പുതിയനിയമത്തില്‍ പൌരോഹിത്യം ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നും ഉണ്ട് എന്നുമായിരിക്കും ഉത്തരം. കാരണം പൌരോഹിത്യം എന്നതുകൊണ്ടു നമ്മള്‍ എന്ത് അര്‍ഥമാക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഉത്തരം.
ഇപ്പോഴത്തെ ചില ക്രിസ്തീയ എപ്പീസ്കോപ്പല്‍ സഭാവിഭാഗങ്ങളില്‍ കാണുന്ന പൌരോഹിത്യം പുതിയനിയമത്തില്‍ ഉണ്ടോ എന്നു ചോദിച്ചാല്‍, ഇല്ല എന്നതാണ് ഉത്തരം. വേദപുസ്തകത്തില്‍ നമ്മള്‍ ആദ്യം കാണുന്ന “അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതന്‍” മൽക്കീസേദെക്ക് ആണ്. അദ്ദേഹത്തെക്കുറിച്ച് നമ്മള്‍ ആദ്യമായി വായിക്കുന്നത് ഉല്‍പ്പത്തി പുസ്തകം 14 ആം അദ്ധ്യത്തില്‍ 18 മുതല്‍ 20 വരെയുള്ള വാക്യങ്ങളില്‍ ആണ്. അബ്രാഹാമിന്‍റെ സഹോദരപുത്രനായ ലോത്തിനെയും അവന്‍റെ സമ്പത്തും ശത്രുക്കളായ രാജാക്കന്മാര്‍ കൊള്ളയിട്ടു കൊണ്ടുപോയി. ഇത് അറിഞ്ഞ അബ്രഹാം ആ രാജാക്കന്മാരോടു യുദ്ധം ചെയ്ത്, അവരെ തോല്‍പ്പിച്ച്, ലോത്തിനെയും സമ്പത്തിനെയും തിരികെ കൊണ്ടുവന്നു. തിരികെ വരുന്ന വഴിക്ക്, അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്ന ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുമായി എതിരേറ്റു വന്നു. അവന്‍ അബ്രാഹാമിനെ അനുഗ്രഹിച്ചു, അബ്രഹാം അവന് സകലത്തിലും ദശാംശം കൊടുത്തു. ഇതാണ് മൽക്കീസേദെക്കിനെ നമ്മള്‍ കാണുന്ന ആദ്യ അവസരം. ഇതിന് ശേഷം, മൽക്കീസേദെക്കിന്റെ ക്രമപ്രകാരം ഒരു പൌരോഹിത്യം പഴയനിയമ കാലത്ത് തുടരുന്നതായി നമ്മള്‍ കാണുന്നില്ല.
മോശെയുടെ ഉടമ്പടി
നിലവില്‍ വരുന്നത്, ഈ
സംഭവത്തിനും അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. യിസ്രായേല്‍ ജനം മിസ്രയീമിലെ
അടിമത്തത്തില്‍ നിന്നും സ്വതന്ത്രര്‍ ആയി, മരുഭൂമിയിലൂടെ
യാത്ര ചെയ്യുന്ന അവസരത്തില്‍ സീനായി പര്‍വ്വതത്തില്‍ വച്ച് ആണ് ദൈവം മോശെയിലൂടെ
ഒരു ഉടമ്പടി സ്ഥാപിച്ചത്. ഈ ഉടമ്പടിയുടെ ഭാഗമായി ഒരു പൌരോഹിത്യം നിലവില്‍ വന്നു.
