ദേഹം, ദേഹി, ആത്മാവ്

മനുഷ്യര്‍ ഒരു സമ്പൂര്‍ണ്ണ വ്യക്തി ആയിരിക്കുമ്പോള്‍ തന്നെ, അവനില്‍ ഒന്നിലധികം ഘടകങ്ങള്‍ ഒന്നായും, വിഭജിക്കുവാന്‍ കഴിയാത്തവണ്ണവും ചേര്‍ന്നിരിക്കുന്നു എന്നത് പുരാതന തത്വശാസ്ത്രത്തിന്റെയും ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെയും കാഴ്ചപ്പാടുകള്‍ ആണ്. എന്നാല്‍, മനുഷന്‍ എന്ന വ്യക്തിയില്‍, എത്ര ഘടകങ്ങള്‍ ഉണ്ട്, അത് എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നു എന്നതില്‍ തത്വചിന്തകരുടെ ഇടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ക്രിസ്തീയ ദൈവശാസ്ത്രഞ്ജന്‍മാരും ഈ വിഷയത്തില്‍ അടിസ്ഥാനമായി യോജിക്കുന്നു എങ്കിലും വിശദമായ വിവരണത്തില്‍ വ്യത്യസ്തര്‍ ആണ്.

മനുഷ്യനില്‍ പ്രഥമമായി രണ്ട് ഘടകങ്ങള്‍ ആണ് ഉള്ളത്. ഒന്നു മൂര്‍ത്തമായ ശരീരവും രണ്ടാമത്തേത് ദേഹി, ആത്മാവു എന്നിവ ഉള്‍ക്കൊള്ളുന്ന അമൂര്‍ത്തമായ ഘടകവും. മൂര്‍ത്തമായ ശരീരത്തെ, മറ്റ് മനുഷ്യര്‍ക്ക് കാണുവാനും സ്പര്‍ശിക്കുവാനും, കേള്‍ക്കുവാനും ഒക്കെ കഴിയും എങ്കിലും അമൂര്‍ത്തമായ ദേഹി-ആത്മാവ് എന്ന ഘടകത്തെ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണുവാനോ, സ്പര്‍ശിക്കുവാനോ, കേള്‍ക്കുവാനോ കഴിയുക ഇല്ല. അമൂര്‍ത്തമായ ഘടകം, മൂര്‍ത്തമായതിലൂടെ മാത്രമേ ഈ ഭൌതീക ലോകത്ത് പ്രവര്‍ത്തിക്കുകയും പ്രകടമാകുകയും ചെയ്യുക ഉള്ളൂ. 

മനുഷ്യന്‍ മരിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു?

മനുഷ്യര്‍ മരിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു? എന്താണ് മരണം? മരണത്തിന് ശേഷം എന്തു സംഭവിക്കുന്നു? മരിച്ചവരുടെ ഭാവി എന്താണ്? ഈ ചോദ്യങ്ങള്‍ക്ക് ക്രിസ്തീയ ദൈവശാസ്ത്രപ്രകാരമുള്ള, ഹൃസ്വമായ ഒരു വിശദീകരണം നല്‍കുവാനാണ് ഇവിടെ ശ്രമിക്കുന്നത്. തിരുവെഴുത്തില്‍ വ്യക്തമായി പറയുന്ന വിവരങ്ങള്‍ മാത്രമേ നമ്മള്‍ ഇവിടെ ഉള്‍ക്കൊള്ളിക്കുന്നുള്ളൂ. അതും ചുരുക്കമായി മാത്രമേ പറയുന്നുള്ളൂ.

