പൌലൊസും കൂടാരപ്പണിയും

പൌലൊസും കൂടാരപ്പണിയും എന്നതാണു നമ്മളുടെ ഈ ഹൃസ്വമായ വീഡിയോയിലെ ചര്‍ച്ചാ വിഷയം. സുവിശേഷ പ്രവര്‍ത്തകര്‍ മതേതര തൊഴില്‍ ചെയ്ത് ജീവിക്കേണം എന്ന് പൌലൊസ് ഉപദേശിക്കുന്നുണ്ടോ? അത് വേദപുസ്തകത്തിലെ ഉപദേശം ആണോ? ഇന്നത്തെ നമ്മളുടെ സഭാ ശുശ്രൂഷകന്‍മാര്‍ തൊഴില്‍ ചെയ്തതിന് ശേഷമുള്ള സമയം സുവിശേഷ വേല ചെയ്താല്‍ മതിയോ? അതോ സഭാ വിശ്വാസികള്‍ ശുശ്രൂഷകന്മാരെ, അവരുടെ ആവശ്യങ്ങളില്‍ പിന്താങ്ങണമോ? ഇതാണ് നമ്മള്‍ ചിന്തിക്കുവാന്‍ പോകുന്നത്. 

 അപ്പോസ്തല പ്രവൃത്തികള്‍ പുതിയ നിയമത്തിലെ ഏക ചരിത്ര പുസ്തകം ആണ്. ഇത് ആദ്യ കാലത്തെ അപ്പൊസ്തലന്മാരുടെ സുവിശേഷ പ്രവര്‍ത്തനങ്ങളുടെയും സഭാ വളര്‍ച്ചയുടെയും ചരിത്രമാണ്. അന്ന് സംഭവിച്ച പ്രധാന സംഭവങ്ങള്‍ ആണ് നമ്മള്‍ ഇവിടെ വായിക്കുന്നത്.


അപ്പോസ്തലന്മാരുടെ ഉപദേശങ്ങളും തീരുമാനങ്ങളും കാഴ്ചപ്പാടുകളും നമുക്ക് ഈ പുസ്തകത്തില്‍ കാണാം എങ്കിലും
, പ്രധാനമായും ഇത് ക്രിസ്തീയ ഉപദേശങ്ങള്‍ പഠിപ്പിക്കുന്ന പുസ്തകം അല്ല. ചരിത്ര പുസ്തകങ്ങളില്‍ നിന്നും, വ്യക്തിപരമായ ജീവിതത്തില്‍ നിന്നും ദൈവരാജ്യത്തിന്റെ ഉപദേശങ്ങള്‍ രൂപീകരിക്കുവാന്‍ ശ്രമിക്കുന്നത് അപകടകരം ആണ്. അത് ശരിയായ വചന വ്യാഖ്യാന ശൈലി അല്ല.

ഏതെങ്കിലും ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിന്നും ഉപദേശങ്ങള്‍ പഠിക്കുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു എങ്കില്‍, അതിനു യോഗ്യന്‍ ഒരേ ഒരു വ്യക്തി മാത്രമേ ഉള്ളൂ. അത് നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തു ആണ്. മറ്റെല്ലാ മനുഷ്യരും തെറ്റുകളും കുറവുകളും ഉള്ളവര്‍ ആണ്.

നമ്മള്‍ യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ ആണ്. പത്രൊസിന്റെയോ, യോഹന്നാന്റെയോ, പൌലൊസിന്റെയോ, മറ്റ് ഏതെങ്കിലും അപ്പോസ്തലന്മാരുടെയോ ശിഷ്യന്മാര്‍ അല്ല. അതിനാല്‍ യേശു എന്തു പറഞ്ഞു എന്നതാണ് സകല വിഷയത്തിലും അന്തിമമായ തീരുമാനം.

നമുക്ക് ഒരു വേദഭാഗം വായിച്ചുകൊണ്ടു ഇന്നത്തെ വിഷയത്തിലേക്ക് കടക്കാം.

 

അപ്പോസ്തല പ്രവൃത്തികള്‍ 18: 3 തൊഴിൽ ഒന്നാകകൊണ്ടു അവൻ അവരോടുകൂടെ പാർത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.

അപ്പോസ്തല പ്രവൃത്തികള്‍ എന്ന പുസ്തകത്തിന്റെ ഏകദേശം ആദ്യത്തെ പകുതി ഭാഗത്തിന് ശേഷം പൌലൊസിന്റെ മിഷനറി യാത്രയുടെ വിവരണമാണ് നമ്മള്‍ വായിക്കുന്നത്. ഈ വിവരണത്തിന് ഇടയിലാണ് നമ്മള്‍ മുകളില്‍ വായിച്ച വാക്യം വായിക്കുന്നത്.

