വേദപുസ്തകം മനുഷ്യരുടെ വീണ്ടെടുപ്പിന്റെ ദൈവീക പദ്ധതി വിവരിക്കുന്ന രേഖ ആണ്. അതായത് ഇത് മനുഷ്യന്റെ ചരിത്രം ആണ്. വേദപുസ്തകം ദൈവത്തിന്റെ ചരിത്രം അല്ല. അതിനാല്‍ തന്നെ, മനുഷ്യന്‍ എങ്ങനെ ജീവിക്കേണം, എങ്ങനെ ജീവിച്ചു, അതിന്റെ അനന്തര ഫലം എന്തായിരിക്കും എന്നെല്ലാം ആണ് ഇതിലെ പ്രതിപാദ്യ വിഷയം. യാതൊന്നും മറച്ചുവെക്കാതെ മനുഷ്യന്റെ ജീവിതം പറയുന്നു എന്നതാണ് വേദപുസ്തകത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത.
വേദപുസ്തകത്തില്‍ അനേകം മനുഷ്യരുടെ ചരിത്രമുണ്ട്. അവരുടെ ചരിത്രം ദൈവത്തിന്റെ ചരിത്രം അല്ല. ദൈവത്തിന്റെ കാഴ്ചപ്പാടിന് ഒത്തു ജീവിച്ചവരും, ഭാഗികമായി തെറ്റിപ്പോയവരും, ദൈവത്തോട് അകന്നുപോയവരും, മല്‍സരിച്ചവരും എല്ലാം ഇതില്‍ ഉണ്ട്. അതില്‍ ദൈവം തിരഞ്ഞെടുക്കുകയും ഉപയോഗിക്കുകയും തള്ളിക്കളയുകയും ചെയ്തവര്‍ ഉണ്ട്. ദൈവം പറഞ്ഞത് അന്ധമായി വിശ്വസിച്ചവരും, ദൈവത്തില്‍ നിന്നും ഓടിപ്പോകുവാന്‍ ശ്രമിച്ചവരും, ദൈവത്തോട് വാദിച്ചവരും, കലാപം ഉണ്ടാക്കിയവരും ഉണ്ട്. ഇവരുടെ എല്ലാം ജീവിതത്തിലെ നന്മകള്‍ മാത്രമല്ല, തിന്‍മകളും വേദപുസ്തകത്തില്‍ തുറന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം എന്തു ആഗ്രഹിക്കുന്നു, മനുഷ്യര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നാണ് നമ്മള്‍ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്.
സദൃശവാക്യങ്ങള്‍ 1: 23 എന്റെ ശാസനെക്കു തിരിഞ്ഞുകൊൾവിൻ; ഞാൻ എന്റെ മനസ്സു നിങ്ങൾക്കു പൊഴിച്ചു തരും; എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.”
ഈ ചിന്തകളില്‍ നിന്നുകൊണ്ടു, ബഹുഭാര്യാത്വം ദൈവം അനുവദിക്കുന്നുവോ എന്ന വിഷയം വളരെ ചുരുക്കമായി ചര്‍ച്ച ചെയ്യാം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ആദ്യമേ ഞാന്‍ ഒരു കാര്യം പറയട്ടെ, ഈ വിഷയം പുരുഷമേധാവിത്വത്തെ പ്രകടമാക്കുന്ന ഒന്നാണ്. ഒരു പുരുഷന് ഒന്നിലധികം ഭാര്യമാര്‍ ആകാമോ എന്നാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ഒരു സ്ത്രീക്ക് ഒന്നിലധികം ഭര്‍ത്താക്കന്‍മാര്‍ ആകാമോ എന്ന് ചോദിക്കുന്നില്ല. കാരണം, പുരുഷ മേധാവിത്വം വളരെ ശക്തമായി പഴയനിയമ ഗോത്രപിതാക്കന്മാരുടെയും, യഹൂദന്മാരുടെയും സമൂഹത്തില്‍ നിലനിന്നിരുന്നു. ബഹുഭാര്യാത്വവും അതിന്റെ ഭാഗമാണ്. എന്നാല്‍ പുരുഷമേധാവിത്വം എന്ന ചിന്താരീതി ഇന്നത്തെ കാലത്തിനു യോജ്യമല്ല. ഒരു പുരുഷനും സ്ത്രീക്കും ഒന്നിലധികം ഭാര്യമാരും ഭര്‍ത്താക്കന്മാരും ഒരേ സമയം ഉണ്ടാകാം എന്ന് ദൈവം അനുവദിക്കുന്നുണ്ടോ എന്ന ചോദ്യമാണ് കാലത്തിനു കൂടുതല്‍ യോജ്യം.
പഴയനിയമത്തില്‍
വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച, നമുക്ക് പഴയനിയമത്തില്‍
നിന്നും ആരംഭിക്കാം. ആദിയില്‍, ഏക ഭാര്യ-ഏക ഭര്‍ത്താവ്
എന്നതായിരുന്നു ദൈവത്തിന്റെ പദ്ധതി എന്ന്, സൃഷ്ടിയുടെ
ചരിത്രം പറയുന്ന ഉല്‍പ്പത്തി പുസ്തകത്തിലെ ആദ്യ ആദ്ധ്യായങ്ങളില്‍ നിന്നും നമുക്ക്
മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ തല്‍ക്കാലം ഉല്‍പ്പത്തി ഒന്നു, രണ്ടു അദ്ധ്യായങ്ങള്‍ നമ്മള്‍ മാറ്റി വെക്കുന്നു. അത് പിന്നീട് നമുക്ക്
ചിന്തിക്കാം. കാലക്രമത്തില്‍ ദൈവത്തിന്റെ യാഥാര്‍ഥ പദ്ധതിക്ക് ഭംഗം വന്നു. പലരും
ഒന്നിലധികം ഭാര്യമാരെ സ്വീകരിച്ചു. പഴയനിയമത്തില്‍ ഒന്നിലധികം ഭാര്യമാര്‍
ഉണ്ടായിരുന്ന, ഏകദേശം 40 ല്‍ അധികം പ്രധാനപ്പെട്ട വ്യക്തികളുടെ
ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ആദ്യത്തെ വ്യക്തി ലാമെക്ക് ആയിരുന്നു.
അവന്‍ ആദാമിന്റെ മകനായ കയീന്‍റെ വംശാവലിയില്‍ ആറാമത്തെ തലമുറ ആയി, മെഥൂശയേലിന്റെ മകന്‍ ആയി ജനിച്ചു. അവന്, ആദാ എന്നും
സില്ലാ എന്നും പേരുള്ള രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് അത്ര
സുഖകരമായ ഒരു ബന്ധം ആയിരുന്നില്ല.
യഹൂദന്മാരുടെ വേദപുസ്തക വ്യാഖ്യാനങ്ങളെ മിദ്രാഷ് (Midrash) എന്നാണ് വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍, പഴയനിയമത്തെ എപ്പോഴും നമ്മള്‍ മനസ്സിലാക്കേണ്ടത് യഹൂദ വ്യാഖ്യാനങ്ങളെ കൂടി ചേര്‍ത്തു വായിച്ചുവേണം. കാരണം പഴയനിയമത്തിലെ പല കാര്യങ്ങളും, അതിന്റെ വിവരണത്തില്‍ നിന്ന് മാത്രം ഇന്ന് നമുക്ക് വ്യക്തമായി മനസ്സിലാകുവാന്‍ കഴിയില്ല. ഇതില്‍ ഇന്നത്തെ നമ്മളുടെ സുവിശേഷ പ്രസംഗകര്‍ക്കു തെറ്റ് പറ്റുന്നുണ്ട്.
യഹൂദന്മാരുടെ മിദ്രാഷ് ല്‍ ലാമെക്കിന് രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നതിനെ ദോഷമായി ആണ് വ്യാഖ്യാനിക്കുന്നത്. അന്നത്തെ മനുഷ്യരുടെ പേരിന് ആ വ്യക്തിയുടെ സ്വഭാവവുമായും, ജീവിത രീതിയുമായും, ആ വ്യക്തിയെക്കുറിച്ചുള്ള ദൈവീക പദ്ധതിയുമായും ബന്ധം ഉണ്ടായിരിക്കും. ആദാ എന്നാണ് ലാമെക്കിന്റെ ഒരു ഭാര്യയുടെ പേര്. ഈ പേരിന്റെ അര്‍ത്ഥം, സ്ഥാനഭ്രഷ്ടനാക്കപ്പെട്ടവള്‍, എന്നും തരം താഴ്ത്തപ്പെട്ടവള്‍ എന്നും ആണ്. എന്നാല്‍, മറ്റൊരു ഭാര്യയായ സില്ലായുടെ പേരിന്റെ അര്‍ത്ഥം, നിഴലില്‍ മറഞ്ഞിരിക്കുന്നവള്‍ എന്നാണ്. അതായത് ഒരു ഭാര്യ ലാമെക്കിന് അനിഷ്ഠയും മറ്റൊന്നു പ്രിയപ്പെട്ടവളും ആയിരുന്നു. ആദാ ഒരു അടിമയെപ്പോലെ ആണ് ജീവിച്ചത് എന്നാണ് മിദ്രാഷ് പറയുന്നത്. ഇത് ബഹുഭാര്യാത്വത്തിന്റെ അംഗീകാരം അല്ല.
