ക്രൂശിലെ കള്ളന്റെ മൊഴി

ക്രൂശിലെ കള്ളന്മാരുടെ കഥ നമുക്ക് എല്ലാവര്‍ക്കും സുപരിചിതമാണല്ലോ.
രണ്ട് കള്ളന്മാരില്‍ ഒരുവന്‍റെ മാനസാന്തരത്തിന്റെ കഥ തീര്‍ച്ചയായും ആകര്‍ഷണീയം തന്നെ ആണ്.
ഒരു മനുഷ്യന്‍റെ മാനസാന്തരം അവന്‍റെ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നും, അത് അവന്‍റെ ജീവിതത്തിന്‍റെ അവസാന നിമിഷത്തില്‍ ആയാല്‍ പോലും ദൈവം സ്വീകരിക്കുന്നു എന്നും, എത്ര വലിയ പാപിക്കും രക്ഷ കൃപയാല്‍ വിശ്വസം മൂലം ലഭ്യമാണ് എന്നും, രക്ഷയ്ക് യേശുവിലുള്ള വിശ്വാസവും മാനസാന്തരവും മാത്രം മതിയാകും എന്നും ഈ സംഭവം നമ്മളെ പഠിപ്പിക്കുന്നു.


സുവിശേഷ ഗ്രന്ഥങ്ങള്‍ പറയുന്നതനുസരിച്ച്, യേശുവിന്‍റെ ക്രൂശീകരണ വേളയില്‍, അവന്‍റെ വലത്തും ഇടത്തും ആയി രണ്ട് കള്ളന്മാരെ ക്രൂശിച്ചു. (മത്തായി 27:38; ലൂക്കോസ് 23: 33; മര്‍ക്കോസ് 15:27).
അതില്‍ ഒരുവന്‍ യേശുവിനോടു രക്ഷയ്ക്കായി പ്രാര്‍ത്ഥിച്ചു, യേശു ഉടന്‍ തന്നെ അവന് പറുദീസ വാഗ്ദത്തം ചെയ്തു.
ഈ സംഭവത്തെ ആസ്പഥമാക്കി കത്തോലിക്ക സഭ ഈ നല്ല കള്ളനെ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ട്. അവന്‍റെ പേര് ദിസ്മാസ് എന്നായിരുന്നു എന്നും മാനസാന്തരപ്പെടാതിരുന്ന കള്ളന്‍റെ പേര് ഗെസ്റ്റാസ് എന്നായിരുന്നു എന്നും പാരമ്പര്യ കഥകള്‍ പറയുന്നു. 

എന്നാല്‍ യേശുവിന്റെ ക്രൂശിന്റെ ഏത് വശത്തുണ്ടായിരുന്ന കള്ളനാണ് രക്ഷിക്കപ്പെട്ടത് എന്നു വേദപുസ്തകം വ്യക്തമായി പറയുന്നില്ല. ക്രൂശീകരണത്തിന്റെ ആദ്യ സമയത്ത് രണ്ടു പേരും യേശുവിനെ പരിഹസിച്ചു എന്ന് തിരുവെഴുത്ത് പറയുന്നു. എന്നാല്‍ അല്പ സമയം കഴിഞ്ഞപ്പോള്‍ ഒരു കള്ളന്‍ മാനസാന്തരപ്പെട്ടു, യേശുവിന്‍റെ രാജത്വത്തെ സ്വീകരിച്ചു. പാരമ്പര്യം അദ്ദേഹത്തെ നല്ല കള്ളന്‍ എന്നു വിളിക്കുന്നു.
നല്ല കള്ളന്‍റെ രണ്ടു മൊഴികള്‍ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്ന് അയാളുടെ കൂട്ടുകാരനായ, യേശുവിന്‍റെ മറുവശത്ത് ക്രൂശില്‍ കിടക്കുന്ന കള്ളനോട് പറയുന്നതാണ്. രണ്ടാമത്തേത് യേശുവിലുള്ള അവന്റെ വിശ്വാസത്തെ ഏറ്റു പറയുന്ന, യേശുവിനോടുള്ള മൊഴി ആണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ മൊഴിയാണ് നമ്മളുടെ ഈ പഠനത്തിന്‍റെ പ്രധാന വിഷയം.

നമ്മള്‍ സാധാരണയായി കള്ളനോടുള്ള യേശുവിന്‍റെ മറുപടിയെ കുറിച്ച് ധാരാളം ചിന്തിക്കാറുണ്ട്. എന്നാല്‍ നല്ല കള്ളന്‍റെ യേശുവിനോടുള്ള മൊഴിയിലെ ആത്മീയ മര്‍മ്മത്തെ കുറിച്ച് അധികം സംസാരിക്കാറില്ല.
എങ്ങനെ ആണ് നല്ല കള്ളന്‍ ഈ മര്‍മ്മങ്ങള്‍ ഗ്രഹിച്ചത് എന്നു എനിക്ക് അറിഞ്ഞുകൂടാ. എന്നാല്‍ അത് ആഴമേറിയ ആത്മീയ മര്‍മ്മം തന്നെ ആയിരുന്നു.
പലരും ചിന്തിക്കുന്നത് പോലെ, ദൈവം പൊടുന്നനെ ഈ മര്‍മ്മങ്ങള്‍ അവന് വെളുപ്പെടുത്തി കൊടുത്തത് ആയിരിക്കാം.
അവന്‍ ക്രൂശില്‍ കിടന്നുകൊണ്ടു നിരാശയിലും ഭാരത്തിലും ആയി, യേശുക്രിസ്തുവിനെ പരിഹസിക്കുവാന്‍ മറ്റുള്ളവരോടൊപ്പം കൂട്ട് നിന്ന അവസരത്തില്‍ ആണ്, പെട്ടന്ന് ദൈവ കൃപ അവനെ തേടി എത്തുന്നതും അവന്‍ അതിനോട് അനുകൂലമായി പ്രതികരിക്കുന്നതും.
എങ്കിലും, യേശുവിന്‍റെ രാജത്വത്തെ കുറിച്ചുള്ള മര്‍മ്മങ്ങള്‍ അവന് പൊടുന്നനെ ദൈവം വെളുപ്പെടുത്തി കൊടുത്തതാണ് എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അവന്റെ ഏറ്റു പറച്ചിലില്‍ കൂടുതല്‍ കാര്യങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ട്. അത് എന്തെല്ലാം ആണ് എന്നു നമുക്ക് മനസ്സിലാക്കാം ശ്രമിക്കാം.


എന്തുകൊണ്ട് ക്രൂശിച്ചു?

ആദ്യമായി കള്ളന്മാരെയും യേശുവിനെയും എന്തിനാണ് ക്രൂശിച്ചത് എന്നു ഹൃസ്വമായി പഠിക്കാം. എന്തുകൊണ്ടാണ് കള്ളന്മാരെ യേശുവിനോടൊപ്പം, അന്നേ ദിവസം തന്നെ, ക്രൂശീകരിച്ചത് എന്ന് മനസ്സിലാക്കുവാന്‍ ആണ് നമ്മള്‍ ശ്രമിക്കുന്നത്.
കള്ളന്മാര്‍ കുറ്റവാളികള്‍ ആയിരുന്നു; എന്നാല്‍ യേശു കുറ്റവാളി ആണ് എന്നു റോമന്‍ ഭരണകൂടം വിധിച്ചിരുന്നില്ല. എന്നാല്‍, യേശുവില്‍ ദൈവദൂഷണവും റോമന്‍ സാമ്രാജ്യത്തിന് എതിരെ ഉള്ള രാജ്യദ്രോഹവും യഹൂദ മത പ്രമാണിമാര്‍ ആരോപിച്ചു.
എന്നാല്‍ പീലാത്തൊസും അന്‍റിപ്പാസ് എന്ന ഹെരോദ രാജാവും യേശുവിനെ വിസ്തരിച്ചു എങ്കിലും റോമന്‍ സാമ്രാജ്യത്തിനെതിരായ യാതൊരു കുറ്റവും അവനില്‍ കണ്ടെത്തിയില്ല. ഇത് പീലാത്തൊസ് പരസ്യമായി പ്രഖ്യാപിച്ചു എങ്കിലും യഹൂദ മത പ്രമാണിമാരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പീലാത്തൊസ് യേശുവിനെ ക്രൂശിക്കുവാന്‍ അനുവദിക്കുക ആയിരുന്നു.

യഹൂദ മത പ്രമാണിമാരെ സംബന്ധിച്ചിടത്തോളം യേശു അവരുടെ അധികാരത്തിന് ഒരു ഭീഷണി ആയിരുന്നു.
യേശു പ്രസംഗിച്ച ദൈവരാജ്യം അന്നത്തെ മത വ്യവസ്ഥിതിയെ ഇളക്കി മറിക്കുന്ന ഒരു നൂതന ചിന്ത ആയിരുന്നു. മാത്രവുമല്ല, യഹൂദ മത പ്രമാണിമാര്‍ പഠിപ്പിച്ചിരുന്ന പല രീതികളെയും യേശു ചോദ്യം ചെയ്യുകയും ചെയ്തു.
അവസാനമായി, യേശു ഒരു വലിയ ജനക്കൂട്ടവുമായി യെരൂശലേമില്‍ രാജാവിനെപ്പോലെ വരുകയും ദൈവാലായത്തിലെ വാണിഭക്കാരെ ഒക്കെയും ചാട്ടവാര്‍ കൊണ്ട് അടിച്ച് പുറത്താക്കുകയും ചെയ്തു. ഇത് അവരുടെ അധികാരത്തിന് എതിരായ വെല്ലുവിളി ആണ്; അവരുടെ സാമ്പത്തിക വരുമാനത്തെ തകര്‍ക്കുക ആണ്. യേശു ഒരു ഭീഷണി ആയി മാറി കഴിഞ്ഞിരുന്നു.
യേശു അവരുടെ അധികാരത്തിനും ശക്തിക്കും ഭീഷണി ആണ്; അവരുടെ മതത്തിന് ഭീഷണി ആണ്; അവരുടെ സാമ്പത്തിക വരുമാനത്തിന് ഭീഷണി ആണ്.
അതിനാല്‍ യേശുവിന്‍റെ മരണം അവര്‍ക്ക് അത്യാവശ്യമായും വേഗം സംഭവിക്കേണ്ടതാണ്.