പൌലൊസ് കൊരിന്ത് എന്ന സ്ഥലത്തു ചെന്നപ്പോള്‍, അവിടെ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു. അവരുടെ തൊഴില്‍ കൂടാരപ്പണി ആയിരുന്നു. അതായത് തോലുകൊണ്ടുള്ള കൂടാരം നിര്‍മ്മിക്കുകയോ, അതിന്റെ കേടുപാടുകള്‍ തീര്‍ത്തു കൊടുക്കുകയോ ആയിരുന്നു അവരുടെ തൊഴില്‍. പൌലൊസിനും ഇതേ തൊഴില്‍ അറിയാമായിരുന്നതിനാല്‍, അദ്ദേഹം, അവരുടെ കൂടെ താമസിച്ചു, അവരോടൊപ്പം അതേ തൊഴില്‍ ചെയ്തു. അതേ സമയം തന്നെ, പൌലൊസ് കൊരിന്തില്‍ സുവിശേഷം അറിയിക്കുകയും ചെയ്തു.

ശ്രദ്ധയോടെ വായിച്ചാല്‍, പൌലൊസ് അല്ല പ്രധാനമായും കൂടാരപ്പണി ചെയ്തത് എന്നു നമുക്ക് മുകളില്‍ പറഞ്ഞ വാക്യത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. കൂടാരപ്പണി, അക്വിലാസിന്റെയും പ്രിസ്കില്ലയുടെയും തൊഴില്‍ ആയിരുന്നു. കൊരിന്തില്‍ എത്തിയ, പൌലൊസ് ക്രിസ്തീയ വിശ്വാസികള്‍ ആയ അവരോടുകൂടെ താമസിച്ചു, അവരുടെ തൊഴിലില്‍ പങ്കാളിയായി. നിശ്ചയമായും പൌലൊസിന് അതില്‍ നിന്നും വരുമാനം ലഭിക്കുകയും തന്റെ ഉപജീവിതത്തിന് അത് ഉപയോഗിക്കുകയും ചെയ്തു. ഇത് എത്രനാള്‍ തുടര്‍ന്നു എന്ന് നമുക്ക് നിശ്ചയം പോര.

കാരണം, മുകളില്‍ നമ്മള്‍ വായിച്ച വാക്യത്തിന്റെ തുടര്‍ച്ചയായി, അപ്പോസ്തല പ്രവര്‍ത്തികള്‍ 18: 5 ല്‍: “ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽനിന്നു വന്നാറെ പൗലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു. എന്ന് രേഖപ്പെടുത്തിയിരിക്കുന്നുണ്ട്.

ഇതില്‍ നിന്നും പൌലൊസ് കൂടാരപ്പണി ചെയ്തത് ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽനിന്നും വരുന്നത് വരെ മാത്രം ആയിരുന്നു എന്ന് അനുമാനിക്കാം. മക്കെദോന്യയിലെ സഭ പൌലൊസിനെ സാമ്പത്തിക കാര്യങ്ങളില്‍ സഹായിച്ചിരുന്നതിനാല്‍, അവര്‍ വന്നപ്പോള്‍ പൌലൊസ് കൂടാരപ്പണി നിറുത്തുകയും സുവിശേഷവേലയില്‍ പൂര്‍ണ്ണ സമയം ശ്രദ്ധിക്കുകയും ചെയ്തു.

എന്നാല്‍ അത്രമാത്രം വ്യക്ത ഇല്ലാത്ത ഒരു മനസ്സിലാക്കല്‍ ആണിത്. അതിനാല്‍ തുടര്‍ന്നും പൌലൊസ് കൂടാരപ്പണി ചെയ്തു കാണും എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. ഇതില്‍ നമുക്ക് ഒരു പക്ഷം ചേരുവാന്‍ തുടര്‍ന്നുള്ള ചിന്തകള്‍ സഹായിക്കും.     


പൌലൊസ് സുവിശേഷ യാത്രയില്‍
, പല മറ്റ് സ്ഥലങ്ങളിലും തൊഴില്‍ ചെയ്ത് ഉപജീവനം കഴിച്ചിരുന്നു എന്നതിന് അദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍ തെളിവുകള്‍ ഉണ്ട്.  

പൌലൊസിന്റെ യാത്രാ മൊഴിയായി, എഫെസൊസിലെ മൂപ്പന്മാരോടു അവന്‍ പറഞ്ഞ കാര്യങ്ങളിലെ ചില വാക്യങ്ങള്‍ നമുക്ക് വായിക്കാം. 

 

അപ്പോസ്തല പ്രവൃത്തികള്‍ 20: 33, 34 

33  ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല.

34  എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.

 ഇനി മറ്റൊരു വാക്യം കൂടി വായിക്കാം:

 

1 തെസ്സലൊനീക്യര്‍ 2: 9 സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങൾ ഓർക്കുന്നുവല്ലോ; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ചു ഞങ്ങൾ രാവും പകലും വേല ചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.

