തിരഞ്ഞെടുപ്പിന്റെ മര്‍മ്മം

ഉല്‍പ്പത്തി പുസ്തകം 3 ആം അദ്ധ്യത്തില്‍ വിവരിക്കുന്ന, ഏദന്‍ തോട്ടത്തില്‍ നടന്ന സുപ്രധാനമായ സംഭവത്തെ, തിരഞ്ഞെടുപ്പ്, എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു മനസ്സിലാക്കുവാനാണ് നമ്മള്‍ ഇവിടെ ശ്രമിക്കുന്നത്.

ഉല്‍പ്പത്തി പുസ്തകത്തിലെ ആദ്യത്തെ 11 പുസ്തകങ്ങളെ, ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിനായുള്ള, ദൈവീക പദ്ധതിയുടെ ആമുഖമായി കണക്കാക്കാം. ദൈവം അബ്രാഹാമിനെ വിളിച്ച് പുറപ്പെടുവിക്കുന്നത് വരെയുള്ള മനുഷ്യ ചരിത്രം ഹൃസ്വമായി ഈ അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതുവരെയുള്ള മാനവ ചരിത്രത്തിലൂടെയുള്ള വളെരെ വേഗത്തിലുള്ള ഒരു യാത്ര ആണ് ഈ അദ്ധ്യായങ്ങളില്‍ നമ്മള്‍ കാണുന്നത്. അതിനാല്‍ തന്നെ അനേക വിഷങ്ങളുടെയും സംഭവങ്ങളുടെയും വിശദാംശങ്ങള്‍ നമുക്ക് ഇവിടെ കാണുവാന്‍ കഴിയുക ഇല്ല. ഈ അദ്ധ്യായങ്ങള്‍ പറയുന്നതു, എങ്ങനെ മനുഷ്യന്‍ പാപത്തില്‍ വീണു, ദൈവരാജ്യം എങ്ങനെ മനുഷ്യനു നഷ്ടമായി, പാപത്തിനുള്ള പരിഹാരം എന്താണ്, ദൈവരാജ്യം പുനസ്ഥാപിക്കുവാനുള്ള ദൈവീക പദ്ധതി എന്താണ്, എന്നിവ ആണ്. എന്നതാണു. എന്നാല്‍, അത് വളരെ ഹൃസ്വമായും സൂചനയായും മാത്രമേ ഇവിടെ പറയുന്നുള്ളൂ.


ഉല്‍പ്പത്തി 1 മുതല്‍ 3 വരെയുള്ള അദ്ധ്യായത്തില്‍ ദൈവരാജ്യം എങ്ങനെ മനുഷന് നഷ്ടപ്പെട്ടു, അല്ലെങ്കില്‍, എങ്ങനെ മനുഷ്യന്‍ പാപത്തിനും അതിലൂടെ പിശാചിനും അടിമയായത് എന്നാണ്. പാപം ഒരു പ്രവര്‍ത്തി ആയിരുന്നു എന്നും, അത് ഒരു തിരഞ്ഞെടുപ്പ് ആയിരുന്നു എന്നും നമ്മള്‍ ഇവിടെ നിന്നും മനസ്സിലാക്കുന്നു. ഈ തിരഞ്ഞെടുപ്പിനാല്‍ മനുഷ്യന്‍ ദൈവത്തിന്റെ കല്‍പ്പനയെ നിരസിച്ചു, പാപം ചെയ്തു, അങ്ങനെ പിശാചിന്റെ അടിമത്തത്തില്‍ ആയി തീര്‍ന്നു. പാപത്തിന് മാത്രമേ നമ്മളെ പിശാചിന്റെ അടിമത്തത്തില്‍ ആക്കുവാന്‍ കഴിയൂ. അതായത്, പാപം ഒരു തിരഞ്ഞെടുപ്പ് ആയിരുന്നു എന്നതിനാല്‍, പിശാചിന്റെ അടിമത്തവും ഒരു തിരഞ്ഞെടുപ്പ് ആണ്.

 

തിരഞ്ഞെടുപ്പിന്റെ മര്‍മ്മവും പ്രാധാന്യവും നമ്മള്‍ ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ എന്നു എനിക്കു സംശയം ഉണ്ട്. ആദാമിന്റെ തിരഞ്ഞെടുപ്പ് പാപത്തിലേക്കു നയിച്ചു എന്നു നമുക്ക് അറിയാം എങ്കിലും, ആദാമും ഹവ്വയും വ്യത്യസ്ഥമായ ഒരു തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ എന്തു സംഭവിക്കുവായിരുന്നു എന്നു നമ്മള്‍ അധികം ചിന്തിക്കാറില്ല. മാത്രവുമല്ല, എന്തിനാണ് ഇപ്രകാരം ഒരു തിരഞ്ഞെടുപ്പ് തന്നെ ദൈവം നിശ്ചയിച്ചത് എന്ന ചോദ്യവും നമ്മളുടെ മനസ്സില്‍ ഉണ്ടാകാറുണ്ട്. തീര്‍ച്ചയായും ദൈവം സര്‍വ്വാധികാരി ആണ് എന്നതിനാല്‍ ദൈവത്തിന്‍റെ വഴികളെ നമുക്ക് ചോദ്യം ചെയ്യുവാനോ, ചിലപ്പോള്‍ മനസ്സിലാക്കുവാനോ കഴിയുക ഇല്ല. എന്നാല്‍, ദൈവം തന്നെത്തന്നെ ഭാഗം ഭാഗമായി വെളിപ്പെടുത്തുന്ന ദൈവമാണ് എന്നു കൂടി നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.

 

ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍, അവനെ ദൈവത്തിന്‍റെ സ്വന്ത സ്വരൂപത്തിലും സാദൃശ്യപ്രകാരവും ആണ് സൃഷ്ടിച്ചത് എന്നു ഉല്‍പ്പത്തി 1: 26, 27 വാക്യങ്ങളില്‍ നമ്മള്‍ വായിക്കുന്നു. ദൈവത്തിന്‍റെ സ്വരൂപത്തിലും സാദൃശ്യപ്രകാരവും സൃഷ്ടിച്ചു എന്നതിന് നമ്മള്‍ മനസ്സിലാക്കുന്നതിനെക്കാള്‍ അധികം ആഴമേറിയ അര്‍ത്ഥം ഉണ്ട് എന്നു എനിക്കു തോന്നുന്നു.

ദൈവം മനുഷ്യനെ സൃഷ്ടിച്ചത്, ദൈവത്തിന്‍റെ അനേകം ഗുണങ്ങള്‍ ഉള്ളവരായിട്ടാണ് എന്നു വേണം നമ്മള്‍ മനസ്സിലാക്കുവാന്‍. ഒരു പക്ഷേ, ദൈവത്തിന്‍റെ സര്‍വ്വാധികാരം ഒഴികെയുള്ള ചില സവിശേഷതകള്‍ ദൈവം മനുഷ്യനുമായി പങ്കിട്ടു എന്നു വരാം. എന്നാല്‍ അതിനെക്കുറിച്ച് വലിയ വിശദീകരണം വേദപുസ്തകത്തില്‍ എങ്ങും പറയുന്നില്ല എന്നതിനാല്‍, നമുക്ക് ഒരു അവസാന വാക്ക് പറയുവാന്‍ കഴിയുക ഇല്ല. എന്നാല്‍ ഒന്നു തീര്‍ച്ചയായും പറയുവാന്‍ കഴിയും, ദൈവത്തിന്‍റെ അനേകം സവിശേഷതകള്‍, സത്വ വിശേഷതകള്‍, മനുഷ്യനു ലഭിച്ചിട്ടുണ്ടായിരുന്നു. അത് അവനെ ഒരു പരിധിവരെ ദൈവത്തെപ്പോലെ ആക്കി.

 

ഇവിടെ ആണ് നമ്മള്‍ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ മനസ്സിലാക്കേണ്ടത്. ഈ സ്വാതന്ത്ര്യം ദൈവം മനുഷ്യനു നല്‍കിയതാണ്. ആ സ്വാതന്ത്ര്യം ആകട്ടെ, ദൈവത്തെപ്പോലെ ആകുവാനായി ഉപയോഗിക്കുവാന്‍ ഉള്ളതായിരുന്നു. അതുകൊണ്ടാണ്, പിശാച്, ഹവ്വയോട് സംസാരിക്കുമ്പോള്‍, അവളെ പ്രലോഭിപ്പിക്കുന്ന വാഗ്ദാനമായി ഇങ്ങനെ പറയുന്നതു: ദൈവം കഴിക്കരുത് എന്നു വിലക്കിയ വൃക്ഷത്തിന്റെ ഫലം “തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു. (ഉല്‍പ്പത്തി 3:5). ഇവിടുത്തെ വാഗ്ദാനം, ദൈവത്തെപ്പോലെ ആവുക എന്നതാണു. അത് കേട്ടപ്പോള്‍, ഞങ്ങള്‍ക്കു ദൈവത്തെപ്പോലെ ആകേണ്ട എന്നു പറഞ്ഞ് ആ വാഗ്ദാനത്തെ ഹവ്വയോ, പിന്നീട് ആദമോ നിരസിച്ചില്ല. കാരണം ദൈവത്തെപ്പോലെ ആകുക എന്നത് അവരുടെ ആഗ്രഹം ആയിരുന്നു. അത് അന്യായം ആയിരുന്നു എന്നു പറയുക വയ്യ. അവര്‍ ദൈവത്തിന്‍റെ സര്‍വ്വാധികാരം ആഗ്രഹിച്ചു എന്നു അതിനു അര്‍ഥമില്ല.

