യിസ്രായേല്‍ - യുഎ ഇ കരാര്‍ 2020

2020 ആഗസ്ത് മാസം 13 ആം തീയതി, വ്യാഴാഴ്ച, ലോകചരിത്രത്തിലെ ഒരു സുപ്രധാന ദിവസം ആണ്. അന്നാണ്, യിസ്രായേല്‍ എന്ന രാജ്യവും യു‌എ‌ഇ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഗള്‍ഫ് പ്രവിശ്യയിലെ യുണൈറ്റെഡ് ആറാബ് എമിറേറ്റ്സ് എന്ന രാജ്യവും തമ്മില്‍ ഒരു കരാറില്‍ എത്തിചേര്‍ന്നിരിക്കുന്നതായി, അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.

ഈ കരാറിനെക്കുറിച്ചുള്ള ഒരു രാഷ്ട്രീയ വിശകലനമാണ് ഈ വീഡിയോ. അന്താരാഷ്ട്ര രാക്ഷ്ട്രീയത്തില്‍ സാധാരണക്കാര്‍ ശ്രദ്ധിക്കാത്തതും കാണാത്തതുമായ പല അടിഒഴുക്കുകളും ഉണ്ടായിരിക്കും. ഇതിലേക്കുള്ള ഒരു എത്തിനോട്ടം കൂടി ആണ് ഈ വിശകലനം.

ഇതില്‍ ക്രിസ്തീയ വീക്ഷണം കാണുന്നുണ്ട് എങ്കില്‍ അത് സ്വാഭാവികം മാത്രമാണ്.  

ഈ പഠനം തയ്യാറാക്കുവാനായി, അനേകം പ്രസിദ്ധീകരണങ്ങള്‍ സഹായമായി ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ അവയോടുള്ള സാങ്കേതികമായ കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു. ഞാന്‍ ഉപയോഗിച്ച പ്രസിദ്ധീകരണങ്ങളില്‍ മുഖ്യമായവ, The New York Times, The Daily, The Washington Post, Jewish Telegraphic Agency, Christianity Today, Los Angeles Times, Israel HAYOM, Jewish Virtual Library, The Jerusalem Post എന്നിവ ആണ്. 

 എന്താണ് ഈ കരാര്‍?

ഈ കരാര്‍ എന്താണ് എന്നു പരിചയപ്പെട്ടുകൊണ്ട് നമുക്ക് വിശകലനം ആരംഭിക്കാം.

യിസ്രായേലുമായി ഒരു സമാധാന കരാറില്‍ ഒപ്പിടുന്ന ആദ്യത്തെ അറാബ് രാജ്യം ഈജിപ്ത് ആണ്. അത് 1979 ല്‍ ആയിരുന്നു. രണ്ടാമത്തെ രാജ്യമായ യോര്‍ദ്ദാന്‍ 1994 ല്‍ ഒരു കരാറില്‍ ഒപ്പുവച്ചു. യു‌എ‌ഇ മൂന്നാമത്തെ അറബ് രാജ്യമാണ്. മാത്രവുമല്ല, യിസ്രായേലുമായി ഒരു കരാര്‍ ഉണ്ടാക്കുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യം യു‌എ‌ഇ ആണ്. യോര്‍ദ്ദാനും യിസ്രായേലും തമ്മിലുള്ള കരാറിന് ശേഷം 25 വര്‍ഷങ്ങളുടെ സമാധാന ശ്രമങ്ങലൂടെ ഫലമാണ് ഈ കരാര്‍.  

യിസ്രയേലിന്റെ പ്രധാനമന്ത്രിയായ ബന്യമിൻ നെതന്യാഹുവും യു‌എ‌ഇ യുടെ നിയുക്ത ഭരണാധികാരിയായ, മൊഹമ്മദ് ബിന്‍ സായെദ് ഉം തമ്മില്‍ എത്തിച്ചേര്‍ന്ന സാമാധാന ഉടമ്പടി പ്രകാരം, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇനിമുതല്‍ ക്രമാനുസരണമാകും, അഥവാ സാധാരണ നിലയില്‍ ആകും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ തുറന്ന സൌഹൃദവും ഇടപാടുകളും നിലവില്‍ വരും. 

ഈ കരാര്‍ “എബ്രാഹാം അക്കോര്‍ഡ്”” (Abraham accord) അല്ലെങ്കില്‍ “അബ്രാഹാം ഒത്തുതീര്‍പ്പ്” എന്നു വിളിക്കപ്പെടും. അബ്രഹാം, യഹൂദന്മാരും, ഇസ്ലാം മത വിശ്വാസികളും, ക്രിസ്ത്യാനികളും ഒരുപോലെ, പിതാവായി കാണുന്ന വേദപുസ്തകത്തിലെ പഴയനിയമത്തിലെ ഗോത്രപിതാവാണ്.

 കരാര്‍ അനുസരിച്ച്, യു‌എ‌ഇ, യിസ്രായേലുമായി രാജ്യാന്തര നയതന്ത്ര ബന്ധങ്ങള്‍ ആരംഭിക്കും, യിസ്രായേല്‍ അതിനു പകരമായി, ഇപ്പോള്‍ പലസ്തീന്‍റെ ഭാഗമായ, യിസ്രയേല്യരുടെ കുടിയേറ്റ പ്രദേശമായ, വെസ്റ്റ് ബാങ്ക് പ്രദേശം പിടിച്ചെടുക്കുവാനുള്ള പദ്ധതി നിറുത്തിവെക്കും.

“സമാധാന്നാത്തിനായി ഭൂപ്രദേശം” എന്ന ഇന്നേവരെയുള്ള നിബന്ധനയ്ക്കു പകരം, സാമാധാനത്തിനായി സമാധാനം എന്ന പുതിയ സമവായത്തിലേക്ക് ഇരു രാജ്യങ്ങളും മാറുക ആണ്.  

സത്യത്തില്‍, യിസ്രായേലും യു‌എ‌ഇ യും തമ്മില്‍ ചില നാളുകളായി, രഹസ്യമായ സഹകരണം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ 2019 ല്‍ ആണ് ഈ ബന്ധം പരസ്യമാക്കുവാന്‍ ഗൌരവമായി ആലോചിക്കുന്നത്. കഴിഞ്ഞ ആറ് ആഴ്ചകളായി, അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ന്‍റെ മരുമകനും, പ്രസിഡന്‍റിന്റെ ഔദ്യോഗിക ഉപദേഷ്ടാവുമായ ജരെദ് കുഷ്നെര്‍ (Jared Kushner) ഇരു രാജ്യങ്ങളുമായി തുടര്‍ച്ചയായ ചര്‍ച്ചയില്‍ ആയിരുന്നു. ഈ കരാര്‍ അതിന്റെ അന്തിമ ഫലം ആണ്.

ഞാന്‍ ഈ വീഡിയോ റിക്കോര്‍ഡ് ചെയ്യുന്ന, 2020 ആഗസ്ത് 28 ആം തീയതി വരെ, ഇരു രാജ്യങ്ങളും കരാറില്‍  ഒപ്പ് വച്ചിട്ടില്ല. കരാറില്‍ ഒപ്പുവയ്ക്കുവാനായി, ചരിത്ര പ്രാധാന്യത്തോടെ ഒരു യോഗം അമേരിക്കയില്‍, ഈ വര്‍ഷം തന്നെ ക്രമീകരിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു.  

കരാറിന് ശേഷം എന്തെല്ലാം പ്രതീക്ഷിക്കാം?

ഈ കരാറിന് ശേഷം നമുക്ക് എന്തെല്ലാം പ്രതീക്ഷിക്കാം? ഇരു രാജ്യങ്ങള്‍ക്കും എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടാകും? ഗള്‍ഫ് മേഖലയില്‍ ഇത് എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരും.?

നമുക്ക് തുടര്‍ന്നു ചിന്തിക്കാം.

യിസ്രായേല്‍, അതിന്റെ 72 വര്‍ഷ ചരിത്രത്തില്‍ എപ്പോഴും, ഭൂരിപക്ഷം അയല്‍ രാജ്യങ്ങളുമായി ശത്രുതയില്‍ കഴിയുക ആയിരുന്നു. യിസ്രായേലിനെ തുടച്ചു നീക്കും എന്ന ശപഥത്തോടെ യുദ്ധത്തിന് വന്ന അറബ് രാജ്യങ്ങളുടെ കൂട്ടായ്മയെ 4 പ്രാവശ്യം യിസ്രായേല്‍ പരാജയപ്പെടുത്തി. പിന്നീട്, ഈജിപ്ത്, യോര്‍ദ്ദാന്‍ എന്നിവരുമായി സൌഹൃദ കരാറില്‍ ഏര്‍പ്പെട്ടു. ഇപ്പോള്‍ പഴയ ചരിത്രം ആകെ മറക്കുവാന്‍ കഴിയുന്ന പുതിയ കൂട്ടുകെട്ടില്‍ ആയി.

ഈ കരാര്‍ അനുസരിച്ച്. ഇരു രാജ്യങ്ങളുടെയും എംബസ്സികള്‍ യിസ്രായേലിലും, യു‌എ‌ഇ യിലും പ്രവര്‍ത്തനം ആരംഭിക്കും. 2015 മുതല്‍, യു‌എ‌ഇ ല്‍ International Renewable Energy Agency എന്ന പേരിലുള്ള ഒരു സംഘടനയുടെ മറവില്‍, യിസ്രായേല്‍ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ ഇനി അത് പരസ്യമായ എംബസ്സിയുടെ പ്രവര്‍ത്തനത്തിനായി വഴിമാറും. യിസ്രയേലിന്‍റെ പതാക, യു‌എ‌ഇ യിലും യു‌എ‌ഇ യുടെ പതാക യിസ്രായേലിലും പറക്കും.

ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നേരിട്ടു വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും. ഇരു രാജ്യങ്ങളിലേയും പൌരന്‍മാര്‍ക്ക്, അവരവരുടെ രാജ്യത്തെ പാസ്സ്പോര്‍ട്ട് ഉപയോഗിച്ച് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുവാന്‍ കഴിയും. ഇതുവരെ, യിസ്രായേല്‍ പാസ്സ്പോര്‍ട്ടുമായി വരുന്നവര്‍ക്ക്  യു‌എ‌ഇ യില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. 

യു‌എ‌ഇ യിലെ പൌരന്‍മാര്‍ക്ക് യെരുശലേമിലെ അല്‍-അക്സ മോസ്ക് (Al-Aqsa Mosque) സന്ദര്‍ശിക്കുവാനും അവസരം ലഭിക്കും.  

പ്രതിരോധ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, വ്യാപാര വ്യവസായങ്ങള്‍ എന്നിവ കൂടുതല്‍ ആഴത്തിലും പരപ്പിലും ആകും. യിസ്രായേല്‍ കമ്പനികല്‍ക്ക് ഇനി സ്വതന്ത്രമായി യു‌എ‌ഇ യില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും.

ഇതിലെല്ലാം ഉപരി, രാക്ഷ്ട്രീയമായി, ഇരു രാജ്യങ്ങളും ഇറാന്‍ എന്ന പൊതു ശത്രുവിനെതിരെ ഒന്നിക്കുകയുമാണ്.

ഗള്‍ഫ് മേഖലയിലെ കൂടുതല്‍ രാജ്യങ്ങള്‍ യിസ്രായേലുമായി സന്ധിയില്‍ ഏര്‍പ്പെടുവാന്‍ ഉള്ള സാധ്യതയും ഈ കരാര്‍ മൂലം ഉണ്ടാകുന്നു.

 കരാര്‍ ആഗസ്ത് മാസം 13 ആം തീയതി ആണ് പ്രഖ്യാപിച്ചത് എന്നു ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലോ. 16 ആം തീയതി തന്നെ, യിസ്രായേലും യു‌എ‌ഇ യും തമ്മിലുള്ള ടെലിഫോണ്‍ ബന്ധം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു.

APEX National Investment എന്ന യു‌എ‌ഇ കമ്പനിയും യിസ്രായേലിലെ Tera Group എന്ന കമ്പനിയും തമ്മില്‍, കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാനുള്ള കരാറില്‍ എത്തിചേര്‍ന്നിരിക്കുന്നു. ഇതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ സാധാരണമായതിന് ശേഷം ഉണ്ടാകുന്ന ആദ്യത്തെ വ്യാപാര കരാര്‍.

യിസ്രയേലിന്‍റെ രഹസ്യ അന്വേഷണ വിഭാഗമായ, മൊസ്സാദ് ന്‍റെ ഡയറക്ടര്‍ ആയ യോസ്സി കൊഹെന്‍ (Yossi Cohen) ആഗസ്റ്റ് 18 ആം തീയതി, യു‌എ‌ഇ ല്‍ എത്തുകയും, പ്രതിരോധ രംഗത്തും, പ്രാദേശിക രംഗത്തും ഉള്ള സഹകരണത്തെക്കുറിച്ചും, മേഖലയില്‍ ഇരു രാജ്യങ്ങള്‍ക്കും ഉള്ള ഉല്‍ക്കണ്ടയും, യു‌എ‌ഇ യുടെ National Security Advisor ആയ റ്റഹ്നോന്‍ ബിന്‍ സയെദ് അല്‍ നഹ്യാന്‍ നുമായി (Tahnoun bin Zayed Al Nahyan) ചര്‍ച്ച ചെയ്യുക ഉണ്ടായി. ഇത് കരാറിന് ശേഷമുള്ള, ഒരു യിസ്രായേല്‍ നയതന്ത്രഞന്‍റെ പ്രഥമ ഔദ്യോഗിക സന്ദര്‍ശനം ആണ്.

സുന്നി ഇസ്ലാം വിശ്വാസത്തിന്റെ ഈറ്റില്ലം ആണ് ഗള്‍ഫ് രാജ്യങ്ങള്‍. അതിനാല്‍ അവര്‍ക്ക് മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നും വിഭിന്നമായ രാക്ഷ്ട്രീയ താല്‍പരങ്ങള്‍ ഉണ്ടാകും. ഈ മേഖലയുടെ രാക്ഷ്ട്രീയ ആധിപത്യം അവര്‍ ആഗ്രഹിക്കുണ്ട്.

യിസ്രായേലുമായുള്ള ബന്ധം സാധാരണമാകുന്നതോടെ അമേരിക്കയില്‍ നിന്നും കൂടുതല്‍ യുദ്ധ ആയുധങ്ങളും, അത്യാധുനിക ഡ്രോണുകളും അവര്‍ക്ക് ലഭിക്കും എന്നു കരുതുന്നു. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും വിവരങ്ങള്‍ വേഗത്തില്‍ ലഭിക്കുവാനും കഴിയും.

യിസ്രായേല്‍ എന്ന രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന അയല്‍ രാജ്യങ്ങളുടെ പട്ടിക വര്‍ദ്ധിക്കുക ആണ്. യു‌എ‌ഇ യ്ക്കു സൌദി അറേബ്യയില്‍ നല്ല സ്വാധീനം ആണ് ഉള്ളത്. അറബ് രാജ്യങ്ങളില്‍ നിര്‍ണ്ണായക സ്ഥാനം ഉള്ള രാജ്യമാണ് സൌദി. അതിനാല്‍ തന്നെ, സൌദി അറേബ്യയുമായുള്ള സൌഹൃദം യിസ്രയേലിന്‍റെ സ്വപ്നം ആണ്.

സൌദിയുടെ നിയുക്ത ഭരണാധികാരി ആയ, മുഹമ്മദ് ബിന്‍ സല്‍മാന് (Crown Prince Mohammed bin Salman) ഈ പട്ടികയില്‍ ചെരേണം എന്നു ആഗ്രഹമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ പിതാവ് യിസ്രായേലുമായുള്ള സൌഹൃദത്തിന് ഇതുവരെ അനുകൂലമായിട്ടില്ല. രാജ്യത്തെ മതമൌലീക വാദികള്‍ ഇത്തരമൊരു കരാറിനെ എതിര്‍ക്കുന്നു എന്നതും അദ്ദേഹത്തെ പിന്നോട്ടു വലിക്കുന്നു.  

ഒമാന്‍, ബഹറിന്‍ എന്നീ രാജ്യങ്ങള്‍ അധികം താമസിയാതെ തന്നെ, യിസ്രായേലുമായി കരാറില്‍ ഏര്‍പ്പെടും എന്നു കരുത്തുന്നു.

മൊറോക്കോ, സുഡാന്‍ എന്നീ രാജ്യങ്ങളും യിസ്രായേലുമായുള്ള നയതന്ത്ര ബന്ധം ആരംഭിച്ചേക്കാം.

അതായത്, യിസ്രായേല്‍-യു‌എ‌ഇ കരാര്‍ അറബ് മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ പൊളിച്ചെഴുതുക ആണ്.

വെസ്റ്റ് ബാങ്കിന്റെ സംയോജനം

വെസ്റ്റ് ബാങ്ക് എന്ന പ്രദേശത്തിന്റെ സ്ഥിതി ആണ് ഈ കരാറിലെ കേന്ദ്ര ബിന്ദു. 1920 മുതല്‍ 1947 വരെ ബ്രിട്ടീഷുകാരുടെ  നിയന്ത്രണത്തില്‍ ഇരുന്ന, യോര്‍ദ്ദാന്‍ നദിയുടെ പടിഞ്ഞാറു ഭാഗത്തുള്ള, പലസ്തീന്‍ പ്രദേശമാണ്, വെസ്റ്റ് ബാങ്ക്. അതിന്റെ കിഴക്ക് വശം യോര്‍ദ്ദാനും, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ വശങ്ങളില്‍ യിസ്രായേലും ആണ്. കിഴക്ക് ഭാഗത്ത് കുറെ ദൂരം ചാവ് കടലും അതിര്‍ത്തി ആണ്. 

ഈ പ്രദേശത്തിന്‍മേല്‍ യോര്‍ദ്ദാന്‍ അവകാശ വാദം ഉന്നയിച്ച നാളുകള്‍ ഉണ്ടായിരുന്നു. 1948 ലെ അറബ് യിസ്രായേല്‍ യുദ്ധത്തില്‍ യോര്‍ദ്ദാന്‍ ഈ പ്രദേശം പിടിച്ചെടുത്തു. 1950 ല്‍ അത് യോര്‍ദ്ദാന്‍റെ ഭാഗമായി പ്രഖ്യാപിച്ചു. എന്നാല്‍ 1967 ലെ പ്രശസ്തമായ 6 ദിവസത്തെ അറബ് യിസ്രായേല്‍ യുദ്ധത്തില്‍ യിസ്രായേല്‍ ആ പ്രദേശം പിടിച്ചെടുത്തു. വേദപുസ്തകത്തില്‍ ഈ പ്രദേശത്തെ യെഹൂദ്യ, ശമര്യ എന്നീ പട്ടണങ്ങള്‍ ആയി പരാമര്‍ശിക്കുന്നുണ്ട്. അതിനാല്‍ ഈ പ്രദേശം, യിസ്രയേലിന്റെ ഭാഗമാണ് എന്നു അവര്‍ വിശ്വസിക്കുന്നു. ഇത് ഒരു യഹൂദ കുടിയേറ്റ പ്രദേശം കൂടി ആണ്. ഇവിടെ 4 ലക്ഷത്തിലധികം യഹൂദന്മാര്‍ താമസിക്കുന്നു. ഈ പ്രദേശത്തെ ഔദ്യോഗികമായി യിസ്രയേലിന്റെ ഭാഗം ആക്കി കൂട്ടിച്ചേര്‍ക്കും എന്നായിരുന്നു പ്രധാനമന്ത്രി നെഥന്യാഹുവിന്റെ പ്രഖ്യാപനം.

എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ കരാര്‍ അനുസരിച്ച്, വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേര്‍ക്കുവാനുള്ള യിസ്രയേലിന്റെ നടപടികള്‍ നിറുത്തിവയ്ക്കും.

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, യു‌എ‌ഇ യ്ക്കു കുറെ നാളുകളായി യിസ്രായേലുമായി രഹസ്യമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നയതന്ത്ര ബന്ധങ്ങള്‍ പരസ്യമാക്കുവാന്‍ പലസ്തീന്‍ പ്രശനം ഒരു തടസ്സമായി നിന്നു. യിസ്രായേല്‍ പലസ്തീന്‍ ജനതയെ പീഡിപ്പിക്കുന്നു എന്നും അവര്‍ പലസ്തീന്‍റെ പ്രദേശങ്ങളെ അന്യായമായി കൈവശമാക്കുന്നു എന്നും ആണ് അറബ് രാജ്യങ്ങളുടെ പൊതുവായ ചിന്ത.

അമേരിക്കയിലെ ട്രംപ് ഭരണകൂടം, അധികാരത്തിന്റെ ആദ്യ നാള്‍ മുതല്‍ പല പരിഹാര മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചിരുന്നു. അതെല്ലാം യിസ്രായേലിന് അനുകൂലമായിരുന്നു. പലസ്തീനെ ഒരു പ്രത്യേക രാജ്യമായി, പരിമിതമായ അധികാരത്തോടെ അംഗീകരിക്കുക എന്നതായിരുന്നു, ഒരു നിര്‍ദ്ദേശം. എന്നാല്‍ യിസ്രയേലിന്റെ യാതൊരു നിയന്ത്രണവും പലസ്തീന്‍കാര്‍ ഇഷ്ടപ്പെട്ടില്ല.

അങ്ങനെ ആണ്, യിസ്രായേലി കുടിയേറ്റ പ്രദേശമായ വെസ്റ്റ് ബാങ്ക് നെ യിസ്രയേലിനോട് കൂട്ടിച്ചേര്‍ക്കും എന്നു നെതന്യാഹു പ്രഖ്യാപിച്ചത്. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റും, യൂറോപ്പിയന്‍ രാജ്യങ്ങളും ഇതോടു യോജിച്ചില്ല. അറബ് രാജ്യങ്ങള്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു.

നെതന്യാഹുവിന്റെ നടപടികള്‍ അറബ് രാജ്യങ്ങളുമായുള്ള സഖ്യതയ്ക്കുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കും എന്നു അവര്‍ ഭയപ്പെട്ടു.

ഇവിടെ ആണ് ജരെദ് കുഷ്നെര്‍ എന്ന വ്യക്തിയുടെ ഇടപെടല്‍ ഉണ്ടാകുന്നത്.

ആരാണ്, ജരെദ് കുഷ്നെര്‍? അദ്ദേഹം, 39 വയസ്സു ഉള്ള ഒരു അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായിയും New York Observer എന്ന ദിന പത്രത്തിന്റെ ഉടമസ്ഥനും ആണ്. അദ്ദേഹം അമേരിക്കല്‍ പ്രസിഡണ്ടായിരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ന്‍റെ മകള്‍ ഇവാങ്ക ട്രംപ് ന്‍റെ ഭര്‍ത്താവ് ആണ്. ഹിറ്റ്ലറുടെ യഹൂദ പീഡനത്തില്‍ നിന്നും രക്ഷപെട്ടു, ആദ്യം ഇറ്റലിയിലും പിന്നീട് 1949 ല്‍ അമേരിക്കയിലും എത്തിയവര്‍ ആണ് അദ്ദേഹത്തിന്റെ മുത്തച്ഛനും മുത്തച്ചിയും. ഒരു യഹൂദന്‍ ആയതിനാല്‍ സ്വാഭാവികമായും യിസ്രയേലിനോടു ഒരു മൃദു സമീപനം അദ്ദേഹത്തിന് ഉണ്ട്.

2017 ല്‍ അദ്ദേഹം പ്രസിഡന്‍റ് ട്രംപ് ന്‍റെ സീനിയര്‍ വൈറ്റ് ഹൌസ് അഡ്വൈസര്‍ (senior White House advisor) നിയമിതന്‍ ആയി. അദ്ദേഹം ട്രംപ് ന്‍റെ ഏറ്റവും വിശ്വസ്തനായ ഉപദേശകന്‍ ആയി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

യിസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു, വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കും എന്നു പ്രഖ്യാപിച്ചപ്പോള്‍, ജരെദ് കുഷ്നെര്‍ ഇടപെട്ട് അത് നിറുത്തിവച്ചു. അങ്ങനെ കൂട്ടിച്ചേര്‍ക്കല്‍ എന്ന ആശയം അവിടെ താല്‍ക്കാലികമായി, ഏറ്റവും കുറഞ്ഞ പക്ഷം, നവംബറില്‍ നടക്കുവാന്‍ ഇരിക്കുന്ന അമേരിക്കല്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ എങ്കിലും, നിറുത്തി വച്ചു. അതിനാല്‍ തന്നെ, വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കില്ല, എന്ന യിസ്രായേല്‍-യു‌എ‌ഇ കരാറിലെ വ്യവസ്ഥയ്ക്ക് പുതുമയൊന്നും ഇല്ലാതെ ആയി.

എങ്കിലും, ഇത്, യിസ്രായേലുമായി ഒരു വിലപേശലിന് യു‌എ‌ഇ യെ സാഹായിച്ചിട്ടുണ്ട്. യു‌എ‌ഇ യിസ്രായേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ സാധാരണമാക്കാം, പകരമായി വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കുവാനുള്ള നടപടികള്‍ അവസാനിപ്പിക്കേണം എന്നതാണു കരാറിലെ വ്യവസ്ഥ.  

അങ്ങനെ ഇരു രാജ്യങ്ങളും ചിലത് ഉപേക്ഷിച്ചു, ചിലത് നേടി എടുത്തു. രാജ്യാന്തര രാക്ഷ്ട്രീയത്തിലെ കൊടുക്കല്‍ വാങ്ങല്‍ ഇടപാടിന് ഇതൊരു ഉത്തമ ഉദാഹരണം ആണ്.

പ്രതികരണങ്ങള്‍

ഇനി നമുക്ക് ഈ കരാറിനോടുള്ള, വിവിധ രാജ്യങ്ങളുടെയും, സമൂഹങ്ങളുടെയും, പ്രതികരണങ്ങള്‍ നോക്കാം.

പലസ്തീന്‍ പ്രശ്നത്തില്‍ യു‌എ‌ഇ യ്ക്കു വലിയ ആകാംഷയുണ്ട് എന്നു അവര്‍ പറയാറുണ്ട്. ഈ കരാര്‍ അതിന്റെ ഒരു പ്രതിഫലനം ആണ് എന്നു അവര്‍ പറയുന്നു. നെതന്യാഹു വിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായ വെസ്റ്റ് ബാങ്കിന്‍റെ കൂട്ടിച്ചേര്‍ക്കല്‍ അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നു.  

ലോകത്തിലെ പല രാജ്യങ്ങളും സമൂഹങ്ങളും ഈ കരാറിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്.

അറബ് രാജ്യങ്ങളില്‍, ബഹറിന്‍, യോര്‍ദ്ദാന്‍, ഈജിപ്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍, “എബ്രാഹാം അക്കോര്‍ഡ്”” (Abraham accord) എന്ന ഈ കരാറിനെ സ്വാഗതം ചെയ്തിട്ടുണ്ട്.  സൌദി അറേബ്യ മൌനം പാലിക്കുന്നു.

വെസ്റ്റ് ബാങ്കിലെ യിസ്രായേല്‍ കുടിയേറ്റക്കാര്‍, ആ പ്രദേശത്തെ കൂട്ടിച്ചേര്‍ക്കില്ല എന്ന വ്യവസ്ഥയില്‍ നിരാശര്‍ ആണ്.

 കൂട്ടിച്ചേര്‍ക്കല്‍ നടപടികള്‍ യിസ്രായേല്‍ നിറുത്തി വച്ചു എന്നത് ആശ്വാസകരമായി തോന്നാം എങ്കിലും, അറബ് രാജ്യങ്ങള്‍ തങ്ങളെ അനാഥമാക്കി എന്ന തോന്നല്‍ ആണ് പലസ്തീന്‍ നേതൃത്വത്തിന് ഉള്ളത്. ഇതിന്റെ പ്രതിക്ഷേധമായി, യു‌എ‌ഇ യിലെ പലസ്തീന്‍ അംബാസിഡറെ അവര്‍ പിന്‍വലിച്ചു.

ഇറാന്‍, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഇതിനെ നിശിതമായി വിമര്‍ശിക്കുന്നു. തുര്‍ക്കിയും അതിന്റെ അംബാസിഡറിനെ യു‌എ‌ഇ ല്‍ നിന്നും പിന്‍വലിക്കും എന്നു പറഞ്ഞിട്ടുണ്ട്. മദ്ധ്യ പൂര്‍വ്വ ദേശത്തിലെ ചില പൌര സംഘടനകളും കരാറിനെ എതിര്‍ക്കുന്നു.

ഇറാന്‍ എന്ന ഘടകം

ശരിയായ രീതിയില്‍ പറഞ്ഞാല്‍, യിസ്രായേല്‍-യു‌എ‌ഇ കരാര്‍ ഇറാന്‍ എന്ന രാജ്യത്തിന് എതിരെ ആണ്. ഈ കരാറിന്റെ പിന്നിലെ ചിന്താധാര ശക്തിപ്പെടുക ആണെങ്കില്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ യിസ്രായേല്‍ പക്ഷത്താകും. എന്നു പറഞ്ഞാല്‍ കൂടുതല്‍ അറബ് രാജ്യങ്ങളും യിസ്രായേലും ഇറാന് എതിരെ ഒന്നിക്കും. ഇത് മദ്ധ്യ കിഴക്കന്‍ മേഖലയിലെ സമവാക്യങ്ങള്‍ മാറ്റി എഴുതും.