ലാമെക്കിന്റെ ചരിത്രം നമ്മള്‍ വായിക്കുന്നത് ഉല്പത്തി 4 ആം അദ്ധ്യായത്തില്‍ ആണ്. 5 ആം അദ്ധ്യായത്തില്‍ ആദാം മുതല്‍ നോഹവരെ ഉള്ളവരുടെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നു. 6 ആം അദ്ധ്യായത്തില്‍ നോഹയുടെ കാലത്തുണ്ടായ മഹാ പ്രളയം വിവരിക്കപ്പെടുന്നു. നോഹയുടെ കാലത്തേകുറിച്ച് ദൈവവചനം ഇങ്ങനെ ആണ് പറയുന്നത്: ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വലിയതായി. അവന്റെ ഹൃദയ നിരൂപണങ്ങള്‍ എപ്പോഴും ദോഷമുള്ളതാണ്. ഭൂമിയില്‍ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു ദൈവം ദുഖിച്ചു. അതിനാല്‍, മനുഷ്യനെ ഉള്‍പ്പെടെ, ഭൂമിയിലെ എല്ലാ ചരാചരങ്ങളെയും നശിപ്പിച്ചുകളയുവാന്‍ ദൈവം തീരുമാനിച്ചു.
വേദപുസ്തകം നമ്മള്‍ മനസ്സിലാക്കേണ്ടത്, അക്ഷരങ്ങളുടെ അര്‍ത്ഥത്തില്‍ അല്ല; ഭാഷയുടെ വ്യാകരണത്താലും അല്ല. ഇതൊക്കെ നമുക്ക് ദൈവവചനം പഠിക്കുവാന്‍ സഹായമായി ഉപയോഗിക്കാം. എന്നാല്‍ ദൈവചനം ദൈവത്തിന്റെ ഹൃദയ വിചാരങ്ങളുടെ രേഖ ആണ്. അതിനാല്‍ അതിനെ മാര്‍മ്മികമായി, ആത്മാവില്‍ നമ്മള്‍ മനസ്സിലാക്കേണം. ദൈവത്തിന്റെ ഹൃദയത്തില്‍ നിന്നുള്ള വെളിപ്പാടായി ദൈവ വചനത്തെ ഗ്രഹിക്കുവാന്‍ നമുക്ക് കഴിയേണം.
അതിനാല്‍, മാര്‍മ്മികമായി, ലാമെക്ക്, നോഹയുടെ കാലത്തിന്‍റെ ഒരു നേര്‍ചിത്രം ആണ്. ലാമെക്ക് തന്റെ ഭാര്യമാരോട് പറയുന്ന ചില വാക്കുകള്‍ വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ പ്രതികാരത്തിന്‍റെയും കൊലപാതകത്തിന്റെയും ശബ്ദം ആണ് ഉള്ളത്. അവന്‍ തന്റെ ന്യായത്തെ കയീനുമായിട്ടാണ് ബന്ധിപ്പിക്കുന്നത്. “കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കില്‍, ലാമെക്കിന്നുവേണ്ടി എഴുപത്തേഴ് ഇരട്ടി പകരം ചെയ്യും.” (ഉല്‍പ്പത്തി 4:24). ലാമെക്ക് പ്രതിനിധാനം ചെയ്യുന്നത്, നോഹയുടെ കാലത്തെ പാപത്തെ ആണ്. അതില്‍ അവന്റെ ബഹുഭാര്യാത്വവും ഉണ്ടായിരുന്നു എന്ന് ശരിയായി അനുമാനിക്കാം.
വേദപുസ്തകം പഠിക്കുന്നവര്‍ ആരും ലാമെക്കിനെ ഒരു മാതൃക ആക്കാറില്ല. എന്നാല്‍, ദൈവം തിരഞ്ഞെടുത്ത, ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട ഒന്നിലധികം ദൈവദാസന്‍മാരുടെ ജീവിതത്തിലും ബഹുഭാര്യാത്വം നിലനിന്നിരുന്നു. അതില്‍ നമ്മളുടെ മനസ്സില്‍ ഒന്നാമതായി എത്തുക അബ്രഹാം ആണ്. അവന് ഒരേ സമയം ഒരു ഭാര്യയെ ഉണ്ടായിരുന്നുള്ളൂ. അത് സാറാ ആയിരുന്നു. സാറായുടെ മരണത്തിന് ശേഷം മറ്റൊരു ഭാര്യയെ വിവാഹം കഴിച്ചിരുന്നു. മക്കള്‍ ഇല്ലാതെ 75 വയസ്സ് വരെ സാറയോട് ഒപ്പം ജീവിച്ച അബ്രാഹാമിന്റെ മനസ്സില്‍, സന്തതികള്‍ എന്ന ചിന്ത ഇട്ടത് തന്നെ ദൈവം ആണ്. ദൈവത്തിന്റെ അരുളപ്പാട് ലഭിച്ചിട്ടു അനേക വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സന്തതി ലഭിക്കാഞ്ഞതിനാലും, സാറായില്‍ ഒരു സന്തതി ലഭിക്കും എന്ന് പ്രതീക്ഷ ഇല്ലാതിരുന്നതിനാലും, അന്നത്തെ നാട്ടുനടപ്പു അനുസരിച്ചു സാറായുടെ ദാസി ഹാഗാറിനെ പരിഗ്രഹിച്ചു. ഹാഗാറുമായുള്ള ബന്ധം അബ്രഹാം തുടങ്ങിവച്ചതാണ് എന്നു വേദപുസ്തകത്തില്‍ തെളിവില്ല. അത് അന്നത്തെ നാട്ടുനടപ്പ് അനുസരിച്ചു ഹാഗാറിന്റെ യജമാനത്തിയായ സാറാ നിര്‍ദ്ദേശിച്ചതാണ്. അബ്രഹാം ആ നിര്‍ദ്ദേശം സ്വീകരിച്ചു. ഇതില്‍ അബ്രാഹാമിന് സന്തതി ജനിച്ചു എങ്കിലും, ദൈവം ആ സന്തതിയെ അവന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല. ഉല്‍പ്പത്തി 22:2 ല്‍ ദൈവം പറയുന്നു: “... നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക”. ദൈവത്തിന്റെ ദൃഷ്ടിയില്‍ അബ്രാഹാമിന്റെ ഏകജാതനായ മകന്‍ സാറായില്‍ ജനിച്ച യിസ്ഹാക്ക് മാത്രം ആയിരുന്നു. മാത്രവുമല്ല, ഹാഗാരിനെ കൂടെ ഭാര്യയായി സ്വീകരിച്ചത്, അബ്രാഹാമിനോ, സാറായ്ക്കൊ, ഹാഗാറിനോ സമാധാനം നല്‍കിയില്ല. അബ്രഹാം അനുസരിച്ച നാട്ടുനടപ്പു ദൈവം അംഗീകരിച്ച ബന്ധം ആയില്ല.
അബ്രാഹാമിന്റെ കൊച്ചുമകനായ യാക്കോബിന്റെ ജീവിതത്തിലും രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു. യാക്കോബ് ഇഷ്ടപ്പെടാത്ത ലേയയും അവന്റെ പ്രിയപ്പെട്ട റാഹേലും. ഇതിന്റെ പശ്ചാത്തലം നമുക്ക് അറിയാം. ലേയയുടെയും റാഹേലിന്റെയും പിതാവായ ലാബാന്‍, യാക്കോബിനെ ചതിച്ചതിനാല്‍ ആണ് ഇത്തരമൊരു സാഹചര്യം ഉണ്ടായത്. ഫലമായി, അവരുടെ കുടുംബ ജീവിതം എന്നും അസ്വസ്ഥതകള്‍ നിറഞ്ഞത് ആയിരുന്നു. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്. യാക്കോബും കുടുംബവും ബേഥേലില്‍ നിന്നും ബേത്ത്ളഹെമിലേക്ക് യാത്ര ചെയ്യവേ, ബേത്ത്ളഹെമില്‍ എത്തുന്നതിന് മുംബ് വഴി മദ്ധ്യേ റാഹേല്‍ മരിക്കുകയും അവളെ അവിടെ അടക്കുകയും ചെയ്തു. എന്നാല്‍ ലേയ മരിച്ചപ്പോള്‍ അവളെ അടക്കിയത്, അബ്രഹാം വിലകൊടുത്തു വാങ്ങിയ ശ്മശാന ഭൂമിയില്‍, അബ്രാഹാമിനോടും, സാറായോടും, യിസ്ഹാക്കിനോടും, റെബേക്കയോടും ഒപ്പമാണ്. പിന്നീട് യാക്കോബ് മരിച്ചപ്പോള്‍ അവനെ അടക്കിയതും ലേയയോടൊപ്പം ആണ്. ഇതില്‍ എന്തോ ഒരു ദൈവീക പ്രമാണം ഉള്ളതായി തോന്നാം. കബളിപ്പിക്കപ്പെട്ടാണ് യാക്കോബ് ലേയയെ വിവാഹം കഴിച്ചത് എങ്കിലും ദൈവത്തിന്റെ ദൃഷ്ടിയില്‍ അവളാണ് ആണ് യാക്കോബിന്റെ ഭാര്യ.
ലേയയുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം കൂടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലേവ്യരും യെഹൂദായും ലേയയുടെ മക്കള്‍ ആണ്. ലേവ്യര്‍ ദൈവാലയത്തിലെ പുരോഹിതന്മാര്‍ ആയി. യെഹൂദായുടെ പിന്‍ഗാമികള്‍ രാജാക്കന്മാരും നമ്മളുടെ കര്‍ത്താവിന്റെ വംശാവലിയും ആയി. ഇന്ന് യിസ്രായേലിലെ പത്തു ഗോത്രങ്ങള്‍ എവിടെ ആണ് എന്നു ആര്‍ക്കും അറിഞ്ഞുകൂടാ. ബന്യാമീന്‍ ഗോത്രം എണ്ണത്തില്‍ കുറയുകയും ക്രമേണ യെഹൂദാ ഗോത്രത്തില്‍ ലയിക്കുകയും ചെയ്തു എന്നു കരുതുന്നു. എന്നാല്‍ യഹൂദ ഗോത്രം ഇന്നും ഉണ്ട്. ഇന്നത്തെ യിസ്രയേല്‍, യഹൂദാ ഗോത്രം ആണ്. യെഹൂദാ ലേയയുടെ മകന്‍ ആണ്. ക്രൈസ്തവ വിവാഹ വേദികളില്‍, യാക്കോബിനെയും റാഹേലിനേയും അനുഗ്രഹിച്ച ദൈവം, വിവാഹിതര്‍ ആകുന്ന വധൂവരന്‍മാരേ അനുഗ്രഹിക്കട്ടെ എന്നു നമ്മള്‍ പ്രാര്‍ത്ഥിക്കാറുണ്ട്. അതാണ് പതിവ്. ഞാന്‍ സഭാശുശ്രൂഷകന്‍ ആയിരുന്നപ്പോഴും ഇങ്ങനെതന്നെ ആണ് ഞാനും വധൂവരന്‍മാരേ അനുഗ്രഹിച്ച് പ്രാര്‍ഥിച്ചിരുന്നത്. എന്നാല്‍ അന്നും എന്നും ഇനിക്ക് ഇതില്‍ അല്‍പ്പം സംശയം ഉണ്ട്. യാക്കോബ് റാഹേലിനെ ഏറെ സ്നേഹിച്ചിരുന്നു എങ്കിലും സ്വര്‍ഗ്ഗം ലേയയുടെ ഭാര്യാത്വത്തെ ഏറെ അംഗീകരിച്ചിരുന്നു. എന്തായാലും ഒന്നു നമുക്ക് അനുമാനിക്കാം, നമ്മള്‍ കാണുന്നതുപോലെ അല്ല മനുഷ്യ ബന്ധങ്ങളെ ദൈവം കണ്ടിരുന്നത്. ഇത് അല്‍പ്പം കാര്യവും കാര്യക്കേടും ഉള്ള ചിന്തയായി കണ്ടാല്‍ മതി.
പഴയനിയമകാലത്ത്, യുദ്ധാനന്തരവും, ക്ഷാമകാലത്തും, മക്കള്‍ ജനിക്കാതെ ഇരിക്കുമ്പോഴും, മറ്റ് വിവിധ സാഹചര്യങ്ങളിലും പുരുഷന്‍മാര്‍ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കാറുണ്ടായിരുന്നു. അബ്രാഹാമിന് ശേഷം നമുക്ക് ഈ രീതി തുടര്‍ന്നും കാണാവുന്നതാണ്. മോശയ്ക്ക് രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ഗിദെയോന് ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരുന്നു. ശമുവേല്‍ പ്രവാചകന്റെ പിതാവ് എല്‍ക്കാനയ്ക്ക് രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ദാവീദിനും ശാലമോനും ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരുന്നു. എസ്ഥേര്‍ രാജകൊട്ടാരത്തില്‍ ആദ്യം എത്തുന്നത് വേപ്പാട്ടി ആയിട്ടാണ്. രൂത്തിന്റെ കഥയിലെ ബോവസിന് മറ്റൊരു ഭാര്യ ഉണ്ടായിരിക്കുവാന്‍ സാധ്യത ഉണ്ട്.
ഇതിനെ എല്ലാം നമ്മള്‍ എങ്ങനെ വിശദീകരിക്കും എന്നത് നിശ്ചയമായും ഒരു വലിയ പ്രശനമാണ്. എന്നാല്‍, ദൈവം എപ്പോഴും, അവന്‍ മനുഷ്യരെ എങ്ങനെ, എന്തിനുവേണ്ടി സൃഷ്ടിച്ചു എന്നതിലേക്ക് നമ്മളുടെ ശ്രദ്ധയെ തിരിക്കുന്നുണ്ട്. ദൈവത്തിന്റെ യഥാര്‍ത്ഥ പദ്ധതി എന്തായിരുന്നു. മനുഷ്യര്‍ ഇന്ന് എവിടെ നില്‍ക്കുന്നു. അത് മനുഷ്യനു അനുഗ്രഹമായോ? ഈ പാതയിലൂടെ ചിന്തിച്ചാല്‍, നമുക്ക് എല്ലാം വ്യക്തമാകും. ദൈവത്തിന്റെ യഥാര്‍ത്ഥ പദ്ധതി പിന്നീട് ദൈവം ഉപേക്ഷിച്ചുവോ എന്നതും പ്രധാനമാണ്. ദൈവത്തിന്റെ പദ്ധതിയില്‍ നിന്നും വ്യതിചലിച്ചപ്പോള്‍ എല്ലാം, മനുഷ്യന്റെ ജീവിതത്തില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടായിടുണ്ട് എന്ന് നമ്മള്‍ ശ്രദ്ധിക്കേണം. ലാമെക്കിന്റെ ജീവിത ശൈലി, പ്രളയത്തിലേക്ക് നയിച്ചു; അബ്രാഹാമിന്റെ തെറ്റ് ദൈവത്തിന്റെ സ്വന്ത ജനത്തിന് ഒരു നിത്യ ശത്രുവിനെ സൃഷ്ടിച്ചു. ദാവീദും ശാലമോനും ദുരിതത്തില്‍ ആയി. ശലോമോന് ശേഷം യിസ്രായേല്‍ രാജ്യം തന്നെ രണ്ടായി വിഭജിക്കപ്പെട്ടു.
ഏത് വിഷയവും, അത് നേരിട്ടു പറയുന്ന വാക്യമുണ്ടോ എന്ന ചോദ്യം, വിഷയത്തെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും ചോദിക്കാവുന്നതാണ്. ബഹുഭാര്യാത്വം നിഷേധിക്കുന്ന, നേരിട്ടു പറയുന്ന വാക്യം വേദപുസ്തകത്തില്‍ ഉണ്ടോ? ബഹുഭാര്യാത്വം അനുവദിച്ചിരിക്കുന്നു എന്ന് നേരിട്ട് പറയുന്ന വാക്യം വേദപുസ്തകത്തില്‍ ഉണ്ടോ. രണ്ടിന്റെയും ഉത്തരം ഇല്ലാ എന്നാണ്. അനുമാനങ്ങളും വ്യാഖ്യാനങ്ങളും ഇരുകൂട്ടര്‍ക്കും സാധ്യമാണ്. എന്നാല്‍ ബഹുഭാര്യാത്വം എവിടേയും അസമാധാനം സൃഷ്ടിച്ചിരുന്നു എന്ന് പഴയനിയമത്തിലെ ചരിത്രത്തില്‍ നിന്നും മനസ്സിലാക്കാം. മനുഷ്യര്‍, അത് ദൈവം തിരഞ്ഞെടുത്ത മനുഷ്യര്‍ ആയിക്കൊള്ളട്ടെ, ചെയ്ത എല്ലാ പ്രവര്‍ത്തികളും ദൈവഹിതം ആയിരുന്നു എന്ന് പറയുക സാധ്യമല്ല. എന്നും മനുഷ്യനു സ്വതന്ത്ര ഇശ്ചാശക്തി ഉണ്ടായിരുന്നു. ദൈവം ബഹുഭാര്യാത്വം കാരണം ആരെയും ശിക്ഷിച്ചില്ല എന്നത്, അത് ദൈവത്തിന്റെ പദ്ധതി ആണ് എന്ന് പറയുവാന്‍ മതിയായ കാരണം അല്ല.
