എന്താണ് രക്ഷ?

എന്താണ് രക്ഷ? എന്തില്‍നിന്നുമാണ് നമ്മള്‍ രക്ഷ പ്രാപിക്കേണ്ടത്? യേശു ക്രിസ്തു എന്ന ഒരുവന്റെ മരണം സകല മാനവര്‍ക്കും രക്ഷയ്ക്ക് കാരണമാകുന്നത് എങ്ങനെ ആണ്? എങ്ങനെ നമ്മള്‍ക്കു രക്ഷിക്കപ്പെടുവാന്‍ കഴിയും? ഈ ചോദ്യങ്ങളുടെ ഉത്തരമാണ് നമ്മള്‍ ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്.

സാധാരണ അര്‍ത്ഥത്തില്‍, രക്ഷ എന്നത് അപകടങ്ങളില്‍ നിന്നും കഷ്ടതകളില്‍ നിന്നും രോഗങ്ങളില്‍ നിന്നുമുള്ള വിടുതല്‍ ആണ്. രക്ഷ എന്ന വാക്കിന്, ജയം, ആരോഗ്യം, സംരക്ഷണം എന്നീ അര്‍ത്ഥങ്ങളും ഉണ്ട്.

വേദപുസ്തകത്തില്‍ രക്ഷ എന്ന വാക്ക്, പാപത്തില്‍ നിന്നുമുള്ള ആത്മീയ രക്ഷയെകുറിച്ചും, ഒപ്പം ഭൌതീകമായ വിടുതലിനെ കുറിച്ചും പറയുവാന്‍ ഉപയോഗിക്കുന്നുണ്ട്. 

പഴയ നിയമത്തില്‍ രക്ഷ എന്നു പറയുവാന്‍ ഒന്നിലധികം എബ്രായ വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കൂടുതലായി കാണുന്ന എബ്രായ പദം, “യാസാ” (yasa) എന്ന വാക്ക് ആണ്. ഈ വാക്കിന്റെ അര്‍ത്ഥം രക്ഷിക്കുക, പ്രതിസന്ധികളില്‍ സഹായിക്കുക, വിടുവിക്കുക, സ്വതന്ത്രമാക്കുക എന്നിവയാണ്.

പഴയനിയമത്തില്‍ ശരീരികവും ഭൌതീകവുമായ വിടുതലിനെക്കുറിച്ച് പറയുവാന്‍ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്.

പുതിയനിയമത്തിലെ രക്ഷയിലും ഭൌതീക സംരക്ഷണം, ആരോഗ്യം, സൌഖ്യം, സമാധാനം എന്നീ അര്‍ത്ഥങ്ങള്‍ ഉണ്ട്. എന്നാല്‍ ക്രിസ്തീയ വിശ്വാസത്തില്‍ രക്ഷ എന്ന പദം പാപത്തില്‍ നിന്നുള്ള ആത്മീയ വിടുതലിനെ ആണ് അര്‍ത്ഥമാക്കുന്നത്.

പാപത്തില്‍ നിന്നുള്ള വിടുതല്‍ അഥവാ രക്ഷ എന്നതാണു വേദപുസ്തകത്തിലെ മുഖ്യ വിഷയം.

ഈ രക്ഷ ഒരു ചരിത്രപരമായ യാഥാര്‍ത്ഥ്യം ആണ്. അത് ഭൂതകാല ചരിത്രത്തില്‍ സംഭവിച്ചു കഴിഞ്ഞു, അത് വര്‍ത്തമാന ചരിത്രത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു, അതിനു ഭാവിയില്‍ നിവര്‍ത്തിക്കപ്പെടുവാനുള്ള ഒരു ഭാഗം ഉണ്ട്. അതായത്, രക്ഷ എന്നത് ഒരു തുടര്‍ പ്രക്രിയ ആണ്, അതിനു ഒരു ഭൂതകാലവും, വര്‍ത്തമാന കാലവും ഭാവികാലവും ഉണ്ട്.  

എന്താണ് രക്ഷ? 

ഈ മുഖവുരയോടെ, എന്താണ് രക്ഷ എന്ന് നമുക്ക് അല്പ്പം വിശദമായി പഠിക്കാം.

ക്രിസ്തീയ വിശ്വസം അനുസരിച്ച് രക്ഷ, ദൈവത്തിന്റെ കൃപയാല്‍ സംഭവിക്കുന്ന, പാപത്തില്‍ നിന്നുള്ള ആത്മീയ വിടുതല്‍ ആണ്. രക്ഷിക്കപ്പെടുന്ന വ്യക്തി പാപത്തിന്റെ അടിമത്തത്തില്‍ നിന്നു മാത്രമല്ല, അതിന്റെ പരിണിത ഫലമായ എല്ലാ ശിക്ഷകളില്‍ നിന്നും രക്ഷ പ്രാപിക്കുന്നു.

റോമര്‍ 6: 4 ല്‍ പറയുന്ന പ്രകാരം, രക്ഷയാല്‍, ക്രിസ്തു മരിച്ചിട്ടു പിതാവായ ദൈവത്തിന്‍റെ മഹിമായാല്‍ ജീവിച്ചെഴുന്നേറ്റതുപോലെ നമ്മളും ജീവന്‍റെ പുതുക്കത്തില്‍ നടക്കുന്നു.

രക്ഷ, മനുഷ്യരെ നിത്യമായ മരണത്തില്‍ നിന്നും ദൈവത്തില്‍ നിന്നുമുള്ള അകല്‍ച്ചയില്‍ നിന്നും, ക്രിസ്തുവിന്റെ മരണം പുനരുദ്ധാനം എന്നിവയാല്‍ വിടുവിക്കുന്നു. രക്ഷയില്‍ ദൈവീക നീതീകരണവും അടങ്ങിയിട്ടുണ്ട്.

ക്രിസ്തീയ രക്ഷ, യേശുക്രിസ്തുവില്‍ ഉള്ള ജയജീവിതം ആണ്, അത് പാപത്തിനുമേലും സാത്താന്‍റെ സകല പ്രവര്‍ത്തികളുടെമേലും ഉള്ള ജയം ആണ്. അതില്‍ ആത്മീയ സൌഖ്യവും നിത്യമായ ജീവനും അടങ്ങിയിട്ടുണ്ട്. 

രക്ഷ പഴയനിയമത്തില്‍

പഴയനിയമം രക്ഷയെ ആത്മീയ വിടുതല്‍ എന്നതിനേക്കാള്‍ ഉപരി ഭൌതീക വിടുതല്‍ ആയിട്ടാണ് കാണുന്നത്. അവിടെ രക്ഷ വ്യക്തിപരം എന്നതിനേക്കാള്‍ ഉപരി സാമൂഹികം ആണ്. 

പഴനിയമ കാലത്ത്, ഒരു വ്യക്തിയെ ദൈവം തിരഞ്ഞെടുക്കുന്നത്, യിസ്രായേല്‍ എന്ന ജനസമൂഹത്തിന്റെ രക്ഷയ്ക്കായിട്ടായിരുന്നു. അയാള്‍ ദൈവത്തിന്റെ പ്രതിപുരുഷനെപ്പോലെ പ്രവര്‍ത്തിച്ചു. അയാളിലൂടെ ദൈവം വീര്യ പ്രവര്‍ത്തികള്‍ ചെയ്തു.

എന്നിരുന്നാലും, പഴയനിയമത്തിലും, രക്ഷ ദൈവത്തില്‍ നിന്നു വരുന്നു എന്ന ചിന്ത ആഴത്തില്‍ ഉണ്ടായിരുന്നു. ദൈവത്തിന് മാത്രമേ വിടുവിക്കുവാന്‍ കഴിയൂ എന്ന് അക്കാലത്തും വിശ്വസിക്കപ്പെട്ടിരുന്നു. 

നോഹയെ ദൈവം തിരഞ്ഞെടുത്ത്, അവന്‍റെ കുടുംബത്തെയും ഭൂമിയിലെ ജീവജാലകങ്ങളെയും രക്ഷിച്ചു. (ഉല്‍പ്പത്തി 7-9). അബ്രാഹാമിനെ വിളിച്ച് അവന് ഒരു രാജ്യവും ദേശവും മറ്റ് അനുഗ്രഹങ്ങളും വാഗ്ദത്തം നല്കി. അവനിലൂടെ അവന്‍റെ സന്തതികള്‍ മാത്രമല്ല ഭൂമിയിലെ സകല മനുഷ്യരും അനുഗ്രഹിക്കപ്പെട്ടു. (ഉല്‍പ്പത്തി 12:1-3). യോസേഫ് ഈജിപ്റ്റില്‍ രാജഭരണത്തില്‍ ഉന്നത സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടതിനാല്‍ അവന്‍റെ പിതാവും സഹോദരങ്ങളും ക്ഷാമകാലത്ത് സമൃദ്ധിയോടെ മിസ്രയീമില്‍ ജീവിച്ചു. എന്നാല്‍ പിന്നീട് അവര്‍ അവിടെതന്നെ അടിമത്തത്തില്‍ ആയപ്പോള്‍, അവരുടെ വിടുതലിനായി ദൈവം മോശെയെ എഴുന്നേല്‍പ്പിച്ചു. (പുറപ്പാടു 1-12). എസ്ഥേറിനെ ദൈവം രാജാവിന്‍റെ കൊട്ടാരത്തില്‍ രാഞ്ജി ആയി ഉയര്‍ത്തിയത് യിസ്രായേല്‍ ജനത്തെ സമൂലമായ നാശത്തില്‍ നിന്നും വിടുവിക്കുവാന്‍ ആയിരുന്നു. (എസ്ഥേര്‍ 7)

പഴയനിയമത്തിലെ രക്ഷയില്‍ ശത്രുക്കളുടെ കൈയ്യില്‍ നിന്നുമുള്ള വ്യക്തിപരവും, സാമൂഹികവും, ഒരു രാജ്യം എന്ന നിലയിലും ഉള്ള വിടുതല്‍ ഉണ്ട്. അതില്‍ അടിമത്തത്തില്‍ നിന്നുമുള്ള വിടുതല്‍ ഉണ്ട്; ദുഷ്ടതയില്‍ നിന്നുമുള്ള സംരക്ഷണം ഉണ്ട്; മരണത്തില്‍ നിന്നുമുള്ള വിടുതല്‍ ഉണ്ട്; സൌഖ്യമുണ്ട്; ദേശത്തിന്റെ അവകാശം ഉണ്ട്; സന്തതികളും ദീര്‍ഘായുസ്സും ഉണ്ട്.

