പഴയ നിയമത്തിലെ
പരിച്ഛേദനയും ക്രിസ്തീയ സ്നാനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണു
ഇന്നത്തെ നമ്മളുടെ ചിന്താവിഷയം. ശിശുസ്നാനത്തെ
പിന്താങ്ങുന്നവരും കേരളത്തിലെ സുവിശേഷ വിഹിത വേര്‍പെട്ട സഭകളിലെ ചില ദൈവദാസന്മാരും, പഴയ നിയമത്തിലെ പരിച്ഛേദനയുടെ നിവര്‍ത്തിയും
പൊരുളും തുടര്‍ച്ചയും ആണ് ക്രിസ്തീയ
സ്നാനം എന്ന് തെറ്റായി പഠിപ്പിക്കാറുണ്ട്. ഇതാണ് നമ്മള്‍ ഇവിടെ പരിശോധിച്ചു
നോക്കുന്നത്.
ആരംഭമായി, പരിച്ഛേദനയുടെ വേദപുസ്തക ചരിത്രം
ചുരുക്കമായി നമുക്ക് നോക്കാം.
യഹൂദ പ്രമാണമായ
പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്ന ഒരു മതപരമായ ചടങ്ങ് ആണ് പരിച്ഛേദന. ഇതിനെകുറിച്ചു
വേദപുസ്തകത്തില്‍ നൂറോളം സ്ഥലങ്ങളില്‍ പരമാര്‍ശമുണ്ട്.
ഇത് യഹൂദന്മാരെ
സംബന്ധിച്ചിടത്തോളം,
അബ്രഹാമിന്റെ ഉടമ്പടിയുടെ ഒഴിച്ചുകൂടാനാവാത്ത അടയാളമാണ്.
അബ്രാഹാമും അബ്രാഹാമിന്‍റെ
സന്തതികളില്‍ പുരുഷപ്രജ എല്ലാവരും, അവന്റെ വീട്ടിൽ ജനിച്ച ദാസനും അവന്‍ വിലകൊടുത്തു വാങ്ങിയ അടിമയും
പരിച്ഛേദന ഏല്ക്കണമായിരുന്നു. (ഉല്‍പ്പത്തി 17:11)
ഈ ആചാരം
അബ്രാഹാമില്‍ നിന്നും ഉല്‍ഭവിച്ച ഇസ്ലാം മതവിശ്വാസികളും യഹൂദന്മാരും പിന്തുടര്‍ന്നു
പോരുന്നു.