യേശുക്രിസ്തുവിന്‍റെ കഷ്ടാനുഭവ ആഴ്ച

യേശുവിന്‍റെ ക്രൂശീകരണം ഒരു ചരിത്രസംഭവം ആയിരുന്നു. യേശുവിന്‍റെ ജനനം, ശുശ്രൂഷാ കാലം, മരണം, ഉയിര്‍പ്പ് എന്നിവയെക്കുറിച്ചുള്ള  ചരിത്ര രേഖകളും പുരാവസ്തു തെളിവുകളും നമ്മുക്ക് ലഭ്യമാണ്.
സുവിശേഷങ്ങള്‍ യേശുവിന്‍റെ ജീവിതത്തിന്‍റെ രേഖകള്‍ ആണ്. അതുകൂടാതെ, യഹൂദ പുരോഹിതനും ചരിത്രകാരനുമായ യൊസെഫെസ്, റോമന്‍ സെനറ്ററും  ചരിത്രകാരനും ആയ റ്റാസിറ്റസ് എന്നിവരുടെ ചരിത്ര പുസ്തകങ്ങളില്‍ യേശുവിന്‍റെ ക്രൂശീകരണത്തെ കുറിച്ച് പറയുന്നുണ്ട്.

നമ്മളുടെ ഈ പഠനം, യേശുവിന്‍റെ ക്രൂശീകരണം നടന്ന ആഴ്ചയിലെ സംഭവങ്ങളുടെ ക്രമമായ ഒരു പട്ടിക ആണ്. ആ ഒരു ആഴ്ചയെ ക്രൈസ്തവ വിശ്വാസികള്‍ കഷ്ടാനുഭവ ആഴ്ച എന്നാണ് വിളിക്കുന്നത്.
യേശുവിന്‍റെ കഷ്ടാനുഭവ ആഴ്ചയിലെ സംഭവങ്ങള്‍ എല്ലാം, ഒരു സുവിശേഷ ഗ്രന്ഥകര്‍ത്താവ് മാത്രമായി  രേഖപ്പെടുത്തിയിട്ടില്ല. അതായത്, കഷ്ടാനുഭവ ആഴ്ചയിലെ സംഭവങ്ങള്‍ നാല് സുവിശേഷങ്ങളില്‍ ആയി ചിതറി കിടക്കുക ആണ്.  
അതിനാല്‍ ഒരു ക്രമായ പട്ടിക ലഭിക്കേണം എങ്കില്‍ നാല് സുവിശേഷങ്ങളില്‍ നിന്നും സംഭവങ്ങളെ ശേഖരിച്ചു ക്രമീകരിക്കേണതുണ്ട്.
ഇവിടെ, കാലത്തിന്റെയും സമയത്തിന്റെയും വ്യക്തത കുറവായതിനാല്‍ വ്യസ്തമായ അഭിപ്രായങ്ങള്‍ പണ്ഡിതന്മാരുടെ ഇടയില്‍ ഉണ്ട് എന്നത് ഒരു വെല്ലുവിളി ആണ്.
എങ്കിലും ഒരു ക്രിസ്തീയ വിശ്വസിക്ക് ആത്മീയ വര്‍ദ്ധനവിന് ഉപകാരപ്പെടുന്ന ഒരു ക്രമീകരണം ഞാന്‍ ഇവിടെ വിവരിക്കുക ആണ്.

യേശുവിന്‍റെ കഷ്ടാനുഭവങ്ങള്‍ അനീതിയുടെയും, സംശത്തിന്റെയും, അവിശ്വസ്തതയുടെയും, വേദനയുടെയും ഒറ്റപ്പെടലിന്റെയും, അവസാനമായി ദാരുണമായ മരണത്തിന്റെയും കഥ ആണ്. ദൈവം മനുഷ്യനായി ജനിച്ച്, മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരമായ യാഗമായി തീരുന്ന കഥ ആണത്.
ആത്മീയമായി യേശുവിന്‍റെ കഷ്ടാനുഭവങ്ങള്‍ ക്രിസ്തീയ വിശ്വാസത്തിന്റെ മുഖ്യധാര വിഷയങ്ങളില്‍ ഒന്നായ കഷ്ടതയുടെ ഉദാഹരണം ആണ്. ഇത് മനുഷ്യന്റെ വീണ്ടെടുപ്പിന്റെയും സാത്താന്‍റെമേലുള്ള ജയത്തിന്‍റെയും കഥകൂടി ആണ്.

എന്നാല്‍ സുവിശേഷ ഗ്രന്ഥങ്ങള്‍ ചരിത്ര പുസ്തകള്‍ അല്ല എന്ന് നമ്മള്‍ മനസ്സിലാക്കേണം.
സുവിശേഷങ്ങള്‍ ആത്മീയ സന്ദേശങ്ങള്‍ ആണ്. ഓരോ സുവിശേഷകനും ഒരു കേള്‍വിക്കാരും, അവരോടു മുഖ്യമായി പറയുവാന്‍ ഒരു സന്ദേശവും ഉണ്ടായിരുന്നു. അതിനാല്‍ തന്നെ, ലോകചരിത്രവുമായി ഒത്തുചേരുന്ന മറ്റൊരു ചരിത്രമായി അവര്‍ സുവിശേഷത്തെ എഴുതിയിട്ടില്ല.

എന്ന് പറഞ്ഞാല്‍, സുവിശേഷ ഗ്രന്ഥങ്ങള്‍, ചരിത്ര സംഭവങ്ങളുടെയും, വേദശാസ്ത്രപരമായ ചിന്തകളുടെയും, യേശുവിന്‍റെ ജനനം, മരണം, ഉയിര്‍പ്പ്, മനുഷ്യരുടെ പാപം, വീണ്ടെടുപ്പ്, നിത്യമായ ജീവന്‍ എന്നിവയെ കുറിച്ചുള്ള ദൈവീക പദ്ധതിയുടെയും രേഖകള്‍ ആണ്.
ഉപരിയായി, പഴയ നിയമത്തില്‍ യഹൂദന്‍റെ പ്രത്യാശ ആയിരിക്കുന്ന മശിഹ എന്ന രാജാവു യേശുതന്നെ ആണ് എന്ന് തെളിയിക്കുക എന്നതും അവരുടെ ലക്ഷ്യം ആയിരുന്നു.
എന്നാല്‍ യേശുവിന്‍റെ കഷ്ടാനുഭവ ആഴ്ചയിലെ സംഭവങ്ങളുടെ വിവരണത്തില്‍ വ്യാഖ്യാനങ്ങള്‍ കുറവാണ്. യേശു മനുഷ്യ വര്‍ഗ്ഗത്തിന്റെ പാപ പരിഹാരത്തിനായി അനുഭവിച്ച കഷ്ടതയുടെ ലളിതമായ വിവരണം ആണ് നമ്മള്‍ സുവിശേഷങ്ങളില്‍ കാണുന്നത്.
മത്തായി 26, 27, മര്‍ക്കോസ് 14, 15, ലൂക്കോസ് 22, 23, യോഹന്നാന്‍ 18, 19 എന്നീ അദ്ധ്യായങ്ങളില്‍ നമ്മള്‍ യേശുവിന്‍റെ കഷ്ടാനുഭവങ്ങളെ കുറിച്ച് വായിക്കുന്നു.