ഇതിനെ ആണ് നമ്മള്‍ ലേവ്യ പൌരോഹിത്യം എന്നു വിളിക്കുന്നത്. ദൈവം തിരഞ്ഞെടുത്ത ആദ്യ
പുരോഹിതന്‍ ലേവ്യ ഗോത്രക്കാരനായ അഹരോന്‍ ആയിരുന്നു. (ഉല്‍പ്പത്തി 28:1, സംഖ്യാപുസ്തകം 3:10). അവന്റെ പുത്രനായ എലെയാസാറിനും അവന്റെ മകനായ
ഫീനെഹാസിനും അവന്റെ സന്തതിക്കും നിത്യ പൌരോഹിത്യം ലഭിച്ചു. (സംഖ്യാപുസ്തകം 25:
13). കാലങ്ങളുടെ മുന്നോട്ട് ഉള്ള പോക്കില്‍ പൌരോഹിത്യത്തിന്റെ തുടര്‍ച്ചയില്‍ ചില
അവ്യക്തതകള്‍ ഉണ്ടായിട്ടുണ്ട്. എലെയാസറില്‍ നിന്നും പൌരോഹിത്യം അഹരോന്‍റെ ഇളയ
പുത്രനായ ഈഥാമാറിലേക്കും തിരികെയും മാറുന്നതായും വേദപുസ്തകത്തില്‍ രേഖകള്‍ ഉണ്ട്. ഏലി
പുരോഹിതന്‍ ഈഥാമാറിന്‍റെ വംശാവലിയില്‍ ആയിരുന്നു, എന്നാല്‍
അവന് ശേഷം വന്ന സാദോക്ക് എലെയാസറിന്‍റെ വംശാവലിയില്‍ ആയിരുന്നു. ഇതിലുപരിയായി
രാജാക്കന്മാര്‍ അവര്‍ക്കിഷ്ടമുള്ളതുപോലെ പുരോഹിതന്മാരെ നിയമിച്ച കാലങ്ങളും
ഉണ്ടായിട്ടുണ്ട്.
യെശൂദ്യ ദേശം
സെലൂസിഡ് രാജവംശത്തിന്റെ ഭരണത്തിന്‍ ആയിരുന്നപ്പോള്‍ പൌരോഹിത്യം ഒരു രാക്ഷ്ട്രീയ
നിയമനമായി മാറി. അന്‍റിഒക്കസ് നാലാമന്‍ എപ്പിഫാനെസ് എന്ന സെലൂസിഡ് രാജാവിന്റെ
കാലത്ത്, രാജാവിന്റെ കല്‍പ്പനകള്‍
യെഹൂദ്യയില്‍ നടപ്പാക്കുന്ന ഒരു ഗവര്‍ണര്‍ ആയി മഹാപുരോഹിതന്‍ മാറി. രാജാവിന്
കൈകൂലി നല്കി മഹാപുരോഹിത സ്ഥാനം ചിലര്‍ കൈവശമാക്കി. ഈ കാലത്ത്, മറ്റാത്തിയസ് (Mattathias) എന്ന ലേവ്യ പുരോഹിതന്‍, 167 BC ല്‍, സെലൂസിഡ്
ഭരണത്തിനും ഗ്രീക് മത ആചാരങ്ങള്‍ക്കും എതിരെ കലാപം ഉയര്‍ത്തി. അദ്ദേഹം, യഹൂദന്മാരുടെ ചരിത്രത്തിലെ മൂന്നാമത്തെ മഹാപുരോഹിതന്‍ ആയിരുന്ന ഫീനെഹാസിന്റെ
വംശാവലിയില്‍പ്പെട്ടവന്‍ ആയിരുന്നു. അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിന്റെ അഞ്ചു
മക്കളും കലാപം തുടര്‍ന്നു. അവര്‍ യെരൂശലേമിനെ
സ്വതന്ത്രമാക്കി. പിന്നീട് അവര്‍ സ്ഥാപിച്ച ഹാസ്മോനിയന്‍ രാജവംശത്തിന്റെ
ഭരണകാലത്ത്, വീണ്ടും ലേവ്യ പൌരോഹിത്യം പുനസ്ഥാപിച്ചു.
എന്നാല്‍ റോമന്‍
സാമ്രാജത്തിന്റെ കാലത്ത് പൌരോഹിത്യം വീണ്ടും രാക്ഷ്ട്രീയ നിയമനം ആയി മാറി. യേശുക്രിസ്തുവിന്റെ
കാലത്ത്, റോമന്‍ ഭരണകൂടം
നിയമിക്കുന്നവര്‍ ആയിരുന്നു മഹാപുരോഹിതന്മാര്‍. ഇതില്‍ നിര്‍ബന്ധമായ അഹോരോന്യ ക്രമം
നോക്കാറില്ലായിരുന്നു. ഈ രീതി AD 70 ലെ ദൈവാലയത്തിന്റെ തകര്‍ച്ച
വരെ തുടര്‍ന്നു. മഹാ പുരോഹിതന്മാര്‍ ആയിരുന്ന ഹന്നാവും, കയ്യഫാവും റോമാക്കാര്‍ നിയമിച്ച
പുരോഹിതന്മാര്‍ ആയിരുന്നു. പുതിയനിയമത്തില്‍ പറയുന്ന,
യോഹന്നാന്‍ സ്നാപകന്‍റെ പിതാവ് സെഖര്യാവു ഒരു ലേവ്യ പുരോഹിതന്‍ ആയിരുന്നു. എന്നാല്‍
അദ്ദേഹത്തിന്‍റെ ഏക മകനായിരുന്ന യോഹന്നാന്‍ സ്നാപകന്‍ പിതാവിന്റെ പിന്തുടര്‍ച്ചയായി
ആലയത്തിലെ പുരോഹിതന്‍ ആയില്ല. അവന്‍ ആലയത്തിലെ യാഗപീഠത്തില്‍ ശുശ്രൂഷ ചെയ്തില്ല.