 

പിശാച് അവന്റെ വാഗ്ദാനത്തില്‍ ഒരു ചതി ഒളിച്ചു വെച്ചിട്ടുണ്ടായിരുന്നു. പിശാച് ഹവ്വയോട് പറഞ്ഞത്: “നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യുംഎന്നാണ്. സത്യത്തില്‍ ദൈവത്തില്‍ തിന്മ ഇല്ലാത്തതിനാല്‍, ദൈവത്തെപ്പോലെ ആകുവാന്‍, തിന്മയെ അറിയേണ്ട ആവശ്യം ഇല്ലായിരുന്നു. നന്മ മാത്രമായ ദൈവത്തെ അറിയുവാന്‍ നന്മയെ മാത്രം തിരഞ്ഞെടുക്കുക ആയിരുന്നു മനുഷ്യര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ പിശാചിന്റെ വഞ്ചനയില്‍ വീണു, നന്‍മയെയും തിന്‍മയെയും അറിയുവാനുള്ള തിരഞ്ഞെടുപ്പ് നടത്തി. 


പിശാച് സ്വര്‍ഗ്ഗത്തില്‍ ആയിരുന്നപ്പോള്‍ ആഗ്രഹിച്ചത്, ദൈവത്തിന്‍റെ സര്‍വ്വാധികാരം ആയിരുന്നു. അവന്‍ ദൈവത്തിനെക്കാള്‍ ഉന്നതന്‍ ആകുവാന്‍ ആഗ്രഹിച്ചില്ല. ദൈവത്തിനെക്കാള്‍ ഉന്നതമായത് ഒന്നുമില്ലായിരുന്നു.  അവന്‍ ഹൃദയത്തില്‍ ചിന്തിച്ചതിനെക്കുറിച്ച് യെശയ്യാവു 14: 13, 14 വാക്യങ്ങളില്‍ പറയുന്നുണ്ട്: ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; (13) ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു. അതായത് അവന്‍ ആഗ്രഹിച്ചത്, അവന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്ക് മീതെ വയ്ക്കുവാന്‍ ആണ്. ദൈവത്തിന്റെ സിംഹാസനവും നക്ഷത്രങ്ങൾക്കു മീതെ ആയിരിക്കുവാനാണല്ലോ സാധ്യത. “ഞാൻ അത്യുന്നതനോടു സമനാകും” എന്നാണ് അവന്‍ ഹൃദയത്തിൽ പറഞ്ഞതു.

അവന്റെ ചിന്തയില്‍ ദൈവത്തിന്റെ സിംഹാസനത്തിന് എതിരായ ഒരു മല്‍സരം ഉണ്ട്. ദൈവത്തിന്റെ സിംഹാസനം ദൈവത്തിന്റെ സര്‍വ്വാധികാരത്തെ കാണിക്കുന്നു. പിശാച് ആഗ്രഹിച്ചത്, ദൈവത്തിന്റെ സര്‍വ്വാധികാരത്തെ ആണ്. ഈ ചിന്ത ആണ് പിശാചിന്റെ പാപം.

അതായത് ദൈവത്തെപ്പോലെ ആകുവാനുള ആഗ്രഹവും, ദൈവത്തിന്റെ സര്‍വ്വാധികാരത്തെ സ്വന്തമാക്കുവാനുള്ള ആഗ്രഹവും രണ്ടാണ്.

ദൈവത്തെപ്പോലെ ആകുവാനുള്ള മനുഷ്യനോടുള്ള ആഹ്വാനം വേദപുസ്തകത്തില്‍ പലയിടങ്ങളിലും നമ്മള്‍ കാണുന്നുണ്ട്.

ലേവ്യപുസ്തകം 11:45 ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.”

സങ്കീര്‍ത്തനം 82: 6 നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.

എഫെസ്യര്‍ 5:1 ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.

ഫിലിപ്പിയര്‍ 2:5 ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.

മത്തായി 5:48 ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.

റോമര്‍ 8:29 അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.

ലൂക്കോസ് 6:40 ശിഷ്യൻ ഗുരുവിന്നു മീതെയല്ല, അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും. 

ഇവിടെ എല്ലാം മനുഷ്യര്‍ ദൈവത്തെപ്പോലെ ആകേണം എന്ന ദൈവീക ആഗ്രഹം പ്രകടമാകുന്നുണ്ട്. എന്നാല്‍ ഇതൊന്നും ദൈവത്തിന്റെ സര്‍വ്വാധികാരം മനുഷ്യര്‍ പിടിച്ചെടുക്കുന്നതിനെ കുറിച്ചല്ല.

ലേവ്യപുസ്തകത്തിലെ വാക്യമാണ് ദൈവീക ഉദ്ദേശ്യം വ്യക്തമായി വെളിപ്പെടുത്തുന്നത്. “ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.” നമ്മള്‍ ദൈവീക വിശുദ്ധിയോട് ആണ് സമന്‍മാര്‍ ആകേണ്ടത്. സ്വര്‍ഗീയ ദൂതന്മാര്‍ എന്നും എപ്പോഴും ദൂതന്മാര്‍ ആയിരിക്കുന്നതുപോലെ, ഭൂമിയിലെ മൃഗങ്ങള്‍ എപ്പോഴും മൃഗങ്ങള്‍ ആയിരിക്കുന്നതുപോലെ, മനുഷ്യര്‍ എന്നും എപ്പോഴും മനുഷ്യര്‍ ആയിരിയ്ക്കും. എന്നാല്‍ മനുഷ്യര്‍ വിശുദ്ധിയില്‍ ദൈവത്തെപ്പോലെ ആകേണം എന്നു ദൈവം ആഗ്രഹിക്കുന്നു.

എങ്ങനെ മനുഷ്യന് ദൈവത്തിന്റെ വിശുദ്ധിയോട് സമന്‍മാര്‍ ആകുവാന്‍ കഴിയും? ഇവിടെ ആണ് തിരഞ്ഞെടുപ്പ് കടന്നുവരുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരിക്കലായി, എന്നന്നേക്കുമായി നടത്തുന്ന ഒരു തിരഞ്ഞെടുപ്പിലൂടെ ദൈവത്തിന്റെ വിശുദ്ധിയോട് സമന്‍മാര്‍ ആകുവാന്‍ നമുക്ക് കഴിയും. ഇത്തരമൊരു തിരഞ്ഞെടുപ്പിനുള്ള സാധ്യതയും അവസരവും ആണ് ഏദന്‍ തോട്ടത്തില്‍ ആദമിനും ഹവ്വയ്ക്കും ലഭിച്ചത്.


തിരഞ്ഞെടുപ്പിന് എന്തുകൊണ്ടാണ് ഇത്ര പ്രാധാന്യം ഉണ്ടായത്
?

സ്വര്‍ഗ്ഗീയ ദൂതന്മാരെക്കുറിച്ചുള്ള നമ്മളുടെ കാഴ്ചപ്പാട് ഒന്നു പരിശോധിക്കാം. അവരുടെ സത്വവും സ്വഭാവവുമാണ് നമ്മള്‍ ചിന്തിക്കുന്നത്. ദൂതന്മാരുടെ സ്വാഭാവത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കുമ്പോള്‍, അവര്‍ വിശുദ്ധരും, ഒരിയ്ക്കലും വിശുദ്ധിയില്‍ നിന്നും മാറത്തവരും, അശുദ്ധിയോട് ചേരാത്തവരും ആണ് എന്നു നാം ചിന്തിക്കുന്നു. സ്വര്‍ഗീയ ദൂതന്മാര്‍ എല്ലാം ദൈവത്തോട് അനുസരണ ഉള്ളവരും, വിശ്വസ്തരും, സദാ സമയവും ദൈവത്തെ ആരാധിച്ചുപോരുന്നവരും ആണ് എന്നും നമ്മള്‍ ചിന്തിക്കുന്നു. അതായത് അവരുടെ സ്വഭാവവും സത്വവും വിശുദ്ധിയും മാറ്റവും ഇല്ലാത്തതാണ് എന്നു നമ്മള്‍ക്ക് ഉറപ്പ് ഉണ്ട്.