ആവര്‍ത്തനപുസ്തകത്തില്‍ രാജാക്കന്മാരുടെ നിയമനത്തെക്കുറിച്ച് പറയുമ്പോള്‍, രാജാക്കന്മാര്‍ ഒന്നിലധികം ഭാര്യമാരെ എടുക്കരുത് എന്ന് പറയുന്നുണ്ട്. വാക്യം ഇങ്ങനെ ആണ്: “ അവന്റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാർയ്യമാരെ അവൻ എടുക്കരുതു; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുതു.” (ആവര്‍ത്തന പുസ്തകം 17:17). എന്നാല്‍ ദാവീദ് ഉള്‍പ്പെടെയുള്ള രാജാക്കന്മാര്‍ ഇത് അനുസരിച്ചിരുന്നില്ല. ആവര്‍ത്തനപുസ്തകം 21:15 ല്‍ രണ്ട് ഭാര്യമാര്‍ ഉള്ള ഒരുവന്റെ സ്വത്ത് വിഭാഗിക്കുമ്പോള്‍, ആദ്യത്തെ ഭാര്യ, ഭര്‍ത്താവിന് അനിഷ്ടയാണെങ്കില്‍ കൂടി, അവളുടെ പുത്രനെ ആദ്യാജാതന്‍ ആയി കണക്കാക്കി സ്വത്തിന്റെ ഇരട്ടി പങ്ക് നല്‍കേണം എന്ന് പറയുന്നുണ്ട്. ഇത് ബഹുഭാര്യാത്വത്തെ ദൈവം അംഗീകരിക്കുന്നു എന്നതിന്റെ തെളിവല്ല; അന്നത്തെ സമൂഹത്തില്‍ അത് നിലവില്‍ ഇരുന്നു എന്നതിന്റെ തെളിവ് മാത്രം ആണ്. രണ്ട് ഭാര്യമാരും ഒരേ സമയത്ത് ജീവനോടു ഉണ്ടായിരുന്നു എന്ന് ഇവിടെ പറയുന്നില്ല.
ലേവ്യപുസ്തകം 18:18 ല്‍ ഒരുവന്റെ ഭാര്യ ജീവനോടിരിക്കുമ്പോൾ അവളെ ദുഃഖിപ്പിപ്പാൻ അവളുടെ സഹോദരിയെ കൂടെ ഭാര്യായായി സ്വീകരിക്കരുത് എന്ന് പറയുന്നുണ്ട്. ഇത് മറ്റൊരു സ്ത്രീയെകൂടെ ഭാര്യയായി സ്വീകരിക്കരുത് എന്നാണ് അര്‍ത്ഥമാക്കുന്നത് എന്നും ഭാര്യയുടെ സഹോദരിയെ ഭാര്യയാക്കരുത് എന്ന് മാത്രമേ ഉള്ളൂ എന്നും അഭിപ്രായം ഉണ്ട്. ബഹുഭാര്യാത്വത്തെ ദൈവം അംഗീകരിക്കുന്ന വാക്യമാണ് ഇതെന്നും, നിഷേധിക്കുന്ന വാക്യമാണ് എന്നും രണ്ട് അഭിപ്രായങ്ങള്‍ ഉണ്ട്. ഈ വാക്യവും അന്നത്തെ സമൂഹത്തില്‍ ബഹുഭാര്യാത്വം ഒരു സാമൂഹിക പ്രശ്നമായി നിലവില്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. ദൈവത്തിന്റെ പദ്ധതിയില്‍ ബഹുഭാര്യാത്വം ഉണ്ടായിരുന്നു എന്നതിന്റെ തെളിവല്ല.
ദാവീദിന്റെ കാര്യം കൂടി ചിന്തിച്ചിട്ട് പഴയനിയമ കാലത്തെക്കുറിച്ചുള്ള ചര്‍ച്ച അവസാനിപ്പിക്കാം എന്ന് കരുതുന്നു. ദാവീദ് രാജാവ് ദൈവത്തിന്റെ ഹൃദയപ്രകാരം ഉള്ള മനുഷ്യന്‍ ആയിരുന്നു എന്ന് ദൈവം തന്നെ സാക്ഷിച്ചിട്ടുണ്ട്. (a man after his own heart - 1 ശമുവേല്‍ 13:14 - KJV). അവന് എട്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു. ഇതില്‍, അവന്‍ ജാതീയ രാജാക്കന്മാരെ അനുകരിക്കുക ആയിരുന്നു എന്ന് വേണം കരുതുവാന്‍. ദാവീദിന്റെ എട്ടാമത്തെ ഭാര്യ ആയിരുന്നു ബത്ത്-ശേബ. ദാവീദിന്റെ പ്രിയപ്പെട്ട ഭാര്യയും ഇവള്‍ ആയിരുന്നു. അവള്‍ ദാവീദിന്റെ പടനായകന്‍മാരില്‍ ഒരുവനായ ഹിത്യനായ ഊരീയാവിന്റെ ഭാര്യ ആയിരുന്നു. ഊരീയാവിനെ പടക്കളത്തില്‍, തന്ത്രത്തില്‍ കൊന്നതിന് ശേഷം ആണ് ദാവീദ് ബത്ത്-ശേബയെ ഭാര്യയാക്കിയത്. എന്നാല്‍ ഈ ബന്ധം ദൈവത്തിന്റെ പദ്ധതി അല്ലായിരുന്നു. എങ്കിലും ദൈവം അതിനെയും ക്ഷമിച്ചു എന്ന് വേണം കരുത്തുവാന്‍. 2 ശമുവേല്‍ 12 ആം അദ്ധ്യായത്തില്‍, ദാവീദിന്റെ ഈ പ്രവര്‍ത്തിയിലുള്ള ദൈവത്തിന്റെ അനിഷ്ടവും ദൈവീക ശിക്ഷയും, നാഥാന്‍ പ്രവാചകന്‍ അവനെ അറിയിക്കുന്നുണ്ട്. അതിലേക്കു ഞാന്‍ ഇവിടെ കടക്കുന്നില്ല. എന്നാല്‍, ബഹുഭാര്യാത്വം ഒന്നിന്നും പരിഹാരം അല്ല എന്നും ദുഷ്ടതയ്ക്ക് ഇടയാക്കും എന്നതിന് ഇത് നല്ല ഉദാഹരണം ആണ്. 7 ഭാര്യമാര്‍ ഉള്ളപ്പോള്‍ ആണ് ദാവീദ് എട്ടാമത്തെ ഭാര്യയായി ബത്ത്-ശേബയെ സ്വീകരിക്കുന്നത്. ദാവീദിന്‍റെ പാപം ദൈവം ക്ഷമിച്ചു. എന്നാല്‍ ദാവീദിന്‍റെ പ്രവര്‍ത്തി ദൈവത്തിന്റെ പദ്ധതി ആയിരുന്നില്ല.
പഴയനിയമ ചരിതത്തിലെ സംഭവങ്ങളില്‍ നിന്നും നമുക്ക് എത്തിച്ചേരാവുന്ന അനുമാനം ഇതാണ്: ബഹുഭാര്യാത്വം അന്നത്തെ സമൂഹത്തില്‍ നിലനിന്നിരുന്നു. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്ക് ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ കുടുംബ ജീവിതം സമാധാനം നിറഞ്ഞത് ആയിരുന്നു എന്ന് പറയുവാന്‍ സാധ്യമല്ല. വേദപുസ്തകം മനുഷ്യരുടെ ജീവചരിത്രം രേഖപ്പെടുത്തുന്നു എന്നല്ലത്തെ അവരുടെ എല്ലാ പ്രവര്‍ത്തികളെയും ദൈവീക പദ്ധതിയായി അംഗീകരിക്കുന്നില്ല.
ഇടവേള
ബാബിലോണിയന്‍ പ്രവാസത്തിനും ഒന്നാം നൂറ്റാണ്ടിനും ഇടയ്ക്കുള്ള കാലത്ത്, ബഹുഭാര്യാത്വം ക്രമേണ ഒരു സാമൂഹിക പ്രശ്നമായി മാറി എന്ന് ചരിത്രകാരന്‍മാര്‍ കരുതുന്നു. യുദ്ധങ്ങളില്‍ പുരുഷന്മാര്‍ കൂടുതലായി കൊല്ലപ്പെടുകയും അവരുടെ ഭാര്യമാരെ ധനവാന്‍മാര്‍ വിവാഹം കഴിക്കുകയും ചെയ്യുക പതിവായിരുന്നു. ജനസംഖ്യയെ നിലനിറുത്തുവാന്‍ ഇത് സഹായമായിരുന്നു. എന്നാല്‍, ക്രമേണ, ഇത് യുദ്ധം ഇല്ലാത്ത, സമാധാന സമയത്തെ ബഹുഭാര്യാത്വം ആയി. അതിനാല്‍, ധനവാന്‍മാര്‍ക്ക് ഒന്നിലധികം ഭാര്യമാരും, ദരിദ്രര്‍ക്ക് ഒരു ഭാര്യയെപ്പോലും ലഭിക്കാത്ത അവസ്ഥയും ഉണ്ടായി. ഇത് ഒരു സാമൂഹിക പ്രശ്നമായി മാറി. അങ്ങനെ സമൂഹം ക്രമേണ മാറി ചിന്തിക്കുവാന്‍ തുടങ്ങി. എന്നാല്‍ അത് അന്ന് പൂര്‍ണ്ണമായും മാറിയില്ല.
