ത്രിത്വം എന്നത് ഒരു ആത്മീയ മര്‍മ്മമാണ് (Trinity). അത് ദൈവീകത്വത്തെ വിശേഷിപ്പിക്കുന്ന ഒരു പദമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണ് എന്നും, ദൈവം ഏകനാണ് എന്നും തിരുവെഴുത്ത് പറയുന്നു. ഈ ദൈവീക അസ്തിത്വത്തെയാണ് നമ്മള്‍ ത്രിത്വം എന്നും ത്രീയേക ദൈവം എന്നും വിശേഷിപ്പിക്കുന്നത്.
ത്രിത്വം എന്ന വാക്കോ, ദൈവീക ത്രിത്വത്തെ നേരിട്ട് വിശദീകരിക്കുന്ന ഒരു അദ്ധ്യായമോ വേദപുസ്തകത്തില്‍ ഇല്ല. ത്രിത്വ ഉപദേശം കാലാകാലങ്ങളായി രൂപപ്പെട്ടുവന്ന ദൈവീക സത്യത്തിന്‍റെ പ്രഖ്യാപനം ആണ്. ദൈവ വചനത്തിലൂടെ ദൈവത്തിന്റെ ആളത്വത്തെ മനസ്സിലാക്കിയ സഭാ പിതാക്കന്മാര്‍ അത് വിശദീകരിക്കുവാന്‍ രൂപപ്പെടുത്തിയ വാക്കാണ് ത്രിത്വം. ത്രിത്വ ഉപദേശത്തിന്റെ മാര്‍മ്മികമായ ആശയം വേദപുസ്തകത്തില്‍, പഴയനിയമത്തിലും പുതിയനിയമത്തിലും കാണാം.
ത്രിത്വ ഉപദേശത്തിന്റെ മര്‍മ്മം യേശുക്രിസ്തു ദൈവമാണ് എന്നതാണ്. ത്രിത്വ ഉപദേശത്തെ ഖണ്ഡിക്കുന്നവര്‍ യേശുവിന്റെ ദൈവീകത്വത്തെയാണ് തള്ളിക്കളയുന്നത്. അതിനാല്‍, ത്രിത്വ ഉപദേശത്തെക്കുറിച്ചുള്ള പഠനം ആരംഭിക്കേണ്ടത് യേശു ദൈവമാണ് എന്നു പഠിച്ചു കൊണ്ടായിരിക്കേണം.