കഷ്ടാനുഭവ ആഴ്ച

ശനിയാഴ്ച & ഞായറാഴ്ച
യഹൂദന്മാരുടെ ആഴ്ച ആരംഭിക്കുന്നത് ശനിയാഴ്ച ആയതിനാല്‍ നമുക്ക് യേശുവിന്റെ ക്രൂശീകരണത്തിന് മുമ്പുള്ള ശനിയാഴ്ച മുതല്‍ ഈ പഠനം ആരംഭിക്കാം.
യോഹന്നാന്‍ 12:1 പറയുന്നതു അനുസരിച്ച്, “യേശു മരിച്ചവരിൽനിന്നു ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറുദിവസം മുമ്പെ വന്നു.”
ബേഥാന്യ, യെരൂശലേമിന് ഏകദേശം രണ്ടര കിലോമീറ്റര്‍ കിഴക്ക്, ഒലീവ് മലയുടെ തെക്ക് കിഴക്കന്‍ ചരുവില്‍ ഉള്ള ഒരു ഗ്രാമം ആയിരുന്നു.
അവിടെ യേശു, മരിച്ചവരില്‍ നിന്നും ഉയര്‍പ്പിച്ച ലാസറിന്‍റെ വീട്ടില്‍ ആയിരുന്നിരിക്കേണം താമസിച്ചിരുന്നത്.
അവിടെ വച്ച്, ലാസറിന്‍റെ സഹോദരി ആയ മറിയ, ഒരു റാത്തല്‍ സുഗന്ധ തൈലം എടുത്ത് യേശുവിന്റെ കാലില്‍ പൂശി, അവളുടെ തലമുടി കൊണ്ട് അവന്റെ കാല്‍ തുവര്‍ത്തി. (യോഹന്നാന്‍ 12:3)
അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യോത്താവിന് ഇത് അത്ര ഇഷ്ടപ്പെട്ടില്ല. എന്നാല്‍ യേശു അവളെ ന്യായീകരിച്ചു: “അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.” എന്നു പറഞ്ഞു.
അടുത്ത ദിവസമായ ഞായറാഴ്ചയും യേശു അവിടെ തന്നെ താമസിച്ചിരിക്കാന്‍ ആണ് സാധ്യത.
ഞായറാഴ്ച യേശു അവിടെ ഉണ്ടെന്നു അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല, അവൻ മരിച്ചവരിൽനിന്നു ഉയിർപ്പിച്ച ലാസരെ കാണ്മാനായിട്ടുംകൂടെ വന്നു. (യോഹന്നാന്‍ 12: 9)

തിങ്കളാഴ്ച
യേശുക്രിസ്തു രാജാവായി ഒരു കഴുതയുടെ പുറത്ത് യാത്രചെയ്ത് യരൂശലേമിലേക്കും ദൈവാലയത്തിലേക്കും പ്രവേശിക്കുന്നത് തിങ്കളാഴ്ച ആണ്. (Matthew 21:1-9; Mark 11:1-10; Luke 19:28-44)
യേശു കഴുതപ്പുറത്ത് യാത്രചെയ്തതിന് മാര്‍മ്മികമായ ഒരു അര്‍ത്ഥം ഉണ്ട്.
അക്കാലത്ത്, മദ്ധ്യപൂര്‍വ്വ രാജ്യങ്ങളിലെ രാജാക്കന്മാര്‍, ചില പ്രത്യേക അവസരങ്ങളില്‍, കഴുതപ്പുറത്ത് യാത്ര ചെയ്യുക പതിവ് ഉണ്ടായിരുന്നു.
1 രാജാക്കന്മാര്‍ 1:33 ല്‍ ശലോമോന്‍ തന്റെ രാജകീയ അഭിഷേകത്തിന്‍റെ ദിവസം കഴുതപ്പുറത്ത് യാത്രചെയ്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

യേശുവിന്‍റെ കഴുതപ്പുറത്തുള്ള യാത്ര രണ്ടു കാര്യങ്ങളെ സൂചിപ്പിക്കുന്നു എന്നു പറയാം.
ഒന്നു സെഖര്യാവു പ്രവാചകന്‍റെ പ്രവചനത്തിന്‍റെ നിവര്‍ത്തി ആണ്.

സെഖര്യാവ് 9:9 സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.

ഈ പ്രവചനം മത്തായി 21: 1-11 വരെയുള്ള ഭാഗത്ത്, യേശു കഴുതയുടെ പുറത്തു യെരൂശലേമിലേക്ക് പ്രവേശിക്കുന്നതോടെ നിവര്‍ത്തി ആയി.

ഈ സംഭവത്തിലെ രണ്ടാമത്തെ മര്‍മ്മം, അന്നത്തെ കാലത്ത്,  കുതിരപ്പുറത്ത് വരുന്ന ഒരു രാജാവു യുദ്ധത്തെയും കഴുത പുറത്ത് വരുന്ന രാജാവ് സമാധാനത്തേയും സൂചിപ്പിചിരുന്നു എന്നതാണ്.
വളരെ താഴ്ന്ന ഒരു മൃഗത്തിന്‍റെ മേലുള്ള യേശുവിന്റെ യാത്ര സമാധാനത്തിന്റെ അടയാളം ആണ്.
ഒരു പട്ടണത്തിലേക്കു കഴുതപ്പുറത്തുള്ള പ്രവേശനം രാജകീയ പ്രവേശനം ആണ്.

അതായത്, അപ്പോള്‍ ലഭിച്ച, വില കുറഞ്ഞ ഒരു മൃഗത്തെ യേശു ഉപയോഗിക്കുക ആയിരുന്നില്ല. അത് താഴ്മ കാണിക്കുവാന്‍ വേണ്ടി ഉള്ള യാത്രയും അല്ലായിരുന്നു. ജയാളിയായുള്ള യേശുവിന്റെ പ്രവേശനം രാജകീയം തന്നെ ആയിരുന്നു. രാജാവ് രാജകീയമായി പട്ടണത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. അത് യെരൂശലേമിന് സമാധാനത്തെ ഘോഷിച്ചുകൊണ്ടുള്ള പ്രവേശനവും ആയിരുന്നു.

അന്നേ ദിവസം, യേശു ദൈവാലയത്തിലേക്ക് പ്രവേശിച്ചു, സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടുംകൂടെ ബേഥാന്യയിലേക്കു പോയി.” (മര്‍ക്കോസ് 11:11)

ചൊവ്വാഴ്ച
ചൊവ്വാഴ്ച ദിവസം രാവിലെ, വീണ്ടും യേശുവും ശിഷ്യന്മാരും ബേഥാന്യയില്‍ നിന്നും യരൂശലേമിലേക്ക് യാത്രയായി.
യാത്രാമദ്ധ്യേ യേശുവിന് വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു, അവന്‍ അതിന്‍റെ അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: “ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു. (Matthew 21:18-19; Mark 11:12-14)
അവർ യെരൂശലേമിൽ എത്തിയപ്പോൾ യേശു ദൈവാലയത്തിൽ പ്രവേശിച്ചു. ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കി. പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടുകളഞ്ഞു. (മര്‍ക്കോസ് 11:15)
എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു” എന്നു യേശു പറഞ്ഞു. (മത്തായി 21:13)

അന്നുതന്നെ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ വേഗം നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിക്കുവാന്‍ തുടങ്ങി. എന്നാല്‍, പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ യേശുവിനെ പിടിക്കുവാന്‍ ഭയപ്പെട്ടു. (മര്‍ക്കോസ് 11:18)
സന്ധ്യയായപ്പോള്‍ യേശു നഗരം വിട്ടു പോയി.

ബുധനാഴ്ച
ബുധനാഴ്ച യേശുവും ശിഷ്യന്മാരും വീണ്ടും ദൈവാലയത്തിലേക്ക് പോയി.  
രാവിലെ അവർ കടന്നുപോകുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു. (മത്തായി 21:20-22; മര്‍ക്കോസ് 11:20-26)
അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു. (മത്തായി 21:23)