പ്രസിദ്ധമായ ചാവുകടല്‍ ചുരുകളില്‍ (Dead Sea Scrolls) യഹൂദന്മാരിലെ ചില സമൂഹങ്ങള്‍ ബഹുഭാര്യാത്വത്തെ നിരുല്‍സാഹപ്പെടുത്തിയിരുന്നു എന്നതിന് രേഖയുണ്ട്. ചാവുകടല്‍ ചുരുകളിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുരുള്‍ ആണ് ടെമ്പിള്‍ സ്ക്രോള്‍ (Temple Scroll) എന്ന് അറിയപ്പെടുന്നത്. ഇതില്‍ ബഹുഭാര്യാത്വത്തെ നിഷേധിക്കുന്ന രേഖ ഉണ്ട്. ഇത് യേശുക്രിസ്തുവിന് മുമ്പേ എഴുതപ്പെട്ട രേഖ ആണ്. ഇപ്പോഴത്തെ വെസ്റ്റ് ബാങ്ക് എന്ന പ്രദേശത്തുള്ള, ക്യുമ്രാന്‍ (Qumran) എന്ന സ്ഥലത്തുള്ള ഗുഹകളില്‍ നിന്നാണ് ചാവുകടല്‍ ചുരുകള്‍ കണ്ടെത്തിയത്. യോഹന്നാന്‍ സ്നാപകന്‍ ക്യൂമ്രാന്‍ സമൂഹത്തിലെ അംഗമായിരുന്നു എന്ന് കരുതപ്പെടുന്നു. അതായത് യോഹന്നാന്‍ സ്നാപകന്‍ ബഹുഭാര്യാത്വത്തെ നിരാകരിച്ചിരുന്ന യഹൂദാ സമൂഹത്തിലെ അംഗമായിരുന്നു. യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകള്‍ ചര്‍ച്ചചെയ്യുമ്പോള്‍ നമുക്ക് ഈ വിവരങ്ങള്‍ വീണ്ടും ചിന്തിക്കാം.
റോമന്‍ സാമ്രാജ്യം
റോമന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശകാലത്ത് അവരുടെ നിയമങ്ങളും യഹൂദ്യ രീതികളും തമ്മില്‍ ഒന്നിലധികം കാര്യങ്ങളില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. അതില്‍ ഒന്നായിരുന്നു ബഹുഭാര്യാത്വം. ഏക ഭാര്യാത്വം ആയിരുന്നു റോമന്‍ നിയമം. യേശുക്രിസ്തുവിന്റെ കാലത്തും സഭയുടെ ആദ്യകാലത്തും റോമന്‍ സാമ്രാജ്യം നിലനിന്നിരുന്നു. ക്രിസ്തീയ സഭ ഉടലെടുത്ത കാലത്ത് യഹൂദന്മാരുടെ ഇടയില്‍ ബഹുഭാര്യാത്വം നിലവില്‍ ഉണ്ടായിരുന്നു. നമ്മള്‍ മുമ്പേ പറഞ്ഞ, ബഹുഭാര്യാത്വത്തെ നിഷേധിച്ചിരുന്ന ക്യുമ്രാന്‍ എന്ന സ്ഥലത്തെ യഹൂദ സമൂഹം ഒരു ചെറിയ കൂട്ടം ആയിരുന്നു. എന്നാല്‍ ബഹുഭാര്യാത്വത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുതിയനിയമത്തില്‍ കാണുന്നില്ല. അതില്‍ നിന്നും ഈ ജീവിത രീതി ക്രമേണ ഇല്ലാതായി എന്നു അനുമാനിക്കാം. എന്നാല്‍, യഹൂദ ചരിത്രകാരന്‍ ആയ യോസെഫസ് (Josephus) ബഹുഭാര്യാത്വം അംഗീകരിക്കപ്പെട്ട യഹൂദ ജീവിത രീതി ആയിരുന്നു എന്നു പറയുന്നുമുണ്ട്.
AD 212 ല്‍ റോമന്‍ ചക്രവര്‍ത്തി ആയിരുന്ന കാരക്കള (Caracalla), റോമന്‍ സാമ്രാജ്യത്തിലെ, അടിമകള്‍ അല്ലാത്തെ, എല്ലാ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും റോമന്‍ പൌരത്വം നല്കി ഉത്തരവ് ഇറക്കി. അങ്ങനെ അനേകം യഹൂദന്മാര്‍ റോമന്‍ പൌരന്‍മാര്‍ ആയി. എന്നാല്‍ റോമന്‍ നിയമമായ ഏകഭാര്യാത്വം, യഹൂദ്യയില്‍ ജീവിച്ചിരുന്ന, യഹൂദന്മാര്‍ അനുസരിച്ചില്ല. AD 285 ല്‍ ഡയോക്ലീഷന്‍, മാക്സിമിയന്‍ (Diocletian and Maximian) എന്നിവരുടെ ഭരണകാലത്ത്, ബഹുഭാര്യത്വം സാമ്രാജ്യത്തില്‍ ആകെ നിരോധിച്ചു. ഇതില്‍ ആര്‍ക്കും ഇളവുകള്‍ ഇല്ലായിരുന്നു. വീണ്ടും AD 393 ല്‍ തിയോഡോസിയൂസ് (Theodosius) ബഹുഭാര്യാത്വത്തിനെതിരെ കല്‍പ്പന ഇറക്കി. എങ്കിലും യഹൂദ്യയിലെ യഹൂദന്മാര്‍ റോമന്‍ നിയമത്തെ അനുസരിച്ചില്ല. എന്നാല്‍ യഹൂദ്യയില്‍ ഒഴികെ റോമന്‍ സാമ്രാജ്യത്തിലെ മറ്റൊരു പ്രദേശത്തും ബഹുഭാര്യാത്വം നിയമം മൂലം അനുവദിക്കപ്പെട്ടില്ല. എങ്കിലും റോമിലെ ധനവാന്‍മാര്‍ക്കിടയില്‍ ബഹുഭാര്യാത്വം നിലവില്‍ ഉണ്ടായിരുന്നു എന്ന് ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്.
ഈ കാലയളവില്‍, ബഹുഭാര്യാത്വം എന്ന വിഷയത്തില്‍, യഹൂദന്മാരുടെ ഇടയില്‍ തന്നെ ചരിത്രപരമായ ഒരു ചേരിതിരിവ് ഉണ്ടായി. അനേകം യഹൂദന്മാര്‍, യെഹൂദ്യ ദേശത്തിന് വെളിയില്‍, റോമന്‍ സാമ്രാജ്യത്തിന്റെ മറ്റ് പ്രവിശ്യകളില്‍, താമസിച്ചിരുന്നു. അവിടെ എല്ലാം ബഹുഭാര്യാത്വം റോമന്‍ നിയമം അനുസരിച്ചു നിരോധിച്ചിരുന്നു. അവിടെയുള്ള യെഹൂദന്മാര്‍ അത് അനുസരിക്കുകയും, അതാണ് ശരി എന്നു അവര്‍ വിശ്വസിക്കുകയും ചെയ്തു. യേശുവിന്റെ കാലമായപ്പോഴും, യഹൂദ്യയില്‍ ഉള്ള അനേകരും ഏകഭാര്യാത്വം ആണ് നല്ലത് എന്നു മനസ്സിലാക്കി അപ്രകാരം ജീവിക്കുകയും ചെയ്തു. ഏകദേശം, 11 നൂറ്റാണ്ടു വരെ ബഹുഭാര്യാത്വം യഹൂദന്മാരിക്കിടയില്‍ നിലവില്‍ ഉണ്ടായിരുന്നു എങ്കിലും ക്രമേണ അത് അപ്രത്യക്ഷമായി.
രണ്ടാം നൂറ്റാണ്ടിന്റെ അവസാന നാളുകളിലും മൂന്നാം നൂറ്റാണ്ടിന്റെ ആദ്യനാളുകളിലും ആയി ജീവിച്ചിരുന്ന ടെര്‍ടുലിയന്‍ (Tertullian) ബഹുമാനിക്കപ്പെടുന്ന ഒരു ആദ്യകാല സഭാ പിതാവ് ആയിരുന്നു. അദ്ദേഹം ബഹുഭാര്യാത്വത്തെ അനുകൂലിച്ചിരുന്നില്ല. ആദാം ഹവ്വയുടെ ഏക ഭര്‍ത്താവും ഹവ്വ ആദാമിന്റെ ഏക ഭാര്യയും, ഒരു വാരിയെല്ലും ആയിരുന്നു എന്നു അദ്ദേഹം എഴുതി. ഇത് ക്രൈസ്തവ വീക്ഷണമായി കണക്കാക്കാം.
ഇനി നമുക്ക് പുതിയ നിയമത്തിലേക്ക് കടക്കാം. ഇടയ ലേഖനങ്ങള്‍ ആയ തിമൊഥെയൊസ്, തീത്തൊസ് എന്നിവയില്‍ സഭയുടെ മൂപ്പന്മാര്‍ അപവാദം ഇല്ലാത്തവനായിരിക്കുവാന്‍, ഏക ഭാര്യയുടെ ഭര്‍ത്താവ് ആയിരിക്കേണം എന്നു അപ്പൊസ്തലനായ പൌലൊസ് പറയുന്നുണ്ട്. (1 തിമൊഥെയൊസ് 3:2; 1 തിമൊഥെയൊസ് 3:12; തീത്തൊസ് 1:6). ഈ ലേഖനങ്ങളും ഫിലേമോന് എഴുതപ്പെട്ട ലേഖനവും വ്യക്തികളെ സംബോധന ചെയ്യുന്ന ലേഖനങ്ങള്‍ ആണ് എങ്കിലും അവയ്ക്കു പൊതുവായ ഒരു സ്വഭാവം ഉണ്ട്. അതിനാല്‍ ആണ് അത് പുതിയനിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിമൊഥെയൊസിനും തീത്തൊസിനും എഴുതപ്പെട്ട ലേഖനങ്ങള്‍ സഭാശുശ്രൂകന്‍മാര്‍ അല്ലെങ്കില്‍ സഭയിലെ മൂപ്പന്മാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആണ്.