എന്നാല്‍, വേദപുസ്തകം നല്‍കുന്ന സൂചന അനുസരിച്ച്, ദൂതന്മാര്‍ എല്ലാവരും ആദിമുതല്‍ അങ്ങനെ ആയിരുന്നില്ല. കൊലൊസ്സ്യര്‍ 1: 16 ല്‍ പറയുന്ന പ്രകാരം, “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും”  സകലവും യേശു ക്രിസ്തു മുഖാന്തരം സൃഷ്ടിക്കപ്പെട്ടു. അതിനാല്‍, ദൂതന്മാരും ദൈവത്തിന്റെ സൃഷ്ടി ആണ് എന്നു നമുക്ക് ചിന്തിക്കാം. എന്നാല്‍, അവരെ എങ്ങനെ സൃഷ്ടിച്ചു എന്നോ അവരെ എന്നു സൃഷ്ടിച്ചു എന്നോ, അവരെ ദൈവത്തിന്റെ സ്വരൂപത്തിലോ സാദൃശ്യത്തിലോ സൃഷ്ടിച്ചു എന്നോ നമുക്ക് അറിഞ്ഞുകൂടാ.

വേദപുസ്തകം ദൂതന്മാരുടെ ചരിത്രം പറയുന്ന പുസ്തകം അല്ല. എങ്കിലും, അവരെ ഭൂമിയുടെ സൃഷ്ടിക്കു മുമ്പ് സൃഷ്ടിച്ചിരുന്നു എന്നു നമുക്ക് മനസ്സിലാക്കാവുന്നതാണ്.

ഇയ്യോബ് 38: 4 – 8 വരെയുള്ള വാക്യങ്ങളില്‍ ദൈവം ഭൂമിയുടെ സൃഷ്ടിപ്പിനെക്കുറിച്ച് പറയുന്നുണ്ട്. ദൈവം ഇയ്യോബിനോടു ചോദിക്കുന്ന ചോദ്യങ്ങള്‍ ഇങ്ങനെ ആണ്:

ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? (4). “പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ (6) അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? (7)

ഇവിടെ ദൈവപുത്രന്മാര്‍ എന്നത് ദൂതന്മാരെക്കുറിച്ചാണ് പറയുന്നത്. ഇയ്യോബ് 1: 6 ലും ദൂതന്മാരെക്കുറിച്ച് പറയുവാന്‍ ദൈവപുത്രന്മാര്‍ എന്ന പദം ഉപയോഗിക്കുന്നുണ്ട്.

അതായത്, ഭൂമി സൃഷ്ടിക്കുന്നതിനും മുംബെ ദൂതന്മാര്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.

ദൂതന്മാരുടെ പിന്നീട് ഉള്ള ചരിത്രം പഠിച്ചാല്‍, ദൈവീക വിശുദ്ധിയെയോ, വിഭിന്നമായി അശുദ്ധിയെയോ  തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം അവര്‍ക്കും ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. ദൈവത്തോട് വിശ്വസ്തര്‍ ആയിരിക്കുക എന്നതോ, ദൈവത്തോട് മല്‍സരിക്കുക എന്നതോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൂതന്‍മാര്‍ക്കും ഉണ്ടായിരുന്നു.

പിശാചിനെക്കുറിച്ചുള്ള തിരുവെഴുത്തുകളിലെ സൂചന അനുസരിച്ച്, അവന്‍ ഒരിക്കല്‍ ഒരു സ്വര്‍ഗീയ ദൂതന്‍ ആയിരുന്നു.

യെഹെസ്കേല്‍ 28 ല്‍ പിശാചിനെക്കുറിച്ച്, “നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; (28:13) എന്നും “നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു;” (28:14) എന്നും പറയുന്നു.

അപ്പൊസ്തലനായ പൌലൊസ് 2 കൊരിന്ത്യര്‍ 11: 14 ല്‍ “സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.”എന്നു പറയുന്നതു പിശാച് വീണുപോയ ദൂതന്‍ ആണ് എന്ന ചിന്തയില്‍ അടിസ്ഥാനമാക്കിയാണ്.

സ്വര്‍ഗീയ ചരിത്രത്തില്‍ എപ്പോഴോ, ദൂതന്മാര്‍ തിരഞ്ഞെടുപ്പിനുള്ള അവരുടെ സ്വാതന്ത്ര്യം ഉപയോഗിക്കുകയും, അവരില്‍ ഒരു വിഭാഗം, പിശാചിന്റെ നേതൃത്വത്തില്‍, ദുഷ്ടത തിരഞ്ഞെടുക്കുകയും ചെയ്തു.

ഇതിനെക്കുറിച്ച് യെശെയ്യാവു പറയുന്നത് ഇതാണ്

 

യെശയ്യാവ് 14: 13, 14

13   ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;

14   ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.

പിശാചും കൂട്ടരുമായ, ഒരു കൂട്ടം ദൂതന്മാര്‍ ആണ് അശുദ്ധിയേയും ദുഷ്ടതയെയും തിരഞ്ഞെടുത്തത്. അവര്‍ തിരഞ്ഞെടുത്തു എന്നു പറയുമ്പോള്‍, ദുഷ്ടത അന്ന് നിലവില്‍ ഉണ്ടായിരുന്നു എന്ന ചിന്ത നമ്മില്‍ ഉണ്ടാകുന്നു. തിരഞ്ഞെടുക്കണമെങ്കില്‍, ഒന്നില്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ടായിരിക്കേണമല്ലോ. അപ്പോള്‍ നന്മയും ദുഷ്ടതയും സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരുന്നു എന്നും അതില്‍ തിന്മ പിശാചും കൂട്ടരും തിരഞ്ഞെടുത്തു എന്നും നമ്മള്‍ ചിന്തിച്ച് പോകുക സ്വാഭാവികമാണല്ലോ.

എന്നാല്‍ സ്വര്‍ഗ്ഗം നന്മ മാത്രം നിറഞ്ഞ ഇടമാണ് എന്നും ദൈവം നന്മ മാത്രം നിറഞ്ഞത് ആണ് എന്നും നമ്മള്‍ പറയുന്നുമുണ്ട്. അപ്പോള്‍ തിന്മ എവിടെ നിന്നും വന്നു? ആര് തിന്മയെ സൃഷ്ടിച്ചു? എന്നിങ്ങനെ ഉള്ള ചോദ്യങ്ങള്‍ ഇവിടെ ഉണ്ടാകുന്നു. അതിനു മറുപടി കണ്ടെത്തേണ്ടത് ഉണ്ട്.

നന്മയും തിന്‍മയും സൃഷ്ടികള്‍ അല്ല എന്നതാണ് ആദ്യം നമ്മള്‍ മനസ്സിലാക്കേണ്ടുന്ന പരമമായ സത്യം. സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും, നമ്മള്‍ കാണുന്നവയും കാണപ്പെടാത്തവയുമായ എല്ലാ പ്രപഞ്ച സൃഷ്ടികളും, പ്രത്യേകിച്ചു  നമ്മളുടെ ഭൂമിയും അതിലെ സകല സൃഷ്ടികളും, മനുഷ്യനെയും മാത്രമേ ദൈവം സൃഷ്ടിച്ചതായുള്ളൂ. ദൈവമോ ആരാലും സൃഷ്ടിക്കപ്പെട്ടത് അല്ല. ദൈവം എങ്ങനെ ഉളവായി എന്നോ, എന്നു ഉളവായി എന്നോ നമുക്ക് അറിയില്ല. എന്നാല്‍ സകലതും ഉളവാകുന്നതിന് മുമ്പെ ദൈവം ഉണ്ടായിരുന്നു എന്നു നമുക്ക് മനസ്സിലാക്കാം.

ദൈവത്തെക്കുറിച്ച്, യോഹന്നാന്‍ പറയുന്നതു ഇതാണ്: “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; (യോഹന്നാന്‍ 1: 3, 4) 

ഈ വാക്യത്തില്‍, “ഉളവായി” എന്നതിന്റെ മൂല ഭാഷയായ ഗ്രീക്കില്‍ ഉള്ള പദം, ഗിനോമംഅഈ” (ginomai  - ghin'-om-ahee) എന്നതാണ്. ഈ ഗ്രീക് വാക്കിന്റെ  അര്‍ത്ഥം, കാരണഭൂതന്‍ ആകുക, ഉളവാകുക, എന്നിങ്ങനെ ആണ്. അതായത് സകലത്തിനും ദൈവമാണ് കാരണഭൂതന്‍, സകലതും അവനാല്‍ ഉളവായി.

ഈ ദൈവം ആണ് നന്മ, ദൈവമാണ് വിശുദ്ധി, അവനാണ് നീതി. ദൈവമല്ലാത്തതും, ദൈവത്തോട് ചേര്‍ന്ന് നില്‍ക്കാത്തതും, ആയതെല്ലാം അശുദ്ധിയും, അനീതിയും, തിന്‍മയുമാണ്.

ലളിതമായി പറഞ്ഞാല്‍, തിന്മ ഒരു സൃഷ്ടി അല്ല, അത് ദൈവത്തോട് ചേര്‍ന്ന് നില്‍ക്കാത്തതും, ദൈവമല്ലാത്തതും ആയതെല്ലാം ആണ്.

നന്‍മയുടെയും തിന്‍മയുടെയും മദ്ധ്യേ മറ്റൊരു മാര്‍ഗ്ഗമില്ല എന്നതുകൂടി നമ്മള്‍ ഓര്‍ക്കേണം.

