നമ്മളുടെ വീഡിയോ കാണുന്നവരും കേള്‍ക്കുന്നവരും ചോദിച്ച ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി ആണ് ഇവിടെ പറയുന്നത്. ഇന്നത്തെ ചോദ്യം ഇതാണ്: എന്താണ് ഹാനോക്കിന്റെ പുസ്തകം? ഇതിനെ തിരുവെഴുത്തായോ, അതിനു തുല്യമായോ ആധികാരികമായി അംഗീകരിച്ചിട്ടുണ്ടോ? ഇതിനെ ക്രിസ്തീയ വിശ്വാസികള്‍ എങ്ങനെ കാണണം? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി ആണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
ഹാനോക്കിന്റെ പുസ്തകം എന്നു അറിയപ്പെടുന്ന രചന, ഒരു സ്യൂഡ് എപ്പിഗ്രാഫിക്കല്‍ (pseudepigraphical) കൃതി ആണ്. എന്നു പറഞ്ഞാല്‍, ഒരു കൃതിയുടെ യഥാര്‍ത്ഥ എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ മറച്ചു വെക്കുന്നു. അതിനു കൂടുതല്‍ പ്രശസ്തിയും സ്വീകാര്യതയും ലഭിക്കുവാനായി, അദ്ദേഹത്തിന് മുമ്പ് ജീവിച്ചിരുന്ന ഏതെങ്കിലും, ബഹുമാന്യനും പ്രശസ്തനും ആയ വ്യക്തിയുടെ രചനയായി അതിനെ അവതരിപ്പിക്കുന്നു. ഇങ്ങനെ ഉള്ള എല്ലാ കൃതികളെയും സ്യൂഡ് എപ്പിഗ്രാഫിക്കല്‍ രചനകള്‍ എന്നോ, സ്യൂഡ് എപ്പിഗ്രാഫാ (pseudepigrapha) എന്നോ, സ്യൂഡ് എപ്പിഗ്രാഫ് (pseudepigraph) എന്നോ ആണ് അറിയപ്പെടുന്നത്. ഹാനോക്കിന്റെ പുസ്തകം എന്ന് അറിയപ്പെടുന്ന രചനയും ഇത്തരമൊരു സ്യൂഡ് എപ്പിഗ്രാഫ് ആണ്. ഈ പുസ്തകം, വേദപുസ്തകത്തിലെ ഹാനോക്ക് എഴുതിയതാണ് എന്നു പണ്ഡിതന്മാര്‍ ആരും വിശ്വസിക്കുന്നില്ല. വേദപുസ്തകത്തിലെ ഹാനോക്ക് ആണ് ഇത് എഴുതിയത് എങ്കില്‍, അത് നോഹയുടെ കാലത്തെ മഹാ പ്രളയത്തെ എങ്ങനെ അതിജീവിച്ചു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.