ഇവരുടെ ഈ ചോദ്യത്തിന് പിന്നില്‍ ഒരു യഹൂദ പ്രമാണം ഉണ്ട്.
സാധാരണയായി, ഒരു യഹൂദ റബ്ബി, മറ്റൊരു റബ്ബിയുടെ കീഴില്‍, കുറഞ്ഞത് 3 വര്‍ഷങ്ങള്‍ എങ്കിലും പ്രമാണങ്ങളും വ്യാഖ്യാനങ്ങളും ജീവിത ശൈലിയും പഠിച്ച വ്യക്തി ആയിരിക്കേണം.
യേശുവും ഇതേ രീതി തന്നെ ആണ് തന്‍റെ ശിഷ്യന്മാരെ പരിശീലിപ്പിക്കുവാനും സ്വീകരിച്ചത്. യേശുവിന്റെ ശിഷ്യന്മാരും യേശുവിനോടൊപ്പം മൂന്നു വര്‍ഷങ്ങള്‍ക്ക് അധികം ഒരുമിച്ച് ജീവിക്കുക ഉണ്ടായി. അവര്‍ യേശുവില്‍ നിന്നും കേള്‍ക്കുകയും പഠിക്കുകയും പരിശീലിക്കുകയും ചെയ്തു. അവരുടെ പരിശീലന കാലം തികഞ്ഞപ്പോള്‍ യേശു അവരെ സ്വതന്ത്രര്‍ ആയി ശുശ്രൂഷ ചെയ്യുവാന്‍ അധികാരപ്പെടുത്തുകയും ചെയ്തു.
അധികാരമുള്ള റബ്ബി എന്നത് സാധാരണ റബ്ബിമാരില്‍ നിന്നും വ്യത്യസ്തര്‍ ആയിരുന്നു. സാധാരണ റബ്ബിമാര്‍ മോശെയുടെ പ്രാമാണങ്ങള്‍ക്കും വായ്മൊഴി പ്രമാണങ്ങള്‍ക്കും നിലവില്‍ ഉള്ള വ്യാഖ്യാനങ്ങള്‍ മാത്രം പഠിപ്പിക്കുമ്പോള്‍, അധികാരമുള്ള റബ്ബിമാര്‍, പ്രമാണങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പുതിയ വ്യാഖ്യാനങ്ങള്‍ നല്കും.
ഇത്തരം അധികാരമുള്ള റബ്ബിമാരുടെ അധികാരത്തെ സ്മിഖ എന്നാണ് വിളിച്ചിരുന്നത്.
അത്, ഇന്ന് ക്രൈസ്തവ പുരോഹിതന്‍മാര്‍ക്കും ദൈവദാസന്‍മാര്‍ക്കും സഭകള്‍ നല്‍കുന്ന ഓര്‍ഡിനേഷന്‍ (ordination) പോലെ ആയിരുന്നു. 
സ്മിഖ ലഭിച്ചവര്‍ക്ക് മാത്രമേ പ്രമാണങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ നല്കുവാന്‍ അധികാരം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ യേശു മറ്റൊരു റബ്ബിയുടെ കീഴില്‍ പ്രമാണങ്ങള്‍ പഠിച്ചതായി അറിവില്ല. സ്മിഖ ലഭിച്ച ഏതെങ്കിലും റബ്ബി യേശുവിന്റെ ഗുരുവായിരുന്നു എന്നതിനും തെളിവില്ല.എന്നിട്ടും യേശു ന്യായപ്രമാണങ്ങളും വായ്മൊഴി പ്രമാണങ്ങളും വ്യത്യസ്ഥമായ രീതിയില്‍ വ്യാഖ്യാനിച്ചു. സ്മിഖ ലഭിച്ച റബ്ബിമാരെപ്പോലെ അധികാരം ഉപയോഗിച്ചു.
ഇതാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

എന്നാല്‍ ഈ ചേദ്യത്തിന് യേശു വ്യക്തമായ ഉത്തരം നല്‍കിയില്ല. പകരമായി അവന്‍ മറ്റൊരു ചോദ്യം അവരോടു ചോദിച്ചു: “യോഹന്നാന്റെ സ്നാനം എവിടെനിന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?” (മത്തായി 21: 25).
യോഹന്നാനും മറ്റൊരു റബ്ബിയുടെ കീഴില്‍ പരിശീലനം ലഭിച്ച വ്യക്തി ആയിരുന്നില്ല. മാത്രവുമല്ല, ജനമെല്ലാം അവനെ പ്രവാചകന്‍ എന്നു അംഗീകരിക്കുകയും ചെയ്തു.
ഈ സംസാരങ്ങള്‍ക്ക് ശേഷം തുടര്‍ന്നും, ഉപമകളിലൂടെ യേശു ദൈവരാജ്യത്തിന്‍റെ മര്‍മ്മങ്ങള്‍ ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്നു.

യഹൂദ പ്രമാണിമാര്‍ യേശുവിനെ കൊല്ലുവാന്‍ പദ്ധതി തയ്യാറാക്കുക ആയിരുന്നു. അതിനാല്‍ അവനെ വാക്കുകളില്‍ കുടുക്കുവാന്‍ അവര്‍ ശ്രമിച്ചു. (മര്‍ക്കോസ് 12: 13-17)
അതിനായി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.
അവർ വന്നു: കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.
യേശു അവരോടു: കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു.
തുടര്‍ന്നു യഹൂദ പ്രാമാണിമാരുമായി മറ്റ് ചില സംഭാഷണങ്ങളും നടന്നു, എങ്കിലും ഒന്നിലും യേശുവിനെ വാക്കില്‍ കുടുക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

യേശുവും ശിഷ്യന്മാരും അന്ന് ദൈവാലയം വിട്ടു പോകുമ്പോള്‍ യേശു പറഞ്ഞ പ്രവചനം മര്‍ക്കോസ് 13: 1 മുതല്‍ നമുക്ക് വായിക്കാവുന്നതാണ്.
യേശു അവനോടു: നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു പറഞ്ഞു.
ഇതിന് ശേഷം രേഖപ്പെടുത്തിയിരിക്കുന്നത് യേശു ഒലീവ് മലമുകളില്‍ ചെയ്ത പ്രഭാഷണം ആണ്. (മത്തായി 24:1-25:46; മര്‍ക്കോസ് 13:1-37; ലൂക്കോസ് 21:5-36)
മര്‍ക്കോസ് 13: 3, 4 വാക്യങ്ങളില്‍ നമ്മള്‍ വായിക്കുന്നു: പിന്നെ അവൻ ഒലീവ് മലയിൽ ദൈവാലയത്തിന്നു നേരെ ഇരിക്കുമ്പോൾ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോടു:  അതു എപ്പോൾ സംഭവിക്കും? അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം എന്തു എന്നു ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു.
ഇവിടെ ശിഷ്യന്മാര്‍ മൂന്ന് ചോദ്യങ്ങള്‍ ആണ് യേശുവിനോടു ചോദിക്കുന്നത്:
ഒന്നാമത്തെ ചോദ്യം: ദൈവാലയത്തിന്റെയും പട്ടണത്തിന്റെയും തകര്‍ച്ച എപ്പോള്‍ സംഭവിക്കും?
രണ്ടാമത്തെ ചോദ്യം: യഹൂദന്മാരുടെ മേല്‍ ന്യായവിധി നടത്തുവാനായും ദൈവരാജ്യം സ്ഥാപിക്കുവാനായും ഉള്ള യേശുവിന്റെ വരവിന്‍റെ അടയാളം എന്തായിരിക്കും?
മൂന്നാമത്തെ ചോദ്യം: ഈ ലോകത്തിന്‍റെ അവസാനത്തിന്‍റെ ലക്ഷണങ്ങള്‍ എന്തായിരിക്കും?
ഈ ചോദ്യങ്ങള്‍ക്ക് യേശു പ്രത്യേകം പ്രത്യേകം മറുപടി പറയുന്നില്ല. മൂന്ന് ചോദ്യങ്ങള്‍ക്കും ഉള്ള മറുപടി ഒരുമിച്ച് സമ്മിശ്രമായി യേശു പറയുക ആണ്.
ഒരേ വാക്കുകളാല്‍ അവയ്ക്കു ഒരുമിച്ച് മറുപടി നല്കുവാന്‍ കഴിയും എന്നതിനാലാണ് ഈ രീതി യേശു സ്വീകരിച്ചത് എന്നു നമുക്ക് അനുമാനിക്കാം.
ബാബിലോണിയന്‍ പ്രവാസത്തില്‍ നിന്നും മോചനം പ്രാപിക്കുന്നതിനെ കുറിച്ചും മശിഹ സ്ഥാപിക്കുന്ന ദൈവരാജ്യത്തെ കുറിച്ചും സംസാരിക്കുമ്പോള്‍, അത് രണ്ടു സംഭവങ്ങള്‍ ആണ് എങ്കിലും, സമ്മിശ്രമായി പറയുന്ന രീതി യെശയ്യാവ് പ്രവാചകന്‍ പ്രവചന പുസ്തകത്തില്‍ ആദിയോടന്തം സ്വീകരിച്ചിട്ടുണ്ട്.

