ഒരു വേദഭാഗത്തിന്‍റെ വിശദീകരണം ആണ് ഈ ഹൃസ്വ വീഡിയോയിലെ വിഷയം. ചിലര്‍ എന്നോടു ഈ വാക്യങ്ങള്‍ക്ക് ഒരു വിശദീകരണം നാല്‍കാമോ എന്നു ചോദിച്ചിരുന്നു. അതിനാലാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. നമുക്ക് വാക്യം വായിയ്ക്കാം:
ഉല്‍പ്പത്തി 6: 1-4
1 മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ
2 ദൈവത്തിന്റെ പുത്രന്മാർ
മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും
ഭാര്യമാരായി എടുത്തു.
3 അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ
ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ;
എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു
അരുളിച്ചെയ്തു.
4 അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.
നൂറ്റാണ്ടുകളായി വേദപുസ്തകം പഠിക്കുന്നവരെ കുഴയ്ക്കുന്ന ഒരു ഭാഗം ആണിത്. ഇതുവരെയും അന്തിമമായ ഒരു വിശദീകരണം നമുക്ക് ലഭ്യമല്ല. ഈ വാക്യത്തില്‍ പറയുന്ന ദൈവത്തിന്റെ പുത്രന്മാര്‍ ആരാണ്, മനുഷ്യരുടെ പുത്രിമാര്‍ ആരാണ്, ഈ വാക്യത്തില്‍ പരാമര്‍ശിക്കുന്ന “മല്ലന്‍മാര്‍” ആരാണ്? ഇതാണ് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍.
ഇതിനെക്കുറിച്ച് 5 വ്യത്യസ്തങ്ങള്‍ ആയ വ്യാഖ്യങ്ങള്‍ ഉണ്ട്. അത് ഇവിടെ എടുത്തു പറയുവാന്‍ മാത്രമേ ഈ വീഡിയോയില്‍ ഉദ്ദേശിക്കുന്നുള്ളൂ. വ്യാഖ്യാനങ്ങളിലേക്ക് കടക്കുന്നതിന് മുമ്പായി നമ്മള്‍ ഈ വേദഭാഗത്തിന്‍റെ പശ്ചാത്തലം മനസ്സിലാക്കുന്നത് നല്ലതായിരിക്കും. ഈ വാക്യങ്ങള്‍ ഒരു ചരിത്ര സംഭവത്തിന്‍റെ മുഖവുര ആണ്. ഭൂമിയില്‍ പാപം പെരുകി വന്നതിനാല്‍, ദൈവം ഭൂമിയിലെ സകല മനുഷ്യരെയും ജീവജാലങ്ങളെയും ഒരു പ്രളയത്താല്‍ നശിപ്പിച്ചു. നീതിമാനും ദൈവത്തില്‍ വിശ്വസിച്ചവനുമായ നോഹയും കുടുംബവും മാത്രമേ പ്രളയത്തില്‍ നിന്നും രക്ഷ പ്രാപിച്ചുള്ളൂ. അക്കാലത്തെ, പാപത്തിന്റെ വര്‍ദ്ധനവിനെക്കുറിച്ച് ആണ് ഈ വാക്യങ്ങള്‍ പറയുന്നത്. ഈ ചിന്ത മനസ്സില്‍ വച്ചുകൊണ്ടു, നമുക്ക് വ്യത്യസ്തങ്ങള്‍ ആയ വ്യാഖ്യാനങ്ങളിലേക്ക് പോകാം.
1.
“ദൈവത്തിന്റെ പുത്രന്മാർ” എന്നത്, ആത്മീയ ജീവികളോ, വീണുപോയ ദൂതന്മാരോ ആയിരിക്കാം എന്നതാണു ഒന്നാമത്തെ അഭിപ്രായം.
എന്തുകൊണ്ടോ ഇവര്‍ മനുഷ്യരുടെ പുത്രിമാരുമായി ബന്ധപ്പെട്ടു. അങ്ങനെ ജനിച്ച
മനുഷ്യര്‍ പഴയകാലത്തെ മല്ലന്‍മാര്‍ അല്ലെങ്കില്‍ രാക്ഷസന്‍മാര്‍ ആയിത്തീര്‍ന്നു. ഈ
ബന്ധം അല്‍പ്പ കാലത്തേക്ക് തുടര്‍ന്നു. ഇതില്‍ ജനിച്ച മല്ലന്‍മാര്‍ ഭൂമിയില്‍ പാപം
പ്രവര്‍ത്തിച്ചു. ഇത് കാരണമാണ്, നോഹയുടെ കാലത്ത്, ദൈവം വെള്ളപ്പൊക്കത്തെ അയച്ച് നോഹയുടെ കുടുംബം ഒഴികെ ഉള്ള സകല
മനുഷ്യരെയും ജീവജാലങ്ങളെയും നശിപ്പിച്ചത്.
