കുഷ്ഠരോഗിയുടെ ശുദ്ധീകരണം

നമ്മളുടെ കര്‍ത്താവായ യേശു ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷ കാലയളവില്‍ ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ അനേകം നന്മ ചെയ്തും ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും കൊണ്ടിരുന്നു.
രോഗികളെ സൌഖ്യമാക്കുക, ഭൂതഗ്രസ്തരായവരെ വിടുവിക്കുക എന്നിവ അദ്ദേഹം ചെയ്ത നന്മകളില്‍ പ്രധാനപ്പെട്ടത് ആയിരുന്നു. ചില രോഗികള്‍ ശാരീരിക രോഗത്താലും ചിലര്‍ ഭൂതങ്ങളുടെ ബന്ധനത്താലും മറ്റ് ചിലര്‍ പാപം കാരണവും ബാധിക്കപ്പെട്ടിരുന്നു.
ഇവ കൂടാതെ യേശു, മറ്റ് ചില അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും, പാപത്തില്‍ നിന്നുള്ള മോചനം നല്‍കുകയും, മോശയുടെ പ്രമാണങ്ങള്‍ക്ക് പാരമ്പര്യമായി നല്‍കപ്പെട്ടിരുന്ന വ്യാഖ്യാനങ്ങളില്‍ നിന്നും വ്യത്യസ്തങ്ങള്‍ ആയ വ്യാഖ്യനങ്ങള്‍ നല്‍കുകയും ചെയ്തു.
നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്ന യേശുവിന്‍റെ പ്രശസ്തമായ വ്യാഖ്യാനം പാരമ്പര്യത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ്.

എന്നാല്‍ എല്ലാ രോഗ സൌഖ്യങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒന്നാണ് യേശു കുഷ്ഠരോഗികളെ സൌഖ്യമാക്കി എന്നത്. കാരണം ഇതിന് യഹൂദന്റെ ചരിത്രവും, സാമൂഹിക ജീവിതവും, മോശെയുടെ പ്രമാണങ്ങളും ആയി ബന്ധമുണ്ട്.
കുഷ്ടരോഗിയുടെ സൌഖ്യം വെറും അത്ഭുതം മാത്രം ആയിരുന്നില്ല.
അത് യേശു മശിഹ ആണ്, അഥവാ, യഹൂദന്മാരും സകല മാനവ ജാതികളും വിടുതലിനായി കാത്തിരുന്ന രക്ഷകനാണ്‌ യേശുക്രിസ്തു എന്ന് വെളിപ്പെടുത്തുന്ന സംഭവങ്ങള്‍ കൂടി ആയിരുന്നു.
ഇതു മനസ്സിലാക്കുവാന്‍ നമുക്ക് യഹൂദ പശ്ചാത്തലത്തില്‍ മോശെയുടെ പ്രമാണത്തിലെ വ്യവസ്ഥകളും രീതികളും മനസ്സിലാക്കേണ്ടതുണ്ട്. ഇതില്‍ കുഷ്ടരോഗിയുടെ ശുദ്ധീകരണത്തിലെ മര്‍മ്മങ്ങള്‍ മനസിലാക്കുക എന്നതാണ് ഈ പഠനത്തിന്‍റെ ഉദ്ദേശ്യം.

പത്താമത്തെ കുഷ്ടരോഗി

യേശുവില്‍നിന്നും രോഗസൌഖ്യം പ്രാപിച്ച പത്ത് കുഷ്ടരോഗികളില്‍ പത്താമനെ കുറിച്ചുള്ള ഒരു പഠനം ആണ് ഈ സന്ദേശത്തിലെ വിഷയം.
ഒരിക്കല്‍ യേശു ഗലീലിയയുടെയും ശമര്യയുടെയും ഇടയിലുള്ള ഒരു പ്രദേശത്തുകൂടെ പോകുക ആയിരുന്നു.
വഴിമദ്ധ്യേ പത്തു കുഷ്ടരോഗികള്‍, തങ്ങളോട് കരുണ ഉണ്ടാകേണമേ എന്ന് നിലവിളിച്ചുകൊണ്ട് യേശുവിന് നേരെ വന്നു.
യേശു അവരെ സൌഖ്യമാക്കി. അവര്‍ തങ്ങളെ തന്നെ ശുദ്ധീകരിക്കുവാന്‍, പുരോഹിതന്റെ അടുക്കലേക്കു ഓടി. എന്നാല്‍ അവരില്‍ ഒരുവന്‍ വഴിമദ്ധ്യേ നിന്നു, തിരിഞ്ഞു യേശുവിന്‍റെ അടുക്കല്‍ വന്നു, അവന്‍റെ കാല്‍ക്കല്‍ വീണ് നന്ദി പറഞ്ഞു.

ഏഴു സഭകള്‍ക്കുള്ള ദൂതുകള്‍ - രണ്ടാം ഭാഗം

അപ്പോസ്തലനായ യോഹന്നാന്‍, വെളിപ്പാട് പുസ്തകം, രണ്ട്, മൂന്ന് അദ്ധ്യായങ്ങളിലായി ആദ്യ നൂറ്റാണ്ടിലെ ഏഴ് സഭകള്‍ക്കുള്ള യേശുക്രിസ്തുവിന്റെ ദൂതുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ദൂതുകള്‍ ആണ് നമ്മളുടെ ഈ പഠനത്തിന്‍റെ വിഷയം.
എന്നാല്‍, ഈ കുറിപ്പ്  ഈ പഠനത്തിന്റെ രണ്ടാമത്തെ ഭാഗമാണ്.
ഒന്നാമത്തെ ഭാഗത്തില്‍, എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ് എന്നീ സഭകളോടുള്ള ദൂതുകള്‍ ആണ് നമ്മള്‍ ചര്‍ച്ച ചെയ്തത്.
ദൂതുകളില്‍, അഥവാ കത്തുകളില്‍, യേശുക്രിസ്തു, സഭകളെ ശാസിക്കുകയും പ്രചോദിപ്പിക്കുകയും, വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
എഫെസൊസ് സഭയുടെ ആദ്യസ്നേഹം വിട്ടുകഞ്ഞുള്ള, യാന്ത്രികവും, പാരമ്പര്യവുമായ ആരാധനയേയും ജീവിതത്തെയും കര്‍ത്താവ് ശാസിക്കുന്നു.
ദാരിദ്ര്യവും, കഷ്ടതയും, ഉപദ്രവങ്ങളും സഹിച്ചതിലും, സാത്താന്റെ പള്ളിക്കാരെ എതിര്‍ത്തതിലും സ്മുർന്നാ സഭയെ ക്രിസ്തു പ്രശംസിക്കുന്നു.
സഭയില്‍ വിശുദ്ധി ഉണ്ടായിരിക്കേണം എന്നും, അല്ലാത്തവരെ സഭയില്‍നിന്നും നീക്കികയേണം എന്നുമുള്ള കര്‍ത്താവിന്‍റെ ആഗ്രഹം നമ്മള്‍ പെർഗ്ഗമൊസ് സഭയോടുള്ള ദൂതില്‍ കാണുന്നു.
ഇനി നമുക്ക് യോഹന്നാന്‍ തുടര്‍ന്ന് രേഖപ്പെടുത്തിയിട്ടുള്ള 4 സഭകളുടെ ദൂത് എന്തായിരുന്നു എന്ന് നോക്കാം.

ഏഴു സഭകള്‍ക്കുള്ള ദൂതുകള്‍ - ഒന്നാം ഭാഗം


അപ്പോസ്തലനായ യോഹന്നാന്‍, വെളിപ്പാട് പുസ്തകം, രണ്ട്, മൂന്ന് അദ്ധ്യായങ്ങളിലായി ആദ്യ നൂറ്റാണ്ടിലെ ഏഴ് സഭകള്‍ക്കുള്ള യേശുക്രിസ്തുവിന്റെ ദൂതുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ദൂതുകള്‍ ആണ് നമ്മളുടെ ഈ പഠനത്തിന്‍റെ വിഷയം.
ഇതു അല്‍പ്പം സുദീര്‍ഘമായ പഠനം ആണ്. എന്നാല്‍, ഈ വീഡിയോ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുവാനായി തയ്യാറാക്കിയത് ആയതിനാല്‍, ഇതിന് സമയ പരിധി ഉണ്ട്. അതുകൊണ്ട്, ഈ പഠനം രണ്ടു ഭാഗങ്ങള്‍ ആയി വിഭജിച്ചിരിക്കുന്നു.
ഒന്നാമത്തെ ഭാഗത്തില്‍, ഏഴ് ദൂതുകള്‍ക്കുള്ള ആമുഖവും, ആദ്യത്തെ മൂന്ന് സഭകളോടുള്ള ദൂതും വിവരിക്കുന്നു. രണ്ടാമത്തെ ഭാഗത്ത് ശേഷമുള്ള നാല് സഭകളോടുള്ള ദൂതും, ഈ പഠനത്തിന്‍റെ ഉപസംഹാരവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

യേശുവിന്റെമേലുള്ള തൈലാഭിഷേകം


യേശുവിനെ പരിമളതൈലത്താല്‍ അഭിഷേകം ചെയ്യുന്നതിനെ കുറിച്ചാണ് ഈ ഹൃസ്വ സന്ദേശത്തില്‍ നമ്മള്‍ ചിന്തിക്കുന്നത്. യേശുവിനെ എത്ര പ്രാവശ്യം പരിമളതൈലത്താല്‍ അഭിഷേകം ചെയ്തു എന്നതാണു വിഷയം.
യേശുവിന്‍റെമേലുള്ള പരിമള തൈലാഭിഷേകത്തെ കുറീച് നാല് സുവിശേഷകരും വിവരിക്കുന്നുണ്ട്.
മത്തായി 26: 6-13 വരെ; മര്‍ക്കോസ് 14: 3-9 വരെ; ലൂക്കോസ് 7: 36-50 വരെ; യോഹന്നാന്‍ 12: 1-8, വരെയുള്ള വേദഭാഗങ്ങളില്‍ നമ്മള്‍ ഇതിനെകുറിച്ചുള്ള വിവരണം വായിക്കുന്നുണ്ട്.
എന്നാല്‍ ഇവയെല്ലാം ഒരു സംഭവത്തെ കുറിച്ചുള്ള വിവരണം അല്ല. ഇത്, മൂന്ന് വ്യത്യസ്തങ്ങളായ സ്ഥലത്തും അവസരങ്ങളിലും നടന്ന മൂന്ന് വ്യത്യസ്തങ്ങള്‍ ആയ സംഭവങ്ങള്‍ ആണ്.

വീണ്ടും ജനനം

പുതുതായി ജനിക്കുക’ അല്ലെങ്കില്‍ വീണ്ടും ജനിക്കുക എന്ന വേദപുസ്തക ഉപദേശം ആണ് നമ്മള്‍ ഈ സന്ദേശത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ഈ വിഷയം പഠിക്കുവാന്‍ ഏറ്റവും സഹായകരമായ വേദഭാഗം യോഹന്നാന്‍റെ സുവിശേഷം 3 ആം അദ്ധ്യായം ആണ്. ഇവിടെ നിക്കോദേമൊസ് എന്ന് പേരുള്ള ഒരു മനുഷ്യന്‍ യേശുവിനെ കാണുവാന്‍ വരുന്ന വിവരണം രേഖപ്പെടുത്തിയിരിക്കുന്നു. തുടര്‍ന്ന് യേശുവും നിക്കോദേമൊസും തമ്മിലുള്ള ദീര്‍ഘമായ സംഭാഷണം യോഹന്നാന്‍ 21 വാക്യങ്ങളില്‍ രേഖപ്പെടുത്തുക ആണ്.

ക്രിസ്തീയ സ്നാനം

ക്രിസ്തീയ സ്നാനത്തെക്കുറിച്ചുള്ള വസ്തുനിഷ്ടാപരമായ ഒരു പഠനം ആണ് ഈ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഈ പഠനം, മുമ്പ് ഉണ്ടായിരുന്നതോ, ഇപ്പോഴുള്ളതോ ഇനിയും രൂപപ്പെടുവാന്‍ ഉള്ളതോ ആയ ഏതെങ്കിലും സഭാവിഭാഗത്തിന്റെ പ്രത്യേകമായ പഠിപ്പിക്കലുകളുടെ ആവര്‍ത്തനം അല്ല.
ഇതില്‍ നിങ്ങള്‍ക്ക് യോജിപ്പുള്ളതും വിയോജിപ്പ്‌ ഉള്ളതും ആയ കാര്യങ്ങള്‍ കണ്ടേക്കാം.
നമ്മളുടെ യോജിപ്പിനും വിയോജിപ്പിനും സത്യത്തെ മാറ്റികളയുവാന്‍ കഴിയുക ഇല്ല.

ക്രിസ്തീയ സ്നാനത്തിന്റെ എല്ലാ വിശദാംശങ്ങളും ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നില്ല. അതിനു കൂടുതല്‍ സമയ ദൈര്‍ഘ്യം ആവശ്യമാണ്.
ഇവിടെ രക്ഷിക്കപ്പെട്ട, സ്നാനപ്പെടുവാന്‍ ആഗ്രഹിക്കുന്ന ഒരു വിശ്വാസിക്ക് സ്നാനത്തെ കുറിച്ച് അറിയേണ്ടതായ കാര്യങ്ങള്‍ വ്യക്തമായും ആഴത്തിലും, സഭാവിഭാഗങ്ങളുടെ കടിഞ്ഞാണ്‍ ഇല്ലാതെ വിശദീകരിക്കുന്നുണ്ട്. അത്രമാത്രമേ ഈ വീഡിയോകൊണ്ട് ലക്ഷ്യം വയ്ക്കുന്നുള്ളൂ.

ബർത്തിമായിയുടെ ഏറ്റുപറച്ചില്‍


യേശു ചെയ്ത അത്ഭുത പ്രവര്‍ത്തികളുടെ ഒരു വര്‍ണ്ണന നമുക്ക് മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ വായിയ്ക്കാം. അതില്‍ വളരെ സവിശേഷത ഉള്ള ഒരു അത്ഭുതമായിരുന്നു ബർത്തിമായി എന്ന കുരുടന്റെ സൌഖ്യം.
ഈ സംഭവം നമ്മള്‍ മര്‍ക്കോസ് 10 ആം അദ്ധ്യായത്തില്‍ വായിക്കുന്നു.

യേശുവും ശിഷ്യന്മാരും അവരോടൊപ്പം ഉണ്ടായിരുന്ന ജനകൂട്ടത്തോടൊപ്പം യെരീഹോവിൽ നിന്നു യെരൂശലേമിലേക്ക് യാത്ര പുറപ്പെടുക ആണ്.  അവര്‍ പോകുന്ന വഴിയുടെ ഒരു വശത്ത് ഒരു കുരുടനായ മനുഷ്യന്‍ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നു. അവന്റെ പേര് ബർത്തിമായി എന്നായിരുന്നു.
യേശു ആ വഴി, അവന്റെ സമീപത്തുകൂടെ പോകുന്നു എന്നു അവന്‍ മനസ്സിലാക്കിയപ്പോള്‍, സൌഖ്യത്തിനായി അവന്‍ നിലവിളിച്ചു. യേശു അവന്റെ നിലവിളി കേട്ട് അവനെ സൌഖ്യമാക്കി. അവന്‍ കാഴ്ചാപ്രാപിച്ചു. ഇതാണ് അന്ന് നടന്ന സംഭവം.

ഭൂലോകത്തെ കലഹിപ്പിച്ചവർ


ഇന്നത്തെ ഭൌതീക ആത്മീയ അന്തരീക്ഷത്തില്‍ നമ്മള്‍ എങ്ങനെ, എന്ത് ചെയ്യേണം എന്ന ചോദ്യം നമ്മള്‍ എല്ലാവരുടെയും ഹൃദയത്തില്‍ ഉയര്‍ന്ന് വരാറുണ്ട്.
കര്‍ത്താവേ, എന്നെ കുറിച്ചുള്ള നിന്‍റെ ഉദ്ദേശ്യം എന്താണ് എന്ന് നമ്മള്‍ ചോദിക്കാറുണ്ട്.
നമ്മള്‍ ഓരോരുത്തരെക്കുറിച്ചും പൊപോതുവായതും വ്യക്തിപരമായതുമായ ഒരു ഉദ്ദേശ്യം ദൈവത്തിന് ഉണ്ട്.
വ്യക്തിപരമായ ദൈവീക പദ്ധതി, നമ്മള്‍ തന്നെ മനസ്സിലാക്കി എടുക്കേണ്ടതാണ്. ദൈവം നമ്മളെ ഏതു മണ്ഡലത്തില്‍ ദൈവരാജ്യത്തിന് അനുഗ്രഹമായി ഉപയോഗിക്കുന്നുവോ അതാണ്‌ നമ്മളുടെ ദൈവീക നിയോഗം.
അത് തികച്ചും വ്യക്തിപരവും ഓരോ വ്യക്തികളില്‍ വ്യത്യസ്തവും ആയതിനാല്‍ പൊതുവായ ഒരു സന്ദേശത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക സാദ്ധ്യമല്ല.
എന്നാല്‍ പൊതുവായി നമ്മള്‍ എല്ലാവരെക്കുറിച്ചുമുള്ള ഒരു ദൈവീക ഉദ്ദേശ്യം ഉണ്ട്. അതില്‍ ആരും തന്നെ മാറിനില്‍ക്കുന്നില്ല; ആരും ഒഴിവാക്കപ്പെട്ടിട്ടില്ല.

യേശുവിന്‍റെ ക്രൂശീകരണവും റോമന്‍ ജയോത്സവവും

മര്‍ക്കോസ് 4: 11 ല്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്:
ദൈവരാജ്യത്തിന്റെ മർമ്മം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.”

തിരഞ്ഞെടുക്കപ്പെട്ടവര്‍ ഗ്രഹിക്കുവാനും പുറത്തുള്ളവര്‍ ഗ്രഹിക്കാതെയിരിക്കുവാനുമായി ദൈവരാജ്യത്തിന്റെ ചില മര്‍മ്മങ്ങള്‍ ഉപമകളില്‍ മറഞ്ഞിരിക്കുന്നു.
അത്തരത്തിലുള്ള ഒരു മര്‍മ്മം മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ ക്രൂശീകരണത്തിന്‍റെ വിവരണത്തില്‍ മറച്ചുവെച്ചിട്ടുണ്ട്.
ഈ മര്‍മ്മത്തെ മനസ്സിലാക്കുക എന്ന ഉദ്ദേശ്യമാണ് ഈ പഠനത്തിനുള്ളത്.

രണ്ട് യുദ്ധങ്ങള്‍ക്കും മദ്ധ്യേ


മാനവ ചരിത്രത്തില്‍ നമ്മളുടെ തലമുറ എവിടെ നില്‍ക്കുന്നു?

നമ്മള്‍ എങ്ങോട്ടാണ് നീങ്ങുന്നത്‌? മനുഷ്യന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട് ആത്മമണ്ഡലത്തില്‍ നടക്കുന്ന സംഭവങ്ങള്‍ എന്തെല്ലാം ആണ്?
ഈ ചോദ്യങ്ങള്‍ക്ക് ഒരു വാചകത്തില്‍ ഉത്തരം പറഞ്ഞാല്‍ അത് ഇതായിരിക്കും.
ഇന്നത്തെ നമ്മളുടെ തലമുറയുടെ സ്ഥാനം രണ്ടു യുദ്ധങ്ങള്‍ക്കും മദ്ധ്യേ ആണ്.
ഇതാണ് ഇന്നത്തെ നമ്മളുടെ ചിന്താവിഷയം.

മനുഷ്യപുത്രനും ദൈവപുത്രനും


യേശു ക്രിസ്തു തന്റെ ഭൌതീക ശുശ്രൂഷാ വേളയില്‍ സ്വയം വിശേഷിപ്പിക്കുവാന്‍ ഉപയോഗിച്ച രണ്ടു പദങ്ങള്‍ ആണ്, മനുഷ്യപുത്രന്‍ എന്നതും ദൈവപുത്രന്‍ എന്നതും.
നൂറ്റാണ്ടുകളുടെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും ഈ പദങ്ങളുടെ യേശുവുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
ഈ പദങ്ങള്‍ ഇന്നും വേദപണ്ഡിതന്മാര്‍ക്ക് ഒരു വെല്ലുവിളി ആണ്.

യേശു സ്വയം വിശേഷിപ്പിക്കുവാന്‍ ഉപയോഗിച്ചതാണ് എങ്കിലും, ഈ രണ്ടു പദങ്ങളും തുല്യമല്ല; അവയുടെ അര്‍ത്ഥങ്ങള്‍ക്ക് സാമ്യം ഇല്ല; അവ തമ്മില്‍ ഗൌരമായ ബന്ധവും ഇല്ല.
അതുകൊണ്ട് ഈ രണ്ടു പദങ്ങളും വ്യത്യസ്തമായി, രണ്ടു വിഭാഗങ്ങളായി ചിന്തിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ദാനിയേലിന്റെ ദര്‍ശനത്തിലെ 4 മഹാമൃഗങ്ങൾ

ദാനിയേല്‍ കണ്ട 4 മഹാമൃഗങ്ങളെക്കുറിച്ചുള്ള ദര്‍ശനവും അതിന്റെ അര്‍ത്ഥവും ആണ് നമ്മളുടെ ഇന്നത്തെ പഠന വിഷയം.
അന്ത്യകാല സംഭവങ്ങളെക്കുറിച്ചുള്ള പ്രവചന പുസ്തകമായിട്ടാണ് ദാനിയേലിന്റെ പുസ്തകത്തെ പൊതുവേ കണക്കാക്കുന്നത്.
ദാനിയേല്‍ രണ്ടാം അദ്ധ്യായത്തിലെ നെബൂഖദുനേസ്സരിന്റെ സ്വപ്നവും ഏഴാം അദ്ധ്യായത്തിലെ 4 മഹാമൃഗങ്ങളുടെ ദര്‍ശനവും "apocalypse" എന്ന പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Apocalypse മൂല ഭാഷയായ ഗ്രീക്കില്‍ ഈ വാക്കിന്‍റെ അര്‍ത്ഥം വെളിപ്പാട്, പൂര്‍ണ്ണമായി അറിയിക്കപ്പെട്ടത്‌, മൂടുപടം നീക്കുക എന്നിങ്ങനെ ആണ്.

നെബൂഖദുനേസ്സരിന്‍റെ സ്വപ്നം

ബാബിലോണിയന്‍ രാജാവായിരുന്ന നെബൂഖദുനേസ്സരിന്റെ സ്വപ്നവും ദാനിയേല്‍ അതിന് നല്‍കിയ വ്യാഖ്യാനവും, ദാനിയേല്‍ കണ്ട 4 മഹാമൃഗങ്ങളെക്കുറിച്ചുള്ള ദര്‍ശനവും അതിന്റെ അര്‍ത്ഥവും ആണ് നമ്മളുടെ പഠന വിഷയം.
ഈ പഠനം രണ്ടു ഭാഗങ്ങളില്‍ ആയിട്ടാണ് ഞാന്‍ ക്രമീകരിച്ചിരിക്കുന്നത്.
നിങ്ങള്‍ ഇപ്പോള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒന്നാമത്തെ ഭാഗം നെബൂഖദുനേസ്സരിന്റെ സ്വപ്നവും അതിന്‍റെ വ്യാഖ്യാനവും ആണ്.
രണ്ടാമത്തെ ഭാഗം ദാനിയേല്‍ കണ്ട 4 മഹാമൃഗങ്ങളുടെ ദര്‍ശനവും അതിന്‍റെ വ്യാഖ്യാനവും ആണ്.
ഇവ തമ്മില്‍ വളരെയധികം ബന്ധം ഉണ്ട്.

ഉഷസ്സിനായി കാത്തിരിക്കുന്നവര്‍


ഇതൊരു പ്രത്യേക സന്ദേശമാണ്. ജീവിത ഭാരങ്ങളില്‍ അകപ്പെട്ട്, നാളുകളായി, ജാഗ്രതയോടെ പ്രാര്‍ഥിച്ചിട്ടും വിടുതല്‍ കാണുവാന്‍ കഴിയാതെ ദിവസങ്ങള്‍ എണ്ണി നീക്കുന്ന അനേകര്‍ നമ്മളുടെ ഇടയില്‍ ഉണ്ട്.
ഒരു മനുഷ്യനും തങ്ങളെ അലട്ടുന്ന വിഷയങ്ങളില്‍ നിന്നും സ്വതന്ത്രര്‍ അല്ല. ഒന്നല്ലെങ്കില്‍ മറ്റൊരു വിഷയം നമ്മളെ ഭാരപ്പെടുത്തുന്നുണ്ടായിരിക്കാം.
അതില്‍നിന്നും ഒരു വിടുതല്‍ നമ്മള്‍ ആഗ്രഹിക്കുന്നു.
ജീവിതത്തില്‍ കയറികൂടിയ അന്ധകാരത്തിന്‍റെ അനുഭവത്തില്‍ നിന്നും ഒരു വിടുതല്‍ ലഭിക്കേണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നു.
ഈ സന്ദേശം നിങ്ങക്കുവേണ്ടി ഉള്ളതാണ്.
ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നിങ്ങളെ ആശ്വസിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രാത്യശയെക്കുറിച്ചു പറയുവാന്‍ ആഗ്രഹിക്കുന്നു.
അതിനാല്‍ ഈ സന്ദേശം ശ്രദ്ധയോടെയും പ്രാര്‍ത്ഥനയോടെയും കേള്‍ക്കുക.
ഇതു നിങ്ങള്‍ക്ക് അനുഗ്രഹമാകും. തീര്‍ച്ച.

വിജയകരമായ ക്രിസ്തീയ ജീവിതത്തിന്‍റെ രഹസ്യങ്ങള്‍

വിജയകരമായ ക്രിസ്തീയ ജീവിതത്തിന്‍റെ രഹസ്യങ്ങള്‍ എന്നതാണ് നമ്മളുടെ ഇന്നത്തെ ചിന്താവിഷയം.
ഈ ഭൂമിയില്‍ നമ്മള്‍ ആയിരികുമ്പോള്‍ വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ നിങ്ങളെ സഹായിക്കുന്ന 5 രഹസ്യങ്ങള്‍ അഥവാ മര്‍മ്മങ്ങള്‍ നിങ്ങളുമായി പങ്ക് വെക്കാം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഈ ഭൂമിയില്‍ നമ്മള്‍ ആയിരിക്കുമ്പോള്‍ വിജയകരമായ ഒരു കിസ്തീയ ജീവിതം നമ്മള്‍ നയിക്കേണം എന്നാണ് എന്റെ അഭിപ്രായം.
വിജയത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നത്, ഭൌതീക മണ്ഡലത്തില്‍ ഉള്ള വിജയത്തെക്കുറിച്ച് മാത്രമല്ല, ആത്മീയ മണ്ഡലത്തിലെ വിജയത്തെക്കുറിച്ച് കൂടി ആണ്.

അതിരുകള്‍

നമ്മള്‍ ഇന്ന് അതിരുകള്‍ എന്ന വിഷയമാണ് ചിന്തിക്കുവാന്‍ ആഗ്രഹിക്കുന്നത്.
അതിരുകള്‍ പൊതുവേ മനുഷ്യര്‍ക്ക്‌ ഇഷ്ടമല്ല, എന്നാല്‍ എല്ലായിടത്തും ഏതിലും അതിരുകള്‍ സൂക്ഷിക്കുകയും ചെയ്യും.
എന്നാല്‍ അതിരുകള്‍ ഒരു യാഥാര്‍ത്ഥ്യം ആണ്.
ഒരേസമയം അതിരുകളെ തകര്‍ക്കുവാനും, നിര്‍മ്മിക്കുവാനും പരിപാലിക്കുവാനും നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിരുകള്‍ ഇല്ലാതെ ജീവിക്കുവാന്‍ നമ്മള്‍ ഭയപ്പെടുന്നു.
അതിരുകള്‍ നമ്മളുടെ സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നു, അതിരുകള്‍ ഇല്ലാതെ നമ്മളുടെ സ്വാതന്ത്ര്യത്തിന് അര്‍ത്ഥവും മൂല്യവും ഇല്ല.

യാക്കോബ്, ദൈവത്തിന്‍റെ യിസ്രായേല്‍

പഴയനിയമത്തിലെ ഏറ്റവും സങ്കീര്‍ണ്ണനായ, ശക്തനും ഉന്നതുനുമായ ഗോത്രപിതാവാണ് യാക്കോബ്.
അവന്‍റെ ജീവിതം ഉപായങ്ങളും, നിരാശയും, വേദനകളും, ഒറ്റപ്പെടുത്തലും ഏകാന്തതയും, ഒപ്പം ആത്മീയമൂല്യങ്ങളുള്ളതും ആയിരുന്നു.
ജീവിതകാലത്ത് ആരും അദ്ദേഹത്തിന്‍റെ വേദനയും നിരാശയും മനസ്സിലാക്കിയിരുന്നില്ല.
തന്‍റെ ഭാരം പങ്കുവെക്കുവാന്‍ ആരും ഉണ്ടായിരുന്നില്ല.
യാക്കോബ് ഏകനായി ജീവിച്ചു, ഏകനായി പൊരുതി. ഏകനായി ജയിച്ചു.
അവനാണ്, യിസ്രായേല്‍ എന്ന രാജ്യം. എന്നാല്‍ പലപ്പോഴും അബ്രഹാമിനും മോശെക്കും ഇടയില്‍ അവന്‍ ഇപ്പോഴും അവഗണിക്കപ്പെടുന്നു.

ദൈവരാജ്യം അവകാശമാക്കുക

ആരെല്ലാം ദൈവരാജ്യം അവകാശമാക്കും ആരെല്ലാം അവകാശമാക്കുക ഇല്ല?
ഇതാണ് നമ്മളുടെ ഇന്നത്തെ ചിന്താവിഷയം.

ഈ ചോദ്യം നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ദൈവരാജ്യത്തെ കുറിച്ചുള്ള ചില മര്‍മ്മങ്ങള്‍ നമ്മളുടെ മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്.
ദൈവരാജ്യം ഒരു ജനാധിപത്യ രാജ്യമല്ല; അതൊരു രാജകീയ ഭരണം ഉള്ള രാജ്യം ആണ്.
രാജാവായ ദൈവം ആണ് ഇവിടെ സമ്പൂര്‍ണ്ണ അധികാരി. ദൈവത്തിന് ഉപദേശം നല്‍കുവാന്‍ മന്ത്രിമാരോ മറ്റ് ഉപദേഷ്ടാക്കളോ ഇല്ല.
ദൈവത്തിന്‍റെ ഹിതവും മൂല്യങ്ങളും ആണ് ദൈവരാജ്യത്തിലെ നിയമങ്ങള്‍.
അങ്ങനെ രാജ്യം രാജാവും, രാജാവ് രാജ്യവും ആയിരിക്കുന്നു.

പുതിയ ആകാശവും പുതിയ ഭൂമിയും

യേശുക്രിസ്തുവിന്റെ ശിഷ്യനായ അപ്പോസ്തലനായ യോഹന്നാന്‍ വെളിപ്പാടില്‍ കാണുന്ന, പുതിയ ആകാശവും, പുതിയ ഭൂമിയും, ദൈവരാജ്യത്തിന്റെ നിത്യവുമായ പുനസ്ഥാപനം ആണ്. അതിനാൽ ഇതിന് ദൈവീക പദ്ധതിയിൽ വളരെ പ്രാധാന്യമുണ്ട്. വെളിപ്പാട് പുസ്തകത്തിലെ വിവരണം അനുസരിച്ച്, വിശുദ്ധന്മാരുടെ ഉല്‍പ്രാപണം, ഈ ഭൂമിയിലെ ക്രിസ്തുവിന്റെ ആയിരമാണ്ട് വാഴ്ച, വെള്ളസിംഹാസനവും ന്യായവിധിയും എന്നിവയ്ക്ക് ശേഷമായിരിക്കും, പുതിയ ആകാശവും, പുതിയ ഭൂമിയും പ്രത്യക്ഷമാകുന്നത്. വെളിപ്പാട് പസൂതകത്തിൽ മാത്രമല്ല, പഴയനിയമത്തിലും, സുവിശേഷങ്ങളിലും, ലേഖനങ്ങളിലും ഇതിനെ കുറിച്ചുള്ള വിവരണം ഉണ്ട്. അതിനാൽ ഇതിനെ ഒരു ആത്മീയ സത്യമായി നമുക്ക് വിശ്വസിക്കാവുന്നതാണ്. 

 

ഇതിനെക്കുറിച്ച് പാരമ്പര്യമായി വിശ്വസിച്ചു പോരുന്നവ ആവര്‍ത്തിക്കുക എന്നതും പുതിയതായി എന്തെങ്കിലും പറയുക എന്നതും ഇവിടെ ഉദ്ദേശിക്കുന്നില്ല. ദൈവ വചനത്തിന്റെ വസ്തുനിഷ്ഠാപരമായ ഒരു പഠനം മാത്രമേ ലക്ഷ്യം വയ്ക്കുന്നുള്ളൂ. 

ജയത്തിന്‍റെ ഘോഷം

ഭീരുവല്ലാത്ത ഒരു പട്ടാളക്കാരനെ ഇനിയും നിങ്ങള്‍ കാണുമ്പോള്‍ അദ്ദേഹത്തോട് ചോദിക്കേണം: താങ്കള്‍ക്ക് യുദ്ധസമയ കാലമാണോ യുദ്ധമില്ലാത്ത സമാധാന കാലമാണോ കൂടുതല്‍  ഇഷ്ടം?
ഞാന്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്, എനിക്ക് കിട്ടിയ മറുപടി ഞാന്‍ പറയട്ടെ.
തന്റെ ജോലിയെ ഇഷ്ടപ്പെടുന്ന, ഭീരുക്കള്‍ അല്ലാത്ത എല്ലാ പട്ടാളക്കാരനും പറയും: അവര്‍ക്ക് യുദ്ധത്തിന്‍റെ കാലമാണ് കൂടുതല്‍ ഇഷ്ടം.
യുദ്ധത്തില്‍ പോയി മുറിവേല്‍ക്കുവാണോ, യുദ്ധത്തില്‍ കൊല്ലപ്പെടുവാണോ അവര്‍ക്ക് ആഗ്രഹമുള്ളതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്.
യുദ്ധകാലം എന്തെങ്കിലും ഒക്കെ ചെയ്യുവാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളുടെ കാലമാണ്; യുദ്ധമില്ലാത്ത സമാധാന കാലം നിഷ്ക്രിയര്‍ ആയിരുന്നു മുഷിയുന്ന, ബോറടിക്കുന്ന കാലം ആണ്.
യഥാര്‍ത്ഥ പട്ടാളക്കാരന്‍ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുവാന്‍ ആഗ്രഹിക്കുന്നു, അവന് പ്രവര്‍ത്തനരഹിതമായ കാലത്തെ ഇഷ്ടമല്ല.
പടയാളികള്‍ യുദ്ധം ആഗ്രഹിക്കുന്നു എന്നല്ല ഞാന്‍ പറഞ്ഞത്, അവര്‍ യുദ്ധത്തെ ഇഷ്ടപ്പെടുന്നു.

യഥാര്‍ത്ഥ വിശ്വാസികള്‍ ഇതുപോലെ തന്നെ യുദ്ധത്തെ ഇഷ്ടപ്പെടുന്നവര്‍ ആണ്.
കാരണം അവര്‍ യുദ്ധത്തില്‍ ആണ്, യുദ്ധം പോരാടി ജയിച്ചേ മതിയാകൂ.
എന്നാല്‍ നമ്മളുടെ യുദ്ധം ലോകത്തിലെ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ നിന്നും വിഭിന്നം ആണ്.
ശത്രു സാമ്രാജ്യത്തെ കീഴടക്കുക എന്നതാണ് നമ്മളുടെ ലക്ഷ്യം എങ്കിലും അത് ഒരു ഭൌതീക രാജ്യത്തെക്കുറിച്ച് അല്ല.
അതുകൊണ്ട് തന്നെ നമ്മളുടെ ആയുധങ്ങളും ഭൌതീകം അല്ല.

ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല

നമ്മളുടെ വീഡിയോകളില്‍ സാധാരണ നമ്മള്‍ ഓരോ വിഷയങ്ങള്‍ വിശദമായി പഠിക്കുക ആണ് ചെയ്യുന്നത്.
എന്നാല്‍ ഇന്നു നമുക്ക് ദൈവവചനത്തില്‍ നിന്നും ഒരു വാക്യം വിശദമായി പഠിക്കാം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. മത്തായി 5 മുതല്‍ 7 വരയുള്ള അദ്ധ്യായങ്ങള്‍ ദൈവരാജ്യത്തിന്‍റെ പ്രമാണങ്ങള്‍ വിശദീകരിക്കുന്ന വേദഭാഗം ആണ്.
മത്തായി എഴുതിയ സുവിശേഷം 7-)0 അദ്ധ്യായത്തില്‍, യേശുവില്‍ വിശ്വസ്തതയോടെ ജീവിക്കുന്ന വിശ്വാസികളും അവിശ്വസ്തതയോടെ പ്രകടനപരമായി മാത്രം ജീവിക്കുന്നവരും തമ്മില്‍, അന്ത്യന്യായവിധി ദിവസത്തില്‍ ഉണ്ടാകുവാന്‍ പോകുന്ന വേര്‍തിരിവിനെക്കുറിച്ച് പറയുന്നുണ്ട്.

മത്തായി 7: 22, 23  (ലൂക്കോസ് 13: 23 - 30)
22  കര്‍ത്താവേ, കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും.
23  അന്നു ഞാന്‍ അവരോടു: ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിന്‍ എന്നു തീര്‍ത്തുപറയും.

ആരംഭിക്കപ്പെട്ട ദൈവരാജ്യം (Inaugurated Kingdom)

ഇന്ന് നമ്മള്‍, ആരംഭിക്കപ്പെട്ട ദൈവരാജ്യം അഥവാ “inaugurated Kingdom” എന്നതിനെക്കുറിച്ചും നമ്മള്‍ ഇന്ന് ജീവിക്കുന്ന കാലഘട്ടത്തിന്‍റെ ആത്മീയ പ്രാധാന്യത്തെക്കുറിച്ചും ആണ് ചിന്തിക്കുവാന്‍ ആഗ്രഹിക്കുന്നത്.

ദാവീദിന്‍റെ പ്രവചനം

യേശുക്രിസ്തുവിനും ഏകദേശം 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാനിയേല്‍ എന്ന യഹൂദ പ്രവാചകന്‍, മനുഷ്യരാശിയുടെ ചരിത്രത്തില്‍ വരുവാനിരിക്കുന്ന സാമ്രാജ്യങ്ങളെക്കുറിച്ചും ഭരണങ്ങളെക്കുറിച്ചും പ്രവചിക്കുക ഉണ്ടായി.
ദാനിയേല്‍, യിസ്രായേലിന്റെ പ്രവാസകാലത്ത് ബാബേല്‍ രാജാവായ നെബൂഖദുനേസരിന്‍റെ കൊട്ടാരത്തില്‍ സേവനം അനുഷ്ടിക്കുക ആയിരുന്നു.
ആ കാലത്ത് ദാനിയേലിന്, ബാബേല്‍ സാമ്രാജ്യത്തിന് ശേഷം, മാനവ ചരിത്രത്തില്‍, മൂന്ന് ലോകസാമ്രാജ്യങ്ങള്‍ കൂടി ഉണ്ടാകും എന്ന ദൈവീക വെളിപ്പാട് ലഭിച്ചു.
അവ പേര്‍ഷ്യ, ഗ്രീക്ക്, റോമന്‍ സാമ്രാജ്യങ്ങള്‍ ആയിരിക്കും.
ഇവയുടെ ഭാവിയെക്കുറിച്ച് ദാനിയേല്‍ ഇങ്ങനെ എഴുതി:

ദാനിയേല്‍ 2: 44 ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‍പ്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.

കര്‍ത്താവിന്‍റെ അത്താഴം, പെസഹ, കുഞ്ഞാടിന്‍റെ കല്യാണം

ഈ സന്ദേശം, ആദമിന്‍റെ ഉടമ്പടി, പെസഹ, കര്‍ത്താവിന്‍റെ അത്താഴം, അന്ത്യകാലത്ത് സംഭവിക്കാനിരിക്കുന്ന കുഞ്ഞാടിന്‍റെ കല്യാണം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ്.

ആദാമിന്‍റെ ഉടമ്പടി, മാനവരാശിക്കുവേണ്ടിയുള്ള ദൈവീക രക്ഷാപദ്ധതിയും ദൈവരാജ്യത്തിന്റെ പുനസ്ഥാപനവും വിളംബരം ചെയ്യുന്ന ആദ്യ സുവിശേഷം ആണ്.
പെസഹ, യിസ്രായേല്‍ ജനത്തിന്‍റെ അടിമത്തത്തില്‍ നിന്നുള്ള വിടുതലും മിസ്രയീമില്‍ നിന്നുള്ള പുറപ്പാടും സൂചിപ്പിക്കുന്നു.
ശിഷ്യന്മാരുമൊത്ത് പെസഹ ആചരിച്ചപ്പോള്‍ യേശു ക്രിസ്തു, അതിന്‍റെ പൊരുള്‍ വെളിപ്പെടുത്തുകയും, പെസഹയില്‍ മറഞ്ഞിരിക്കുന്ന മനുഷ്യരുടെ രക്ഷയ്ക്കായുള്ള ദൈവീക പദ്ധതിയും ദൈവരാജ്യത്തില്‍ കുഞ്ഞാടിന്‍റെ കല്യാണസദ്യയോടെ അത് പരിപൂര്‍ണ്ണമായി നിവര്‍ത്തിക്കപ്പെടുന്നതിനെക്കുറിച്ചും, അറിയിക്കുകയും ചെയ്തു.

മൊബൈല്‍ ഫോണും വേദപുസ്തകവും

വേദപുസ്തകം വായിക്കുവാനും ധ്യനിക്കുവാനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ എന്ന ചോദ്യമാണ് നമ്മളുടെ ഇന്നത്തെ ചര്‍ച്ചാവിഷയം.
കേരളത്തിലെയും വിദേശങ്ങളിലെയും ചില ദൈവദാസന്മാര്‍ മൊബൈലില്‍ ദൈവവചനം വായിക്കുന്നതിനെതിരെ രംഗത്തുണ്ട്. അവരുടെ വിമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രസിദ്ധവും ആണ്.
എന്നാല്‍ പ്രായംകൊണ്ടു മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ എതിര്‍ക്കേണ്ട ആളാണ്‌ എങ്കിലും, മൊബൈലില്‍ വേദപുസ്തകം വായിക്കുന്നതിനെയോ, ധ്യാനിക്കുന്നതിനെയോ ഞാന്‍ എതിര്‍ക്കുന്നില്ല.
അതിനാല്‍ ഈ ഭാഗം കൂടി കേള്‍ക്കുവാന്‍ ഞാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു.

വചനം ജഡമായി തീർന്നു

നമ്മളുടെ ഇന്നത്തെ പഠനം സുവിശേഷങ്ങളെ കുറിച്ചുള്ള ഒരു ആമുഖത്തോടെ ആരംഭിക്കാം എന്ന് ഞാന്‍ കരുതുന്നു..
നാല് സുവിശേഷങ്ങള്‍, AD 66 നും 110 നും ഇടയില്‍ നാല് വ്യക്തികളാല്‍ രചിക്കപ്പെട്ടതാണ്.
അവയുടെ രചയിതാക്കളുടെ പേര് ആദ്യം വ്യക്തമായിരുന്നില്ല എങ്കിലും 2 )o നൂറ്റാണ്ടോടെ അവര്‍ മത്തായിയും, മര്‍ക്കോസും, ലൂക്കോസും, യോഹന്നാനും ആണ് എന്ന് തീരുമാനിക്കുക ആയിരുന്നു.
ആദ്യം എഴുതപ്പെട്ടത് മര്‍ക്കോസിന്റെ സുവിശേഷം ആയിരിക്കേണം. അത് AD 66 നും 70 നും മദ്ധ്യേ എഴുതപെട്ടതായിരിക്കാം.
മത്തായിയും ലൂക്കോസും സുവിശേഷങ്ങള്‍ എഴുതിയത് AD 85 നും 90 നും മദ്ധ്യേ ആയിരിക്കേണം.
യോഹന്നാന്‍ സുവിശേഷം എഴുതിയത് AD 90 നും 110 നും മദ്ധ്യേ ആയിരിക്കേണം.

മത്തായിയും യോഹന്നാനും യേശുവിന്‍റെ ഭൌതീക ശുശ്രൂഷ ആദ്യംമുതല്‍ തന്നെ കാണുകയും യേശുവിന്‍റെ മരണത്തിനും പുനരുദ്ധാനത്തിനും സാക്ഷികള്‍ ആയിരുന്നവരും ആണ്.
മാര്‍ക്കോസ് പ്രായം കൊണ്ട് അവരെക്കാള്‍ ചെറുപ്പമായിരുന്നതിനാല്‍, യേശുവിന്‍റെ ശുശ്രൂഷയുടെ അവസാന നാളുകളില്‍ സാക്ഷിയാകുകയും സകലത്തിനും ദൃക്സാക്ഷി ആയ പത്രോസില്‍ നിന്നും പഠിക്കുകയും ചെയ്തു.
ലൂക്കാസിന്റെ സുവിശേഷം, ആദിമുതല്‍ സകലതും ശ്രദ്ധയോടെയും, ദൃക്സാക്ഷികളുടെ അടുക്കല്‍ അന്വേഷിച്ച് പഠിച്ചും, സൂക്ഷ്മമായി ക്രമീകരിച്ച് എഴുതിയ ഒരു ചരിത്രകാരന്‍റെ പുസ്തകം ആണ്.

തോമസ്‌ യേശുവിനെ ദൈവം എന്ന് വിളിച്ചുവോ?

തോമസ്‌ യേശുവിനെ ദൈവം എന്ന് വിളിച്ചുവോ, എന്ന ചോദ്യമാണ് നമ്മള്‍ ഈ ചെറിയ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്.
ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ കണ്ടപ്പോള്‍ തോമസ്‌ അവനോടു ഇങ്ങനെ പറഞ്ഞു എന്ന് നമ്മള്‍ യോഹന്നാന്‍ 20: 28 ല്‍ വായിക്കുന്നു:

“തോമാസ് അവനോടു: എന്‍റെ കർത്താവും എന്‍റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.”

ചില പണ്ഡിതന്മാര്‍ തോമസ്‌ ഇവിടെ സന്തോഷത്താലോ, അപ്രതീക്ഷിതമായി എന്തോ കേട്ടതുകൊണ്ടോ കണ്ടതുകൊണ്ടോ അത്ഭുതം തോന്നിയതിനാലോ ഉച്ചരിച്ച ഒരു ആശ്ചര്യപ്രകടനം മാത്രമാണിത് എന്ന് വാദിക്കുന്നു.
ആശ്ചര്യകരമായ കാര്യങ്ങള്‍ കാണുമ്പോഴോ കേള്‍ക്കുമ്പോഴോ നമ്മള്‍ “എന്‍റെ ദൈവമേ” എന്ന് ഉച്ചരിക്കാറുണ്ടല്ലോ.
അതുപോലെ തോമസ് പറഞ്ഞ ചില വാക്കുകള്‍ ആണ്, “എന്‍റെ കർത്താവും എന്‍റെ ദൈവവും ആയുള്ളോവേ” എന്നത് എന്നാണു അവര്‍ പറയുന്നത്.
ഇതു ശരി തന്നെയോ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

ഉപ്പും വെളിച്ചവും

നമ്മളുടെ കര്‍ത്താവ് നമ്മളെ ഉപ്പിനോടും വെളിച്ചത്തോടും തുല്യം ചെയ്ത് സംസാരിച്ചിട്ടുണ്ട്.
ഉപ്പിനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചും പറയുന്നതിലൂടെ, ഈ ലോകവും നമ്മളും തമ്മിലുള്ള ബന്ധമാണ് കര്‍ത്താവ് വിശദീകരിക്കുന്നത്.
നമ്മള്‍ ഈ ലോകത്തിന്‍റെ ഉപ്പും വെളിച്ചവും ആയിരിക്കേണം.
ഈ പുതിയവര്‍ഷം നമുക്ക് ഈ ചിന്തകളോടെ ആരംഭിക്കുകയും ലോകത്തിന്‍റെ ഉപ്പും വെളിച്ചവും ആയിരിക്കുവാന്‍ നമുക്ക് ശ്രമിക്കുകയും ചെയ്യാം.

മത്തായി 5: 13 – 16
13  നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
14  നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
15  വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു.
16  അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.