ഇതിന്റെ അര്‍ത്ഥം, പഴയനിയമത്തില്‍ പാപത്തില്‍ നിന്നുമുള്ള രക്ഷ ഇല്ലായിരുന്നു എന്നല്ല. പ്രവാചകന്മാര്‍ മിക്കപ്പോഴും, പാപത്തെക്കുറിച്ചും അതില്‍നിന്നുള്ള രക്ഷയുടെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്.

ഉദാഹരണമായി, യിരെമ്യാവ് 31: 33 ല്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.”

യെഹെസ്കേല്‍ 36: 25 മുതല്‍ 29 വരെയുള്ള വാക്യങ്ങളിലും നമ്മള്‍ സമാനമായ ദൂത് വായിക്കുന്നുണ്ട്.

പ്രവാചകന്മാര്‍ ഒരു പുതിയ ഹൃദയത്തെക്കുറിച്ചും പുതിയ ആത്മാവിനെക്കുറിച്ചും സംസാരിച്ചു. അത് ദൈവത്തിന്റെ പ്രമാണങ്ങള്‍ അനുസരിച്ചു ജീവിക്കുവാന്‍ ജനത്തെ ശക്തര്‍ ആക്കും. ഇവിടെ ആരും ജനത്തെ നിര്‍ബന്ധപൂര്‍വ്വം ദൈവീക പ്രമാണങ്ങളില്‍ നടത്തും എന്നല്ല പറയുന്നതു, പ്രമാണങ്ങള്‍ അവരുടെ ഹൃദയത്തില്‍ എഴുതപ്പെടുമ്പോള്‍ അവര്‍ സ്വാഭാവികമായും അത് അനുസരിച്ചു ജീവിക്കുന്നവരായി തീരും. അതായത്, ദൈവീക പ്രമാണങ്ങള്‍ അവരുടെ ജീവിതത്തിലെ സ്വാഭാവിക ജീവിത ശൈലി ആയി മാറും.  

യെശയ്യാവ് പ്രവാചകന്‍റെ പുസ്തകം 53 ആം അദ്ധ്യായം പീഡനം അനുഭവിക്കുന്ന ദാസന്‍റെ വിവരണം ആണ്. ഇത് നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനമായി വേദപണ്ഡിതന്മാര്‍ കാണുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന ദൈവത്തിന്‍റെ ദാസന്‍, ഭാവിയില്‍ വരുവാനിരിക്കുന്നവനായിട്ടാണ് പ്രവാചകന്‍ കാണുന്നത്. അവന്‍ വരുകയും അനേകരുടെ പാപങ്ങള്‍ വഹിക്കുകയും ചെയ്യും.

യെശയ്യാവ് 51: 6 ല്‍ പറയുന്നു: “എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരികയുമില്ല.” ഇത് നിത്യമായ രക്ഷയെക്കുറിച്ചാണ്. 

അതായത്, പഴയനിയമത്തില്‍ രക്ഷ ചരിത്രപരമായി സംഭവിച്ച് കഴിഞ്ഞതും അപ്പോള്‍ തന്നെ ഭാവിയില്‍ സംഭവിക്കുവാനിരിക്കുന്ന പ്രത്യാശയും ആയിരുന്നു. മിസ്രയീമിലെ അടിമത്തത്തില്‍ നിന്നുള്ള ഭൌതീകവും ശരീരികവുമായ രക്ഷ ഭൂതകാലത്ത് സംഭവിച്ച് കഴിഞ്ഞു. എന്നാല്‍ അവരുടെ എല്ലാ രാക്ഷ്ട്രീയ ശത്രുക്കളില്‍ നിന്നുമുള്ള ഒരു രക്ഷ ഭാവിയില്‍ സംഭവിക്കും എന്നു അവര്‍ പ്രതീക്ഷിച്ചു.

ദൈവം യിസ്രായേലിനെ കഴിഞ്ഞകാലത്ത് വിടുവിച്ചു. അതിനാല്‍ ഭാവിയിലും അവരുടെ ശത്രുക്കളില്‍ നിന്നും വിടുവിക്കും.

യഹൂദന്‍മാര്‍ക്ക് രക്ഷ അവര്‍ വര്‍ത്തമാന കാലത്ത് അനുഭവിക്കുന്ന ഒരു യാഥാര്‍ഥ്യം ആണ്; ഒപ്പം അതിനൊരു നിയമിക്കപ്പെട്ട ഭാവികാല പൂര്‍ത്തീകരണവും ഉണ്ട്. 

രക്ഷ പുതിയനിയമത്തില്‍

ഇനി നമുക്ക് പുതിയനിയമത്തിലെ രക്ഷയെക്കുറിച്ച് ചിന്തിക്കാം.

പുതിയനിയമത്തില്‍ യേശു എപ്പോഴും രക്ഷയെ ദൈവരാജ്യവുമായി ബന്ധിച്ച് സംസാരിച്ചു.

രക്ഷ ദൈവരാജ്യത്തിന്റെ വര്‍ദ്ധനവായിരുന്നു.

ദൈവം സര്‍വ്വാധികാരിയിരിക്കുന്നതും യഥാര്‍ത്ഥവും ആയ ഒരു പ്രദേശത്തെ ആണ് ദൈവരാജ്യം സൂചിപ്പിക്കുന്നത്. ഈ വിധമുള്ള ദൈവരാജ്യവും രക്ഷയും തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ, രക്ഷ ദൈവത്തില്‍ നിന്നും വരുന്നു, ദൈവത്തില്‍ നിന്നും മാത്രം വരുന്നു എന്ന പഴയനിയമ നിയമ വിശ്വാസത്തെ, യേശു ഉറപ്പിക്കുക ആണ്. 

ലൂക്കോസിന്റെ സുവിശേഷം 4 ആം അദ്ധ്യായത്തില്‍, മരുഭൂമിയില്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടു എങ്കിലും പിശാചിനെ ജയിച്ചവനായി തിരികെ വന്ന്, “ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെ”ല്ലുന്ന യേശുവിനെ നമ്മള്‍ കാണുന്നു. (ലൂക്കോസ് 4: 14).

അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി, യെശയ്യാവ് 61: 1 ആം വാക്യം വായിച്ചു.

ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാന്‍ കര്‍ത്താവു എന്നെ അഭിഷേകം ചെയ്കയാല്‍ അവന്‍റെ ആത്മാവു എന്‍റെമേല്‍ ഉണ്ടു; ബദ്ധന്മാര്‍ക്കു വിടുതലും കുരുടന്മാര്‍ക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്‍റെ പ്രസാദവര്‍ഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” (ലൂക്കോസ് 4: 18,19)

പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു അവരോടു പറഞ്ഞു: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു” (ലൂക്കോസ് 4: 21).

അതിനാല്‍. ഇപ്പോള്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും അവനെ രക്ഷകനായി സ്വീകരിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും രക്ഷ ലഭ്യമാണ്. 

രക്ഷ ഒരു ആത്മീയമായ വീണ്ടും ജനനം ആണ് എന്നാണ് യേശു നിക്കോദെമൊസിനോട് പറയുന്നതു. അത് ഉയരത്തില്‍ നിന്നും സംഭവിക്കുന്ന ജനനം ആണ്. വീണ്ടും ജനനം പ്രാപിക്കാത്ത ആരും ദൈവരാജ്യത്തില്‍ പ്രവേശിക്കുക ഇല്ല. (യോഹന്നാന്‍ 3:1-11)

പുതിയനിയമത്തില്‍, അപ്പോസ്തലന്മാര്‍ രക്ഷയെ വിവിധ വാക്കുകളാലും ചിന്തകളാലും വിവരിക്കുന്നുണ്ട്.

എഫെസ്യര്‍ 3:9, 6:19 എന്നിവിടങ്ങളില്‍ രക്ഷയെ ഒരു മര്‍മ്മം ആയി കാണുന്നു.

എഫെസ്യര്‍ 1:4-6 വരെയുള്ള വാക്യങ്ങളില്‍, നമ്മള്‍ ദൈവത്തിന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കുകയും, നമ്മളെ മുന്നിയമിക്കുകയും, അതിനായി നമുക്കു രക്ഷ സൗജന്യമായി നല്കിയിരിക്കുന്നു എന്നും നമ്മള്‍ വായിക്കുന്നു.

