സൃഷ്ടിപ്പിലെ ദൈവീക കരുതൽ

 ഉൽപ്പത്തി 1, 2 അദ്ധ്യായങ്ങൾ

 

വേദപുസ്തകത്തിൽ, ഉൽപ്പത്തി പുസ്തകത്തിൽ വിവരിക്കുന്ന സൃഷ്ടിപ്പിന്റെ ചരിത്രം ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിൽ പ്രധാനമാണ്. ദൈവമാണ് ഈ പ്രപഞ്ചവും അതിലെ സകലവും സൃഷ്ടിച്ചത് എന്നു ഉറപ്പിച്ചു പറയുന്ന ഒരു വിവരണം ആണിത്. ദൈവം സൃഷ്ടിപ്പ് നടത്തിയപ്പോൾ അതിന്റെ ദൃക്സാക്ഷിയായി അവനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അതിനാൽ എങ്ങനെയാണ് സൃഷ്ടിപ്പ് നടന്നത് എന്നു വിവരിക്കുവാൻ ദൈവത്തിന് മാത്രമേ കഴിയൂ. ഉൽപ്പത്തി 1, 2 അദ്ധ്യായങ്ങളിൽ വിവരിക്കപ്പെടുന്നതുപോലെ ആണ് ദൈവം സകലതും സൃഷ്ടിച്ചത്.

 

ഉൽപ്പത്തി 1, 2 അദ്ധ്യായങ്ങളിൽ സൃഷ്ടിയുടെ രണ്ട് വിവരണങ്ങൾ ആണ് ഉള്ളത്. ഒന്നാമത്തെ വിവരണം ഉൽപ്പത്തി 1:1 ആം വാക്യം മുതൽ ഉൽപ്പത്തി 2:3 ആം വാക്യം വരെ നീളുന്നു. രണ്ടാമത്തെ വിവരണം ഉൽപ്പത്തി 2:4 ആം വാക്യം മുതൽ മാത്രമേ ആരംഭിക്കുന്നുള്ളൂ. ഒന്നാമത്തെ വിവരണം ഒന്നാം അദ്ധ്യായം മുതൽ രണ്ടാം അദ്ധ്യായം 3 ആം വാക്യം വരെ നീണ്ടത് ഈ വിവരണം എഴുതിയ വ്യക്തിയുടെ ശ്രദ്ധക്കുറവ് കൊണ്ടല്ല.

 

വേദപുസ്തകത്തിലെ പുസ്തകങ്ങൾ അതിന്റെ എഴുത്തുകാർ എഴുതിയപ്പോൾ, അതിനെ അദ്ധ്യായങ്ങൾ, വാക്യങ്ങൾ എന്നിങ്ങനെ തിരിച്ചിട്ടുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള വിഭജനങ്ങൾ ഉണ്ടായത് നൂറ്റാണ്ടുകൾക്ക് ശേഷമാണ്. മൂല കൃതികളിൽ, വിരാമചിഹ്നങ്ങളോ, ഖണ്ഡികകളായ വിഭജനമോ, വാക്കുകൾക്ക് ഇടയിൽ സ്ഥലമോ ഇല്ലായിരുന്നു. അതിനാൽ തിരുവെഴുത്തുകൾ പൊതുവേദികളിൽ വായിക്കുവാനായി, അതിനെ അദ്ധ്യായങ്ങൾ ആയി വിഭജിക്കുവാനുള്ള ശ്രമം ശാസ്ത്രിമാർ 4 നൂറ്റാണ്ടിൽ തന്നെ ആരംഭിച്ചിരുന്നു.