അതേ ദിവസം തന്നെ, യേശുവിനെ 30 വെള്ളികാശിന് ഒറ്റികൊടുക്കാം എന്ന് ഈസ്കാര്യോത്താ യൂദാ മഹാപുരോഹിതന്മാര്‍ക്കും പടനായകന്മാര്‍ക്കും ഉറപ്പ് കൊടുത്തു.

യേശുവിന്‍റെമേല്‍ പരിമളതൈലത്താലുള്ള മൂന്നാമത്തെ അഭിഷേകം

യേശുവിന്റെ ക്ഷ്ടാനുഭവ ആഴ്ചയിലെ മറ്റൊരു സംഭവം ഇവിടെ എടുത്തു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
യേശുവിന്റെ ക്രൂശു മരണത്തിന് മുമ്പു നടന്ന മൂന്നാമത്തെയും അവസാനത്തേതുമായ പരിമളതൈലത്താലുള്ള അഭിഷേകം ആണിത്. മത്തായി 26: 6–13 വരെയും, മര്‍ക്കോസ് 14: 3–9 വരെയും ഉള്ള വാക്യങ്ങളില്‍ നമുക്ക് ഇത് വായിക്കാവുന്നതാണ്.
ഇത് യേശുവിന്റെ യെരൂശലേം പ്രവേശനത്തിന് ശേഷം, പെസഹയ്ക്ക് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പു, ക്രൂശീകരണത്തിന് തൊട്ടുമുമ്പു സംഭവിച്ചതാണ്.
യേശുവിനെ മൂന്നു പ്രാവശ്യം പരിമളതൈലത്താല്‍ അഭിഷേകം ചെയ്യുന്നതായി സുവിശേഷങ്ങളില്‍ നമ്മള്‍ വായിക്കുന്നുണ്ട്.
ആദ്യത്തെ അഭിഷേകത്തിന്‍റെ വിവരണം ലൂക്കോസ് 7: 36–50 വരെയുള്ള വാക്യങ്ങളില്‍ വായിക്കാവുന്നതാണ്.
ഈ സംഭവം നടക്കുന്നതു ശിമോന്‍ എന്ന പരീശന്‍റെ വീട്ടില്‍ വച്ചാണ്. അദ്ദേഹത്തിന്റെ വീട് ഗലീലയില്‍ ഉള്ള, കഫര്‍ന്നഹൂമിലോ, നയിന്‍ എന്ന പട്ടണത്തിലോ, കാനാ എന്ന സ്ഥലത്തോ ആയിരുന്നിരിക്കേണം. സാഹചര്യ തെളിവുകള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ വീട് കഫര്‍ന്നഹൂമില്‍ ആയിരുന്നു എന്ന് നമുക്ക് അനുമാനിക്കാവുന്നതാണ്.
അപ്പോള്‍, യോഹന്നാന്‍ സ്നാപകന്‍ കൊല്ലപ്പെട്ടിരുന്നില്ല എന്നതിനാല്‍ ഈ സംഭവം യേശുവിന്റെ ക്രൂശീകരണത്തിന് രണ്ടു വര്‍ഷം മുമ്പു നടന്നതാണ് എന്നും അനുമാനിക്കാം.
അഭിഷേകം ചെയ്ത സ്ത്രീയെ, “പാപിയായ ഒരു സ്ത്രീ” എന്നാണ് ലൂക്കോസ് വിളിച്ചിരിക്കുന്നത്. അവരുടെ പേര് ഇവിടെ പറയുന്നില്ല. “പാപിയായ ഒരു സ്ത്രീ” എന്ന പദം ഒരു പക്ഷേ വ്യഭിചാരി ആയിരുന്ന സ്ത്രീ എന്ന അര്‍ത്ഥത്തില്‍ ആയിരിക്കാം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
രണ്ടാമത്തെ അഭിഷേകത്തിന്‍റെ വിവരണം നമ്മള്‍ യോഹന്നാന്‍ 12: 1–8 വരെയുള്ള വാക്യങ്ങളില്‍ വായിക്കുന്നു.
ഈ സംഭവം നടക്കുന്നതു ബേഥാന്യയില്‍ ഉള്ള ലാസര്‍, മാറിയ, മാര്‍ത്ത എന്നിവരുടെ വീട്ടില്‍ വച്ചാണ്.
ഇത് പെസഹയ്ക്കും ആറ് ദിവസങ്ങള്‍ക്ക് മുമ്പും യെരൂശലേമിലേക്കുള്ള ജൈത്രയാത്രയ്ക്ക് മുമ്പും ആണ് നടക്കുന്നതു.
യേശുവിന്റെ കാലുകളില്‍ പരിമള തൈലം പൂശിയ ഈ സ്ത്രീ മറിയ ആയിരുന്നു എന്ന് യോഹന്നാന്‍ രേഖപ്പെടുത്തുന്നുണ്ട്. അവള്‍ ലാസറിന്റെയും മാര്‍ത്തയുടെയും സഹോദരി ആയിരുന്നു.
മൂന്നാമത്തെ അഭിഷേകം ബേഥാന്യയില്‍ തന്നെ ഉള്ള കുഷ്ഠരോഗി ആയിരുന്ന ശിമോന്‍റെ വീട്ടില്‍ വച്ചായിരുന്നു.
മത്തായി 26: 6–13 വരെയും, മര്‍ക്കോസ് 14: 3–9 വരെയും ഉള്ള വാക്യങ്ങളില്‍ നമുക്ക് ഇത് വായിക്കാവുന്നതാണ്.
ഇവിടെ മാത്രമേ യേശുവിന്റെ തലയില്‍ തൈലം ഒഴിക്കുന്നുള്ളൂ. മറ്റ് രണ്ടു സന്ദര്‍ഭങ്ങളിലും തൈലം യേശുവിന്റെ പാദത്തില്‍ ആണ് ഒഴിച്ചത്.
ഇവിടെയും സ്ത്രീയുടെ പേര് പറയുന്നില്ല, മറ്റ് വിശേഷണങ്ങളും ഇല്ല. അവള്‍ അവളുടെ തലമുടി കൊണ്ട് തൈലം തുടച്ചതും ഇല്ല.
ഇത്, യേശുവിന്‍റെ മേലുള്ള പരിമള തൈലം കൊണ്ടുള്ള മൂന്നാമത്തെയും അവസാനത്തെയും അഭിഷേകം ആണ്.

വ്യാഴാഴ്ച
യേശുവും ശിഷ്യന്മാരും അന്ത്യ അത്താഴം കഴിക്കുന്നത് വ്യാഴാഴ്ച ആണ്. (മത്തായി 26:20-30; മര്‍ക്കോസ് 14:17-26; ലൂക്കോസ് 22:14-30)
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു. അതിന്നു അവൻ പറഞ്ഞതു: “നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്നു: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ.” ശിഷ്യന്മാർ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി. സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു. (മത്തായി 26: 17 – 20)
യഹൂദന്മാര്‍ എല്ലാ വര്‍ഷവും പെസഹ ആചരിക്കാറുണ്ടായിരുന്നു. അതിനാല്‍ അവസാനത്തെ പെസഹയ്ക്ക് മുമ്പായി യേശുവും ശിഷ്യന്മാരും രണ്ടു പ്രാവശ്യമെങ്കിലും പെസഹ ആചരിച്ചിട്ടുണ്ടായിരിക്കേണം.
അവര്‍ ഈ ഭൂമിയിലെ ആധികാരികമായ അവസാനത്തെ പെസഹ ആണ് ആചരിച്ചത്. യേശുവിന്റെ മരണത്തോടെ ഈ ഭൂമിയില്‍ ആചരിക്കേണ്ടുന്ന പെസഹയും നിവര്‍ത്തി ആയി.