എന്താണ് മരണം - ഒരു നിര്‍വചനം

മരണം എന്നതിനൊരു നിര്‍വചനം കണ്ടെത്തികൊണ്ട് നമുക്ക് ആരംഭിക്കാം. മരണം, സാര്‍വ്വലൌകീകവും, എല്ലാ കാലത്തും സംഭവിക്കുന്നതും, സുനിശ്ചിതവും ആയ ഒരു അനുഭവം ആണ്. ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന സകല ജീവികളും ജനിക്കുകയും, ജീവിക്കുകയും, പിന്നീട് ഒരിക്കല്‍ മരിക്കുകയും ചെയ്യും. എന്നാല്‍ മരണം എപ്പോള്‍ സംഭവിക്കും എന്നോ, എങ്ങനെ സംഭവിക്കും എന്നോ ആര്‍ക്കും ഒരു നിശ്ചയവും ഇല്ല. മരണത്തെ മാറ്റിവയ്ക്കുവാനോ, അത് സംഭവിക്കുന്ന സമയം മുന്‍ കൂട്ടി കണ്ടുപിടിക്കുവാനോ, ഇല്ലാതാക്കുവാനോ നമുക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല. തത്വ ചിന്തകരും ശാസ്ത്രാന്വേഷികളും മത പണ്ഡിതന്മാരും ആരാഞ്ഞുനോക്കിയിട്ടും മരണത്തിന്റെ നിഗൂഢത അഴിക്കുവാന്‍ കഴിഞ്ഞിട്ടില്ല. വൈദ്യശാസ്ത്രത്തിന് മരണത്തിന്റെ മുന്നില്‍ എന്നും തോല്‍ക്കുവാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിനാല്‍ തന്നെ മരണം എന്നും മനുഷ്യനു ഒരു പ്രഹേളിക ആയി നില്‍ക്കുക ആണ്. അത് മനുഷ്യന്റെ നശ്വരതയേയും പരിമിതിയേയും സദാ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

ക്രിസ്തീയ പതാക

എന്താണ് ക്രിസ്തീയ പതാക എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി നമ്മള്‍ ചിന്തിക്കുന്നത്. ഇത് ഒരു ചോദ്യത്തിനുള്ള ഉത്തരമാണ്. ക്രിസ്തീയ പതാകയെ പ്രചരിപ്പിക്കുവാനോ, അതിന് ദൈവശാസ്ത്രമായ പിന്‍ബലം നല്കുവാനോ ഇവിടെ ഉദ്ദേശിക്കുന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ക്രിസ്തീയ പതാക പ്രചാരത്തിലുണ്ട്. ഇത് എല്ലാ ക്രിസ്തീയ സഭകള്‍ക്കും പൊതുവായി ഉപയോഗിക്കുവാന്‍ കഴിയുന്ന ഒരു പതാക ആണ്. 1942, ജനുവരി 23 നു അമേരിക്കയിലെ, United States Federal Council of Churches എന്ന പൊതുവായ ക്രിസ്തീയ സംഘടന ഇതിനെ അംഗീകരിച്ചത് മുതല്‍, അമേരിക്കയിലും, യൂറോപ്പിലും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും, ആഫ്രിക്കയിലും ഉള്ള അനേകം സഭകള്‍, അവരുടെ ആരാധനാ സ്ഥലങ്ങളില്‍ ഇത് പ്രദര്‍ശിപ്പിക്കാറുണ്ട്. ഇതില്‍, ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, ലൂഥറന്‍, മെതൊടിസ്റ്റ്, മൊറെവിയന്‍, പ്രസ്ബിറ്റേറിയന്‍, ക്വാക്കര്‍, ബ്രതറന്‍, പൗരസ്‌ത്യ ഓര്‍ത്തഡോക്സ്, എപ്പിസ്കോപ്പല്‍, നവീകരണ സഭകള്‍ എന്നിവയും മറ്റ് അനേക സഭകള്‍ ഉള്‍പ്പെടും. (Anglican, Baptist, Lutheran, Mennonite, Methodist, Moravian, Presbyterian, Quaker, Brethren, Eastern Orthodox, Episcopal Reformed and other churches). ഇത് ഉപയോഗിക്കുന്നതിന് ഒരു ക്രിസ്തീയ സഭയ്ക്കും വിലക്കില്ല, നിര്‍ബന്ധവുമില്ല.