ഇത് പ്രധാനപ്പെട്ട ഒരു വസ്തുത ആണ്. യോഹന്നാന്‍, ചാവുകടല്‍ തീരത്ത് താമസിച്ചിരുന്ന ക്യൂമ്രാന്‍ സമൂഹത്തില്‍ ചേര്‍ന്ന് ജീവിച്ചു എന്നു കരുതപ്പെടുന്നു.
ഈ ചരിത്ര സത്യങ്ങളുടെ വെളിച്ചത്തില്‍, പുതിയനിയമ സഭയിലേക്ക് അഹരോന്യ ക്രമപ്രകാരമുള്ള പൌരോഹിത്യം തുടര്‍ച്ചയായി വന്നില്ല എന്നു മനസ്സിലാക്കാം. അഹരോന്‍റെ പൌരോഹിത്യത്തിന്‍റെ ക്രമം യഹൂദ ചരിത്രത്തില്‍ പലപ്പോഴും അവ്യക്തമായി. എന്നു മാതമല്ല, സെഖര്യാവില്‍ നിന്നും അത് തുടരുകയും ചെയ്തില്ല. പുതിയനിയമത്തിലെ പൌരോഹിത്യത്തെക്കുറിച്ച് മനസ്സിലാക്കുമ്പോള്‍ ഇതിന് കൂടുതല്‍ വ്യക്തത ഉണ്ടാകും.
ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ, പുതിയനിയമത്തില്‍ പൌരോഹിത്യം ഉണ്ടോ എന്നു ചോദിച്ചാല്‍, തീര്‍ച്ചയായും ഉണ്ട് എന്നാണ് ഉത്തരം. മാത്രവുമല്ല പുതിയനിയമത്തിലെ മഹാപുരോഹിതന്‍ ലേവ്യ പുരോഹിതന്മാരെക്കാള്‍ ശ്രേഷ്ഠനും ആണ്.
ദൈവം യിസ്രായേല്‍ ജനത്തെ വിളിച്ച് വേര്‍തിരിച്ചത് അവരെ ഒരു പ്രത്യേക വംശവും രാജ്യവും ആക്കുവാന്‍ ആയിരുന്നു. പുറപ്പാടു 19: 5, 6 വാക്യങ്ങളില്‍ നമ്മള്‍ വായിക്കുന്നു: “... നിങ്ങൾ എനിക്കു സകലജാതികളിലും വെച്ചു പ്രത്യേക സമ്പത്തായിരിക്കും; ... നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും.” എന്നാല്‍ പഴയനിയമ ചരിത്രത്തില്‍ ഇത് നിവൃത്തിക്കപ്പെട്ടില്ല. കാരണം പിന്നീട് ദൈവം അവര്‍ക്ക് ഒരു പുരോഹിത വര്‍ഗ്ഗത്തെ പ്രത്യേകമായി നിയമിക്കുന്നതായി നമ്മള്‍ കാണുന്നു. ഈ പുരോഹിതവര്‍ഗ്ഗം ആയിരുന്നു അഹരോന്‍റെ ക്രമപ്രകാരമുള്ള, ലേവ്യ പുരോഹിതന്മാര്‍. ഇത് സെഖര്യാവില്‍ അവസാനിക്കുന്നു എന്നു നമ്മള്‍ കണ്ടു കഴിഞ്ഞു. കാരണം ദൈവീക പദ്ധതിക്കും യേശുക്രിസ്തുവിനും ഇടയിലുള്ള ഒരു ഇടക്കാല ക്രമീകരണം ആയിരുന്നു ലേവ്യ പൌരോഹിത്യവും യാഗപീഠവും അതിന്മേലുള്ള ശുശ്രൂഷകളും. എന്നാല്‍ ഒരു വിശുദ്ധവംശത്തെയും രാജകീയ പുരോഹിത വര്‍ഗ്ഗത്തെയും സ്വന്തജനമായി വേര്‍തിരിക്കുക