ദൈവത്തിന്റെ വിശ്വാസം ഉള്ളവരായിരിപ്പീന്‍

ഈ സന്ദേശത്തില്‍ വളരെ ലളിതമായി, വിശ്വസത്തെക്കുറിച്ച് ചില വസ്തുതകള്‍ പഠിക്കാം എന്നാണ് ഞാന്‍ കരുതുന്നത്.
ഇവിടെ, ദൈവരാജ്യ മഹത്വത്തിനായി, ഒരു അത്ഭുത പ്രവര്‍ത്തി ചെയ്യുവാന്‍ ആവശ്യമായ വിശ്വാസത്തെക്കുറിച്ചാണ് നമ്മള്‍ ചിന്തിക്കുന്നത്.

അത്ഭുതങ്ങളുടെ ഉദ്ദേശ്യം

നമുക്ക് ഈ സന്ദേശം ഒരു ചോദ്യത്തോടെ ആരംഭിക്കാം: എന്താണ് അത്ഭുതം; അതിന്‍റെ ആവശ്യം എന്താണ്?
മനുഷ്യന്‍റെ കഴിവിനും അപ്പുറത്തായി നടക്കുന്ന ഒരു അസാധാരണ സംഭവം ആണ് അത്ഭുതം.
ഉദാഹരണത്തിന്, ഒരു രോഗിയായ മനുഷ്യന്‍ മരുന്ന് കഴിച്ചു സൌഖ്യമായാല്‍, അത് ദൈവീക ദൈനംദിന നടത്തിപ്പ് മാത്രം ആണ്.
മരുന്ന് കഴിക്കുന്നത്‌ തെറ്റല്ല, അത് ദൈവത്തിന്റെ ദൈനംദിന നടത്തിപ്പിന്‍റെ ഭാഗം ആണ്.
പ്രാര്‍ത്ഥന, ഈ സൌഖ്യത്തെ സഹായിച്ചിട്ടുണ്ടാകാം; ദൈവത്തിന്‍റെ കരം സഹായമായിട്ടുണ്ടാകാം.
എന്നാല്‍ ഒരു മനുഷ്യന്‍ മരുന്നുകളുടെ സഹായം ഇല്ലാതെ തന്നെ, അല്ലെങ്കില്‍ മരുന്നുകള്‍ പരാജയപ്പെട്ടപ്പോള്‍, പ്രാര്‍ത്ഥനയാല്‍ സൌഖ്യം പ്രാപിച്ചാല്‍, അതൊരു അത്ഭുതം ആണ്.
നമുക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ ദൈനംദിന നടത്തിപ്പിന് ഉപരിയായി സംഭവിക്കുന്ന അസാധാരണ കാര്യങ്ങള്‍ ആണ് അത്ഭുതങ്ങള്‍.
അത്ഭുതങ്ങളില്‍ എപ്പോഴും ദൈവീക ഇടപെടലുകള്‍ ഉണ്ടായിരിക്കും.
മനുഷ്യര്‍ പരാജയപ്പെടുന്നിടത്താണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്‌; അത്ഭുതങ്ങള്‍ ദൈവം ആണ് ചെയ്യുന്നത്, മനുഷ്യര്‍ അല്ല.