ചുവന്ന പശുക്കിടാവിന്റെ യാഗം

പ്രസംഗവേദികളില്‍ അധികം കേള്‍ക്കാത്ത, എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ വളരെ അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്, ചുവന്ന പശുക്കിടാവിന്റെ യാഗം.
ഈ യാഗത്തിന്റെ നാനാ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല എങ്കിലും, അന്ത്യനാളുകള്‍ അടുത്തിരിക്കുന്നു എന്നതിന്റെ തെളിവായിട്ടാണ്‌ സോഷ്യല്‍ മീഡിയകളില്‍ ചുവന്ന പശുക്കിടാവിനെ കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ചുവന്ന പശുക്കിടാവിന്റെ യാഗം, യഹൂദ മത വിശ്വാസത്തിലെ അപൂര്‍വ്വമായി മാത്രം നടന്നിരുന്ന, എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു യാഗം ആണ്. അതിലുപരി, ഈ യാഗത്തിന് യേശുക്രിസ്തുവുമായും ബന്ധം ഉണ്ട്.
ദൈവം, മൊശെ മുഖാന്തിരം യിസ്രായേല്‍ ജനത്തിന് യാഗങ്ങളുടെ പ്രമാണങ്ങള്‍ നല്‍കിയപ്പോള്‍, അതില്‍ ഉള്‍പ്പെടുത്തിയിരുന്ന വളരെ സവിശേഷതകള്‍ ഉള്ള ഒരു യാഗം ആണ്.
മരിച്ചവരുടെ ശവശരീരം സ്പര്‍ശിച്ചതിനാല്‍ ഉണ്ടാകുന്ന അശുദ്ധിയുടെ പരിഹാരം എന്നതായിരുന്നു പ്രഥമ ഉദ്ദേശ്യം.
എന്നാല്‍ ചുവന്ന പശുക്കിടാവിന്റെ യാഗത്തിന് ഇന്ന് ഇതില്‍ അധികമായി അര്‍ത്ഥവും പ്രാധാന്യവും ഉണ്ട്.


ഇനിയും ഒരു ചുവന്ന പശുക്കിടാവിന്റെ യാഗം നടക്കുമ്പോള്‍ അവര്‍ കാത്തിരിക്കുന്ന മശിഹ പ്രത്യക്ഷപ്പെടും എന്ന് യഹൂദന്മാര്‍ വിശ്വസിക്കുന്നു.
യഹൂദന്മാരുടെ മൂന്നാമത്തെ ആലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കേണം എങ്കില്‍ ഒരു ചുവന്ന പശുക്കിടാവിന്റെ യാഗം നടക്കേണം എന്നും അവര്‍ വിശ്വസിക്കുന്നു.
അതായത് ഇനി ഒരു ചുവന്ന പശുക്കിടാവിന്റെ യാഗം ഈ യുഗത്തിന്‍റെ അന്ത്യത്തെയും കര്‍ത്താവിന്‍റെ രണ്ടാമത്തെ വരവിനേയും സൂചിപ്പിക്കുന്നു.
യേശുവിന്റെ ക്രൂശിലെ മരണം എന്ന യാഗം അവസാനത്തെ ചുവന്ന പശുക്കിടാവിന്റെ യാഗം ആയിരുന്നു എന്നും അതോടെ സകലമനുഷ്യരുടെയും സകല അശുദ്ധികള്‍ക്കും പരിഹാരം ആയി എന്നും ക്രൈസ്തവ വിശ്വാസികള്‍ വിശ്വസിക്കുന്നു.
അങ്ങനെ, ചുവന്ന പശുക്കിടാവ്‌ യേശുക്രിസ്തുവിന്റെ പാപപരിഹാര യാഗത്തിന്റെ പ്രതീകം ആണ്.
ഈ മൂന്ന് വിഷയങ്ങള്‍ ആണ് നമ്മള്‍ ഈ പഠനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

വളരെ സങ്കീര്‍ണ്ണമായ ഒരു യാഗമായിരുന്നു ഇത് എന്നതിനാല്‍ ഈ പഠനം ശ്രദ്ധയോടെ കേള്‍ക്കുക.
TV ല്‍ ഈ സന്ദേശം കേള്‍ക്കുന്നവര്‍ക്ക്, ഒറ്റ കേള്‍വിയില്‍ എല്ലാകാര്യങ്ങളും ഗ്രഹിക്കുവാന്‍ പ്രയാസമായി തോന്നിയാല്‍, നമ്മളുടെ വീഡിയോ ചാനലോ, ഓഡിയോ ചാനലോ സന്ദര്‍ശിക്കുക. അവിടെ ഇതിന്‍റെ വീഡിയോയും ഓഡിയോയും ലഭ്യമാണ്.
അതിന്‍റെ അഡ്രസ്‌ ഈ വീഡിയോയുടെ അടിവശത്തായി നല്‍കുന്നുണ്ട്.

ഈ പ്രത്യേക യാഗത്തെക്കുറിച്ച് വേദപുസ്തകത്തില്‍ സംഖ്യാപുസ്തകം 19 ആം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതൊരു ദൈര്‍ഖ്യമേറിയ വേദഭാഗം ആയതിനാല്‍ അത് മുഴുവനും ഞാന്‍ ഇവിടെ വായിക്കുന്നില്ല. ആവശ്യമുള്ള വേദഭാഗങ്ങള്‍ നമുക്ക് ഇടയ്ക്കിടെ വായിക്കാവുന്നതാണ്.

ആണ്ടുതോറും ദൈവാലയത്തില്‍ പാപ പരിഹാര യാഗം നടക്കാറുണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാം എന്ന് ഞാന്‍ ചിന്തിക്കട്ടെ.
ഇതു സകല യഹൂദ ജനത്തിന്റെയും സകല പാപങ്ങള്‍ക്കും പരിഹാരം ആയി നടക്കുന്ന യാഗം ആയിരുന്നു.
പാപം പഴയനിയമത്തിലും പുതിയ നിയമത്തിലും ജീവിതത്തിലെ അശുദ്ധിയാണ്.
ആണ്ടുതോറും നടക്കുന്ന ഈ പാപ പരിഹാര യാഗത്തെ കൂടാതെ ആണ് ചുവന്ന പശുക്കിടാവിന്റെ യാഗം.
ഈ യാഗത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു, പാപ പരിഹാര യാഗവുമായി ഇതിന് എന്ത് വ്യത്യാസം ആണ് ഉണ്ടായിരുന്നത്, എന്നിവ ചിന്തിച്ചുകൊണ്ട്‌ നമുക്ക് ആരംഭിക്കാം.


സംഖ്യാപുസ്തകം 19 ന്‍റെ 11 ആമത്തെ വാക്യം, 14 മുതല്‍ 16 വരെയുള്ള വാക്യങ്ങള്‍, എന്നിവയില്‍ വിശദീകരിക്കുന്നത് ഇങ്ങനെ ആണ്:
ഒരു മനുഷ്യന്‍റെ ശവശരീരം തൊടുന്നവന്‍ ഏഴു ദിവസം അശുദ്ധന്‍ ആയിരിക്കേണം.
വെളിയിൽവെച്ചു വാളാൽ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ മനുഷ്യന്റെ അസ്ഥിയെയോ ഒരു ശവക്കുഴിയെയോ തൊടുന്നവൻ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം.
കൂടാരത്തിൽവെച്ചു ഒരുത്തൻ മരിച്ചാല്‍ : ആ കൂടാരത്തിൽ കടക്കുന്ന ഏവനും കൂടാരത്തിൽ ഇരിക്കുന്ന ഏവനും ഏഴുദിവസം അശുദ്ധൻ ആയിരിക്കേണം.
മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും.
യഹൂദന്മാര്‍ ശവശരീരം അടക്കിയ കല്ലകള്‍ക്ക്, ഭൂമിക്ക് മീതെ കമാനം ഉണ്ടാക്കിയതും അതിനു വെള്ള ച്ശായം പൂശിയതും അതില്‍ സ്പര്‍ശിച്ചോ, അതിന്റെ സമീപത്തുകൂടെ പോയോ അശുദ്ധന്‍ ആകാതെ ഇരിക്കുവാന്‍ വേണ്ടി ആയിരുന്നു എന്ന് പുരാതന ചരിത്രം പറയുന്നു.

പഴയനിയമത്തില്‍ പറയുന്ന അറുപത്തി ഒന്ന് അശുദ്ധിയില്‍ ഒന്നാമത്തേത് ശവശരീരം ആണ്.
ഇതു സാധാരണ ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത സാഹചര്യത്താല്‍ സംഭവ്യവും ആണ്.
അപ്പോള്‍ അതിന് ഒരു പരിഹാരം ഉണ്ടായേ മതിയാകൂ. ആ പരിഹാരമാര്‍ഗ്ഗം ആണ് ചുവന്ന പശുക്കിടാവിന്‍റെ യാഗത്തിലും തുടര്‍ന്നുള്ള ആചാരങ്ങളിലും വെളിപ്പെടുന്നത്.
ക്രൈസ്തവ വിശ്വാസവും വ്യാഖ്യാനവും അനുസരിച്ച്, മരിച്ചവന്റെ ശവശരീരം ഒരു മനുഷ്യന്‍റെ പാപത്താലുള്ള മരിച്ച അവസ്ഥയെ ആണ് കാണിക്കുന്നത്. അതിനോട് സമ്പര്‍ക്കം പുലര്‍ത്തുന്നത് പാപത്തോടു സമ്പര്‍ക്കം പുലര്‍ത്തുന്നതിന്റെ നിഴല്‍ ആയി കാണാവുന്നതാണ്.
അതിനാല്‍ തന്നെ ചുവന്ന പശുക്കിടാവിന്‍റെ യാഗം, പാപപരിഹാര മാര്‍ഗ്ഗത്തെ കാണിക്കുന്നു.

