നീനെവേ പട്ടണത്തിന്റെ തകര്‍ച്ച: ഒരു മുന്നറിയിപ്പ്

ദൈവവും മനുഷ്യരും ഈ ഭൂമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രണ്ടു പ്രധാന ചിന്തകള്‍ ഉണ്ട്. ഒന്നു, സൃഷ്ടിയ്ക്കു ശേഷം ദൈവം സ്വര്‍ഗ്ഗത്തിലേക്ക്, അവന്റെ വാസ സ്ഥലത്തേക്ക് കയറിപ്പോയെന്നും അതിനു ശേഷം മനുഷ്യരുടെ ദൈനം ദിന ജീവിതത്തില്‍ അവന്‍ ഇടപെടുന്നില്ല എന്നതുമാണ്. ദൈവം ഈ ലോകത്തിന്റെ ഭാവി എന്തായിരിക്കും എന്നു നിര്‍ണ്ണയിച്ചു കഴിഞ്ഞു. അത് അതിന്‍പ്രകാരം മുന്നോട്ടു പോയിക്കൊള്ളും. ദൈവം നിശ്ചയിച്ചിരിക്കുന്ന രീതിയില്‍ അവസാനിക്കുകയും ചെയ്യും. ഈ ചിന്ത പുരാതന ജാതീയ വിശ്വാസികളുടെ ഇടയില്‍ ഉണ്ടായിരുന്നു. യഹൂദന്മാരുടെ ഇടയിലെ സദൂക്യരും ഇതേ വിശ്വാസക്കാര്‍ ആയിരുന്നു. എന്നാല്‍ യഹൂദ പരീശന്മാര്‍ മറ്റൊരു വിശ്വസം പുലര്‍ത്തിയിരുന്നു. മനുഷ്യര്‍ക്ക് സ്വന്ത തീരുമാനങ്ങള്‍ എടുക്കുവാന്‍ സ്വാതന്ത്ര്യം ഉണ്ട് എങ്കിലും, സകലതും എപ്പോഴും ദൈവത്തിന്റെ നിയന്ത്രണത്തില്‍ ആണ് എന്നു അവര്‍ വിശ്വസിച്ചു. ദൈവം കാഴ്ചക്കാരനെപ്പോലെ ദൂരെ എവിടെയോ മാറി നില്‍ക്കുകയല്ലഅവന്‍ മനുഷ്യന്റെ ചരിത്രത്തില്‍ ഇപ്പൊഴും സദാ ഇടപെട്ടുകൊണ്ടിരിക്കുന്നു.

സോരിനെക്കുറിച്ചുള്ള പ്രവാചകം

പഴയനിയമ ചരിത്രത്തില്‍ തകര്‍ന്നുപോയ സമ്പന്നമായിരുന്ന ചില പുരാതന പട്ടണങ്ങളും രാജ്യങ്ങളും ഉണ്ട്. ഇവയുടെ തകര്‍ച്ചയില്‍ ദൈവീക ഇടപെടലുകള്‍ ഉണ്ടായിരുന്നതായും വേദപുസ്തകത്തില്‍ പറയുന്നുണ്ട്. ആ പട്ടണങ്ങളുടെ അതിക്രമവും, ദുഷ്ടതയും, അധാര്‍മ്മിക ജീവിതവും, ദൈവ ജനത്തിനെതിരെയുള്ള മല്‍സരവും ആണ് ദൈവത്തിന്റെ പ്രതികൂല ഇടപെടലുകള്‍ക്ക് കാരണം. ഇത്തരത്തില്‍ തകര്‍ന്നുപോയ ഒരു പുരാതന മഹാനഗരം ആയിരുന്നു സോര്‍.

യെശയ്യാവു 23, യെഹെസ്കേല്‍ 26 എന്നീ അദ്ധ്യായങ്ങളിലും മറ്റ് ചില പ്രവചന പുസ്തകങ്ങളിലും സോര്‍ പട്ടണത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള ദൈവത്തിന്റെ അരുളപ്പാടുകള്‍ നമുക്ക് വായിക്കാം.