യോഹന്നാന്‍ 5: 24 പറയുന്നു: രക്ഷ നമ്മളെ, ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടക്കുവാന്‍ സഹായിക്കുന്നു.

എഫെസ്യര്‍ 2: 8,9 വാക്യങ്ങള്‍ രക്ഷ ദൈവത്തിന്റെ ദാനമാകുന്നു എന്നും, റോമര്‍ 4: 22-25 വരെയുള്ള വാക്യങ്ങള്‍, രക്ഷ വിശ്വാസത്താല്‍ നമുക്ക് ലഭിക്കുന്ന നീതീകരണമാണ് എന്നും, 2 കൊരിന്ത്യര്‍ 5: 18, 19 വാക്യങ്ങള്‍ രക്ഷ ദൈവത്തോടുള്ള നിരപ്പ് ആണ് എന്നും റോമര്‍ 8:23 അത് വീണ്ടെടുപ്പ് ആണ് എന്നും റോമര്‍ 6 ആം അദ്ധ്യായം രക്ഷ മരണത്തില്‍ നിന്നും പാപത്തില്‍ നിന്നും ഉള്ള സ്വാതന്ത്ര്യം ആണ് എന്നും പറയുന്നു. 

നമ്മള്‍ എന്തില്‍ നിന്നും രക്ഷ പ്രാപിക്കുന്നു? 

നമ്മള്‍ എന്തില്‍ നിന്നുമാണ് രക്ഷ പ്രാപിക്കുന്നത്? നമുക്ക് രക്ഷ ആവശ്യമുണ്ടോ? ഇനി നമുക്ക് ഈ ചോദ്യങ്ങളിലേക്ക് കടക്കാം.

വേദപുസ്തകം പറയുന്നു: ആദ്യ മനുഷ്യരായ ആദാമിന്റെയും ഹവ്വയുടെയും പാപ ഫലമായി “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,” (റോമര്‍ 3:23)

അവര്‍ പാപം ചെയ്യുന്നതിന് മുമ്പായിതന്നെ, പാപത്തിന്റെ ഫലം മരണം ആയിരിയ്ക്കും എന്നു ദൈവം അരുളിചെയ്തിരുന്നു. (ഉല്‍പ്പത്തി 2:17)

എന്നാല്‍ അവര്‍ പാപം ചെയ്തു, അതിന്റെ ഫലമായി മനുഷ്യരും ദൈവവും തമ്മില്‍ ഭിന്നത ഉണ്ടായി. (യെശയ്യാവ് 59:2)

അങ്ങനെ ദൈവത്തിന്റെ നീതിയുടെ കോപം നമ്മളുടെ മേല്‍ ആയി.

രക്ഷ എന്നത്, ഒരു പാപിയുടെമേല്‍ വരുവാനിരിക്കുന്ന, ദൈവത്തിന്റെ നീതിയുള്ള ന്യായവിധിയില്‍ നിന്നുമുള്ള രക്ഷ ആണ്. (റോമര്‍ 5:9)

രക്ഷ പാപത്തിന്‍മേലുള്ള ജയം ആണ്, പാപത്തിന്റെ പരിണിത ഫലങ്ങളില്‍ നിന്നുമുള്ള വിടുതല്‍ ആണ്. അതിനാല്‍ തന്നെ രക്ഷ പാപത്തെ കഴുകികളയുന്ന, അല്ലെങ്കില്‍ എടുത്തുകളയുന്ന പ്രക്രിയ ആണ്. 

പുതിയനിയമത്തില്‍, രക്ഷ എന്നത് നമ്മളില്‍ നിന്ന് തന്നെയോ പിശാചില്‍നിന്നോ ഉള്ള രക്ഷ അല്ല. അത് ദൈവ കോപത്തില്‍ നിന്നുമുള്ള രക്ഷ ആണ്. (റോമര്‍ 1: 18). പിശാച് അവന്റെ പ്രവര്‍ത്തികളാല്‍ നമ്മളെ ബന്ധിക്കുന്നു. പിശാചിന്റെ പ്രവര്‍ത്തികള്‍ ജഡത്തിന്റെ പ്രവര്‍ത്തികളായി വെളിപ്പെട്ടുവരുന്നു. അവയാല്‍ പിശാച് നമ്മളെ ബന്ധിച്ച് അവന്റെ അടിമകള്‍ ആക്കുന്നു.

ഗലാത്യര്‍ 5: 17 ആം വാക്യത്തില്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്: “ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.”

ആഭിചാരം, മന്ത്രവാദം, അന്യാരാധന എന്നിവ എല്ലാം പിശാചിന്റെ പ്രവര്‍ത്തികള്‍ തന്നെ ആണ്. എന്നാല്‍ ഇതൊന്നും അല്ല നമ്മളെ പിശാചിന്റെ അടിമത്തത്തില്‍ ആക്കുന്നത്. ആഭിചാര പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മളുടെ ഭൌതീകമോ ശരീരികമോ ആയ നന്മകളെ തടയുവാനോ തകര്‍ക്കുവാനോ കഴിഞ്ഞേക്കാം. ഇത്തരം പ്രവര്‍ത്തികള്‍ ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ ഗ്രഹിക്കാതെ വണ്ണം മനുഷ്യരുടെ കണ്ണു കുരുടാക്കിയേക്കാം. 2 കൊരിന്ത്യര്‍ 4:4 ല്‍ നമ്മള്‍ വായിക്കുന്നു: “ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.”

ഇവിടെ അവിശ്വാസികളുടെ കണ്ണാണു പിശാച് കുരുടക്കിയിരിക്കുന്നത് എന്നതും നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. അവരുടെ കണ്ണു കുരുടായിപ്പോയതിനാല്‍ അവര്‍ക്ക് ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിയുന്നില്ല. അതിനാല്‍ അവര്‍ക്ക് ദൈവ കൃപയോട് അനുകൂലമായി പ്രതികരിക്കുവാനും കഴിയുന്നില്ല.

മന്ത്രവാദ പ്രവര്‍ത്തികാളാല്‍ പിശാച് പാപത്തിന്റെ പരീക്ഷകളും കൊണ്ടുവന്നേക്കാം.

പിശാച് നമ്മളുടെ ചിന്തകളെയും, പ്രവര്‍ത്തികളെയും സ്വാധീനിക്കുന്നതും നമ്മളെ അവന്റെ അടിമത്തത്തിന്‍ കീഴില്‍ ആക്കുന്നതും രണ്ടാണ്.

അതായത്, ആഭിചാരത്താലോ, മന്ത്രവാദ പ്രവര്‍ത്തികളാലോ നമ്മളെ അവന്റെ അടിമത്തത്തില്‍ സൂക്ഷിക്കുവാന്‍ പിശാചിന് കഴിയുക ഇല്ല. പിശാചിന്റെ അടിമത്തം ആത്മ മണ്ഡലത്തില്‍ സംഭവിക്കുന്ന ഒന്നാണ്. അത് പാപത്താല്‍ മാത്രം സംഭവിക്കുന്നു.

ആഭിചാരവും മന്ത്രവാദങ്ങളും നമ്മളുടെ ജീവിതത്തിനും ശരീരത്തിനും വെളിയില്‍ സംഭവിക്കുന്നതാണ്. പാപം നമ്മളുടെ ചിന്തകളിലും, ശരീരത്തിലും, ജീവിതത്തിലും പ്രവര്‍ത്തികളിലും സംഭവിക്കുന്നതാണ്.

ആഭിചാര പ്രവര്‍ത്തികള്‍ ജീവിതത്തിനു പുറത്തും പാപം ജീവിതത്തിനു ഉള്ളിലും സംഭവിക്കുന്നു. 

ആദാമും ഹവ്വയും പിശാചിന്‍റെ അടിമത്തത്തില്‍ ആയത് അവരുടെ ജഡത്തിന്റെ പ്രവര്‍ത്തികളാല്‍ ആണ്. ജഡത്തിന്റെ മോഹങ്ങളാല്‍ പിശാച് അവരെ പരീക്ഷിച്ചു. അവര്‍ പിശാചിന്‍റെ പരീക്ഷയെ ജയിക്കുന്നതിന് പകരം ജഡത്തിന്റെ മോഹത്തെ തിരഞ്ഞെടുത്തു. അങ്ങനെ അവര്‍ പാപത്താല്‍ പിശാചിന്‍റെ അടിമത്തത്തില്‍ ആയിപ്പോയി. 

എന്നാല്‍ “ഒടുക്കത്തെ ആദാം” ആയ ക്രിസ്തു മരുഭൂമിയില്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടു എങ്കിലും അവന്‍ പിശാചിനെയും പാപത്തെയും ജയിച്ചു. (1 കൊരിന്ത്യര്‍ 15:45). യേശുക്രിസ്തുവില്‍ പാപം ഇല്ലായ്കയാല്‍ അവനെ പിശാചിന് അടിമയാക്കുവാന്‍ കഴിഞ്ഞില്ല. (1 പത്രൊസ് 2:22; 2 കൊരിന്ത്യര്‍ 5:21) 

പാപമാണ് നമ്മളെ പിശാചിന്‍റെ അടിമത്തത്തില്‍ ആക്കുന്നത്. പാപത്തെ ആണ് ദൈവം ഏദന്‍ തോട്ടത്തിലും വിലക്കിയത്. പാപമാണ് നമ്മളെ ദൈവത്തില്‍ നിന്നും അകറ്റുന്നത്. പാപത്തിന് മാത്രമേ നമ്മളെ പിശാചിന്‍റെ അടിമത്തത്തില്‍ ആക്കുവാന്‍ കഴിയൂ. പാപം മാത്രമേ പിശാചിന്‍റെ അടിമത്തത്തില്‍ തുടരുവാന്‍ കാരണം ആകുന്നുള്ളൂ.  