ഇതിനാല്‍ തന്നെ, പാപം ഒരു സൃഷ്ടി അല്ല, പാപം ദൈവം എന്ന സകലത്തിന്റെയും കാരണഭൂതന്‍ ആയവനെ എതിര്‍ക്കുന്നത് ആണ്. പാപം ദൈവത്തിന്റെ സത്വം ആയ വിശുദ്ധി, നീതി, നന്മ എന്നിവയെ തള്ളിക്കളയുന്നതാണ്.

നമ്മള്‍ മുകളില്‍ പറഞ്ഞുകൊണ്ടു വന്നത്, സ്വര്‍ഗീയ ചരിത്രത്തില്‍ എപ്പോഴോ, സ്വര്‍ഗീയ ദൂതന്മാര്‍ ഒരു തിരഞ്ഞെടുപ്പ് നടത്തി എന്നതാണ്.

വേദപുസ്തകത്തില്‍ ഇല്ല എങ്കിലും, നമുക്ക് മനസ്സിലാക്കുവാനായി പറയട്ടെ, ദൈവം, തനിക്കായി, ഒരിക്കലായി എന്നന്നേക്കുമായി നന്‍മയെയും വിശുദ്ധിയേയും, നീതിയെയും തിരഞ്ഞെടുത്തു. അത് ഒരിക്കലായി, എന്നന്നേക്കുമായി നടത്തിയ ഒരു തിരഞ്ഞെടുപ്പ് ആയതിനാല്‍, അതിനു ഇനി ഒരിയ്ക്കലും മാറ്റമില്ല.

ദൈവം എന്നെങ്കിലും തിന്മ ചെയ്യുമെന്നോ, വിശുദ്ധിയെ ഉപേക്ഷിക്കുമെന്നോ നമ്മള്‍ ആരും ചിന്തിക്കുന്നുപോലും ഇല്ല. ഇതിനെ ആണ് ഒരിക്കലായി, എന്നന്നേക്കുമായ തിരഞ്ഞെടുപ്പ് എന്നു പറയുന്നത്.

അതാണ് യാക്കോബ് അപ്പോസ്തലന്‍ പറയുന്നതു: “അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല. (യാക്കോബ് 1: 17b)

ദൈവം ലോകാരംഭത്തിനും മുമ്പേ എങ്ങനെ പ്രവര്‍ത്തിച്ചുവോ, എങ്ങനെ ചിന്തിച്ചുവോ, എങ്ങനെ സംസാരിച്ചുവോ, അതുപോലെ തന്നെ ഇന്നും ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും, സംസാരിക്കുകയും ചെയ്യുന്നു.

സ്വര്‍ഗ്ഗീയ ദൂതന്മാരെക്കുറിച്ച് ചിന്തിച്ച് നോക്കൂ . ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന ദൂതന്മാര്‍ എന്നെങ്കിലും, ഏതെങ്കിലും അവസരത്തില്‍, ദൈവത്തിന് എതിരായി പ്രവര്‍ത്തിക്കുമെന്നോ, ദൈവീക വിശുദ്ധിക്കും നീതിക്കും എതിരായി പ്രവര്‍ത്തിക്കുമെന്നോ നമ്മള്‍ ആരും ചിന്തിക്കുന്നില്ല. അതായത്, അവരുടെ വിശുദ്ധിയും, വിശ്വസ്തതയും ഒരിക്കലായി എന്നന്നേക്കുമായി അവര്‍ തിരഞ്ഞെടുത്തത് ആണ്.

അതായത്, തിരഞ്ഞെടുപ്പിനുള്ള അവസരവും, സ്വതന്ത്ര ഇശ്ചാശക്തിയും ദൂതന്‍മാര്‍ക്കും ഉണ്ടായിരുന്നു. അവരില്‍ ഭൂരിപക്ഷവും ദൈവീക വിശുദ്ധിയേയും ദൈവത്തോടുള്ള വിശ്വസ്തതയും തിരഞ്ഞെടുത്തു. അവര്‍ക്ക് ഇനി അത് മാറ്റുവാന്‍ സാധ്യമല്ല.

പിശാചും അവന്റെ കൂടെ ഉള്ളവരും ഒരിക്കല്‍ ദൂതന്മാര്‍ ആയിരുന്നു എന്നു നമ്മള്‍ കണ്ടു കഴിഞ്ഞല്ലോ. അവര്‍ ഇനി എന്നെങ്കിലും, എപ്പോഴെങ്കിലും, ഏതെങ്കിലും അവസരത്തില്‍, നന്മ ചെയ്യുമെന്നോ, നീതി പ്രവര്‍ത്തിക്കുമെന്നോ, വിശുദ്ധിയെ സ്വീകരിക്കുമെന്നോ നമ്മള്‍ ചിന്തിക്കുന്നതെ ഇല്ല. കാരണം, അശുദ്ധിയും അവിശ്വസ്തതയും ദൈവത്തോടുള്ള മല്‍സരവും അവര്‍ ഒരിക്കലായി എന്നന്നേക്കുമായി തിരഞ്ഞെടുത്തതാണ്. ഇനി ഒരു മാറ്റം വരുത്തുവാന്‍ അവര്‍ക്ക് കഴിയില്ല.

ഇതാണ് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം.

പിശാചും വീണുപോയ ദൂതന്മാരും, ദൈവത്തോടുള്ള മല്‍സരത്തെ തിരഞ്ഞെടുത്തതിനെ കുറിച്ച് യെഹെസ്കേല്‍ 28: 12 – 18 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

15 ആം വാക്യം പറയുന്നു: “നിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു.”

അതായത് അവനെ സൃഷ്ടിച്ചപ്പോള്‍ അവനില്‍ നീതികേട് ഇല്ലായിരുന്നു, നീതികേട് പിന്നീട് അവന്‍ തിരഞ്ഞെടുത്തതാണ്. അത് ദൈവത്തിന്‍റെ നീതിയെ നിഷേധിക്കുന്നത് ആണ്. അത് ദൈവത്തോടുള്ള മല്‍സരം ആണ്.

ഇത് എങ്ങനെ സംഭവിച്ചു എന്ന് ഇവിടെ തുടര്‍ന്നു പറയുന്നുണ്ട്.

16 ആം വാക്യം: “ നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു;”

17 ആം വാക്യം പറയുന്നു: “ നിന്റെ സൗന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു, നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി;”

ഈ വേദഭാഗങ്ങള്‍ സൂക്ഷമമായി പഠിച്ചാല്‍, പാപം സൃഷ്ടിക്കപ്പെട്ടത് അല്ല, അത് പിശാച് തിരഞ്ഞെടുത്ത ദൈവത്തോടുള്ള മല്‍സരം ആണ് എന്ന് നമുക്ക് മനസ്സിലാകും,

നമ്മള്‍ പറഞ്ഞുകൊണ്ടു വന്നത് ഇതാണ്, ഒരിക്കലായി, എന്നന്നേക്കുമായുള്ള ഒരു തിരഞ്ഞെടുപ്പ് ഉണ്ട്, അതാണ് ഒരു സൃഷ്ടിയുടെ മാറ്റമില്ലാത്ത സത്വം.

തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും, അത് ഉപയോഗിക്കുവാനുള്ള സ്വതന്ത്ര ഇശ്ചാശക്തിയും ദൂതന്‍മാര്‍ക്ക്, അവരുടെ സൃഷ്ടാവായ ദൈവത്തില്‍ നിന്നും ലഭിച്ചതു ആയിരിക്കേണം.

നമുക്ക് ഇതിനൊന്നും വ്യക്തമായ വാക്യങ്ങള്‍ ഇല്ല എന്നുകൂടി ഇവിടെ ഓര്‍ക്കേണം. തിരഞ്ഞെടുപ്പിന്റെ മര്‍മ്മം മനസ്സിലാക്കുവാന്‍, മനുഷ്യന്റെ ബുദ്ധിയില്‍ നമ്മള്‍ നമ്മള്‍ ശ്രമിക്കുന്നു എന്നെ ഉള്ളൂ.

ഈ തിരഞ്ഞെടുപ്പ് ഒരിക്കലായി, എന്നന്നേക്കുമുള്ളത് ആയതിനാല്‍ ആണ്, ഇന്ന് സ്വര്‍ഗ്ഗീയ ദൂതന്‍മാര്‍ക്ക് മാറ്റമില്ലാത്ത വിശുദ്ധമായ, വിശ്വസ്തതയുള്ള ഒരു പ്രകൃതം ഉള്ളത്. അതേ കാരണത്താലാണ്, വീണുപോയ ദൂതന്‍മാര്‍ക്ക്, അശുദ്ധിയുടെയും മല്‍സരത്തിന്റെയും, തിന്‍മയുടെയും പ്രകൃതം ഉള്ളത്.

സ്വര്‍ഗീയ ദൂതന്‍മാര്‍ക്ക് വിശുദ്ധമായത് മാത്രമേ ചെയ്യുവാന്‍ കഴിയൂ എന്നതുപോലെ തന്നെ വീണുപോയ ദൂതന്‍മാര്‍ക്ക് അശുദ്ധമായത് മാത്രമേ ചെയ്യുവാന്‍ കഴിയൂ.