ഈ യാഗത്തിന് ഉപയോഗിക്കുന്ന പശുക്കിടാവിന് വളരെ നിര്‍ബന്ധമായും ഉണ്ടായിരിക്കെണ്ടുന്ന യോഗ്യതകള്‍ ഉണ്ട്. എല്ലാ യാഗത്തിനും കര്‍ശന നിബന്ധനകള്‍ ഉണ്ട് എങ്കിലും, ഇത്രമാത്രം കാര്‍ക്കശ്യം മറ്റു യാഗങ്ങളില്‍ നമ്മള്‍ കാണുന്നില്ല. ഇതു ഈ യാഗത്തെ വളരെ സങ്കീര്‍ണ്ണവും പ്രത്യേകത ഉള്ളതും ആക്കുന്നു.
മോശെയിലൂടെ ദൈവം നല്‍കിയ എഴുതപ്പെട്ട ന്യായപ്രമാണങ്ങള്‍, യഹൂദന്മാരുടെ വായ്‌ മൊഴിയാലുള്ള പാരമ്പര്യ പ്രമാണങ്ങള്‍, പ്രത്യേകമായ അധികാരമുള്ള യഹൂദ റബ്ബിമാര്‍ പ്രമാണങ്ങള്‍ക്ക് നല്‍കിയ വ്യാഖ്യാനങ്ങള്‍ എന്നിവയില്‍ ഈ യാഗത്തെകുറിച്ചുള്ള വിശദാംശങ്ങള്‍ ഉണ്ട്. നമ്മള്‍ ഈ പഠനത്തില്‍ ഈ മൂന്ന് സ്രോതസ്സുകളും ഉപയോഗിക്കുന്നുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

1.        ഒന്നാമതായി, നമ്മള്‍ അതിനെക്കുറിച്ച്‌ പറയുന്നതുപോലെ തന്നെ, അത് ചുവന്ന നിറം ഉള്ളത് ആയിരിക്കേണം.
      അതിന്‍മേലുള്ള രണ്ടു രോമങ്ങള്‍ പോലും മറ്റൊരു നിറത്തില്‍ ഉള്ളത് ആകുവാന്‍ പാടില്ല. അതിന്റെ കുളമ്പുകള്‍ പോലും ചുവപ്പ് നിറത്തില്‍ ഉള്ളത് ആയിരിക്കേണം.
      ചുവപ്പ് നിറം എന്നതുകൊണ്ട്‌, പ്രായോഗികമായി, തവിട്ട് നിറം കലര്‍ന്ന ചുവന്ന നിറമുള്ള പശുക്കിടാവ്‌ എന്നാണ് യഹൂദന്മാര്‍ മനസ്സിലാക്കിയിരുന്നത്.
      ഈ യാഗത്തില്‍ മാത്രമേ യാഗമൃഗത്തിന്‍റെ നിറം എടുത്ത് പറയുന്നുള്ളൂ. അതിനാല്‍ അത് വളരെ ദുര്‍ലഭമായി കാണപ്പെട്ടിരുന്ന ഒരു മൃഗം ആയി.
2.      അതിന് രണ്ടോ മൂന്നോ വയസ്സ് എങ്കിലും പ്രായമുണ്ടായിരിക്കേണം. അതിനു മുകളിലോട്ടു പ്രായമുള്ള പശുക്കിടാവിനെ യാഗത്തിനായി ഉപയോഗികാം എങ്കിലും അതില്‍ താഴെ പ്രായമുള്ളവയെ യാഗത്തിനായി ഉപയോഗിച്ചിരുന്നില്ല.
3.      അത് പുറമെയും അകമേയും കളങ്കവും ഊനവുമില്ലാത്തതും ആയിരിക്കേണം.
4.      അതില്‍ ആരും കയറുകയോ, സാധനസാമഗ്രഹികള്‍ കയറ്റുകയോ ചെയ്തതായിരിക്കുവാന്‍ പാടില്ല.
      ഒരിക്കലും നുകം വച്ചത് ആകുവാന്‍ പാടില്ല.
      മറ്റൊരുവന്റെയും ഭാരമോ, മറ്റൊരു രീതിയിലും ഉള്ള ഭാരമോ വഹിച്ചിട്ടുള്ളത് ആയിരിക്കുവാന്‍ പാടില്ല.
5.      അതൊരു പശുക്കിടാവ്‌ ആയതിനാല്‍ അത് പെണ്‍ വര്‍ഗ്ഗത്തില്‍ പെട്ട മൃഗം ആയിരുന്നു. മറ്റു എല്ലാ യാഗങ്ങളിലും ആണ്‍ വര്‍ഗ്ഗത്തില്‍ പെട്ട മൃഗങ്ങളെ ആണ് യാഗത്തിനായി ഉപോഗിക്കുന്നത്. ഇത് ശ്രദ്ധേയം ആയ വ്യത്യാസം ആണ്.
6.      ചുവന്ന പശുക്കിടാവിന്‍റെ യാഗം നടക്കുന്നത് സമാഗമന കൂടാരത്തിന് മുന്നിലോ സമീപത്തൊ വച്ചല്ല.
      പശുക്കിടാവിനെ പുരോഹിതനായ എലെയാസാരിന്റെ പക്കൽ ഏല്പിക്കേണം; എലെയാസാര്‍ അതിനെ പാളയത്തിന്നു പുറത്തുകൊണ്ടുപോകേണം.
      ഒരുവൻ പശുക്കിടാവിനെ എലെയാസാരിന്റെ മുമ്പിൽവെച്ചു അറുക്കയും വേണം.
7.       ഈ യാഗം സാങ്കേതികമായി ഒരു യാഗം അല്ല. കാരണം ദൈവാലയത്തിനുള്ളില്‍ വച്ച് മൃഗം അറുക്കപ്പെടുന്നില്ല. പശുക്കിടാവ്‌റുക്കപ്പെടുന്നത് ഒലിവ് മല മുകളില്‍ വച്ചാണ്.
      യേശുക്രിസ്തു ക്രൂശിക്കപ്പെട്ടത്‌ ഒലിവ് മലമുകളില്‍ വച്ചായിരുന്നു എന്ന് വിശ്വസിക്കുന്ന വേദ പണ്ഡിതന്‍മാര്‍ ഉണ്ട്. അവിടെ നിന്നും നോക്കിയാല്‍ ദൈവാലയത്തിലെ തിരശീല കാണാം. യേശുക്രിസ്തു മരിച്ചപ്പോള്‍, ആലയത്തിലെ തിരശ്ശീല മുകളില്‍ നിന്നും താഴേക്ക്‌ രണ്ടായി കീറിപോയി എന്ന വിവരണം നമ്മള്‍ വിടെ ഓര്‍ക്കേണ്ടതുണ്ട്.
8.        യാഗത്തിന്റെ മറ്റൊരു പ്രത്യേകത, യാഗത്തിന് നേതൃത്വം നല്‍കുന്നവര്‍ അതിനാല്‍ അശുദ്ധന്‍ ആയ്തീരുന്നു എന്നതാണ്.
   യാഗത്തിന് നേതൃത്വം നല്‍കുന്ന പുരോഹിതന്‍, അതിനെ തീയില്‍ ചുട്ടവനും, ഭസ്മം വാരി പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു സൂക്ഷിച് വെക്കുന്നവനും, വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. (സംഖ്യാപുസ്തകം 19: 7 10)

ഇങ്ങനെ മറ്റു യാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ ഈ യാഗത്തിന്റെ ഉദ്ദേശ്യത്തിനും മറ്റു യാഗങ്ങളില്‍ നിന്നും വ്യത്യാസം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ തുടര്‍ന്നുള്ള ആചാരങ്ങള്‍ക്കും വ്യത്യാസം ഉണ്ടായിരുന്നു.
യാഗവും അതിനു ശേഷമുള്ള കാര്യങ്ങളും സംഖ്യാപുസ്തകം 19 ആം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്.
ഇനി നമുക്ക് അതിലേക്കു കടക്കാം. ഇതു യാഗത്തെ മൊത്തമായി മനസ്സിലാക്കുവാന്‍ നമ്മളെ സഹായിക്കും.

ചുവന്ന പശുക്കിടാവിന്റെ യാഗം, നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ തന്നെ യിസ്രായേല്‍ പാളയത്തിന് പുറത്തുവച്ച് ആണ് നടക്കുന്നത്.
പുരോഹിതനായ എലെയാസാര്‍ ആണ് യാഗത്തിന്റെ മുഖ്യ കാര്‍മ്മികന്‍.
മൃഗം കൊല്ലപ്പെട്ടു കഴിഞ്ഞാല്‍, പുരോഹിതനായ എലെയാസാർ വിരൽകൊണ്ടു അതിന്റെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിന്റെ മുൻഭാഗത്തിന്നു നേരെ ഏഴു പ്രാവശ്യം തളിക്കേണം. (4)
അതിന്റെ ശേഷം പശുക്കിടാവിനെ അവൻ കാൺകെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം. (5)
പിന്നെ പുരോഹിതൻ ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ എന്നിവ എടുത്തു പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടേണം. (6)
പിന്നെ ശുദ്ധിയുള്ള ഒരുത്തൻ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെക്കേണം; അതു യിസ്രായേൽമക്കളുടെ സഭെക്കുവേണ്ടി ശുദ്ധീകരണജലത്തിന്നായി സൂക്ഷിച്ചുവെക്കേണം; അതു ഒരു പാപയാഗം. (9)
ഇതെല്ലാം ആണ് യാഗത്തിന്റെ പ്രക്രിയകള്‍.
എത്രയും പറഞ്ഞതിന് ശേഷം, ചുവന്ന പശുക്കിടാവിന്റെ ഭസ്മം എങ്ങനെ ആണ് യിസ്രായേല്‍ ജനത്തിന്റെ അശുദ്ധിക്ക് പരിഹാരമായി ഉപയോഗിക്കേണ്ടത് എന്നും അതെ അദ്ധ്യായത്തില്‍ പറയുന്നുണ്ട്.

