മനുഷ്യന്റെ ചരിത്രാതീത കാലം മുതൽ ഉള്ള ഒരു ജീവിതചര്യയാണ് പ്രാർത്ഥിക്കുക എന്നത്. മനുഷ്യർക്ക് അല്ലാതെ, മറ്റൊരു ജീവിക്കും ദൈവത്തോട് പ്രാർത്ഥിക്കുവാൻ ഉള്ള ശേഷിയോ, കഴിവോ ഇല്ല. പക്ഷികളും മൃഗങ്ങളും പ്രാർത്ഥിക്കുന്നു എന്നത് ഒരു കാവ്യ സങ്കൽപ്പം മാത്രമാണ്. പ്രാർത്ഥന മനുഷ്യന് ദൈവം നല്കിയ സവിശേഷമായ അനുഗ്രഹം അന്ന്.
പ്രാർത്ഥന ക്രിസ്തീയ വിശ്വാസികൾ മാത്രം അനുവർത്തിക്കുന്ന
ഒരു രീതി അല്ല. പുരാതന കാലം മുതൽ, സകല മനുഷ്യരും അവർ ദൈവം എന്നു
വിശ്വസിക്കുന്നതിനോട് പ്രാർത്ഥിക്കാറുണ്ട്.
മാനവ ചരിത്രത്തിൽ എന്നുമുതലാണ് മനുഷ്യർ ദൈവത്തോട് പ്രാർത്ഥിക്കുവാൻ ആരംഭിച്ചത് എന്നു നമുക്ക് കൃത്യമായി അറിഞ്ഞുകൂടാ. എന്നാൽ വേദപുസ്തകം വിവരിക്കുന്ന ചരിത്രത്തിൽ മനുഷ്യൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതായി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് ഉൽപ്പത്തി 4 ആം അദ്ധ്യയത്തിൽ ആണ്. ഇവിടെ, ആദ്യ മനുഷ്യർ ആയിരുന്ന ആദാമിന്റെയും ഹവ്വായുടെയും മക്കൾ, കയീനും, ഹാബെലും യഹോവയ്ക്ക് വഴിപാട് കഴിക്കുന്നതായി പറയുന്നു.