ഈ വാക്യങ്ങളില്‍
ഏകഭാര്യാത്വം മൂപ്പന്‍മാര്‍ക്ക് നിര്‍ബ്ബന്ധം ആണ് എന്നു പറയുന്നതിന്റെ കാരണം കൂടി
രേഖപ്പെടുത്തിയിട്ടുണ്ട്. തിമൊഥെയൊസിനോട് പറയുമ്പോള്‍, അദ്ധ്യക്ഷന്‍ “നിരപവാദ്യനായി”
ഇരിക്കേണം എന്നും തീത്തൊസിനോട്, “മൂപ്പൻ
കുറ്റമില്ലാത്തവ”നായിരിക്കേണം എന്നും അതിനാല്‍ ഏക ഭാര്യയുടെ ഭര്‍ത്താവ്
ആയിരിക്കേണം എന്നും പറയുന്നു. അതായത്, ബഹുഭാര്യാത്വം
അപവാദവും, കുറ്റവും ആണ് എന്നു പൌലൊസ് പറയുക ആണ്. സഭയുടെ
മൂപ്പന്മാര്‍ മാത്രം അപവാദവും കുറ്റവും ഇല്ലാത്തവര്‍ ആയിരുന്നാല്‍ മതി, സഭാ വിശ്വാസികള്‍ക്ക് എങ്ങനെയും ജീവിക്കാം എന്നല്ല ഇതിന്റെ അര്‍ത്ഥം,. അപവാദവും കുറ്റവും മൂപ്പന്‍മാര്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ ബാധകം ആണ്.
അത് ക്രിസ്തീയ വിശ്വാസത്തിന്നു യോജ്യമല്ല. മാത്രവുമല്ല, അപ്പോസ്തലന്മാരുടെ
കാലത്ത്, പുരോഹിതന്മാര്‍, ആര്‍ച്ച്
ബിഷപ്പുമാര്‍, മെത്രാന്‍മാര്‍ എന്നിങ്ങനെ ഉള്ള വരേണ്യവര്‍ഗ്ഗം
സഭയ്ക്കുള്ളില്‍ ഉണ്ടായിരുന്നില്ല. സഭയുടെ മൂപ്പന്മാര്‍ അതേ പ്രാദേശിക സഭയിലെ
തന്നെ ഒരുവനായിരുന്നു. അദ്ദേഹത്തിന് പൌരോഹിത്യ സ്ഥാനം ഒന്നും ഉണ്ടായിരുന്നില്ല.
അതിനാല്‍ തന്നെ മൂപ്പന്‍മാര്‍ക്ക് ഒരു നിയമവും വിശ്വസിക്ക് മറ്റൊരു നിയമവും
അക്കാലത്ത് ഉണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ, മെത്രാന്‍മാര്‍ക്ക്
ഒരു നിയമവും സാധാരണ വിശ്വസിക്ക് മറ്റൊരു നിയമവും എന്ന രീതി അന്ന് ഉണ്ടായിരുന്നില്ല
എന്നു മനസ്സിലാക്കേണം. മൂപ്പന്‍മാര്‍ക്ക് അപവാദവും കുറ്റവും ആയതെല്ലാം
വിശ്വസിക്കും അപവാദവും കുറ്റവും ആണ്. വിശുദ്ധിയുടെയും വേര്‍പാടിന്റെയും
പ്രമാണങ്ങള്‍ എല്ലാവര്‍ക്കും ഒന്നാണ്.
1 കൊരിന്ത്യര്‍ 7:2
ല്‍ പൌലൊസ് പറയുന്ന വാക്യം കൂടി നമുക്ക് വായിക്കാം. “എങ്കിലും ദുർന്നടപ്പുനിമിത്തം
ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.”
ഇവിടെ ഓരോരുത്തന് സ്വന്ത ഭാര്യമാരും, ഓരോരുത്തിക്ക് സ്വന്തഭര്‍ത്താക്കന്മാരും എന്ന ബഹുവചനത്തില്‍ അല്ല, ഭാര്യയും, ഭര്‍ത്താവും എന്ന ഏക വചനത്തില്‍ ആണ്
പൌലൊസ് ഉപദേശം നല്‍കുന്നത്. ഈ
അദ്ധ്യായത്തില്‍ ഉടനീളം ഭര്‍ത്താവ്, ഭാര്യ എന്നീ പദങ്ങള്‍
ഏകവചനത്തില്‍ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. പൊതുവേ,
പുതിയനിയമത്തിലെ എല്ലാ ലേഖന കര്‍ത്താക്കളും ഭര്‍ത്താവ്,
ഭാര്യ എന്ന ഏകവചനമാണ് ഉപയോഗിച്ചത്.
യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകള്‍
ഇനി, യേശുക്രിസ്തു ഈ വിഷയത്തെക്കുറിച്ച്
എന്താണ് പഠിപ്പിച്ചിരുന്നത് എന്നു ശ്രദ്ധാപൂര്‍വ്വം നോക്കാം. ഭാര്യയും ഭര്‍ത്താവും
ഒരു ദേഹമായി തീരും എന്ന മര്‍മ്മം, യേശുക്രിസ്തു ആവര്‍ത്തിച്ച് പറയുന്നതു നമ്മള്‍ സുവിശേഷങ്ങളില്‍, മത്തായി 19: 3 മുതല്‍ 6 വരെയുള്ള വാക്യങ്ങളിലും,
മര്‍ക്കോസ് 10: 7, 8 വാക്യങ്ങളിലും വായിക്കുന്നുണ്ട്. മത്തായി
19: 5 ആം വാക്യത്തില്‍ “നിങ്ങൾ വായിച്ചിട്ടില്ലയോ” എന്നൊരു ചോദ്യം കൂടി യേശു ചോദിക്കുന്നുണ്ട്. അതായത്, യേശുക്രിസ്തുവിന്റെ വാക്കുകള്‍, ഉല്‍പ്പത്തി
പുസ്തകത്തില്‍ ദൈവം അരുളിച്ചെയ്ത വിവാഹബന്ധത്തിന്‍റെ മര്‍മ്മം ആവര്‍ത്തിക്കുക ആണ്.
ഇതില്‍ ദൈവത്തിന്റെ പദ്ധതി വെളിപ്പെടുന്നു. ഉല്‍പ്പത്തി 2: 21 മുതല്‍
24 വരെയുള്ള വാക്യങ്ങളില്‍ ഉള്ള വിവരണം ഇങ്ങനെ ആണ്: ആദാം ഉറങ്ങിയപ്പോള്‍, ദൈവം അവന്റെ വാരിയെല്ലികളില്‍ ഒന്നു എടുത്ത്, അതില്‍
മാംസം, പിടിപ്പിച്ചു, അതിനെ ഒരു
സ്ത്രീയാക്കി. ആദാം അവളെ “എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു
മാംസവും ആകുന്നു.” എന്നു പറഞ്ഞു, ഭാര്യയായി സ്വീകരിച്ചു. 24
ആം വാക്യം പറയുന്നു: “അതുകൊണ്ടു
പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.” ഇവിടെ പറയുന്ന വാക്കുകളില്‍,
വാരിയെല്ലുകളിൽ ഒന്നു, ഒരു സ്ത്രീ, ഏക
ദേഹം എന്നിവയെല്ലാം ഏകവചനങ്ങള്‍ ആണ്. അത് ഒരു ഭര്‍ത്താവിനെയും ഒരു ഭാര്യയെയും ഒരു
ദേഹത്തെയും സൂചിപ്പിക്കുന്നു. എഫെസ്യര്‍ 5:31 ല്‍ പൌലൊസ് ഈ വാക്യം
ഉദ്ധരിക്കുമ്പോള്‍ അവിടെയും ഏക ഭാര്യ എന്ന ആശയം കാണാം. “അതു നിമിത്തം ഒരു മനുഷ്യൻ
അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും
ഒരു ദേഹമായിത്തീരും. അതായത്, ഒന്നിലധികം ഭാര്യമാര്‍ ഭര്‍ത്താവിനോട്
ചേര്‍ന്ന് ഒരു ദേഹമായി തീരും എന്ന പദ്ധതി ദൈവം അരുളിച്ചെയ്തിട്ടില്ല.
