ഏദനില്‍ ഒരു മൃഗം കൊല്ലപ്പെട്ടോ?

ഏദന്‍ തോട്ടത്തില്‍ ഒരു മൃഗം കൊല്ലപ്പെട്ടോ? കൊല്ലപ്പെട്ടു എങ്കില്‍ ആരാണ് മൃഗത്തെ കൊന്നത്? മൃഗം കൊല്ലപ്പെട്ടു എന്നു പറയുന്ന വാക്യം ഉണ്ടോ? മൃഗത്തിന്‍റെ തോല്‍ ദൈവം ഒന്നുമില്ലായ്മയില്‍ നിന്നും സൃഷ്ടിച്ചതാണോ? അതോ അതൊരു തോല്‍ പോലെ ഉള്ള മറ്റൊരു വസ്തു ആയിരുന്നുവോ?

ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു, സോഷ്യല്‍ മീഡിയകളില്‍ കാണുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി. ഇപ്പോള്‍ ഈ ചോദ്യം, യൂട്യൂബ് ല്‍ എന്നോടു തന്നെ ഒരു സഹോദരന്‍ ചോദിച്ചിരിക്കുന്നു. അതിനാല്‍ അതിനൊരു ഹൃസ്വമായ മറുപടി നല്കുവാന്‍ ആഗ്രഹിക്കുന്നു. 

 


ആദ്യമായി എനിക്കു പറയുവാന്‍ ഉള്ളത്, വേദപുസ്തകം, ദൈവം ചെയ്തതോ, മനുഷ്യന്‍ പ്രവര്‍ത്തിച്ചതോ ആയ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളുടെയും ക്രമമായ ചരിത്രം പറയുന്ന ഒരു ചരിത്ര പുസ്തകം അല്ല. ദൈവവചനം, മനുഷ്യനെക്കുറിച്ചുള്ള ദൈവീക പദ്ധതി, മനുഷ്യന് മനസ്സിലാക്കുവാന്‍ തക്കവണം, അവന്‍ മനസ്സിലാക്കിയിരിക്കേണ്ടുന്നവ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകം ആണ്. ദൈവരാജ്യത്തിന്റെ പുനസ്ഥാപനം എന്നതാണു വേദപുസ്തകത്തിലെ മുഖ്യ വിഷയം. ഈ വിഷയത്തെക്കുറിച്ചുള്ള വെളിപ്പാട് ആണ് ദൈവവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ചരിത്ര പുസ്തകം അല്ല, ദൈവീക വെളിപ്പാടു ആണ്.

വേദപുസ്തകം പഠിക്കേണ്ടത്, അതിലെ ഓരോ വാക്കുകളും വ്യാഖ്യാനിച്ചല്ല, അതില്‍ അടങ്ങിയിരിക്കുന്ന ആത്മീയ മര്‍മ്മങ്ങള്‍ മനസ്സിലാക്കി ആണ്.

 

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ തലമുറ ദൈവ വചനം എന്താണ് എന്നും, അത് എങ്ങനെ പഠിക്കേണം എന്നും അറിവില്ലാത്തവര്‍ ആയി മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം ചോദ്യങ്ങള്‍. എങ്കിലും ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടാകണമല്ലോ. അതിനാല്‍ നമുക്ക് ഉല്‍പ്പത്തി പുസ്തകത്തിലെ പ്രസക്ത വാക്യം വായിക്കാം.

 

ഉല്‍പ്പത്തി 3: 21 യഹോവയായ ദൈവം ആദാമിന്നും അവന്റെ ഭാര്യക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.

 

ഈ വാക്യത്തില്‍ മൃഗത്തിന്റെ തോല്‍ എന്നു പറയുന്നില്ല എന്നത് സത്യം ആണ്. മൃഗത്തെ കൊന്നു എന്നും, ആരാണ് മൃഗത്തെ കൊന്നത് എന്നും പറയുന്നില്ല.

എന്നാല്‍ ദൈവവചനം ഒരിയ്ക്കലും അവ്യക്തമായി ഒന്നും പറയുന്നില്ല. അതിനാല്‍ ഈ വാക്യത്തെ കൂടുതല്‍ മനസ്സിലാക്കുവാന്‍ നമുക്ക് ശ്രമിക്കാം.

ഈ വാക്യത്തിന്റെ ഇംഗ്ലിഷ് വിവര്‍ത്തനത്തില്‍ ഭൂരിപക്ഷത്തിലും ആദമിനും ഹവ്വായ്ക്കും ഉടുപ്പുണ്ടാക്കിയ തോല്‍ മൃഗത്തിന്‍റേതാണ് എന്നു എടുത്തു പറയുന്നില്ല. എന്നാല്‍, New Living Translation ല്‍ ഈ വാക്യം കൊടുത്തിരിക്കുന്നത് എങ്ങനെ ആണ്: “And the LORD God made clothing from animal skins for Adam and his wife.” അതായത് മൃഗത്തിന്റെ തോല്‍ എന്നു ഇവിടെ എടുത്ത് പറഞ്ഞിരിക്കുന്നു. പല പ്രമുഖ ദൈവ ദാസന്മാരും വചനം പ്രസംഗിക്കുവാന്‍ New Living Translation ഇന്ന് ഉപയോഗിക്കാറുണ്ട്.

ഇത് കൂടാതെ, Contemporary English Version, Good News Translation, International Standard Version, God’s Word Translation എന്നിവയിലും “മൃഗത്തിന്റെ തോല്‍” വ്യക്തമായി എന്ന് പറയുന്നുണ്ട്.

ഈ വിവര്‍ത്തനങ്ങളെ എല്ലാം നമുക്ക് തെറ്റാണ് എന്ന് പറഞ്ഞു തള്ളുവാന്‍ സാധ്യമല്ല. അതിനാല്‍ എന്തുകൊണ്ടാണ് മൃഗത്തിന്റെ തോല്‍ എന്ന് വ്യക്തമായി ഇവിടെ പറയുന്നതു എന്ന് നമുക്ക് നോക്കാം.

 

ഉല്‍പ്പത്തി 3:21 ല്‍ ഉപയോഗിച്ചിരിക്കുന്ന “തോൽ” എന്ന മലയാള പദത്തിന്റെ എബ്രായ വാക്ക് “ഓര്‍” (Ore) എന്നാണ്.

“ഓര്‍” എന്ന് ഒരുപോലെ ഉച്ചരിക്കുന്ന രണ്ടു വാക്ക് എബ്രായ ഭാഷയില്‍ ഉണ്ട്. Strong’s Concordance പരിശോധിച്ചാല്‍ ഇത് രണ്ട് വാക്കായി, രണ്ടു അര്‍ത്ഥത്തില്‍ തന്നെ കാണാവുന്നതാണ്.

അതില്‍ ഒരു വാക്കിന്റെ അര്‍ത്ഥം, “വെളിച്ചം” എന്നതാണ്.

സങ്കീര്‍ത്തനം 104:2 ല്‍ “വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.” എന്ന് പറയുന്നിടത്ത്, “പ്രകാശത്തെ” എന്ന് പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന പദം “ഓര്‍” എന്നതാണ്.  

“ഓര്‍” എന്ന് ഉച്ചരിക്കുന്ന രണ്ടാമത്തെ വാക്കിന്റെ അര്‍ത്ഥം തോല്‍ എന്നാണ്. ഇത് ഒരു മൃഗത്തിന്റെയോ, മനുഷ്യന്റെയോ തൊലിനെ അല്ലെങ്കില്‍ ത്വക്കിനെ സൂചിപ്പിക്കുന്നു. അത് വൃക്ഷങ്ങളുടെ തൊലിയെക്കുറിച്ച് പറയുവാന്‍ എബ്രായ ഭാഷയില്‍ ഉപയോഗിക്കാറില്ല.

 

പല യഹൂദ റബ്ബിമാരും അഭിപ്രായപ്പെടുന്നത് ഇങ്ങനെ ആണ്: ആദവും ഹവ്വയും സൃഷ്ടിക്കപ്പെട്ടപ്പോള്‍, അവര്‍ വെളിച്ചത്തെ ഉടുപ്പു എന്നതുപോലെ ധരിച്ചിരുന്നു. എന്നാല്‍ പാപം ചെയ്തു കഴിഞ്ഞപ്പോള്‍ ആ ഉടുപ്പു നഷ്ടപ്പെട്ടു, അവര്‍ നഗ്നര്‍ എന്ന് അറിഞ്ഞു, അതിനാല്‍ ദൈവം അവര്‍ക്ക് തോല്‍ കൊണ്ട് ഒരു ഉടുപ്പുണ്ടാക്കി നല്കി. അതായത് അവരുടെ പാപത്താല്‍ ദൈവീകമായ വെളിച്ചത്തില്‍ നിന്നും ജഡീകമായ തോല്‍ കൊണ്ടുണ്ടാക്കിയ ഉടുപ്പിലേക്ക് അവര്‍ മാറ്റപ്പെട്ടു.

 

ഉല്‍പ്പത്തി 27 ല്‍ നമ്മള്‍ മറ്റൊരു സംഭവം വായിക്കുന്നു: യിസ്ഹാക്ക് തന്റെ ഇഷ്ട പുത്രനായ ഏശാവിനെ അനുഗ്രഹിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് അറിഞ്ഞ അമ്മയായ റിബെക്കാ യാക്കോബിനോട്, രണ്ടു കോലാട്ടിന്‍ കുട്ടികളെ കൊണ്ടുവരുവാനും, അതിനെക്കൊണ്ട് അവള്‍ യിസ്ഹാക്കിന് ഇഷ്ടമുള്ള ഭോജനം ഉണ്ടാക്കാം എന്ന് പറയുന്നുണ്ട്. ഈ ഭോജനം യിസ്ഹാക്കിന് നല്കി അവനില്‍ നിന്നും ഏശാവിന് ലഭിക്കേണ്ടുന്ന അനുഗ്രഹം യാക്കോബ് വാങ്ങിക്കുക എന്നതായിരുന്നു പദ്ധതി. അതിനായി, ഏശാവിന്റെ രോമമുള്ള കൈകള്‍ പോലെ യാക്കോബിന്റെ കൈകളെ ആക്കേണ്ടതിന്, അവൾ കോലാട്ടിൻകുട്ടികളുടെ തോൽകൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.” (27:16). ഈ കോലാട്ടിൻകുട്ടികളെ ആണ് യാക്കോബ് കൊന്നത് എന്ന് ശരിയായി അനുമാനിക്കാം.

ഇവിടെ, “തോല്‍” എന്ന് പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം, “ഓര്‍” എന്നതാണ്. അതിന്റെ അര്‍ത്ഥം മൃഗത്തിന്റെ തോല്‍ എന്നതാണ്.

 

ദൈവം കൃത്രിമമായ, മൃഗത്തിന്റെ തോല്‍ പോലെ ഇരിക്കുന്ന ഏതോ വസ്തു കൊണ്ട് ആദമിനും ഹവ്വയ്ക്കും ഉടുപ്പു ഉണ്ടാക്കിയതല്ല. അങ്ങനെ ചെയ്താല്‍, ആദമിനെയും ഹവ്വയെയും കബളിപ്പിക്കുന്ന ഒരു ദൈവമായി അവന്‍ മാറും. അതിനാല്‍ അതൊരു യുക്തി ഭദ്രമായ ചിന്ത അല്ല. മാത്രവുമല്ല, ഈ സംഭവത്തിന്റെ എല്ലാ ആത്മീയ മര്‍മ്മവും അതിനാല്‍ ഇല്ലാതെ ആകുകയും ചെയ്യും.

 

ആദാമിന്റെ കാലത്ത് മനുഷ്യരും മൃഗങ്ങളും മാംസഭിജികള്‍ ആയിരുന്നില്ല, എന്നു ഉല്‍പ്പത്തി 1: 29, 30 വാക്യങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

അതിനാല്‍ ഹാബെല്‍ ആടുകളെ വളര്‍ത്തിയിരുന്നതിന്റെ പ്രധാന ഉദ്ദേശ്യം, അതിന്റെ തോല്‍ കൊണ്ട് ഉടുപ്പു ഉണ്ടാക്കുക, അതിനെ യാഗമായി അര്‍പ്പിക്കുക എന്നത് ആയിരിക്കേണം. അത് ദൈവം കാണിച്ചുകൊടുത്ത മാതൃക ആണ്.

ഹാബെല്‍, ഒരു ആടിനെ യാഗമായി അര്‍പ്പിച്ചതും, ദൈവം ഏദനില്‍ കാണിച്ചുകൊടുത്ത മാതൃകയില്‍, പാപ പരിഹാരത്തിനായി ആയിരിക്കേണം. ഈ രണ്ട് ആവശ്യങ്ങള്‍ അല്ലാതെ, ആടുകളെ വളര്‍ത്തുന്നതുകൊണ്ട് അന്ന് ആവശ്യം ഇല്ല.

 

ദൈവം സകലത്തിന്റെയും സൃഷ്ടാവ് ആയതിനാല്‍, അവന് ഒരു മൃഗത്തെ കൊല്ലാതെ തന്നെ, മൃഗത്തിന്റെ തോല്‍ ഉണ്ടാക്കുവാന്‍ കഴിയുമായിരുന്നില്ലേ, എന്നൊരു ചോദ്യവും സംശയാലുക്കള്‍ ഉദ്ധരിക്കുന്നുണ്ട്. മനുഷ്യന്റെ സൃഷ്ടിക്കു ശേഷം ദൈവം യാതൊന്നും പുതിയതായി ഈ ഭൂമിയില്‍ സൃഷ്ടിച്ചിട്ടില്ല എന്ന് നമ്മള്‍ മനസ്സിലാക്കേണം. ആറ് ദിവസങ്ങള്‍ കൊണ്ട് സൃഷ്ടി പൂര്‍ത്തീകരിച്ച്, ഏഴാം ദിവസം ദൈവം വിശ്രമിച്ചു.

ഉല്‍പ്പത്തി 2:1, 2 ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി.”

സൃഷ്ടിയുടെ പൂര്‍ത്തീകരണം ഓര്‍ക്കുവാനും, ദൈവം തന്നെ ആണ് സൃഷ്ടാവ് എന്നു ഓര്‍ക്കുവാനുമാണ്, ശബ്ബത്തു ദിവസത്തെ ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍, വീണ്ടും വീണ്ടും, ആവശ്യമുള്ളപ്പോള്‍ എല്ലാം സൃഷ്ടിക്കുക്ക എന്ന രീതി ദൈവത്തിന് ഇല്ല. 

 

ദൈവമാണോ മൃഗത്തെ കൊന്നത് അതോ ആദമാണോ എന്നതാണു അടുത്ത ചോദ്യം. ദൈവം തന്നെ ആണ് മൃഗത്തെ കൊന്നതും തോല്‍ കൊണ്ട് ഉടുപ്പു ഉണ്ടാക്കിയതും.

ഇത് ഞാന്‍ ഹൃസ്വമായി വിശദീകരിക്കാം.


ദൈവം ആദമിനോടു കല്‍പ്പിച്ചിരുന്നത്, “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” എന്നായിരുന്നു. (ഉല്‍പ്പത്തി 2: 16, 17)

പാപത്തിന്റെ ശിക്ഷയെക്കുറിച്ചുള്ള ദൈവീക കല്‍പ്പന, മരണം നീങ്ങിപ്പേകേണം എങ്കില്‍ പാപത്തിന് ഒരു പരിഹാരം ഉണ്ടാകേണം എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. പാപം മറയ്ക്കപ്പെടേണം.

അതിനാല്‍ ആണ്, പാപം ചെയ്തതിന് ശേഷം, ആദാമും ഹവ്വായും അത്തിയില കൊണ്ട് അരയാട ഉണ്ടാക്കിയത്. അവര്‍ പാപത്തെ മറയ്ക്കുവാന്‍ ശ്രമിക്കുക ആയിരുന്നു.

എന്നാല്‍ മനുഷ്യന്‍ കണ്ടെത്തിയ ഒരു പരിഹാരത്തിന് പാപത്തെ മറയ്ക്കുവാന്‍ കഴിയില്ല എന്നു അവര്‍ക്ക് അപ്പോള്‍ തന്നെ ബോധ്യം ആയി. എന്നാല്‍ അതില്‍ കൂടുതല്‍ യാതൊന്നും അവര്‍ക്ക് ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ അവര്‍ ദൈവ സന്നിധിയില്‍ നിന്നും ഓടി ഒളിക്കുവാന്‍ ശ്രമിച്ചു.

കൃപയാല്‍, ദൈവം മനുഷ്യനെ അങ്ങനെ അകറ്റിക്കളയുവാന്‍ ആഗ്രഹിച്ചില്ല. മനുഷ്യനു സാധ്യമല്ലാത്തത് ദൈവം ചെയ്യുവാന്‍ തീരുമാനിച്ചു.

ഒരു പാപ പരിഹാരം ദൈവം കണ്ടെത്തി. അത് നിഷ്കളങ്കമായ ഒരു ജീവന്‍ ആദ്യമനുഷ്യര്‍ക്ക് പകരമായി ഒഴുക്കിക്കളയുക എന്നതായിരുന്നു. ആദ്യ മനുഷ്യരുടെ മരണത്തിന് പകരമായി, പാപം ഇല്ലാത്ത മറ്റൊരു ജീവന്‍ മരിക്കുന്നു. ഇത് ദൈവത്തിന്റെ പദ്ധതി ആണ്, ദൈവത്തിന്റെ ക്രമീകരണം ആണ്. അതിനാല്‍ തന്നെ ദൈവം തന്നെ ഒരു മൃഗത്തെ കണ്ടെത്തി, പാപരഹിതന്‍ ആയ ദൈവം തന്നെ അതിനെ കൊന്നു, അതിന്റെ പാപ രഹിതമായ രക്തം ഒഴുക്കി കളഞ്ഞു. അത് ആദ്യ മനുഷ്യരുടെ പാപത്തിനും മരണത്തിനും പകരമായി ദൈവം കണക്കിട്ടു.

ഇത് മനുഷ്യന്‍ കണ്ടെത്തിയ പാപ പരിഹാര മാര്‍ഗ്ഗം അല്ല, ദൈവം ക്രമീകരിച്ച പരിഹാര മാര്‍ഗ്ഗം ആണ്. പാപിയായ മനുഷ്യനു ഇങ്ങനെ ഒരു പരിഹാരം കണ്ടെത്തുക സാധ്യമല്ല. അതിനാല്‍ തന്നെ സകലതും ദൈവം ക്രമീകരിച്ചു.

മനുഷ്യന്‍ കണ്ടെത്തിയ പാപ പരിഹാര മാര്‍ഗ്ഗമായ, അത്തിയില കൊണ്ടുള്ള അരയാടയെ ദൈവം മാറ്റി, നിര്‍ദ്ദോഷമായ രക്തം നിറഞ്ഞ മൃഗത്തിന്റെ തോല്‍ കൊണ്ട് ഒരു ഉടുപ്പുണ്ടാക്കി മനുഷ്യനെ ധരിപ്പിച്ചു. ഇതിലൂടെ, മനുഷ്യന്‍റെ പാപത്തെ മറയ്ക്കുവാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്നും, നിര്‍ദ്ദോഷമായ രക്തം പാപത്തെ മറയ്ക്കുന്നു എന്നുമുള്ള പുതിയ ഒരു സന്ദേശം ദൈവം മനുഷ്യര്‍ക്ക് നല്കി.

മാനവ ചരിത്രത്തില്‍, അന്നുമുതല്‍ ഇന്നുവരെയും, ദൈവീക ക്രമീകരണം അനുസരിച്ചു നടന്നിട്ടുള്ള എല്ലാ പാപ പരിഹാര യാഗങ്ങളും, ദൈവം ക്രമീകരിച്ച ഏദന്‍ തോട്ടത്തിലെ പാപരഹിതമായ പാപ പരിഹാര യാഗത്തിന്റെ, തുടര്‍ച്ചയോ, ആവര്‍ത്തനമോ, പൊരുളോ ആണ്.

ഹാബെലിന്റെ യാഗം ഇതിന്റെ തുടര്‍ച്ചയും ആവര്‍ത്തനവും ആണ്. യിസ്ഹാക്കിന്‍റെ യാഗം ഇതിന്‍റെ പൊരുള്‍ ആയി വീണ്ടെടുപ്പിന്‍റെ യാഗമായി മാറുന്നു. നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പാപ പരിഹാര യാഗം, ഏദനില്‍ ദൈവം കാണിച്ചുകൊടുത്ത മാതൃകയുടെ അന്തിമമായ പൊരുള്‍ ആയി തീര്‍ന്നു. യേശു ക്രിസ്തുവിന്റെ യാഗം, പാപ പരിഹാരം ആണ്, വീണ്ടെടുപ്പ് ആണ്, ജയമാണ്, പുനസ്ഥാപനം ആണ്.

 അതായത്, ഈ ആത്മീയ മര്‍മ്മം, അവിടെ ദൈവം ഒരു പാപ പരിഹാരത്തെ കണ്ടെത്തേണം എന്നും, അതിനായി ഒരു മൃഗം കൊല്ലപ്പെടേണം എന്നും, അതിന്റെ രക്തത്താല്‍ മാത്രമേ പാപം മറയ്ക്കപ്പെടുക ഉള്ളൂ എന്നും വ്യക്തമാക്കുന്നു.

ഏദനില്‍ ഒരു മൃഗം കൊല്ലപ്പെട്ടില്ല എന്നോ, അത് ദൈവമല്ല കൊന്നത് എന്നോ, മൃഗത്തിന്റെ തോല്‍ കൊണ്ട് മനുഷ്യനു ഉടുപ്പു ഉണ്ടാക്കിയില്ല എന്നോ നമ്മള്‍ വാദിക്കുമ്പോള്‍, നമ്മള്‍ ദൈവീക പാപ പരിഹാര മാര്‍ഗ്ഗത്തെയും, ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിന്നായുള്ള ദൈവീക പദ്ധതിയെയും നിഷേധിക്കുക ആണ്.

ഞാന്‍ ഈ ഹൃസ്വമായ വീഡിയോ ഇവിടെ അവസാനിപ്പിക്കുന്നു.

വേദപുസ്തക മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കാണുവാനും കേള്‍ക്കുവാനും നിങ്ങളെ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. 

 എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.

ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക. മറ്റുള്ളവരോടുകൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.

 

No comments:

Post a Comment