സുന്നി, ഷിയാ എന്നീ മുസ്ലീം വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തെ എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഭയപ്പെടുന്നു. ഇറാന്‍ ഈ മേഖലയില്‍ ആധിപത്യം ഉറപ്പിക്കുമോ എന്ന ചിന്തയും അവരെ ഭയപ്പെടുത്തുന്നുണ്ട്. ഇറാന്റെ ആണവ പരീക്ഷണങ്ങള്‍, ആയുധ നിര്‍മ്മാണത്തിലേക്കു നീങ്ങും എന്ന് ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും വിശ്വസിക്കുന്നു.

അതിനാല്‍ തന്നെ, ഈ മേഖലയിലെ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യത്തെ അവര്‍ സ്വാഗതം ചെയ്യുന്നു.

ഈ സാഹചര്യത്തില്‍ ആണ്, F-35 ജെറ്റുകളും ആധുനിക ഡ്രോണുകളും യു‌എ‌ഇ യ്ക്കു നല്കുവാന്‍ അമേരിക്ക ഒരു നിബന്ധന മുന്നോട്ട് വയ്ക്കുന്നത്. അത് യിസ്രായേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ സാധാരണമാക്കേണം എന്നതായിരുന്നു. അമേരിക്കയില്‍ നിന്നും യുദ്ധ ആയുധങ്ങള്‍ വാങ്ങുന്നതിനാല്‍, ആ രാജ്യങ്ങളെ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തം പരോക്ഷമായി അമേരിക്കയ്ക്ക് ഉണ്ടാകും എന്ന് Gulf Cooperation Council ചിന്തിക്കുന്നു. അതായത്, ഗള്‍ഫ് പ്രദേശത്തെ അമേരിക്കന്‍ ഇടപെടലുകളില്‍ ഇറാന്‍ ഒരു മുഖ്യ വിഷയമാകുന്നു. ഈ ഭയത്തെ ഇല്ലാതാക്കുവാന്‍ തക്ക കാര്യമായ യാതൊന്നും ഇറാന്‍ ചെയ്യുന്നതും ഇല്ല.

ഇറാന്‍റെ, അല്ലെങ്കില്‍ പഴയ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ കീഴിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ വീണു പോകരുത് എന്ന് അമേരിക്ക ആഗ്രഹിക്കുന്നു. നേരിട്ടോ അല്ലാതെയോ ഉള്ള ഒരു ഇറാനിയന്‍ പിടിച്ചടക്കല്‍, ഗള്‍ഫ് രാജ്യങ്ങളും ഭയക്കുന്നു.

ഒപ്പം, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി യു‌എ‌ഇ യ്ക്കു നല്ല ബന്ധം ഇല്ല. ഈ രാജ്യങ്ങളെ ഇറാന്‍ പിന്താങ്ങുന്നുമുണ്ട്.

ഈ കാര്യങ്ങളാല്‍ ആണ്, വെസ്റ്റ് ബാങ്കിന്റെ കാര്യം ഗള്‍ഫ് രാജ്യങ്ങള്‍ രണ്ടാമതായി മാറ്റിയത്.

കരാറിന്‍റെ നാള്‍വഴി

തുടര്‍ന്നു നമുക്ക് യിസ്രായേല്‍ യു‌എ‌ഇ കരാറിന്റെ നാള്‍വഴികളികളിലൂടെ അല്പം സഞ്ചരിക്കാം. വളരെ വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു തര്‍ക്ക വിഷയത്തിന്റെ ഭാഗമാണ് ഈ കരാര്‍ എങ്കിലും, വളരെ പുറകോട്ടു പോകുവാന്‍ ഇവിടെ നമ്മള്‍ ശ്രമിക്കുന്നില്ല. നമുക്ക് 2002 മുതല്‍ മുന്നോട്ട് നടക്കുവാന്‍ ആരംഭിക്കാം.

2002 ല്‍ സൌദി മുന്‍കൈ എടുത്ത സമാധാന ശ്രമങ്ങള്‍, യിസ്രായേലുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ബന്ധം സാധാരണമാക്കുവാന്‍ മൂന്നു നിബന്ധനകള്‍ മുന്നോട്ട് വച്ചു. അവ, (1) വെസ്റ്റ് ബാങ്ക് പ്രദേശത്ത് നിന്നും യിസ്രായേല്‍ പൂര്‍ണ്ണമായും പിന്‍മാറേണം, (2) ഒരു സ്വതന്ത്ര പരമാധികാര പലസ്തീന്‍ രാജ്യം ഉണ്ടാകേണം, (3) കിഴക്കന്‍ യെരൂശലേം പലസ്തീന്‍റെ തലസ്ഥാനം ആയിരിക്കേണം, എന്നിവ ആയിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പലസ്തീന്‍ അംഗീകരിച്ചു എങ്കിലും യിസ്രായേലിന് സമ്മതമായില്ല.

 എന്നാല്‍, കാലത്തിന്റെ പ്രയാണത്തില്‍, അറബ് ലോകം പിന്നീട് രാക്ഷ്ട്രീയമായി വളരെ മാറി. യു‌എ‌ഇ പോലെയുള്ള ചില ഗള്‍ഫ് രാജ്യങ്ങള്‍ രഹസ്യമായി യിസ്രായേലുമായി നയതന്ത്ര ബന്ധങ്ങള്‍ ആരംഭിച്ചു. കാരണം, പലസ്തീനിലെ ജനങ്ങളോട് സഹതാപം ഉണ്ടെങ്കിലും, ഇറാന്‍ എന്ന പൊതുവായ ശത്രുവില്‍ നിന്നുള്ള ഭീക്ഷീണി വര്‍ദ്ധിച്ചുകൊണ്ടിരുന്നു.

ഇപ്പോള്‍ യു‌എ‌ഇ പരസ്യമായി വ്യത്യസ്ഥമായ ഒരു നിലപാട് എടുത്തിരിക്കുന്നു.

 2019 ഫെബ്രുവരിയില്‍ 13, 14 തീയതികളില്‍, പോളണ്ടിന്‍റെ തലസ്ഥാനമായ വാര്‍സോ (Warsaw) ല്‍ വച്ചു, അമേരിക്കയുടെ നേതൃത്വത്തില്‍ ലോക രാജ്യങ്ങളുടെ ഒരു നയതന്ത്ര യോഗം ചേരുക ഉണ്ടായി. കാര്യമായ മുന്നൊരുക്കം കൂടാതെ ക്രമീകരിച്ച ഒരു യോഗമായിരുന്നു ഇത്. പല യൂറോപ്പിയന്‍ രാജ്യങ്ങളും ഇതിനെ ഗൌരവമായി കണ്ടില്ല. അവര്‍ ഉദ്യോഗ തലത്തിലുള്ള പ്രതിനിധികളെ മാത്രമേ യോഗത്തിലേക്ക് അയച്ചുള്ളൂ. ഇറാന്‍ ഉയര്‍ത്തുന്ന ആണവ ഭീഷണി ഒരു പ്രധാന ചര്‍ച്ചാ വിഷയം ആയിരുന്നു. ഈ യോഗം ഒരു പരാജയമായിരുന്നു എന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും, ഇവിടെ ആണ് യിസ്രായേല്‍ യു‌എ‌ഇ കരാറിന്‍റെ ആദ്യ പടി തുടങ്ങിയത്. ഇപ്പോള്‍ പുറകോട്ട് ചിന്തിക്കുമ്പോള്‍ ഈ യോഗം ഒരു വിജയമായിരുന്നു എന്നു കരുതാം.

 ചില വര്‍ഷങ്ങള്‍ ആയി, യിസ്രയേലിന്റെ രഹസ്യ അന്വേഷണ വിഭാഗം ആയ മൊസ്സാദ്, ഗള്‍ഫ് രാജ്യങ്ങളുമായി പൊതുവേയും, യു‌എ‌ഇ യുമായി പ്രത്യേകിച്ചും ഉള്ള ബന്ധം സുഗമമാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുക ആയിരുന്നു. മോസ്സാദിന്റെ തലവന്‍, യൊസ്സി കൊഹെന്‍, യു‌എ‌ഇ, സൌദി, യോര്‍ദ്ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരുന്നു.

അദ്ദേഹത്തിന്റെ ശ്രമ ഫലമായി, ഒമാനിലെ സുല്‍ത്താന്‍ ഖബൂസ് ബിന്‍ സൈദ് (Sultan Qaboos bin Said)

ന്‍റെ അതിഥി ആയി, 2018 ല്‍ നെതന്യാഹു ഒമാന്‍ സന്ദര്‍ശിച്ചു. 2019 ല്‍ ബഹറിന്‍, ട്രംപ് ന്‍റെ സാമാധാന പദ്ധതികള്‍ ചര്‍ച്ച ചെയ്യുവാനായി ഒരു യോഗം വിളിച്ച് ചേര്‍ക്കുക ഉണ്ടായി.