യോഹന്നാന്‍ 19:31 ല്‍ പറയുന്നതു, യേശുവിനെ ക്രൂശിച്ച ദിവസം ഒരുക്കനാള്‍ ആയിരുന്നു എന്നാണ്. എന്നുവച്ചാല്‍ യേശുവിനെ ക്രൂശീകരിച്ച ദിവസം ശബ്ബത്തിന്‍റെ തലേ ദിവസമായ ഒരുക്കനാള്‍ ആയിരുന്നു.
അതായത് ശബ്ബത്ത് ദിവസം, ആഹാരം പാചകം ചെയ്യുന്നത് ഉള്‍പ്പെടെ യാതൊരു ജോലികളും ചെയ്യുവാന്‍ കഴിയാത്തതുകൊണ്ടു, ശബ്ബത്തിന്നായുള്ള ഒരുക്കങ്ങള്‍ തലേദിവസം നടത്തും. ഇത് വെള്ളിയാഴ്ച ദിവസം ആയിരുന്നു.
ഇത്തരം ഒരുക്കനാളില്‍ ആണ് യേശുവിനെ ക്രൂശിച്ചത്.
കൂടാതെ അത് പെസഹ പെരുനാളിന്റെ ദിവസങ്ങളും ആയിരുന്നു. ഇത് ആ ദിവസത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു.
സാധാരണയായി ക്രൂശിക്കപ്പെടുന്ന വ്യക്തി അതേ ദിവസം സൂര്യാസ്തമയത്തിന് മുമ്പു മരിക്കാറില്ല. ക്രൂശിലെ മരണം വേദനാജനകവും ദൈര്‍ഘ്യമേറിയതും ആയിരുന്നു. അതൊരു പതുക്കെ ഉള്ള മരണം ആയിരുന്നു. മരണം 6 മണിക്കൂര്‍ മുതല്‍ 4 ദിവസം വരെ നീണ്ടു പോയേക്കാം. യഹൂദന്‍മാര്‍ക്ക് ഇത് അറിയാമായിരുന്നു.
അതുകൊണ്ടു നമ്മള്‍ യോഹന്നാന്‍ 19: 31 ല്‍ ഇങ്ങനെ വായിക്കുന്നു: “അന്നു ഒരുക്കനാളും, ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.”
കാലുകളിലെ അസ്ഥി ഓടിക്കുന്നത് മരണം വേഗം സംഭവിക്കുവാന്‍ ആയിരുന്നു.
ശബ്ബത്ത് ദിവസം ക്രൂശില്‍ ശവശരീരം കിടക്കുവാന്‍ പാടില്ല; ക്രൂശിക്കപ്പെടുന്നവരുടെ ശവശരീരം വെള്ളിയാഴച്ച സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പേ മറവു ചെയ്യേണം.
അതിനാല്‍ തന്നെ, ശബ്ബത്തിന്‍റെ ഒരുക്കാനാളായ വെള്ളിയാഴ്ച കുറ്റവാളികളെ ക്രൂശിക്കാതെ ഇരിക്കുന്നതായിരുന്നു കൂടുതല്‍ സൌകര്യം. 
എന്നാല്‍ യഹൂദ മത പ്രമാണിമാരെ സംബന്ധിച്ചിടത്തോളം യേശുവിന്‍റെ മരണം, വേഗം നടക്കേണ്ടത് ആയിരുന്നു. അതിനാല്‍ അവര്‍ ഒരു അപകട സാധ്യത ഏറ്റെടുക്കുവാന്‍ തയ്യാറായി. അവര്‍ യേശുവിനെ ശബ്ബത്തിന്‍റെ ഒരുക്കനാളില്‍ തന്നെ ക്രൂശിച്ചു.
അങ്ങനെ, യേശു അന്ന് സൂര്യാസ്തമയത്തിന് മുമ്പു മരിച്ചു എന്നും അവന്റെ ശരീരം മറവു ചെയ്തു എന്നും തീര്‍ച്ചയാക്കേണ്ടുന്ന ഉത്തരവാദിത്തം അവര്‍ക്ക് ഉണ്ടായിരുന്നു.
അതുകൊണ്ടു അവര്‍ പീലാത്തൊസിനോട് പറഞ്ഞു: “ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം”.

ക്രൂശിക്കപ്പെടുന്നവര്‍ മരിച്ചു കഴിഞ്ഞതിന് ശേഷമേ റോമന്‍ പടയാളികള്‍ക്ക് അവിടം വിട്ട് പോകുവാന്‍ കഴിയുമായിരുന്നുള്ളൂ. അതിനാല്‍ മരണം വേഗമാക്കുവാന്‍, അവര്‍ കുറ്റവാളികളുടെ കാല്‍ ഓടിക്കുകയും, മാറിടത്തില്‍ ശക്തമായി അടിക്കുകയും, ഹൃദയത്തിലേക്ക് കുന്തം കൊണ്ട് കുത്തുകയും, അവരെ ശ്വാസം മുട്ടിക്കുവാന്‍ ക്രൂശിന്‍റെ ചുവട്ടില്‍ തീ കത്തിച്ച് പുകയ്ക്കുകയും ചെയ്യുമായിരുന്നു.

അതായത് ശബ്ബത്തിന്‍റെ ഒരുക്കനാളില്‍ ഒരു കുറ്റവാളിയെ ക്രൂശിക്കുന്നതില്‍, യഹൂദന്മാരെ സംബന്ധിച്ചിടത്തോളം, ഒരു അപകട സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ യേശുവിന്‍റെ കാര്യത്തില്‍ ഈ അപകട സാധ്യത ഏറ്റെടുക്കുവാന്‍ മത പ്രമാണിമാര്‍ തയ്യാറായിരുന്നു.

രണ്ടു കള്ളന്മാരെ ഒരുക്കനാളില്‍ ക്രൂശീകരിക്കുന്നതിലും അതേ അപകട സാധ്യത ഉണ്ട്.
അവരെ ഒരുക്കനാളില്‍ തന്നെ ക്രൂശീകരിക്കേണം എന്നോ, ക്രൂശീകരിക്കുമ്പോള്‍ ഒന്നിലധികം പേരെ ക്രൂശീകരിക്കേണം എന്നോ നിര്‍ബ്ബന്ധം ഇല്ലായിരുന്നു.
എങ്കില്‍ ഇത്ര തിരക്കില്‍ അവരെ ശബ്ബത്തിന്‍റെ ഒരുക്കനാളില്‍ തന്നെ, യേശുവിനോടൊപ്പം ക്രൂശീകരിച്ചത് എന്തുകൊണ്ടായിരിക്കും? അവര്‍ അന്ന് മരിച്ചില്ലാ എങ്കില്‍ അതിലുള്ള അപകട സാധ്യത ആര് ഏറ്റെടുക്കും?
തീര്‍ച്ചയായും ഇത് യേശുവിനും 700 വര്‍ഷങ്ങള്‍ക്ക് മുമ്പു യെശയ്യാവ് പ്രവാചകനും പിന്നീട് ദാവീദും പ്രവചിച്ചതിന്റെ നിവര്‍ത്തി ആണ്.

യെശയ്യാവ് 53: 12 അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.

സങ്കീര്‍ത്തനം 22: 16 നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.

ഈ പ്രവചന നിവര്‍ത്തിയില്‍ ആഴമുള്ള ആത്മീയ മര്‍മ്മങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ക്രൂശീകരണം എന്ന ശിക്ഷ

ക്രൂശീകരണം യഹൂദ പ്രമാണങ്ങള്‍ അനുസരിച്ചുള്ള ശിക്ഷാ രീതി ആയിരുന്നില്ല.
യഹൂദ പ്രമാണം അനുസരിച്ച് ഏറ്റവും ക്രൂരമായ ശിക്ഷ, കുറ്റവാളികളെ കല്ലെറിഞ്ഞു കൊല്ലുക എന്നതായിരുന്നു.
സാധാരണയായി, ദൈവദൂഷണം എന്ന കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്കും വ്യഭിചാര കുറ്റത്തിന് പിടിക്കപ്പെടുന്നവര്‍ക്കും ആണ് കല്ലെറിഞ്ഞു കൊല്ലുക എന്ന ശിക്ഷ വിധിക്കുന്നത്. കുറ്റവാളിയെ കൈകൊണ്ടു തൊടാതെ കൊല്ലുന്നു, അവന്റെ ശരീരവും ആരും മറവ് ചെയ്യാതെ തന്നെ കല്ലുകള്‍ കൊണ്ട് മൂടുന്നു എന്നതാണ് ഈ ശിക്ഷാ രീതിയുടെ പ്രത്യേകത.
ക്രൂശീകരണം അക്കാലത്ത് ഒരു റോമന്‍ ശിക്ഷാ രീതി ആയിരുന്നു. അത് വളരെയധികം വേദനയും, നിന്ദയും പരിഹാസവും നിറഞ്ഞതും ക്രമേണയും സാവധാവും ഉള്ള മരണം ആയിരുന്നു. അതിന്റെ ഭായനകത കാരണം, അതിന് യോഗ്യമായ കുറ്റങ്ങള്‍ ആരും ചെയ്യുക ഇല്ലായിരുന്നു.
ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന പൊതുവായ സ്ഥലങ്ങള്‍ക്ക് സമീപം ഉള്ള കുന്നുകള്‍ക്ക് മുകളില്‍ സകലരും കാണുവാന്‍ തക്കവണ്ണം ആയിരുന്നു ക്രൂശീകരണം നടപ്പാക്കിയിരുന്നത്. അത് മറ്റുള്ളവര്‍ക്കുള്ള ശക്തമായ ഒരു താക്കീതായിരുന്നു.