ഒരുവന്‍ ശവശരീരവുമായി സ്പര്‍ശനത്താലോ, സാമീപ്യം കൊണ്ടോ അശുദ്ധനാകുമ്പോഴാണ് ചുവന്ന പശുക്കിടാവിനെ തീയില്‍ ചുട്ടു ലഭിച്ച ഭസ്മം ഉപയോഗിച്ച് ശുദ്ധീകരണജലം തയ്യാറാക്കി അവന്‍റെ ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്നത്.
ഏതെങ്കിലും ഒരു മനുഷ്യന്റെ ശവം തൊടുന്നവൻ ഏഴു ദിവസം അശുദ്ധൻ ആയിരിക്കേണം. (11)
അങ്ങനെ അശുദ്ധന്‍ ആയവന്‍ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താൻ ശുദ്ധീകരിക്കേണം; അങ്ങനെ അവൻ ശുദ്ധിയുള്ളവനാകും; എന്നാൽ മൂന്നാം ദിവസം തന്നെ ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവൻ ശുദ്ധിയുള്ളവനാകയില്ല. (12)

അശുദ്ധന്റെ ശുദ്ധീകരണ പ്രക്രീയ ഇപ്രകാരം ആണ്:
തീയില്‍ ചുട്ട പശുക്കിടാവിന്റെ ഭസ്മം എടുത്തു ഒരു പാത്രത്തിൽ ഇട്ടു അതിൽ ഒഴുക്കുള്ള വെള്ളം അഥവാ ഉറവു വെള്ളം ഒഴിക്കേണം. (17)
ഒഴുക്കുള്ള വെള്ളം എന്ന് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് യഹൂദന്മാരുടെ വാമൊഴിയാലുള്ള പാരമ്പര്യ പ്രമാണത്തിലും ന്യായപ്രമാണങ്ങളുടെ വ്യഖാനങ്ങളിലും വിശദീകരിക്കുന്നുണ്ട്.
അതില്‍ മിഷ്ന എന്ന് വിളിക്കപ്പെടുന്ന വാമൊഴി പാരമ്പര്യ പ്രമാണത്തില്‍, യെരുശലേമില്‍ ദൈവാലയം ഉണ്ടായിരുന്ന കാലത്തെല്ലാം, ഈ യാഗത്തിന് ആവശ്യമായ ഉറവു വെള്ളം അഥവാ ഒഴുക്കുള്ള വെള്ളം ഒരു പാത്രത്തില്‍ കൊണ്ടുവരുമായിരുന്നു. വെള്ളം ശിലോഹാംകുളത്തില്‍ നിന്നായിരുന്നു കൊണ്ടുവരേണ്ടിയിരുന്നത് എന്നും പറയുന്നുണ്ട്.
പഴയനിയമത്തില്‍, ഉറവു വെള്ളം മറ്റു ചില യാഗങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. അതിനെല്ലാം ഒരേ സ്ഥലത്തുനിന്നുതന്നെ വെള്ളം കൊണ്ടുവന്നിരുന്നു എന്ന് നമുക്ക് അനുമാനിക്കാം.
ഉറവു വെള്ളം, അല്ലെങ്കില്‍ ഒഴുക്കുള്ള വെള്ളം അരുവികളിലെ പോലെ ഒഴുകി ദൂരേക്ക്‌ പോകുന്ന വെള്ളം ആണ്.
ഒരുവന്റെ പാപപരിഹാരത്തിനായി ഒരു പക്ഷിയെയോ മൃഗത്തെയോ ഉറവു വെള്ളത്തിന്മീതെ പിടിച്ചുകൊണ്ടു അറുക്കുമ്പോള്‍, അതിന്റെ രക്തം വെള്ളത്തില്‍ വീഴും.
ഒഴുക്കുള്ള വെള്ളം കുളത്തില്‍നിന്നും ഒരു പാത്രത്തില്‍ എടുത്തുകൊണ്ടു വന്നാണ് ഈ യാഗം നടത്തുന്നത് എങ്കിലും, അത് ഒഴുക്കുള്ള വെള്ളമായി തന്നെ കരുതിയിരുന്നു.
ഈ ഒഴുക്കുള്ള വെള്ളത്തില്‍ വീഴുന്ന, അറുക്കപ്പെടുന്ന പക്ഷിയുടെയോ മൃഗത്തിന്റെയോ രക്തം, വെള്ളത്തോടൊപ്പം ഒഴുകി ദൂരേക്ക്‌ പോകുന്നു.
അത് ഇനി ഒരിക്കലും തിരികെ വരുന്നില്ല; അതായത് രക്തത്താല്‍ പരിഹാരം ലഭിച്ച പാപം ഇനി ഒരിക്കലും തിരികെ വരുന്നില്ല എന്ന് വേണം നമ്മള്‍ ഇവിടെ മനസ്സിലാക്കുവാന്‍.  

ഇവിടെ പുതിയനിയമത്തിലെ ഒരു സംഭവം ഓര്‍മ്മവരുന്നു. യോഹന്നാന്‍റെ സുവിശേഷം 9 ആം അദ്ധ്യായത്തില്‍ 1 മുതല്‍ 7 വരെയുള്ള വാക്യങ്ങളില്‍ നമ്മള്‍ ഈ സംഭവം വായിക്കുന്നു.
യേശു തന്റെ യാത്രാമദ്ധ്യേ, പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു.
യേശുവിന് അവനെ സൌഖ്യമാക്കുവാന്‍ താല്പര്യം ഉണ്ടായി.
അതിനായി, വ്യത്യസ്തമായ ഒരു മാര്‍ഗ്ഗം യേശു ഇവിടെ സ്വീകരിക്കുക ആണ്.
അവന്‍ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേൽ പൂശി.
എന്നിട്ട്, നീ ചെന്നു ശിലോഹാം കുളത്തിൽ കഴുകുക” എന്നു കുരുടനായ മനുഷ്യനോട് പറഞ്ഞു;
ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു.
ശിലോഹാം എന്ന പേരിന്‍റെ അര്‍ത്ഥം അയക്കപ്പെട്ടവന്‍ എന്നാണ് എന്ന് യോഹന്നാന്‍ എടുത്തു പറയുക ആണ്.
അതായത് യേശു ക്രിസ്തു അയക്കപ്പെട്ടവന്‍ ആണ്; മാനവരാശിയുടെ സകല പാപങ്ങളേയും വഹിച്ചുകൊണ്ട് പോകുവാന്‍ ആണ് യേശു വന്നത്.
യേശു പാപത്തേയും അതിന്റെ ശിക്ഷകളേയും നമ്മളില്‍ നിന്നും വഹിച്ചുകൊണ്ട് പാളയത്തിനു പുറത്തേക്ക് പോകുന്ന ശിലോഹാം കുളത്തിലെ ഒഴുക്കുള്ള വെള്ളം ആണ്.

നമ്മള്‍ പറഞ്ഞുകൊണ്ട് വന്ന ശുദ്ധീകരണ പ്രക്രിയകളിലേക്ക് നമുക്ക് മടങ്ങി പോകാം.
ഒരുവന്‍ ശവശരീരവുമായി സ്പര്‍ശനത്താലോ, സാമീപ്യം കൊണ്ടോ അശുദ്ധനാകുമ്പോള്‍, തീയില്‍ ചുട്ട പശുക്കിടാവിന്റെ ഭസ്മം എടുത്തു ഒരു പാത്രത്തിൽ ഇട്ടു അതിൽ ഒഴുക്കുള്ള വെള്ളം അഥവാ ഉറവു വെള്ളം ഒഴിക്കേണം. (17)
പിന്നെ ശുദ്ധിയുള്ള ഒരുത്തൻ ഈസോപ്പു എടുത്തു വെള്ളത്തിൽ മുക്കി കൂടാരത്തെയും സകലപാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും, അസ്ഥിയെയോ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ ഒരു ശവക്കുഴിയെയോ തൊട്ടവനെയും, തളിക്കേണം. (18)
ശുദ്ധിയുള്ളവൻ അശുദ്ധനായ്തീർന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കേണം; ഏഴാം ദിവസം അവൻ തന്നെ ശുദ്ധീകരിച്ചു വസ്ത്രം അലക്കി വെള്ളത്തിൽ തന്നെത്താൻ കഴുകേണം; സന്ധ്യക്കു അവൻ ശുദ്ധിയുള്ളവനാകും. (19)
ഇതായിരുന്നു ശവത്താല്‍ അശുദ്ധമാകുന്നവനെ ശുദ്ധിയുള്ളവന്‍ ആക്കുന്ന പരിഹാര ക്രിയ.
ഇതിനായിട്ടാണ് ചുവന്ന പഴുക്കിടാവിനെ യാഗം കഴിക്കുന്നതും അതിന്റെ ശരീരം തീയില്‍ ചുട്ടു ഭസ്മമാക്കി ശേഖരിച്ചു വെക്കുന്നതും.

ഇനി നമുക്ക് ചുവന്ന പശുക്കിടാവിന്റെ യാഗത്തിലെ ആത്മീയ മര്‍മ്മങ്ങളിലേക്ക് പോകാം.
ചുവന്ന പശുക്കിടാവ്‌, പഴയനിയമത്തിലെ മറ്റെല്ലാ പാപ പരിഹാര യാഗത്തെപ്പോലെ തന്നെ, ഭാവിയില്‍ സംഭവിക്കുവാനിരിക്കുന്ന, യേശു ക്രിസ്തുവിന്‍റെ ക്രൂശിലെ യാഗത്തിന്റെ നിഴല്‍ ആണ്.
ഈ നിഴലിനെ, അതിന്റെ ആത്മീയ മര്‍മ്മത്തില്‍ കാണുകയും വിശ്വസിക്കുകയും, ക്രിസ്തുവിനായും അവന്‍ നിവര്‍ത്തിക്കുവാനിരിക്കുന്ന പാപ പരിഹാര യാഗത്തിനായും പ്രത്യാശയോടെ കാത്തിരിക്കുകയും ചെയ്യുന്നവര്‍ക്ക്, അത് വിടുതല്‍ ആയി മാറിയിരുന്നു.
യേശുക്രിസ്തുവിന്‍റെ രക്തം, നിര്‍ദ്ദോഷവും, നിഷ്കളങ്കവുമായ വിലയേറിയ രക്തം ആണ് (1 പത്രോസ് 1: 18, 19).
ഈ രക്തം കൊണ്ടാണ് നമ്മളെ വീണ്ടെടുത്തിരിക്കുന്നതു.
ചുവന്ന പശുക്കിടാവ്‌ പാളയത്തിനു പുറത്ത് വച്ച് അറുക്കപ്പെട്ടു യാഗമായി തീര്‍ന്നതുപോലെ, നമ്മളുടെ കര്‍ത്താവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു. (എബ്രായര്‍ 13: 12)
പാളയത്തിനു വെളിയില്‍ വച്ച് പശുക്കിടാവിനെ യാഗം കഴിക്കേണം എന്ന ആശയം, പാളയം യഹോവയായ ദൈവത്തിന്റെ തേജസ്സ് ഇറങ്ങി വരുന്ന ഇടമാണ് എന്ന ചിന്ത നമുക്ക് നല്‍കുന്നു. അശുദ്ധിക്ക് പരിഹാരമായ യാഗം പോലും ദൈവ തേജസ്സില്‍ നിന്നും അകലെ ആണ് നടക്കുന്നത് എന്നത് ദൈവത്തിന്റെ വിശുദ്ധിയുടെ മാഹാത്മ്യം വെളിപ്പെടുത്തുന്നു.
പശുക്കിടാവിന്റെ ഭസ്മം ശവശരീരത്താല്‍ അശുദ്ധമായവനെ ശുദ്ധീകരിച്ചതുപോലെ, യേശുക്രിസ്തുവിന്റെ യാഗം പാപത്തില്‍ നിന്നും, അതിന്‍റെ ഫലമായുണ്ടായ മരണത്തില്‍ നിന്നും നമ്മളെ വിടുവിക്കുന്നു.

മോശെയുടെ ഉടമ്പടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചുവന്ന പശുക്കിടാവിന്റെ യാഗത്തിന്‍റെ ക്രിയകളും ഉദ്ദേശ്യവും ആണ് നമ്മള്‍ ഇതുവരെ പറഞ്ഞത്.
എന്നാല്‍, കാലം മുന്നോട്ട് പോയപ്പോള്‍, യഹൂദമതം അതിന്റെ പ്രായോഗികതയെക്കുറിച്ചും, അത് നടപ്പില്‍ വരുത്തേണ്ടുന്ന രീതികളെ കുറിച്ചും അനേകം വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും കൂട്ടിച്ചേര്‍ത്തു.
അങ്ങനെ ഈ യാഗം വളരെ സങ്കീര്‍ണ്ണമയി തീര്‍ന്നു.

യഹൂദ വായ്മൊഴി പ്രമാണങ്ങളും പാരമ്പര്യ വ്യാഖ്യാനങ്ങളും, പശുക്കിടാവിന് വേണ്ട യോഗ്യതകളും, അതിനെ കെട്ടുന്ന കയറിനെ കുറിച്ചും, അതിനെ യാഗം കഴിക്കുമ്പോള്‍ മൃഗം തു ദിശയിലേക്ക് നോക്കി നില്‍ക്കേണം എന്നും, സമയത്ത് പുരോഹിതന്‍ പറയേണ്ടുന്ന വാക്കുകള്‍ എന്തായിരിക്കേണം എന്നും, പുരോഹിതന്‍ തു തരത്തിലുള്ള ചെരുപ്പ് ഇടേണം എന്നും എല്ലാം വിശദമായി പ്രതിവാദിക്കുന്നുണ്ട്.
പശുക്കിടാവ്‌ സ്വാഭാവിക ജനന പ്രക്രിയകളിലൂടെ ജനിച്ചത്‌ ആയിരിക്കേണം; അതായത് എന്തെങ്കിലും തരത്തിലുള്ള കൃത്രിമമാ രീതിയില്‍ സൃഷ്ടിച്ച പശുക്കിടാവ്‌ ആകരുത്.
അത് ആരും കയറിയിട്ടില്ലാത്തത് ആയിരിക്കേണം എന്നും, അതിന്റെ മേല്‍ യാതൊരു ഭാരവും, നുകവും വെച്ചതായിരിക്കുവാന്‍ പാടില്ല എന്നും, രണ്ടോ അതില്‍ അധികമോ കറുത്തതോ വെളുത്തതോ ആയ രോമങ്ങള്‍ അതിന്‍റെ ശരീരത്തില്‍ ഉണ്ടാകുവാന്‍ പാടില്ല എന്നും പാരമ്പര്യ പ്രമാണങ്ങള്‍ നിഷ്കര്‍ഷിക്കുന്നു.
പശുക്കിടാവിന്റെ പുറത്തു, ഒരു തുണിയോ മറ്റ് വസ്ത്രങ്ങളോ വിരിച്ചതാകരുത്; ഒരു പക്ഷി പോലും ഇരുന്നതാകരുത്; രോമം ഒരിക്കല്‍പോലും കത്രിച്ചത് ആകരുത്.
ഒരു ചുവന്ന പശുക്കിടാവിനെ കണ്ടെത്തിയാല്‍ തന്നെ, പുരോഹിതന്‍ യാഗ ദിവസം വരെ അതിനെ നിരന്തരം വീക്ഷിച്ചുകൊണ്ടേ ഇരിക്കും. കാരണം അതിനു എപ്പോള്‍ വേണമെങ്കിലും പ്രമാണപ്രകാരം ഉള്ള കുറവുകള്‍ ഉണ്ടായേക്കാം. കുറവുകള്‍ കണ്ടെത്തിയാല്‍ അതിനെ യാഗ മൃഗമായി ഉപയോഗിക്കുവാന്‍ പാടില്ല.
ഇങ്ങനെ പോകുന്ന സങ്കീര്‍ണ്ണമായ നിയമങ്ങള്‍ പശുക്കിടാവിനെ ശുദ്ധമാക്കുന്നു; അത് യാഗത്തെ വിശുദ്ധമാക്കുന്നു.

യഹൂദന്മാരുടെ മിഷ്നയില്‍ യാഗത്തിന്റെ പരിപൂര്‍ണ്ണ വിശുദ്ധി കാത്തു സൂക്ഷിക്കുവാന്‍ ഇതിനേക്കാള്‍ കൂടുതല്‍ വിശദമായ പ്രമാണങ്ങള്‍ ഉണ്ടായിരുന്നു.
യാഗവുമായി ബന്ധപ്പെടുന്ന ഒരു വ്യക്തിപോലും, യാതൊരു സാഹചര്യത്തിലും ശവശരീരം മൂലം അശുദ്ധര്‍ ആയിരിക്കുവാന്‍ പാടില്ല എന്ന് മിഷ്നയില്‍ പ്രമാണം ഉണ്ടായിരുന്നു.
യഹൂദന്മാരുടെ വിശ്വാസം അനുസരിച്ച്, കല്ല്‌ അശുദ്ധിയെ വഹിക്കുകയോ, അശുദ്ധി പകരുവാന്‍ കാരണം ആകുകയോ ഇല്ല എന്നതിനാല്‍, യാഗത്തിന് കല്ലുകൊണ്ടുള്ള ഉപകരണങ്ങള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. 
കുട്ടികള്‍ ആയിരുന്നു, ശിലോഹാം കുളത്തില്‍ നിന്നും വെള്ളം കൊണ്ടുവന്നിരുന്നത്. വെള്ളം കൊണ്ടുവന്നിരുന്ന പാത്രങ്ങളും കല്ലുകൊണ്ട് ഉണ്ടാക്കിയത് ആയിരുന്നു.
കുട്ടികള്‍ ആകട്ടെ, ജനനം മുതല്‍ പ്രത്യേകമായി വേര്‍തിരിക്കപ്പെട്ടവരും, ശവശരീരത്തിന്‍റെ സാമീപത്താല്‍ അശുദ്ധര്‍ ആകാത്തവരും ആയിരുന്നു. 
ശിലോഹാം കുളത്തിലെ വെള്ളം ഗിഹോന്‍ (Gihon) എന്ന് പേരുള്ള ഒരു അരുവിയില്‍ നിന്നും പുറപ്പെട്ടുവരുന്നത്‌ ആയിരുന്നു. അരുവിയില്‍ ഒഴുക്കുള്ള വെള്ളം ഉണ്ടായിരുന്നു.   

യരുശലെമില്‍ അക്കാലത്ത് ശുദ്ധമായ പാറക്കല്ലുകള്‍ അങ്ങിങ്ങായി ഉണ്ടായിരുന്നു. അതിന്റെ അടിവശം ആഴത്തില്‍ തുരന്നു പൊള്ള ആക്കിയിരുന്നു. അത്, കല്ലുകളുടെ അടിവശത്തുപോലും മുമ്പ് ശവശരീരം അടക്കം ചെയ്തതു അല്ല എന്ന് തീര്‍ച്ചപ്പെടുത്തുവാനായിരുന്നു. യഹൂദ സ്ത്രീകള്‍ ഈ കല്ലിന്മേല്‍ പ്രസവിക്കുന്ന കുട്ടികള്‍ ആണ് പിന്നീട് ചുവന്ന പശുക്കിടാവിന്റെ ഭസ്മം കലക്കുവാനുള്ള വെള്ളം ശിലോഹാം കുളത്തില്‍ നിന്നും കൊണ്ടുവന്നിരുന്നത്.
ഒരു കാളയുടെ പുറത്ത്, വാതില്‍ പലകകള്‍ വച്ച്, അതിനുമുകളില്‍ ഇരുന്നാണ് കുട്ടികള്‍ വെള്ളം കൊണ്ടുവരുവാന്‍ പോയിരുന്നതും.

യാഗം നടന്നിരുന്നത്, ഒലിവ് മലയില്‍ വച്ചായിരുന്നു. അതിനാല്‍, യരുശലേം ദൈവാലയത്തില്‍ നിന്നും ഒലിവ് മലയിലേക്ക് പുരോഹിതനും, മറ്റുല്ലാവര്‍ക്കും പോകുവാന്‍  പ്രത്യേക വഴിതന്നെ ഉണ്ടായിരുന്നു. അതിന്റെ സമീപത്തു ശവശരീരങ്ങള്‍ അടക്കം ചെയ്യുവാന്‍ അനുവദിച്ചിരുന്നില്ല.
ചുവന്ന പശുക്കിടാവിനെ അറുത്തു കഴിഞ്ഞാല്‍, പുരോഹിതന്‍ അതിന്‍റെ രക്തം ദൈവാലത്തിനു നേരെ ഏഴ് പ്രാവശ്യം തളിക്കും.
അതിനുശേഷം, ഒലിവ് മലമുകളില്‍ തന്നെ, വിറകുകള്‍ കൂട്ടി അതിനുമീതെ പശുക്കിടാവിന്റെ ശരീരം തീയില്‍ ചുടും. അതിലേക്കു പുരോഹിതൻ ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ എന്നിവ എടുത്തു ഇടേണം. (6)
യാഗത്തിന്റെ അടയാളങ്ങള്‍ പിന്നീട് ഭൂഗര്‍ഭശാസ്ത്രന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.

യഹൂദ പാരമ്പര്യമനുസരിച്ച്, ഇത്ര സങ്കീര്‍ണ്ണമായ പ്രാമാണങ്ങള്‍ പാലിക്കേണ്ടിയിരുന്നതിനാല്‍, മോശെയുടെ കാലം മുതല്‍, AD 70 ല്‍ സംഭവിച്ച, യരുശലേമിലെ രണ്ടാമത്തെ ആലയത്തിന്‍റെ തകര്‍ച്ച വരെയുള്ള ദീര്‍ഘമായ കാലയളവില്‍, ഒന്‍പതു പശുക്കിടാങ്ങളെ മാത്രമേ യാഗം കഴിക്കുവാന്‍ കഴിഞ്ഞിരുന്നുള്ളു.
1135 മുതല്‍ 1204 വരെ ജീവിച്ചിരുന്ന മൈമൊനിടെസ് (rabbi Maimonides) എന്ന യഹൂദ റബ്ബിയുടെ അഭിപ്രായത്തില്‍, ഇനി സംഭവിക്കുവാന്‍ പോകുന്ന പത്താമത്തെ ചുവന്ന പശുക്കിടാവിന്‍റെ യാഗം, യഹൂദന്മാര്‍ കാത്തിരിക്കുന്ന മശിഹാ തന്നെ ചെയ്യുന്നതായിരിക്കും.
അല്ലെങ്കില്‍ അത് മശിഹായുടെ വരവിനെ കാണിക്കുന്നത് ആയിരിക്കും.
ഇവിടെ ആണ്, യേശു “നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തു” എന്ന് യോഹന്നാന്‍ പറയുന്നതിന്‍റെ പൊരുള്‍ നമ്മള്‍ മനസ്സിലാക്കുന്നത്. (1 യോഹന്നാന്‍ 3: 16-18).
അശുദ്ധര്‍ ആയിരുന്ന നമ്മളെ വിശുദ്ധര്‍ ആക്കുവാന്‍ യേശു സ്വയം യാഗമായി തീര്‍ന്നു. അങ്ങനെ, യഹൂദന്മാര്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എങ്കിലും, യേശു പത്താമത്തെ പശുക്കിടാവായി.

ലോകത്തിന്‍റെ അവസാന നാളുകളില്‍ മൂന്നാമത്തെ ദൈവാലയം നിര്‍മ്മിക്കപ്പെടും എന്ന് വിശ്വസിക്കുന്ന ഒരു വലിയ കൂട്ടം വേദപണ്ഡിതന്‍മാര്‍ ഉണ്ട്.
അന്ത്യകാലത്ത്, ലോകമെമ്പാടും സംഭവിക്കുവാന്‍ ഇരിക്കുന്ന മഹോപദ്രവ കാലത്ത് യരുശലേമില്‍ ദൈവാലയം ഉള്ളതായി നമുക്ക് രണ്ട് വേദഭാഗങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.
മത്തായി 24: 15 ല്‍ അന്ത്യകാലത്തെക്കുറിച്ചു പറയുമ്പോള്‍ കര്‍ത്താവ് ഇങ്ങനെ പറയുന്നുണ്ട്: “എന്നാൽ ദാനീയേൽപ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ” - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ –“
ഇവിടെ ദാനിയേല്‍ പ്രവചനത്തിലെ 9: 27, 12:11 എന്നീ വാക്യങ്ങള്‍ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.
“നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ച” കാര്യങ്ങള്‍ ആണ് അപ്പോസ്തലനായ പൌലോസ് തെസ്സലൊനീക്യർക്ക് എഴുതിയ രണ്ടാം ലേഖനം 2 ആം അദ്ധ്യായത്തില്‍ പറയുന്നത് (2:1) 
ഈ അദ്ധ്യായത്തില്‍ 4 -മത്തെ വാക്യത്തില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “അവൻ (നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ) ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ.
ഇവിടെയും അന്ത്യകാലത്ത് യരുശലെമില്‍ ദൈവാലയം ഉണ്ടായിരിക്കും എന്നാണ് നമ്മള്‍ കാണുന്നത്.
നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, AD 70 ല്‍ രണ്ടാമത്തെ ദൈവാലയവും തകര്‍ക്കപ്പെട്ടതിനാല്‍, വാക്യങ്ങളില്‍ പറയുന്നത് മൂന്നാമത്തെ ദൈവാലയം ആയിരിക്കേണം.
വാക്യങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ രണ്ടാമത്തെ ആലയത്തിലും നിവര്‍ത്തിക്കപ്പെട്ടിട്ടില്ല.
അങ്ങനെ ഒരു ദൈവാലയം കൂടി നിര്‍മ്മിക്കേണം എങ്കില്‍, അത് നിര്‍മ്മിക്കുന്ന സ്ഥലവും, ദൈവാലയം തന്നെയും ശുദ്ധീകരിക്കുവാന്‍, തീയില്‍ ചുട്ട ചുവന്ന പശുക്കിടാവിന്റെ ഭസ്മം കലക്കിയ വെള്ളം ആവശ്യമുണ്ട്.
ഇതാണ് ചരിത്രപരമായും പ്രവചനപരമായും ഉള്ള, ചുവന്ന പശുക്കിടാവിന്റെ യാഗത്തിന്റെ പ്രാധാന്യം.
യിസ്രായേലില്‍ ഒരു ചുവന്ന പശുക്കിടാവ്‌ ജനിച്ചാല്‍, അത് അന്ത്യകാലത്തെക്കുറിച്ചുള്ള പ്രവചന നിവര്‍ത്തിയുടെ ഒരു പടി ആകുന്നതും അങ്ങനെ ആണ്.

യഹൂദ പാരമ്പര്യ പ്രമാണങ്ങള്‍

യഹൂദന്മാരുടെ പ്രാമാണങ്ങള്‍ക്ക് ഒത്തവണ്ണം ലക്ഷണം തികഞ്ഞ ഒരു ചുവന്ന പശുക്കിടാവ്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം ജനിക്കുന്ന ഒരു മൃഗം ആയിരുന്നു.
വളരെ സങ്കീര്‍ണ്ണമായ നിയമങ്ങളും ആചാരങ്ങളും ഉണ്ടായിരുന്നതിനാല്‍, ചുവന്ന പശുക്കിടാവിന്റെ യാഗത്തിന് യഹൂദ പാരമ്പര്യത്തിലും വിശ്വാസത്തിലും പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു.
ന്യായപ്രമാണങ്ങളിലെ മനസ്സിലാക്കുവാന്‍ പ്രയാസമുള്ളതും പൂര്‍ണ്ണമായും വെളിപ്പെട്ടിട്ടില്ലാത്തതുമായ ഒരു മര്‍മ്മമായിട്ടാണ് യഹൂദ ബ്ബിമാര്‍ യാഗത്തെ കാണുന്നത്.
ഒരു മൃഗത്തിന്‍റെ രക്തം പാപ പരിഹാരമായി തീരുന്നു എന്നത് മനസ്സിലാക്കുവാന്‍ എളുപ്പമാണ്. ജീവന്‍ രക്തത്തില്‍ ആണ് ഉള്ളത്. ഒരു പാപി മരിക്കേണ്ടുന്ന സ്ഥാനത്താണ്, അവനു പകരക്കാരനും പ്രതിനിധിയും ആയി ഊനമില്ലാത്ത ഒരു മൃഗം തന്റെ ജീവനെ യാഗമായി നല്‍കുന്നത്.
എന്നാല്‍ ഒരു മൃഗത്തിന്റെ തീയില്‍ ചുട്ട ശരീരത്തിന്റെ ഭസ്മം എങ്ങനെ ആണ് ശുദ്ധീകരണം വരുത്തുന്നത് എന്നത് യഹൂദ ബ്ബിമാര്‍ക്ക് വിശദീകരിക്കുവാന്‍ കഴിയുന്നില്ല.

ചില യഹൂദ പണ്ഡിതന്‍മാര്‍, യിസ്രായേല്‍ ജനം, മിസ്രയീമില്‍ നിന്നും കനാന്‍ ദേശത്തെക്കുള്ള അവരുടെ മരുഭൂമി യാത്രയില്‍ സ്വര്‍ണ്ണ കാളക്കുട്ടിയെ ഉണ്ടാക്കി നമസ്കരിച്ചതിനുള്ള പരിഹാരമായി, ചുവന്ന പശുക്കിടാവിന്റെ യാഗത്തെ, വ്യാഖ്യനിക്കാറുണ്ട്.
എന്നാല്‍ ചുവന്ന പശുക്കിടാവിന്റെ യാഗം ശവശരീരത്താല്‍ അശുദ്ധമായവര്‍ക്കുള്ള ശുദ്ധീകരണം ആയതിനാല്‍, വ്യാഖ്യാനത്തിന് ഇതിന് വിദൂര സാധ്യതയെ ഉള്ളൂ.
വേദപുസ്തകത്തിലെ ദൈവീക പ്രമാണങ്ങള്‍ക്ക് പ്പോഴും യുക്തി ഭദ്രമായ വിശദീകരണങ്ങള്‍ സാധ്യമല്ല എന്നതിന്റെ നല്ല ഒരു ഉദാഹരണം ആണിത്.
യാഗത്തിന്റെ മര്‍മ്മിക പ്രാധാന്യം കാരണം ബ്ബിമാര്‍ ഇതിനെ, പരിമിതമായ മനുഷ്യമനസ്സുകള്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയാത്ത ദൈവീക മര്‍മ്മങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്തരം മര്‍മ്മങ്ങളെ, എബ്രായ ഭാഷയില്‍ “ചുക്കിം” (chukkim) എന്നാണ് വിളിക്കുക.

ക്രിസ്തീയ പാരമ്പര്യം

നമ്മളുടെ വേദപുസ്തകത്തിലെ 66 പുസ്തകങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഒരു ലേഖനം ബര്‍ണബാസ് എഴുതിയിരുന്നതായി വിശ്വസിക്കപ്പെടുന്നുണ്ട്. അതിലെ 8 ആം അദ്ധ്യായം 1 ആം വാക്യത്തില്‍ അദ്ദേഹം ഈ ചുവന്ന പശുക്കിടാവിനെ ക്രിസ്തുവിനോട് തുല്യപ്പെടുത്തി വ്യക്തമായി പറയുന്നുണ്ട്.
സംഖ്യാപുസ്തകം 19:3 ല്‍ പറയുന്ന “അവന്‍ അതിനെ പാളയത്തിനു പുറത്തു” കൊണ്ടുപോകേണം എന്ന വാക്കുകളും, എബ്രായര്‍ 13: 12 ല്‍ നമ്മള്‍ വായിക്കുന്ന നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു” എന്നതും രണ്ടു യാഗങ്ങളും തമ്മിലുള്ള സാമ്യത്തെ കാണിക്കുന്നു.
യേശുവിന്‍റെ ക്രൂശു മരണം എവിടെവച്ച് നടക്കേണം, പാളയത്തിനുള്ളിലോ, പാളയത്തിനു പുറത്തുവച്ചോ എന്നതിന്റെ സൂചനയും സംഖ്യാപുസ്തകത്തില്‍ നമുക്ക് കാണുവാന്‍ കഴിയും.
രണ്ടു വാക്യങ്ങളും യേശുക്രിസ്തുവിന്റെ ക്രൂശുമരത്താല്‍ സാധ്യമായ പാപ പരിഹാര യാഗത്തെയും അതിലൂടെ വിശ്വസിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശുദ്ധീകരത്തെയും കാണിക്കുന്നു.

യേശുക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവിന് മുമ്പായി തന്നെ മൂന്നാമത്തെ ദൈവാലയം നിര്‍മ്മിക്കപ്പെടും എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. അങ്ങനെ സംഭവിക്കേണം എങ്കില്‍, അതിനു ദൈവാലയ നിര്‍മ്മിതിക്ക് മുമ്പായി തന്നെ ചുവന്ന പശുക്കിടാവ് യിസ്രായേലില്‍ ജനിക്കേണം.
അതിനാല്‍ ചുവന്ന പശുക്കിടാവിന്റെ ജനനം ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെ ത്വരിതപ്പെടുത്തും എന്ന് അവര്‍ വിശ്വസിക്കുന്നു.

Temple Institute

യരുശലെമില്‍ മൂന്നാമത്തെ ദൈവാലായം പണിയുവാന്‍ എരിവോടെ ആയിരിക്കുന്ന യഹൂദന്മാര്‍, കുറ്റമറ്റ, എല്ലാ പ്രാമാങ്ങളും യോജിക്കുന്ന, ഒരു ചുവന്ന പഴുക്കിടാവിനെ കണ്ടെത്തുവാനുള്ള അന്വേഷണത്തില്‍ ആണ്.
കാരണം പുതിയ ദൈവാലത്തിന്റെ സ്ഥലത്തെയും ദൈവാലയത്തെയും ശുദ്ധീകരിക്കുവാന്‍, യാഗമായി തീര്‍ന്ന പശുക്കിടാവിന്റെ, തീയില്‍ ചുട്ട ഭസ്മം ആവശ്യമാണ്‌.
അതിനാല്‍ തന്നെ, ഊനമില്ലാത്ത ഒരു ചുവന്ന പശുക്കിടാവിനെ കണ്ടെത്തിയാല്‍, അത് ദൈവാലയം പണിയുവാന്‍ കാലമായി എന്നതിന്റെ സൂചന ആയിരിക്കും എന്നും അവര്‍ വിശ്വസിക്കുന്നു.
Temple Institute എന്ന ഒരു സംഘടന യരുശലേമില്‍ മൂന്നാമത്തെ ആലയം നിര്‍മ്മിക്കുവാന്‍ എരിവോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
അവര്‍, യഹൂദ പ്രമാണങ്ങള്‍ അനുസരിച്ച് ലക്ഷണം ഒത്ത ഒരു ചുവന്ന പശുക്കിടാവിനെ കണ്ടെത്തുവാനായി കഠിനമായ അന്വേഷണത്തിലും ശ്രമത്തിലും ആണ്.
ഇത്തരം ഒരു പശുക്കിടാവിനെ 1997 ലും 2002 ലും കണ്ടെത്തിയതായി ആദ്യം അറിയിപ്പ് ഉണ്ടായിരുന്നു എങ്കിലും പിന്നീട് അത് ലക്ഷണം ഒത്തതല്ല എന്ന് കണ്ടെത്തുക ആയിരുന്നു.
2018 ലും ഒരു ചുവന്ന പശുക്കിടാവിനെ യിസ്രായേലില്‍ കണ്ടെത്തി എന്ന് അവര്‍ അറിയിച്ചിരുന്നു എങ്കിലും, പിന്നീട് അത് കുറവുള്ളതായി കണ്ടു.
ഇപ്പോള്‍ അവര്‍ ജനറ്റിക് സയന്‍സ് ഉപയോഗിച്ച് ഒരു ചുവന്ന പശുക്കിടാവിനെ ജനപ്പിക്കുവാനുള്ള ശ്രമത്തില്‍ ആണ്.
അമേരിക്കയിലെ ടെക്സാസില്‍ ചില ആടുവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഇതുവരെയും ഈ ശ്രമങ്ങള്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല എന്നത് ചൂണ്ടികാണിക്കുന്ന ഒരു സത്യം ഉണ്ട്: ചുവന്ന പശുക്കിടാവിന്റെ യാഗം നടക്കേണ്ടുന്ന സമയത്ത് ദൈവം അതിനെ ക്രമീകരിക്കും; മനുഷ്യന് സ്വന്ത ബുദ്ധിയാല്‍ അതിനു സാധ്യമല്ല.

Temple Institute എന്ന ഒരു സംഘടനയിലെ അംഗങ്ങള്‍, 1967മുതല്‍ ദൈവാലയം പുനര്‍ സൃഷ്ടിക്കുവാനുള്ള ശ്രമങ്ങള്‍ തീവ്രമായി ആരംഭിച്ചിട്ടുണ്ട്.
അതിന്‍റെ പ്രധാനമായ തടസ്സം, ഒരു കാലത്ത് യഹൂദ ദൈവാലയം സ്ഥിതിചെയ്തിരുന്ന ടെമ്പിള്‍ മൌണ്ട് (Temple Mount) എന്ന സ്ഥലത്ത് ഇപ്പോള്‍ ഡോം ഓഫ് റോക്സ് (Dome of the Rock) എന്ന മുസ്ലീം ആലയം ആണ് ഉള്ളത് എന്നതാണ്.
മൂന്നാമത്തെ ദൈവാലയത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ നേകം കാര്യങ്ങള്‍ യഹൂദന്മാര്‍ ക്രമീകരിച്ചു കഴിഞ്ഞു. ആലയത്തില്‍ ഉപയോഗിക്കുവാനുള്ള പാത്രങ്ങളും, ലേവ്യ പുരോഹിതന്മാരുടെ വസ്ത്രങ്ങളും തയ്യാറാക്കപ്പെട്ടു കഴിഞ്ഞു.
ലേവ്യ വംശത്തില്‍പെട്ട 500 ല്‍ അധികം പേര്‍ ആലയത്തില്‍ ശുശ്രൂഷചെയ്യുവാനായി പ്രത്യേക പരിശീലനം ചെയ്ത് തയ്യാറായി നില്‍ക്കുക ആണ്.
എന്നാല്‍ ആലയത്തിലെ ശുശ്രൂഷകള്‍, ചുവന്ന പശുക്കിടാവിന്റെ യാഗവും അതിന്റെ ഭസ്മം കൊണ്ടുള്ള ശുദ്ധീകരണവും കൂടാതെ ആരംഭിക്കുവാന്‍ സാധ്യമല്ല.
കാരണം, ഒരു ചുവന്ന പശുക്കിടാവിനെ തീയില്‍ ചുട്ട ഭസ്മം ഒഴുക്കുള്ള വെള്ളത്തില്‍ കലക്കി, അതിനാല്‍ ശുദ്ധീകരിക്കുക എന്നതു മാത്രമേ, ദൈവ വചന പ്രകാരം മതിയായ ശുദ്ധീകരണമായി കണക്കാക്കുക ഉള്ളൂ.

ഇത്രയും നാളുകളുടെ ഇടവേള ഉണ്ടായിട്ടും, കഴിഞ്ഞ 2000 വര്‍ഷങ്ങള്‍ ആയിട്ടും ഒരു ഊനമില്ലാത്ത പശുക്കിടാവിനെ കണ്ടെത്തുവാന്‍ കഴിയാതിരിക്കുന്നത്, അതിനായി യിസ്രായേല്‍ ഇതുവരെയും യോഗ്യമായി ക്രമീകരിക്കപ്പെട്ടിട്ടില്ല എന്നത് കൊണ്ടായിരിക്കാം എന്ന് യഹൂദ ബ്ബിമാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഇപ്പോഴത്തെ യിസ്രായേല്‍ എന്ന രാജ്യം 1948 ല്‍ മാത്രം ആണ് രൂപീകൃതമായത് എന്നുകൂടി നമ്മള്‍ ഓര്‍ക്കേണം.

യേശുവും ചുവന്ന പശുക്കിടാവും

ചില യഹൂദ ക്രിസ്തീയ വിശ്വാസികള്‍, ചുവന്ന പശുക്കിടാവ്‌ ഒരു പഴയകാല ചരിത്രമാണ് എന്നും ഇനിയും അതിനെ കണ്ടെത്തുകയില്ല ഇല്ല എന്നും അഭിപ്രായപ്പെടുന്നുണ്ട്.
എന്നാല്‍, മൂന്നാമതൊരു ദൈവാലയത്തിന്റെ നിര്‍മ്മിതി പ്രവചിച്ച യെഹെസ്കേൽ (അദ്ധ്യായങ്ങള്‍ 40 – 48), ചുവന്ന പശുക്കിടാവിന്റെ ഭസ്മം കലര്‍ത്തിയ വെള്ളത്തെക്കുരിച്ചും അതിനാലുള്ള ശുദ്ധീകരണത്തെ കുറിച്ചും പറയുന്നുണ്ട്.

യെഹെസ്കേല്‍ 36: 24, 25     
24  ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു കൂട്ടി സകലദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ചു സ്വന്തദേശത്തേക്കു വരുത്തും.
25  ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായി തീരും, ഞാൻ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും.

ഇന്ന് ചില വര്‍ഷങ്ങള്‍ ആയി, മൂന്നാമത്തെ ആലയം നിര്‍മ്മിക്കുവാനും അതില്‍ യാഗങ്ങള്‍ നടത്തുവാനും അനേകം യഹൂദന്മാര്‍ എരിവോടെ പരിശ്രമിക്കുന്നുണ്ട് എങ്കിലും, അനേകം നൂറ്റാണ്ടുകള്‍ ആയി അവര്‍ക്ക് യരുശലേമില്‍ ഒരു ആലയം ഇല്ല എന്നത് നമ്മള്‍ ഓര്‍ക്കേണം.
ഈ കാരണത്താല്‍ ആകാം, രക്തം ചൊരിഞ്ഞുള്ള യാഗത്തിനോടുള്ള താല്‍പര്യവും പ്രതീക്ഷയും ആധുനിക കാലത്ത് ജീവിക്കുന്ന യഹൂദന്മാരുടെ ഇടയില്‍ കുറഞ്ഞു വരുന്നത്.
നന്മപ്രവര്‍ത്തികളും, സഹായങ്ങളും ചെയ്യുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതില്‍ മാത്രം അനേകര്‍ തൃപ്തി അടയുന്നു.
ഇത്തരം നല്ല പ്രവര്‍ത്തികള്‍ ന്ന് ആലയത്തിലെ യാഗങ്ങളെ മാറ്റി സ്ഥാപിച്ചിരിക്കുന്നു എന്ന് പോലും വിശ്വസിക്കുന്നവര്‍ ഉണ്ട്.
ചിന്ത, യെശയ്യാവ് പ്രവാചകന്‍ 53 ആം അദ്ധ്യായത്തില്‍ പറയുന്ന പ്രവചനങ്ങള്‍, യേശുക്രിസ്തുവിന്റെ രക്തം ചൊരിഞ്ഞുള്ള പാപ പരിഹാര യാഗത്തെ കുറിച്ചാണ് എന്ന് വിശ്വസിക്കുവാന്‍ അവര്‍ക്ക് തടസ്സമായി നില്‍ക്കുന്നു.

എന്നാല്‍ ദൈവവചനത്തിന്റെ ആഴത്തിലുള്ള പഠനത്തിന്, ചുവന്ന പശുക്കിടാവിന്‍റെ യാഗം, വരുവാനിരുന്ന യേശുക്രിസ്തു എന്ന മശിഹായെ കാണിക്കുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുവാന്‍ കഴിയും.
2 കൊരിന്ത്യര്‍ 5:21 ല്‍ നമ്മള്‍ വായിക്കുന്നത് പോലെ, “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.”
എബ്രായര്‍ 13: 12 ല്‍ നമ്മള്‍ വായിക്കുന്നു: അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു.”
1 യോഹന്നാന്‍ 1:7 പറയുന്നു: “... അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.”
കാളകളുടെയോ, ആട്ടിന്‍കുട്ടികളുടെയോ രക്തത്തിനും, പശുക്കിടാവിന്റെ ഭാസ്മത്തിനും, പുറമേ അശുദ്ധന്‍ ആയവനെ, പുറമേ ശുദ്ധീകരിക്കുവാന്‍ കഴിഞ്ഞേക്കാം; എന്നാല്‍ യേശുക്രിസ്തുവിന്റെ നിര്‍ദ്ദോഷവും നിഷ്കളങ്കവുമായ പുണ്യാഹ രക്തത്തിന് മാത്രമേ നമ്മളുടെ അകവും ശുദ്ധമാക്കുവാന്‍ കഴിയൂ.
എബ്രായര്‍ 9:14, 15 വാക്യങ്ങളില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു:ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?