2. രണ്ടാമത്തെ അഭിപ്രായത്തില്‍, ദൈവത്തിന്റെ പുത്രന്മാര്‍ എന്നത് ആദാമിന്റെ മൂന്നാമത്തെ സന്തതി ആയ ശേത്തിന്റെ പരമ്പരകള്‍ ആണ്. ഇവര്‍ കാലക്രമത്തില്‍, ദൈവീക വേര്‍പാട് നിലനിറുത്താതെ, ആദാമിന്റെ മറ്റൊരു സന്തതിയും ഹാബെലിന്റെ കൊലപാതകനും ദൈവത്താല്‍ ശപിക്കപ്പെട്ടവനുമായ കയീന്‍റെ സന്തതി പരമ്പരയിലെ പുത്രിമാരെ വിവാഹം കഴിച്ചു. അവര്‍ക്കുണ്ടായ സന്തതികളെ ആണ് മല്ലന്‍മാര്‍ എന്നു വിളിച്ചിരുന്നത്. നീതിയും വിശുദ്ധിയും ഉള്ള ഹാബെലിന്റെ വംശാവലി, അനീതിയും പാപവും ഉള്ള കയീന്‍റെ വംശാവലിയുമായി കൂട്ട് ചേര്‍ന്നപ്പോള്‍, അനീതിയും പാപവും ഉള്ള തലമുറ ജനിച്ചു എന്നും അങ്ങനെ ഭൂമിയില്‍ പാപം പെരുകി എന്നും നമുക്ക് അനുമാനിക്കാം.
3. മൂന്നാമത്തെ വ്യാഖ്യാനം അനുസരിച്ച്, ദൈവത്തിന്റെ പുത്രന്മാര്‍ എന്നത്, അക്കാലത്തെ രാജാക്കന്മാരും അവരുടെ പുത്രന്മാരും ആയിരുന്നു. ഇവര്‍ക്ക് സാധാരണ മനുഷ്യരുടെ പുത്രിമാരില്‍ ജനിച്ച സന്തതികള്‍ ദൈവത്തോട് മല്‍സരിക്കുന്നവര്‍ ആയി മാറി. അങ്ങനെ ഭൂമിയില്‍ പാപം നിറഞ്ഞു. ഇത് ഒരു സാമൂഹികമായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ള വിശദീകരണം ആണ്, ദൈവശാസ്ത്രപരം അല്ല.
4. നാലാമത്തെ വ്യാഖ്യാനം, ദൈവത്തിന്റെ പുത്രന്മാര്‍ എന്നത് പിശാചിന്റെ ആത്മാവിനാല്‍ നിയന്ത്രിക്കപ്പെട്ടിരുന്ന മനുഷ്യരാണ്. അവര്‍ ദൈവാത്മാവിനാല്‍ നിറയപ്പെട്ടിരുന്ന മനുഷ്യരുടെ പുത്രിമാരുമായി ബന്ധപ്പെട്ടു. അവര്‍ക്ക് ജനിച്ച സന്തതികള്‍ പിശാചിന്റെ ആത്മാവ് നിറഞ്ഞവര്‍ ആയി. ഇവിടെയും അവിശുദ്ധ ജനവും വിശുദ്ധ ജനവും തമ്മിലുള്ള ബന്ധം അവിശുദ്ധ ജനത്തെ പുറപ്പെടുവിക്കും എന്ന ചിന്ത ഉണ്ട്.
5. അഞ്ചാമത്തെ കാഴ്ചപ്പാടിന് വേദ പണ്ഡിതന്‍മാര്‍ക്കിടയില്‍ അധികം പിന്തുണ ഇല്ല. ഇത് അനുസരിച്ച്. ദൈവപുത്രന്മാര്‍ എന്നതും മനുഷ്യരുടെ പുത്രിമാര്‍ എന്നതും പൊതുവേ പുരുഷന്മാരെയും സ്ത്രീകളെയും കുറിച്ചു പറയുന്നു എന്നു മാത്രമേ ഉള്ളൂ. അതില്‍ ആത്മീയ ജീവികളോ, മറ്റ് സവിശേഷ ജീവികളോ ഇല്ല. ഈ വാദം അനുസരിച്ച്, നോഹയുടെ കാലത്തെ പ്രളയവുമായി ഈ വാക്യങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ല.