ക്രൂശീകരണം വളരെ നിന്ദ്യം ആയിരുന്നതിനാല്‍, സാധാരണയായി റോമന്‍ പൌരന്‍മാരെ ക്രൂശീകരണത്തിന് വിധിക്കുക ഇല്ലായിരുന്നു.
വളരെ താഴ്ന്ന നിലവാരത്തിലുള്ള കുറ്റവാളികള്‍, കുറ്റം ചെയ്ത പടയാളികള്‍, രാജ്യ ദ്രോഹികള്‍ എന്നിവരെ ആയിരുന്നു ക്രൂശീകരിച്ചിരുന്നത്.
യജമാനന്‍മാരെ വിട്ട് ഓടി പോയി കുറ്റകൃത്യം ചെയ്യുന്ന അടിമകള്‍, യജമാനന്‍മാരുടെ കുതിരകളെ മോഷ്ടിക്കുന്ന അടിമകള്‍, എന്നിവര്‍ താഴ്ന്ന നിലവാരത്തില്‍ ഉള്ള കുറ്റകൃത്യം ചെയ്യുന്നവരില്‍ ഉള്‍പ്പെട്ടിരുന്നു.
റോമന്‍ സാമ്രാജ്യത്തിന് എതിരെയുള്ള ലഹളയും പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളും രാജ്യദ്രോഹം ആയിരുന്നു. രാജ്യദ്രോഹികള്‍ക്കുള്ള ശിക്ഷ എപ്പോഴും ക്രൂശീകരണം ആയിരുന്നു.
റോമന്‍ സാമ്രാജ്യം തന്നെ ആണ് അധികാരിയും ശക്തവും എന്ന സന്ദേശം ആണ് ക്രൂശീകരണത്തിലൂടെ പ്രവിശ്യകളിലെ ജനങ്ങള്‍ക്ക് നല്‍കുന്നത്. അവര്‍ അടക്കി വാഴുന്ന ജനങ്ങള്‍ സാമ്രാജ്യത്തിന് മുന്നില്‍ തികച്ചും നിസ്സഹായര്‍ മാത്രം ആണ്.
ക്രൂശിക്കപ്പെടുന്ന വ്യക്തിയുടെ ഇരുകൈകളും നീട്ടി ആണി അടിക്കുന്നതും, കാലുകളില്‍ ആണി അടിക്കുന്നതും ഈ സന്ദേശം നല്കുന്നു. ശരീരത്തിലെ മുറിവുകളില്‍ കൊത്തി മാസം ഭക്ഷിക്കുവാന്‍ ശ്രമിക്കുന്ന കഴുകനെയോ, മുറിവുകളില്‍ അരിച്ച് നടക്കുന്ന ഒരു ഒരു ഈച്ചയെപ്പോലുമോ ഓടിച്ചു കളയുവാന്‍ ക്രൂശില്‍ കിടക്കുന്നവന് കഴിയില്ല.
ഇതായിരുന്നു ക്രൂശീകരണത്തിന്റെ ഭയാനകത.

യേശുവിന്റെ മേല്‍ യഹൂദ മത പ്രമാണിമാര്‍ ആരോപിച്ചത് രാജ്യദ്രോഹം ആയിരുന്നു. യേശു യഹൂദന്മാരുടെ രാജാവ് എന്ന് അവകാശപ്പെട്ടു, അവന്‍ ജനങ്ങളെ ഒരുമിച്ച് കൂട്ടി റോമന്‍ സാമ്രാജ്യത്തിന് എതിരെ കലാപം ഉണ്ടാക്കുവാന്‍ ശ്രമിച്ചു എന്നിങ്ങനെ ഉള്ള ആരോപണങ്ങള്‍ ആണ് അവര്‍ ഉന്നയിച്ചത്. ഈ കുറ്റാരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് യേശുവിനെ ക്രൂശിച്ചതും.
(യേശുവിനെ ക്രൂശീകരിക്കുവാനുള്ള കാരണങ്ങള്‍ കൂടുതലായി അറിയുവാന്‍ ആഗ്രഹമുള്ളവര്‍ ദയവായി നമ്മളുടെ വീഡിയോ ചാനല്‍ സന്ദര്‍ശിക്കുക. അവിടെ “അവര്‍ എന്തുകൊണ്ട് യേശുവിനെ ക്രൂശിച്ചു” എന്ന വീഡിയോ കാണുക)

എന്തുകൊണ്ട് കള്ളന്മാര്‍ ക്രൂശിക്കപ്പെട്ടു?

നമ്മള്‍ പറഞ്ഞുകൊണ്ടു വന്നത് ഇതാണ്. യേശുവിന്‍റെ ഇടത്തും വലത്തും ആയി ക്രൂശിക്കപ്പെട്ട കള്ളന്മാര്‍ വെറും കള്ളന്മാര്‍ ആയിരുന്നില്ല. അവര്‍ യജമാനന്മാരെ വിട്ട് ഓടിപ്പോയി കുറ്റകൃത്യങ്ങള്‍ ചെയ്ത അടിമകള്‍ ആയിരുന്നില്ല. അവര്‍ യജമാനന്റെ കുതിരകളെ മോഷ്ടിച്ച അടിമകളും ആയിരുന്നില്ല. അവര്‍ രാജവീഥികളില്‍ പതിയിരുന്നു യാത്രക്കാരെ കൊള്ളയടിക്കുകയും കൊല്ലുകയും ചെയ്യുന്ന കൊള്ളക്കാരും ആയിരുന്നില്ല.
അതെല്ലാം വലിയ കുറ്റങ്ങള്‍ ആയിരുന്നു, എങ്കിലും ക്രൂശിലെ കള്ളന്മാര്‍ ഈ വിഭാഗത്തില്‍ പെടുന്നില്ല.

കാരണം, ക്രൂശിലെ കള്ളന്മാരുടെ സംസാരം, മാനസാന്തരപ്പെടാത്ത കള്ളന്റെ വാക്കുകള്‍, നല്ല കള്ളന്‍ മാനസാന്തരപ്പെടുന്നതിന് മുമ്പും പിമ്പും പറഞ്ഞ വാക്കുകള്‍,  അവയെല്ലാം അവര്‍ തരംതാണ അടിമകള്‍ അല്ല എന്നതിന് തെളിവാണ്.
അവരുടെ വാക്കുകളിലെ മര്‍മ്മം നമ്മള്‍ മനസ്സിലാക്കുമ്പോള്‍ അത് കൂടുതല്‍ വ്യക്തമാകും. അവര്‍ വിളിച്ചുപറയുന്ന ആത്മീയ മര്‍മ്മം ഒരു തരംതാണ അടിമ പറയുവാന്‍ സാധ്യത ഇല്ല.
ഈ പഠനം പൂര്‍ത്തി ആകുമ്പോള്‍ നമുക്ക് ഇത് കൂടുതല്‍ വ്യക്തമാകും.

അവര്‍ കള്ളന്മാര്‍ ആയിരുന്നു എന്ന് മത്തായിയും, മര്‍ക്കൊസും പറയുന്നു. എന്നാല്‍ കൂടുതല്‍ സൂക്ഷ്മതയോടെ ചരിത്രം രേഖപ്പെടുത്തിയ ലൂക്കോസ് കുറച്ചുകൂടി ഗൌരവമായി പറഞ്ഞു: അവര്‍ ദുഷ്പ്രവര്‍ത്തിക്കാര്‍ ആയിരുന്നു. എങ്കിലും, അവരുടെ കുറ്റം ക്രൂശിക്കപ്പെടുവാന്‍ തക്കവണം ഗൌരവമുള്ളതായി റോമന്‍ ഭരണകൂടം കരുതിയിട്ടും, സുവിശേഷകര്‍ ആരും അത് വ്യക്തമായി രേഖപ്പെടുത്തുന്നില്ല. അതിന് പ്രാധാന്യം ഇല്ലാത്തതു കൊണ്ടല്ല, അത് മറച്ചുവെക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ്.

ഇവിടെ ഗൌരവായ ഒരു ചോദ്യം ഉയരുന്നു: ക്രൂശിക്കപ്പെട്ട കള്ളന്മാര്‍ ആരായിരുന്നു? ഈ ചോദ്യത്തിന്‍റെ ഉത്തരം ഒരു ആത്മീയ മര്‍മ്മത്തിന്റെ താക്കോല്‍ ആണ്. നല്ല കള്ളന്‍ വിളിച്ച് പറഞ്ഞ ആത്മീയ മര്‍മ്മത്തിന്റെ താക്കോല്‍ ആണിത്.
അതിനാല്‍ അവരെക്കുറിച്ച് മനസ്സിലാക്കുവാന്‍, അന്നത്തെ സാമൂഹിക, രാക്ഷ്ട്രീയ പശ്ചാത്തലത്തില്‍ സംഭവ്യമായ, മറ്റൊരു വഴിക്ക് നമുക്ക് ചിന്തിക്കാം.

സുവിശേഷകര്‍ ആരും തന്നെ അവര്‍ ആരായിരുന്നു എന്ന് വ്യക്തമാക്കാതെ ഇരിക്കുന്നതിനാല്‍, അവരെക്കുറിച്ച് മനസ്സിലാക്കുവാന്‍ അവരുടെ തന്നെ വാക്കുകളെ വീണ്ടും വീണ്ടും വായിക്കുക എന്നത് മാത്രമേ മാര്‍ഗ്ഗമുള്ളൂ.
നമുക്ക്, ആദ്യം അവര്‍ യേശുവിനെ പരിഹസിക്കുന്ന വാക്കുകള്‍ വായിയ്ക്കാം.
ലൂക്കോസ് 23:39 ല്‍ മാനസാന്തരപ്പെടാത്ത കള്ളന്‍ പറയുന്നു: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു.
മത്തായി 27: 40 മുതല്‍ 44 വരെ ഉള്ള  വാക്യങ്ങളില്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും യേശുവിനെ പരിഹസിക്കുന്നതായി നമ്മള്‍ വായിക്കുന്നു. അവര്‍ പരിഹസിച്ച് പറഞ്ഞത് ഇതാണ്: “മന്ദിരം പൊളിച്ചു മൂന്നുനാൾകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽനിന്നു ഇറങ്ങിവാ എന്നു പറഞ്ഞു.” (40)
ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും. (42)
44 ആം വാക്യത്തില്‍ നമ്മള്‍ വായിക്കുന്നു: “അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.”
ഇതിന്റെ സാരം ഇതാണ്: മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും, ക്രൂശിലെ രണ്ടു കള്ളന്മാരും യേശുവിനെ പരിഹസിച്ചു. അവര്‍ പരിഹസിച്ചു പറഞ്ഞത് ഇതാണ്:  യേശു ദൈവപുത്രന്‍ എന്നും യിസ്രായേലിന്റെ രാജാവു എന്നും അവന്‍ ക്രിസ്തു എന്നും അവകാശപ്പെട്ടു.
അതിന്റെ അര്‍ത്ഥം, ഈ പരിഹാസം എല്ലാം, ദൈവപുത്രന്‍, ദൈവരാജ്യം, രാജ്യത്വം  അഥവാ യേശു ആണ് ദൈവരാജ്യത്തിന്‍റെ രാജാവ്, എന്നിവയെ കുറിച്ചു ആയിരുന്നു.
ഈ മര്‍മ്മം നമ്മളുടെ മനസ്സില്‍ ആഴത്തില്‍ പതിയേണം.

യേശു ഈ ഭൂമിയിലെ തന്റെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്നത് “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിന്‍.” എന്നു പ്രഖ്യാപിച്ചുകൊണ്ടാണ്. (മത്തായി 4:17)
യേശു തന്റെ പരസ്യ ശുശ്രൂഷ അവസാനിപ്പിക്കുന്നത് അവന്‍ ദൈവരാജ്യത്തിന്‍റെ രാജാവാണ് എന്നു പ്രഖ്യാപിച്ചുകൊണ്ടാണ്.
ലൂക്കോസ് 23:3പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: “ഞാൻ ആകുന്നു” എന്നു അവനോടു ഉത്തരം പറഞ്ഞു.”
യേശുക്രിസ്തുവിന്‍റെ ചരിത്രം ദൈവരാജ്യത്തിന്‍റെ ചരിത്രം ആണ്; വേദപുസ്തകം ആദിയോടന്തം ദൈവരാജ്യത്തെ കുറിച്ചാണ്; തിരുവെഴുത്തിലെ എല്ലാ സംഭവങ്ങളും ദൈവരാജത്തെ കുറിച്ചുള്ളതാണ്. ഈ വെളിച്ചത്തില്‍ വേണം നമ്മള്‍ വേദപുസ്തകം വായിക്കുവാനും മനസ്സിലാക്കുവാനും.

അതായത്, യേശുവിനെ പരിഹസിക്കുവാനായി ക്രൂശിലെ കള്ളന്മാര്‍ ഉപയോഗിച്ച വാക്കുകള്‍ പോലും ദൈവരാജ്യത്തെ കുറിച്ചുള്ളത് ആയിരുന്നു. മഹാപുരോഹിതന്മാരും, ശാസ്ത്രിമാരും, ദൈവാലയത്തിലെ മൂപ്പന്മാരും പറഞ്ഞ അതേ വാക്കുകള്‍ ആണ് ക്രൂശിലെ കള്ളന്മാരും പറഞ്ഞത്.
അവരുടെ വാക്കുകള്‍, വെറും തരംതാണ കള്ളന്മാരില്‍ നിന്നും അവരെ വേറിട്ട് നിരുത്തുന്നു. നിശ്ചയമായും അവര്‍ വ്യത്യസ്ഥമായ ഒരു സാമൂഹിക പശ്ചാത്തലത്തില്‍ നിന്നും ഉള്ളവര്‍ ആണ്.
അവരുടെ പശ്ചാത്തലം, ദൈവരാജ്യത്തെക്കുറിച്ച് ബോധ്യം ഉള്ള മഹാപുരോഹിതന്മാരുടെയും, ശാസ്ത്രിമാരുടെയും, മൂപ്പന്മാരുടെയും പശ്ചാത്തലം ആണ്.
ഇവിടെ ആണ് ക്രൂശിലെ കള്ളന്മാര്‍ വെറും കള്ളന്മാര്‍ അല്ലായിരുന്നു എന്ന ചിന്ത നമ്മളില്‍ ഉളവാകുന്നത്. റോമന്‍ സാമ്രാജ്യത്തിന്, അവര്‍ കള്ളന്മാരെക്കാള്‍ വലിയ കുറ്റവാളികള്‍ ആയിരുന്നു.
അതിനാല്‍ അവരെ വേഗം ക്രൂശില്‍ കൊല്ലേണം എന്നു റോമന്‍ ഭരണകൂടം ആഗ്രഹിച്ചു.
ശബ്ബത്തിന്‍റെ ഒരുക്കനാളില്‍ യേശുവിനെ ക്രൂശിക്കുവാന്‍ യഹൂദ മത പ്രമാണിമാര്‍ തന്നെ ആവശ്യപ്പെട്ടപ്പോള്‍, രാജ്യദ്രോഹികള്‍ ആയ കള്ളന്മാരെയും കൂട്ടത്തില്‍ ക്രൂശിക്കുവാന്‍ പീലാത്തൊസിന് അവസരം ലഭിച്ചു.
അത് അങ്ങനെ പ്രവചന നിവര്‍ത്തി ആയി: യേശു ക്രൂശില്‍ “അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും” ചെയ്തു.

ആരായിരുന്നു ക്രൂശിലെ കള്ളന്മാര്‍?

എന്നാല്‍ ഇതുകൊണ്ട് നമ്മളുടെ ചോദ്യത്തിന് ഉത്തരം ആയില്ല. ക്രൂശിലെ കള്ളന്മാര്‍ വെറും കള്ളന്മാര്‍ അല്ലായിരുന്നു എങ്കില്‍ അവര്‍ ആരായിരുന്നു?
ക്രൂശിലെ കള്ളന്മാര്‍ ദൈവരാജ്യത്തെ കുറിച്ചും, ക്രിസ്തുവിനെ കുറിച്ചും, ദൈവ പുത്രനെക്കുറിച്ചും സംസാരിച്ചു. യഹൂദന്മാരെ രക്ഷിക്കുവാന്‍ മശിഹ ജനിക്കും എന്നും അവന്‍ സകല ശത്രുക്കളുടെയും കയ്യില്‍ നിന്നും അവരെ വിടുവിക്കും എന്നും അവന്‍ നിത്യമായ ഒരു രാജ്യത്വം സ്ഥാപിക്കും എന്നും അവര്‍ ഉറപ്പോടെ വിശ്വസിച്ചിരുന്നു.
ഈ ചിന്തയാണ് യേശുവിനെ പരിഹസിച്ചപ്പോഴും അവരുടെ വാക്കുകളില്‍ ഉണ്ടായിരുന്നത്.
“നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു.” (ലൂക്കോസ് 23:39)

വരുവാനിരുന്ന മശിഹ അവന്‍ തന്നെ എന്നു തെളിയിക്കുവാന്‍ യേശു ക്രൂശില്‍ നിന്നും സ്വയം രക്ഷിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, യേശു എന്തിനാണ് കള്ളന്മാരെ ക്രൂശില്‍ നിന്നും രക്ഷിക്കേണ്ടത്?
കുറ്റവാളികളെ അവരുടെ ശിക്ഷയില്‍ നിന്നും മോചിക്കുവാനല്ല യേശു വന്നത്.
യേശുവിന് അവരുടെ ആത്മാക്കളെ കുറിച്ച് ഭാരം ഉണ്ടായിരുന്നു, എന്നാല്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള ഭൌതീക ശിക്ഷയില്‍ നിന്നും മോചിപ്പിക്കുക യേശുവിന്‍റെ ലക്ഷ്യം ആയിരുന്നില്ല.
മാത്രവുമല്ല, യേശു തന്നെത്തന്നെ രക്ഷിക്കുക, ഒപ്പം ഞങ്ങളെയും രക്ഷിക്കുക എന്ന ആവശ്യത്തില്‍ അവരും യേശുവും തുല്യര്‍ ആയിരുന്നു എന്നൊരു ധ്വനി ഉണ്ട്. യേശു രാജ്യദ്രോഹ കുറ്റത്തിന് ക്രൂശിക്കപ്പെട്ടു, കള്ളന്മാരും രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു.

ഞാന്‍ വീണ്ടും ആവര്‍ത്തിക്കട്ടെ, ക്രൂശിലെ കള്ളന്മാര്‍ വെറും കള്ളന്മാര്‍ ആയിരുന്നില്ല. അതിനാലാണ് ലൂക്കോസ് അവരെ, ദുഷ്പ്രവര്‍ത്തിക്കാര്‍ എന്നു വിളിക്കുന്നത്. കള്ളന്‍ എന്ന വിളിയിലും ദുഷ്പ്രവര്‍ത്തിക്കാര്‍ എന്ന വിശേഷണത്തിലും സുവിശേഷകര്‍ മറച്ചുവെക്കുന്ന ഒരു സത്യം ഉണ്ട്.
ഇത് മനസ്സിലാക്കുവാന്‍ കള്ളന്മാരുടെ വാക്കുകള്‍ ശ്രദ്ധിക്കാം, അതില്‍ നിറയെ ദൈവരാജ്യം എന്ന അവരുടെ പ്രതീക്ഷ ഉണ്ട്. അവരുടെ ഹൃദയത്തില്‍ ദൈവരാജ്യത്തെ കുറിച്ചുള്ള വാഞ്ച ഉണ്ട്.
ദൈവരാജ്യത്തെ കുറിച്ചുള്ള യേശുവിന്‍റെ പഠിപ്പിക്കല്‍ അവര്‍ക്ക് അറിയാം, യേശുവിന്‍റെ അവകാശ വാദങ്ങള്‍ അവര്‍ക്ക് അറിയാം. അതെല്ലാം സത്യമായിരുന്നു എങ്കില്‍ കൊള്ളാമായിരുന്നു എന്ന് അവരും ആഗ്രഹിച്ചു കാണും. എന്നാല്‍, ഇപ്പോള്‍, യേശു അവരോടൊപ്പം രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടവനായി ക്രൂശില്‍ മരിക്കുക ആണ്. അവര്‍ തികച്ചും നിരാശര്‍ ആണ്. യേശു വലിയ പ്രതീക്ഷകള്‍ നല്കി വഞ്ചിച്ചിരിക്കുന്നു.
അതിനാല്‍ അവര്‍ യേശുവിനെ അവന്‍ നല്കിയ പ്രതീക്ഷയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക ആണ്: “നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക”.

ഞാന്‍ ഇതുവരെയും വിശദീകരിച്ചുകൊണ്ടിരുന്ന സാഹചര്യ തെളിവുകള്‍ നമ്മളെ ഒരു സത്യത്തിലേക്ക് എത്തിക്കുന്നു. യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളന്മാര്‍ വെറും കള്ളന്മാര്‍ ആയിരുന്നില്ല, അവര്‍ റോമന്‍ സാമ്രാജ്യത്തിനെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹികള്‍ ആയിരുന്നു. അതുകൊണ്ടാണ് അവരെ ക്രൂശീകരിച്ചതും.
അവര്‍ റോമന്‍ സാമ്രാജ്യത്തിന് എതിരെ ഗറില്ലാ യുദ്ധം ചെയ്തിരുന്ന കലാപകാരികള്‍ ആയിരുന്നു.
എന്നാല്‍ കള്ളന്മാരെ സംബന്ധിച്ചിടത്തോളം അവര്‍ അവരുടെ മാതൃ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ ആയിരുന്നു.

രാജ്യദ്രോഹത്തിന് പിടിക്കപ്പെടുന്ന കലാപകാരികള്‍ക്ക് ശരിയായ വിചാരണ ലഭിക്കാറില്ല. അവരില്‍ കുറ്റം ആരോപിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ ക്രൂശീകരണം എന്ന ശിക്ഷ വിധിക്കുക ആയി.
അവരുടെ ശിക്ഷ നടപ്പാക്കുന്നതിനായി കാത്തിരിക്കുകയോ, ശിക്ഷാവിധിക്കും നടപ്പാക്കുന്നതിനും ഇടയില്‍ ഇടവേള ഉണ്ടാകുകയോ പതിവില്ലായിരുന്നു. അപ്പീലുകളോ പുനപരിശോധനാ ഹര്‍ജികളോ നല്കുവാന്‍ അവസരം ലഭിക്കില്ല.
അവരെ എത്രയും വേഗം ക്രൂശിക്കും; അവരുടെ മരണം വളരെ വേദനാജനകം ആയിരിക്കും. അവരെ ചാട്ടാവറുകള്‍ കൊണ്ട് അടിക്കും, ആഹാരവും വെള്ളവും നിഷേധിക്കപ്പെടും, ഉറങ്ങുവാനോ വിശ്രമിക്കുവാനോ അവസരം നല്കുക ഇല്ല. ശരീരത്തിലെ മുറിവുകളില്‍ നിന്നും രക്തം വാര്‍ന്ന് ഒലിച്ചുകൊണ്ടിരിക്കും. കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കും എന്നതിനാല്‍ മുറിവുകളില്‍ ഇഴഞ്ഞു നടക്കുന്ന ഈച്ചകളെപ്പോലും അവര്‍ക്ക് ഓടിക്കാന്‍ ആവില്ല. വേഗം മരിച്ചാല്‍ മതി എന്ന് അവര്‍ ആഗ്രഹിക്കത്തക്ക വിധം അവര്‍ നിന്ദിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യും.
റോമന്‍ പടയാളികള്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ കഴിയുന്ന എല്ലാ ക്രൂരതകളും അവരോടു ചെയ്യും. കാരണം, റോമന്‍ ഗവണ്‍മെന്‍റിന് അവര്‍ രാജ്യദ്രോഹികള്‍ ആണ്. അവരെ എത്രയും വേഗം അതിക്രൂരമായി ക്രൂശീകരിക്കേണം.

ക്രൂശീകരണത്തിനായി വിധിക്കപ്പെട്ടവരെ ഒരു മരത്തടിയോട് ചേര്‍ത്ത് കെട്ടുകയോ, ആണികൊണ്ട് അവരുടെ കൈകളും കാലുകളും അടിച്ച് ഉറപ്പിക്കുകയോ ചെയ്യും. അവരുടെ കൈകള്‍ ഇരുവശത്തേക്കും വലിച്ച് നീട്ടപ്പെട്ടിരിക്കും. അതിനു ശേഷം ഈ മരത്തടി, അല്ലെങ്കില്‍ ക്രൂശ്, ഒരു വലിയ കുഴിയില്‍ ഉറപ്പിക്കും.
അങ്ങനെ ക്രൂശിക്കപ്പെടുന്നവര്‍, ഇരുകൈകളും നീട്ടപ്പെട്ടവര്‍ ആയി, ആണികളാല്‍ തറക്കപ്പെട്ടവരായി, നിസ്സഹായര്‍ ആയി, നഗ്നര്‍ ആയി ക്രൂശില്‍ കിടക്കും.
സൂര്യന്‍റെ കഠിനമായ ചൂടും, രാത്രിയിലെ മഞ്ഞും, മഴയും എല്ലാം അവര്‍ അനുഭവിക്കേണ്ടി വരും. അവരുടെ രക്തം കുടിക്കുവാനും മാസം കൊത്തി ഭക്ഷിക്കുവാനും കണ്ണുകള്‍ കൊത്തിയെടുക്കുവാനും ആയിവരുന്ന കഴുകന്മാരെ അവര്‍ക്ക് ആട്ടി ഓടിക്കുവാന്‍ കഴിയില്ല.
ഈ നിസ്സഹായവസ്ഥ, റോമന്‍ സാമ്രാജ്യത്തിന്‍റെ സര്‍വ്വാധികാരത്തെയും ശക്തിയേയും കാണിക്കുന്നു. റോമന്‍ സാമ്രാജ്യമാണ് അധികാരത്തില്‍, പ്രവിശ്യകളിലെ ജനങ്ങള്‍ അശക്തരായ അടിമകള്‍ മാത്രമാണ്.

ക്രൂശിക്കപ്പെടുന്ന വ്യക്തി മരിക്കുവാന്‍ 6 മണിക്കൂര്‍ മുതല്‍ 4 ദിവസങ്ങള്‍ വരെ എടുത്തേക്കാം. അവന്റെ മരണത്തിന് ശേഷവും ചില ദിവസങ്ങള്‍ അവന്റെ ശരീരം ക്രൂശില്‍ തന്നെ വെച്ചേക്കും. കഴുകന്‍മാര്‍ കൊത്തിപ്പറിക്കുന്ന ശശരീരത്തിന്റെ ഭീകര കാഴ്ച, മറ്റുള്ളവര്‍ക്ക് ഒരു പാടം ആയിരിക്കേണം.
ഇനി ആരും റോമന്‍ സാമ്രാജ്യത്തിനോ, നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിക്കോ എതിരായി കലാപം സൃഷ്ടിക്കുവാന്‍ പാടില്ല.
അതിനുശേഷം ശേഷിക്കുന്ന ശരീരഭാഗങ്ങള്‍ സമീപത്തുള്ള ഏതെങ്കിലും കുഴിയില്‍ എറിഞ്ഞുകളയും. ക്രൂശിക്കപ്പെടുന്നവന് മാന്യമായ ഒരു ശവസംസ്കാരം പോലും നല്‍കുകയില്ല.
അന്നത്തെ കാലത്ത്, മാന്യമായ ശവസംസ്കാരം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുവാന്‍ ഇടയുള്ള മാന്യമായ സ്വീകരണത്തിന് ആവശ്യമാണ് എന്നു അവര്‍ വിശ്വസിച്ചിരുന്നു.
എന്നാല്‍ ക്രൂശിക്കപ്പെടുന്നവന്, ഈ ഭൂമിയില്‍ മാന്യമായ ശവസംസ്കാരവും സ്വര്‍ഗ്ഗത്തില്‍ മാന്യമായ സ്വീകരണവും നിഷേധിക്കപ്പെടുക ആണ്. അവന്‍ ഭൂമിയിലും സ്വര്‍ഗ്ഗത്തിലും ശപിക്കപ്പെട്ടവന്‍ ആണ്.
ഈ പശ്ചാത്തലത്തില്‍ ആണ് യേശു കള്ളനോട് പറഞ്ഞ വാക്കുകള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത്: യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” (ലൂക്കോസ് 23:43)
യേശുവിന്‍റെ വാക്കുകളുടെ അര്‍ത്ഥം ഇതാണ്: യേശു രാജ്യദ്രോഹിയോ ക്രൂശീകരണത്തിന് യോഗ്യനോ അല്ല. അതിനാല്‍ അവന് സ്വര്‍ഗ്ഗത്തില്‍ അവകാശം ഉണ്ട്. അവനാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി. അവന് ഒരുവനെ ദൈവരാജ്യത്തിന് അവകാശി ആക്കുവാന്‍ അധികാരം ഉണ്ട്.

ക്രൂശില്‍ മരിച്ചവന്‍റെ ശവശരീരത്തോടുള്ള അനാദരവ്, യേശുവിന്‍റെ കാര്യത്തില്‍ പീലാത്തൊസിന് മാറ്റിവെക്കേണ്ടി വന്നു. കാരണം യേശു ഒരു രാജ്യദ്രോഹി അല്ലായിരുന്നു എന്ന് പീലാത്തൊസിന് അറിയാമായിരുന്നു.
റോമന്‍ സാമ്രാജ്യത്തിന് കരം കൊടുക്കേണം എന്ന് യേശു ഒരിക്കല്‍ പറഞ്ഞു: “എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്നു അവൻ അവരോടു പറഞ്ഞു. (മത്തായി 22:21)
ദൈവാലായത്തിന്‍റെ അധികാരിയായ ദൈവപുത്രനും അവന്‍റെ ശിഷ്യന്മാര്‍ക്കും ദൈവാലയത്തില്‍ കരം കൊടുക്കേണ്ടതില്ല. എങ്കിലും കരം നല്കുവാന്‍ അവന്‍ പത്രൊസിനോട് ഉപദേശിച്ചു.
പീലാത്തൊസ് യേശുവിനെ വിചാരണ ചെയ്തതിനു ശേഷം പറഞ്ഞു: “ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല.” (ലൂക്കോസ് 23:4)
ഇതിലെല്ലാം ഉപരി ദൈവം അനുവദിച്ചത് അല്ലാതെ യാതൊരു അധികാരവും പീലാത്തൊസിന് യേശുവിന്‍റെമേല്‍ ഉണ്ടായിരുന്നില്ല.
യേശു പീലാത്തൊസിനോട് പറയുന്നതിങ്ങനെ ആണ്: “മേലിൽനിന്നു നിനക്കു കിട്ടീട്ടില്ല എങ്കിൽ എന്റെമേൽ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; (യോഹന്നാന്‍ 19:11)
അതിന്റെ അര്‍ത്ഥം, തന്റെ ഏകജാതനായ പുത്രനായ യേശുക്രിസ്തു ക്രൂശില്‍ മരിക്കുന്ന അവസ്ഥയിലും, ഈ ഭൂമിയിലെ മനുഷ്യരുടെമേലുള്ള ദൈവത്തിന്റെ അധികാരം നഷ്ടമായിരുന്നില്ല.
മാത്രവുമല്ല, ശബ്ബത്തു ദിവസം ശവശരീരം ക്രൂശിന്മേൽ ഇരിക്കരുതു എന്ന യഹൂദ നിയമത്തെയും പീലാത്തൊസിന് ബഹുമാനിക്കേണ്ടിയിരുന്നു.
അതിനാല്‍ യേശുവിന്റെ ശരീരം അവന്‍ മരിച്ച ഉടന്‍ തന്നെ എടുത്തുകൊണ്ട് പോകുവാന്‍ പീലാത്തൊസ് അനുവാദം നല്കി. അരിമത്യയിലെ യോസേഫും നിക്കൊദേമൊസും ചേര്‍ന്ന് യേശുവിന്‍റെ ശരീരം അടക്കം ചെയ്തു.

നമ്മള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന വിഷയം, എന്തുകൊണ്ടാണ് കള്ളന്മാരെ ഒരുക്കാനാളില്‍ തന്നെ ക്രൂശിച്ചത് എന്നാണല്ലോ.
യേശുവിനെ ക്രൂശിക്കുവാന്‍ യഹൂദന്മാര്‍ തന്നെ ആവശ്യപ്പെട്ടതാണ്. യേശുവിന്റെ മരണം അവര്‍ക്ക് അത്യാവശ്യം ആയിരുന്നു. അതിനാല്‍ ഒരുക്കാനാളില്‍ അവനെ ക്രൂശിക്കുന്നതിന്റെ പരിണത ഫലം എന്താണ് എങ്കിലും യഹൂദന്മാര്‍ സഹിക്കേണം.
കള്ളന്മാരുടെ ക്രൂശീകരണം റോമന്‍ ഭരണകൂടത്തിന് അത്യാവശ്യമായിരുന്നു. യേശുവിന്റെ ക്രൂശീകരണം, കള്ളന്മാരെകൂടെ ശബ്ബത്തിന്‍റെ ഒരുക്കനാളില്‍ തന്നെ ക്രൂശീകരിക്കുവാന്‍ പീലത്തീസിന് അവസരം നല്കി.
നമ്മള്‍ ഇതുവരെയും ചര്‍ച്ച ചെയ്ത സാഹചര്യ തെളിവുകളും, കള്ളന്മാരെ ക്രൂശിക്കുവാനുള്ള അത്യാവശ്യവും, ക്രൂശില്‍വച്ച് അവര്‍ പറഞ്ഞ വാക്കുകളില്‍ അടങ്ങിയ ആത്മീയ മര്‍മ്മങ്ങളും, അവര്‍ വെറും കള്ളന്മാര്‍ അല്ലായിരുന്നു എന്നും, റോമന്‍ ഭരണകൂടത്തിന്റെ കാഴപ്പാടില്‍ അവര്‍ രാജ്യദ്രോഹികള്‍ ആയിരുന്നു എന്നും നമുക്ക് അനുമാനിക്കാവുന്നതേ ഉള്ളൂ.

എരിവുകാര്‍

ഇനി നമുക്ക് അക്കാലത്ത് യഹൂദന്മാരുടെ ഇടയില്‍ ഉണ്ടായിരുന്ന എരിവുകാര്‍ എന്നു അറിയപ്പെട്ടിരുന്ന ഒരു കൂട്ടരെ കുറിച്ച് ചിന്തിക്കാം.
എരിവുകാര്‍, റോമന്‍ സാമ്രാജ്യത്തിനെതിരെ ഗറില്ലാ യുദ്ധം നടത്തിയിരുന്ന മത-രാക്ഷ്ട്രീയ തീവ്രവാദികള്‍ ആയിരുന്നു. യഹൂദ ദേശത്തെ അടക്കി ഭരിച്ചിരുന്ന വിദേശികള്‍ ആയിരുന്ന റോമന്‍ സാമ്രാജ്യത്തെ ദേശത്ത് നിന്നും തുരത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
മഹാനായ ഹെരോദാവു എന്നു അറിയപ്പെട്ടിരുന്ന, റോമന്‍ സാമ്രാജ്യത്തിന്റെ പ്രവിശ്യാ ഭരണത്തലവന്റെ കാലത്ത്, ഗലീല എന്ന സ്ഥലത്തായിരുന്നു അവര്‍ ആദ്യം രൂപം കൊണ്ടത്.
ഗലീലയിലെ യൂദാസ് എന്നും ഗമാലയിലെ യൂദാസ് എന്നും അറിയപ്പെട്ടിരുന്ന യഹൂദ സാമൂഹിക നേതാവും സാദോക് എന്ന പരീശനും ചേര്‍ന്നാണ് എരിവുകാര്‍ എന്ന വിഭാഗത്തിന് രൂപം നല്കിയത് എന്നു യഹൂദ ചരിത്രകാരന്‍ ആയ യോസെഫസ് പറയുന്നുണ്ട്.
യഹൂദന്മാരുടെ മത വിശ്വസം, രാജ്യം എന്നിവ സംബന്ധിച്ചു അവര്‍ എരിവുകാര്‍ ആയിരുന്നു. അതിനാല്‍ അവര്‍ ആക്രമണങ്ങളിലൂടെ റോമന്‍ സാമ്രാജ്യത്തിന്റെ ഭരണത്തെ യഹൂദയില്‍ നിന്നും ഓടിച്ചുകളയുവാന്‍ ശ്രമിച്ചു.
അവരില്‍ എല്ലാവരും അക്രമകാരികള്‍ അല്ലായിരുന്നു എങ്കിലും ബഹുഭൂരിപക്ഷവും അക്രമത്തില്‍ വിശ്വസിച്ചു. ഇവരുടെ അക്രമ രീതി കാരണം, ലോകത്തിലെ ആദ്യത്തെ തീവ്രവാദികള്‍ എരിവുകാര്‍ ആയിരുന്നു എന്നു പറയപ്പെടുന്നു.
റോമന്‍ ഭരണകൂടവുമായുള്ള സമാധാന ശ്രമങ്ങളെ അവര്‍ ഇഷ്ടപ്പെട്ടില്ല. അതിനാല്‍ റോമന്‍ സാമ്രാജ്യവുമായി രമ്യതയില്‍ ആയിരുന്ന യഹൂദ മത പ്രമാണിമാരെ അവര്‍ വെറുത്തു.
യഹൂദ മത വിശ്വാസത്തെ നിന്ദിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തികളോ വാക്കുകളോ ആരെങ്കിലും ചെയ്താലോ പറഞ്ഞാലോ അവരെ ഉടന്‍തന്നെ കുത്തികൊല്ലേണ്ടതിനായി അവര്‍ എപ്പോഴും ഒരു വാള്‍ കരുതിയിരുന്നു എന്നും പറയപ്പെടുന്നു. അതിനാല്‍ അവരെ “വാളുമായി നടക്കുന്നവര്‍” (dagger men) എന്ന അര്‍ത്ഥത്തില്‍, ലാറ്റിന്‍ ഭാഷയില്‍ “സിക്കാരൈ” (Sicarii - Latin) എന്നാണ് വിളിച്ചിരുന്നത്.
യേശു എരിവുകാരനായ ശീമോനെയും, എരിവുകാര്‍ പൊതുവേ വെറുത്തിരുന്ന റോമന്‍ ഭരണകൂടത്തിനായി ചുങ്കം പിരിച്ചിരുന്ന മത്തായിയെയും തന്റെ ശിഷ്യന്മാര്‍ ആയി സ്വീകരിച്ചിരുന്നു എന്നത് രസകരമായ ഒരു സത്യം ആണ്.
ദൈവരാജ്യത്തിനായി പ്രവര്‍ത്തിക്കേണ്ടുന്ന ഒരു പുതിയ മാര്‍ഗ്ഗം യേശു ഇരുവര്‍ക്കും കാണിച്ചുകൊടുത്തു.

യേശുവിന്റെ മരണത്തിന് ശേഷം, AD 70 ല്‍ യെരൂശലേം ദൈവാലയത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം 960 എരിവുകാര്‍ മസദ എന്ന സ്ഥലത്തെ കോട്ടയില്‍ അഭയം പ്രാപിച്ചു. അവിടെ അവര്‍ 3 വര്‍ഷങ്ങളോളം റോമന്‍ സൈന്യത്തോട് എതിര്‍ത്തു നിന്നും. എങ്കിലും AD 73 ല്‍ റോമന്‍ സൈന്യം കോട്ട തകര്‍ത്തു. എന്നാല്‍ കോട്ടയ്ക്കുള്ളില്‍ പ്രവേശിച്ച റോമന്‍ സൈന്യം അവിടെ ഉണ്ടായിരുന്ന എല്ലാ എരിവുകാരും സ്വയം മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഒരു വ്യക്തിയെ പോലും റോമാക്കാര്‍ക്ക് ജീവനോടു പിടിക്കുവാന്‍ കഴിഞ്ഞില്ല.

അങ്ങനെ, യേശുവിന്റെ കാലത്ത് റോമന്‍ സാമ്രാജ്യത്തിനെതിരെ നീക്ക് പോക്ക് കൂടാതെ യുദ്ധം ചെയ്തിരുന്ന തീവ്രവാദികള്‍ ആയിരുന്നു എരിവുകാര്‍. അതിനാല്‍ അവര്‍ റോമന്‍ സാമ്രാജ്യത്തിന്റെ മുഖ്യ ശത്രുക്കള്‍ ആയിരുന്നു.
പീലാത്തൊസിന്‍റെ മുമ്പാകെ, യേശുവിനെയും ഒരു എരിവുകാരനായി ചിത്രീകരിക്കുവാന്‍ യഹൂദന്മാര്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് യേശു ഒരു ഗലീലക്കാരന്‍ ആണ് എന്നു യഹൂദന്മാര്‍ പീലാത്തൊസിനോട് പറയുന്നത്. (ലൂക്കോസ് 23:5-7)

എരിവുകാര്‍ റോമാക്കാരെ സംബന്ധിച്ചിടത്തോളം കലാപകാരികളും രാജ്യദ്രോഹികളും ആയിരുന്നു എന്നു ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലോ. അവരെ പിടികിട്ടിയാല്‍ ഉടന്‍ തന്നെ ക്രൂശിക്കും.
എരിവുകാര്‍ യഹൂദ മത വിശ്വാസത്തിലും തീഷ്ണത ഉള്ളവര്‍ ആയിരുന്നു. അവരുടെ പ്രതീക്ഷ, യരുശലേം കേന്ദ്രമാക്കി സ്ഥാപിക്കപ്പെടുന്നതും ദൈവം രാജാവായിരിക്കുന്നതും നിത്യവുമായ ദൈവരാജ്യം ആയിരുന്നു.
അതിനാല്‍, യേശു പ്രസംഗിച്ച ദൈവരാജ്യത്തില്‍ അവര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നു, എന്നാല്‍ യേശു ഉപദേശിച്ച മാര്‍ഗ്ഗം അവര്‍ക്ക് സ്വീകാര്യം ആയിരുന്നില്ല. 

ഇനി നമുക്ക് ക്രൂശിലെ കള്ളന്മാര്‍ ആരായിരുന്നു എന്നതിന്റെ അന്തിമ ഉത്തരത്തിലേക്ക് വരാം. ക്രൂശിലെ കള്ളന്മാര്‍ യഹൂദന്മാരുടെ ഇടയിലെ എരിവുകാര്‍ എന്ന വിഭാഗത്തിലെ അംഗങ്ങള്‍ ആയിരുന്നു.
റോമന്‍ ഭരണകൂടം അവരെ രാജ്യദ്രോഹികള്‍ ആയി കണക്കാക്കിയിരുന്നതിനാല്‍ പിടികിട്ടിയപ്പോള്‍ തന്നെ അവരെ ക്രൂശിച്ചു. അതേ കുറ്റം ആരോപിക്കപ്പെട്ടതിനാല്‍ റോമാക്കാര്‍ യേശുവിനെയും ക്രൂശിച്ചു. രണ്ടു കൂട്ടരുടെയും കുറ്റം ഒന്നായിരുന്നതിനാല്‍ അവരെ ഒരുമിച്ച് ഒരേ സ്ഥലത്തു ക്രൂശിച്ചു.
അങ്ങനെ, യെശയ്യാവ് 53: 12 ലെ പ്രവചനപ്രകാരം യേശു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്തു.

ആത്മീയ മര്‍മ്മം

ഇപ്പോള്‍, എന്തുകൊണ്ട് കള്ളന്മാരെ ക്രൂശിച്ചു, എന്തുകൊണ്ട് യേശുവിനോടൊപ്പം കള്ളന്മാരെ ശബ്ബത്തിന്റെ ഒരുക്കാനാളില്‍ തന്നെ ക്രൂശിച്ചു, ആരായിരുന്നു കള്ളന്മാര്‍ എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ആയി.
ഈ അറിവ്, നല്ല കള്ളന്റെ ക്രൂശിലെ മൊഴിയുടെ ആത്മീയ മര്‍മ്മം ഗ്രഹിക്കുവാന്‍ നമ്മളെ ഏറെ സഹായിക്കും.
കള്ളന്റെ മൊഴിയില്‍ ആഴത്തിലുള്ള ഒരു മര്‍മ്മം വെളിവാകുന്നുണ്ട്.

ലൂക്കോസ് 23:42  പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു.

ഞാന്‍ മുംബ് പറഞ്ഞതുപോലെ, നല്ല കള്ളന്‍, ഗലീലയിലെ എരിവുകാര്‍ എന്ന മത-രാക്ഷ്ട്രീയ തീവ്രവാദി കൂട്ടത്തിലെ അംഗം ആയിരുന്നു. അവനും യരുശലേം കേന്ദ്രമാക്കി സ്ഥാപിക്കപ്പെടുന്ന മശീഹയുടെ രാജ്യത്തില്‍ അഥവാ ദൈവരാജ്യത്തില്‍ വിശ്വസിച്ചിരുന്നു.
എന്നാല്‍ അവന്‍ യേശുവിന്റെ വഴി തിരഞ്ഞെടുത്തില്ല. ദൈവരാജ്യത്തെ കുറിച്ചുള്ള അവന്റെ കാഴ്ചപ്പാട് യേശു പ്രസംഗിച്ചതില്‍ നിന്നും വ്യത്യസ്ഥം ആയിരുന്നു.
ഇപ്പോള്‍ ഇതാ അവനോടൊപ്പം യേശു ക്രൂശിക്കപ്പെട്ടിരിക്കുന്നു. അവന്‍ തികച്ചും നിരാശന്‍ ആയി.
എന്നാല്‍ ദൈവത്തിന്റെ മുന്‍നിയമന പ്രകാരം തിരഞ്ഞെടുക്കപ്പെട്ടിരുന്ന അവന്‍റെമേല്‍ ദൈവീക കൃപ ഇറങ്ങി വന്നു. അവന്‍ ദൈവകൃപയോട് അനുകൂലമായി പ്രതികരിച്ചു. ദൈവകൃപയെ സ്വീകരിച്ചു. അതിലൂടെ ലഭ്യമായ രക്ഷയെ വിശ്വാസത്താല്‍ ഏറ്റെടുത്തു.
അവന്‍റെ രാക്ഷ്ട്രീയ അജന്‍ഡകളെ ഉപേക്ഷിക്കുവാന്‍ അവന്‍ തയ്യാറായി. യേശു പ്രസംഗിച്ച ദൈവരാജ്യത്തെ സ്വീകരിക്കുവാന്‍ അവന്‍ തയ്യാറായി.

എന്നാല്‍ അപ്പോഴേക്കും യേശു ക്രൂശില്‍ രക്തം വാര്‍ന്ന് മരിക്കുക ആയിരുന്നു. ആദ്യം അവനും അവന്‍റെ കൂട്ടുകാരനും യേശുവിനെ പരിഹസിച്ചു:  “നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക”. (ലൂക്കോസ് 23:39)
യേശു ഇനി ഒരിയ്ക്കലും ജീവനോടു വരികയില്ല എന്നു അവര്‍ക്ക് തീര്‍ച്ച ആയിരുന്നു.
മാനസാന്തരപ്പെട്ട നല്ല കള്ളനും ഒരു അത്ഭുതം പ്രതീക്ഷിച്ചില്ല. കാരണം, അതിലും വലിയ ഒരു ആത്മീയ മര്‍മ്മം അവന് വെളിപ്പെട്ടുകിട്ടി.
യേശു നിശ്ചയമായും ക്രൂശില്‍ മരിക്കും. യേശുവിന്റെ മരണം മാനവ രാശിയുടെ വീണ്ടെടുപ്പിന് ആവശ്യമാണ്. എന്നാല്‍ മരണത്തിന് യേശുവിനെ എന്നന്നേക്കുമായി ഇല്ലാതാക്കുവാന്‍ കഴിയുക ഇല്ല. യേശു മരണത്തെ ജയിക്കും. യേശു നിശ്ചയമായും തിരികെ വരും. അവന്‍ രാജാധി രാജാവായി മടങ്ങി വരും, നിത്യമായ ദൈവരാജ്യം സ്ഥാപിക്കും.
അതുകൊണ്ടു അവന്‍ യേശുവിനോടു പറഞ്ഞു: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ”. (ലൂക്കോസ് 23:42)
ഇതായിരുന്നു രക്ഷിക്കപ്പെടുവാനുള്ള അവന്‍റെ പ്രാര്‍ത്ഥന.
രക്ഷാ നിര്‍ണ്ണയം പ്രാപിക്കുവാന്‍ ഇതിലും നല്ല പ്രാര്‍ഥന മറ്റാരും പ്രാര്‍ഥിച്ചിട്ടുണ്ടാകില്ല.

നല്ല കള്ളന് ലഭിച്ച ഈ വെളിപ്പാട് ലഭിക്കുവാന്‍ നമുക്ക് എത്ര നാള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ഈ മര്‍മ്മം ഗ്രഹിക്കുവാന്‍ എത്ര പ്രയാസമുള്ളതായി നമുക്ക് തോന്നിയിട്ടുണ്ട്.
യേശു രാജത്വം പ്രാപിച്ചു, രാജാധി രാജാവായി വീണ്ടും വരും, അവന്‍ നിത്യമായ ദൈവരാജ്യം സ്ഥാപിക്കും.

ഉപമ

ഇവിടെ നമുക്ക്, ലൂക്കോസ് 19 ആം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന, യേശു പറഞ്ഞ ഒരു ഉപമയുടെ ആദ്യഭാഗം അല്‍പ്പമായി ചിന്തിക്കാം.
11 ആം വാക്യം പറയുന്നു, യേശുവും ശിഷ്യന്മാരും അവനെ അനുഗമിച്ചിരുന്ന ജനങ്ങളും, യാത്ര ചെയ്ത് യെരൂശലേമിന്നു സമീപമെത്തി.
യേശു യെരുശലേമില്‍ എത്തുബോള്‍ അവന്‍ ദൈവരാജ്യം സ്ഥാപിക്കും എന്നു ശിഷ്യന്മാര്‍ക്കും കൂടെയുള്ളവര്‍ക്കും തോന്നി. എന്നാല്‍ യേശുവിന് മറ്റൊരു പദ്ധതി ആയിരുന്നു. അത് വിശദീകരിക്കുവാന്‍ അവന്‍ ഒരു ഉപമ പറഞ്ഞു. “കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവച്ചു ദൂരദേശത്തേക്കു യാത്രപോയി.” (ലൂക്കോസ് 19:12)
ഈ വാക്യത്തിന്‍റെ അര്‍ത്ഥം, യേശുവിന്റെ കാലത്തെ രാക്ഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം മനസ്സിലാക്കുവാന്‍.
റോമന്‍ സാമ്രാജ്യത്തിന് കീഴിലുള്ള രാജ്യങ്ങളെ പല പ്രവിശ്യകള്‍ ആയി തിരിച്ചാണ് അവര്‍ ഭരണം നടത്തിയിരുന്നത്. ഗലീലയും യഹൂദയും എല്ലാം അപ്രകാരമുള്ള പ്രവിശ്യകള്‍ ആയിരുന്നു.
യേശുവിന്റെ ജനന സമയത്ത് ഗലീലയുടെയും യഹൂദയുടെയും പ്രാദേശിക രാജാവായിരുന്നു, മഹാനായ ഹെരോദ് . യേശുവിന്റെ ക്രൂശീകരണ സമയത്തു അദ്ദേഹത്തിന്റെ മകന്‍ ഹെരോദ് അന്‍റിപ്പാസ് ഗലീലയുടെ ഗവര്‍ണര്‍ ആയിരുന്നു. പീലാത്തോസ് യഹൂദയുടെയും ഗവര്‍ണര്‍ ആയിരുന്നു. അക്കാലത്ത് ടൈബേരിയസ് (Emperor Tiberius) ആയിരുന്നു റോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി.
റോമിനോടു കൂറുള്ള, സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികളെ റോമന്‍ സാമ്രാജ്യത്തിലെ പ്രവിശ്യകളില്‍ ഭരണകര്‍ത്താക്കള്‍ ആക്കുക അന്ന് പതിവായിരുന്നു.
ഇവിടെ, അപ്രകാരം കുലീനനായ മനുഷ്യനെ ഒരു പ്രവിശ്യയുടെ ഭരണകര്‍ത്താവ് ആയി റോമന്‍ ഭരണകൂടം തിരഞ്ഞെടുത്തു. എന്നാല്‍ ഭരണം ഏല്‍ക്കുന്നതിന് മുംബ് അദ്ദേഹം റോമന്‍ ചക്രവര്‍ത്തിയെ നേരില്‍ കണ്ടു അധികാരം കൈപ്പറ്റണം. അതിനായി അദ്ദേഹം റോമിലേക്ക് യാത്രയായി. ചില നാളുകള്‍ക്ക് ശേഷം മാത്രമേ അദ്ദേഹം തിരികെ വരുക ഉള്ളൂ.
അതായത് അദ്ദേഹത്തെ ഇപ്പോള്‍ തന്നെ രാജാവായി തിരഞ്ഞെടുത്ത് നിയമിച്ചു കഴിഞ്ഞു എങ്കിലും രാജത്വം പ്രാപിച്ച് മടങ്ങിവരുവാന്‍ ഒരു ഇടവേള സമയം ഉണ്ട്. രാജത്വം പ്രാപിക്കുവാന്‍ അദ്ദേഹം ചക്രവര്‍ത്തിയുടെ അടുക്കല്‍ നേരിട്ടു ചെല്ലേണം.
നിയമനത്തിനും രാജത്വത്തിനും ഇടയില്‍ ഒരു ഇടവേള ഉണ്ട്. ഇതാണ് യേശു അവരോടു ഉപമയിലൂടെ പറഞ്ഞ മര്‍മ്മം.
യേശു ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടതും നിയമിക്കപ്പെട്ടതും ആയ ദൈവരാജ്യത്തിലെ രാജാവാണ്. എന്നാല്‍ അവന്‍ പിതാവായ ദൈവത്തിന്റെ അടുക്കല്‍ പോയി രാജത്വം എല്‍ക്കേണ്ടി ഇരിക്കുന്നു. അതിനായി അവന്‍ പോകും. പിന്നീട് രാജത്വം പ്രാപിച്ച് മടങ്ങി വരും.
നിയമനത്തിനും രാജത്വത്തിനും ഇടയില്‍ ഒരു കാലഘട്ടം ഉണ്ട്.
ദൈവരാജ്യത്തിന്റെ ആരംഭത്തിനും പൂര്‍ത്തീകരണത്തിനും ഇടയില്‍ ഒരു ഇടവേള ഉണ്ട്.
ഈ മര്‍മ്മം ഗ്രഹിച്ചുകൊണ്ടാണ്, ക്രൂശിലെ നല്ല കള്ളന്‍ പറഞ്ഞത്: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ”.

നല്ല കള്ളന്റെ വാക്കുകള്‍ വിശ്വാസത്തിന്റെ  പരസ്യമായ ഏറ്റുപറച്ചില്‍ ആണ്. ഭൌതീക തലത്തില്‍ യേശു ക്രൂശില്‍ മരിക്കുന്നതായി നമുക്ക് കാണുവാന്‍ കഴിയും. എന്നാല്‍ ക്രൂശിലെ മരണം കൊണ്ട് യേശുവിന്‍റെ ജീവിതം അവസാനിക്കുന്നില്ല.
മരണം രാജാവിന്റെ താല്‍ക്കാലികമായ അസാന്നിദ്ധ്യം മാത്രം ആണ്.
മരിച്ച്, അടക്കപ്പെട്ടു ഉയിര്‍ത്തെഴുന്നേറ്റ് അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് കയറി പോകും. ചക്രവര്‍ത്തിയായ ദൈവത്തിന്റെ പക്കല്‍ നിന്നും രാജത്വം ഏറ്റുവാങ്ങും. അവന്‍ വീണ്ടും വന്നു ദൈവരാജ്യം നിത്യമായി സ്ഥാപിക്കും.
ഈ ദൈവരാജ്യത്തില്‍ അവനെകൂടെ സ്വീകരിക്കേണമേ എന്നാണ് നല്ല കള്ളന്‍ അപേക്ഷിച്ചത്.
യേശു അവന്റെ വിശ്വസം സ്വീകരിച്ചു, അവന് ദൈവരാജ്യം കൈവശമാക്കുവാന്‍ അനുവാദം നല്കി.

ഉപസംഹാരം

ഞാന്‍ ഈ സന്ദേശം എവിടെ ചുരുക്കുവാന്‍ ആഗ്രഹിക്കുന്നു.
ഇതുവരെയും നമ്മള്‍ പഠിച്ചത് ഇതൊക്കെ ആണ്.
യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളന്മാര്‍ വെറും കള്ളന്മാര്‍ ആയിരുന്നില്ല. അവര്‍ ഒരു പക്ഷേ, അന്ന് ഗലീലയില്‍ ഉണ്ടായിരുന്ന എരിവുകാര്‍ എന്ന് അറിയപ്പെട്ടിരുന്ന മത-രാക്ഷ്ട്രീയ തീവ്രവാദികള്‍ ആയിരുന്നിരിക്കാം.
അവര്‍, ഒരു യഹൂദ രാജ്യം സ്വതന്ത്രമായി സ്ഥാപിക്കുവാന്‍ വേണ്ടി റോമന്‍ സാമ്രാജ്യത്തിനെതിരെ കലാപം നടത്തിയിരുന്നവര്‍ ആയിരുന്നു.
യേശുവും ദൈവരാജ്യത്തെ കുറിച്ച് സംസാരിച്ചിരുന്നു എങ്കിലും, യേശുവിന്റെ രാജ്യം ഐഹീകം ആയിരുന്നില്ല.
യേശുവിന്റെ മരണം ദൈവരാജ്യത്തിന്റെ അവസാനം അല്ല. തിരഞ്ഞെടുക്കപ്പെട്ട രാജാവു, ചക്രവര്‍ത്തിയുടെ പക്കല്‍ നിന്നും രാജത്വം ഏറ്റുവാങ്ങി മടങ്ങി വരുവാനുള്ള ഇടവേള മാത്രമാണ്.
യേശു വീണ്ടും വരും, ദൈവരാജ്യം നിത്യമായി സ്ഥാപിക്കും.
ക്രൂശില്‍ കിടന്ന നല്ല കള്ളന് ദൈവത്തിന്റെ കൃപ ലഭിച്ചു. അവന്‍ ദൈവകൃപയോട് വേഗം അനുകൂലമായി പ്രതികരിച്ചു. അവന്‍ യേശുവിലും അവന്റെ രാജത്വത്തിലും ദൈവരാജ്യത്തിലും ഉള്ള വിശ്വസം പരസ്യമായി ഏറ്റു പറഞ്ഞു. യേശു അവന് ദൈവരാജ്യം വാഗ്ദത്തം ചെയ്തു.
യേശു വീണ്ടും തന്റെ രാജ്യം സ്ഥാപിക്കുവാന്‍ മടങ്ങി വരും. നിശ്ചയം.

ഈ പഠനം നിങ്ങള്‍ക്ക് അനുഗ്രഹമായിരുന്നു എന്ന് വിശ്വസിക്കുന്നു.
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ! ആമേന്‍!

Official website: naphtalitribe.com
Watch the video of this message in English and Malayalam @ naphtalitribetv.com
Listen to the audio messages in English and Malayalam @ naphtalitriberadio.com
Read study notes in Malayalam @ vathil.in

No comments:

Post a Comment