ഇവിടെ പൌലൊസ് അതിരാവിലെയും രാത്രിയിലും തൊഴില്‍ ചെയ്തിരുന്നു എന്നും അതിനാല്‍, പകല്‍ സുവിശേഷ വേല ചെയ്തിരുന്നു എന്നും മനസ്സിലാക്കാം. മദ്ധ്യധരണ്യാഴി പ്രദേശങ്ങളില്‍ ഇത്തരം തൊഴില്‍ സമയ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു. പകല്‍ സമയത്തെ ചൂടിനെ ഒഴിവാക്കുവാന്‍ വേണ്ടി ആയിരുന്നു ഇത്തരം ക്രമീകരണങ്ങള്‍ ചെയ്തിരുന്നത്. എന്നാല്‍ എല്ലായിടവും പൌലൊസ് ഇങ്ങനെ തന്നെ ആയിരുന്നുവോ തൊഴില്‍ ചെയ്തിരുന്നത് എന്നു നമുക്ക് അറിഞ്ഞുകൂടാ.

നമ്മള്‍ വായിച്ച ഈ വാക്യങ്ങളില്‍ നിന്നെല്ലാം, കൊരിന്തിലും, എഫെസൊസിലും, തെസ്സലൊനീക്യയിലും, ഒരു പക്ഷേ മറ്റ് ചില സ്ഥലങ്ങളിലും പൌലൊസ് തൊഴില്‍ ചെയ്തു ഉപജീവനം കഴിച്ചും കൊണ്ട് സുവിശേഷം അറിയിച്ചു എന്ന് വ്യക്തമായി മനസ്സിലാക്കാം. എന്നാല്‍ പൌലൊസിന്റെ തന്നെ ലേഖനങ്ങള്‍ വായിക്കുമ്പോള്‍, ഇതെല്ലാം പൌലൊസിന്റെ ജീവിതത്തിലെ വ്യക്തിപരമായ അനുഭവങ്ങള്‍ ആണ് എന്നും അദ്ദേഹം ഒരിയ്ക്കലും ഇതൊരു ഉപദേശമായി പഠിപ്പിച്ചിരുന്നില്ല എന്നും നമുക്ക് മനസ്സിലാക്കാം.

ഇതിനായി, നമുക്ക് 1 കൊരിന്ത്യര്‍ 9 ആം അദ്ധ്യത്തിലേക്ക് പോകാം, ഇവിടെ പൌലൊസ് തൊഴില്‍ ചെയ്തിരുന്നു എന്നും എന്നാല്‍ ഇത് എല്ലാ സുവിശേഷ പ്രവര്‍ത്തകര്‍ക്കും ബാധകമായ ഉപദേശം അല്ല എന്നും ഒരേ സമയം വ്യക്തമാക്കുന്നുണ്ട്.   

ഈ അദ്ധ്യായത്തിന്റെ പശ്ചാത്തലം നമ്മള്‍ ശരിയായി മനസ്സിലാക്കേണം. പൌലൊസിനെതിരെ യഹൂദന്മാരും കൊരിന്തിലെ സഭയിലെ ചില വിശ്വാസികളും ഉന്നയിച്ച അപവാദങ്ങള്‍ക്കുള്ള മറുപടി ആയിട്ടാണ്, വാദപ്രതിവാദത്തിന്റെ ശൈലിയില്‍, പൌലൊസ് ഈ അദ്ധ്യായം എഴുത്തുന്നത്.

പൌലൊസ് കൂടാരപ്പണി ചെയ്തു ജീവിക്കുന്നതു അവന്‍ അപ്പോസ്തലന്‍ അല്ലാത്തതിനാല്‍ ആണ് എന്ന് യഹൂദന്മാര്‍ ആരോപിച്ചു. പൌലൊസിന്റെ അപ്പൊസ്തോലന്‍ എന്ന പദവി, അവന്റെ ജീവിതകാലത്തെല്ലാം ഒരു തര്‍ക്കമായി അവനോടൊപ്പം ഉണ്ടായിരുന്നു എന്നു പണ്ഡിതന്‍മാര്‍ പറയുന്നു. ലേഖനങ്ങളില്‍ അതിനുള്ള സൂചനയും ഉണ്ട്.

14 ആം വാക്യത്തില്‍ പൌലൊസ് തന്നെ പറയുന്നു: “അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു. എന്നാല്‍ പൌലൊസ് ഇത് അനുസരിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണത്തിന്റെ കാതല്‍. അതിനാല്‍ സഭയുടെ സാമ്പത്തിക സഹായം വാങ്ങാതെ ഇരിക്കുന്നത് ഒരു അപ്പോസ്തലന് യോജിച്ചതല്ല എന്ന വാദമുണ്ടായി. ഒപ്പം, പൌലൊസ് മറ്റ് ചില സഭകളില്‍ നിന്നും സഹായം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം, കൊരിന്തിലെ സഭയെ ചെറുതായി കണ്ടു, അവരെ താഴ്ത്തി കെട്ടുകയാണ് എന്ന് അവര്‍ ആരോപിച്ചു.

