ദൈവരാജ്യം അവകാശമാക്കുക

ആരെല്ലാം ദൈവരാജ്യം അവകാശമാക്കും ആരെല്ലാം അവകാശമാക്കുക ഇല്ല?
ഇതാണ് നമ്മളുടെ ഇന്നത്തെ ചിന്താവിഷയം.

ഈ ചോദ്യം നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ദൈവരാജ്യത്തെ കുറിച്ചുള്ള ചില മര്‍മ്മങ്ങള്‍ നമ്മളുടെ മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്.
ദൈവരാജ്യം ഒരു ജനാധിപത്യ രാജ്യമല്ല; അതൊരു രാജകീയ ഭരണം ഉള്ള രാജ്യം ആണ്.
രാജാവായ ദൈവം ആണ് ഇവിടെ സമ്പൂര്‍ണ്ണ അധികാരി. ദൈവത്തിന് ഉപദേശം നല്‍കുവാന്‍ മന്ത്രിമാരോ മറ്റ് ഉപദേഷ്ടാക്കളോ ഇല്ല.
ദൈവത്തിന്‍റെ ഹിതവും മൂല്യങ്ങളും ആണ് ദൈവരാജ്യത്തിലെ നിയമങ്ങള്‍.
അങ്ങനെ രാജ്യം രാജാവും, രാജാവ് രാജ്യവും ആയിരിക്കുന്നു.

പുതിയ ആകാശവും പുതിയ ഭൂമിയും

യേശുക്രിസ്തുവിന്റെ ശിഷ്യനായ അപ്പോസ്തലനായ യോഹന്നാന്‍ വെളിപ്പാടില്‍ കാണുന്ന, പുതിയ ആകാശവും, പുതിയ ഭൂമിയും, ദൈവരാജ്യത്തിന്റെ നിത്യവുമായ പുനസ്ഥാപനം ആണ്. അതിനാൽ ഇതിന് ദൈവീക പദ്ധതിയിൽ വളരെ പ്രാധാന്യമുണ്ട്. വെളിപ്പാട് പുസ്തകത്തിലെ വിവരണം അനുസരിച്ച്, വിശുദ്ധന്മാരുടെ ഉല്‍പ്രാപണം, ഈ ഭൂമിയിലെ ക്രിസ്തുവിന്റെ ആയിരമാണ്ട് വാഴ്ച, വെള്ളസിംഹാസനവും ന്യായവിധിയും എന്നിവയ്ക്ക് ശേഷമായിരിക്കും, പുതിയ ആകാശവും, പുതിയ ഭൂമിയും പ്രത്യക്ഷമാകുന്നത്. വെളിപ്പാട് പസൂതകത്തിൽ മാത്രമല്ല, പഴയനിയമത്തിലും, സുവിശേഷങ്ങളിലും, ലേഖനങ്ങളിലും ഇതിനെ കുറിച്ചുള്ള വിവരണം ഉണ്ട്. അതിനാൽ ഇതിനെ ഒരു ആത്മീയ സത്യമായി നമുക്ക് വിശ്വസിക്കാവുന്നതാണ്. 

 

ഇതിനെക്കുറിച്ച് പാരമ്പര്യമായി വിശ്വസിച്ചു പോരുന്നവ ആവര്‍ത്തിക്കുക എന്നതും പുതിയതായി എന്തെങ്കിലും പറയുക എന്നതും ഇവിടെ ഉദ്ദേശിക്കുന്നില്ല. ദൈവ വചനത്തിന്റെ വസ്തുനിഷ്ഠാപരമായ ഒരു പഠനം മാത്രമേ ലക്ഷ്യം വയ്ക്കുന്നുള്ളൂ.