കൊറോണ വൈറസിന്‍റെ പകര്‍ച്ച യൊസ്സി കൊഹെന് പുതിയ ഒരു വഴി തുറന്നുകൊടുത്തു. യിസ്രായേലിന് കൂടുതല്‍ വൈദ്യ ഉപകരണങ്ങള്‍ ആവശ്യമായിരുന്നു. അത് യു‌എ‌ഇ വഴി എത്തിക്കുവാനുള്ള ഉത്തരവാദിത്തം യൊസ്സി കൊഹെന്‍ ഏറ്റെടുത്തു. അങ്ങനെ 2020 മെയ് മാസം 19 ആം തീയതി, വൈകീട്ട് 9 മണിക്ക് ശേഷം, ചരിത്രത്തില്‍ ആദ്യമായി ഒരു യു‌എ‌ഇ വിമാനം വൈദ്യ ഉപകരണങ്ങളുമായി യിസ്രയേലിന്‍റെ ബെന്‍ ഗുറിഓണ്‍  (Ben-Gurion) വിമാനത്താവളത്തില്‍ എത്തിച്ചെര്‍ന്നു. എത്തിഹാദ് ന്‍റെ ഈ വിമാനത്തിന്‍റെ പുറം വെള്ള നിറം പൂശിയിരുന്നു. എത്തിഹാദ് ന്‍റെയോ, യു‌എ‌ഇ യുടെയോ യാതൊരു അടയാളവും അതില്‍ ഉണ്ടായിരുന്നില്ല. വൈദ്യ പരിശോധന ലാബ് പ്രവര്‍ത്തിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഒരു സംഘവും അതില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

2020 ജൂണ്‍ മാസം 9 ആം തീയതി, എത്തിഹാദിന്‍റെ രണ്ടാമതൊരു വിമാനവും യിസ്രയേലില്‍ എത്തിച്ചെര്‍ന്നു. ഇക്കുറി എത്തിഹാദിന്‍റെ അടയാളവും യു‌എ‌ഇ യുടെ പതാകയും അതില്‍ ഉണ്ടായിരുന്നു. ഇതിലെ മരുന്നുകളും മറ്റ് ഉപകരണങ്ങളും പലസ്തീന്‍ ജനതയ്ക്ക് ഉള്ളതാണ് എന്ന് യു‌എ‌ഇ അവകാശപ്പെട്ടു. പലസ്തീനില്‍ വിമാനത്താവളം ഇല്ലാത്തതിനാല്‍ യിസ്രായേല്‍ താവളം ഉപയോഗിച്ചു എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ പലസ്തീന്‍ നേതൃത്വം ഈ സഹായം നിരസിച്ചു. അതിനാല്‍, വൈദ്യ പരിശോധന വസ്തുക്കളും മരുന്നും, യു എന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി.

എന്നാല്‍, യിസ്രായേലുമായുള്ള സഹകരണം ഈ അവസരത്തിലും പരസ്യമായി യു‌എ‌ഇ അംഗീകരിച്ചില്ല.

ഇപ്പോഴത്തെ കരാറിന് പിന്നില്‍ യു‌എ‌ഇ യുടെ മറ്റൊരു താല്‍പര്യം കൂടി ഉണ്ട്. ഇതിന്റെ വേരുകള്‍ നമുക്ക് 2001 സെപ്റ്റംബര്‍ മാസം 9 ആം തീയതി, അമേരിക്കയില്‍ നടന്ന ഭീകര ആക്രമണത്തില്‍ കാണാവുന്നതാണ്. ഈ ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ സാമ്പത്തിക ഇടപാടുകള്‍ കൈമാറ്റം നടത്താന്‍ യു‌എ‌ഇ യിലെ സംവിധാനങ്ങളെ ആണ് ഉപയോഗിച്ചത് എന്ന് തെളിഞ്ഞിരുന്നു. ഇത്, ഒരു സുരക്ഷിത സാമ്പത്തിക ഇടം എന്ന യു‌എ‌ഇ യുടെ പേരിനു കളങ്കമായി. അതിനാല്‍ ഉടന്‍ തന്നെ അവര്‍, സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുവാന്‍ യിസ്രയേലിന്‍റെ സഹായം തേടി.

ഇവിടെ നിന്നും ഈ സഹകരണം വളര്‍ന്നു എന്ന് വേണം കരുതുവാന്‍. അത്, സാമ്പത്തികം, കമ്പൂട്ടര്‍ സുരക്ഷ, വിമാനത്താവളങ്ങളുടെ സുരക്ഷ, കടല്‍ വെള്ളത്തിന്‍റെ ശുദ്ധീകരണം, കൃഷി, റിയല്‍ എസ്റ്റേറ്റ്, വിനോദ സഞ്ചാരം എന്നീ മേഖലകളിലേക്ക് വ്യാപിച്ചു. കോവിഡ്-19 നു എതിരായ കുത്തിവെയ്പ്പിന്‍റെ ഗവേഷണത്തിലും ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്. ഇത് ആരോഗ്യ രംഗത്തെ സഹകരണത്തിനായും വഴി തുറന്നു.

സാമ്പത്തിക രംഗം, രാജ്യത്തിലെ പൌരന്മാരുടെ സുരക്ഷിതത്വം എന്നിവയിലും യു‌എ‌ഇ യ്ക്കു പലതും യിസ്രയേലില്‍ നിന്നും നേടുവാന്‍ ഉണ്ട്.

നമ്മള്‍ മുമ്പ് പറഞ്ഞ, ഇറാന്‍ എന്ന പൊതു ശത്രു ഇവിടെ എല്ലാം അവരെ ഒന്നിപ്പിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ പ്രധാന ശക്തി ആയി വളരുവാന്‍ യു‌എ‌ഇ യ്ക്കു ആഗ്രഹം ഉണ്ട്. പലസ്തീന്‍ പ്രശനങ്ങളും അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദ്ദവും അവരെ ഇങ്ങനെ ഉള്ള ഒരു കരാറിലേക്ക് നയിച്ചു എന്ന് കരുതാം.

പെട്ടന്നുണ്ടായ വഴിത്തിരിവ്

കരാറിലേക്ക് പെട്ടന്ന് ഒരു വഴിത്തിരിവ് ഉണ്ടായത് 2020 ജൂണ്‍ മാസത്തില്‍ ആണ്. ജൂണ്‍ മാസം 12 ആം തീയതി, അമേരിക്കയിലെ യു‌എ‌ഇ അംബാസിഡര്‍ ആയ യൂസെഫ് അല്‍ ഒത്തൈബ (Yousef Al Otaiba), യിസ്രയേലില്‍ വളരെ പ്രചാരമുള്ള യെദിഒത്ത് അഹ്റോനൊത്ത് (Yedioth Ahronoth) എന്ന പത്രത്തില്‍ എബ്രായ ഭാഷയില്‍ ഒരു ലേഖനം എഴുതുക ഉണ്ടായി. ഈ ലേഖനത്തില്‍, വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേര്‍ക്കുവാനുള്ള ശ്രമത്തിനെതിരെ ഉള്ള മുന്നറിയിപ്പും, ഈ ശ്രമം ഉപേക്ഷിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണമാക്കുവാന്‍ കഴിയും എന്ന നിര്‍ദ്ദേശവും ഉണ്ടായിരുന്നു.

ഇത് അമേരിക്കന്‍ ഭരണകൂടത്തിന് ഒരു വഴിത്തിരിവായി തോന്നി. അവര്‍ ഒരു സമാധാന കരാര്‍ മുന്നോട്ട് വച്ചു.  യു‌എ‌ഇ, യിസ്രായേലുമായുള്ള നയതന്ത്ര ബന്ധം സാധാരണമാക്കുക, യിസ്രായേല്‍ വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേര്‍ക്കുവാനുള്ള പദ്ധതി ഉപേക്ഷിക്കുക.

ഈ നിര്‍ദ്ദേശം യു‌എ‌ഇ യ്ക്കും യിസ്രായേലിന്നും സ്വീകാര്യമായി. പിന്നീട് ജരെദ് കുഷ്നെര്‍ ഈ ചര്‍ച്ച മുന്നോട്ട് നയിച്ചു. ചര്‍ച്ചകള്‍ അതീവ രഹസ്യമായി മുന്നോട്ട് പോയി. കരാറിന്‍റെ കരട് രൂപം ബുധനാഴ്ച ആയപ്പോഴേക്കും ശരിയായി. വ്യാഴാഴ്ച, ഇരു രാജ്യങ്ങളുമായുള്ള ടെലെഫോണ്‍ സംഭാഷണത്തിന് ശേഷം, അമേരിക്കന്‍ പ്രസിഡന്‍റ് അത് പ്രഖ്യാപിക്കുകയും, “എബ്രഹാം അക്കോര്‍ഡ്” എന്നു നാമകരണം ചെയ്യുകയും ചെയ്തു.

വിജയികളും പരാജിതരും

 ആരെല്ലാം ആണ് ഇതിലെ വിജയികള്‍, ആരെല്ലാമാണ് പരാജിതര്‍?

ഈ കരാര്‍, അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നും യിസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വിനും യു‌എ‌ഇ യ്ക്കും വലിയ നേട്ടങ്ങള്‍ നല്കുന്നു. ഇതിലെ വലിയ പരാജിതര്‍ പലസ്തീന്‍ നേതൃത്വം ആണ്. ഈ കരാറിന്‍റെ വിശാല ചിത്രത്തില്‍, അറബ് രാജ്യങ്ങള്‍ യിസ്രയേലിനോട് കൂടുതല്‍ അടുക്കുന്നത് നമ്മള്‍ കാണുന്നു.

ഡൊണാള്‍ഡ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഈ കരാറില്‍ ഇജ്ജലമായ നേട്ടമുണ്ടാക്കിയത്. അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കേണം എന്നു പോലും, വൈറ്റ് ഹൌസിലെ ദേശീയ സുരക്ഷാ ഉപദേശകന്‍ ആയ റോബെര്‍ട് സി. ഒബ്രിയന്‍ (Robert C. O’Brien) അഭിപ്രായപ്പെട്ടു കഴിഞ്ഞു.

ട്രംപ്, ഈ വര്‍ഷം നവംബറില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നേരിടുവാന്‍ പോകുക ആണ്. അദ്ദേഹത്തിന്റെ നില അത്ര സുരക്ഷിതം അല്ലായിരുന്നു. എന്നാല്‍ യു‌എ‌ഇ-യിസ്രായേല്‍ കരാര്‍ അദ്ദേഹത്തിന് വളരെ നേട്ടം ഉണ്ടാക്കി കഴിഞ്ഞു.