മാത്രവുമല്ല, തോല്‍ കൊണ്ടുള്ള കൂടാരപ്പണി, താഴ്ന്ന നിലവാരത്തിലുള്ള അടിമകള്‍ മാത്രം ചെയ്യുന്ന ജോലി ആണ് എന്ന ചിന്ത കൊരിന്ത്യര്‍ക്കും ഉണ്ടായിരുന്നു. അതിനാല്‍ പൌലൊസ് എന്ന അപ്പോസ്തലന്‍ അത് ചെയ്യുന്നത് തെറ്റായി ചിലര്‍ കരുതി.

ഇതിന്റെ എല്ലാം മറുപടിയായി പൌലൊസ് എഴുതുന്ന ഈ അദ്ധ്യായത്തില്‍, വിശ്വാസികളുടെയും സഭയുടെയും പക്കല്‍ നിന്നും ഭൌതീക നന്മകള്‍ സുവിശേഷകര്‍ അനുഭവിക്കുന്നതിനെ ശക്തമായി തന്നെ പിന്താങ്ങുന്നുണ്ട്. അത് സുവിശേഷകന്‍ എന്ന നിലയില്‍ ഉള്ള അവകാശം ആണ് എന്നാണ് പൌലൊസ് പറയുന്നതു.  4 ആം വാക്യത്തില്‍, “തിന്നുവാനും കുടിപ്പാനും ഞങ്ങൾക്കു അധികാരമില്ലയോ? എന്നാണ് പൌലൊസ് ചോദിക്കുന്നത്.  ശേഷം അപ്പൊസ്തലന്മാരായ കർത്താവിന്റെ സഹോദരന്മാരും പത്രൊസും ചെയ്യുന്നതുപോലെ, മറ്റ് തൊഴിലുകള്‍ ചെയ്യാതെ ഇരിക്കുവാന്‍, തനിക്കും ബർന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ, എന്നും അദ്ദേഹം തുടര്‍ന്നു ചോദിക്കുന്നു. ഞങ്ങൾ ആത്മീകമായതു നിങ്ങൾക്കു വിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താൽ വലിയ കാര്യമോ എന്നും, മറ്റുള്ള അപ്പോസ്തലന്‍മാര്‍ക്ക് വിശ്വാസികളുടെ നന്മ അനുഭവിക്കുവാന്‍ അധികാരം ഉണ്ടെങ്കില്‍ പൌലൊസിനും അധികാരം ഉണ്ട് എന്നും അവന്‍ ശക്തമായി തന്നെ വാദിക്കുന്നു.

എന്നാല്‍ ഈ അധികാരം പൌലൊസ് ഉപയോഗിച്ചില്ല എന്നു മാത്രം. 18 ആം വാക്യത്തില്‍, “സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ അദ്ദേഹം കൊരിന്തില്‍ സുവിശേഷവേലചെയ്തു എന്ന് പറയുന്നുണ്ട്. അതായത്, കൊരിന്തിലും മറ്റ് ചില സ്ഥലങ്ങളിലും, തൊഴില്‍ ചെയ്ത് ജീവിച്ചത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ജീവിത ശൈലി ആയിരുന്നു. അത് എല്ലാ സുവിശേഷകര്‍ക്കും സഭകള്‍ക്കും ഉള്ള ഉപദേശം ആയിരുന്നില്ല.    

 ഈ അദ്ധ്യായത്തില്‍, എല്ലാ ദൈവദാസന്മാരും തൊഴില്‍ ചെയ്തു ജീവിക്കേണം എന്നല്ല  പൌലൊസ് ഉപദേശിക്കുന്നത് എന്ന് ഇതിനാല്‍ വ്യക്തമായി കാണും എന്ന് വിശ്വസിക്കുന്നു. പൌലൊസിന്റെ ഉപദേശം ഇങ്ങനെ ആണ്: “സ്വന്ത ചെലവിന്മേൽ യുദ്ധസേവ ചെയ്യുന്നവൻ ആർ? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം തിന്നാതിരിക്കുന്നവൻ ആർ? ആട്ടിൻകൂട്ടത്തെ മേയിച്ചു കൂട്ടത്തിന്റെ പാൽകൊണ്ടു ഉപജീവിക്കാതിരിക്കുന്നവൻ ആർ?” മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു”.

ഇതെല്ലാം മനുഷ്യരുടെ മര്യാദപ്രകാരം താന്‍ പറയുന്നതല്ല, ന്യായപ്രമാണവും ഇങ്ങനെ തന്നെ പറയുന്നു എന്നും അദ്ദേഹം തുടര്‍ന്നു പറയുന്നുണ്ട്. ഇവിടെ ന്യായപ്രമാണത്തില്‍ പറയുന്നതു നമുക്ക് ഇനി വേണ്ട എന്നല്ല, ന്യായപ്രമാണത്തില്‍ പറഞ്ഞിരിക്കുന്നത് നമുക്ക് സ്വീകാര്യമാണ് എന്നാണ് പൌലൊസ് പറയുന്നതു. “അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു. എന്ന് പൌലൊസ് ഏറ്റുപറയുന്നു.