വേദപുസ്തകത്തില്‍ ഒരിടത്തുപോലും പിശാചും അവന്റെ ദൂതഗണവും മാനസാന്തരപ്പെടുന്നതിനെ കുറിച്ച് പറയുന്നതെ ഇല്ല. അവര്‍ക്ക് രണ്ടാമതൊരു അവസരം ലഭിക്കുന്നില്ല. അവര്‍ക്ക് ശുദ്ധീകരണമോ, ക്ഷമാപണമോ ഇല്ല. അവരുടെ തിരഞ്ഞെടുപ്പ് നിത്യമായതാണ്.

അവരുടെ അവസാനം ദൈവം മുന്‍കൂട്ടി കല്‍പ്പിച്ചിട്ടുണ്ട്.

 

യെഹെസ്കേല്‍ 28: 18 അതുകൊണ്ടു ഞാൻ നിന്റെ നടുവിൽനിന്നു ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന ഏവരുടെയും മുമ്പിൽ ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.

മനുഷ്യരുടെ തിരഞ്ഞെടുപ്പ്

ഇനി നമുക്ക് മനുഷ്യരിലേക്കും ഏദന്‍ തോട്ടത്തിലേക്കും പോകാം.

ഞാന്‍ ഈ സന്ദേശത്തിന്റെ തുടക്കത്തില്‍ പറഞ്ഞതുപോലെ, ദൈവം മനുഷ്യനെ സൃഷ്ടിച്ചത്, ദൈവത്തിന്റെ സ്വന്ത സ്വരൂപത്തിലും സാദൃശ്യപ്രകാരവും ആണ് (ഉല്‍പ്പത്തി 1:26, 27). ഈ സ്വരൂപത്തിലും സാദൃശ്യത്തിലും സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പിനുള്ള ഇശ്ചാശക്തി ഉണ്ടായിരുന്നു എന്ന് നമുക്ക് ന്യായമായും അനുമാനിക്കാം. അതായത്, നന്മ തിന്‍മകളെ തിരഞ്ഞെടുക്കുവാനുള്ള സ്വതന്ത്ര ഇശ്ചാശക്തി ദൈവത്തില്‍ന്നും മനുഷ്യനു പകര്‍ന്ന് ലഭിച്ചത് ആയിരിക്കേണം. തിരഞ്ഞെടുപ്പ് എന്നതോ മനുഷ്യന് ദൈവം കല്‍പ്പിച്ചതും ആയിരുന്നു.

നമ്മള്‍ മനസ്സിലാക്കിയതുപോലെ, ദൂതന്മാരുടെ വിശുദ്ധിയുടെയോ, അശുദ്ധിയുടെയോ തിരഞ്ഞെടുപ്പില്‍ ദൈവം ഇടപ്പെട്ടില്ല. അതുപോലെ തന്നെ ഉള്ള സ്വതന്ത്രമായ ഇശ്ചാശക്തി മനുഷ്യനും ഉണ്ടായിരുന്നു.

ദൂതന്മാര്‍ തിരഞ്ഞെടുത്തതുപോലെ, ഒരിക്കലായി, എന്നന്നേക്കുമായി മനുഷ്യന്‍ തിരഞ്ഞെടുപ്പ് നടത്തേണമായിരുന്നു.

ഈ തിരഞ്ഞെടുപ്പാണ് ദൈവം ആദമിനോട് കല്‍പ്പിച്ച ആദ്യ വ്യവസ്ഥ.

 

ഉല്‍പ്പത്തി 2: 16, 17

16   യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.

17   എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.

മനുഷ്യന്‍ നടത്തേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് വളരെ ലളിതം ആയിരുന്നു, അത് ദൈവത്തോട് വിശ്വസ്തര്‍ ആയിരിക്കുക എന്നത് മാത്രം ആയിരുന്നു.

ദൈവത്തിന്റെ കല്‍പ്പന കഠിനമായത് ആയിരുന്നില്ല. അത് ആദ്യം, പ്രായോഗികമായി, ഒരു തിരഞ്ഞെടുപ്പ് ആവശ്യമാക്കിയതും ഇല്ല. എന്നാല്‍, പിശാച് ഏദന്‍ തോട്ടത്തില്‍ വന്നപ്പോള്‍, അവന്‍ ചെയ്തത്, ഒരു തിരഞ്ഞെടുപ്പിനുള്ള അവസരത്തെ സൃഷ്ടിക്കുക എന്നതായിരുന്നു. കാരണം തിരഞ്ഞെടുപ്പ് ആണ് എല്ലാം തീരുമാനിക്കുന്നത് എന്നു അവന് അറിയാമായിരുന്നു. ഒരു പക്ഷേ മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതിയില്‍ ഇപ്രകാരം ഒരു അവസരം ക്രമീകരിക്കപ്പെട്ടിരുന്നു എന്നു വേണം കരുതുവാന്‍. ദൂതന്മാര്‍ ചെയ്തതുപോലെ, തിരഞ്ഞെടുപ്പിലൂടെ അനുഗ്രഹവും ശാപവും ഒരിക്കലായി, എന്നന്നേക്കുമായി, അവകാശമാക്കുവാനുള്ള അവസരം ആയിരുന്നു അത്.

ഇവിടെ എന്താണ് സംഭവിച്ചത് എന്നു നമ്മള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.

പിശാച് ഹവ്വയോട് പറഞ്ഞ പ്രധാനപ്പെട്ട കാര്യം, ദൈവം കഴിക്കരുത് എന്നു വിലക്കിയ ഫലം നിങ്ങള്‍ക്ക് തിന്നാം. “അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ” ആകും.”

മനുഷ്യനെക്കുറിച്ചുള്ള ദൈവീക ഉദ്ദേശ്യം, അവര്‍ ദൈവത്തെപ്പോലെ ആകുക എന്നാണ് എന്നു നമ്മള്‍ ആദ്യമേ വിശദീകരിച്ചത് ഓര്‍ക്കുമല്ലോ. മനുഷ്യനും ദൈവത്തെപ്പോലെ തന്നെ ചിന്തിക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും വേണം എന്നു ദൈവം ആഗ്രഹിച്ചതുകൊണ്ടാണ്, ദൈവം സ്വന്ത സ്വരൂപത്തിലും സാദൃശ്യപ്രകാരവും മനുഷ്യനെ സൃഷ്ടിച്ചത്.

പിശാച് പറയുന്നതും അത് തന്നെ ആണ്, നിങ്ങള്‍ ദൈവത്തെപ്പോലെ ആകും.

അപ്പോള്‍ ദൈവത്തെപ്പോലെ ആകുവാന്‍, അവന്റെ വിശുദ്ധിയില്‍ പങ്കാളികള്‍ ആകുവാന്‍, അവന്റെ മനോഭാവം തന്നെ മനുഷ്യരില്‍ ഉളവാകുവാന്‍, എന്തു തിരഞ്ഞെടുക്കേണം എന്നതായി ചോദ്യം.

ദൈവം ഒരു മാര്‍ഗ്ഗം പറഞ്ഞു: ദൈവത്തോട്, അനുസരണയുള്ളവര്‍ ആയിരിക്കുക, ദൈവീക കല്‍പ്പന അനുസരിക്കുക, ദൈവത്തോട് മല്‍സരിക്കാതെ ഇരിക്കുക. ദൈവത്തിന് കീഴ്പ്പെട്ട് ജീവിക്കുക.

അത് പുതിയ ഒരു ജീവിത ശൈലി ആയിരുന്നില്ല. അവര്‍ ദൈവത്തിന്റെ സ്വന്ത സ്വരൂപത്തിലും സാദൃശ്യപ്രകാരവും ആണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അന്നുവരെയും അവര്‍ അപ്രകാരം ആയിരുന്നു. അത് തുടരുക മാത്രം ചെയ്താല്‍ മതിയായിരുന്നു.  

എന്നാല്‍ പിശാച് പറഞ്ഞു, ദൈവത്തിന്റെ കല്‍പ്പന നിരസിക്കുക, ദൈവത്തോട് മല്‍സരിക്കുക. അപ്പോള്‍ നിങ്ങള്‍ ദൈവത്തെപ്പോലെ ആകും.

ഇതാണ് ആദ്യമനുഷ്യര്‍ അഭിമുഖീകരിച്ച തിരഞ്ഞെടുപ്പ്. ഇവിടെ അവര്‍ പരാജയപ്പെട്ടു.

ദൈവത്തിന്റെ വിശുദ്ധിയെയും ദൈവത്തോടുള്ള വിശ്വസ്തതയെയും തിരഞ്ഞെടുക്കാതെ, അവര്‍ പിശാചിന്റെ ഉപദേശത്തിന് വഴങ്ങി, പാപം ചെയ്തു. അങ്ങനെ, പാപത്തില്‍ വീണുപോയ ആദം മുതല്‍ ഇന്നേവരെ മനുഷ്യര്‍ ദൈവത്തില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു.

