(ഈ ലേഖനത്തില്‍ "പെന്തെക്കൊസ്ത്" എന്നു എഴുതിയതില്‍ അക്ഷര പിശക് സംഭവിച്ചിട്ടുണ്ട്. അതിനാല്‍ ഇവിടെ "പെന്തക്കോസ്ത്" എന്നു കാണുന്ന വാക്കുകളെ, ദയവായി "പെന്തെക്കൊസ്ത്" എന്നു തിരുത്തി വായിക്കുവാന്‍ അപേക്ഷിക്കുന്നു. പിശക് സംഭവിച്ചതില്‍ ഖേദിക്കുന്നു.)
പെന്തെക്കൊസ്ത് ഒരു യഹൂദ ഉല്‍സവമാണ്. ഗ്രീക്കു ഭാഷയില്‍, അന്‍പത് എന്ന അര്‍ത്ഥം ഉള്ള “പെന്‍റെകോസ്റ്റെ” എന്ന വാക്കില്‍ നിന്നാണ് പെന്തെക്കൊസ്ത് എന്ന പദം ഉണ്ടായത് (pentekoste). ഇംഗ്ലണ്ടില്‍ ഈ ഈ ദിവസത്തെ വിറ്റ്സണ്‍ എന്നും വിറ്റ് സണ്‍ഡേ എന്നും വൈറ്റ് സണ്‍ഡേ എന്നും വിളിക്കാറുണ്ട് (Whitsun, Whitsunday, White Sunday). എബ്രായ ഭാഷയില്‍ ഇതിനെ “ഹാഗ് ഷാവോട്ട്” എന്നാണ് വിളിക്കുന്നത് (Hag Shavuot). ദൈവം മോശെയ്ക്ക് സീനായ് പര്‍വ്വതമുകളില്‍ വച്ച് ന്യായപ്രമാണങ്ങള്‍ നല്കിയത് ഈ ദിവസമാണ് എന്നു യഹൂദന്മാര്‍ വിശ്വസിക്കുന്നു. ഇത് അവര്‍ക്ക്, ഗോതമ്പ് വിളവെടുപ്പിന്റെ ആദ്യഫല പെരുന്നാള്‍ ആയ വാരോല്‍സവം ആയിരുന്നു (Festival of the Weeks). പെന്തെക്കൊസ്ത് ഉല്‍സവം യഹൂദന്‍മാര്‍ക്ക് ഏറെ ആഹ്ളാദമുള്ള പെരുന്നാള്‍ ആണ്. പെസഹയ്ക്ക് ശേഷം 50 ആം ദിവസമാണ് യഹൂദന്മാര്‍ ഈ ഉല്‍സവം ആചരിക്കുന്നത്. ആരോഗ്യവാന്മാരായ എല്ലാ യഹൂദ പുരുഷന്മാരും ഈ ഉല്‍സവം ആചരിക്കുവാനായി യെരൂശലേമില്‍ എത്തുമായിരുന്നു.