വേദപുസ്തക പണ്ഡിതന്‍മാര്‍ക്കിടയില്‍ ഈ വ്യാഖ്യാനങ്ങളെ എല്ലാം പിന്തുണയ്ക്കുന്നവര്‍ ഉണ്ട്. യഹൂദ റബ്ബിമാര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നതിനെ ആത്മീയ ജീവികള്‍ ആയി കണ്ടിരുന്നില്ല. അവര്‍ അന്നത്തെ ന്യായാധിപന്മാര്‍ ആയിരുന്നിരിക്കേണം എന്നാണ് അവരുടെ അഭിപ്രായം. മദ്ധ്യകാലഘട്ടത്തില്‍, കത്തോലിക്ക സഭയുടെ വ്യാഖ്യാനത്തില്‍, ദൈവത്തിന്റെ പുത്രന്മാര്‍ കയീന്‍റെ വംശാവലിയും മനുഷ്യരുടെ പുത്രിമാര്‍ ശേത്തിന്‍റെ വംശാവലിയും ആയിരുന്നു.
പഴയനിയമത്തില്‍ ചില ഇടങ്ങളില്‍, ഇയ്യോബ് 1:6, 2:1, 38:6 എന്നിവിടങ്ങളില്‍ ദൂതന്മാരെ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിച്ചിട്ടുണ്ട്. എന്നാല്‍ മത്തായി 22:30 അനുസരിച്ച് ദൂതന്മാര്‍ വിവാഹം കഴിക്കുകയില്ല. ദൂതന്മാര്‍ പുരുഷന്മാര്‍ ആണോ സ്ത്രീകള്‍ ആണോ എന്നോ അവര്‍ക്ക് അങ്ങനെ ഉള്ള വ്യത്യാസം ഉണ്ടോ എന്നോ, അവര്‍ക്ക് സന്തതികള്‍ ജനിക്കും എന്നോ വേദപുസ്തകം ഒരു സൂചന പോലും നല്‍കുന്നില്ല.
സാധാരണ മനുഷ്യരിലെ പുരുഷനും സ്ത്രീയും തമ്മില്‍ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് മല്ലന്‍മാര്‍ ജനിക്കും എന്നതിന് വിശദീകരണം കണ്ടെത്തുക പ്രയാസം ആണ്. മാത്രവുമല്ല, ശേത്തിന്റെ വംശാവലിയില്‍ പെട്ടവര്‍ കയീന്‍റെ വംശാവലിയില്‍ ഉള്ളവരെ വിവാഹം കഴിക്കുവാന്‍ പാടില്ല എന്നു ദൈവം കല്‍പ്പിച്ചിട്ടില്ല. അതിനാല്‍, പ്രളയത്താല്‍ മനുഷ്യരെ കൊല്ലുവാന്‍ അതൊരു ന്യായീകരണം അല്ല. പാപം മാത്രമേ പ്രളയത്തിന് കാരണമാകുന്നുള്ളൂ.
വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ഇങ്ങനെ പലതും ഉണ്ട്. എങ്കിലും ഈ വേദഭാഗത്തിന്റെ അര്‍ത്ഥം നമുക്ക് ഇപ്പൊഴും വ്യക്തമല്ല. അതിനു കാരണം, മോശെ ഇത് എഴുതിയ സമയത്ത്, അന്നത്തെ വായനക്കാര്‍ക്ക് അറിയാമായിരുന്ന ചില കാര്യങ്ങള്‍ നമുക്ക് ഇന്ന് അറിഞ്ഞുകൂടാ എന്നതാണ്. അത് ഒരു പക്ഷേ ചില ചരിത്ര സംഭവങ്ങള്‍ ആകാം, അല്ലെങ്കില്‍ ചില ആത്മീയ മര്‍മ്മങ്ങള്‍ ആകാം. ഇതിനെക്കുറിച്ച് അറിയാതെ നമുക്ക് ഈ വേദഭാഗത്തിന്റെ അന്തിമ വ്യാഖ്യാനത്തില്‍ എത്തിച്ചേരുക സാധ്യമല്ല.
ഈ വേദവാക്യങ്ങള്‍, മനുഷ്യന്റെ പാപം പെരുകി എന്നും, അതിനാല്‍ ദൈവത്തിന്റെ ആത്മാവു സദാകാലവും മനുഷ്യനിൽ വാദിച്ചുകൊണ്ടിരിക്കയില്ല എന്നുമുള്ള സന്ദേശം നമുക്ക് നല്കുന്നു. പാപത്തിന്റെ ശിക്ഷയുടെയും അതില്‍നിന്നുള്ള രക്ഷയുടെയും, നിഴലായും പൊരുളായും നോഹയുടെ പ്രളയം നമ്മളുടെ മുന്നില്‍ നില്ക്കുന്നു. ഇന്ന് നമുക്ക് ഇത്രമാത്രം അറിഞ്ഞാല്‍ മതിയാകും.
ഈ ഹൃസ്വ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ. ഒന്നു രണ്ടു
കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.
തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും
ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍
ലഭ്യമാണ്.
വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും
ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും
സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍
ലഭ്യമാണ. English ല്‍
വായിക്കുവാന്‍ naphtalitribe.com എന്ന
വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.
No comments:
Post a Comment