അന്ന് നിലവില്‍ ഇരുന്ന ഉടമ്പടികളുടെ ആചാരങ്ങള്‍ അനുസരിച്ച്, ഈ പെസഹ പുതിയ ഉടമ്പടിയെ സാധൂകരിക്കുന്ന അത്താഴം ആണ്. എന്നാല്‍ സാധാരണയായി ഉടമ്പടി ഇരുകൂട്ടരും ഏറ്റുപറഞ്ഞു സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെടുന്ന മൃഗത്തിന്റെ മാംസം ആണ് അത്താഴത്തിന് കഴിക്കുക. എന്നാല്‍ ഇവിടെ മൃഗം കൊല്ലപ്പെടുന്നതിന് മുമ്പുതന്നെ അത്താഴം കഴിക്കുക ആണ്. മൃഗം കൊല്ലപ്പെട്ടതിന് ശേഷം അത്താഴം കഴിക്കുക സാധ്യമല്ലായിരുന്നു.
അതായത് ഉടമ്പടിയുടെ ആചാരങ്ങള്‍ എല്ലാം പാലിക്കപ്പെട്ടു എങ്കിലും അതിന്റെ സാധാരണ കാണുന്ന ക്രമം  ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.

പെസഹ അത്താഴം കഴിക്കുന്നതിന് മുമ്പേ, യേശു ശിഷ്യന്മാരുടെ കാലുകള്‍ കഴുകി. (യോഹന്നാന്‍ 13:4). ഈ സംഭവം യോഹന്നാന്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.
യഹൂദയിലെ അന്നത്തെ വഴികള്‍ പൊടിയും ചെളിയും നിറഞ്ഞത് ആയിരുന്നു; യാത്ര കൂടുതലും നടന്നും ആയിരുന്നു. അതിനാല്‍ ഒരു വീട്ടിലേക്ക് വരുന്ന അതിഥിയുടെ കാല്‍ കഴുക എന്നത് അവിടെയുള്ള ഏറ്റവും താഴ്ന്ന ദാസന്‍റെ ജോലി ആയിരുന്നു. മാത്രവുമല്ല, പൊക്കം കുറഞ്ഞ മേശയുടെ ചുറ്റിനും ചരിഞ്ഞു ഇരുന്നാണ് അവര്‍ ആഹാരം കഴിച്ചിരുന്നത്. അതിനാലും, ആഹാരത്തിന് മുമ്പു കാലുകള്‍ കഴുകേണമായിരുന്നു.
എന്നാല്‍, ഇവിടെ യേശുവിന്‍റെയോ, ശിഷ്യന്മാരുടെയോ കാലുകള്‍ ആരും കഴുകിയില്ല എന്നു വേണം നമ്മള്‍ അനുമാനിക്കുവാന്‍. അതിനാല്‍ യേശു തന്നെ ആ ജോലി ഏറ്റെടുത്തു. ഇവിടെ യജമാനന്‍ ദാസന്മാരുടെ കാലുകള്‍ കഴുകുക ആണ്.

അത്താഴം കഴിച്ചുകൊണ്ടിരിക്കെ, ശിഷ്യന്മാരില്‍ ഒരുവന്‍ അവനെ ഒറ്റികൊടുക്കും എന്ന് യേശു പറഞ്ഞു.
യോഹന്നാന്‍ 13:21 ല്‍ നമ്മള്‍ വായിക്കുന്നു: ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.
അവന്‍ ആരായിരിക്കും എന്നും യേശു വ്യക്തമാക്കുന്നുണ്ട്.
മത്തായി 26: 25:  എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: “നീ തന്നേ” എന്നു അവൻ പറഞ്ഞു.
യോഹന്നാന്‍ 13: 26, 27 : ഞാൻ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവൻ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു. ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു; യേശു അവനോടു: നീ ചെയ്യുന്നതു വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു.
എന്നാല്‍ ശിഷ്യന്‍മാര്‍ക്ക് ഇത് വ്യക്തമായി മനസ്സിലായില്ല എന്ന് യോഹന്നാന്‍ പറയുന്നു.

പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി. (മത്തായി 26:30)
അവര്‍ പാടിയ സ്തോത്രത്തിന് “ഹാലേല്‍ കീര്‍ത്തനങ്ങള്‍” എന്നായിരുന്നു പേര്. “ഹാലേല്‍ കീര്‍ത്തനങ്ങള്‍” പെസഹ അത്താഴത്തിന് പാടുന്ന 113 മുതല്‍ 118 വരെയുള്ള സങ്കീര്‍ത്തനങ്ങള്‍ ആയിരുന്നു. ഈ സങ്കീര്‍ത്തനങ്ങള്‍ എല്ലാ പെസഹ അത്താഴ സമയത്തും യഹൂദന്മാര്‍ പാടുമായിരുന്നു. ഇതില്‍ പറഞ്ഞിരിക്കുന്ന അഞ്ചു അനുഗ്രഹങ്ങളും വിടുതലും ഓര്‍ക്കുവാന്‍ വേണ്ടി ആണ് ഇത് പാടിയിരുന്നത്.  
113, 114 സങ്കീര്‍ത്തങ്ങള്‍ അത്താഴത്തിന് ഇടയ്ക്കും 115 മുതല്‍ 118 വരെയുള്ള സങ്കീര്‍ത്തങ്ങള്‍ അത്താഴം കഴിയുമ്പോഴും പാടുമായിരുന്നു.

“ഹാലേല്‍ കീര്‍ത്തനങ്ങള്‍” പാടിയത്തിന് ശേഷം യേശുവും ശിഷ്യന്മാരും ഒലിവ് മലയിലേക്ക് പോയി. കഷ്ടാനുഭവ ആഴ്ചയില്‍ മൂന്നാമത്തെ പ്രാവശ്യമാണ് അവര്‍ ഒലിവ് മലയിലേക്ക് പോകുന്നത്. അവിടെ അവര്‍ ഒലിവ് മലയുടെ പടിഞ്ഞാറുഭാഗത്തെ ചരുവില്‍ ഉള്ള ഗെത്ത്ശെമന എന്ന തോട്ടത്തിൽ എത്തി.
അവിടെ, താന്‍ അനുഭവിക്കുവാന്‍ പോകുന്ന പീഡനങ്ങള്‍ ഓര്‍ത്തപ്പോള്‍ യേശുവിന്റെ ഹൃദയം മരണവേദനപോലെ അതിദുഃഖിതമായി തീര്‍ന്നു.
ശിഷ്യന്മാര്‍ ഉറക്കത്തില്‍ വീണുപോയെങ്കിലും യേശു മൂന്നു പ്രാവശ്യം അതീവ ദുഖത്തോടെ പ്രാര്‍ത്ഥിച്ചു.
ലൂക്കോസ് 22: 44 ല്‍ നമ്മള്‍ വായിക്കുന്നു: “ പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.”
ഒരു വൈദ്യന്‍ കൂടി ആയിരുന്ന ലൂക്കോസ് മാത്രമേ ഈ പ്രത്യേക ശാരീരിക അവസ്ഥ രേഖപ്പെടുത്തിയിട്ടുള്ളൂ. ഇത് യേശു അനുഭവിച്ച കഠിനമായ മനോവേദനയെ കാണിക്കുന്നു.
അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.

യേശു പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ തന്നെ യേശുവിന്റെ ശുഷ്യന്മാരില്‍ ഒരുവന്‍ ആയിരുന്ന യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും റോമന്‍ പടയാളികളും  വാളും വടികളുമായി വന്നു.
യൂദ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു. യൂദയുടെ ചുംബനം, അവന്‍ ചുംബിച്ചവന്‍ യേശു തന്നെ എന്നതിന്റെ അടയാളം ആയിരുന്നു. പടയാളികള്‍ മറ്റാരെയും തെറ്റായി പിടിക്കാതിരിക്കുവാന്‍ വേണ്ടി ആയിരുന്നു ഇങ്ങനെ ചെയ്തത്.
യേശുവിനെ സംരക്ഷിക്കുവാന്‍ വേണ്ടി പത്രൊസ് വാള്‍ ഊരി മഹാപുരോഹിതന്‍റെ ദാസനെ വെട്ടി, അവന്റെ കാത് അറുത്തു. എന്നാല്‍ യേശു പത്രൊസിനെ ശാസിച്ചു; ദാസന്‍റെ കാത് സൌഖ്യമാക്കി. (ലൂക്കോസ് 22:51).
യേശുവിനെ പടയാളികള്‍ അറസ്റ്റ് ചെയ്തു, വിചാരണയ്ക്കും ശിക്ഷയ്ക്കും ആയി കൊണ്ടുപോയി. അവന്റെ ശിഷ്യന്മാര്‍ അവനെ വിട്ട് ഓടി പോയി.