അമേരിക്കയിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പുകളില്‍ എപ്പോഴും യിസ്രായേല്‍ ഒരു വിഷയമായി ഉയരാറുണ്ട് എന്നു നമ്മള്‍ മനസ്സിലാക്കേണം. ട്രംപ്, നെതന്യാഹു സര്‍ക്കാറിനെ പിന്താങ്ങുന്നു എന്നത് പരസ്യവുമാണ്.

ഇപ്പോള്‍ ട്രംപ്, മദ്ധ്യ കിഴക്കന്‍ മേഖലയുടെ സമാധാന സന്ദേശകന്‍ ആയി മാറി.

ഉപരിയായി, അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളുടെ പിന്തുണയും അദ്ദേഹം പ്രതീക്ഷിക്കുന്നു.

യിസ്രായേലും നെതന്യാഹുഉം

യിസ്രായേലിലെ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം നെതന്യാഹു ദുര്‍ബ്ബലമായ ഒരു കൂട്ട് കക്ഷി ഭരണത്തിലൂടെ ആണ് അധികാരത്തില്‍ എത്തിയത്. അഴിമതിയും അധികാര ദുര്‍വിനിയോഗങ്ങളും ആരോപിക്കപ്പെടുകയും അദ്ദേഹം നിയമപരമായ വിചാരണ നേരിടുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിനെതിരെ വലിയ പ്രക്ഷോപങ്ങളും യിസ്രയേലില്‍ നടക്കുന്നുണ്ട്.

വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേര്‍ക്കും എന്നത് അദ്ദേഹം കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നല്കിയ വാഗ്ദാനം ആണ്. അതിനാല്‍ അതിനു ഇപ്പോള്‍ വലിയായ ആകര്‍ഷണം ഇല്ല. മാത്രവുമല്ല, കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി തല്‍ക്കാലത്തേക്ക് എങ്കിലും ഉപേക്ഷിക്കുവാന്‍ അമേരിക്കന്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

കോവിഡ്-19 പകര്‍ച്ച വ്യാധിയെ ചെറുക്കുവാനുള്ള പ്രവര്‍ത്തനത്തിലും ജനങ്ങള്‍ അസംതൃപ്തര്‍ ആണ്.

ഈ അവസരത്തില്‍, മറ്റൊരു തിരഞ്ഞെടുപ്പ് ഉണ്ടായാല്‍, വിജയിക്കുക എളുപ്പമല്ല.

ഈ സാഹചര്യത്തില്‍ ആണ് യു‌എ‌ഇ-യിസ്രായേല്‍ കരാര്‍ ഉണ്ടാകുന്നത്. അദ്ദേഹത്തിന്റെ എതിരാളികള്‍ക്ക് പോലും അഭിനന്ദിക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല.

അദ്ദേഹം, യിസ്രയേലിന്‍റെ താല്പര്യങ്ങളുടെ സംരക്ഷകന്‍ ആണ് എന്നൊരു ചിത്രം രൂപപ്പെടുത്തുവാന്‍ നെതന്യാഹു പരിശ്രമിക്കുന്നുണ്ടായിരുന്നു. യിസ്രായേലിന് അനുകൂലമായി രാജാന്തര സമൂഹത്തെ ചലിപ്പിക്കുവാന്‍ തനിക്ക് കഴിയും എന്നു അദ്ദേഹം അവകാശപ്പെട്ടു. പലസ്തീനുമായി വിട്ടുവീഴ്ച ചെയ്യാതെ, മദ്ധ്യ പൂര്‍വ്വ രാജ്യങ്ങളുമായി സഖ്യം കൂടുവാന്‍ കഴിയും എന്നു അദ്ദേഹം അവകാശപ്പെട്ടു.

ഈ കരാര്‍, നെതന്യാഹു ശരിയായിരുന്നു എന്നു തെളിയിക്കുന്നു. അറബ് രാജ്യങ്ങളുമായി സൌഹൃദത്തിലായ യിസ്രായേലിലെ ഭരണാധികാരികളുടെ ചെറിയ പട്ടികയില്‍ അദ്ദേഹവും സ്ഥാനം നേടുക ആണ്. ഈ പട്ടികയിലെ മറ്റ് രണ്ടു പേര്‍, മെനാച്ചെം ബിഗിന്‍ (Menachem Begin), യിറ്റ്സ്ഹാക്ക് റബിന്‍ (Yitzhak Rabin) എന്നിവര്‍ ആണ്.

വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കുവാനുള്ള പദ്ധതി താല്‍ക്കാലികമായി എങ്കിലും ഉപേക്ഷിച്ചതോടെ, അന്താരാഷ്ട്ര സമൂഹത്തില്‍ യിസ്രായേല്‍ കൂടുതല്‍ സ്വീകാര്യര്‍ ആയി. യൂറോപ്പിയന്‍ രാജ്യങ്ങള്‍ യിസ്രയേലിന്‍റെ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതിയെ അംഗീകരിച്ചിരുന്നില്ല.

യുണൈറ്റെഡ് അറബ് എമിറേറ്റ്സ് (യു‌എ‌ഇ)

മദ്ധ്യ പൂര്‍വ്വ മേഖലയിലെ സമാധാന ശ്രമങ്ങളില്‍ യു‌എ‌ഇ ഒരു വലിയ കക്ഷി ആയിരുന്നില്ല. പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി (Mahmoud Abbas) ആയി അവര്‍ക്ക് അടുത്ത ബന്ധവും ഇല്ല.

എങ്കിലും, പലസ്തീന്‍, യിസ്രായേല്‍, എന്നീ സ്വതന്ത്രമായ രണ്ടു രാജ്യങ്ങള്‍ എന്ന ആശയത്തിന്, യിസ്രയേലിന്‍റെ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി, അവസാനം കുറിക്കും എന്നു അവര്‍ക്കും അഭിപ്രായം ഉണ്ടായിരുന്നു. അതിനാല്‍ നയതന്ത്ര ബന്ധങ്ങളുടെ സാധാരണവല്‍ക്കരണം കൂടുതല്‍ നല്ല ഒരു ആശയമായി അവര്‍ക്ക് തോന്നി.

മാത്രവുമല്ല, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളെ സമാധാന ചര്‍ച്ചകളില്‍ നിന്നും അകറ്റി നിറുത്തുവാനും കഴിയും. 

 ഗള്‍ഫ് മേഖലയിലെ നയതന്ത്ര വിദഗ്ദ്ധര്‍ തങ്ങളാണ് എന്നൊരു ചിത്രം യു‌എ‌ഇ സൃഷ്ടിക്കുക ആണ്. ഈ കരാര്‍ യിസ്രയേലില്‍ നിന്നുള്ള വിനോദ സഞ്ചാരത്തെ പ്രോല്‍സാഹിപ്പിക്കുകയും അതിലൂടെ യു‌എ‌ഇ കൂടുതല്‍ സമ്പന്നമാകുകയും ചെയ്യും. വൈദ്യ ശാസ്ത്രത്തിലും വ്യാപാര, വാണിജ്യ തലത്തിലും, സാമ്പത്തിക രംഗത്തിലും പുതിയ ഉണര്‍വ് ഉണ്ടാകും. ഇനി അമേരിക്കയില്‍ നിന്നും യുദ്ധ ആയുധങ്ങളോ, ആധുനിക ഡ്രോണുകളോ ലഭിക്കുവാന്‍ തടസ്സമില്ല. ഇത് ഗള്‍ഫ് മേഖലയിലെ ശക്തി കേന്ദ്രമായി യു‌എ‌ഇ യെ മാറ്റും.

 പലസ്തീന്‍

“എബ്രഹാം അക്കോര്‍ഡ്” പലസ്തീന് ഒരേ സമയം നന്മയും തിന്‍മയും ആണ്.

വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കുവാനുള്ള യിസ്രയേലിന്‍റെ പദ്ധതി നിറുത്തി വച്ചത് നന്മയാണ്. അത് സംഭവിച്ചിരുന്നു എങ്കില്‍ പലസ്തീന്‍റെ 30 ശതമാനം ഭൂപ്രദേശം യിസ്രയേലിന്‍റേത് ആകുമായിരുന്നു. അത് പലസ്തീന്‍ രാജ്യത്തെ വലുപ്പത്തില്‍ ചെറുതാക്കുക മാത്രമല്ല ബലഹീനവും ആക്കും.

അതേ സമയം, ഈ കരാറില്‍ നിന്നും പലസ്തീന് പുതിയ ഒരു നേട്ടവും ഉണ്ടാകുന്നില്ലാ താനും. വെസ്റ്റ് ബാങ്ക് ഇപ്പോള്‍ അവരുടെ കൈവശം ആണ്. അത് കൂട്ടിച്ചേര്‍ക്കും എന്നുള്ള യിസ്രയേലിന്‍റെ ഭീഷണി താല്‍ക്കാലികമായി ഒഴിഞ്ഞുപോയി എന്നു മാത്രം.

പുതിയ കരാര്‍ യിസ്രായേലിന്റെ നിലപാടുകളെ ശക്തിപ്പെടുത്തും എന്നാണ് പലസ്തീന്‍ നേതാക്കള്‍ വിശ്വസിക്കുന്നത്. അതിനാല്‍, “അപകടകരം” എന്നാണ് അവര്‍ ഈ കരാറിനെ വിശേഷിപ്പിക്കുന്നത്. യിസ്രായേല്‍ കൂടി അംഗീകരിച്ച സ്വതന്ത്ര പലസ്തീന്‍ രാജ്യം എന്ന പഴയ വാദത്തെ ഗള്‍ഫ് രാക്ഷ്ട്രങ്ങള്‍ മറക്കുന്ന കാഴ്ച ആണ് പലസ്തീന്‍ കാണുന്നത്. അതിനാല്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്നു അവര്‍ കരുതുന്നു.

ഈ കരാര്‍ പലസ്തീന് പുതിയ ഒരു സന്ദേശം കൂടി നല്കുന്നു. ആരും അവര്‍ക്ക് വേണ്ടി കാത്തിരിക്കുവാന്‍ തയ്യാറല്ല. അറബ് രാജ്യങ്ങള്‍ക്ക് ശത്രുവില്‍ നിന്നും സുരക്ഷയും പുരോഗതിയും വേണം.

യാതൊരു പരിഹാരവും നിര്‍ദ്ദേശിക്കാതെയും, സമാധാന ശ്രമങ്ങളെ നിഷേധിച്ചും കൊണ്ടുള്ള പലസ്തീന്‍റെ നിലപാടുകള്‍ അവരെതന്നെ ദുര്‍ബലമാക്കുകയേ ഉള്ളൂ.

 എബ്രഹാം അക്കോര്‍ഡ്

നമ്മള്‍ ഇതുവരെയും, എന്താണ് യു‌എ‌ഇ-യിസ്രായേല്‍ കരാര്‍ എന്നും, അതിന്റെ നേട്ടവും കോട്ടവും ആര്‍ക്കെല്ലാം ആണ് എന്നും, അതിന്റെ രാക്ഷ്ട്രീയ ഫലവും, അതിന്റെ നാള്‍വഴികളും വിശകലനം ചെയ്യുക ആയിരുന്നു.

ഇനി നമുക്ക്, അധികമാരും പറയാത്ത, ഈ കരാറിന്‍റെ മറ്റൊരു വശത്തെക്കുറിച്ച് കൂടി ചിന്തിക്കാം.

ഗള്‍ഫ് മേഖലയില്‍ സമീപ കാലത്ത് രൂപപ്പെടുന്ന മതപരവും രാക്ഷ്ട്രീയവും ആയ സംഭവങ്ങളുടെ വെളിച്ചത്തില്‍ കൂടി വേണം നമ്മള്‍ ഈ കരാറിനെ മനസ്സിലാക്കുവാന്‍.

 നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, കരാറിന്‍റെ ഉപഞ്ജാതാവും മദ്ധ്യസ്ഥനുമായ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, ഇതിനെ എബ്രഹാം അക്കോര്‍ഡ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

യഹൂദന്മാരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും വിശ്വാസത്തിന്റെ പിതാവായി കാണുന്ന വ്യക്തിയാണ് അബ്രഹാം.

യഹൂദന്മാര്‍ അദ്ദേഹത്തെ അവ്റഹാം (Avraham) എന്നും മുസ്ലിങ്ങള്‍, ഇബ്രാഹീം (Ibrahim) എന്നും ക്രിസ്ത്യാനികള്‍ അബ്രഹാം (Abraham) എന്നും വിളിക്കുന്നു. ഈ മൂന്ന് മത വിശ്വാസങ്ങള്‍ക്കുള്ളില്‍ ഐക്യത ഉളവാക്കുവാന്‍ കഴിയുന്ന തുല്യമായ മറ്റൊരു വ്യക്തിയും നാമവും ഇല്ല.

ഇവിടെ 2019 ലെ ഒരു പ്രധാന സംഭവത്തിലേക്ക് കൂടി നമ്മളുടെ ശ്രദ്ധയെ തിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. യു‌എ‌ഇ യുടെ പ്രസിഡന്‍റ്, ഹിസ് ഹൈനെസ്സ് ഷെയിക്ക് ഖലീഫ ബിന്‍ സായെദ് ആല്‍ നഹ്യാന്‍ 2019 നേ യു‌എ‌ഇ യില്‍ സഹിഷ്ണതയുടെ വര്‍ഷമായി പ്രഖ്യാപിച്ചു. യു‌എ‌ഇ സഹിഷ്ണതയുടെ ലോക തലസ്ഥാനം ആയിരിയ്ക്കും എന്നു അദ്ദേഹം ആ അവസരത്തില്‍ പ്രഖ്യാപിച്ചു. യു‌എ‌ഇ, സഹിഷ്ണതയുടെ മൂല്യങ്ങള്‍, സ്വതന്ത്രമായ തുറന്ന ചര്‍ച്ചകള്‍, സഹവര്‍ത്തിത്വം, വിവിധ സംസ്കാരങ്ങളോടുള്ള തുറന്ന സമീപനം എന്നിവയ്ക്കു മൂല്യം കല്‍പ്പിക്കുന്നു എന്നും ഭീകരവാദത്തെ തള്ളികളയുന്നു എന്നും അദ്ദേഹം പറഞ്ഞു.

2019 ഫെബ്രുവരി 3 മുതല്‍ 5 വരെയുള്ള തീയതികളില്‍, കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍ ആയ പോപ്പ് ഫ്രാന്‍സിസ് യു‌എ‌ഇ സന്ദര്‍ശിച്ചു. ഇത് ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യത്തെ സംഭവം ആയിരുന്നു. മത സ്വാതന്ത്ര്യം ആയിരുന്നു പോപ്പിന്‍റെ മുഖ്യ അജണ്ട.

ഈ അവസരത്തില്‍, മാര്‍പാപ്പായും, യു‌എ‌ഇ യിലെ ഗ്രാന്‍ഡ് ഇമാം അഹ്മെദ് എല്‍ ടയേബ് ഉം ഒരു സുപ്രധാന രേഖയില്‍ ഒപ്പ് വയ്ക്കുക ഉണ്ടായി. Document on Human Fraternity for World Peace and Living Together എന്നാണ് ഈ രേഖയുടെ പേര്.

ഈ സംഭവത്തിന്‍റെ ഓര്‍മ്മയ്ക്കായി, യു‌എ‌ഇ യുടെ Higher Committee of Human Fraternity എന്ന ഔദ്യോഗിക വിഭാഗം “എബ്രഹാം ഫാമിലി ഹൌസ്” (Abrahamic Family House), അഥവാ, “അബ്രാഹാമിന്റെ കുടുംബ വീട്” എന്നൊരു സ്ഥാപനം സ്ഥാപിക്കുവാന്‍ തീരുമാനിച്ചു. ഇവിടെ, ഒരു മതില്‍ കെട്ടിനുള്ളില്‍, മുസ്ലിം പള്ളിയും, യഹൂദ സിനഗോഗും, ക്രിസ്ത്യന്‍ ദേവാലയവും, ഒരു ഗവേഷണ പഠന കേന്ദ്രവും ഉണ്ടായിരിക്കും.

ഈ സ്ഥാപനം വിവിധ മതങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെയും സാഹോദര്യത്തിന്റെയും കേന്ദ്രമായിരിക്കും. 

2019 ല്‍ തന്നെ ഈ സ്ഥാപനത്തിന്റെ രൂപ രേഖ ന്യൂയോര്‍ക്കില്‍ പുറത്തിറക്കി. ഇത്, യു‌എ‌ഇ യിലെ, സാദിയാത്ത് ദ്വീപില്‍ ആയിരിയ്ക്കും സ്ഥാപിക്കുക. 2020 ല്‍ ഇത് പൂര്‍ത്തിയാകും എന്നു കരുതുന്നു.

ഇതെല്ലാം, ഗള്‍ഫ് രാജ്യങ്ങള്‍ മാറികൊണ്ടിരിക്കുന്നു എന്ന സന്ദേശം ലോക രാജ്യങ്ങള്‍ക്ക് നല്കുക ആണ്.

1995 ല്‍ തന്നെ അമേരിക്കന്‍ ജനപ്രതിനിധി സഭയായ കോണ്‍ഗ്രസ്, യിസ്രായേലിലെ അമേരിക്കന്‍ എംബസ്സി യെരുശലേമിലേക്ക് മാറ്റുവാന്‍ തീരുമാനിച്ചതാണ്. എങ്കിലും അത് വലിയ കലാപത്തിന് ഇടയാക്കും എന്ന് ഭയന്ന് അവര്‍ തീരുമാനം നടപ്പിലാക്കാതെ മാറ്റി വച്ചു.

എന്നാല്‍, 2017 ഡിസംബര്‍ 6 ആം തീയതി, പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, ഈ തീരുമാനം നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. അദ്ദേഹം യെരൂശലേമിനെ യിസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ട് പ്രഖ്യാപനം നടത്തി. ഒപ്പം ടെല്‍ അവീവ് ല്‍ (Tel Aviv) നിന്നും അമേരിക്കന്‍ എംബസി യെരൂശലേമിലേക്ക് മാറ്റുവാന്‍ ഉത്തരവിടുകയും ചെയ്തു. അങ്ങനെ 2018 മെയ് മാസം 14 ആം തീയതി, യിസ്രയേലിന്‍റെ 70 ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്, അമേരിക്കന്‍ എംബസി യെരൂശലേമിലേക്ക് മാറ്റി സ്ഥാപിച്ചു.

2019 മാര്‍ച്ച് മാസം 25 ആം തീയതി, ഗോലാന്‍ കുന്നുകള്‍ (Golan Heights) എന്നു അറിയപ്പെടുന്ന പ്രദേശത്തിനുമേലുള്ള യിസ്രയേലിന്‍റെ സര്‍വ്വാധികാരം അമേരിക്ക അംഗീകരിച്ചുകൊണ്ടു ഉത്തരവിറങ്ങി.

ഇപ്പോള്‍, അറബ് രാജ്യങ്ങളില്‍ താമസിക്കുന്ന ക്രിസ്തീയ വിശ്വാസികളുടെ സംരക്ഷണം കൂടി ട്രംപ് ഉന്നം വയ്ക്കുന്നു.

ഇവാഞ്ചലിക്കല്‍ ക്രിസ്തീയ വിശ്വാസികള്‍

യഥാര്‍ത്ഥത്തില്‍, ഈ കരാറിന് പിന്നില്‍ ഇവാഞ്ചലിക്കല്‍ ക്രിസ്തീയ നേതാക്കന്മാരുടെ നാളുകളായ പരിശ്രമം ഉണ്ട് എന്നത് അധികം ആരും ശ്രദ്ധിച്ചുകാണുക ഇല്ല. നോവലിസ്റ്റും ഇവാഞ്ചലിക്കല്‍ ക്രിസ്തീയ വിഭാഗങ്ങളുടെ മുന്‍നിര പ്രവര്‍ത്തകനും ആയ ജോയല്‍ റോസെന്‍ബെര്‍ഗ് (Joel Rosenberg), ജോണി മൂര്‍ (Johnnie Moore) എന്നിവര്‍ 2018 മുതല്‍ യു‌എ‌ഇ യുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ജോണി മൂര്‍ വ്യക്തിപരമായി മൂന്നു തവണ യു‌എ‌ഇ സന്ദര്‍ശിച്ചിട്ടുണ്ട്. അവര്‍ രണ്ടു തവണ സൌദി അറെബിയയിലേക്ക് പ്രതിനിധി സംഘത്തെ നയിച്ചിട്ടുണ്ട്.

മുന്‍ഗാമികളെക്കാള്‍ അധികമായി, ഇവാഞ്ചലിക്കല്‍ ക്രിസ്തീയ വിഭാഗത്തിന്‍റെ നേതൃത്വത്തിന്‍റെ ഉപദേശങ്ങള്‍ക്ക് ട്രംപ് ശ്രദ്ധ കൊടുത്തിട്ടുണ്ട്. യു‌എ‌ഇ-യിസ്രായേല്‍ കരാര്‍ പ്രഖ്യാപിച്ച ശേഷം, ട്രംപ് ഇത് തുറന്ന് പറയുകയും ചെയ്തു.

ഇവാഞ്ചലിക്കല്‍ ക്രിസ്തീയ വിഭാഗത്തിന്‍റെ അഭിപ്രായത്തില്‍ വെസ്റ്റ് ബാങ്ക് എന്നത്, വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന, യിസ്രയേലിന്‍റെ ഭാഗമായ, യെഹൂദ്യ, ശമരിയ എന്നീ പ്രദേശങ്ങള്‍ ആണ്. അതിനാല്‍ യിസ്രായേലിന് ആ പ്രദേശത്തിന്‍മേല്‍ ചരിത്രപരമായ അവകാശം ഉണ്ട്. അതുകൊണ്ട്, അധിനിവേശം, കുടിയേറ്റം, കൂട്ടിച്ചേര്‍ക്കല്‍ എന്നീ പദങ്ങളെ അവര്‍ എതിര്‍ക്കുന്നു.

Christians United for Israel എന്ന സംഘടനയുടെ സ്ഥാപകന്‍ ആയ ജോണ്‍ ഹാഗി (John Hagee), അറബ് രാജ്യങ്ങളുമായുള്ള തുറന്ന സാധാരണമായ നയതന്ത്ര ബന്ധങ്ങളെ പിന്തുണയ്കുന്നു. അവര്‍ ആണ് എബ്രഹാം അക്കൊര്‍ഡിനെ സ്വാഗതം ചെയ്ത ആദ്യത്തെ ക്രിസ്തീയ സംഘനട.

ഹിറ്റ്ലറിന്റെ മഹാ പീഡന കാലത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയ യിസ്രായേല്‍ പൌരന്‍മാര്‍ എല്ലാവരും യിസ്രായേലിലേക്ക് തിരികെ വരേണം എന്നും, അത് യേശു ക്രിസ്തുവിന്റെ പുനരാഗമനം സംബന്ധിച്ച പ്രവചനത്തിന്‍റെ നിവൃത്തി ആണ് എന്നും ഇവാഞ്ചലിക്കല്‍ ക്രിസ്തീയ വിഭാഗം വിശ്വസിക്കുന്നു.

ജോയല്‍ റോസെന്‍ബെര്‍ഗ് ന്‍റെ അഭിപ്രായത്തില്‍, യിസ്രായേല്‍ കൂടുതല്‍ സുരക്ഷിതവും, ശക്തവും, സമാധാനപരവും ആയ രാജ്യമായി മാറേണം, അത് കൂടുതല്‍ വിസ്തൃതം ആകേണം എന്നു നിര്‍ബന്ധം ഇല്ല.

യിസ്രായേലിന് ദൈവം വാഗ്ദത്തം ചെയ്ത എല്ലാ പ്രദേശങ്ങളും തിരികെ ലഭിക്കും എന്ന വേദപുസ്തക പ്രവചനത്തില്‍ ക്രൈസ്തവര്‍ വിശ്വസിക്കുന്നു എങ്കിലും, വെസ്റ്റ് ബാങ്ക് പോലെയുള്ള പ്രദേശത്തിന്റെ കൂട്ടിച്ചേര്‍ക്കലിനെക്കാള്‍, മധ്യ പൂര്‍വ്വ ദേശത്തെ സമാധാനത്തെ അവര്‍ കൂടുതല്‍ പിന്താങ്ങുന്നു.

ഉപസംഹാരം

ഈ വിശകലനം ഇവിടെ ചുരുക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

യേശുക്രിസ്തുവിന്‍റെ പുനരാഗമനത്തിന്റെ അടയാളമായി വേദപുസ്തകത്തില്‍ തളിര്‍ക്കുന്ന അത്തിവൃക്ഷത്തിന്റെ ഉപമ യേശു തന്നെ പറയുന്നുണ്ട്. അതിനു ഇവിടെ വളരെ പ്രസക്തി ഉള്ളതിനാല്‍ അതിനെക്കുറിച്ച് ചുരുക്കമായി പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

യേശുക്രിസ്തു പറഞ്ഞത് ഇതാണ്: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ. അവ തളിർക്കുന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ. അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.” (ലൂക്കോസ് 21: 29-31)

യേശുവിന്‍റെ ഈ വാക്കുകള്‍, അന്ത്യകാലത്തിന്‍റെ മര്‍മ്മ പ്രധാനമായ ഒരു അടയാളത്തെക്കുറിച്ചാണ് പറയുന്നത്. ഇന്ന് ലോകത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ ഇത് നമ്മളെ ഏറെ സഹായിക്കും.

ഇവിടെ അത്തിയെയും മറ്റ് വൃക്ഷങ്ങളെയും അടയാളം ആയി നോക്കുവീന്‍ എന്നാണ് യേശുക്രിസ്തു പറയുന്നത്. ഇവിടെ അത്തി യിസ്രയേലിന്റെ പ്രതീകവും മറ്റ് വൃക്ഷങ്ങള്‍ മദ്ധ്യ കിഴക്കന്‍ രാജ്യങ്ങളും ആണ്.

അന്ത്യകാലത്തിന്‍റെ അടയാളം യിസ്രായേലിലും അതിന് ചുറ്റുമുള്ള രാജ്യങ്ങളിലും നമുക്ക് കാണാവുന്നതാണ് എന്നാണ് ഇതിന്‍റെ അര്‍ത്ഥം.

അതായത് ലോകസംഭവങ്ങളുടെ കേന്ദ്രം യിസ്രായേല്‍ ആയിരിക്കും. യിസ്രായേല്‍ കേന്ദ്ര ബിന്ദു ആയി, ലോക രാഷ്ട്രങ്ങള്‍ പുതിയ കൂട്ടുകെട്ട് ഉണ്ടാക്കും.

ഈ പ്രവചനത്തിന്‍റെ നിവൃത്തി ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. ചിലത് അവര്‍ക്ക് അനുകൂലമായും, ചിലത് അവര്‍ക്ക് എതിരായും സംഭവിച്ചുകൊണ്ടിരിക്കുന്നു.

യിസ്രായേല്‍ വിരോധം വെച്ചുപുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കിടയില്‍ തന്നെ, ആ കൂട്ടായ്മയുടെ നേതൃത്വത്തിനായുള്ള മല്‍സരവും അന്തര്‍ലീനമായി നമുക്ക് ദര്‍ശിക്കാവുന്നതാണ്. തുര്‍ക്കിയും, സിറിയയും, ഇറാനും, റഷ്യയും ഈ കൂട്ടുകെട്ടിന്‍റെ നേതൃത്വത്തിനായി മല്‍സരിക്കുന്നു.

ഒപ്പം, യിസ്രയേലിനെക്കുറിച്ചുള്ള എല്ലാ ദൈവീക പദ്ധതികളും നിവൃത്തിയാകുവാന്‍ തക്കവണം സൌഹൃദ കൂട്ടുകെട്ടുകളും വര്‍ദ്ധിച്ചു വരുന്നു. യിസ്രായേലിന് ചുറ്റുമായി, ലോക രാജ്യങ്ങള്‍ ചേരി തിരിയുക ആണ്. ഇത് അന്ത്യകാല ലക്ഷണമാണ്.

യേശുക്രിസ്തുവിന്‍റെ പുനരാഗമനം സമീപിച്ചിരിക്കുന്നു എന്നതിന്റെ അടയാളം കൂടി നമുക്ക് ഈ സംഭവങ്ങളില്‍ വായിക്കാവുന്നതാണ്.

ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.

വേദപുസ്തക മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കാണുവാനും കേള്‍ക്കുവാനും നിങ്ങളെ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. 

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.

ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക. മറ്റുള്ളവരോടുകൂടെ പറയുക.

ഈ സന്ദേശം കണ്ടതിന്നും കേട്ടത്തിനും വളരെ നന്ദി.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെആമേന്‍.

Watch videos in English and Malayalam @ naphtalitribetv.com

Listen to audio messages @ naphtalitriberadio.com

Read Bible study notes in English @ naphtalitribe.com

Read Bible study notes in Malayalam @ vathil.in

No comments:

Post a Comment