എന്താണ് രക്ഷ?

എന്താണ് രക്ഷ? എന്തില്‍നിന്നുമാണ് നമ്മള്‍ രക്ഷ പ്രാപിക്കേണ്ടത്? യേശു ക്രിസ്തു എന്ന ഒരുവന്റെ മരണം സകല മാനവര്‍ക്കും രക്ഷയ്ക്ക് കാരണമാകുന്നത് എങ്ങനെ ആണ്? എങ്ങനെ നമ്മള്‍ക്കു രക്ഷിക്കപ്പെടുവാന്‍ കഴിയും? ഈ ചോദ്യങ്ങളുടെ ഉത്തരമാണ് നമ്മള്‍ ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്.

സാധാരണ അര്‍ത്ഥത്തില്‍, രക്ഷ എന്നത് അപകടങ്ങളില്‍ നിന്നും കഷ്ടതകളില്‍ നിന്നും രോഗങ്ങളില്‍ നിന്നുമുള്ള വിടുതല്‍ ആണ്. രക്ഷ എന്ന വാക്കിന്, ജയം, ആരോഗ്യം, സംരക്ഷണം എന്നീ അര്‍ത്ഥങ്ങളും ഉണ്ട്.

വേദപുസ്തകത്തില്‍ രക്ഷ എന്ന വാക്ക്, പാപത്തില്‍ നിന്നുമുള്ള ആത്മീയ രക്ഷയെകുറിച്ചും, ഒപ്പം ഭൌതീകമായ വിടുതലിനെ കുറിച്ചും പറയുവാന്‍ ഉപയോഗിക്കുന്നുണ്ട്. 

പഴയ നിയമത്തില്‍ രക്ഷ എന്നു പറയുവാന്‍ ഒന്നിലധികം എബ്രായ വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കൂടുതലായി കാണുന്ന എബ്രായ പദം, “യാസാ” (yasa) എന്ന വാക്ക് ആണ്. ഈ വാക്കിന്റെ അര്‍ത്ഥം രക്ഷിക്കുക, പ്രതിസന്ധികളില്‍ സഹായിക്കുക, വിടുവിക്കുക, സ്വതന്ത്രമാക്കുക എന്നിവയാണ്.

രക്ഷയുടെ ഘടന

ക്രിസ്തുയേശുവിന്റെ പരമ യാഗത്താലുള്ള മാനവ രക്ഷയുടെ ഘടനയെ കുറിച്ചാണ്  നമ്മള്‍ ഈ സന്ദേശത്തില്‍ ചിന്തിക്കുവാന്‍ പോകുന്നത്. അതിനായി, ആദം മുതല്‍ യിസ്രായേല്‍ ജനത്തിന്റെ പുറപ്പാട് വരെയുള്ള പ്രധാനപ്പെട്ട സംഭവങ്ങളില്‍ അടങ്ങിയിരിക്കുന്ന ആത്മീയ മര്‍മ്മങ്ങള്‍ ആണ് നമ്മള്‍ പഠിക്കുവാന്‍ പോകുന്നത്.

മനുഷ്യന്റെ വീഴ്ച പാപത്താല്‍ ഏദന്‍ തോട്ടത്തില്‍ ഉണ്ടായി എന്നു നമുക്ക് അറിയാമല്ലോ. എന്നാല്‍, പാപം ചെയ്ത മനുഷ്യരെ ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കുന്നതിന് മുമ്പ്, ദൈവം അവര്‍ക്ക് ഒരു വാഗ്ദത്തം നല്കി. മനുഷ്യരെ പാപത്തില്‍ നിന്നും രക്ഷിച്ച്, ദൈവരാജ്യം പുനസ്ഥാപിക്കും എന്നതായിരുന്നു ആ വാഗ്ദത്തം. ഇതിനെ നമുക്ക് ആദാമിന്റെ ഉടമ്പടി എന്നു വിളിക്കാം.

സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം

വേദപുസ്തകത്തിലെ ഒരു വാക്യം വായിച്ചുകൊണ്ടു ഇന്നത്തെ സന്ദേശം ആരംഭിക്കാം.

             എബ്രായര്‍ 12: 1, 2(a)

    ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.

   വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; ....

എബ്രായര്‍ക്ക് എഴുതിയ ലേഖനം പൌലൊസ് എഴുതിയതാണ് എന്നു ഭൂരിപക്ഷം വേദപണ്ഡിതന്മാരും വിശ്വസിക്കുന്നു. എന്നാല്‍ അത് പൌലൊസ് എഴുതിയതല്ല എന്നു ചിന്തിക്കുന്നവരും ഉണ്ട്.

പൌലൊസിന് മുന്തൂക്കം ഉണ്ടെങ്കിലും, ബര്‍ണബാസ്, ലൂക്കോസ്, അപ്പല്ലോസ്, റോമിലെ ക്ലെമെന്‍റ് എന്നിവരും സാധ്യതാ പട്ടികയില്‍ ഉണ്ട്.

മദ്ധ്യകാലഘട്ടത്തില്‍ പൌലൊസ് ആണ് ഈ ലേഖനം എഴുതിയത് എന്നു ഉറച്ചു വിശ്വസിച്ചിരുന്നു.  എന്നാല്‍ നവീകരണ കാലത്ത് മര്‍ട്ടിന്‍ ലൂഥര്‍ ഇതിനെ ചോദ്യം ചെയ്തു മുന്നോട്ട് വന്നു. അപ്പല്ലോസ് ആണ് എബ്രായ ലേഖന കര്‍ത്താവ് എന്നു അദ്ദേഹം വിശ്വസിച്ചു. ജോണ്‍ കാല്‍വിനും ഇതിന്റെ എഴുത്തുകാരന്‍ പൌലൊസ് ആയിരിക്കില്ല എന്നു അഭിപ്രായപ്പെട്ടു.