അന്ന് രാത്രിതന്നെ ഹന്നാവും മഹാപുരോഹിതന്‍ ആയ കയ്യഫാവും യേശുവിനെ വിചാരണ ചെയ്തു. (മത്തായി 26:57-75; മര്‍ക്കോസ് 14:53-72; ലൂക്കോസ് 22:54-65: യോഹന്നാന്‍ 18:13-27)
യോഹന്നാന്‍ 18:13 ല്‍ പറയുന്ന പ്രകാരം: “ഒന്നാമതു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു.”
കയ്യഫാവിന് മുംബ് ഹന്നാവ് മഹാപുരോഹിതന്‍ ആയിരുന്നു. അതിനാല്‍ തന്റെ പ്രവര്‍ത്തികള്‍ക്ക് ഹന്നാവിന്‍റെ അംഗീകാരം കൂടി ഉണ്ടായിരിക്കട്ടെ എന്നു കയ്യഫാവ് ആഗ്രഹിച്ചു കാണും.

കയ്യഫാവിന്റെ വീട്ടില്‍ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നു. അവര്‍ ആയിരുന്നു ന്യായാധിപ സംഘം. അന്നത്തെ യഹൂദന്മാരുടെ ന്യായാധിപ സംഘത്തിന് ഒരുവനെ പിടികൂടാനും വിചാരണ ചെയ്യുവാനും കൊല്ലുവാന്‍ വിധിക്കുവാനും ഉള്ള അധികാരം ഉണ്ടായിരുന്നു. എന്നാല്‍ വധശിക്ഷ റോമന്‍ അധികാരികളുടെ അംഗീകാരം ഇല്ലാതെ നടപ്പാക്കുവാന്‍ സാധ്യമല്ലായിരുന്നു.
രാത്രിയില്‍ കൂടിയ ന്യായാധിപ സംഘം അപ്പോള്‍ അവിടെ ഉണ്ടായിരുന്ന അംഗങ്ങള്‍ മാത്രം പങ്കെടുത്ത അനൗദ്യോഗികമായ സമതി മാത്രം ആയിരുന്നു.
ന്യായാധിപ സംഘത്തിന് മുമ്പാകെ യേശു, ദാനിയേല്‍ 7:13 ല്‍ പറയുന്ന ആകാശ മേഘങ്ങളോടെ വരുന്ന മനുഷ്യപുത്രന്‍ താന്‍ തന്നെ എന്നു പ്രഖ്യാപിച്ചു. അതായത് യേശു മശിഹാ ആണ് എന്നു വ്യക്തമായി അവകാശപ്പെട്ടു. ഇത് അവര്‍ക്ക് ദൈവദൂഷണമായി തോന്നി. അതിനാല്‍ അവൻ മരണയോഗ്യൻ എന്ന് അവര്‍ വിധിച്ചു. (മത്തായി 26: 66)
അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു.

പത്രൊസ് ഇതെല്ലാം കണ്ടുകൊണ്ട് നടുമുറ്റത്ത് ഇരിക്കുന്നുണ്ടായിരുന്നു. അവിടെ വച്ച് അവന്‍ മൂന്ന് പ്രാവശ്യം താന്‍ യേശുവിന്‍റെ സ്നേഹിതനോ ശിഷ്യനോ അല്ല എന്ന് തള്ളി പറഞ്ഞു. ഉടന്‍ തന്നെ കോഴി കൂവി.
അപ്പോള്‍, “കോഴി കൂകുമ്മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും” എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.

വെള്ളിയാഴ്ച
ഇനി നമുക്ക് യേശുവിനെ ക്രൂശിച്ച വെള്ളിയാഴ്ച ദിവസത്തെ സംഭവങ്ങളുടെ പട്ടിക തയ്യാറാക്കാം. ഇവിടെ നമ്മള്‍ പറയുന്ന സമയം നമ്മള്‍ ഇപ്പോള്‍ ഉപയോഗിയ്ക്കുന്ന സമയം ആണ് പ്രത്യേകം ഓര്‍ക്കുക.
യേശുവിനെ വിചാരണ ചെയ്യുവാനായി രാത്രിയില്‍ കൂടിയ ന്യായാധിപ സംഘം അനൗദ്യോഗികമായ സമതി മാത്രം ആയിരുന്നു എന്നു ഞാന്‍ പറഞ്ഞല്ലോ. അതിനാല്‍ വീണ്ടും അടുത്ത ദിവസം, വെള്ളിയാഴ്ച അതിരാവിലെ ന്യായാധിപ സംഘം ഒത്തുചെര്‍ന്നു, ഔദ്യോഗികമായി യേശുവിനെ കുറ്റക്കാരന്‍ എന്നും വധ ശിക്ഷയ്ക്ക് യോഗ്യന്‍ എന്നും വിധിച്ചു. (മത്തായി 27:1; മര്‍ക്കോസ് 15:1; ലൂക്കോസ് 22:66)
പത്രൊസ് യേശുവിനെ തള്ളി പറഞ്ഞതും വെള്ളിയാഴ്ച അതിരാവിലെ, ഏകദേശം 3 മണിയോടെ സംഭവിച്ചതായിരിക്കേണം.
സൂര്യന്‍ ഉദിച്ച നേരത്തുതന്നെ ന്യായാധിപ സഘം സമതി ചേര്‍ന്നു. വര്‍ഷത്തിന്റെ ആ കാലത്ത്, യഹൂദ ദേശത്ത്, ഏകദേശം അഞ്ചുമണിയോടെ സൂര്യന്‍ ഉദിച്ചിരുന്നു. 

ന്യായാധിപസംഘം, വധശിക്ഷ നടപ്പാക്കുന്നതിനായി, യേശുവിനെ യഹൂദയുടെ ഗവര്‍ണര്‍ ആയിരുന്ന പീലാത്തൊസിന്‍റെ അടുക്കല്‍ അയച്ചു. അപ്പോള്‍ ഏകദേശം രാവിലെ 6 മണി ആയിരുന്നു.

ഇവിടെ മത്തായി, യേശുവിനെ ഒറ്റികൊടുത്ത യൂദയ്ക്കു എന്തു സംഭവിച്ചു എന്ന് പറയുവാന്‍ അല്പ സമയം എടുക്കുന്നുണ്ട്. മത്തായി മാത്രമേ യൂദയുടെ ദാരുണമായ അന്ത്യം വിവരിക്കുന്നുള്ളൂ. (മത്തായി 27: 3-10)
യേശു എങ്ങനെ എങ്കിലും പടയാളികളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടോളും എന്നായിരുന്നു യൂദ ചിന്തിച്ചിരുന്നത്. എന്നാല്‍, യേശുവിനെ ശിക്ഷെക്കു വിധിച്ചു എന്നു യൂദ കണ്ടു, അവന്‍ ദുഖിതനായി. ഒറ്റികൊടുക്കുവാനായി അവന്‍ വാങ്ങിയ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ തിരികെ കൊടുത്തു.
“ഞാൻ കു‌‍റ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു” എന്ന് പറഞ്ഞ് യൂദ  ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞു. പിന്നെ അവന്‍ ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.

അതിനുശേഷം നമ്മള്‍ കാണുന്നത്, പീലാത്തൊസിന്‍റെ കോടതിയില്‍ നടക്കുന്ന യേശുവിന്‍റെ ഒന്നാമത്തെ കുറ്റ വിചാരണ ആണ്. ഇവിടെ പീലാത്തൊസ് ഒരു പ്രധാനപ്പെട്ട ചോദ്യം ചോദിക്കുന്നുണ്ട്:

മത്തായി 27: 11 എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; “ഞാൻ ആകുന്നു” എന്നു യേശു അവനോടു പറഞ്ഞു.
(Mark 15:2; Luke 23:3; John 18:33).