ഈ വാക്യത്തോടെ ഈ വിഷയത്തിന്‍മേലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിക്കേണ്ടതാണ്. കാരണം, നമ്മളുടെ കര്‍ത്താവ് കല്‍പ്പിച്ചിരിക്കുന്നതിനെക്കാള്‍ വലുതായോ, കൂടുതലായോ, വ്യത്യസ്തമായോ  യാതൊന്നും ഇല്ല. വ്യത്യസ്തമായി യാതൊന്നും പൌലൊസ് ഉപദേശിക്കുന്നും ഇല്ല.

 മാത്രവുമല്ല, ഞാന്‍ മുമ്പ് സൂചിപ്പിച്ചതുപോലെ, പൌലൊസ് സഭകളില്‍ നിന്നോ വിശ്വാസികളില്‍ നിന്നോ ഒരിയ്ക്കലും ധനസഹായം സ്വീകരിച്ചിട്ടില്ല എന്നു പറയുവാന്‍ നമുക്ക് കഴിയില്ല. കൊരിന്ത്യരോടു തന്നെ പൌലൊസ് പറയുന്നതു ഇതാണ്:

 

2 കൊരിന്ത്യര്‍ 11: 8, 9

   നിങ്ങളുടെ ഇടയിൽ ശുശ്രൂഷ ചെയ്‍വാൻ ഞാൻ മറ്റു സഭകളെ കവർന്നു അവരോടു ചെലവിന്നു വാങ്ങി.

   നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ മുട്ടുണ്ടായാറെ ഞാൻ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്നു വന്ന സഹോദരന്മാർ അത്രേ എന്റെ മുട്ടു തീർത്തതു. ...

 ഈ വാക്യത്തില്‍, മക്കെദോന്യ സഭയില്‍ നിന്നും ധനസഹായം വാങ്ങിയിരുന്നു എന്നും, എന്നാല്‍ കൊരിന്തിലെ സഭയില്‍ നിന്നും സഹായം വാങ്ങിയില്ല എന്നും നമുക്ക് മനസ്സിലാക്കാം. ഈ വാക്യത്തെ, അപ്പോസ്തല പ്രവര്‍ത്തികള്‍ 18: 5 ല്‍ പറഞ്ഞിരിക്കുന്നതും കൂട്ടി വായിക്കേണ്ടതാണ്: “ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽനിന്നു വന്നാറെ പൗലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു. ഈ വാക്യം, ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽ നിന്നും ധനസഹായവുമായി വന്നതിനെക്കുറിച്ചാണ് പറയുന്നത്. ഇത് പൌലൊസ് കൊരിന്തില്‍ ആയിരിക്കുമ്പോള്‍ ആണ് സംഭവിക്കുന്നത്.

കൊരിന്തിലെയും മക്കെദോന്യയിലെയും സഭകളോട്, പൌലൊസ്, വ്യത്യസ്തമായി പെരുമാറിയത്തിന്റെ മാനദണ്ഡങ്ങള്‍ നമുക്ക് വ്യക്തമല്ല; നമുക്ക് ചിലത് ഊഹിക്കുവാനേ കഴിയൂ. ചിലപ്പോള്‍, തനിക്കറിയാവുന്ന കൂടാരപ്പണി ചെയ്യുവാന്‍ സൌകര്യം ലഭിക്കുമ്പോള്‍ അത് ചെയ്യുകയും അല്ലാത്തപ്പോള്‍ തൊഴില്‍ ചെയ്യാതിരിക്കുകയും ആകാം. അല്ലെങ്കില്‍, കൂടാരപ്പണി ചെയ്തു താന്‍ ധനം സാമ്പാദിക്കുകയും ബാക്കി ആവശ്യമുള്ളത് ചില സഭകളില്‍ നിന്നും സ്വീകരിക്കുകയും ആകാം. എന്തായാലും കൊരിന്തില്‍ നിന്നും എന്തുകൊണ്ടാണ് ധനസഹായം സ്വീകരിക്കാഞ്ഞത് എന്ന് നമുക്ക് വ്യക്തമല്ല.

പൌലൊസ് ആരില്‍ നിന്നെല്ലാം ധന സഹായം സ്വീകരിച്ചു, എത്ര സ്വീകരിച്ചു. സ്വീകരിച്ചതിന്റെയും സ്വീകരിക്കാതിരുന്നതിന്റെയും യഥാര്‍ത്ഥ കാരണങ്ങള്‍ എന്തായിരുന്നു. ഇതൊന്നും നമുക്ക് വ്യക്തമായി അറിയില്ല.