ദൈവത്തോട് പാപം ചെയ്ത എല്ലാവരും ദൈവീക ന്യായവിധിക്ക് വിധേയര്‍ ആണ്. ഈ ന്യായവിധിയുടെ ഫലമായി, പാപം ചെയ്തവര്‍ എന്നന്നേക്കുമായി നിത്യശിക്ഷ ആയ നരകത്തില്‍ പോകേണ്ടിവരും എന്നും വേദപുസ്തകം പറയുന്നു. ഇതിന്റെ അര്‍ത്ഥം സ്നേഹവാനായ ദൈവം ക്രൂരമായി പെരുമാറുന്നു എന്നല്ല. ഇത് ദൈവം നീതിമാന്‍ ആണ് എന്നും അവന് നീതിയെ ഉപേക്ഷിക്കുവാന്‍ കഴിയുക ഇല്ല എന്നും കാണിക്കുന്നു.

ദൈവത്തിന്റെ ന്യായമായ പ്രമാണങ്ങള്‍ അനുസരിക്കാത്ത ഒരുവനെ ശിക്ഷിക്കാതെ വിടുവാന്‍ ദൈവത്തിന് കഴിയുക ഇല്ല. പ്രമാണങ്ങള്‍ ദൈവത്തിന്റെ സ്വഭാവത്തിന്‍റെയും സത്വത്തിന്റെയും പ്രതിഫലനം ആണ്. അതിനാല്‍ തന്നെ, ദൈവീക പ്രമാണങ്ങള്‍ ലംഘിക്കുക എന്നാല്‍, ദൈവത്തെ തന്നെയും, ദൈവീക സ്വഭാവത്തെയും, അവന്റെ സത്വത്തെയും, ദൈവത്തിന്റെ വിശുദ്ധിയേയും നിരസിക്കുക എന്നതാണ്.

ദൈവം പാപികളെ സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്യുന്നവനാണ് എന്നു നമ്മള്‍ പറയാറുണ്ട് എങ്കിലും അങ്ങനെ ഒരു വാക്യം വേദപുസ്തകത്തില്‍ ഇല്ല. വേദപുസ്തകം പഠിച്ചാല്‍, ദൈവം പാപിയെയും പാപത്തെയും വെറുക്കുന്നു എന്നു തന്നെ കാണുവാന്‍ കഴിയും.

കാരണം പാപം മനുഷ്യരുടെ പ്രകൃതിയും തിരഞ്ഞെടുപ്പും ആണ്. പാപി നന്മയെ നിരസിച്ച്, തിന്മയെ തിരഞ്ഞെടുത്തവന്‍ ആണ്. 

എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ഒരു സന്തോഷ വാര്‍ത്ത സുവിശേഷത്തില്‍ ഉണ്ട്. ദൈവീക ന്യായവിധിയില്‍ നിന്നും നിത്യ ശിക്ഷയില്‍ നിന്നും ഉള്ള മോചനത്തിന്റെ വഴിയും ദൈവം ക്രമീകരിച്ചിട്ടുണ്ട്. ഇത് ദൈവം ഒരേ സമയം നീതിമാനും സ്നേഹവാനും ആണ് എന്നു കാണിക്കുന്നു.

ഈ മോചനമാണ് രക്ഷ; അത് ദൈവത്തിന്റെ കോപത്തില്‍ നിന്നുമുള്ള രക്ഷ ആണ്.

നമ്മളുടെ നന്മകളിലും, നീതി പ്രവര്‍ത്തികളിലും ആശ്രയിക്കാതെ, യേശുക്രിസ്തു ക്രൂശില്‍ ചെയ്തുതീര്‍ത്ത പാപ പരിഹാര യാഗത്തില്‍ വിശ്വസിക്കുക എന്നതാണ് രക്ഷയ്ക്കുള്ള ഏക വഴി.

യേശുക്രിസ്തുവിലൂടെ മാത്രമേ രക്ഷ പ്രാപിക്കുവാന്‍ കഴിയൂ; യേശുവിന് മാത്രമേ നമ്മളെ ദൈവീക കോപത്തില്‍ നിന്നും വിടുവിക്കുവാന്‍ കഴിയൂ. 

യേശുക്രിസ്തുവിലൂടെ മാത്രം 

പഴയനിയമവും പുതിയ നിയമവും ഒരുപോലെ പറയുന്ന ഒരു സത്യം ഉണ്ട്, രക്ഷ ദൈവത്തില്‍ നിന്നും മാത്രം വരുന്നു.

എന്നാല്‍, ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം, പുതിയനിയമത്തില്‍ നമ്മള്‍ രക്ഷകനായി യേശുക്രിസ്തുവിനെ കാണുന്നു എന്നതാണ്. യേശുക്രിസ്തുവില്‍ ദൈവത്തിന്റെ സമ്പൂര്‍ണ്ണ സാന്നിധ്യവും രക്ഷയിലേക്കുള്ള ഏക വഴിയും ഉണ്ട്.

അങ്ങനെ, രക്ഷയുടെ സുവിശേഷത്തിന്റെ കേന്ദ്ര ആശയം, അത് യേശുക്രിസ്തുവിലൂടെ മാത്രമേ ലഭിക്കൂ എന്നതാണ്. അപ്പോസ്തല പ്രവര്‍ത്തികള്‍ 4:12 ല്‍ പത്രൊസ് പറയുന്നു: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.”

രക്ഷ യേശുവിനെ കൈക്കൊണ്ട്, അവന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ലഭമാകുന്നതാണ്. (യോഹന്നാന്‍ 1:12).

1 കൊരിന്ത്യര്‍ 15: 3,4 വാക്യങ്ങളില്‍ നമ്മള്‍ വായിക്കുന്നു:ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു...”

അതായത്, രക്ഷ യേശുക്രിസ്തുവിലും അവനിലൂടെ മാത്രവും ലഭിക്കുന്നു. 

എങ്ങനെ ആണ് രക്ഷ സാധ്യമാകുന്നത്?

എല്ലാ മനുഷ്യരും പാപം ചെയ്തു ദൈവ തേജസ്സു ഇല്ലാത്തവരായി മാറി, ദൈവീക കോപത്തിന് കീഴില്‍ ആയി.   

എന്നാല്‍ യേശുക്രിസ്തു ഒരിയ്ക്കലും പാപം ചെയ്തില്ല, അവനില്‍ പാപം ഇല്ലായിരുന്നു. (1 പത്രൊസ് 2:22)

ക്രിസ്തു ദൈവത്തിന്റെ പ്രമാണങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ചു ജീവിച്ചു. അതിനാല്‍ അവന് ദൈവമുമ്പാകെ നീതീകരണം ലഭിച്ചു.

2 കൊരിന്ത്യര്‍ 5:21,പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.

യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തില്‍ ലോകത്തെ മനുഷ്യരുടെ മുഴുവന്‍ പാപവും അവന്റെമേല്‍ ആയി. (1 യോഹന്നാന്‍ 2:2).

1 പത്രൊസ് 2: 24: “നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.”

അങ്ങനെ നമ്മളുടെ പാപത്തെയും അതിന്റെ ശിക്ഷകളെയും തന്റെ ശരീരത്തില്‍ വഹിച്ചുകൊണ്ട് യേശുക്രിസ്തു നമുക്ക് പകരമായി ക്രൂശില്‍ കഷ്ടം സഹിച്ചു. 

ഒരു പാപിക്കും, ആ അവസ്ഥയില്‍, ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുക ഇല്ല; അതിനാല്‍ ഒരു പാപിക്കും അവന്നുവേണ്ടി ഒരു പര്‍പൂര്‍ണ്ണ യാഗം അര്‍പ്പിക്കുവാന്‍ കഴിയുക ഇല്ല. ദൈവം ജഡമായി അവതരിച്ച യേശുവിന് മാത്രമേ ദൈവപ്രസാദകരമായ ഒരു പാപ യാഗം അര്‍പ്പിക്കുവാന്‍ കഴിയൂ.

“ഞങ്ങളുടെ നീതിപ്രവർത്തികൾ ഒക്കെയും കറപിരണ്ട തുണിപോലെ;” എന്നു യെശയ്യാവു 64: 6 ല്‍ പറയുന്നു:  

അതിരറ്റ വിശുദ്ധനായ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുന്ന യാതൊരു നീതി പ്രവര്‍ത്തികളും നമുക്ക് ചെയ്യുവാന്‍ കഴിയുക ഇല്ല. എന്നാല്‍, ദൈവമുമ്പാകെ, പരിപൂര്‍ണ്ണമായും നീതി ആയിരുന്ന യേശുക്രിസ്തു നമുക്കുവേണ്ടി മരിച്ചു; നമുക്ക് ചെയ്യുവാന്‍ കഴിയാതിരുന്നത് അവന്‍ നമുക്ക് വേണ്ടി ചെയ്തു; അവന്‍ നമ്മളുടെ പാപങ്ങള്‍ക്ക് പരിഹാരമായ യാഗം അര്‍പ്പിച്ചു. യേശുക്രിസ്തു നമുക്കുവേണ്ടി നീതിയുള്ള പാപ പരിഹാരമായി തീര്‍ന്നു. 