യേശുവിന്‍റെ മറുപടി കൂടുതല്‍ വ്യക്തമായി യോഹന്നാന്‍ 18: 37 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്: “നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ
ഇത് യേശുവിനെ കുറിച്ചുള്ള, അവന്‍ തന്നെ പറയുന്ന അവസാനത്തെ പ്രഖ്യാപനം ആണ്.
യേശു രാജാവാണ് എന്ന് പറഞ്ഞിട്ടും, പീലാത്തൊസ് പറഞ്ഞു: “ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല.” (യോഹന്നാന്‍ 18:38)

ഈ വിചാരണയ്ക്ക് ഒരു ഇടവേള സൃഷ്ടിച്ചുകൊണ്ടു മറ്റൊരു സംഭവം നടന്നതായി ലൂക്കോസ് രേഖപ്പെടുത്തുന്നു. ലൂക്കോസിന്റെ സുവിശേഷം 23:7–15 വരെയുള്ള വാക്യങ്ങളില്‍ ല്‍ മാത്രമേ ഈ സംഭവം നമ്മള്‍ വായിക്കുന്നുള്ളൂ.
യേശുവില്‍ ഒരു കുറ്റവും കാണുന്നില്ല എന്ന് പീലാത്തൊസ് പറഞ്ഞപ്പോള്‍, മഹാപുരോഹിതന്മാരും ജനകൂട്ടവും “അവൻ ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കർഷിച്ചുപറഞ്ഞു.” (ലൂക്കോസ് 23:5)
ഇതു കേട്ടിട്ടു യേശു ഗലീലക്കാരന്‍ എന്നു മനസ്സിലാക്കിയ പീലാത്തൊസ്, അവന്‍ ഗലീലയുടെ ഗവര്‍ണര്‍ ആയിരുന്ന ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ ആകകൊണ്ട്, യേശുവിനെ ഹെരോദ അന്തിപ്പാസിന്റെ അടുക്കല്‍ അയച്ചു. ആ സമയത്ത് ഹെരോദാവ് യെരൂശലേമിൽ ഉണ്ടായിരുന്നു.
ഹെരോദാവിന്റെ അടുക്കലുള്ള വിചാരണയില്‍ യേശു അവന്റെ ചോദ്യങ്ങള്‍ക്ക് ഒന്നും ഉത്തരം നല്‍കിയില്ല.
അതിനാല്‍ രാവിലെ 7 മണിയോടെ ഹെരോദാവ് യേശുവിനെ പീലാത്തൊസിന്‍റെ അടുക്കല്‍ തിരികെ അയച്ചു.
ഹെരോദാവിന് യേശുവില്‍ യാതൊരു കുറ്റവും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.

ഉല്‍സവ സമയങ്ങളില്‍ ഒരു കുറ്റവാളിയെ കാരാഗൃഹത്തില്‍ നിന്നും മോചിപ്പിക്കുക അക്കാലത്ത് പതിവായിരുന്നു. അതിനാല്‍ യേശുവിനെ മോചിപ്പിക്കുവാന്‍ പീലാത്തൊസ് ആഗ്രഹിച്ചു. പക്ഷേ ജനകൂട്ടം യേശുവിനെ ക്രൂശിക്കേണം എന്നും ബറബ്ബാസ് എന്ന കുറ്റവാളിയെ മോചിപ്പിക്കേണം എന്നും ആവശ്യപ്പെട്ടു.

യേശുവിനെ ക്രൂശിക്കുവാനായി അന്തിമ വിധി പീലാത്തൊസ് പറയുന്നതിന് മുമ്പെ നടന്ന ഒരു ചെറിയ സംഭവം കൂടി യോഹന്നാന്‍ 19: 1-12 വരെയുള്ള വാക്യങ്ങളില്‍ വായിക്കാവുന്നതാണ്.
യേശുവിനെ പടയാളികളാല്‍ ചാട്ടവാറുകള്‍ കൊണ്ട് അടിപ്പിച്ചശേഷം വെറുതെ വിടുവാന്‍ പീലാത്തൊസ് ആഗ്രഹിച്ചു.
അതിനാല്‍ യേശുവിനെ വാറുകൊണ്ടു അടിപ്പിച്ചു. പടയാളികൾ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽവെച്ചു ധൂമ്രവസ്ത്രം ധരിപ്പിച്ചു. അവന്റെ അടുക്കൽ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു.
അതിന് ശേഷം യേശുവിനെ മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു കൊണ്ടുവന്നു.
പീലാത്തൊസ് വീണ്ടും പറഞ്ഞു: “ഞാനോ അവനിൽ കുറ്റം കാണുന്നില്ല.” (യോഹന്നാന്‍ 19:6)
അപ്പോള്‍ യഹൂദന്മാര്‍, “നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആർത്തുപറഞ്ഞു.” (യോഹന്നാന്‍ 19:12)
ഇത് കേട്ട പീലാത്തൊസ് ഭയപ്പെട്ടു. ഇങ്ങനെ ഉള്ള വാര്‍ത്ത പരന്നാല്‍ തന്‍റെ ഭരണാധികാരം പോകും എന്നു മാത്രമല്ല, റോമന്‍ ചക്രവര്‍ത്തി ആയ സീസറിനെതിരെ നിന്നു എന്ന കുറ്റം ആരോപിക്കപ്പെട്ട് ശിക്ഷിക്കപ്പെടുവാനും സാധ്യത ഉണ്ട്.

ലൂക്കോസ് പറയുന്നു, റോമന്‍ സാമ്രാജ്യത്തിന് എതിരായ ഒരു കുറ്റവും യേശുവില്‍ കാണുന്നില്ല എന്നു പീലാത്തൊസ് മൂന്നു പ്രാവശ്യം പരസ്യമായി പറഞ്ഞു. അവന് യേശുവിനെ മോചിപ്പിക്കേണം എന്നു ആഗ്രഹം ഉണ്ടായിരുന്നു.
എന്നാല്‍ ജനങ്ങളുടെ ഇടയില്‍ ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് മനസ്സിലാക്കി.
യേശുവിന്റെ നിര്‍ദ്ദോഷമായ രക്തത്തില്‍ തനിക്ക് പങ്കില്ല എന്ന് കാണിക്കുവാനായി, അന്നത്തെ രീതി അനുസരിച്ച്, വെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു. (മത്തായി 27: 24)

രാവിലെ 8 മണിയോടെ പീലാത്തൊസ് യേശുവിനെ ക്രൂശിക്കുവാനുള്ള അന്തിമ വിധി പുറപ്പെടുവിച്ചു. യഹൂദ പുരോഹിതന്മാരും ജനകൂട്ടവും പടയാളികളും ചേര്‍ന്ന് യേശുവിനെ ക്രൂശിക്കുവാന്‍ കൊണ്ടുപോയി. (മത്തായി 27:26; മര്‍ക്കോസ് 15:15; ലൂക്കോസ് 23:23-24; യോഹന്നാന്‍ 19:16)
യേശു കൂശ് ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി. വഴിമദ്ധ്യേ “വയലിൽനിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ അവർ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി.” (ലൂക്കോസ് 23:26)

ക്രൂശിന്‍റെ വഴി മദ്ധ്യേ ഉണ്ടായ ഒരു ചെറിയ സംഭവം കൂടി ലൂക്കോസ് 23: 27 മുതല്‍ 32 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തുന്നുണ്ട്.
യേശു ക്രൂശുമായി ഗൊല്ഗൊഥായിലേക്ക് പോകുമ്പോള്‍ ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്നു.
യേശു തിരിഞ്ഞു അവരെ നോക്കി: “യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ. മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു. അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞുതുടങ്ങും” എന്നു പറഞ്ഞു.
ഇവിടെ യേശു, യെരുശലേമിനും യഹൂദന്മാര്‍ക്കും ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന വിപത്ത് പ്രവചിക്കുക ആണ്.

രാവിലെ 9 മണിയോടെ യേശുവും ജനകൂട്ടവും റോമന്‍ പടയാളികളും ഗൊല്ഗൊഥാ എന്ന സ്ഥലത്തു എത്തി.
മര്‍ക്കോസ് 15:25 പറയുന്നു, “മൂന്നാം മണി നേരമായപ്പോൾ അവനെ ക്രൂശിച്ചു.” യഹൂദന്മാരുടെ അന്നത്തെ മൂന്നാം മണി നേരം നമ്മളുടെ രാവിലെ 9 മണിയാണ്.

