വേദപുസ്തകത്തിലെ പ്രശസ്തമായ ഒരു വാക്യം വായിച്ചുകൊണ്ടു നമുക്ക് ഈ പഠനം ആരംഭിക്കാം.
ഉൽപ്പത്തി 5:24 ഹാനോക് ദൈവത്തോടുകൂടെ നടന്നു, ദൈവം
അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
ഈ വാക്യത്തിലെ “നടന്നു” എന്നതിന്റെ
അർത്ഥവും, വ്യാപ്തിയും, പ്രയോഗികതയും, ആത്മീയ മർമ്മങ്ങളും ആണ് നമ്മൾ ഇവിടെ ചർച്ച
ചെയ്യുന്നത്.
“നടന്നു” എന്നു പറയുവാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ
പദം “ഹലാക് “എന്നാണ് (hālaḵ - haw-lak'). ഈ
വാക്കിന് പല അർത്ഥങ്ങൾ ഉണ്ട്. ഇവയിൽ പ്രധാനമായവ ഇതെല്ലാം ആണ്: നടക്കുക, വരുക,
ഒരുമിച്ച് നടക്കുക, ദൂരേക്ക് നടന്നു പോകുക, തുടർച്ചയായി അങ്ങോട്ടും ഇങ്ങങ്ങോട്ടും
നടക്കുക, അലഞ്ഞുതിരിയുക, ജീവിക്കുക, ജീവിത രീതി. ഈ അർത്ഥങ്ങൾ എല്ലാം ദൈവത്തോട്
കൂടെയുള്ള നടത്തത്തിൽ അടങ്ങിയിട്ടുണ്ട്.
എങ്കിലും “ഹലാക്” എന്ന വാക്കിൽ അടങ്ങിയിരിക്കുന്ന പ്രധാന ആശയം ഇതാണ്: ഒരുവനുമായോ, ഒരു ആദർശവുമായോ, ആശയവുമായോ, നിരന്തരമായ ബന്ധത്തിലും, യോജിപ്പിലും, തുടർച്ചയായും, ക്രമമായും, പതിവായും, അവസാനമില്ലാതെയും ചേർന്ന് നടക്കുക.