ദൈവത്തിന്റെ ന്യായമായ കോപത്തില്‍നിന്നും രക്ഷപ്പെടേണം എങ്കില്‍ നമ്മള്‍ യേശുക്രിസ്തുവിന്റെ യാഗത്തില്‍ വിശ്വസിച്ചേ മതിയാകൂ. യേശുക്രിസ്തു സ്വയം യാഗമായി തീര്‍ന്നു എന്നും അത് നമ്മളുടെ പാപങ്ങള്‍ക്ക് പരിഹാരമായിട്ടാണ് എന്നും, യേശുക്രിസ്തു നമുക്ക് പകരമായും നമ്മള്‍ക്ക് വേണ്ടിയും ക്രൂശില്‍ മരിച്ചു എന്നുമാണ് നമ്മള്‍ വിശ്വസിക്കുന്നത്.

അങ്ങനെ മാത്രമേ ക്രിസ്തുവിന്റെ നീതി നമുക്കായി കണക്കിടപ്പെടുള്ളൂ. വിശ്വാസത്താല്‍ യേശുവിനെ സ്വീകരിക്കുകയും അവന്റെ നീതി നമുക്ക് കണക്കിടുകയും ചെയ്യുമ്പോള്‍, നമ്മള്‍ ദൈവ മുമ്പാകെ നീതിമാന്മാര്‍ എന്നു പ്രഖ്യാപിക്കപ്പെടും. ഒരിക്കല്‍ യേശുക്രിസ്തുവില്‍ വിശ്വസം അര്‍പ്പിച്ചു കഴിഞ്ഞാല്‍ നമ്മള്‍ ദൈവീക ന്യായവിധിയില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. നമുക്ക് നിത്യമായ ജീവന്‍ ലഭിക്കുന്നു. ഇനി മരണത്തിന് നമ്മളുടെ മേല്‍ അധികാരം ഇല്ല.

ഈ പ്രക്രിയയെ ആണ് വേദപുസ്തകം രക്ഷ എന്നു വിളിക്കുന്നത്.

രക്ഷയുടെ ദൈവീക ലക്ഷ്യം, ദൈവം മനുഷ്യരോടുകൂടെ വസിക്കുക എന്ന ദൈവത്തിന്റെ ഇഷ്ടം നിവര്‍ത്തിക്കുക എന്നതാണു. ഇത് ദൈവം തന്നെ അവന്റെ സര്‍വ്വാധികാരത്തില്‍, കൃപയാല്‍ തിരഞ്ഞെടുത്ത പദ്ധതി ആണ്. 

രക്ഷയുടെ മറ്റ് ചില തലങ്ങള്‍ 

രക്ഷയ്ക്ക് പാപ പരിഹാരം എന്നത് കൂടാതെ മറ്റ് ചില തലങ്ങള്‍ കൂടി ഉണ്ട്. അതായത് രക്ഷ പാപ പരിഹാരം എന്നതില്‍ ഒതുങ്ങി നില്‍ക്കുന്നില്ല; അത് മറ്റ് ചില മണ്ഡലങ്ങളിലും വിടുതല്‍ നല്കുന്നുണ്ട്.

രക്ഷ ആത്മീയം മാത്രമല്ല; അതില്‍ ഭൌതീക വിടുതലും ഉണ്ട്. രക്ഷ ഒരു മനുഷ്യന്റെ ജീവിതത്തെ മൊത്തമായി വിടുവിക്കുന്ന ഒരു പ്രക്രിയ ആണ്. അത് രക്ഷിക്കപ്പെടുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളെയും സ്വാധീനിക്കുന്നു.

യേശുക്രിസ്തു രക്ഷയുടെ ആത്മീയ തലത്തെയും ഭൌതീക തലത്തേയും ഒരുമിച്ച് നിറുത്തിയിരുന്നു.

മര്‍ക്കോസിന്റെ സുവിശേഷം 2: 1 - 12 വരെയുള്ള വാക്യങ്ങളില്‍ വിവരിച്ചിരിക്കുന്ന പക്ഷപാതക്കാരന്റെ സൌഖ്യത്തില്‍ പാപത്തിന്റെ മോചനവും ശാരീരിക സൌഖ്യവും ഒരിമിച്ചു നില്‍ക്കുന്നത് കാണാം.

അപ്പോസ്തലപ്രവര്‍ത്തികളില്‍ വിവരിച്ചിരികുന്ന ശാരീരിക വിടുതലിന്റെ ചരിത്രത്തിലും ദേഹം, ദേഹി, ആത്മാവു എന്നിവയുടെ സംയോജിതമായ വിടുതല്‍ നമുക്ക് കാണാവുന്നതാണ്. (അപ്പോസ്തല പ്രവര്‍ത്തികള്‍ 3:16; 4:7-12)

ഇതിന് കാരണം, രോഗങ്ങളും മറ്റ് ഭൌതീക ജീവിതത്തിലെ പ്രസന്ധികളും എല്ലാം പാപത്തിന്റെ ഫലമായിട്ടുളവായത് ആണ്. അതിനാല്‍ പാപം മോചിക്കപ്പെടുമ്പോള്‍ അതിയന്റെ പരിണിത ഫലങ്ങള്‍ക്കും ശാന്തി ഉണ്ടാകുന്നു. 

പുതിയനിയമത്തില്‍ രക്ഷയ്ക്ക്, ദേശീയതയുടെയോ, ജാതി, വര്‍ഗ്ഗ, മതത്തിന്റെയോ അതിരുകള്‍ ഇല്ല. യേശു ക്രിസ്തു തന്നെ ദേശീയതയുടെ അതിരുകള്‍ക്ക് വെളിയിലേക്ക് സുവിശേഷത്തെ കൊണ്ടുപോയി, ശമര്യ സ്ത്രീയെ രക്ഷയിലേക്ക് നയിച്ചു.

ശിഷ്യന്‍മാര്‍ക്ക് ദൈവരാജ്യത്തെക്കുറിച്ച് യഹൂദ ദേശത്തിന്റെ അതിരുകള്‍ക്കുളില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു കാഴ്ചപ്പാട് ആണ് ഉണ്ടായിരുന്നത്. എന്നാല്‍ യേശുക്രിസ്തുവിന്‍റെ കാഴ്ചപ്പാട് വ്യത്യസ്തം ആണ്.

 

അപ്പോസ്തല പ്രവര്‍ത്തികള്‍ 1: 8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. 

യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണം ലോകത്തിലെ സകല മാനവ ജാതികള്‍ക്കും വേണ്ടി ആയതിനാല്‍, മാനസാന്തരവും, പാപ മോചനവും എല്ലാ മാനവ സമൂഹങ്ങളിലും പ്രസംഗിക്കപ്പെടേണം.

ലൂക്കോസ് 24: 47 ല്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്: “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽതുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.”

ഗലാത്യര്‍ 3:8 ല്‍ അപ്പൊസ്തലനായ പൌലൊസ് പറയുന്നു: “എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.” 

രക്ഷയുടെ ത്രികാല അവസ്ഥ 

ഇനി നമുക്ക് രക്ഷയുടെ ത്രികാല അവസ്ഥയെ കുറിച്ചു ചിന്തിക്കാം.

രക്ഷ, ഒരിക്കലായ, ഒരു പ്രവര്‍ത്തിയിലൂടെ മാത്രം പൂര്‍ണ്ണമാകുന്ന ഒരു ആത്മീയ അനുഭവം അല്ല. അതൊരു ദീര്‍ഘ യാത്ര ആണ്. പാപത്തില്‍നിന്നും തിരിഞ്ഞുമാറി, യേശുക്രിസ്തുവിനെ നമ്മളുടെ രക്ഷകനും കര്‍ത്തവും ആയി സ്വീകരിക്കുവാനുള്ള ആദ്യത്തെ തീരുമാനം, ഈ ദീര്‍ഘയാത്രയുടെ ആദ്യ ചുവട് മാത്രം ആണ്. അവിടെ നിന്നും നമ്മള്‍, രക്ഷയുടെ പൂര്‍ണ്ണതയിലേക്കുള്ള, നമ്മളുടെ ആത്മീയ യാത്ര ആരംഭിക്കുക ആണ്. അതിനാല്‍ രക്ഷയ്ക്ക്, ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ മൂന്നു അവസ്ഥകള്‍ ഉണ്ട് എന്നു പുതിയനിയമം നമ്മളെ പഠിപ്പിക്കുന്നു.  

എഫെസ്യര്‍ 1:4 പറയുന്നതനുസരിച്ച്, നാം ദൈവത്തിന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു ദൈവം ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു.

അതിനാല്‍, പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെടിരിക്കുന്നതു. എന്നു റോമര്‍ 8:24 ല്‍ പറയുന്നു. അതാകട്ടെ, ദൈവ ശക്തി ആകുന്ന ക്രൂശിന്റെ  വചനം മൂലമാണ് എന്നു 1 കൊരിന്ത്യര്‍ 1: 18 ല്‍ നമ്മള്‍ വായിക്കുന്നു.

വീണ്ടും എഫെസ്യര്‍ 2:8, “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” എന്ന് പറയുന്നു.

ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനം 2:12 ല്‍ അപ്പൊസ്തലനായ പൌലൊസ്, ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ.” എന്ന് പ്രബോധിപ്പിക്കുണ്ട്.

1 പത്രൊസ് 1 ആം അദ്ധ്യായം 5 ആം വാക്യം,അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷ”യെ കുറിച്ച് പറയുന്നു. ഈ രക്ഷയ്ക്കായി, “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.” (റോമര്‍ 8:23)

റോമര്‍ 5:9 ല്‍ “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽനിന്നു രക്ഷിക്കപ്പെടും.” എന്നും നമ്മള്‍ വായിക്കുന്നു.

ഇതിന്റെ എല്ലാം അര്‍ത്ഥം, നമ്മള്‍ രക്ഷിക്കപ്പെട്ടു, ഇപ്പോള്‍ രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, ഇനിയും രക്ഷിക്കപ്പെടും എന്നാണ്. 

രക്ഷയുടെ കഴിഞ്ഞകാല അവസ്ഥ, നീതീകരണവും വീണ്ടെടുപ്പും ദൈവത്തോടുള്ള നിരപ്പും ആണ്. അത് നമ്മള്‍ പാപങ്ങളെ ഏറ്റുപറഞ്ഞു മാനസാന്തരപ്പെട്ട്, യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്നു.

രക്ഷയുടെ ഇപ്പോഴത്തെ അവസ്ഥ, വിശുദ്ധീകരണം ആണ്. അത് പരിശുദ്ധാത്മാവിനാല്‍ സംഭവിക്കുന്നു. ഇത് ഒരു തുടര്‍ പ്രക്രിയ ആണ്. അത് ജഡത്തിന്റെ പ്രവര്‍ത്തികളിന്മേല്‍ ഉള്ള ജയം ആണ്. നമ്മളുടെ ഇഹലോക ജീവിതം അവസാനിക്കുന്നത് വരെ വിശുദ്ധീകരണം തുടര്‍ന്നുകൊണ്ടിരിക്കും. ഇനിയും സംഭവിക്കാനിരിക്കുന്നത് തേജസ്സ്കരണം ആണ്. അതാണ് രക്ഷയുടെ മൂന്നാമത്തെ അവസ്ഥ. ഇവിടെ രക്ഷ പൂര്‍ണ്ണമാകുന്നു. നമ്മള്‍ തേജസ്സ്ക്കരിക്കപ്പെടുമ്പോള്‍ ക്രിസ്തുവിന്റെ സാന്നിധ്യം സംമ്പൂര്‍ണ്ണമായി അനുഭവിക്കും. അപ്പോള്‍ നമ്മള്‍ രൂപാന്തരം പ്രാപിച്ച ശരീരത്തില്‍ ആയിരിയ്ക്കും എന്നതിനാല്‍ പാപത്തിന്റെ യാതൊരു ബന്ധനവും ഉണ്ടാകുക ഇല്ല.

ഇത് അന്ത്യകാലത്തു മാത്രമേ സംഭവിക്കൂ. 

ഒരുവന്റെ മരണം, അനേകര്‍ക്ക് രക്ഷ 

ഇനി നമുക്ക് എങ്ങനെ ആണ് ഒരുവന്റെ മരണം അനേകര്‍ക്ക് രക്ഷയായി തീരുന്നത് എന്നു നോക്കാം. ഇത് രക്ഷ എന്താണ് എന്നു മനസ്സിലാക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട വസ്തുത ആണ്. 

യേശുക്രിസ്തു അനേകം വര്‍ഷങ്ങള്‍ക്ക് മുമ്പ്, നമ്മളില്‍ നിന്നും വളരെ അകലെ ഉള്ള ഒരു ദേശത്ത് ജീവിച്ചിരുന്ന ഒരു വ്യക്തി ആയിരുന്നു. നമ്മളില്‍ അനേകരും ഉള്‍പ്പെടാത്ത, യഹൂദന്‍ എന്ന, ഒരു പ്രത്യേക മനുഷ്യ വംശത്തില്‍ ആണ് യേശു ജനിച്ചത്. യേശു ജീവിച്ചിരുന്നപ്പോള്‍, അവന്‍ ഒരു രാക്ഷ്ട്രീയ നേതാവോ, പരിഷ്കര്‍ത്താവോ ആയിരുന്നില്ല; അവന്‍ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ആയിരുന്നില്ല, ഒരു വിപ്ലവകാരിയോ തീവ്രവാദിയോ ആയിരുന്നില്ല, അവന്‍ ഒരു സാമ്പത്തിക വിദഗ്ദനോ സ്വാതന്ത്ര്യ സമര സേനാനിയോ ആയിരുന്നില്ല. അവന്‍ ഒരു യഹൂദ റബ്ബി മാത്രം ആയിരുന്നു. അന്ന് അനേകം റബ്ബിമാര്‍ യഹൂദയില്‍ ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ രോഗസൌഖ്യം വരുത്തുകയും, അവര്‍ യഹൂദന്മാര്‍ കാത്തിരുന്ന മശിഹ ആണ് എന്നു അവകാശപ്പെടുകയും ചെയ്തിരുന്നു. 

അതായത്, യേശുവിന്റെ കാലത്ത്, ഭൌതീക തലത്തില്‍, യാതൊരു പ്രത്യേകതയും യേശുവിന് അവകാശപ്പെടുവാന്‍ ഇല്ലായിരുന്നു. ആത്മീയ കണ്ണു തുറക്കപ്പെട്ടവര്‍ മാത്രം അവനില്‍ യഥാര്‍ത്ഥ മശിഹയെ കണ്ടു.   

അതിനാല്‍ തന്നെ, അന്നത്തെ ഭരണവര്‍ഗ്ഗത്തെയോ, പുരോഹിതവര്‍ഗ്ഗത്തെയോ കാര്യമായി സ്വാധീനീക്കുവാന്‍ യേശുവിന് കഴിഞ്ഞില്ല. ഒന്നോ രണ്ടോ പേരെ തന്നോട് അടുപ്പിക്കുവാന്‍ മാത്രമേ യേശുവിന് കഴിഞ്ഞുള്ളൂ.

യേശുവിന്റെ ജീവിതകാലത്ത് യാതൊരു മതപരമായ നവോദ്ധാനവും വരുത്തുവാന്‍ യേശുവിന് കഴിഞ്ഞില്ല. യേശുവിന്റെ ശിഷ്യന്മാരും അനുയായികളും സാധാരണക്കാരായ മനുഷ്യരും സ്ത്രീകളും ആയിരുന്നു. അവരില്‍ സമ്പന്നരോ വിദ്യാസമ്പന്നാരോ അധികം ഉണ്ടായിരുന്നില്ല.

യേശുവിന്റെ സ്വന്ത വംശവും ജനവും അവനെ തള്ളിപറഞ്ഞു, ഒരു ജാതീയ വിദേശ ഭരണകൂടത്തിന് ഒറ്റിക്കൊടുത്തു. അവര്‍ അവനെ കൊല്ലുവാന്‍ രഹസ്യ പദ്ധതി തയ്യാറാക്കി. അവനെ ഒറ്റിക്കൊടുത്ത യൂദാ ഈസ്കര്യോത്താവു അവന്റെ വിശ്വസ്തനായ ശിഷ്യന്മാരില്‍ ഒരാള്‍ ആയിരുന്നു. യേശുവിനെ പുരോഹിതന്മാരും റോമന്‍ ഭരണകൂടവും ചേര്‍ന്ന് പിടിച്ചു, വിചാരണ ചെയ്തു. അവന്റെ സ്വന്ത ജനം അവനെ ക്രൂശിക്കുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അന്നത്തെ ഏറ്റവും ക്രൂരവും, ഹീനവുമായ രീതില്‍, ക്രൂശില്‍ തറച്ച് കൊന്നു. 

യേശു യൂദാസിനെ തന്റെ ശിഷ്യഗണത്തില്‍ നിന്നും പുറത്താക്കിയില്ല. യേശു തന്റെ നിരപരാധിത്വം ഒരു കോടതിയിലും വാദിച്ചില്ല. അവന്‍ ക്രൂശില്‍ നിന്നും സ്വയം രക്ഷപ്പെടുവാന്‍ ശ്രമിച്ചില്ല.

തന്റെ ശിഷ്യന്മാരുടെയും, അനുഗമിച്ചവരുടെയും മുമ്പാകെ, നഗ്നനായി, പീഡിപ്പിക്കപ്പെട്ടവനായി, ഒറ്റപ്പെട്ടവനായി, അപമാനിക്കപ്പെട്ട്, ക്രൂശില്‍ മരിച്ചു. 

എങ്ങനെ ആണ് ഈ മനുഷ്യന്റെ നിന്ദിതമായ മരണം മനുഷ്യരെ പാപത്തില്‍ നിന്നും രക്ഷിക്കുന്നത്? ഒന്നാം നൂറ്റാണ്ടില്‍ അപ്പോസ്തലന്മാര്‍ അന്നത്തെ ഗ്രീക്ക് തത്വചിന്തകന്‍മാരില്‍ നിന്നും അഭിമുഖീകരിച്ച ചോദ്യമാണിത്.

