ദൈവം സ്വന്തജനമായി തിരഞ്ഞെടുത്ത തിരഞ്ഞെടുത്ത പ്രത്യേക ജനമാണ് യിസ്രായേല്‍ എങ്കിലും, അവരുടെ ചരിത്രം എക്കാലവും സമാധാനത്തിന്റേത് ആയിരുന്നില്ല. ഇതൊരു വൈരുധ്യമായി തോന്നിയേക്കാം. ദൈവം, ഒന്നുമില്ലായ്മയില്‍ നിന്നും, അബ്രഹാം എന്ന 100 വയസ്സുള്ള ഒരു വൃദ്ധനില്‍ നിന്നുമാണ് യിസ്രായേല്‍ ജനത്തെ ഉല്‍ഭവിപ്പിച്ചത്. എന്നാല്‍ അബ്രാഹാമിന്റെ എല്ലാ സന്തതികളും യിസ്രായേല്‍ ആയില്ല. അവന്റെ കൊച്ചുമകനായ യാക്കോബിന്റെ 12 മക്കളുടെ സന്തതി പരമ്പരകല്‍ ആണ് പിന്നീട് യിസ്രായേല്‍ ആയിത്തീര്‍ന്നത്. ദൈവം വാഗ്ദത്തം ചെയ്ത ദേശം കൈവശമാക്കി താമസിക്കുവാനുള്ള അബ്രാഹാമിന്റെ യാത്ര മെസപ്പൊട്ടേമിയ എന്ന സ്ഥലത്തുനിന്നുമാണ് ആരംഭിച്ചത്. അവന്‍ കനാന്‍ എന്ന വാഗ്ദത്ത ദേശത്തു എത്തി, അവിടെ താമസിച്ചു എങ്കിലും പിന്നീട്, അവന്റെ കൊച്ചുമകനായ യാക്കോബും സന്തതികളും 400 ല്‍ അധികം വര്‍ഷങ്ങള്‍ ഈജിപ്തില്‍ അടിമകളായി താമസിച്ചു. അവിടെ നിന്നും മോചനം പ്രാപിച്ച യിസ്രയേല്യര്‍, വീണ്ടും കനാന്‍ ദേശത്ത് വന്നു. അവര്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്ന രാജ്യങ്ങളോട് യുദ്ധം ചെയ്തു ദേശം വീണ്ടും കൈവശമാക്കി. പിന്നീട് ഉള്ള അവരുടെ ചരിത്രം, സമാധാനത്തിന്റെയും, സമൃദ്ധിയുടെയും, യുദ്ധങ്ങളുടെയും, പ്രവാസ ജീവിതത്തിന്‍റെയും, വിദേശ ആധിപത്യത്തിന്‍റെതും ആയിരുന്നു. 1948 ല്‍ ഇന്നത്തെ ആധുനിക യിസ്രായേല്‍ രാജ്യം നിലവില്‍ വന്നു എങ്കിലും, അവരുടെ പോരാട്ടം അവസാനിച്ചിട്ടില്ല.
യിസ്രയേലിന്‍റെ ചരിത്രത്തിലെ മറക്കാനാവാത്ത സംഭവം, യെരൂശലേം പട്ടണത്തിന്റെയും, രണ്ടാമത്തെ ദൈവാലയത്തിന്‍റെയും തകര്‍ച്ച ആണ്. ഇത് AD 70 ല്‍ ആണ് സംഭവിക്കുന്നത്. അന്ന് യഹൂദ ദേശം ഭരിച്ചിരുന്ന റോമന്‍ സാമ്രാജ്യത്വത്തിനെതിരെ AD 66 ല്‍ ആരംഭിച്ച് AD 73 വരെ നീണ്ടുനിന്ന കലാപമാണ് യെരൂശലേം പട്ടണത്തിന്റെ പതനത്തിന് കാരണം.