പൌലൊസ് തന്റെ സുവിശേഷ യാത്രയില്‍, തന്റെ സ്വന്ത ആവശ്യങ്ങള്‍ക്കായും, മറ്റ് സഭകളെ സഹായിക്കുവാനായും, താന്‍ സ്ഥാപിച്ചതും പരിപാലിച്ചതും ആയ സഭകളില്‍ നിന്നും വിശ്വാസികളില്‍ നിന്നും ഭൌതീക നന്മകള്‍ സ്വീകരിച്ചിട്ടുണ്ട്.

പൌലൊസിന്റെ രണ്ടാമത്തെ മിഷനറി യാത്രയില്‍ അദ്ദേഹം, ഫിലിപ്പിയില്‍ ലുദിയയുടെ വീട്ടില്‍ ചില ദിവസങ്ങള്‍ താമസിച്ചിട്ടുണ്ട്. അവിടെ തന്നെ കരാഗൃഹപ്രമാണിയുടെ വീട്ടിലെ അതിഥി സല്‍ക്കാരവും സ്വീകരിച്ചിട്ടുണ്ട്.

തെസ്സലൊനീക്കയിൽ യാസോൻ എന്ന സഹോദരന്റെ വീട്ടില്‍ താമസിച്ചു. കൈസര്യയിൽ എത്തിയപ്പോള്‍ പൌലൊസ് താമസിച്ചിരുന്നത് ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ആയിരുന്നു.

പൌലൊസ് ഫിലേമോന് ഉള്ള കത്തില്‍ ഇങ്ങനെ ആവശ്യപ്പെടുന്നുണ്ട്: “ഇതല്ലാതെ നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ നിങ്ങൾക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാർപ്പിടം ഒരുക്കിക്കൊൾക. (22).

പൌലൊസ് റോമില്‍ കാരാഗൃഹത്തില്‍ ആയിരുന്നപ്പോള്‍, ഫിലിപ്പിയിലെ സഭ, അദ്ദേഹത്തിന് സഹായങ്ങളുമായി, എപ്പഫ്രൊദിത്തൊസ് എന്ന വ്യക്തിയെ അയച്ചു എന്ന് ഫിലിപ്പിയര്‍ 2: 25 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫിലിപ്പിയര്‍ 4: 15–18 വരെയുള്ള വേദഭാഗത്തും, ഫിലിപ്പിയലിലെ സഭ “വരവുചിലവുകാര്യത്തിൽ“ അഥവാ സാമ്പത്തിക കാര്യത്തില്‍ പൌലൊസിനെ സഹായിച്ചിരുന്നു എന്ന് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. അത് പലപ്രാവശ്യം അവര്‍ ചെയ്തു എന്നും വ്യക്തമാണ്. പൌലൊസ് അത് സ്വീകരിക്കുകയും ചെയ്തു.

ഇനി നമുക്ക് ഗലാത്യര്‍ 6 ആം അദ്ധ്യായത്തിലെ ചില വാക്യങ്ങളിലൂടെ വേഗത്തില്‍ യാത്രചെയ്യാം.

ഈ അദ്ധ്യായത്തിലെ ഒന്നാമത്തെ വാക്യത്തില്‍, വല്ല തെറ്റിലും അകപ്പെട്ടുപോയവരെ യഥാസ്ഥാനപ്പെടുത്തുവീന്‍, എന്നും രണ്ടാമത്തെ വാക്യത്തില്‍, തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ, എന്നും പൌലൊസ് ഉപദേശിക്കുന്നു. മൂന്നാമത്തെയും നാലാമത്തെയും വാക്യങ്ങള്‍ സ്വയം നീതീകരണത്തിന് എതിരെ ഉള്ള മുന്നറിയിപ്പാണ്. അഞ്ചാമത്തെ വാക്യത്തില്‍, ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ, എന്നാണ് അദ്ദേഹം പറയുന്നത്. അതായത്, ഓരോരുത്തരും അവരവരുടെ ജീവിത സന്ധാരണത്തിന് ആവശ്യമായത് സ്വയം കണ്ടെത്തേണം എന്ന് പൌലൊസ് ഉപദേശിക്കുന്നു.

ഇതു പറഞ്ഞതിനു ശേഷം, ആറാമത്തെ വാക്യത്തില്‍ അദ്ദേഹം പറയുന്നു: “വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഓഹരി കൊടുക്കേണം.