ഇവിടെ പാപം ഒരു തിരഞ്ഞെടുപ്പായി തീര്‍ന്നു. പാപം അവരില്‍ മരണത്തെ കൊണ്ടുവരും എന്ന ദൈവീക വിധി മനുഷ്യരുടെ മേല്‍ വരുകയും ചെയ്തു.

നമ്മള്‍ മുമ്പ് ചിന്തിച്ചതുപോലെ ദൈവം വിശുദ്ധിയെ തിരഞ്ഞെടുത്തത് ഒരിക്കലായി എന്നന്നേക്കുമായി ആണ്. ഇനി അതിനു മാറ്റം സാധ്യമല്ല.

സ്വര്‍ഗീയ ദൂതന്മാര്‍ ദൈവീക വിശുദ്ധിയെ തിരഞ്ഞെടുത്തതും, വീണുപോയ ദൂതന്മാര്‍, അശുദ്ധിയേയും, മല്‍സരത്തെയും തിരഞ്ഞെടുത്തതും ഒരിക്കലായി എന്നന്നേക്കുമായി ആണ്. ഇനി അതിനു മാറ്റം സാധ്യമല്ല.

അതുപോലെ തന്നെ, മനുഷ്യന്‍റെ തിരഞ്ഞെടുപ്പും ഒരിക്കലായി എന്നന്നേക്കുമായി സംഭവിക്കും എന്നും അവിടെ നിന്നും ഒരിയ്ക്കലും ഒരു വിടുതല്‍ സാദ്ധ്യമല്ല എന്നുമായിരിക്കേണം പിശാച് കരുത്തിയത്. മനുഷ്യരും അങ്ങനെ തന്നെ കരുത്തിയിട്ടുണ്ടാകാം. രണ്ടാമതൊരു തിരഞ്ഞെടുപ്പിനുള്ള സാധ്യത അവര്‍ കണ്ടില്ല.

ഇവിടെ ആണ് ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാകുന്നത്.

എന്നാല്‍ ദൈവം മനുഷ്യനു രണ്ടാമതൊരു അവസരം കൂടെ നല്കുവാന്‍ തീരുമാനിക്കുന്നതാണ് നമ്മള്‍ ഏദന്‍ തോട്ടത്തില്‍ കാണുന്നത്.

എന്തുകൊണ്ടാണ് ദൈവം, ദൂതന്‍മാര്‍ക്ക് നാല്‍കാത്ത, തിരഞ്ഞെടുപ്പിനുള്ള രണ്ടാമതൊരു അവസരം കൂടെ മനുഷ്യനു നല്കിയത് എന്നു ചോദിച്ചാല്‍, നമുക്ക് അതിനു വ്യക്തമായ കാരണങ്ങള്‍ പറയുവാന്‍ ഇല്ല.  

ഒരു പക്ഷേ, മനുഷ്യന്‍ പിശാചിനാല്‍ വഞ്ചിക്കപ്പെടുക ആയിരുന്നതിനാല്‍ ആയിരിക്കാം.

ദൂതന്മാര്‍ വഞ്ചനയില്‍ വീണ് അശുദ്ധി തിരഞ്ഞെടുത്തത് അല്ല. വീണുപോയ ദൂതന്മാര്‍, അവരുടെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു, അവരുടെ ഹൃദയം ഗർവ്വിച്ചു, ജ്ഞാനത്തെ വഷളാക്കി, ദൈവത്തോട് മല്‍സരിക്കുവാന്‍ തീരുമാനിക്കുക ആയിരുന്നു.

“പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി” എന്ന ഹവ്വയുടെ ഒഴികഴിവ് ദൈവം സ്വീകരിച്ചു എന്നതിന് തെളിവൊന്നും ഇല്ല. ദൈവം അതിനു അനുകൂലമായി പ്രതികരിച്ചതായും ദൈവ വചനത്തില്‍ പറയുന്നില്ല.

അതിനാല്‍, എന്തുകൊണ്ട് ദൈവം മനുഷ്യന്, തിരഞ്ഞെടുപ്പിന് രണ്ടാമതൊരു അവസരം കൂടി നല്കി എന്നതിന്, ദൈവ കൃപ എന്നു മാത്രമേ നമുക്ക് ഉത്തരം നല്കുവാന്‍ കഴിയൂ.

മനുഷ്യന് പാപക്ഷമയ്ക്ക് പ്രത്യേകിച്ച് ഒരു യോഗ്യതയും ഉണ്ടായിരുന്നില്ല, എങ്കിലും ദൈവത്തിന് മനുഷ്യനോടു സ്നേഹം തോന്നി, അവനെ നിത്യമായ മരണത്തിന് ഏല്‍പ്പിക്കുവാന്‍ ദൈവത്തിന് തോന്നിയില്ല.  അതാണ് ദൈവകൃപ. അതിനാല്‍, ദൈവം ബോധപൂര്‍വ്വമായ ഒരു തിരഞ്ഞെടുപ്പിനുള്ള, രണ്ടാമതൊരു അവസരം കൂടെ മനുഷ്യന് നല്കുവാന്‍ തീരുമാനിച്ചു.

എന്നാല്‍, ദൈവം ആദമിനോടു കല്‍പ്പിച്ചിരുന്നത്, “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” എന്നായിരുന്നു. (ഉല്‍പ്പത്തി 2: 16, 17)

മരണം എന്ന ശിക്ഷയെക്കുറിച്ചുള്ള ദൈവീക കല്‍പ്പന, രക്ഷ പ്രാപിക്കേണം എങ്കില്‍ പാപത്തിന് ഒരു പരിഹാരം ഉണ്ടാകേണം എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. പാപം മറയ്ക്കപ്പെടേണം.

അതിനാല്‍ പാപം ചെയ്തതിന് ശേഷം, ആദാമും ഹവ്വായും അത്തിയില കൊണ്ട് അരയാട ഉണ്ടാക്കി. അവര്‍ പാപത്തെ മറയ്ക്കുവാനും മരണത്തില്‍ നിന്നും രക്ഷ പ്രാപിക്കുവാനും ശ്രമിക്കുക ആയിരുന്നു.

എന്നാല്‍ മനുഷ്യന്‍ കണ്ടെത്തിയ ഒരു പരിഹാരത്തിന് പാപത്തെ മറയ്ക്കുവാന്‍ കഴിയില്ല എന്നു അവര്‍ക്ക് അപ്പോള്‍ തന്നെ ബോധ്യം ആയി. എന്നാല്‍ അതില്‍ കൂടുതല്‍ യാതൊന്നും അവര്‍ക്ക് ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ അവര്‍ ദൈവ സന്നിധിയില്‍ നിന്നും ഓടി ഒളിക്കുവാന്‍ ശ്രമിച്ചു.

കൃപയാല്‍, ദൈവം മനുഷ്യനെ അങ്ങനെ അകറ്റിക്കളയുവാന്‍ ആഗ്രഹിച്ചില്ല. മനുഷ്യനു സാധ്യമല്ലാത്തത് ദൈവം ചെയ്യുവാന്‍ തീരുമാനിച്ചു.

ഒരു പാപ പരിഹാരം ദൈവം കണ്ടെത്തി. അത് നിഷ്കളങ്കമായ ഒരു ജീവന്‍ ആദ്യമനുഷ്യര്‍ക്ക് പകരമായി ഒഴുക്കിക്കളയുക എന്നതായിരുന്നു. ആദ്യ മനുഷ്യരുടെ മരണത്തിന് പകരമായി, പാപം ഇല്ലാത്ത മറ്റൊരു ജീവന്‍ മരിക്കുന്നു.

ഇത് മനുഷ്യന്‍ കണ്ടെത്തിയ പാപ പരിഹാര മാര്‍ഗ്ഗം അല്ല, ദൈവം ക്രമീകരിച്ച പരിഹാര മാര്‍ഗ്ഗം ആണ്. പാപിയായ മനുഷ്യനു ഇങ്ങനെ ഒരു പരിഹാരം കണ്ടെത്തുക സാധ്യമല്ല. അതിനാല്‍ തന്നെ സകലതും ദൈവം ക്രമീകരിച്ചു.

ദൈവം തന്നെ ഒരു മൃഗത്തെ കണ്ടെത്തി, പാപരഹിതന്‍ ആയ ദൈവം തന്നെ അതിനെ കൊന്നു, അതിന്റെ പാപ രഹിതമായ രക്തം ഒഴുക്കി കളഞ്ഞു. അത് ആദ്യ മനുഷ്യരുടെ പാപത്തിനും മരണത്തിനും പകരമായി ദൈവം കണക്കിട്ടു.

മനുഷ്യന്‍ കണ്ടെത്തിയ പാപ പരിഹാര മാര്‍ഗ്ഗമായ, അത്തിയില കൊണ്ടുള്ള അരയാടയെ, ദൈവം മാറ്റി, നിര്‍ദ്ദോഷമായ രക്തം കൊണ്ട് പൊതിഞ്ഞ മൃഗത്തിന്റെ തോല്‍ കൊണ്ട് ഒരു ഉടുപ്പുണ്ടാക്കി മനുഷ്യനെ ധരിപ്പിച്ചു. പാപത്തെ മറയ്ക്കുവാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്നും, നിര്‍ദ്ദോഷമായ രക്തം പാപത്തെ മറയ്ക്കുന്നു എന്നുമുള്ള പുതിയ ഒരു സന്ദേശം ദൈവം മനുഷ്യര്‍ക്ക് നല്കി.