എന്ന ദൈവീക പദ്ധതി നമ്മള്‍ വീണ്ടും പുതിയനിയമത്തില്‍ കാണുന്നു. പുതിയനിയമ വിശ്വാസികള്‍ ദൈവീക പദ്ധതി പ്രകാരം ഉള്ള രാജകീയ പുരോഹിതന്മാര്‍ ആണ് എന്നു പത്രൊസ് പറയുന്നു. “നിങ്ങളോ ... തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” വെളിപ്പാടു പുസ്തകം 1: 6 ലും 5: 10 ലും നമുക്ക് ഇതേ മര്‍മ്മം വായിക്കാവുന്നതാണ്. പഴയനിയമത്തില്‍ യിസ്രായേല്‍ ജനം ആരാകേണം എന്നു ദൈവം ആഗ്രഹിച്ചുവോ, അതായി പുതിയനിയമ വിശ്വാസികളെ ദൈവം പ്രഖ്യാപിക്കുക ആണ്.
എന്താണ് രാജകീയ പുരോഹിത വര്‍ഗ്ഗം എന്നു പറഞ്ഞാല്‍? ദൈവ കൃപയാല്‍ യേശുക്രിസ്തുവിന്റെ പരമ യാഗത്തിലുള്ള വിശ്വസം മൂലം ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ജനം ഒരേ സമയം രാജാക്കന്മാരും പുരോഹിതന്മാരും ആയിരിയ്ക്കും എന്നാണ് അതിന്റെ അര്‍ത്ഥം. ദൈവരാജ്യം ദൈവജനത്തിന്റെ നിത്യമായ അവകാശമാണ്. അവിടെ യേശുക്രിസ്തു രാജാവായും ദൈവജനം പ്രജകളും ആയിരിയ്ക്കും. എന്നാല്‍ അവിടെയുള്ള പ്രജകള്‍ എല്ലാവരും രാജാക്കന്മാര്‍ ആയിരിയ്ക്കും. ഒരു ശ്രേഷ്ഠനും സര്‍വ്വാധികാരിയും ആയ ചക്രവര്‍ത്തിയുടെ കീഴിലെ ആശ്രിത രാജാക്കന്മാരെ പോലെ, ശ്രേഷ്ഠനായ യേശുക്രിസ്തു എന്ന നിത്യ രാജാവിന്റെ കീഴിലെ ആശ്രിത രാജാക്കന്മാര്‍ ആയിരിയ്ക്കും ദൈവജനം. അതുകൊണ്ടാണ് യേശുക്രിസ്തുവിനെ കുറിച്ച് പറയുമ്പോള്‍, 1 തിമൊഥെയൊസ് 6: 15 ല്‍ “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും” എന്നു പറയുന്നത്. വെളിപ്പാടു 17: 14 ലും മറ്റ് ചില വാക്യങ്ങളിലും നമ്മളുടെ കര്‍ത്താവിനെ “കർത്താധികർത്താവും രാജാധിരാജാവും” എന്നു വിളിക്കുന്നുണ്ട്. സങ്കീര്‍ത്തനം 82: 6 ല്‍ “നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.” എന്നു പറയുന്നതും ഇതേ അര്‍ത്ഥത്തില്‍ ആണ്. നമ്മള്‍ രാജാക്കന്മാര്‍ ആണ്. ദൈവരാജ്യം ഒരു ശ്രേഷ്ഠനായ രാജാവും അവന്റെ കീഴിലുള്ള അനേകം രാജാക്കന്മാരും നിത്യമായി വസിക്കുന്ന ഇടം ആണ്.