യേശുക്രിസ്തു വിവാഹബന്ധത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അവന്‍ യഹൂദന്മാരുടെ രീതി വിട്ടു റോമാക്കാരുടെ നിയമത്തോട് ചേരുക ആണ് ഉണ്ടായത്. ഇത് അവസരോചിതമായ ഒരു തന്ത്രമായി യേശു ചെയ്തതല്ല. യേശുവിന് മതിയായ ആത്മീയ കാരണങ്ങള്‍ ഉണ്ടായിരുന്നു. ദൈവത്തിന്റെ യഥാര്‍ത്ഥ പദ്ധതിയിലേക്ക് മനുഷ്യരെ തിരികെ കൊണ്ടുപോകുവാന്‍ യേശു ആഗ്രഹിച്ചു. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, യേശുവിന്റെ കാലമായപ്പോഴേക്കും യഹൂദ്യ ദേശത്തിന് വെളിയിലുള്ള റോമന്‍ പ്രവിശ്യകളില്‍ ജീവിച്ചിരുന്ന യഹൂദന്മാര്‍ ബഹുഭാര്യാത്വത്തെ ഉപേക്ഷിച്ചിരുന്നു. ചാവുകടല്‍ പ്രദേശത്തെ ക്യുമ്രാന്‍ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന യഹൂദന്മാര്‍, ബഹുഭാര്യാത്വത്തെ യഹൂദ്യയിലെ യഹൂദന്‍മാര്‍ക്കിടയിലെ മൂന്ന് പാപങ്ങളില്‍ ഒന്നായി കരുതി. അവര്‍ ഇതിനെ,’ “പരീശന്മാരുടെ ലാവണ്യവാക്കുകളാല്‍ ജനത്തെ കുരുക്കിയ പിശാചിന്റെ വല”, എന്നാണ് വിശേഷിപ്പിച്ചത്. ക്യുമ്രാനിലെ ചുരുളുകളില്‍ അവരുടെ വിശ്വാസത്തെ വിശദീകരിക്കുന്നത് ഇങ്ങനെ ആണ്:
ഉല്‍പ്പത്തി 1:27 ല്‍ ഇങ്ങനെ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” ഉല്‍പ്പത്തി 7:9 ല്‍ നമ്മള്‍ വായിക്കുന്നു: “ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ടു ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു.” ഈ രണ്ടു വാക്യങ്ങളിലെ, “ആണും പെണ്ണുമായി” എന്നതും “ഈരണ്ടീരണ്ടു ആണും പെണ്ണുമായി” എന്നതും രണ്ടു പേരെ ആണ് സൂചിപ്പിക്കുന്നത്. അതായത് ഒരു ആണും ഒരു പെണ്ണും ആണത്. ഇതാണ് ദൈവീക പദ്ധതി. ഉല്‍പ്പത്തി 2 ലെ “അവർ ഏക ദേഹമായി തീരും.” എന്നതിലും ഒരു ആണും ഒരു പെണ്ണും മാത്രമേ ഉള്ളൂ. ഈ ചിന്തയെ ക്യൂമ്രാനിലെ യഹൂദര്‍ “സൃഷ്ടിയുടെ അടിസ്ഥാനം” എന്നാണ് വിളിച്ചത്. ഇതെല്ലാം ചാവുകടല്‍ ചുരുളുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
യെഹൂദ്യയ്ക്ക് വെളിയില്‍ ജീവിച്ചിരുന്ന യഹൂദന്മാര്‍ ബഹുഭാര്യാത്വത്തെ നിഷേധിച്ചിരുന്നത് മറ്റൊരു കാരണം കൊണ്ടായിരുന്നു. ഉല്‍പ്പത്തി 2: 24 നെ അവര്‍ ഇങ്ങനെ ആണ് വായിച്ചത്: “അതുകൊണ്ടു ഒരു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഒരു ഭാര്യയോടു പറ്റിച്ചേരും; അവർ ഇരുവരും ഏക ദേഹമായി തീരും.” അന്ന് പ്രചാരത്തില്‍ ഇരുന്ന, ഗ്രീക്ക്, അരാമ്യ, സിറിയ, ശമര്യ എന്നീ ഭാഷകളിലെ, വേദപുസ്തകത്തിന്റെ പരിഭാഷകളില്‍, ഈ വാക്യം ഇപ്രകാരം തന്നെ ആയിരുന്നു. എബ്രായ പരിഭാഷകളില്‍ ഈ മാറ്റം കണ്ടില്ല എങ്കിലും, അനേകം എബ്രായ പ്രഭാഷകര്‍ ഇതിനെ പിന്താങ്ങിയിരുന്നു.
ഈ പശ്ചാത്തലത്തില്‍ ആണ് പരീശന്മാര്‍ യേശുവിന്റെ അടുക്കല്‍ വിവാഹമോചനത്തെ കുറിച്ച് ചോദിക്കുവാന്‍ വന്നത്. യേശു ഈ അവസരം ഉപയോഗിച്ച് വിവാഹത്തെക്കുറിച്ചുള്ള അവരുടെ ധാരണയെ ദൈവത്തിന്‍റെ യഥാര്‍ത്ഥ പദ്ധതിയിലേക്ക് തിരിക്കുവാന്‍ ശ്രമിച്ചു. യേശു, ബഹുഭാര്യാത്വം നിഷേധിച്ച, ക്യുമ്രാന്‍ സമൂഹത്തിലെയും യഹൂദ്യയ്ക്ക് വെളിയില്‍ ജീവിച്ചിരുന്ന യഹൂദന്മാരുടെയും വാദങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് സംസാരിച്ചത്. മര്‍ക്കോസ് 10:6 ല്‍ യേശു പരീശന്‍മാര്‍ക്കുള്ള മറുപടി ആരംഭിക്കുന്നത് ഇങ്ങനെ ആണ്: “സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.” ഇത് ക്യുമ്രാന്‍ യഹൂദ സമൂഹത്തിന്റെ, “സൃഷ്ടിയുടെ അടിസ്ഥാനം” എന്ന വാദത്തിന്റെ പ്രതിധ്വനി ആയിരുന്നു. അതിനുശേഷം യഹൂദ്യക്ക് വെളിയില്‍ ജീവിക്കുന്ന യെഹൂദന്മാരുടെ വാദത്തെ യേശു ഉദ്ധരിച്ചു: “ഇരുവരും ഒരു ദേഹമായിത്തീരും”. (മത്തായി 19:5; മര്‍ക്കോസ് 10:8). ഉല്‍പ്പത്തി 2:24 ല്‍ “അവര്‍ ഏക ദേഹമായി തീരും” എന്നു പറയുമ്പോള്‍, യേശുക്രിസ്തു, “ഇരുവരും ഒരു ദേഹമായി തീരും” എന്നാണ് പറഞ്ഞത്. നമ്മള്‍ മുംബ് പറഞ്ഞ രണ്ടു യഹൂദ സമൂഹങ്ങളുടെയും വാദങ്ങളോട് ചേര്‍ന്ന് നിന്നുകൊണ്ടാണ് യേശു സംസാരിച്ചത്. അതിന്റെ അര്‍ത്ഥം വ്യക്തമാണ്, ബഹുഭാര്യാത്വത്തെ യേശു നിഷേധിക്കുക ആണ്. അവന്‍ ജനത്തെ ഏദന്‍ തോട്ടത്തിലെ ദൈവീക പദ്ധതിയിലേക്ക് തിരികെ കൊണ്ടുപോകുക ആണ്. യേശുവിന്റെ വാക്കുകള്‍ കേട്ടവര്‍ക്ക് ഇത് നന്നായി മനസ്സിലാകുകയും ചെയ്തു.
ഇതിന്റെ അര്‍ത്ഥം, വേദപുസ്തകത്തില്‍ അങ്ങിങ്ങായി ബഹുഭാര്യാത്വം കാണാം എങ്കിലും, ദൈവത്തിന്റെ യഥാര്‍ത്ഥ പദ്ധതി ഏക ഭാര്യാത്വം ആണ്. യേശുവും പൌലൊസും ദൈവത്തിന്റെ പദ്ധതിയിലേക്ക് തിരികെ പോകുവാന്‍ ജനത്തെ ഉപദേശിക്കുക ആയിരുന്നു. നിലവിലിരുന്ന സാമൂഹിക സാഹചര്യങ്ങളില്‍ ഉളവാകുന്ന പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കേണം എന്നു മോശയോട് ദൈവം അരുളിചെയ്യുന്നുണ്ട്. എന്നാല്‍ അത് ദൈവീക പദ്ധതിയെ മാറ്റിക്കളഞ്ഞു എന്നതിന്റെ സൂചന അല്ല.
വിവാഹം എന്ന ആത്മീയ മര്‍മ്മം
അവസാനമായി, വിവാഹം എന്ന ആത്മീയ മര്‍മ്മം കൂടി മനസ്സിലാക്കുവാന്‍ നമുക്ക് ശ്രമിക്കാം. നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, ദൈവം ഏദന്‍ തോട്ടത്തില്‍ വച്ച് ആദമിനെയും ഹവ്വയെയും സ്വൃഷ്ടിച്ചു. ആദാമിന്റെ ഒരു വാരിയെല്ല് എടുത്തു, അതില്‍ മാസം പിടിപ്പിച്ച്, അതിനെ ഒരു സ്ത്രീ ആക്കി മാറ്റി. ദൈവം സ്ത്രീയെ ആദാമിന്റെ അടുക്കല്‍ നിറുത്തി. അവളെ കണ്ട ആദാം ഇങ്ങനെ പറഞ്ഞു: “ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു.” ആദാം ഇത് പറഞ്ഞതിന് ശേഷം ദൈവം ഒരു വാചകം കൂട്ടിച്ചേര്‍ക്കുകയാണ്: “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.” (ഉല്‍പ്പത്തി 2:23, 24). ഇതാണ് ദൈവം ഒരുക്കിയ വിവാഹത്തിലെ ആത്മീയ മര്‍മ്മം. ആദാമിന്റെ ഭാര്യ, മറ്റൊരു അസ്ഥിയും മാംസവും അല്ല, അവന്റെ തന്നെ അസ്ഥിയും മാംസവും ആണ്. അവര്‍ ഒരു ദേഹമാണ്.
ദൈവം ആദമിന് “തക്കതായൊരു തുണ”യെ ആണ് സൃഷ്ടിച്ചത്; തുണകളെ അല്ല. ആദാമിന്റെ ഒരു വാരിയെല്ല് മാത്രമേ ദൈവം ഹവ്വയെ സൃഷ്ടിക്കുവാനായി എടുത്തുള്ളൂ. “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും” എന്നാണ് ദൈവം പറഞ്ഞത്; ഭാര്യമാരോടു പറ്റിച്ചേരും എന്നല്ല. അവര്‍ ഒരു ദേഹമായി തീരും എന്നാണ് ദൈവം പറഞ്ഞത്, പല ദേഹമായി തീരും എന്നല്ല.
ദൈവം ക്രമീകരിച്ച വിവാഹം പുതിയ നിയമത്തില്‍ വെളിപ്പെട്ട ഒരു ആത്മീയ മര്‍മ്മത്തിന്റെ നിഴല്‍ ആയിരുന്നു. വേദപുസ്തകം വിഭാവനം ചെയ്യുന്ന വിവാഹം, ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലുള്ള, പരസ്പര ധാരണ പ്രകാരമുള്ള ഒരു സാധാരണ കരാര്‍ അല്ല. വിവാഹം ഒരു ഉടമ്പടി ആണ്. ക്രിസ്തീയ വിശ്വാസത്തില്‍ മാത്രമേ വിവാഹത്തെ ഒരു ഉടമ്പടി ആയി കാണുന്നുള്ളൂ. ഉടമ്പടി എന്താണ് എന്നു മനസ്സിലാക്കിയാല്‍ മാത്രമേ, ഇതിന്റെ ശരിയായ പൊരുള്‍ ഗ്രഹിക്കുവാന്‍ കഴിയൂ. എന്നാല്‍ ഇവിടെ ഉടമ്പടിയുടെ സ്വഭാവങ്ങളെ വിശദമായി വിവരിക്കുവാന്‍ ശ്രമിക്കുന്നില്ല. ഉടമ്പടി എന്നത്, ഒരിയ്ക്കലും മാറ്റമില്ലാത്ത, അതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുവന്റെ മരണത്താല്‍ അല്ലാതെ ഒരിയ്ക്കലും റദ്ദാക്കപ്പെടാത്ത, പരസ്പര സമ്മതത്തോടെ ഉള്ള ഒരു കരാര്‍ ആണ്. ഒരു വ്യക്തിയോ, രണ്ടു വ്യക്തികളോ ഉടമ്പടിയുടെ വ്യവസ്ഥകള്‍ പ്രഖ്യാപിചതിന് ശേഷം, അവര്‍ ഇരുവരും അതിന് സമ്മതം അറിയിക്കുമ്പോള്‍ തന്നെ ഉടമ്പടി നിലവില്‍ വരും. അതിനെ വീണ്ടും ഉറപ്പിക്കുവാന്‍ ഒരു മൃഗത്തെ കൊല്ലുകയോ, കൊല്ലാതെ ഇരിക്കുകയോ ചെയ്യാം. മൃഗം കൊല്ലപ്പെടുന്നു എങ്കില്‍, ഇരുകൂട്ടരും അതിന്റെ മാസം പാചകം ചെയ്ത് കഴിക്കും.
വിവാഹം ഇതുപോലെയുള്ള ഒരു ഉടമ്പടി ആണ്. അതിന് പിന്നീട് മാറ്റം സാധ്യമല്ല. ഉടമ്പടിയിലെ കക്ഷികളില്‍ ആരെങ്കിലും മാറിയാല്‍ അവന്‍ അല്ലെങ്കില്‍ അവള്‍ മരിക്കേണം. അല്ലെങ്കില്‍ മരിച്ചതായി കണക്കാക്കാം. വിവാഹ ഉടമ്പടി പുതിയനിയമത്തില്‍ വെളിപ്പെട്ട ദൈവീക പദ്ധതിയുടെ നിഴല്‍ ആണ്.
ഈ ചിന്തകളോടെ എഫെസ്യര്‍ 5: 25 മുതല്‍ 33 വരെയുള്ള വാക്യങ്ങളില്‍ പൌലൊസ് ക്രിസ്തുവും പുതിയനിയമ സഭയും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്നത് നമുക്ക് വായിയ്ക്കാം. പൌലൊസ് ഒരേ സമയം ഭാര്യാ-ഭര്‍ത്തൃ ബന്ധത്തെക്കുറിച്ചും അതിന് സമാന്തരമായി ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പറയുക ആണ്. ഇവ രണ്ടും തമ്മിലുള്ള മാര്‍മ്മികമായ ബന്ധം ആണ് പൌലൊസ് വിശദീകരിക്കുന്നത്. 25 ആം വാക്യം ഇങ്ങനെ ആണ്: “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.” ഇവിടെ ക്രിസ്തുവും ഭര്‍ത്താവും, സഭയും ഭാര്യയും സമാന്തരമായി നില്‍ക്കുക ആണ്. തുടര്‍ന്നു പറയുന്നത് ക്രിസ്തു സഭയ്ക്ക് വേണ്ടി എന്ത് ചെയ്തു എന്നാണ്: ക്രിസ്തു, സഭയെ, വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും, കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ, ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ സഭയ്ക്ക് വേണ്ടി ഏല്പിച്ചുകൊടുത്തു. അതിന് ശേഷം പൌലൊസ് പറയുന്നു: “അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലര്‍ത്തേണ്ടതാകുന്നു. സ്ത്രീ പുരുഷന്‍റെ ശരീരത്തിലെ ഒരു അവയവം ആയിരിക്കുന്നതുപോലെ, സഭയും ക്രിസ്തുവിന്‍റെ ശരീരത്തിന്റെ അവയവം ആണ്. തുടര്‍ന്നു പൌലൊസ് ഉല്‍പ്പത്തിയിലെ വാക്യം ഉദ്ധരിക്കുന്നു: “അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.” ഇവിടെ പൌലൊസും, യേശു പറഞ്ഞതുപോലെ, “ഇരുവരും” എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. അടുത്ത വാക്യം ഇങ്ങനെ ആണ്: “ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു.” അതായത്, പൌലൊസ് ഇതുവരെയും വിശദീകരിച്ചതു ഒരു വലിയ ആത്മീയ മര്‍മ്മം ആണ്. അത് ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ ആത്മീയ മര്‍മ്മം ആണ്. ഈ മര്‍മ്മം വിശദീകരിക്കുവാന്‍ പൌലൊസ് ഉപയോഗിച്ചത് വിവാഹം എന്ന ഉടമ്പടി ആണ്.
ഈ ആത്മീയ മര്‍മ്മത്തില്‍ ഒന്നിലധികം ഭര്‍ത്താക്കന്മാരോ, ഒന്നിലധികം ഭാര്യമാരോ ഇല്ല. ക്രിസ്തു ഒന്നും സഭ ഒന്നും മാത്രമേ ഉള്ളൂ. ബഹുഭാര്യാത്വം ദൈവീക പദ്ധതിയ്ക്കു എതിരായുള്ള പിശാചിന്റെ ഗൂഢ പദ്ധതി മാത്രം ആണ്. ക്രിസ്തു എന്ന ഏക ഭര്‍ത്താവിന് ഒന്നിലധികം മണവാട്ടി സഭ ഉണ്ടെങ്കില്‍ മാത്രമേ, ബഹുഭാര്യാത്വത്തെ നമുക്ക് ദൈവീക പദ്ധതി ആണ് എന്ന് വിശേഷിപ്പിക്കുവാന്‍ കഴിയൂ.
ഉപസംഹാരം
ദൈവീക പദ്ധതി നിത്യമായതും മാറ്റമില്ലാത്തതും ആണ്. എന്നാല്‍ മനുഷ്യരുടെ പ്രവര്‍ത്തികളോടുള്ള അവന്റെ പ്രതികരണത്തിന് വ്യത്യാസം നമ്മള്‍ കാണുന്നുണ്ട്. അത് ദൈവീക പദ്ധതിയുടെ വ്യത്യാസപ്പെടല്‍ അല്ല. ബഹുഭാര്യാത്വം, വ്യക്തമായും സൃഷ്ടിയുടെ ആദ്യ നാളുകള്‍ മുതല്‍ ഉള്ള ദൈവീക പദ്ധതി അല്ല.
തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും
ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍
ലഭ്യമാണ്.
വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും
ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും
സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍
ലഭ്യമാണ. English ല്‍
വായിക്കുവാന്‍ naphtalitribe.com എന്ന
വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.
ഈ സന്ദേശം കണ്ടതിന്നും കേട്ടത്തിനും വളരെ നന്ദി.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment