നമ്മള്‍ എന്തില്‍ നിന്നും രക്ഷിക്കപ്പെട്ടു?

നമ്മള്‍ എന്തില്‍ നിന്നുമാണ് രക്ഷ പ്രാപിച്ചതു? ഇതാണ് നമ്മളുടെ ചിന്താവിഷയം.

യേശുക്രിസ്തു നമ്മളുടെ രക്ഷകന്‍ ആണ് എന്ന് നമ്മള്‍ പറയുമ്പോള്‍, അവന്‍ നമ്മളെ, നമ്മളുടെ ജീവന് ഭീഷണി ആയിരുന്ന, ഗുരുതരമായ ഒരു ആപത്തില്‍നിന്ന് രക്ഷിച്ചവന്‍ ആണ് എന്ന് നമ്മള്‍ ഏറ്റുപറയുക ആണ്. എന്തായിരുന്നു നമ്മളുടെ ജീവനെ അപകടത്തിലാക്കിയിരുന്ന അവസ്ഥ? എന്തില്‍ നിന്നുമാണ് നമ്മള്‍ രക്ഷ പ്രാപിച്ചത്? 

വിതക്കുന്നവന്റെ ഉപമ

യേശുക്രിസ്തുവിന്റെ ഉപമകള്‍ എല്ലാം തന്നെ വളരെ പ്രസിദ്ധം ആണ്. വിശ്വാസികളും അവിശ്വാസികളും മനപ്പൂര്‍വ്വമായും അല്ലാതെയും യേശുവിന്‍റെ ഉപമകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ, അവരുടെ സംഭാഷണങ്ങളില്‍ ഉപയോഗിക്കാറുണ്ട്.

എല്ലാ ഉപമകളും ആത്മീയ മര്‍മ്മങ്ങള്‍ അടങ്ങിയതാണ്. എന്നാല്‍ എല്ലാത്തിനും യേശു വിശദീകരണം നല്‍കിയിട്ടില്ല. അതിനാല്‍ വേദപണ്ഡിതന്മാര്‍ ഉപമകളെ വ്യത്യസ്തങ്ങള്‍ ആയ തലങ്ങളില്‍ നോക്കിക്കാണുകയും വ്യാഖ്യാനിക്കുകയും ചെയ്യാറുണ്ട്.

എന്നാല്‍ വിതയ്ക്കുന്നവന്റെ ഉപമ ആദ്യം യേശു പറയുകയും പിന്നീട് ശിഷ്യന്മാര്‍ക്കായി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. യേശു തന്നെ ഈ ഉപമയുടെ പൊരുള്‍ വിശദീകരിക്കുന്നതിനാല്‍, അതിനു മറ്റൊരു അര്‍ത്ഥം ഉണ്ടാകുക സാധ്യമല്ല.