ലാസറിന്റെയും ധനവാന്റെയും ഉപമ

യേശുവിന്റെ ഉപമകള്‍ ഗൌരവമേറിയ ആത്മീയ സത്യങ്ങള്‍ നിറഞ്ഞവ ആണ്. അതിനു ഒരു പ്രധാന കേന്ദ്ര സന്ദേശം ഉള്ളപ്പോള്‍ തന്നെ, അവയുടെ വിശദാംശങ്ങളും കേന്ദ്ര സന്ദേശത്തോട് ചേര്‍ന്ന് പോകുന്നത് ആയിരുന്നു.
അന്ന് യഹൂദ സമൂഹത്തില്‍ അറിയപ്പെട്ടിരുന്ന കഥകള്‍ ആണ് യേശു ഉപമകള്‍ ആയി ഉപയോഗിച്ചത്. എന്നാല്‍ യേശുവിന്റെ ഉപമകള്‍ വെറും സാങ്കല്‍പ്പിക കഥകള്‍ ആയിരുന്നില്ല. യേശു അവയ്ക്ക് തന്റെ മുഖ്യ സന്ദേശത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി.
ഉപമകളുടെ ഒരു വിശദാംശം പോലും വ്യാഖ്യാനിച്ചു യേശു ഉദ്ദേശിക്കാത്ത ഒരു അര്‍ത്ഥത്തിലേക്ക് പോകുക സാധ്യമല്ല. അത്രമാത്രം സൂക്ഷ്മതയോടെ ആണ് അവ ഓരോന്നും യേശു പറഞ്ഞത്. അതിനാല്‍ ഒരു ഉപമയിലെ ചില കാര്യങ്ങള്‍ ഗൌരവമുള്ളതാണ്, അതിലെ ചില വിശദാംശങ്ങള്‍ സാങ്കല്‍പ്പികം മാത്രമാണ് എന്ന് പറഞ്ഞു അവയെ വ്യാഖ്യാനിക്കുവാന്‍ സാധ്യമല്ല.
എല്ലാ ഉപമകളും ഒരു സമ്പൂര്‍ണ്ണ ചിത്രം ആണ്. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത സങ്കല്‍പ്പങ്ങള്‍ക്ക് യേശുവിന്റെ ഉപമകളില്‍ ഇടം ഇല്ല.
ലാസറിന്റെയും ധനവാന്റെയും ഉപമയും ഇതെ ഗണത്തില്‍ തന്നെ ഉള്ളതാണ്.


വേദപുസ്തകത്തിലെ പുതിയനിയമത്തില്‍ ലാസര്‍ എന്ന പേരുള്ള രണ്ടു പേരുടെ കാര്യം പറയുന്നുണ്ട്.
അതില്‍ ഒന്ന്, ബേഥാന്യയിലെ, മാര്‍ത്ത, മറിയ എന്നിവരുടെ സഹോദരന്‍ ആയ ലാസര്‍ ആണ്. ലാസര്‍ മരിക്കുകയും അടക്കം ചെയ്യപ്പെടുകയും അതിനു ശേഷം നാലാം ദിവസം യേശു അവനെ ഉയിര്‍പ്പിക്കുകയും ചെയ്തു.
രണ്ടാമത്തെ ലാസര്‍ യേശു പറഞ്ഞ ലാസറിന്റെയും ധനവാന്റെയും ഉപമയിലെ ഒരു കഥാപാത്രം ആണ്.
ഈ ഉപമ ആണ് നമ്മള്‍ ഇന്ന് പഠിക്കുവാന്‍ ആഗ്രഹിക്കുന്നത്.
ഉപമ നമുക്ക് ലൂക്കോസ് 16: 19 – 31 വരെയുള്ള വാക്യങ്ങളില്‍ വായിക്കാവുന്നതാണ്.
ലൂക്കോസിന്‍റെ സുവിശേഷത്തില്‍ മാത്രമേ നമ്മള്‍ ഈ ഉപമ വായിക്കുന്നുള്ളൂ. അതിനു മറ്റ് ഉപമയേക്കാള്‍ ചില വ്യത്യാസങ്ങളും ഉണ്ട്.

ഉപമയുടെ പശ്ചാത്തലം

ഈ ഉപമ ശരിയായി മനസ്സിലാക്കുവാന്‍ യേശു അത് പറഞ്ഞ പശ്ചാത്തലവും അതിന്റെ കേള്‍വിക്കാര്‍ ആരായിരുന്നു എന്നും മനസ്സിലാക്കേണ്ടതുണ്ട്.
ലൂക്കോസ് 15 ആം അദ്ധ്യായം ആരംഭിക്കുന്നത്, ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു.” എന്ന് പറഞ്ഞുകൊണ്ടാണ്.
എന്നാല്‍ വചനം കേള്‍ക്കുവാന്‍ വന്നവരില്‍ പരീശന്മാരും ശാസ്ത്രിമാരും ഉണ്ടായിരുന്നു. അവര്‍ വന്നത് വചനം കേട്ട്, അതിനെ സ്വീകരിച്ചു അനുസരിക്കുവാന്‍ അല്ലായിരുന്നു എന്ന് മാത്രം.
അതിനാല്‍, “ഇവൻ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.” ഇത് ജനങ്ങളുടെ ഇടയില്‍ ആശയക്കുഴപ്പവും, യേശു ഒരു വിശുദ്ധനായ റബ്ബി അല്ല എന്ന തോന്നാല്‍  സൃഷ്ടിക്കുവാനും ആയിരുന്നു.

അവരുടെ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി എന്നോണം യേശു ഒന്നിലധികം ഉപമകള്‍ പറയുന്നുണ്ട്.
കാണാതെപോയ ആടിന്റെ ഉപമയാണ് ആദ്യത്തേത്. തുടര്‍ന്നു കാണാതെ പോയ ദ്രഹ്മയുടെ ഉപമ പറഞ്ഞു. അതിനു ശേഷം മുടിയനായ പുത്രന്‍റെ ഉപമ യേശു പറഞ്ഞു.
ഇവിടെ എല്ലാം, കാണാതെ പോയ പാപികള്‍ മാനസാന്തരപ്പെട്ടു വരുമ്പോള്‍ ദൈവസന്നിധിയില്‍ വലിയ സന്തോഷം ഉണ്ടാകും എന്ന് പറയുന്നു.
ചുങ്കക്കാരും പാപികളും മാനസാന്തരപ്പെടുവാന്‍ യോഗ്യരാണ്, അവരുടെ മാനസാന്തരത്തില്‍ സ്വര്‍ഗ്ഗം സന്തോഷിക്കും എന്ന സന്ദേശമാണ് യേശു ഈ ഉപമകളിലൂടെ പറയുന്നത്.

16 ആം അദ്ധ്യായത്തില്‍ ബുദ്ധിയുള്ള കാര്യാവിചാരകന്‍റെ ഉപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതായത് കാണാതെ പോയതിനെ കണ്ടുകിട്ടുമ്പോള്‍ ഉള്ള സന്തോഷത്തെ വിവരിക്കുന്നതില്‍ നിന്നും ഈ ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ ബുദ്ധിയോടെ പ്രവര്‍ത്തിക്കേണം എന്നതിലേക്ക് യേശുവിന്റെ ഉപദേശം മാറുന്നു.
ഈ ഭൂമിയില്‍ ആയിരിക്കുമ്പോള്‍ കൈവശം ഉള്ള സമ്പത്തു സ്വര്‍ഗ്ഗീയതയില്‍ സ്വാഗതം ലഭിക്കുവാന്‍ ഉതകുന്ന രീതിയില്‍ നിക്ഷേപിക്കേണം എന്നാണ് യേശു പറയുന്നതു.
വെളിപ്പാട് പുസ്തകം 14: 13 ല്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.”


ബുദ്ധിയുള്ള കാര്യാവിചാരകന്റെ ഉപയ്ക്ക് ശേഷമാണ് ഇപ്പോള്‍ നമ്മള്‍ പഠിക്കുവാന്‍ പോകുന്ന ലാസറിന്റെയും ധനവാന്റെയും ഉപമ യേശു പറയുന്നത്. അതിനാല്‍ അതിനെ അല്‍പ്പമായി നമുക്ക് മനസ്സിലാക്കാം.
ധനവാനായോരു മനുഷ്യനു ഒരു കാര്യവിചാരകൻ ഉണ്ടായിരുന്നു; അവൻ യജമാനന്റെ വസ്തുവകള്‍ നാനാവിധമാക്കി. അതിനാല്‍ യജമാനന്‍ അവനെ വിളിച്ചു: നിന്റെ കാര്യവിചാരത്തിന്റെ കണക്കു ഏല്പിച്ചുതരിക. നിന്നെ ജോലിയില്‍ നിന്നും പിരിച്ചുവിടുവാന്‍ പോകുന്നു എന്ന് പറഞ്ഞു.
എന്നാല്‍ അവന്‍ ബുദ്ധിയുള്ളവന്‍ ആയിരുന്നു. യജമാനന്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടാലും, മറ്റ് മനുഷ്യരുമായുള്ള സൌഹൃദം നഷ്ടപ്പെടരുത് എന്ന് അവന്‍ കരുതി. ഒരു പക്ഷേ താന്‍ മറ്റുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും നന്മ ചെയ്താല്‍ അവര്‍ തിരിച്ച് നന്മ ചെയ്യും എന്ന് അവന്‍ വിചാരിച്ചു. നന്മ ചെയ്യുവാനുള്ള അവസരത്തെ പില്‍ക്കാലത്തേക്കുള്ള ഒരു നിക്ഷേപമായി മാറ്റുവാന്‍ അവന്‍ തീരുമാനിച്ചു.
അതുകൊണ്ടു അവൻ യജമാനന്റെ കടക്കാരിൽ ഓരോരുത്തനെ വരുത്തി. അവന്‍ എല്ലാവരുടെയും കടം ഇളച്ചുകൊടുത്തു.
ഈ വിവരവും യജമാനന്‍ അറിഞ്ഞു. ഇത് യജമാനനോട് കാണിച്ച അനീതി ആണ് എന്നതിനാല്‍ അവനെ ഉടന്‍ തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയാണ് ചെയ്യേണ്ടത്. എന്നാല്‍ കാര്യാവിചാരകരകന്റെ ബുദ്ധിയോടെയുള്ള പ്രവര്‍ത്തിയില്‍ യജമാനന്‍ സംതൃപ്തന്‍ ആയി എന്നാണ് ഉപമയില്‍ പറയുന്നതു. 
ഉപമ ഇങ്ങനെ പറഞ്ഞതിനു ശേഷം, “അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ” എന്നൊരു ഉപദേശം യേശു പറയുക ആണ്.
എന്ന് മാത്രമല്ല, അതിന്റെ ഗുണവശം കൂടി യേശു പറയുന്നു: അനീതിയുള്ള മാമ്മോന്‍ എന്ന ഭൌതീക സമ്പത്തു ഇല്ലാതാകുമ്പോള്‍, അവര്‍ നിത്യാകൂടാരങ്ങളില്‍ നിങ്ങളെ ചേര്‍ത്തുകൊള്ളും.
ഈ വാക്യത്തില്‍ ചില അവ്യക്ത ഉണ്ട്. അതിനാല്‍ നമുക്ക് തുടര്‍ന്നു വായിയ്ക്കാം. നിങ്ങൾ അനീതിയുള്ള മമ്മോനിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായതു നിങ്ങളെ ആർ ഭരമേല്പിക്കും? അന്യമായതിൽ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്കു സ്വന്തമായതു ആർ തരും?”
അനീതി ഉള്ള മാമ്മോന്‍ നമുക്ക് അയോഗ്യം തന്നെ ആണ്. എന്നാല്‍ അതില്‍ വിശ്വസ്തര്‍ ആയിരിക്കേണം. വിശ്വസ്തരെ പിന്നീട് സത്യമായത് ഭരമേല്‍പ്പിക്കും.
ഉപമയുടെ സന്‍മാര്‍ഗ്ഗിക പാടം അവസാനിക്കുന്നത് ഇങ്ങനെ ആണ്: “രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യനും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല.” (13)
14 ആം വാക്യത്തില്‍ നമ്മള്‍ വായിക്കുന്നു: “ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാർ കേട്ടു അവനെ പരിഹസിച്ചു.”
അതായത് യേശു ഉപമകളിലൂടെ സംസാരിച്ചുകൊണ്ടിരുന്നത് ദ്രവ്യാഗ്രഹികള്‍ ആയ പരീശന്മാരെ നോക്കികൊണ്ടാണ്. മറ്റുള്ളവര്‍ക്കും അതിലെ ആശയങ്ങള്‍ പ്രയോജനകരമാണ് എങ്കിലും, പരീശന്മാര്‍ ആയിരുന്നു മുഖ്യ ലക്ഷ്യം.
എന്നാല്‍, യേശു പറഞ്ഞ ബുദ്ധിയുള്ള കാര്യസ്ഥന്റെ ഉപമയും അതിന്റെ സാരോപദേശവും ദ്രവ്യാഗ്രഹികള്‍ ആയ പരീശന്‍മാര്‍ക്ക് സ്വീകാര്യമായിരുന്നില്ല.

ലാസറിന്റെയും ധനവാന്റെയും ഉപമ

തുടര്‍ന്നാണ് 19 ആം വാക്യം മുതല്‍ ലാസറിന്റെയും ധനവാന്റെയും ഉപമ യേശു പറയുന്നതു.
ഞാന്‍ മുമ്പു പറഞ്ഞതുപോലെ, രണ്ടു വിഭാഗം ആളുകള്‍ യേശുവിന്റെ മുന്നില്‍ ഉപമ കേള്‍ക്കുന്നവരായി ഉണ്ട്. ഒന്നു, യേശുവിന്റെ വചനം കേൾക്കുവാനും സ്വീകരിക്കുവാനും അനുസരിക്കുവാനും തയ്യാറായി വന്നിരിക്കുന്ന ചുങ്കക്കാരും പാപികളും ആയവര്‍. രണ്ടാമത്തെ കൂട്ടര്‍ യേശുവിനെ പരിഹസിക്കുവാനായി വന്നിരിക്കുന്ന ദ്രവ്യാഗ്രഹികളയാ പരീശന്മാര്‍.
അങ്ങനെ ഉപമ ആരംഭിക്കുന്നതിന് മുമ്പേതന്നെ ചുങ്കക്കാരും പാപികളും ഉപമയിലെ ലാസറായി, ദ്രവ്യാഗ്രഹികളയാ പരീശന്മാരും ശാസ്ത്രിമാരും ഉപമയിലെ ധനവാന്‍ ആയി.
ഉപമ ഈ രണ്ടു കൂട്ടരെ കുറിച്ചുള്ളതാണ്, അവരുടെ മരണാനന്തര ജീവിതത്തെ കുറിച്ച് ഉള്ളതാണ്.

ഉപമയിലെ ലാസര്‍ ദരിദ്രന്‍ ആയ ഒരു മനുഷ്യന്‍ ആയിരുന്നു. അവന്‍ ഒരു ധനവാനായ മനുഷ്യന്‍റെ പടിപ്പുരക്കൽ കിടന്നിരുന്നു. അവന്റെ ശരീരത്തില്‍ വൃണങ്ങള്‍ ഉണ്ടായിരുന്നു, നായ്ക്കള്‍ വന്നു അവന്റെ വ്രണം നക്കുമായിരുന്നു. ധനവാന്‍ ഭക്ഷിച്ചതിന് ശേഷം ശേഷിപ്പുള്ളതു ലാസറിന്  ലഭിച്ചാല്‍ അതായിരുന്നു അവന്റെ ആഹാരം. “ധനവാന്റെ മേശയിൽനിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു” എന്നു മാത്രമേ ഉപമയില്‍ പറയുന്നുള്ളൂ. (16:21)
ധനവാന്‍ അവന്റെ ഭക്ഷണത്തിന്‍റെ ശേഷിപ്പ് ലാസറിന് കൊടുക്കുമായിരുന്നു എന്ന് പറയുന്നില്ല.
ഈ ഭൂമിയിലെ ജീവിതത്തില്‍ ലാസറിന് യാതൊരു ആശ്വാസവും പരിചരണവും ലഭിച്ചില്ല. ദൈവം മാത്രമേ അവന് സഹായമായി ഉണ്ടായിരുന്നുള്ളൂ. നായ്ക്കള്‍ മാത്രമേ അവന് കൂട്ട് ഉണ്ടായിരുന്നുള്ളൂ.

ധനവാന്‍ ആകട്ടെ, ആഡംബരത്തോടെ സുഖിച്ചു ജീവിച്ചിരുന്നു.
ധനവാനെ സംബന്ധിച്ചിടത്തോളം, ദേശത്തുള്ള അനേകം ദരിദ്രരില്‍ ഒരുവന്‍ മാത്രമായിരുന്നു ലാസര്‍. ദര്‍ദ്രര്‍ ദാരിദ്ര്യത്തില്‍ ജീവിക്കുകയും മരിക്കുകയും ചെയ്യും. അത് ധനവാന്‍റെ ആഡംബരജീവിതത്തെ ബാധിക്കുന്ന വിഷയം അല്ല.

എന്നാല്‍, മരണാനതര ജീവിതത്തില്‍ ഭൌതീക ജീവിതത്തിന്റെ ക്രമീകരണങ്ങള്‍ തലകീഴായ് മറിയുക ആണ്.
ദരിദ്രനായ ലാസര്‍ ഒരു ദിവസം മരിച്ചു. അവനെ ദൂതന്മാർ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.
പിന്നീട് ഏതോ ഒരു ദിവസം ധനവാനും മരിച്ചു അടക്കപ്പെട്ടു; അവന്‍ പാതാളത്തിലേക്ക് പോയി.
അവന്‍ പാതാളത്തില്‍ കിടക്കുമ്പോള്‍, അബ്രാഹാമിനെ, “അബ്രഹാം പിതാവേ” എന്നാണ് വിളിക്കുന്നത്. അതിന്റെ അര്‍ത്ഥം, ധനവാന്‍ ഒരു യഹൂദന്‍ ആയിരുന്നു. അതായത്, യഹൂദനും പാതാളത്തില്‍ പോയേക്കാം എന്നാണ് യേശു ഇവിടെ പറയുന്നത്. ജഡപ്രകാരം അബ്രാഹാമിന്റെ സന്തതി എന്നത് സ്വര്‍ഗ്ഗീയ വിശ്രമത്തിന്റെ ഉറപ്പല്ല.

ധനവാന്‍ പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തുനിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു:
അബ്രാഹാം പിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു, എന്നു ധനവാന്‍ വിളിച്ചു പറഞ്ഞു.
എന്നാല്‍, അബ്രഹാം, ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. അതിനാല്‍ അങ്ങോട്ടും ഇങ്ങോട്ടും വരുവാന്‍ സാധ്യമല്ല എന്നു പറഞ്ഞു.
അപ്പോള്‍ ധനവാന്‍, എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമേ; എന്റെ സഹോദരന്മാര്‍ ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ ലാസര്‍ അവരോടു സാക്ഷ്യം പറയട്ടെ എന്നു അപേക്ഷിച്ചു.
അബ്രാഹാം അവനോടു: അവർക്കു ന്യായപ്രമാണങ്ങളും പ്രവചന പുസ്തകങ്ങളും ഉണ്ടല്ലോ; അവരുടെ വാക്കു അവർ കേൾക്കട്ടെ എന്നു പറഞ്ഞു.
അപ്പോള്‍ ധനവാന്‍, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു. അതിനു അബ്രഹാം, ന്യായപ്രമാണങ്ങളും പ്രവാചകന്മാരെയും അനുസരിക്കുവാന്‍ മനസ്സില്ലാത്താവര്‍, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.
ഇതാണ് യേശു പറഞ്ഞ ഉപമയുടെ സംക്ഷിപ്ത രൂപം.

സാങ്കല്‍പ്പികമോ യഥാര്‍തമോ?

ഇതൊരു സാങ്കല്‍പ്പിക കഥ മാത്രമായിരുന്നുവോ അതോ ഒരു യഥാര്‍ത്ഥ സംഭവം ആയിരുന്നുവോ എന്നതില്‍ വേദപണ്ഡിതന്മാര്‍ക്കിടയില്‍ ഭീന്നാഭിപ്രായം ഉണ്ട്.
കാരണം, ഈ ഉപമയ്ക്ക് മറ്റുള്ളവയില്‍ നിന്നും ചില വ്യത്യാസങ്ങള്‍ ഉണ്ട്.   
സാധാരണ ഉപമകളില്‍ അതിലെ കഥാപാത്രങ്ങളുടെ പേരുകള്‍ പറയാറില്ല എങ്കിലും, ഇവിടെ യേശു ഈ ഉപമയിലെ ഒരു വ്യക്തിയുടെ പേര് ലാസര്‍ എന്നായിരുന്നു എന്നു പറയുന്നു.
സാധാരണ ചെയ്യാറുള്ളതുപോലെ, യേശു പിന്നീട് ഈ ഉപമയെ വിശദീകരിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്നില്ല. ഉപമയുടെ അവസാനം ഉപസംഹാരമായി ഒരു സാന്‍മാര്‍ഗ്ഗിക ഉപദേശം അവന്‍ പറയുന്നില്ല.
ഇതെല്ലാം കാരണം, ഉപമയില്‍ പറഞ്ഞിരിക്കുന്നതെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെ തന്നെ സത്യമാണ് എന്ന സന്ദേശമാണ് നമുക്ക് ലഭിക്കുക.
മദ്ധ്യകാലഘട്ടത്തില്‍ ഈ ഉപമയെ, ക്രൈസ്തവര്‍ പൊതുവേ, യഥാര്‍ത്ഥത്തില്‍ സംഭവിച്ചതായി തന്നെ കരുതിയിരുന്നു. ലാസറിനെ കുഷ്ഠരോഗികളുടെ വിശുദ്ധനും മദ്ധ്യസ്ഥനുമായി കരുതിയിരുന്നു. 

എന്നാല്‍ ഇതിനെക്കുറിച്ച് വ്യത്യസ്തങ്ങള്‍ ആയ അഭിപ്രായങ്ങള്‍ ഉണ്ട്.
ഉപമകള്‍ എപ്പോഴും യഥാര്‍ത്ഥ സംഭവങ്ങള്‍ ആയിരിക്കേണം എന്നില്ല. ഭൂരിപക്ഷം ഉപമകളും അക്കാലത്തെ സുപരിചിതമായ കഥകള്‍ ആണ്.
ഉപമകള്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ അല്ലാത്തതിനാല്‍ അവയിലൂടെ പറയുന്ന മുഖ്യ സന്ദേശത്തിന്‍റെ മൂല്യം കുറയുന്നുമില്ല.

ഉപമയിലെ ലാസര്‍ എന്ന വ്യക്തിയെ കുറിച്ച് വേദപുസ്തകത്തില്‍ മറ്റൊരിടത്തും പറയുന്നില്ല. കൂടുതലായ യാതൊരു വിവരണവും ലഭ്യമല്ല.
അവന്‍ യഥാര്‍ഥമായി ജീവിച്ചിരുന്ന ഒരുവന്‍ ആണോ എന്ന് നമുക്ക് നിശ്ചയം ഇല്ല. ലാസര്‍, എന്ന്, എവിടെ, ജീവിച്ചിരുന്നു എന്നും നമുക്ക് അറിഞ്ഞുകൂടാ. അതിനാല്‍ ഇതൊരു ഉപയിലെ കഥാപാത്രം മാത്രമാണ് എന്ന് ചിന്തിക്കുന്നതാണ് യുക്തി.
ലാസര്‍ എന്ന പേര് ഒരു പക്ഷേ “ദൈവം സഹായിക്കുന്നു” എന്ന അര്‍ത്ഥം ഉള്ള “എല്യേസര്‍” എന്ന എബ്രായ പേരിന്റെ ഗ്രീക് ഭാഷാന്തരം ആയിരിക്കേണം. അതിനാല്‍ അതൊരു വ്യക്തിയുടെ പേര് ആയിട്ടല്ല ഉപമയില്‍ ഉപയോഗിക്കുന്നത് എന്ന ചിന്തയും യുക്തിഭദ്രം ആണ്.  ലാസറിന് ദൈവം മാത്രമേ സഹായമായിട്ടുള്ളൂ.

ഉപമയില്‍ ധനവന്റെ പേര് പറയുന്നില്ല. പാരമ്പര്യ കഥകള്‍ അവന് പല പേരുകള്‍ പറയുന്നുണ്ട്. ഡൈവ്സ് (dives) എന്നൊരു പേര് പറയുന്നുണ്ടെങ്കിലും അതൊരു വ്യക്തിയുടെ പേര് ആകുവാന്‍ സാധ്യത ഇല്ല; കാരണം നാലാം നൂറ്റാണ്ടില്‍ ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത വേദപുസ്തകത്തില്‍ ഡൈവ്സ് എന്ന പദത്തിന് ധനവാന്‍ എന്ന അര്‍ത്ഥമേ ഉള്ളൂ.
ധനവാന്‍റെ പേര്, നീനെവേ, എന്നും ഫിനെയാസ് എന്നും ആണെന്ന് മൂന്നാം നൂറ്റാണ്ടിലും നാലാം നൂറ്റാണ്ടിലും ഉള്ള പാരമ്പര്യ കഥകള്‍ പറയാറുണ്ടായിരുന്നു.

മദ്ധ്യയുഗത്തിലെ വേദപണ്ഡിതന്മാര്‍ ഇതിനെ ഒരു ഉപമ എന്നതില്‍ ഉപരി യഥാര്‍ത്ഥ സംഭവം ആയിട്ടാണ് കണ്ടിരുന്നത്. കാല്‍വിനെപ്പോലെ ഉള്ളവരും ഇതിനെ ഒരു നടന്ന സംഭവത്തിന്റെ വിവരണം ആയി കണ്ടു; സാധാരണ ഉപമകളിലെ കഥാപ്രാത്രങ്ങള്‍ക്ക് പേര് ഉണ്ടായിരിക്കില്ല.  എന്നാല്‍ ഈ ഉപമയിലെ ഒരു കഥാപാത്രത്തിന് പേര് ഉണ്ട്; അത് ലാസര്‍ ആണ്.
കാല്‍വിന്റെ ഈ വാദം ശരിയാണ്. എന്നാല്‍ ലൂക്കോസ് 15 ആം അദ്ധ്യായത്തിലും ലൂക്കോസ് 16 ആം അദ്ധ്യായത്തിലും യേശു തുടര്‍ച്ചയായി പറയുന്ന ഉപമകളുടെ അതേ ശൈലിയില്‍ തന്നെ ആണ് ലാസറിന്റെ ഉപമയും പറയുന്നത്.
“ധനവാനായ ഒരു മനുഷ്യനു ഒരു കാര്യാവിചാരകന്‍ ഉണ്ടായിരുന്നു” എന്നു പറഞ്ഞുകൊണ്ടാണ് ബുദ്ധിയുള്ള കാര്യാവിചാരകന്റെ ഉപമ ആരംഭിക്കുന്നത്.
“ധനവാനായോരു മനുഷ്യന്‍ ഉണ്ടായിരുന്നു” എന്നു പറഞ്ഞുകൊണ്ടാണ് ലാസറിന്റെ ഉപമ ആരംഭിക്കുന്നത്.

എന്നാല്‍ കാല്‍വിനും ഇത് ഒരു ഉപമ ആണോ അല്ലയോ എന്നതിനായിരിക്കില്ല പ്രാധാന്യം നല്കിയത്.  ഈ ഉപമയിലെ ദൈവശാസ്ത്രമാണ് പ്രധാനപ്പെട്ടത്. ഒരു ഉപമയിലെ ഏതെല്ലാം ഭാഗം ഉപദേശ സത്യങ്ങള്‍ ആയി സ്വീകരിക്കാം എന്നതിന് പൊതുവായ ഒരു നിയമം ഇല്ല. അതിനാല്‍ ഉപമ പറയുന്ന സാഹചര്യവും കേള്‍ക്കുന്നവര്‍ക്ക് അത് എങ്ങനെ മനസ്സിലായി കാണും എന്നതും അടിസ്ഥാനമായി എടുക്കുന്നതായിരിക്കും നല്ലത്.
ആദിമ സഭാപിതാവായ തെര്‍ത്തൂലിയന്‍റെ അഭിപ്രായത്തില്‍ ഉപമയില്‍ നിന്നും നമ്മള്‍ ഉപദേശങ്ങള്‍ രൂപപ്പെടുത്തരുത്; ഉപദേശങ്ങളുടെ സഹായത്തോടെ ഉപമകളെ പഠിക്കുക ആണ് ചെയ്യേണ്ടത്.

ഈ ഉപമയിലെ പ്രധാന കഥാപാത്രങ്ങള്‍ ലാസറും ധനവാനും ആണ്. എന്നാല്‍ മരിച്ചവരുടെ ആത്മാക്കളെ സ്വര്‍ഗ്ഗീയ അവസ്ഥയിലേക്ക് കൊണ്ടുപോകുന്ന ദൂതന്മാര്‍, അബ്രഹാം, ധനാവന്റെ അഞ്ചു സഹോദരങ്ങള്‍, മോശെ, പ്രവാചകന്മാര്‍ എന്നിവരും സഹകഥാപാത്രങ്ങള്‍ ആണ്.

ഉപമയുടെ ഇതിവൃത്തം

ലാസറിന്റെയും ധനവാന്റെയും ഉപമ അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ഭൌതീക സമ്പത്തു സ്വര്‍ഗ്ഗീയ ജീവിതത്തിനു വിലങ്ങുതടി ആണോ? യേശു ദാരിദ്ര്യത്തെ സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗമായി കാണിച്ചുതരുക ആണോ?
എന്താണ് അബ്രാഹാമിന്റെ മടി? എന്താണ് പാതാളം? പാതാളത്തില്‍ നിന്നും നമുക്ക് സ്വര്‍ഗ്ഗത്തെ കാണാമോ? സ്വര്‍ഗ്ഗീയ വിശ്രമത്തില്‍ ആയിരിക്കുന്ന മരിച്ചവരുടെ ആത്മാക്കള്‍ക്ക് പാതാളത്തില്‍ യാതന അനുഭവിക്കുന്ന ദുഷ്ടന്മാരെ കാണുവാന്‍ കഴിയുമോ?
ഇത് ഒരു ഉപമ ആണോ അതോ യഥാര്‍ത്ഥ സംഭവം ആണോ? ഇതിന് ഇന്ന് നമ്മളോട് എന്താണ് പറയുവാനുള്ളത്?
തുറന്ന മനസ്സോടെയുള്ള ശാന്തമായ ഒരു പഠനത്തിന് ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്കുവാന്‍ കഴിയും.

മറ്റ് ഉപമകളെപ്പോലെ സന്‍മാര്‍ഗ്ഗികമോ ആത്മീയമോ ആയ ഉപദേശത്തോടെ അല്ല യേശു ലാസറിന്റെ ഉപമ അവസാനിപ്പിക്കുന്നത്.
എങ്കിലും ഉപമയുടെ ഉദ്ദേശ്യം മനസ്സിലാക്കുവാന്‍ പ്രയാസമില്ല. ലാസറിന്റെ ഉപമ പറയുന്നതിന് തൊട്ട് മുമ്പു യേശു ദ്രവ്യാഗ്രഹികള്‍ ആയ പരീശന്മാരെ, അവരുടെ ധനമോഹത്തെയും സ്വയ നീതീകരണത്തെയും ന്യായപ്രമാണങ്ങളെ അവഗണിക്കുന്നതിനെയും, ശാസിക്കുന്നത് വായിക്കാം. (ലൂക്കോസ് 16: 14-18).
ഈ മൂന്ന് വിഷയങ്ങളും നമുക്ക് ലാസറിന്റെ ഉപമയില്‍ കാണാം.
ധനവാന്‍ ധനമോഹിയും ഭൌതീക ആഡംഭരത്തില്‍ തല്‍പ്പരനും, സ്വയംനീതീകരണം ഉള്ളവനും, ന്യായപ്രമാണങ്ങളെ അവഗണിച്ചവനും ആയിരുന്നു. പാതാളത്തില്‍ ആയിരിക്കുമ്പോഴും അവന്‍ സ്വയനീതീകരണം ഉപേക്ഷിക്കുന്നില്ല.

അബ്രാഹാമിന്റെ മടി, യഹൂദന്മാരുടെ ഒരു പദപ്രയോഗം ആകുവാനാണ് സാധ്യത. അത് സ്വര്‍ഗ്ഗീയ വിശ്രമ സ്ഥലത്തെ കാണിക്കുന്നു.
അബ്രാഹാമിന്റെ മടിയില്‍ ഇരിക്കുന്നു എന്നത് അബ്രാഹാമിന്റെ ഹൃദയത്തോട്,  മാര്‍വ്വിടത്ത് ചാരിയിരിക്കുന്നു എന്ന് മനസ്സിലാക്കുന്നതായിരിക്കും ശരി. യഹൂദ സമൂഹത്തില്‍, ഒരു അതിഥിക്ക് ആതിഥേയന്‍റെ മാര്‍വ്വിടത്ത് ചാരിയിരിക്കുവാന്‍ ലഭിക്കുന്ന സ്വാതന്ത്ര്യം ഏറ്റവും വലിയ ബഹുമാനം ആയിരുന്നു. അതിഥിക്കായ് ഒരുക്കുന്ന വിരുന്നില്‍ ആണ് ഇപ്രകാരം ചാരിയിരിക്കുന്നത്.
ഈ ചിത്രം മരിച്ച വിശുദ്ധന്മാര്‍ പ്രവേശിക്കുന്ന സന്തോഷകരമായ അവസ്ഥയെ കാണിക്കുന്നു.

എന്നാല്‍ ധനവാന്‍, ഈ ലോകത്തില്‍ സമ്പന്നനും ആഡംബരജീവിതം നയിച്ചവനും ആണ് എങ്കിലും മരണാനന്തരം പാതാളത്തില്‍ യാതന അനുഭവിക്കുന്നു. ഈ പാതാളം നരകം തന്നെ ആണ് എന്ന് നമുക്ക് തീര്‍ച്ച പറയുവാന്‍ കഴിയുക ഇല്ല. ഇത് അന്ത്യ ന്യായവിധിക്ക് മുമ്പ് മരിച്ചവരുടെ ആത്മാക്കള്‍ വിശ്രമിക്കുന്ന സ്ഥലം ആയിരിക്കുവാനാണ് സാധ്യത.

യേശു ഈ ഉപമയിലൂടെ സമ്പത്തിനോടുള്ള നമ്മളുടെ മനോഭാവം എന്തായിരിക്കേണം എന്ന് പഠിപ്പിക്കുക ആണ്.
ദരിദ്രനായ ലാസര്‍ മരണാനന്തരം എത്തിച്ചേരുന്നത്, ഈ ഭൂമിയില്‍ ധനവാനായി ജീവിച്ച അബ്രാഹാമിന്റെ മടിയില്‍ ആണ് എന്നതും ശ്രദ്ധിയ്ക്കുക. അതായത്, ഈ ഭൂമിയിലെ ദാരിദ്ര്യം സ്വര്‍ഗ്ഗീയ അനുഗ്രഹത്തിലേക്കുള്ള മാര്‍ഗ്ഗമാണ് എന്ന് ഈ ഉപമ പറയുന്നില്ല.
എന്നാല്‍, ഈ ഉപമയുടെ പ്രധാന സന്ദേശം യേശു തന്നെ അതേ അദ്ധ്യായത്തില്‍ പറയുന്നുണ്ട്: രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യനും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല. (ലൂക്കോസ് 16:13)    

മരണാനന്തര ജീവിതം സത്യമാണ് എന്ന് ഈ ഉപമ നമ്മളെ പഠിപ്പിക്കുന്നു.
ഈ ഭൂമിയിലെ മനുഷ്യന്റെ അവസ്ഥയും മനുഷ്യര്‍ തമ്മിലുള്ള ബന്ധവും മരണാനന്തര ജീവിതത്തിലെ അവസ്ഥയും തമ്മിലുള്ള ബന്ധമാണ് ഈ ഉപയിലെ വിഷയം.
അതിനാല്‍ ഇത് മരണാനന്തര ജീവിതത്തെ കുറിച്ച് പറയുന്ന ഒരു ഉപമ ആണ് എന്നാണ് ഭൂരിപക്ഷം ചിന്തകരും വിശ്വസിക്കുന്നത്.
മനുഷ്യന്റെ ആത്മാവിന്റെ നിത്യതയിലും ദൈവീക ന്യായവിധിയിലും എല്ലാ ക്രൈസ്തവ വിശ്വാസികളും വിശ്വസിക്കുന്നു. ഈ ഉപമ അതിനോടു ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ്.
എന്നാല്‍ മരണാനന്തര ജീവിതത്തെ കുറിച്ച് പറയുന്നു എങ്കിലും എല്ലാ വിശദാംശങ്ങളെയും അക്ഷരാര്‍ത്തത്തില്‍ കാണേണ്ടതില്ല എന്ന് ചിന്തിക്കുന്ന മറ്റൊരു കൂട്ടരും ഉണ്ട്. ദൈവഭയം ഇല്ലാതെ ജീവിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പായി ഇതിനെ കണ്ടാല്‍ മതി എന്നും ഇത് മരണാനന്തര ജീവിതത്തിന്റെ ഒരു നേര്‍ ചിത്രം അല്ല എന്നും അക്കൂട്ടര്‍ ചിന്തിക്കുന്നു.
ദൈവവചനത്തില്‍ മറ്റ് ഭാഗങ്ങളില്‍ കാണുന്ന വാക്യങ്ങള്‍ ഈ ഉപയിലെ മരണാനന്തര ജീവിതത്തിന്റെ അവസ്ഥയോട് ചേരുന്നില്ല എന്നാണ് അവരുടെ വാദം.

മരണാനന്തര ജീവിതം

എന്നിരുന്നാലും, ഈ ഉപമയെ അക്ഷരാര്‍ഥത്തില്‍ അങ്ങനെതന്നെ എടുത്താല്‍, മരണാനന്തര ജീവിതത്തെക്കുറിച്ച് നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയും.  
മനുഷ്യരുടെ മരണാനന്തരവും അവന്റെ സ്വത്വവും, ഭൂമിയിലെ കാര്യങ്ങള്‍ ഓര്‍ക്കുവാനുള്ള അവന്റെ കഴിവുകളും തുടര്‍ന്നു നിലനില്‍ക്കുന്നു. അവന്റെ ആത്മാവു സ്വര്‍ഗ്ഗീയമായ വിശ്രമസ്ഥലത്തോ യാതനയുള്ള പാതാളത്തിലോ തുടര്‍ന്നും ജീവിക്കും. 
മരിച്ചവരുടെ ആത്മാക്കാള്‍, അവര്‍ ആയിരിക്കുന്ന ഇടങ്ങളില്‍, ഒരു ഉയിര്‍പ്പിനായി കാത്തിരിക്കുന്നു.
വെളിപ്പാടു പുസ്തകം 20: 13,14 വാക്യങ്ങളില്‍,മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.” എന്നും അതിനുശേഷം “മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു;” എന്നും നമ്മള്‍ വായിക്കുന്നു. അതായത് അന്ത്യ ന്യായവിധി വരെ പാതാളം നിലവില്‍ ഉണ്ട്; അവിടെ മരിച്ചവരുടെ ആത്മാക്കാള്‍ ഉണ്ട്.
പാതാളം എന്നതിന്റെ ഗ്രീക് പദം hades എന്നും എബ്രായ പദം sheol എന്നും ആണ്. ഇത് മരണത്തിനും ഉയിര്‍പ്പിനും ഇടയിലുള്ള വാസസ്ഥലം ആണ്.  

റോമിലെ ഹിപ്പോലൈറ്റസ് (Hippolytus of Rome) എന്ന് അറിയപ്പെട്ടിരുന്ന ഒരു വേദപണ്ഡിതന്‍ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു. ആധുനിക വേദപണ്ഡിതന്മാരും ബഹുമാനത്തോടെ കാണുന്ന ഒരു ദൈവദാസന്‍ ആണ് അദ്ദേഹം.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ “അബ്രാഹാമിന്റെ മടി” എന്നത് നീതിമാന്മാരുടെ ആത്മാക്കള്‍ക്കും യാതനാ സ്ഥലം ദുഷ്ടന്മാരുടെ  ആത്മാക്കള്‍ക്കും ഉള്ളതാണ്; ഇവയ്ക്കിടയില്‍ ഒരു പിളര്‍പ്പ് ഉണ്ട്. പാതാളത്തിലെ അഗ്നിയും വെളിപ്പാടു പുസ്തകത്തില്‍ പറയുന്ന തീപ്പൊയ്കയിലെ അഗ്നിയും തുല്യമാണ് എന്നും, എന്നാല്‍ ഒരു മനുഷ്യന്റെയും ആത്മാവിനെ അന്ത്യനാള്‍ വരും മുമ്പേ തീപ്പൊയ്കയിൽ തള്ളിയിടുകയില്ല എന്നും അദ്ദേഹം വിശ്വസിക്കുന്നു.

മരിച്ചവര്‍ക്ക് യാതനകളെയും സ്വര്‍ഗ്ഗീയ വിശ്രമത്തെയും അനുഭവിച്ചറിയുവാന്‍ കഴിയും എന്ന് നമ്മള്‍ ഈ ഉപമയിലൂടെ മനസ്സിലാക്കുന്നു. അവര്‍ക്ക് അവര്‍ ആയിരിക്കുന്ന അവസ്ഥയെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കും.
എന്നാല്‍ അവര്‍ ആയിരിക്കുന്ന അവസ്ഥയെ യാതൊരു വിധത്തിലും മാറ്റുവാന്‍ കഴിയുക ഇല്ല. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ബന്ധുമിത്രാദികള്‍ക്കു എന്തെങ്കിലും കര്‍മ്മങ്ങളിലൂടെ ഈ അവസ്ഥയ്ക്ക് വ്യത്യാസം വരുത്തുവാന്‍ കഴിയുക ഇല്ല. അതിനാല്‍ ശുദ്ധീകരണ സ്ഥലം എന്നൊരു പറുദീസ ഇല്ല.

ഈ ഭൌതീക ജീവിതത്തില്‍ ലാസറിനും ധനവാനും ഇടയില്‍ ഒരു പിളര്‍പ്പ് ഇല്ല. ധനവാന് എപ്പോള്‍ വേണമെങ്കിലും ലാസറിനെ സഹായിക്കാമായിരുന്നു.
എന്നാല്‍ മരണാനന്തര ജീവിതത്തില്‍ ആയിരിക്കുന്ന അവസ്ഥയില്‍ നീതിമാന്മാര്‍ക്കും ദുഷ്ടന്മാര്‍ക്കും ഇടയില്‍ വലിയ ഒരു പിളര്‍പ്പ് ഉണ്ട്. അതിനെ ആര്‍ക്കും കടക്കുവാന്‍ കഴിയുക ഇല്ല.

രണ്ടു ധ്രുവങ്ങള്‍

ലാസറിന്റെയും ധനവാന്റെയും ഇഹലോക ജീവിതവും മരണാനന്തര ജീവിതവും രണ്ടു ധ്രുവങ്ങളില്‍ ഉള്ളതാണ്.
ഈ ലോക ജീവിതത്തില്‍, ധനവാന്റെ ധൂമ്ര വസ്ത്രവും, പട്ടും, ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു എന്നതും അവന്റെ അതി സമ്പന്നതയേയും, ജീവിതത്തിന്‍റെ ജഡീക സ്വഭാവത്തെയും സ്വാര്‍ഥതയെയും കാണിക്കുന്നു.
ലാസര്‍ തീര്‍ച്ചയായും ദരിദ്രനും അനാഥനും ആയിരുന്നിരിക്കേണം. അവന്റെ ശരീരം വ്രണം നിറഞ്ഞതായിരുന്നു എന്നതും നായ്ക്കള്‍ അവന്റെ വ്രണം നക്കുമായിരുന്നു എന്നതും അവന്റെ ദയനീയതയെ കാണിക്കുന്നു.
ധനവാന്‍റെ വീട്ടില്‍ ശേഷിക്കുന്ന ആഹാരം അവന് ലഭിക്കുമായിരുന്നതിനാല്‍ ആയിരിക്കേണം അവന്‍ അവിടെ കിടന്നത്.

ധനവാന്‍ ധൂമ്ര വസ്ത്രം ധരിച്ചിരിക്കുമ്പോള്‍ ലാസറിന്‍റെ ശരീരം വ്രണങ്ങളാല്‍ പൊതിഞ്ഞിരുന്നു.
ധനവാന്‍ സ്വാദിഷ്ടമായി ഭക്ഷിക്കുമ്പോള്‍, അവശേഷിക്കുന്ന എന്തെങ്കിലും ലഭിക്കുമെന്ന് ലാസര്‍ കരുതുന്നു.
ധനവാനെ ദാസീദാസന്‍മാര്‍ ശുശ്രൂഷിക്കുമ്പോള്‍ ലാസറിന്‍റെ കൂട്ട് നായ്ക്കള്‍ ആണ്. 

ലാസര്‍ മരിക്കുന്നു. ദൈവദൂതന്മാര്‍ അവന്റെ ആത്മാവിനെ അബ്രാഹാമിന്റെ മടിയിലേക്ക് കൊണ്ട് പോയി. എന്നാല്‍ അവനെ അടക്കം ചെയ്തതായി പറയുന്നില്ല. അടക്കം ഒരു അവസാനത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ അബ്രാഹാമിന്റെ മടി ഒരു പ്രത്യാശയെ കാണിക്കുന്നു.
ധനവാന്‍ മരിച്ചു, അടക്കം ചെയ്തു എന്ന് ഉപമയില്‍ പറയുന്നു. അടക്കം ഒരു അന്ത്യത്തെ സൂചിപ്പിക്കുന്നു. അവിടെ ഇനി പ്രത്യാശ ഇല്ല.

ഭൌതീക നന്മകള്‍ ദൈവാനുഗ്രഹങ്ങളും, നീതീകരണത്തിന്റെ അടയാളങ്ങളും ആണ് എന്നു യഹൂദന്മാര്‍ പൊതുവെ വിശ്വസിച്ചിരുന്നു. അതിനാല്‍ ധനവാന്‍ നീതീകരിക്കപ്പെട്ടവനും ദരിദ്രന്‍ ആയ ലാസര്‍ ദൈവത്താല്‍ ശപിക്കപ്പെട്ട ദുഷ്ടനായ മനുഷ്യനും ആണ് എന്ന് അവര്‍ കരുതിയിരിക്കേണം.
ഒരു വ്യക്തിയുടെ മരണം ശാന്തവും, ശവസംസ്കാരം നല്ലതുമായാല്‍ അവന് സ്വര്‍ഗ്ഗത്തില്‍ നല്ല സ്വീകരണം ലഭിക്കും എന്നും അവര്‍ വിശ്വസിച്ചു.
ഇതിന് വേദപുസ്തകത്തില്‍ തെളിവൊന്നും ഇല്ല എങ്കിലും ആ ദേശങ്ങളില്‍ ഉള്ളവര്‍ ഇങ്ങനെ വിശ്വസിച്ചിരുന്നു.
എന്നാല്‍ യേശു ഈ ധാരണയെ തിരുത്തുക ആണ്.

ധനവാന്‍റെ ഭൌതീക നന്മകള്‍ ദൈവ സന്നിധിയില്‍ ഉള്ള നീതി ആയില്ല; അവന്റെ സമ്പന്നതയ്ക്ക് അനുസരിച്ചുള്ള അടക്കം സ്വര്‍ഗ്ഗത്തില്‍ നല്ല സ്വീകാര്യമായി മാറിയില്ല.
മറിച്ച്, മരണത്തിന് ശേഷം, ദരിദ്രന്‍ ആയ ലാസര്‍ അബ്രാഹാമിന്‍റെ മടിയിലേക്കും ധനവാന്‍ പാതാളത്തിലെ യാതനയിലേക്കും മാറ്റപ്പെട്ടു. 

ലാസര്‍ ധനവാന്റെ വീടിന്റെ പടിപ്പുരയില്‍ കിടന്നു എന്നതില്‍ നിന്നും അവന് നടക്കുവാന്‍ പോലും കഴിയുക ഇല്ലായിരുന്നു എന്നു അനുമാനിക്കാം.
ധനവാന്‍ മരണനന്തരം അബ്രാഹാമിന്റെ മടിയില്‍ വിശ്രമം പ്രതീക്ഷിച്ചു; എന്നാല്‍ ദരിദ്രനായ ലാസറിന് യാതൊന്നും പ്രതീക്ഷിക്കുവാന്‍ ഉണ്ടായിരുന്നില്ല.
ജീവിച്ചിരുന്നപ്പോള്‍ ധനവാന്‍റെ തീന്‍മേശയിലേ ശേഷിപ്പ് എങ്കിലും കിട്ടുവാന്‍ ലാസര്‍ ആഗ്രഹിച്ചു.
എന്നാല്‍ മരണാനന്തര ജീവിതത്തിലെ അവസ്ഥ വ്യത്യസ്ഥമാണ്.
മരിച്ചു കഴിഞ്ഞപ്പോള്‍, യാതന സ്ഥലത്ത് തീജ്വാലയില്‍ കിടന്നു വേദന അനുഭവിച്ചപ്പോള്‍, ലാസറിന്‍റെ വിരലിന്റെ അറ്റത്തെ വെള്ളത്തിനായി ധനവാന്‍ യാചിക്കുന്നു.
മറുപടിയായി അബ്രഹാം ഈ ഭൂമിയില്‍ അവര്‍ ആയിരുന്ന അവസ്ഥയിലെ വ്യത്യാസം ധനവാനെ ഓര്‍മ്മിപ്പിക്കുന്നു. ധനവാന്‍ ഭൌതീക ജീവിതത്തില്‍ നന്മയും ലാസര്‍ തിന്‍മയും അനുഭവിച്ചു. മരണത്തിന് ശേഷം ധനവാന്‍ വേദന അനുഭവിക്കുന്നു, ലാസറോ ആശ്വാസം അനുഭവിക്കുന്നു.

മരണാനന്തര ജീവിതത്തില്‍ വീണ്ടും അവസരം ഇല്ല

മരണാനതര ജീവിതത്തില്‍ മാനസാന്തരപ്പെടുവാനും ദൈവത്തില്‍ വിശ്വസിക്കുവാനും രണ്ടാമതൊരു അവസരം ലഭിക്കുക ഇല്ല. അവിടെ പശ്ചാത്താപമോ, പാപമോചനമോ ഇല്ല. മരണം അവസരങ്ങളുടെ അന്ത്യമാണ്.
സ്വര്‍ഗ്ഗീയ വിശ്രമ സ്ഥലത്തിനും യാതനാ സ്ഥലത്തിനും ഇടയില്‍ ഒരു വലിയ പിളര്‍പ്പ് ഉണ്ട്. ആര്‍ക്കും അങ്ങോട്ടോ ഇങ്ങോട്ടോ വരുവാനോ പോകുവാനോ കഴിയുക ഇല്ല.
ഇത് മരണത്തിന് ശേഷം മനുഷ്യന്റെ ആത്മാക്കള്‍ക്ക് ഒരു വിടുതലും സാധ്യമല്ല എന്ന് കാണിക്കുന്നു. വിടുതല്‍ മനുഷ്യന്‍ ജീവിച്ചിര്‍ക്കുമ്പോള്‍ തന്നെ പ്രാപിക്കേണ്ടതും ഉറപ്പാക്കേണ്ടതും ആണ്. മരിച്ചതിന് ശേഷം ആത്മാക്കള്‍ക്ക് അവന്റെ വിടുതലിനായി യാതൊന്നും പ്രവര്‍ത്തിക്കുവാന്‍ സാധ്യമല്ല.
ഭൂമിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പ്രവര്‍ത്തികളും മരിച്ചുപോയ വ്യക്തികളുടെ വിടുതലിന് സഹായമാകുക ഇല്ല. മരിച്ചുപോയ ഏതെങ്കിലും വ്യക്തിയുടെ ആത്മാക്കള്‍ക്കും യാതനാ സ്ഥലത്തുള്ള ഒരു ആത്മാവിനെ രക്ഷിക്കുവാന്‍ സാധ്യമല്ല. തിരഞ്ഞെടുക്കുവാനും വിശ്വസിക്കുവാനും ഉള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്‍റെ അന്ത്യമാണ് മരണം.

രക്ഷിക്കപ്പെട്ടവരും അല്ലാത്തവരും തമ്മില്‍ മരണാനന്തരം ഒരു വേര്‍തിരിവ് ഉണ്ടാകും എന്ന് ഇത് സൂചിപ്പിക്കുന്നു. ഈ വേര്‍തിരിവ് ഉറച്ചതും നീക്കം വരുത്തുവാന്‍ കഴിയാത്തതുമാണ്.
ദൈവം എല്ലാവരെയും സ്വര്‍ഗീയ നിത്യതയില്‍ സ്വീകരിക്കുന്നില്ല, ചിലര്‍ സ്വര്‍ഗീയ നിത്യതയില്‍ പ്രവേശിക്കുമ്പോള്‍ ചിലര്‍ യാതനയിലേക്ക് പ്രവേശിക്കുന്നു.
മരിച്ചവരുടെ ആത്മാക്കള്‍, മരണത്തിനും ഉയിര്‍പ്പിനും ഇടയില്‍, വാസസ്ഥലം ഇല്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുകയോ, അവര്‍ക്ക് ബോധം ഇല്ലാതിരിക്കുകയോ അല്ല എന്നു ഈ ഉപമയിലൂടെ നമ്മള്‍ മനസ്സിലാക്കുന്നു.
നീതിമാന്മാരുടെ ആത്മാക്കള്‍, “വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ” ഇരിക്കുന്നു എന്ന് നമുക്ക് ഫിലിപ്പിയര്‍ 1: 23 ല്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

ഭൌതീക സമ്പന്നതയെ സത്യവും നിലനില്‍ക്കുന്നതുമായി ധനവാന്‍ കണ്ടു. അതിന്റെ അയഥാര്‍ഥ അവസ്ഥയും നൈമിഷികതയും മരണത്തിന് ശേഷം മാത്രമേ അവന് മനസ്സിലാക്കുവാന്‍ കഴിഞ്ഞുള്ളൂ.
ആ സത്യം ഭൂമിയില്‍ ജീവിച്ചിരിക്കുന്ന തന്റെ സഹോദരങ്ങളെ കൂടെ അറിയിക്കേണം എന്ന് ധനവാന് ആഗ്രഹം തോന്നി.
അതിനായി അവന്‍ ഒരുക്കിയ പദ്ധതി ആണ് മരിച്ചവരില്‍ നിന്നും ലാസര്‍ എഴുന്നേറ്റ് ചെന്നു അവരോടു ഭൌതീക സമ്പന്നത്തയുടെ അയഥാര്‍ഥ അവസ്ഥയെക്കുറിച്ചും യാതനാ സ്ഥലത്തെക്കുറിച്ചും അബ്രാഹാമിന്റെ മടിയിലെ വിശ്രമത്തെക്കുറിച്ചും പറയുക എന്നത്. എന്നാല്‍ അബ്രഹാം അത് നിരസിക്കുന്നു. ലാസര്‍ ഇനി ഭൂമിയിലേക്ക് തിരികെ വരില്ല. മരിച്ചവര്‍ ആരും ഇനി ഈ ഭൂമിയിലേക്ക് തിരികെ വരില്ല; അവര്‍ ആരും ഇനി ഈ ഭൂമിലെ മനുഷ്യരുടെ ജീവിതത്തില്‍ യാതൊരു ഇടപെടലും നടത്തുകയില്ല.
സഭാപ്രസംഗി 9: 6 ല്‍ നമ്മള്‍ വായിക്കുന്നു, “സൂര്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവർക്കു ഇനി ഒരിക്കലും ഓഹരിയില്ല.”
അതിനാല്‍ ഭൂമിയില്‍ ജീവിക്കുമ്പോള്‍ നീതിയോടെ ആയിരിക്കുവാന്‍ ന്യായപ്രമാണവും പ്രവാചകന്മാരെയും ദൈവം ആക്കി വച്ചിരിക്കുന്നു. ലളിതമായി പറഞ്ഞാല്‍, ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ എന്തെന്ന് നമ്മളെ ബോധ്യപ്പെടുത്തുവാന്‍ ദൈവവചനം നമ്മളുടെ കൈകളില്‍ നല്കിയിരിക്കുന്നു; അത് പഠിപ്പിക്കുവാന്‍ ദൈവദാസന്മാരെയും ദൈവം ആക്കി വച്ചിരിക്കുന്നു.

ധനവാന്റെ മരണാനന്തര ചിന്തകളെ ചിലര്‍ അവന്റെ മാസസാന്തരമായി വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍ അബ്രഹാം അതിനെ അങ്ങനെ കണ്ടില്ല.
ഉപമ പറഞ്ഞ കര്‍ത്താവും മരണത്തിന് ശേഷമുള്ള തിരിച്ചറിവുകളെ രക്ഷയ്ക്ക് കാരണമാകുന്ന മാനസാന്തരമായി കണ്ടില്ല. അതയാത്, മരണത്തിനു ശേഷം സത്യം നേരില്‍ കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ തിരിച്ചറിവുകള്‍ ഉണ്ടാകും. എന്നാല്‍ അത് ഒരിയ്ക്കലും മാനസാന്തരത്തിലേക്കൊ, രക്ഷയിലേക്കൊ നയിക്കില്ല. മരണാനന്തര തിരിച്ചറിവുകള്‍ മാനസാന്തരമോ രക്ഷയോ അല്ല.
മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ദൈവം അരുളിച്ചെയ്തു കഴിഞ്ഞ തിരുവെഴുത്തുകളെ അനുസരിച്ചു മാസാന്തരപ്പെട്ട് രക്ഷപ്രാപിക്കേണം എന്നു തന്നെ ആണ് ഉപയിലെ സന്ദേശം.
ഒരുവന്റെ ഈ ഭൂമിയിലെ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. അത് അന്തിമമാണ്. അതിന്റെ ഫലം മരണാനന്തര ജീവിതത്തില്‍ അനുഭവിക്കേണ്ടിവരും.
മരണത്തിനുശേഷമുള്ള അവസ്ഥ നിത്യമാണ്, അതിനു പിന്നീട് ഒരു മാറ്റവും സാധ്യമല്ല.
മരണാനന്തരം രണ്ടാമത് മറ്റൊരു അവസരം കൂടി ലഭിക്കുക ഇല്ല.  

ധനവാന്‍ ഒരിയ്ക്കലും അബ്രാഹാമിന്റെ മടിയിലേക്ക്, സ്വര്‍ഗീയ വിശ്രമസ്ഥലത്തേക്ക് വരണം എന്ന് ആവശ്യപ്പെട്ടില്ല. “ലാസര്‍ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ എന്നായിരുന്നു അവന്റെ അപേക്ഷ.
അതയായത് അവന്‍ എത്തപ്പെട്ട യാതനാ സ്ഥലത്തുനിന്നും രക്ഷപ്പെടുവാന്‍ ഒരിയ്ക്കലും കഴിയുക ഇല്ല എന്ന് അവന് നിശ്ചയം ഉണ്ടായിരുന്നു.
യാതനാ സ്ഥലത്തു ആയിരിക്കുന്നവര്‍ അതിനെ ഇഷ്ടപ്പെടുന്നില്ല എങ്കിലും ദൈവ സാന്നിധ്യമായ സ്വര്‍ഗ്ഗീയ വാസസ്തലത്തേക്ക് പോകുവാന്‍ ആഗ്രഹിക്കുന്നുമില്ല.

അത്ഭുതങ്ങളും രക്ഷയും

ഈ ഉപമ അബ്രാഹാമും ധനവാനും തമ്മിലുള്ള സംസാരത്തോടെ അവസാനിക്കുന്നില്ല. ഉപമ മറ്റ് ചില ആത്മീയ സന്ദേശങ്ങളിലേക്ക് തുടരുക ആണ്. അത് ധനവാനും അപ്പുറം ഭൂമിയില്‍ ജീവിച്ചിരിക്കുന്ന അവന്റെ സഹോദരങ്ങളെക്കുറിച്ച് കൂടി പറയുന്നു.
അതായത്, യേശു പറയുവാന്‍ ആഗ്രഹിച്ച സന്ദേശം തുടരുന്നു എന്ന് അര്‍ത്ഥം.

ധനവാനെ രക്ഷിക്കുവാന്‍ ഇനി കഴിയുക ഇല്ല എങ്കില്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന അവന്റെ സഹോദരങ്ങളെ രക്ഷിക്കുവാന്‍ കഴിയുമോ എന്നതാണ് അടുത്ത ചോദ്യം. അതിനായി ലാസറിനെ അങ്ങോട്ട് അയക്കേണമേ എന്നാണ് ധനവാന്‍റെ അപേക്ഷ.
മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നതാണ് അവന്‍ പറഞ്ഞ ന്യായം.
മരിച്ചവരില്‍നിന്ന് ഒരുത്തന്‍ എന്ന ഗണത്തില്‍ ലാസറും ധനവാനും ഉള്‍പ്പെടും. ഇവര്‍ രണ്ടു പേരുടെയും സാക്ഷ്യം ഒരുപോലെ സത്യമായിരിക്കും.
എന്നാല്‍, ലാസറിനെ അയക്കേണം എന്നാണ് ധനവാന്‍റെ ആവശ്യം. ഒരു പക്ഷേ, അവന് ഇനി യാതന സ്ഥലത്തുനിന്നും രക്ഷപ്പെടുവാന്‍ കഴിയുക ഇല്ല എന്ന ധാരണ ആയിരിക്കാം ഇങ്ങനെ അപേക്ഷിക്കുവാനുള്ള കാരണം.

ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ എടുത്ത തിരഞ്ഞെടുപ്പാണ് രക്ഷയ്ക്കും ശിക്ഷയ്ക്കും കാരണമായത് എന്ന് ധനവാന്‍ സമ്മതിക്കുക അല്ല ചെയ്യുന്നത്. അവന്‍ സന്ദേശത്തിന്റെ അപര്യാപ്തതയില്‍ കുറ്റം ചുമത്തുക ആണ്. ന്യായപ്രമാണത്തെക്കാളും പ്രവാചകന്മാരെക്കാളും മരിച്ചവരില്‍ നിന്നും തിരികെ വരുന്ന ഒരുവന്റെ സന്ദേശം സഹോദരന്മാരെ മാനസാന്തരത്തിലേക്ക് നയിക്കും എന്ന് അവന്‍ ചിന്തിക്കുന്നു.
അബ്രാഹാമോ, ന്യായപ്രമാണത്തെക്കാളും പ്രവാചകന്മാരെക്കാളും വലുതല്ല മരിച്ചവരില്‍ നിന്നും വരുന്നവന്‍റെ സാക്ഷ്യം എന്ന് ഉറപ്പിച്ച് പറഞ്ഞു.

അത്ഭുതങ്ങള്‍ ദൈവരാജ്യത്തിന്റെ സാന്നിധ്യത്തിന്റെ അടയാളം ആണ്. അത് ഒരു വ്യക്തിയെ സുവിശേഷത്തോട് ആകര്‍ഷിച്ചേക്കാം. എന്നാല്‍ അത്ഭുതങ്ങള്‍ ഒരു വ്യക്തിയെ വിശ്വാസത്തിലേക്ക് നയിക്കും എന്നതിന് ഉറപ്പോന്നുമില്ല. ദൈവ വചനത്തോട് ഒരു വ്യക്തിയുടെ ഹൃദയം തുറക്കുന്നില്ല എങ്കില്‍ അയാളുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ക്ക് യാതൊന്നും പ്രവര്‍ത്തിക്കുവാന്‍ കഴിയുക ഇല്ല.  

ഉപസംഹാരം

ഈ ഉപമ അതിന്റെ അവസാനത്തിങ്കല്‍ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്.
ദൈവ വചനത്തോടും ദൈവീക പ്രമാണങ്ങളോടും ദൈവ ദാസന്മാരോടും മല്‍സരിച്ച്, അനുസരിക്കാതെ ജീവിക്കുന്ന അനേകര്‍ ഈ ഭൂമിയില്‍ ഉണ്ടായിരിക്കും. എന്തെല്ലാം അത്ഭുത പ്രവര്‍ത്തികള്‍ നടന്നാലും, ദൈവവചനം കേട്ടാലും അവര്‍ മാനസാന്തരപ്പെടുക ഇല്ല. അവര്‍ക്കുള്ള മരണാനന്തര ഓഹരി നിത്യമായ യാതന തന്നെ ആണ്. അവിടെ നിന്നും അവര്‍ ഒരിയ്ക്കലും രക്ഷപ്പെടുകയും ഇല്ല.
ന്യായപ്രാമാണവും പ്രവാചകന്മാരും യേശു ക്രിസ്തുവിനെ കുറിച്ചും ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തെ കുറിച്ചും പറഞ്ഞു. എന്നാല്‍ പരീശന്മാര്‍ അത് മനസ്സിലാക്കിയില്ല. ഇനി മരിച്ചവരില്‍ നിന്നും ഒരുവന്‍ തിരികെ വന്നാലും അവര്‍ മനസ്സിലാക്കുമെന്നും തോന്നുന്നില്ല.
അതിനാല്‍ നമ്മള്‍ പ്രസംഗിക്കുന്ന സുവിശേഷം നിരസിക്കുന്നവരെ നോക്കി നമ്മള്‍ നിരാശപ്പെടേണ്ടതില്ല. എല്ലാവരും രക്ഷപ്രാപിക്കേണം എന്ന് ദൈവം ആഗ്രഹിക്കുന്നു എങ്കിലും എല്ലാവരും രക്ഷ പ്രാപിക്കുന്നില്ല.
ഇതാണ് അന്ത്യ ന്യായവിധി ദിവസത്തിലെ വേര്‍തിരിവ്.

യേശു തന്റെ കേള്‍വിക്കാരെ ആവശ്യമില്ലാതെ വിമര്‍ശിക്കുകയോ മുറിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഒരു സങ്കല്‍പ്പിക കഥയിലൂടെ ഭീകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുവാനും യേശു ഒരിയ്ക്കലും ശ്രമിച്ചിട്ടില്ല.
സ്വര്‍ഗ്ഗത്തെക്കുറിച്ച് ചില സാങ്കല്‍പ്പിക കഥകള്‍ പറഞ്ഞു ചിലരെ ആകര്‍ഷിക്കുവാനോ, നരകത്തെക്കുറിച്ച് ഉള്ള ഭീകര കഥകള്‍ പറഞ്ഞ് ആരെയെങ്കിലും ഭയപ്പെടുത്തി തന്റെ അനുയായി ആക്കുവാനോ യേശു ശ്രമിച്ചിട്ടില്ല.
യേശു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു; അത് കേട്ട് വിശ്വസിച്ചവര്‍ അവനില്‍ വിശ്വസിച്ചു, രക്ഷ പ്രാപിച്ചു.
ലാസറിന്റെയും ധനവാന്റെയും ഉപമയുടെ അന്ത്യത്തിലും യേശു പറയുന്നതും അതുതന്നെ ആണ്. ന്യായപ്രമാണങ്ങളും പ്രവാചകന്മാരും പറയുന്നതു കേട്ട് വിശ്വസിച്ചു രക്ഷ പ്രാപിക്കുക.
കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” (മര്‍ക്കോസ് 1: 15)
  
ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.
ഈ സന്ദേശം കണ്ടതിന്നും കേട്ടത്തിനും വളരെ നന്ദി.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.

ഓണ്‍ലൈന്‍ ല്‍ നമ്മളുടെ വീഡിയോ ഓഡിയോ ചാനലുകളില്‍ ധാരാളം വീഡിയോകളും ഓഡിയോകളും ലഭ്യമാണ്. വീഡിയോ കാണുവാന്‍ താല്പര്യമുള്ളവര്‍ naphtalitribetv.com എന്ന വീഡിയോ ചാനലും ഓഡിയോ കേള്‍ക്കുവാന്‍ താല്പര്യമുള്ളവര്‍ naphtalitriberadio.com എന്ന ഓഡിയോ ചാനലും സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കേള്‍ക്കുവാന്‍ നിങ്ങളെ സഹായിക്കും.

അതുപോലെ തന്നെ, ഈ സന്ദേശങ്ങളുടെ പഠനക്കുറിപ്പുകള്‍ നമ്മളുടെ വെബ്സൈറ്റ്കളില്‍ ലഭ്യമാണ്. ഇംഗ്ലീഷിനായി naphtalitribe.com എന്ന website ഉം മലയാളത്തിലുള്ള പഠനക്കുറിപ്പുകള്‍ക്കായി vathil.in എന്ന website ഉം സന്ദര്‍ശിക്കുക.

No comments:

Post a Comment