ലേവ്യപുസ്തകം 16 ആം അദ്ധ്യായത്തില്‍ യിസ്രായേല്‍ ജനത്തിന്റെ സകല പാപവും വഹിച്ചുകൊണ്ട് മരുഭൂമിയിലേക്ക് പോകുന്ന അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെ നമ്മള്‍ കാണുന്നു.
ലേവ്യപുസ്തകം 14 ആം അദ്ധ്യായത്തില്‍ വിവരിക്കപ്പെടുന്ന കുഷ്ടരോഗിയുടെ ശുദ്ധീകരണ വേളയില്‍, അറുക്കപ്പെട്ട പക്ഷിയുടെ രക്തത്തില്‍ മുക്കിയ ജീവനുള്ള പക്ഷിയെ പാളയത്തിന് വെളിയിലേക്ക്, വിജനമായ പ്രദേശത്തേക്ക് വിടുന്നത് നമ്മള്‍ വായിക്കുന്നു.
സംഖ്യാപുസ്തകം 19 ആം അദ്ധ്യായത്തില്‍ അറുക്കപ്പെട്ട ചുവന്ന പശുക്കിടാവിന്റെ യാഗം യിസ്രായേല്‍ പാളയത്തിനു വെളിയില്‍ വച്ച് നടക്കുന്നത് നമ്മള്‍ കാണുന്നു.
ഇവ മൂന്നും നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗയത്തിന്റെ മുന്‍ നിഴല്‍ ആണ്.
ആലയത്തിന് വെളിയില്‍ ദൈവത്തിന്റെ തേജസ്സ് ഇല്ലാത്ത ഇടത്ത് യേശു നമ്മളുടെ പാപത്തെ വഹിച്ചുകൊണ്ട് പോയപ്പോള്‍, പിതാവായ ദൈവം പോലും അവനെ കൈവിട്ടു.
അവന്‍, സകല മനുഷ്യരുടെയും പാപം വഹിച്ചുകൊണ്ട് മരുഭൂമിയിലേക്ക് അയക്കപ്പെടുന്ന കൊലാട്ടുകൊറ്റനെ പോലെയും, കുഷ്ടരോഗിയുടെ അശുദ്ധി വഹിച്ചുകൊണ്ട് പറന്നുപോയ പക്ഷിയെപ്പോലെയും, ശവശരീരത്താല്‍ അശുദ്ധനായ മനുഷ്യനുവേണ്ടി യാഗമായി തീര്‍ന്ന പശുക്കിടാവിനെ പോലെയും ആയിതീര്‍ന്നു.

ചുവപ്പ് പാപത്തിന്‍റെ നിറം ആണ്.
കടും ചുവപ്പായ പാപത്തെ കുറിച്ച് വേദപുസ്തകം പറയുന്നുണ്ട്.
കുഷ്ടരോഗിയുടെ ശരീരത്തിലെ ചുവപ്പോടുകൂടിയ പുള്ളി (ലേവ്യപുസ്തകം 13: 19, 42) രോഗലക്ഷണം ആയിരുന്നു.
ദൈവം സ്വന്ത കൈകളാല്‍ മണ്ണില്‍ നിന്നും സൃഷ്ടിച്ച ആദ്യ മനുഷ്യനായ ആദമിന്റെ നിറവും ചുവപ്പ് ആയിരുന്നു.
റോമന്‍ പടയാളികളാല്‍ പീഡിപ്പിക്കപ്പെട്ടതിനു  ശേഷം ക്രൂശില്‍ തറയ്ക്കപ്പെട്ടവനായി നമ്മള്‍ കാണുന്ന യേശുവിന്റെ ശരീരം ആസകലം ചുവന്ന രക്തത്താല്‍ മൂടപ്പെട്ടിരുന്നു. 
ഇതെല്ലാം തമ്മിലുള്ള സാമ്യം യാദൃശ്ചികം ആകുവാന്‍ സാധ്യത ഇല്ല.
അതിനാല്‍ ചുവന്ന പശുക്കിടാവിന്റെ യാഗം യേശുക്രിസ്തുവിന്റെ പാപ പരിഹാര യാഗത്തിന്റെ നിഴല്‍ തന്നെ ആണ്.
യാതൊരു കുറവുകളും ഇല്ലാത്ത ഒരു പശുക്കിടാവിനെ യാഗത്തിനായി തിരഞ്ഞെടുക്കുന്നതിലെ ശ്രദ്ധ, നമ്മളുടെ കര്‍ത്താവിന്റെ നം ഇല്ലാത്ത ജീവിതത്തെ കാണിക്കുന്നു.
പശുക്കിടാവ്‌ മുമ്പ് ഒരിക്കലും നുകം വച്ചിട്ടില്ലാത്തത് ആയിരുന്നതുപോലെ, യേശുക്രിസ്തുവും ഒരിക്കലും പാപത്തിന്റെ നുകം ചുമന്നിട്ടില്ല. അവന്‍ ഒരു മനുഷ്യനും അടിമയായി ഇരുന്നിട്ടില്ല. ഭൂമിയിലെ യാതൊരു അധികാരത്തിനും, പാരമ്പര്യങ്ങള്‍ക്കും, സമ്പ്രദായങ്ങള്‍ക്കും, മനുഷ്യരുടെ മതങ്ങള്‍ക്കും, അങ്ങനെ ഭൌതീകമായ യാതൊരു സംവിധാനത്തിനും അടിമയായി ഇരുന്നിട്ടില്ല.

ഉപസംഹാരം

ഞാന്‍ ഈ സന്ദേശം അവസാനിപ്പിക്കട്ടെ.
നമ്മള്‍ മുമ്പ് സൂചിപ്പിച്ച, മൂന്നാമത്തെ ദൈവാലയത്തിന്റെ നിര്‍മ്മാണത്തിനായും യാഗങ്ങള്‍ പുനരാരംഭിക്കെണ്ടാതിനായും എരിവോടെ പ്രവര്‍ത്തിക്കുന്ന Temple Institute എന്ന യഹൂദ സംഘടനയുടെ വിശ്വാസം, ചുവന്ന പശുക്കിടാവിന്റെ യാഗം, ലോകത്തിന്‍റെ ഭാവിയെ തന്നെ സ്വാധീനിക്കും എന്നാണ്.
പശുക്കിടാവിന്റെ തീയില്‍ ചുട്ട ശരീരത്തിന്റെ ഭസ്മം കലര്‍ത്തിയ വെള്ളത്താല്‍ ശുദ്ധീകരിക്കപ്പെട്ട, സ്ഥലത്തും, പുരോഹിതന്മാര്‍ക്കും, മാത്രമേ യാഗങ്ങള്‍ ആരംഭിക്കുവാന്‍ കഴിയൂ.
ദാനിയേല്‍ 9:27; 11:31 എന്നീ വാക്യങ്ങളില്‍ യാഗങ്ങള്‍ പുനരാരംഭിക്കപ്പെടുമെന്നു സൂചനയുണ്ട്.
അതായത് ലോകമാസകലം ഉണ്ടാകാനിരിക്കുന്ന മഹോപദ്രവ കാലത്തിനു മുമ്പായും, നമ്മളുടെ കര്‍ത്താവിന്റെ രണ്ടാമത്തെ വരവിന്‍റെ മുമ്പേയും ചുവന്ന പശുക്കിടാവിന്റെ യാഗം നടക്കുവാന്‍ സാധ്യത ഉണ്ട്.
അങ്ങനെ ചുവന്ന പശുക്കിടാവ്‌ ലോകചരിത്രത്തില്‍ നിര്‍ണ്ണായകമായ അടയാളമായി തീരുന്നു.
എന്നാല്‍ എല്ലാ ലോകസംഭവങ്ങളെയും നിയന്ത്രിക്കുന്നത്‌ ദൈവമാണ്, പശുക്കിടാവ്‌ അല്ല, എന്നതും നമ്മള്‍ മറക്കരുത്.

പാപ പരിഹാരത്തിനായും, അശുദ്ധിയുടെ പരിഹാരത്തിനായും കഴിക്കുന്ന യാഗങ്ങളെ പോലെ, ചുവന്ന പശുക്കിടാവിന്റെ യാഗവും നമ്മളുടെ കര്‍ത്താവിന്റെ ക്രൂശു മരണത്തിന് നിഴല്‍ ആണ്.
എല്ലാ യാഗങ്ങളിലും നമ്മള്‍ സകല മനുഷ്യര്‍ക്കുവേണ്ടിയും പാപ പരിഹാരമായി തീര്‍ന്ന യേശു ക്രിസ്തുവിനെ കാണുന്നു.
ഇതു തന്നെ ആണ് ചുവന്ന പശുക്കിടാവിന്റെ യാഗത്തിലും നമ്മള്‍ കാണുന്ന മര്‍മ്മം.

ഞാന്‍ അവസാനിപ്പിക്കട്ടെ.
നമ്മളുടെ പ്രോഗ്രാമിനെ കുറിച്ച് ഒരു വാക്ക് നിങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഞാന്‍ നിറുത്തട്ടെ.
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ ടിവിയില്‍ നമ്മളുടെ പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. വേദപുസ്തകം ഗൌരവമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക, മറ്റുള്ളവരോടും കൂടെ പറയുക.

ഈ സന്ദേശം ക്ഷമയോടെ കണ്ടതിനും കേട്ടതിനും നന്ദി.
കര്‍ത്താവ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!


പുരോഹിതന്‍ ആയ അഹരോൻ, വര്‍ഷത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങൾക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു എന്നേക്കുമുള്ള ചട്ടം, ലേവ്യപുസ്തകം 16 ആം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്.
അന്നേ ദിവസം, ആദ്യം അഹരോന്‍ തനിക്കും തന്‍റെ കുടുംബത്തിനും വേണ്ടി പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. (6)
ശേഷം അവന്‍ യിസ്രായേൽമക്കളുടെ സഭയുടെ പക്കൽനിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം. (5)
അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തേണം. (7)
പിന്നെ അഹരോൻ യഹോവെക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം. (8)
അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെ, മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തേണം. (10)
യഹോവെക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം. (9)
ഇതിന്റെ  തലയിൽ അഹരോൻ കൈ രണ്ടും വെച്ചു യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം. (21)
കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; (22)


No comments:

Post a Comment