും ഓഡിയോ കേള്‍ക്കുവാന്‍ താല്പര്യമുള്ളവര്‍ naphtalitriberadio.com എന്ന ഓഡിയോ ചാനലും സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കേള്‍ക്കുവാന്‍ നിങ്ങളെ സഹായിക്കും.
അതുപോലെ തന്നെ, ഈ സന്ദേശങ്ങളുടെ പഠനക്കുറിപ്പുകള്‍ നമ്മളുടെ വെബ്സൈറ്റ്കളില്‍ ലഭ്യമാണ്. ഇംഗ്ലീഷിനായി naphtalitribe.com എന്ന website ഉം മലയാളത്തിലുള്ള പഠനക്കുറിപ്പുകള്‍ക്കായി vathil.in എന്ന website ഉം സന്ദര്‍ശിക്കുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.


No comments:

Post a Comment