നമ്മള്‍ മനസ്സിലാക്കിയത് പോലെ, കാല്‍വറി, ഗൊല്ഗൊഥാ, തലയോടിടം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഉയര്‍ന്ന ഒരു സ്ഥലത്താണ് യേശുവിന്റെ ക്രൂശീകരണം നടന്നത്.
അവിടെ, ക്രൂശീകരണ രീതി അനുസരിച്ച് യേശുവിന്റെ വസ്ത്രം പടയാളികള്‍ ഉരിഞ്ഞെടുത്തു, അവനെ ആണികള്‍ കൊണ്ടു ക്രൂശിനോട് ചേര്‍ത്തു അടിച്ചു. (മത്തായി 27:31-60; മര്‍ക്കോസ് 15:20-46; ലൂക്കോസ് 23:26-54; യോഹന്നാന്‍ 19:16-42)
യേശുവിന്റെ വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും ക്രൂശിച്ചു. പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.
അന്ന് ക്രൂശിക്കപ്പെടുന്ന കുറ്റവാളികളുടെ കുറ്റം ക്രൂശില്‍ എഴുതി പതിപ്പിക്കുന്ന രീതി ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ഒരു വ്യക്തി ക്രൂശിക്കപ്പെട്ടത് എന്ന് എല്ലാവരും അറിയേണം എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം.

യേശു മരിക്കുന്നതിന് മുമ്പ് ഏകദേശം 6 മണിക്കൂറുകള്‍ ക്രൂശില്‍ കിടന്നു. ഈ 6 മണിക്കൂറില്‍ എന്തെല്ലാം സംഭവിച്ചു, യേശു എന്തെല്ലാം പറഞ്ഞു എന്നതിനെ ക്രിസ്തീയ വിശ്വാസികള്‍ വളരെ പ്രാധാന്യത്തോടെ കാണുന്നു.
യേശുവിന്റെ അവസാനത്തെ ഏഴ് മൊഴികള്‍ ക്രൂശില്‍ കിടന്നുകൊണ്ടു പറഞ്ഞതാണ്. അതില്‍ മൂന്നു മൊഴികള്‍ മറ്റുള്ളവരെ കേന്ദ്രീകരിച്ചും, ശേഷമുള്ള 4 മൊഴികള്‍ തന്നെകുറിച്ചു തന്നെ പറയുന്നവയും ആയിരുന്നു.

ലൂക്കോസ് 23: 34, അനുസരിച്ച് യേശുവിന്റെ ആദ്യത്തെ മൊഴി ഇതായിരുന്നു: “എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു.
യേശുവിനെ ക്രൂശിൽ തറെച്ചശേഷം പടയാളികള്‍ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു. എന്നാല്‍ തുന്നല്‍ ഇല്ലാത്ത ഒരു വസ്ത്രം യേശുവിന് ഉണ്ടായിരുന്നു. അതിന്റെ മേൽതൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു.
അത് വിഭജിക്കാതെ  ആർക്കു വരും എന്നു ചീട്ടിട്ടു.

രാവിലെ 10 മണി ആയപ്പോള്‍, ആ സ്ഥലത്ത് ഒത്തുകൂടിയവരും ആ വഴി യാത്ര ചെയ്തവരും യേശുവിനെ ദുഷിച്ചു: അങ്ങനെ തന്നേ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും യേശുവിനെ പരിഹസിച്ചു. അവനോടുകൂടെ ക്രൂശിച്ചിരുന്ന രണ്ടു കള്ളന്മാരും അവനെ നിന്ദിച്ചു. (മത്തായി 27:39-40; മര്‍ക്കോസ് 15:31 ലൂക്കോസ് 23:36-37)
രാവിലെ 11 മണി ആയപ്പോള്‍, അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടു കള്ളന്മാരില്‍ ഒരുവന്‍ മാനസാന്തരപ്പെട്ടു, യേശുവിലും അവന്റെ ദൈവരാജ്യത്തിലും ഉള്ള വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു. അവന്‍ യേശുവിനോടു അപേക്ഷിച്ചു: “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” (ലൂക്കോസ് 23: 42).
യേശു അവനോടു മറുപടി പറഞ്ഞു: “ഇന്നു നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു”.
അതിനു ശേഷം, യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു. (യോഹന്നാന്‍ 19:26 & 27)

ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് 3 മണി വരെ ദേശത്തെല്ലാം ഇരുട്ട് വ്യാപിച്ചു. (മത്തായി 27:45; മര്‍ക്കോസ് 15:33; ലൂക്കോസ് 23:44).
ഒരു മണി ആയപ്പോള്‍ യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥത്തില്‍ “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു. (മത്തായി 27:46)
“അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.” (യോഹന്നാന്‍ 19: 28)

രണ്ടു മണി കഴിഞ്ഞപ്പോള്‍ “നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.” (യോഹന്നാന്‍ 19:30)
അതിന് ശേഷം, “യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു. ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. (ലൂക്കോസ് 23: 46)
വെള്ളിയാഴ്ച തന്നെ വൈകീട്ട് 3 മണിയോടെ, യേശു ക്രൂശില്‍ മരിച്ചു. തന്‍റെ പ്രാണനെ പിതാവിന്റെ കയ്യില്‍ ഭദ്രമായി ഏല്‍പ്പിച്ചു കൊടുത്തു.

യേശുവിന്റെ മരണത്തിന് ശേഷമുള്ള സംഭവങ്ങള്‍

യേശുവിന്റെ മരണത്തിന് തൊട്ടു ശേഷം ശ്രേദ്ധേയമായ ചില സംഭവങ്ങള്‍ നടന്നു. ഇതിന്‍റെ വിവരണം നമുക്ക് മത്തായി 27: 51 – 53 വരെയുള്ള വാക്യങ്ങളില്‍ വായിയ്ക്കാം.
യേശു മരിച്ചപ്പോള്‍ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി; ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു. അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി.

യേശു മരിച്ചതിന്റെ ശേഷം റോമന്‍ പടയാളികള്‍ അവന്റെ വിലാപ്പുറത്തു കുന്തം കൊണ്ടു കുത്തി.
സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫും നിക്കൊദേമൊസും ചേര്‍ന്ന് യേശുവിന്റെ ശരീരം ക്രൂശില്‍ നിന്നും മാറ്റി, യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി. അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു. ആ കല്ലറ സമീപം ആകകൊണ്ടു അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം യേശുവിനെ അവിടെ വച്ചു.

ശനിയാഴ്ച
ശനിയാഴ്ച ശബ്ബത്ത് ദിവസവും വിശ്രമത്തിന്‍റെ ദിവസവും ആയിരുന്നു. അന്ന് യേശുവിന്റെ ശരീരം കല്ലറയ്ക്ക് ഉള്ളില്‍ ഇരുന്നു.

ഞായറാഴ്ച
ഞായറാഴ്ച അതിരാവിലെ, യേശു മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു, മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി. (മത്തായി 28:1-7; മര്‍ക്കോസ് 16:1; ലൂക്കോസ് 24:1-12; യോഹന്നാന്‍ 20:1-9)
അങ്ങനെ അവന്‍ മുങ്കൂട്ടി പറഞ്ഞതു പോലെ തന്നെ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു.

യേശുവിന്റെ കഷ്ടാനുഭവ ആഴ്ചയിലെ സംഭവങ്ങളുടെ ഒരു പട്ടിക ആണ് ഞാന്‍ ഇതുവരെയും വിവരിച്ചത്.
ഈ വിവരണം ഞാന്‍ ഇവിടെ അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.
ഈ പഠനം നിങ്ങള്‍ക്ക് അനുഗ്രഹമായിരുന്നു എന്ന് വിശ്വസിക്കുന്നു.
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ! ആമേന്‍!

Watch more videos in English and Malayalam @ naphtalitribetv.com
Listen to the audio message @ naphtalitriberadio.com
Read study notes in English at our official web: naphtalitribe.com
Read study notes in Malayalam @ vathil.in

No comments:

Post a Comment