കുഷ്ഠരോഗിയുടെ ശുദ്ധീകരണം

നമ്മളുടെ കര്‍ത്താവായ യേശു ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷ കാലയളവില്‍ ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ അനേകം നന്മ ചെയ്തും ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും കൊണ്ടിരുന്നു.
രോഗികളെ സൌഖ്യമാക്കുക, ഭൂതഗ്രസ്തരായവരെ വിടുവിക്കുക എന്നിവ അദ്ദേഹം ചെയ്ത നന്മകളില്‍ പ്രധാനപ്പെട്ടത് ആയിരുന്നു. ചില രോഗികള്‍ ശാരീരിക രോഗത്താലും ചിലര്‍ ഭൂതങ്ങളുടെ ബന്ധനത്താലും മറ്റ് ചിലര്‍ പാപം കാരണവും ബാധിക്കപ്പെട്ടിരുന്നു.
ഇവ കൂടാതെ യേശു, മറ്റ് ചില അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും, പാപത്തില്‍ നിന്നുള്ള മോചനം നല്‍കുകയും, മോശയുടെ പ്രമാണങ്ങള്‍ക്ക് പാരമ്പര്യമായി നല്‍കപ്പെട്ടിരുന്ന വ്യാഖ്യാനങ്ങളില്‍ നിന്നും വ്യത്യസ്തങ്ങള്‍ ആയ വ്യാഖ്യനങ്ങള്‍ നല്‍കുകയും ചെയ്തു.
നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്ന യേശുവിന്‍റെ പ്രശസ്തമായ വ്യാഖ്യാനം പാരമ്പര്യത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ്.

എന്നാല്‍ എല്ലാ രോഗ സൌഖ്യങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒന്നാണ് യേശു കുഷ്ഠരോഗികളെ സൌഖ്യമാക്കി എന്നത്. കാരണം ഇതിന് യഹൂദന്റെ ചരിത്രവും, സാമൂഹിക ജീവിതവും, മോശെയുടെ പ്രമാണങ്ങളും ആയി ബന്ധമുണ്ട്.
കുഷ്ടരോഗിയുടെ സൌഖ്യം വെറും അത്ഭുതം മാത്രം ആയിരുന്നില്ല.
അത് യേശു മശിഹ ആണ്, അഥവാ, യഹൂദന്മാരും സകല മാനവ ജാതികളും വിടുതലിനായി കാത്തിരുന്ന രക്ഷകനാണ്‌ യേശുക്രിസ്തു എന്ന് വെളിപ്പെടുത്തുന്ന സംഭവങ്ങള്‍ കൂടി ആയിരുന്നു.
ഇതു മനസ്സിലാക്കുവാന്‍ നമുക്ക് യഹൂദ പശ്ചാത്തലത്തില്‍ മോശെയുടെ പ്രമാണത്തിലെ വ്യവസ്ഥകളും രീതികളും മനസ്സിലാക്കേണ്ടതുണ്ട്. ഇതില്‍ കുഷ്ടരോഗിയുടെ ശുദ്ധീകരണത്തിലെ മര്‍മ്മങ്ങള്‍ മനസിലാക്കുക എന്നതാണ് ഈ പഠനത്തിന്‍റെ ഉദ്ദേശ്യം.

പത്താമത്തെ കുഷ്ടരോഗി

യേശുവില്‍നിന്നും രോഗസൌഖ്യം പ്രാപിച്ച പത്ത് കുഷ്ടരോഗികളില്‍ പത്താമനെ കുറിച്ചുള്ള ഒരു പഠനം ആണ് ഈ സന്ദേശത്തിലെ വിഷയം.
ഒരിക്കല്‍ യേശു ഗലീലിയയുടെയും ശമര്യയുടെയും ഇടയിലുള്ള ഒരു പ്രദേശത്തുകൂടെ പോകുക ആയിരുന്നു.
വഴിമദ്ധ്യേ പത്തു കുഷ്ടരോഗികള്‍, തങ്ങളോട് കരുണ ഉണ്ടാകേണമേ എന്ന് നിലവിളിച്ചുകൊണ്ട് യേശുവിന് നേരെ വന്നു.
യേശു അവരെ സൌഖ്യമാക്കി. അവര്‍ തങ്ങളെ തന്നെ ശുദ്ധീകരിക്കുവാന്‍, പുരോഹിതന്റെ അടുക്കലേക്കു ഓടി. എന്നാല്‍ അവരില്‍ ഒരുവന്‍ വഴിമദ്ധ്യേ നിന്നു, തിരിഞ്ഞു യേശുവിന്‍റെ അടുക്കല്‍ വന്നു, അവന്‍റെ കാല്‍ക്കല്‍ വീണ് നന്ദി പറഞ്ഞു.