ഏദന്‍ തോട്ടത്തില്‍ ഒരു മൃഗം കൊല്ലപ്പെട്ടതാണ്, ഈ ഭൂമിയിലെ ആദ്യത്തെ മരണം. അത് ആദാമിന്റെയും ഹവ്വയുടെയും മരണത്തിന് പകരം ആകുക ആയിരുന്നു. ഏദനിലെ മൃഗത്തിന്റെ മരണം, സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി തീരുവാനിരികുന്ന യേശു ക്രിസ്തുവിന്റെ മരണത്തിന് നിഴല്‍ ആയിരുന്നു.  

എന്നാല്‍, ഏദനിലെ മൃഗത്തിന്റെ മരണത്താല്‍ ശാരീരിക മരണം നീങ്ങിപ്പോയില്ല. ദൈവീക കല്‍പ്പനയ്ക്ക് മാറ്റം ഉണ്ടാകുക സാധ്യമല്ലല്ലോ. ശാരീരിക മരണം സംഭവിച്ചാലും, പിന്നേയും ജീവിക്കും എന്നൊരു പുതിയ പ്രമാണം നിലവില്‍ വന്നു എന്നെ ഉള്ളൂ.

ശരിയായി പറഞ്ഞാല്‍, ഒരു പകരക്കാരന്‍ എന്ന നിലയിലുള്ള മൃഗത്തിന്റെ മരണം, രണ്ടാമതൊരു തിരഞ്ഞെടുപ്പിനുള്ള അവസരം മനുഷ്യനു നല്കി എന്നെ ഉള്ളൂ.

വേദപുസ്തകത്തിലെ പിന്നീട് ഉള്ള ചരിത്രം പഠിച്ചാല്‍, ഒരു മൃഗത്തെ കൊന്നത് കൊണ്ട് മാത്രം മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരം ആകുന്നില്ല എന്നാണ് നമ്മള്‍ മനസ്സിലാക്കുന്നത്. പാപ പരിഹാര യാഗത്തെ സ്വീകരിക്കുന്ന വിശ്വാസവും തിരഞ്ഞെടുപ്പും രക്ഷയ്ക്ക് ആവശ്യമാണ്.

ഒരു മൃഗത്തിന്‍റെ മരണത്തിലൂടെ അതിന്റെ രക്തം ചെരിഞ്ഞത്, തങ്ങള്‍ക്ക് പകരമായുള്ള പാപ പരിഹാര യാഗമാണ് എന്നു വിശ്വസിച്ച്, ദൈവത്തോട് കൂടെ ചേര്‍ന്ന്, സ്വര്‍ഗ്ഗരാജ്യത്തോട് വിശ്വസ്തത ഉള്ളവരായി, അനുസരണത്തോടെ ജീവിക്കുവാന്‍ അവര്‍ക്ക് തീരുമാനിക്കാം.

അല്ലെങ്കില്‍, ദൈവം ക്രമീകരിച്ച പാപ പരിഹാര യാഗത്തെ തള്ളിക്കളഞ്ഞു ദൈവത്തോട് തുടര്‍ന്നും മല്‍സരിക്കുന്നവരായി, പിശാചിനോടു പക്ഷം ചേര്‍ന്ന് ജീവിക്കുവാനും ഉള്ള സ്വാതന്ത്ര്യവും ആദമിനും ഹവ്വയ്ക്കും ഉണ്ടായിരുന്നു. ദൈവം ഒരിയ്ക്കലും, ഒരു അവസരത്തിലും മനുഷ്യന്റെ സ്വതന്ത്ര ഇശ്ചാശക്തിയെ ഹനിക്കുന്നില്ല.

എന്നാല്‍, കൃപയാല്‍, ആദ്യ മനുഷ്യര്‍ ദൈവം ക്രമീകരിച്ച യാഗത്തെ, തങ്ങളുടെ പാപത്തിന് പരിഹാരമായി സ്വീകരിച്ചു. ഈ ആത്മീയ മര്‍മ്മം വലിയതാണ്.

നോഹയും, അബ്രാഹാമും, യാക്കോബും എല്ലാം വിശ്വസം മൂലം, ദൈവ കൃപയാല്‍ നീതീകരിക്കപ്പെട്ടവര്‍ ആയിരുന്നു എന്ന ആത്മീയ മര്‍മ്മം നമ്മള്‍ ഇവിടെ ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഇവര്‍ ആരും അവരുടെ സ്വന്ത പ്രവര്‍ത്തികളുടെ നന്മയാല്‍ നീതീകരിക്കപ്പെട്ടവര്‍ അല്ല.

മോശെയെക്കുറിച്ച് പറയുന്ന പ്രശസ്തമായ വാക്യം ഇവിടെ ഉദ്ധരിക്കട്ടെ:

 

എബ്രായര്‍ 11: 24, 26

24  വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.

26  മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.

രക്തം ചൊരിഞ്ഞുള്ള പാപ പരിഹാര യാഗത്തിലുള്ള, ആദാമിന്റെയും ഹവ്വയുടെയും വിശ്വാസവും തിരഞ്ഞെടുപ്പും മൂലം ആണ് ഹാബെല്‍ ഒരു ആടിനെ യാഗമായി അര്‍പ്പിച്ചത്. കയീന്‍ മറ്റൊരു തിരഞ്ഞെടുപ്പ് നടത്തി, അതില്‍ ദൈവം പ്രസാദിച്ചില്ല. ദൈവത്തിന് കയീന്റെ വഴിപാടില്‍ പ്രസാദിക്കുവാന്‍ കഴിയുമായിരുന്നില്ല. അത് പാപ പരിഹാരത്തിനായി ദൈവം കാണിച്ചുകൊടുത്ത മാര്‍ഗ്ഗം ആയിരുന്നില്ല.

അതായത് ആദാമിന്റെയും ഹവ്വയുടെയും ഹാബെലിന്റെയും, രക്തം ചെരിഞ്ഞുള്ള പാപ പരിഹാരയാഗം എന്ന തിരഞ്ഞെടുപ്പിനെ ദൈവം അംഗീകരിച്ചു, രക്തം കൂടാതെ ഉള്ള വഴിപാടു എന്ന കയീന്റെ തിരഞ്ഞെടുപ്പിനെ ദൈവം നിരസിച്ചു.

മാനവ ചരിത്രത്തില്‍, അന്നുമുതല്‍ ഇന്നുവരെയും, ദൈവീക ക്രമീകരണം അനുസരിച്ചു നടന്നിട്ടുള്ള എല്ലാ പാപ പരിഹാര യാഗങ്ങളും, ദൈവം ക്രമീകരിച്ച ഏദന്‍ തോട്ടത്തിലെ പാപരഹിത യാഗത്തിന്റെ, തുടര്‍ച്ചയോ, ആവര്‍ത്തനമോ, പൊരുളോ ആണ്.

ഹാബെലിന്റെ യാഗം ഇതിന്റെ തുടര്‍ച്ചയും ആവര്‍ത്തനവും ആണ്. അബ്രഹാം യിസ്ഹാക്കിനെ യാഗം കഴിക്കുന്നത്, വീണ്ടെടുപ്പ് എന്ന മര്‍മ്മത്തെ വെളിപ്പെടുത്തുന്നു. നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പാപ പരിഹാര യാഗം, ഏദനില്‍ ദൈവം കാണിച്ചുകൊടുത്ത മാതൃകയുടെ അന്തിമമായ പൊരുള്‍ ആയി തീര്‍ന്നു. യേശു ക്രിസ്തുവിന്റെ യാഗം, പാപ പരിഹാരം ആണ്, വീണ്ടെടുപ്പ് ആണ്, ജയമാണ്, പുനസ്ഥാപനം ആണ്.

യേശു ക്രിസ്തുവിന്റെ യാഗം രണ്ടാമത്തെ തിരഞ്ഞെടുപ്പിനുള്ള അവസരം സകല മനുഷ്യര്‍ക്കുമായി തുറന്നുകൊടുത്തു. ഇത് രണ്ടാമത്തെയും അവസാനത്തെയും അവസരമാണ്.

അതിനാല്‍ ദൈവ വചനം പറയുന്നു:

റോമര്‍ 8:1 “അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.”

യേശുക്രിസ്തു പാപം ഒഴികെ സകലത്തിലും മനുഷ്യനു തുല്യനായി ജനിച്ചവന്‍ ആണ്.

“അവനിൽ പാപം ഇല്ല.” എന്നു 1 യോഹന്നാന്‍ 3: 5 ല്‍ നമ്മള്‍ വായിക്കുന്നു.

2 കൊരിന്ത്യര്‍ 5: 21 ല്‍ യേശുക്രിസ്തു പാപം അറിയാത്തവന്‍ ആയിരുന്നു എന്നു പറയുന്നുണ്ട്.