ക്രിസ്തീയ ശുശ്രൂഷകരെ ഗലാത്യ സഭയിലുള്ള ചിലര്‍ വേണ്ടവിധം സഹായിക്കുന്നില്ല എന്നതാണ് ഈ വേദഭാഗത്തിന്റെ പശ്ചാത്തലം. അഞ്ചാമത്തെ വാക്യമായി പൌലൊസ് പറയുന്നതു, “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ” എന്നാണ്. എന്നാല്‍ ഇത് ദൈവവേലയില്‍ ആയിരിക്കുന്നവരെക്കുറിച്ചല്ല എന്നു വ്യക്തമാക്കുക ആണ് 6 ആമത്തെ വാക്യം. ദൈവവേലയില്‍ ആയിരിക്കുന്നവര്‍, അവരുടെ ജീവിത സന്ധാരണത്തിനായി മറ്റ് ജോലികള്‍ ചെയ്തു പണം കണ്ടെത്തുക അല്ല വേണ്ടത്, അവരുടെ എല്ലാ നല്ല ആവശ്യങ്ങളിലും വിശ്വാസികള്‍ പങ്കുചേരേണം എന്നു പൌലൊസ് പഠിപ്പിക്കുക ആണ്.

അതായത്, ശുശ്രൂഷകന്മാരുടെ ആവശ്യങ്ങളില്‍ പൊതുവായ ഒരു പങ്കാളിത്തം പൌലോസ് ആവശ്യപ്പെടുക ആണ്. വിശ്വാസികളുടെ നന്മയില്‍ നിന്നും ഒരു പങ്ക് വചനം പഠിപ്പിക്കുന്നവര്‍ക്ക് നല്‍കി അവരെ പിന്താങ്ങേണം എന്ന് പൌലോസ് പ്രബോധിപ്പിക്കുക ആണ്. 

ഈ സന്ദേശം അവസാനിപ്പിക്കുന്നതിന് മുമ്പ്, നമ്മളുടെ കര്‍ത്താവായ യേശു ക്രിസ്തു നമുക്ക് കാണിച്ചു തന്ന മാതൃക എന്തായിരുന്നു എന്നു നോക്കാം. യേശു ഒരു യഹൂദ റബ്ബി ആയിട്ടാണ് ഈ ഭൂമിയില്‍ ശുശ്രൂഷ ചെയ്തത് എന്ന് അറിയാമല്ലോ. 30 വയസ്സായപ്പോള്‍ അവന്‍ യോഹന്നാനാല്‍ സ്നാനം സ്വീകരിച്ച് ശുശ്രൂഷയിലേക്ക് പ്രവേശിച്ചു. അതുവരെ അവന്‍ തന്റെ മാതാപിതാക്കന്മാരോടൊപ്പം അവരുടെ വീട്ടില്‍ തമാസിക്കുകയും, ഒരു പക്ഷേ തന്റെ പിതാവിനെ തൊഴിലില്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ ശുശ്രൂഷയിലേക്ക് പ്രവേശിച്ചതിന് ശേഷം അവന്‍ തിരികെ വീട്ടില്‍ പോകുകയോ, മരപ്പണിയോ, മറ്റേതെങ്കിലും തൊഴില്‍ ചെയ്യുകയോ ചെയ്തില്ല. അവന്റെ ശിഷ്യന്മാരോടും എന്തെങ്കിലും തൊഴില്‍ ചെയ്യുവാന്‍ അവന്‍ പറഞ്ഞില്ല. അന്നത്തെ എല്ലാ റബ്ബിമാരെപ്പോലെ, യേശുവും, യാത്രചെയ്തുകൊണ്ടു തിരുവചന സത്യങ്ങളും ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങളും പഠിപ്പിച്ചു കൊണ്ടിരുന്നു. യാത്രയില്‍, അവന്‍ പലരുടേയും വീട്ടില്‍ താമസിച്ചു, അവിടെ നിന്നും ആഹാരം കഴിച്ചു, അവര്‍ കൊടുത്ത വസ്ത്രം ധരിച്ചു. ഇതിന് ആവശ്യമായ തെളിവുകള്‍ സുവിശേഷങ്ങളില്‍ തന്നെ ഉണ്ട്.

 യേശുവിനെ ഒറ്റിക്കൊടുത്ത ഈസ്കായ്യോർത്ത് യൂദാ യേശുവിന്റെ 12 ശിഷ്യന്മാരില്‍ ഒരാള്‍ ആയിരുന്നു. അവന്‍ അവരുടെ പണസഞ്ചി സൂക്ഷിപ്പുകാരന്‍ ആയിരുന്നു എന്നു യോഹന്നാന്‍ 12: 6 ല്‍ പറയുന്നുണ്ട്. അതായത് യേശുവിന് ഒരു പണസഞ്ചി ഉണ്ടായിരുന്നു, അത് ശിഷ്യന്മാരില്‍ ഒരുവനായ യൂദാ ആണ് സൂക്ഷിച്ചിരുന്നത്, യൂദാ അതില്‍ നിന്നും പണം എടുക്കുകയും ചെയ്യുമായിരുന്നു.

 മറ്റൊരു വാക്യം കൂടി വായിക്കുമ്പോള്‍ ഇതിന്റെ ആശയം കൂടുതല്‍ വ്യക്തമാകും. ലൂക്കോസ് 8 ആം അദ്ധ്യായം ആരംഭിക്കുന്നത്, യേശു ദൈവരാജ്യം പ്രസംഗിച്ചുകൊണ്ട് പട്ടണം തോറും സഞ്ചരിച്ചു എന്ന് പറഞ്ഞുകൊണ്ടാണ്. അവനോടു കൂടെ 12 ശിഷ്യന്മാരും ചില സ്ത്രീകളും ഉണ്ടായിരുന്നു. 3 ആം വാക്യം പറയുന്നു: “ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്കു ശുശ്രൂഷ ചെയ്തുപോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.” അതായത് തങ്ങളുടെ വസ്തുവകകള്‍ ഈ സ്ത്രീകള്‍ യേശുവിന് നല്കുകയും യേശു അത് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതില്‍ അസാധാരണമായി യാതൊന്നും ഇല്ല, കാരണം അന്നത്തെ റബ്ബിമാര്‍ ആരും തന്നെ തൊഴില്‍ ചെയ്തല്ല ജീവിച്ചിരുന്നത്.

ഇതാണ് സ്വന്ത ജീവിതത്തിലൂടെ യേശു നമുക്ക് കാണിച്ചു തന്ന മാതൃക.

യേശു വിളിച്ചപ്പോള്‍, പത്രൊസ് തന്റെ ഉപജീവന മാര്‍ഗ്ഗം ഉപേക്ഷിച്ചിട്ടാണ് പുറപ്പെട്ടത്. പിന്നീട് യേശുക്രിസ്തുവിന്‍റെ മരണശേഷം, പത്രൊസ് തിരികെ പഴയ തൊഴിലിലേക്ക് പോയതിനെ നമ്മള്‍ പിന്‍മാറ്റമായിട്ടാണ് കാണുന്നത്. യേശു അവനെ വീണ്ടും വിളിച്ച് മനുഷ്യരെ പിടിക്കുന്നവന്‍ ആക്കുന്നതും നമ്മള്‍ സുവിശേഷത്തില്‍ വായിക്കുന്നുണ്ട്. പിന്നീട് അവന്‍ ഒരിയ്ക്കലും മതേതര തൊഴിലുകളിലേക്ക് തിരികെ പോയില്ല. 

ലൂക്കോസ് 10 ആം അദ്ധ്യായത്തില്‍ യേശുക്രിസ്തു 70 പേരെ, ഈരണ്ടായി, ചില പട്ടണങ്ങളിലേക്ക് ദൈവരാജ്യത്തിന്റെ സുവിശേഷവുമായി അയക്കുന്നതായി നമ്മള്‍ വായിക്കുന്നു. 4 ആം വാക്യത്തില്‍ “സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു” എന്ന് അവന്‍ കല്‍പ്പിക്കുന്നു. 5 മുതലുള്ള വാക്യങ്ങളില്‍, ഏതെങ്കിലും വീട്ടില്‍ ചെന്നാല്‍, വീട്ടുടയവര്‍ അവരെ സ്വീകരിക്കുന്നു എങ്കില്‍, അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ പാർപ്പിൻ എന്നും വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ എന്നും ആണ് യേശു അവരെ ഉപദേശിച്ചത്.

ഇതില്‍ നിന്നും വ്യത്യസ്തമായി ഉപദേശിക്കുവാന്‍ ആര്‍ക്കും അധികാരം ഇല്ല.

 ഞാന്‍ ഈ ഹൃസ്വ സന്ദേശം ഇവിടെ ചുരുക്കുക ആണ്.

ഇന്ന് ക്രിസ്തീയ സഭയ്ക്ക് മതേതര തൊഴിലുകള്‍ ചെയ്യുന്ന അനേകരെ ആവശ്യമുണ്ട്. അവര്‍ക്ക് തൊഴിലിനോടൊപ്പാം സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. എല്ലാ ക്രിസ്തീയ വിശ്വാസികളും, എല്ലായിടവും, എപ്പോഴും ക്രിസ്തുവിന്റെ സാക്ഷികള്‍ ആയിരിക്കേണം.

എന്നാല്‍ ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നുണ്ട്. പൌലൊസ് ഒരു ദിവസം എത്ര സമയം കൂടാരപ്പണി ചെയ്തു? എത്ര സമയം സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു? കൂടാരപ്പണി ചെയ്തതിന് ശേഷം ഒഴിവ് കിട്ടിയ സമയത്ത് സുവിശേഷ വേല ചെയ്തോ അതോ സുവിശേഷവേലയ്ക്ക് ശേഷം ഒഴിവ് കിട്ടിയ സമയത്ത് കൂടാരപ്പണി ചെയ്തുവോ?

ഉത്തരം നിങ്ങള്‍ സ്വയം കണ്ടെത്തിക്കൊള്ളുക.

ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.  

ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ.  English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.

ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

No comments:

Post a Comment