ലേവ്യ പൌരോഹിത്യത്തില്‍ ഒരു മഹാ പുരോഹിതനും, പുരോഹിതന്മാരും ആലയത്തില്‍ ശുശ്രൂഷ ചെയ്യുവാന്‍ ഉണ്ടായിരുന്നു. ഇതേ ക്രമത്തില്‍ പുതിയനിയമ വിശ്വാസികളും പുരോഹിതന്മാര്‍ ആയിരിക്കുന്നു എന്നു വേണം മനസ്സിലാക്കുവാന്‍. യേശുക്രിസ്തു ആണ് നമ്മളുടെ മഹാപുരോഹിതന്‍. എബ്രായര്‍ 4: 14, 15 വാക്യങ്ങളില്‍ യേശുക്രിസ്തുവിനെ, ശ്രേഷ്ഠമഹാപുരോഹിതന്‍ എന്നും മഹാ പുരോഹിതന്‍ എന്നും വിളിക്കുന്നു. എന്നാല്‍ യേശുക്രിസ്തുവും ലേവ്യപുരോഹിതന്മാരും തമ്മില്‍, വംശാവലിയിലും ശുശ്രൂഷയിലും വ്യത്യാസം ഉണ്ട്. യേശുക്രിസ്തു ലേവ്യ ഗോത്രത്തില്‍ നിന്നും ഉള്ളവന്‍ ആയിരുന്നില്ല. അവന്റെ വംശാവലിയുടെ ക്രമം യഹൂദ ഗോത്രക്കാരനായ ദാവീദ് രാജാവില്‍ നിന്നാണ്. ഇങ്ങനെ പറയുന്നത് അവന്റെ നിത്യ രാജത്വത്തെ കാണിക്കുവാനാണ്. എബ്രായര്‍ 7: 13 ല്‍ യേശു ക്രിസ്തു വേറൊരു ഗോത്രത്തില്‍ ഉള്ളവന്‍ എന്നും ആ ഗോത്രത്തില്‍ ആരും യാഗപീഠത്തില്‍ ശുശ്രൂഷ ചെയ്തിട്ടില്ല എന്നും പറയുന്നു. എബ്രായര്‍ 9:12 ല്‍ പറയുന്നു: “ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” അതായത് യേശുക്രിസ്തു ഭൂമിലെ ഒരു കൂടാരത്തില്‍, മനുഷ്യരുടെ പാപ പരിഹാരത്തിനായി, മൃഗങ്ങളുടെ യാഗം അര്‍പ്പിച്ചിരുന്ന മഹാപുരോഹിതന്‍ ആയിരുന്നില്ല. അവന്‍ സ്വന്ത രക്തത്താല്‍ ഒരിക്കലായിട്ടു സ്വര്‍ഗ്ഗത്തിലെ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കുകയും സ്വര്‍ഗ്ഗീയമായ കൃപാസനത്തില്‍ തന്‍റെ നിര്‍ദ്ദോഷവും നിഷ്കളങ്കവും, അജീര്‍ണ്ണവും ആയ രക്തം അര്‍പ്പിക്കുകയും ചെയ്തു. അങ്ങനെ നമ്മളുടെ വീണ്ടെടുപ്പിന്റെ മഹാപുരോഹിതന്‍ ആണ് ക്രിസ്തു. ഈ മഹാപുരോഹിതനോടൊപ്പം നിത്യമായി വസിക്കുന്ന പുരോഹിതന്മാര്‍ ആണ് വീണ്ടെടുക്കപ്പെട്ട ദൈവജനം. അതിനാല്‍, പുതിയനിയമത്തില്‍ ലേവ്യ പൌരോഹിത്യം ഇല്ല, എന്നാല്‍ വിശ്വാസികളുടെ പൌരോഹിത്യം ഉണ്ട്. ഇങ്ങനെ പുതിയനിയമ വിശ്വാസികള്‍, രാജകീയ പുരോഹിത വര്‍ഗ്ഗമായിരിക്കുന്നു.
യേശുക്രിസ്തുവിന്റെ മഹാ പൌരോഹിത്യം മൽക്കീസേദെക്കിന്റെ
ക്രമപ്രകാരം ഉള്ളതാണ് എന്നാണ് വേദപുസ്തകം പറയുന്നത്. മൽക്കീസേദെക്കിനെക്കുറിച്ച്
ഉല്‍പ്പത്തി പുസ്തകത്തില്‍ പറഞ്ഞതിനുശേഷം പിന്നീട് പഴയനിയമത്തില്‍ സങ്കീര്‍ത്തനങ്ങളില്‍
മാത്രമേ പരാമര്‍ശമുള്ളൂ. 110 ആം സങ്കീര്‍ത്തനം 4 ആം വാക്യം ഇങ്ങനെ ആണ്: “നീ
മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” ഇത്
യേശുക്രിസ്തു എന്ന മഹാപുരോഹിതനെക്കുറിച്ചുള്ള പ്രവചനം ആണ്. ഇതിന് ശേഷം
മൽക്കീസേദെക്കിനെ കുറിച്ചുള്ള പരാമര്‍ശം എബ്രായര്‍ക്കുള്ള ലേഖനത്തില്‍ മാത്രമേ ഉള്ളൂ.