എന്നാല്‍ പുതിയനിയമം ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം വിശദീകരിക്കാതെ, പഴയനിയമ യാഗങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ് ചെയ്യുന്നത്. അതായത് പുതിയനിയമത്തില്‍ വെളിപ്പെട്ട ഈ മര്‍മ്മത്തിന്റെ വിശദീകരണം നമ്മള്‍ പഴയനിയമത്തില്‍ ആണ് കാണുന്നത്. ഇത് വേദപുസ്തകത്തിന്റെ പൊതുവായ ശൈലി ആണ്.

അപ്പോസ്തലന്മാര്‍ യേശുവിന്റെ മരണത്തിന്റെയും രക്ഷയുടെയും വിവിധ തലങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അവര്‍ അതിനെ, മറുവിലയായി കാണുന്നു; രക്ഷ ദത്തെടുക്കല്‍ ആണ് എന്നു പറയുന്നു; ജയം ആണ് എന്നു പറയുന്നുണ്ട്; വിടുതലും വീണ്ടുടുപ്പും ആണ് എന്നും പറയുന്നുണ്ട്. മറ്റ് ചില തലത്തിലും രക്ഷയെ അവര്‍ കാണുന്നുണ്ട്.

എന്നാല്‍ ഈ ചിന്തകള്‍ ഒന്നും ഒരുവന്റെ മരണം അനേകം മനുഷ്യരുടെ പാപത്തിന് എങ്ങനെ പരിഹാരം ആയി തീരും എന്നു മതിയായ രീതിയില്‍ വിശദീകരിക്കുന്നില്ല.

യേശുവിന്റെ മരണത്തിന്റെ രക്ഷാകരമായ മര്‍മ്മം മനസ്സിലാക്കുവാന്‍ നമ്മള്‍ക്ക് പഴയനിയമത്തിലേക്ക് പോയേ മതിയാകൂ. 

മനുഷ്യന്റെ സൃഷ്ടിയുടെ ചരിത്രം പറയുന്ന വേദപുസ്തകത്തിന്റെ ആദ്യ ഭാഗത്ത് തന്നെ, അനേകരെ ഒരുവന്‍ പ്രതിനിധീകരിക്കുന്നു എന്ന ആശയം കാണുവാന്‍ കഴിയും. ആദം സകലമനുഷ്യരുടെയും പ്രതിനിധി ആയിരുന്നു. അതിനാലാണ് അവന്‍ ചെയ്ത പാപം സകല മനുഷ്യരിലേക്കും പകര്‍ന്നത്.

അതേ പ്രമാണം അനുസരിച്ചുതന്നെ, യേശുക്രിസ്തു എന്ന ഒരുവന്‍ പാപപരിഹാര യാഗമായി, അത് എല്ലാവരുടെയും പാപ പരിഹാരത്തിന് ഉപകരിച്ചു.

 

1 കൊരിന്ത്യര്‍ 15: 21, 22

21   മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.

22  ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.

ആദിയില്‍ ആദാം പാപം ചെയ്തു. എന്നാല്‍ ദൈവം ഒരു പാപ പരിഹാര മാര്‍ഗ്ഗം ഏദന്‍ തോട്ടത്തില്‍ തന്നെ തുറന്നു. അവിടെ നടന്ന സംഭവങ്ങളില്‍ നിന്നും, ദൈവം ഒരു മൃഗത്തെ കൊന്നു രക്തം ചൊരിഞ്ഞു എന്നു നമ്മള്‍ അനുമാനിക്കുന്നു. ഈ മൃഗത്തിന്റെ രക്തത്തില്‍ മുങ്ങിയ തോല്‍കൊണ്ടു ദൈവം അവര്‍ക്ക് ഒരു ഉടുപ്പ് ഉണ്ടാക്കി കൊടുത്തു. അതുകൊണ്ടു അവരുടെ നഗ്നത മറച്ചു. (ഉല്‍പ്പത്തി 3:21)

അങ്ങനെ അവിടെയാണ്, മനുഷ്യര്‍ക്ക് പകരക്കാരന്‍ ആയും, അവനെ പ്രതിനിധാനം ചെയ്യുന്നതുമായ ഒരു മൃഗത്തിന്റെ രക്തം ചൊരിഞ്ഞുള്ള യാഗം പാപ പരിഹാരം ആയിത്തീരും എന്ന പ്രമാണം ഉണ്ടായത്.

പകരക്കാരനായ മൃഗത്തിന്റെ രക്തം പാപിയായ മനുഷ്യന്റെ ജീവന്‍ രക്ഷിക്കുവായായി ചൊരിയുന്നു. കാരണം,

ലേവ്യപുസ്തകം 17: 11 ല്‍ പറയുന്നു: “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു.” 

സീനായ് പര്‍വ്വതത്തില്‍ വച്ച്, ദൈവം യിസ്രായേല്‍ ജനത്തെ ഒരു പ്രത്യേക രാജ്യമായി പ്രഖ്യാപിക്കുക ആണ്; അവര്‍ ദൈവത്തിന്റെ സ്വന്ത രാജ്യം ആയിരിക്കും എന്നും ദൈവം അരുളിച്ചെയ്തു. (പുറപ്പാട് 19: 5,6)

അതിനാല്‍ അവന്‍ അവിടെ വച്ച് അവര്‍ക്ക് രാജ്യത്തിന്റെ പ്രമാണങ്ങളും നല്കി. പ്രമാണത്തില്‍ പാപപരിഹാര യാഗവും, അതിനായി ഒരു പ്രത്യേക ദിവസവും ദൈവം കല്‍പ്പിച്ചാക്കി. എല്ലാ വര്‍ഷവും ഒരു ദിവസം പാപരിഹാര യാഗത്തിന്റെ ദിവസമായി ആചരിച്ച്, പാപപരിഹാര യാഗത്തിന്നായുള്ള ദൈവീക കല്പ്പന അനുസരിച്ച് യാഗം അര്‍പ്പിക്കേണം. 

പാപ പരിഹാര യാഗത്തിന്റെ ദിവസത്തെ “യോം കിപ്പൂര്‍” എന്നാണ് എബ്രായ ഭാഷയില്‍ വിളിക്കുന്നത്. ഈ അത്. എബ്രായ കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും, തിഷ്രി (Tishri) എന്നു വിളിക്കപ്പെടുന്ന ഏഴാം മാസത്തില്‍ പത്താം ദിവസം ആചരിച്ചിരുന്നു.

അന്നേ ദിവസം മഹാപുരോഹിതന്‍, തന്റെയും, സകല യിസ്രായേല്‍ ജനത്തിന്റെയും പാപത്തിന് പരിഹാരമായി യാഗങ്ങളും മറ്റ് ആചാരങ്ങളും നടത്തും. അന്ന് മാത്രമേ, സമാഗമനകൂടാരത്തിലെ അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കുവാന്‍ പുരോഹിതന് അവകാശമുണ്ടായിരുന്നുള്ളൂ. 

പാപ പരിഹാര യാഗത്തിന്റെ വിശദാംശങ്ങള്‍ ലേവ്യപുസ്തകം 16:1-34 വരെയുള്ള വാക്യങ്ങളില്‍ വിവരിക്കുന്നുണ്ട്.

അഹരോന്‍ എന്ന മഹാപുരോഹിതന്‍, ശുദ്ധീകരണത്തെ സൂചിപ്പിക്കുവാനായി, അവന്റെ ദേഹം വെള്ളത്തില്‍ കഴുകേണം. (16:4). അതിനുശേഷം, പഞ്ഞിനൂൽകൊണ്ടുള്ള വിശുദ്ധമായ വസ്ത്രം ധരിക്കേണം.

അഹരോന്‍, തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അർപ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. (16:6, 11)

അവൻ യിസ്രായേൽമക്കളുടെ പക്കൽനിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം. (16:5)

അവൻ ആ രണ്ടു കോലാട്ടുകൊറ്റനെയും കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തേണം. (16:7)

അഹരോൻ യഹോവെക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം. (8)

യഹോവെക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം. (9)

അവൻ ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു അതിന്റെ രക്തം കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം. (15)

അവൻ കുറെ രക്തം വിരൽകൊണ്ടു ഏഴു പ്രാവശ്യം അതിന്മേൽ തളിച്ചു യിസ്രായേൽമക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം. (19)

അവൻ ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന, അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെ കൊണ്ടുവരേണം. (20).

അതിന്റെ തലയിൽ അഹരോൻ കൈ രണ്ടും വെച്ചു യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു അതിന്റെ തലയിൽ ചുമത്തി അതിനെ മരുഭൂമിയിലേക്കു അയക്കേണം. (21)

അങ്ങനെ, കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; (22)

ശേഷം, പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിന്നു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയിൽ ഇട്ടു ചുട്ടുകളയേണം. (27)

അങ്ങനെ, യിസ്രായേല്‍ ജനത്തിന്റെ സകല പാപങ്ങളും നീക്കം ചെയ്യപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.

ഇതാണ് പാപ പരിഹാര യാഗത്തിന്റെ ദിവസം യിസ്രായേല്‍ ജനത്തിന്റെ ഇടയില്‍ നടത്തപ്പെടുന്ന യാഗം. 