യേശുക്രിസ്തുവില്‍, പാപം ഇല്ലായിരുന്നു എന്നു പറയുമ്പോള്‍, അവനില്‍ പാപ പ്രകൃതി ഇല്ലായിരുന്നു എന്നു വേണം നമ്മള്‍ മനസിലാക്കുവാന്‍. അവന്‍, പരിശുദ്ധാത്മാവു മറിയയുടെ മേല്‍ വന്നപ്പോള്‍, അത്യുന്നതന്റെ ശക്തി അവളുടെ മേല്‍ നിഴലിട്ടപ്പോള്‍, ഉത്ഭവിച്ച വിശുദ്ധപ്രജയായ ദൈവപുത്രൻ ആണ്.

യേശുക്രിസ്തു, ആദിയില്‍ ഉണ്ടായിരുന്ന വചനമാണ്, അവന്‍ ദൈവത്തോട് കൂടെ ആയിരുന്ന വചനം ആണ്, അവന്‍ ദൈവമായിരുന്നു. അവനില്‍ ജീവന്‍ ഉണ്ടായിരുന്നതിനാല്‍ അവന്‍ ജീവന്‍ ആയിരുന്നു. അതിനാല്‍ സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. (യോഹന്നാന്‍ 1:1-4)

എന്നിട്ടും സ്നാനം ഏറ്റ ശേഷം, “... പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.” (മത്തായി 4:1)

പാപം ഇല്ലാത്തവനെ, പാപ പ്രകൃതി ഇല്ലാത്തവനെ, ഒരിയ്ക്കലും പാപം ചെയ്യുവാന്‍ സാധ്യത ഇല്ലാത്തവനെ, പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ പരിശുദ്ധാത്മാവ് തന്നെ മരുഭൂമിയിലേക്ക് നടത്തി.

കാരണം, ഒരു മനുഷ്യന്‍ എന്ന നിലയില്‍, മനുഷരോടു തുല്യനായി തീരുവാന്‍, ഒരിക്കലായി, എന്നന്നേക്കുമായി, ദൈവീക വിശുദ്ധിയേയും സ്വര്‍ഗീയ രാജ്യത്തോടുള്ള വിശ്വസ്തതയും അവന്‍ തിരഞ്ഞെടുക്കേണമായിരുന്നു.

മരുഭൂമിയില്‍, യേശു ക്രിസ്തു പിശാചിനെ തോല്പ്പിച്ചു, അവന്‍ ദൈവീക വിശുദ്ധിയേയും ദൈവത്തോടുള്ള അനുസരണത്തെയും തിരഞ്ഞെടുത്തു.

ഫിലിപ്പിയര്‍ 2: 8 ല്‍ നമ്മള്‍ വായിക്കുന്നു: വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” അവിടെ തുടര്‍ന്നു പറയുന്നു: “അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;” (2:9)

ഇതാണ് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം.

ഈ സന്ദേശം ഞാന്‍ ചുരുക്കുവാന്‍ ആഗ്രഹിക്കുന്നു.

നമ്മള്‍ മുമ്പ് ചിന്തിച്ചതുപോലെ, മനുഷ്യന് ലഭിച്ച ആദ്യത്തെ അവസരത്തില്‍ അവന്‍ തെറ്റായ തിരഞ്ഞെടുപ്പ് നടത്തി. അത് അവനെ പാപത്തിലേക്കും പിശാചിന്റെ അടിമത്തത്തിലേക്കും നടത്തി. എന്നാല്‍ ദൈവം, അവന്റെ കൃപയാല്‍, മനുഷ്യര്‍ക്ക് രണ്ടാമതൊരു തിരഞ്ഞെടുപ്പിനുള്ള അവസരം കൂടി നല്കുവാന്‍ തീരുമാനിച്ചു. അതിനായി അവന്‍ ഒരു പാപ പരിഹാര യാഗം ഏദനില്‍ ക്രമീകരിച്ചു. ദൈവം ഒരു യാഗ മൃഗത്തെ ക്രമീകരിച്ചു, അതിനെ കൊന്നു, അതിന്റെ രക്തം ഭൂമിയില്‍ ഒഴിച്ചുകളഞ്ഞു. ജീവന്‍ രക്തത്തില്‍ ആണ് ഇരിക്കുന്നത് എന്ന പ്രമാണപ്രകാരം, നിര്‍ദ്ദോഷിയായ ഒരു മൃഗം പാപിയായ മനുഷരുടെ പകരക്കാരനും പ്രതീകവുമായി ഏദന്‍ തോട്ടത്തില്‍ മരിച്ചു.

ആദാമിന്റെ സന്തതി ആയ ഹാബെല്‍, മൃഗത്തെ കൊന്നു രക്തം ചൊരിഞ്ഞുള്ള പാപ പരിഹാര യാഗത്തെ തിരഞ്ഞെടുത്തു, അവനില്‍ ദൈവം പ്രസാദിച്ചു. ഇത്, യാഗം ആദാമിനു മാത്രമല്ല, അവന്റെ സന്തതി പരമ്പരകള്‍ക്കും ഉള്ള രക്ഷയുടെ മാര്‍ഗ്ഗമാണ് എന്നു കാണിക്കുന്നു.

അതിനു ശേഷം, ഇന്നേ വരെ, ദൈവം ക്രമീകരിച്ച പാപ പരിഹാര യാഗത്തില്‍ വിശ്വസിക്കുകയും, അത് തിരഞ്ഞെടുക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും പാപമോചനവും നിത്യ ജീവനും ഉണ്ട്. ഇത് രണ്ടാമത്തെയും അവസാനത്തെയും തിരഞ്ഞെടുപ്പിനുള്ള അവസരം ആണ്.

ഏദനിലെ യാഗത്തിന്റെ സമ്പൂര്‍ണ്ണ നിവൃത്തി യേശുക്രിസ്തുവില്‍ ആണ് നമ്മള്‍ കാണുന്നത്. യേശു ക്രിസ്തു, ദൈവത്താല്‍ ക്രമീകരിക്കപ്പെട്ട, നിദ്ദോഷവും നിഷ്കളങ്കവുമായ യാഗമൃഗം ആയിരുന്നു. (1 പത്രൊസ് 1: 19).

അവന്‍ നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു. (1 കൊരിന്ത്യര്‍ 15:3)

റോമര്‍ 3: 24, 25 വാക്യങ്ങള്‍ പറയുന്നു: “വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ (യേശു ക്രിസ്തുവിനെ) പരസ്യമായി നിറുത്തിയിരിക്കുന്നു. (25). അതിനാല്‍, നമ്മള്‍ ദൈവത്തിന്റെ മഹാ “കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.” (24)

വിശ്വസിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പാണ്. അവിശ്വസിക്കുവാനും മല്‍സരിക്കുവാനുമുള്ള സ്വാതന്ത്ര്യവും മനുഷ്യര്‍ക്ക് ഉണ്ട്.

എന്നാല്‍ നമ്മളുടെ തിരഞ്ഞെടുപ്പ് നമ്മളുടെ ഭാവിയെ, നമ്മളുടെ നിത്യജീവനെ നിശ്ചയിക്കും. തിരഞ്ഞെടുപ്പിനുള്ള ഇപ്പോഴുള്ള അവസരം രണ്ടാമത്തേതും അവസാനത്തേതുമാണ്. ഇനി നമുക്ക് മറ്റൊരു അവസരം ലഭിക്കുക ഇല്ല.

അതിനാല്‍, നിഷ്കളങ്കമായ രക്തം ചൊരിഞ്ഞുള്ള പാപ പരിഹാര യാഗം എന്ന ദൈവീക മാര്‍ഗ്ഗത്തെയും, അതിനായി അവന്‍ ക്രമീകരിച്ച യാഗമൃഗമായ യേശുക്രിസ്തുവിനെയും, അവന്റെ പരമ യാഗമായ ക്രൂശു മരണത്തെയും, നമ്മളുടെ ഏക പാപ പരിഹാര മാര്‍ഗ്ഗം ആയി തിരഞ്ഞെടുക്കുക. അത് നമ്മളെ നിത്യ ജീവനിലേക്ക് നടത്തും.

നമ്മളുടെ തിരഞ്ഞെടുപ്പ് നമ്മളുടെ നിത്യതയെ തീരുമാനിക്കും. അതിനുള്ള അവസരമാണ് നമുക്ക് ഇപ്പോള്‍ ഉള്ളത്. ഇത് അവസാനത്തെ അവസരവും ആണ്.

“ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു ... അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും ... ജീവനെ തിരഞ്ഞെടുത്തുകൊൾക” (ആവര്‍ത്തന പുസ്തകം 30: 19, 20)


ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ടു ഈ വീഡിയോ അവസാനിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

വേദപുസ്തക മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കാണുവാനും കേള്‍ക്കുവാനും നിങ്ങളെ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. 

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.

ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക. മറ്റുള്ളവരോടുകൂടെ പറയുക.

ഈ സന്ദേശം കണ്ടതിന്നും കേട്ടത്തിനും വളരെ നന്ദി.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.

No comments:

Post a Comment