വരുവാനിരിക്കുന്ന പ്രഭു

ദാനിയേൽ 9:26 ൽ പറഞ്ഞിരിക്കുന്ന “വരുവാനിരിക്കുന്ന പ്രഭു” ആരാണ് എന്നതാണ് ഈ പഠനത്തിന്റെ വിഷയം. വാക്യം ഇങ്ങനെയാണ്:

 

ദാനിയേൽ 9:26 അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; (Messiah shall be cut offNKJV) അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

 

ദാനിയേൽ പ്രവചന പുസ്തകത്തിന്റെ മുഖ്യ വിഷയം ദൈവരാജ്യത്തിന്റെ പുനസ്ഥാപനം ആണ്. ദാനിയേൽ, ബാബേല്‍ പ്രവാസത്തില്‍ ആയിരുന്നപ്പോള്‍ ലഭിച്ച ദൈവീക വെളിപ്പാടുകള്‍ ആണിവ. ഇതിന്റെ കാലഗതികളെക്കുറിച്ചുള്ള ഒന്നിലധികം പ്രവചനങ്ങൾ അദ്ദേഹത്തിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒന്നാണ് “ദാനിയേലിന്റെ 70 ആഴ്ചവട്ടം” എന്നു അറിയപ്പെടുന്നത്. ഇത് ദാനിയേലിന്റെ പുസ്തകം 9 ആം അദ്ധ്യായം 24 മുതൽ 27 വരെയുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

 

ദാനിയേൽ, യെരൂശലേമിന്റെയും യഹൂദ ജനത്തിന്റെയും പുനസ്ഥാപനത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ, ഗബ്രീയേൽ ദൂതൻ മുഖാന്തിരം ദൈവം അറിയിച്ച വെളിപ്പാടുകൾ ആണ് “ദാനിയേലിന്റെ 70 ആഴ്ചവട്ടം” എന്ന് അറിയപ്പെടുന്നത്.