ഇവിടെ നമ്മള്‍ രണ്ടു രണ്ടു കോലാട്ടുകൊറ്റന്മാരെ കാണുന്നു. ഒന്നിനെ യാഗം കഴിക്കുന്നു; മറ്റൊന്നിനെ മരുഭൂമിയിലേക്ക് അഴിച്ചുവിടുന്നു. ഒരു കോലാട്ടുകൊറ്റന്‍ യിസ്രായേല്‍ ജനത്തിന്റെ പാപത്തിന് പരിഹാരമായി രക്തം ചൊരിഞ്ഞു മരിക്കുന്നു; മറ്റൊന്നു ജനത്തിന്റെ സകല പാപങ്ങളും വഹിച്ചുകൊണ്ട് മരുഭൂമിയിലേക്ക് പോകുന്നു. ഒന്നാമന്‍ പകരക്കാരനായും പ്രതിനിധി ആയും മരിക്കുമ്പോള്‍ രണ്ടാമന്‍ പാപം വഹിച്ചുകൊണ്ട്, ഇനി ഒരിയ്ക്കലും തിരികെ വരാതെവണം ദൂരേക്ക് പോകുന്നു. 

ഇത് ജഡപ്രകാരമുള്ള ഒരു പ്രവര്‍ത്തി ആയി തോന്നാം എങ്കിലും ഇതില്‍ വിശ്വാസത്തിന്റെ ഒരു അംശം ഉണ്ട്. ഈ വിശ്വാസത്തിനു മാത്രമേ, യാഗത്തിലൂടെ പാപ പരിഹാരം സാധ്യമാക്കുവാന്‍ കഴിയൂ.

അതായത് ജഡപ്രകാരം യാഗം ക്രമീകരിക്കുന്നത് കൊണ്ടും, യാഗത്തിന്റെ കാഴ്ചക്കാരായി നിന്നതുകൊണ്ടും അവര്‍ക്ക് യാതൊരു പാപ പരിഹാരവും ലഭിക്കില്ല.

എന്താണ് യിസ്രയേല്യര്‍ വിശ്വസിക്കേണ്ടത്? യാഗമായി തീര്‍ന്ന മൃഗം അവരുടെ പകരക്കാരനും പ്രതിനിധിയും ആണ് എന്നും അതിന്റെ യാഗത്തില്‍ ചൊരിഞ്ഞ രക്തത്തിലൂടെ അവരുടെ പാപങ്ങള്‍ക്ക് പരിഹാരമായി തീര്‍ന്നു എന്നും അവര്‍ വിശ്വസിക്കേണം. പകരക്കാരനായ മൃഗത്തിന്റെ മരണത്തിലൂടെ ദൈവവുമായി നിരപ്പ് പ്രാപിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. രണ്ടാമത്തെ മൃഗം അവരുടെ പാപങ്ങളെ വഹിച്ചുകൊണ്ട് ദൂരേക്ക് പോയി എന്നും അത് ഇനി ഒരിയ്ക്കലും തിരികെ വരില്ല എന്നും അവര്‍ വിശ്വസിക്കേണം. ഈ വിശ്വാസത്തിന്നു മാത്രമേ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയൂ. 

എന്നാല്‍ പഴയനിയമ യാഗത്തിന് ഒരു അപര്യാപ്തത ഉണ്ടായിരുന്നു. അത് ഒരു വര്‍ഷത്തെ പാപങ്ങളെ മാത്രമേ പരിഹരിക്കൂ; പാപയാഗം എല്ലാ വര്‍ഷവും അതേ സമയത്ത് തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കേണമായിരുന്നു. 

പഴയനിയമത്തിലെ പാപ പരിഹാര യാഗത്തിന്, പുതിയനിയമത്തിലെ യേശുക്രിസ്തുവിന്റെ പരമ യാഗത്തിലൂടെ ലഭ്യമാകുന്ന രക്ഷയുമായി വളരെ ബന്ധം ഉണ്ട്.  പഴയനിയമത്തിലെ പാപ പരിഹാര യാഗം പുതിയ നിയമത്തിലെ രക്ഷ എന്താണ് എന്നു വിശദീകരിക്കുകയും വ്യക്തമാക്കുകയും ചെയ്യുന്നു.

യാഗത്തിനായി ഉപയോഗിയ്ക്കുന്ന കോലാട്ടുകൊറ്റന്‍മാര്‍ യേശുക്രിസ്തുവിന്റെ നിഴല്‍ ആണ്. യാഗം യേശുവിന്റെ ക്രൂശീകരണത്തിന്റെ നിഴലും.

യേശുക്രിസ്തു അവന്റെ മരണത്തില്‍ പാപ പരിഹാരത്തിനായി കൊല്ലപ്പെടുന്ന മൃഗവും പാപത്തെ വഹിച്ചുകൊണ്ട് പോകുന്ന മൃഗവും ആണ്. 

എങ്ങനെ രക്ഷ പ്രാപിക്കാം? 

നമ്മള്‍ കൃപയാല്‍ വിശ്വസം മൂലം രക്ഷിക്കപ്പെടുന്നു എന്നു ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലോ. അതില്‍ നമ്മളുടെ ഒരു പ്രവര്‍ത്തിയും കാരണമാകുന്നില്ല. യേശുക്രിസ്തു, ക്രൂശില്‍, നമ്മളുടെ പാപ പരിഹാരത്തിനായി ചെയ്യേണ്ടതെല്ലാം ചെയ്ത് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇനി നമ്മള്‍ യാതൊന്നു രക്ഷയ്ക്കായി ചെയ്യേണ്ടതില്ല.

 

എഫെസ്യര്‍ 2:8 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. 

അതിനാല്‍, രക്ഷിക്കപ്പെടുവാന്‍, ആദ്യമായി നമ്മള്‍ സുവിശേഷം കേള്‍ക്കേണ്ടതുണ്ട്. (എഫെസ്യര്‍ 1:13).

റോമര്‍ 10:14 ല്‍ നമ്മള്‍ വായിക്കുന്നു: “എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?”

പാപം നമ്മളുടെ പ്രകൃതിയും നമ്മളുടെ തിരഞ്ഞെടുപ്പും ആണ്. നമ്മള്‍ പാപത്തില്‍ ജനിക്കുന്നു; നമ്മളുടെ ശരീരവും മനസ്സും പാപത്താല്‍ മലിനസമാണ്. എന്നാല്‍ പാപത്തില്‍ തുടരുക എന്നത് നമ്മളുടെ തിരഞ്ഞെടുപ്പ് ആണ്.

അതായത് പാപത്തില്‍ ജനിച്ചതിനാല്‍ പാപത്തില്‍ തുടരേണം എന്നില്ല. നന്മ തിന്‍മകളെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്രം ദൈവം നമുക്ക് നല്കിയിട്ടുണ്ട്.

ഈ സ്വാതന്ത്രം ഉപയോഗിച്ച്, തിന്മയെ ഉപേക്ഷിച്ചു കളഞ്ഞു നന്മയെ തിരഞ്ഞെടുന്നതാണ് മാനസാന്തരം. പാപത്തെ തള്ളികളഞ്ഞു, ദൈവത്തിന്റെ നീതിയെ തിരഞ്ഞെടുക്കുന്നതാണ് മാനസാന്തരം.

അപ്പോസ്തല പ്രവര്‍ത്തികള്‍ 3: 19 ല്‍ നമ്മള്‍ വായിക്കുന്നു: “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ;”

 

റോമര്‍ 9: 9, 10, 13

   യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.

10   ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.

 

13   കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. 

ഈ വാക്യങ്ങള്‍ പറയുന്നതു ഇതാണ്: നമ്മള്‍ പാപത്തില്‍ നിന്നും മാനസാന്തരപ്പെടേണം; യേശുക്രിസ്തുവില്‍ വിശ്വസിക്കേണം; അവന്റെ ക്രൂശുമരണത്താല്‍ ലഭ്യമായ രക്ഷ സ്വീകരിക്കേണം; അവന്റെ കര്‍തൃത്തത്തെ സ്വീകരിക്കുകയും വേണം.

ദൈവത്തിന്റെ കൃപ ഇല്ലാതെ നമുക്ക് യേശുക്രിസ്തുവില്‍ വിശ്വസിക്കുവാനും ആ വിശ്വസം ഏറ്റുപറയുവാനും കഴിയുക ഇല്ല. നമ്മള്‍ കേള്‍ക്കുന്ന സുവിശേഷത്തോട് അനുകൂലമായി പ്രതികരിക്കുവാന്‍ ദൈവ കൃപ നമ്മളെ സഹായിക്കും. 

ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.

ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക. മറ്റുള്ളവരോടുകൂടെ പറയുക. 

ഒപ്പം തന്നെ ഓണ്‍ലൈന്‍ ല്‍ നമ്മളുടെ വീഡിയോ ഓഡിയോ ചാനലുകളില്‍ മറ്റ് വിഷയങ്ങളെ കുറിച്ചുള്ള ധാരാളം വീഡിയോകളും ഓഡിയോകളും ലഭ്യമാണ്. വീഡിയോ കാണുവാന്‍ താല്പര്യമുള്ളവര്‍ naphtalitribetv.com എന്ന വീഡിയോ ചാനലും ഓഡിയോ കേള്‍ക്കുവാന്‍ താല്പര്യമുള്ളവര്‍ naphtalitriberadio.com എന്ന ഓഡിയോ ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കേള്‍ക്കുവാന്‍ നിങ്ങളെ സഹായിക്കും. 

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.

Watch more videos in English and Malayalam @ naphtalitribetv.com

Listen to the audio message @ naphtalitriberadio.com

Read Bible study notes in English at our official web: naphtalitribe.com

Read Bible study notes in Malayalam @ vathil.in


No comments:

Post a Comment