ഈ ലേഖനത്തിന്റെ 6 ആം അദ്ധ്യായം 20 ആം വാക്യത്തില്‍, യേശു
മൽക്കീസേദെക്കിന്‍റെ ക്രമപ്രകാരം ഉള്ള നിത്യ മഹാപുരോഹിതനാണ് എന്നു പറയുന്നു. ഈ
വാക്യങ്ങളില്‍ നമ്മള്‍ പുരോഹിതന്മാരുടെ ഒരു ക്രമം കാണുന്നു. എന്നാല്‍, മൽക്കീസേദെക്കിന് ലേവ്യ പൌരോഹിത്യവുമായി ബന്ധമില്ല. അതായത്, മോശെയുടെ ന്യായപ്രമാണ പ്രകാരമുള്ള പൌരോഹിത്യത്തോടും യാഗങ്ങളോടും
മൽക്കീസേദെക്കിന് ബന്ധമില്ല. എബ്രായര്‍ 7: 7 ല്‍ മൽക്കീസേദെക്ക് അബ്രാഹാമിനെ
അനുഗ്രഹിച്ച കാര്യം പറയുമ്പോള്‍ “ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു എന്നതിന്നു
തർക്കം ഏതുമില്ലല്ലോ.” എന്നും 9 ആം വാക്യത്തില്‍, “ ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം
കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം.” എന്നും പറയുന്നു. അതുകൊണ്ടാണ് 4 ആം വാക്യത്തില്‍, “ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ” എന്ന് പറയുന്നതു.
അതിനാല്‍ തന്നെ മൽക്കീസേദെക്കിന്റെ പൌരോഹിത്യവും ക്രിസ്തുവിന്റെ പൌരോഹിത്യവും
ലേവ്യ പൌരോഹിത്യത്തെക്കാള്‍ ശ്രേഷ്ഠം ആയിരുന്നു. അതായത്, മൽക്കീസേദെക്ക് അബ്രാഹാമിനെക്കാളും ശ്രേഷ്ഠന്‍ ആയിരുന്നു. അബ്രഹാം
അഹരോനെക്കാളും ശ്രേഷ്ഠന്‍ ആയിരുന്നു. മൽക്കീസേദെക്കിന്റെ ക്രമപ്രകാരം ഉള്ള നിത്യ
മഹാപുരോഹിതന്‍ ആയ ക്രിസ്തുവും ഇവരെക്കാള്‍ ശ്രേഷ്ഠന്‍ തന്നെ. ഇതാണ് പുതിയ നിയമ
പൌരോഹിത്യത്തിന്‍റെ ക്രമം.
പുതിയ നിയമത്തില്‍ പൌരോഹിത്യം ഉണ്ടോ എന്ന
ചോദ്യത്തിന്റെ ഉത്തരം വ്യക്തമായി കാണും എന്ന് വിശ്വസിക്കുന്നു. പുതിയനിയമത്തില്‍
അഹരോന്റെ ക്രമപ്രകാരം ഉള്ള ലേവ്യ പൌരോഹിത്യം ഇല്ല. എന്നാല്‍ വീണ്ടെടുക്കപ്പെട്ട
ദൈവജനത്തിന്റെ പൌരോഹിത്യവും, ലേവ്യരെക്കാള്‍ ശ്രേഷ്ഠനായ, മൽക്കീസേദെക്കിന്റെ ക്രമപ്രകാരം
ഉള്ള നിത്യ മഹാപുരോഹിതന്‍ ആയ ക്രിസ്തുവിന്റെ നിത്യ പൌരോഹിത്യവും ഉണ്ട്.
ഈ ഹൃസ്വ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ. ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.
തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.
വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും
ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും
സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍
ലഭ്യമാണ. English ല്‍
വായിക്കുവാന്‍ naphtalitribe.com എന്ന
വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment