1 കൊരിന്ത്യർ 11 ആം അദ്ധ്യായം 1 ആം വാക്യത്തിൽ അപ്പൊസ്തലനായ പൌലൊസ് പറയുന്ന “എന്റെ അനുകാരികൾ ആകുവിൻ.” എന്ന വാക്യത്തിന്റെ അർത്ഥവും വ്യാപ്തിയും മനസ്സിലാക്കുവാനുള്ള ഒരു പഠനമാണിത്. വാക്യം ഇങ്ങനെയാണ്:
1 കൊരിന്ത്യർ 11:1 ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ
അനുകാരികൾ ആകുവിൻ.
വേദപുസ്തകത്തിലെ പുസ്തകങ്ങൾ അതിന്റെ എഴുത്തുകാർ എഴുതിയപ്പോൾ,
അതിനെ അദ്ധ്യായങ്ങൾ, വാക്യങ്ങൾ എന്നിങ്ങനെ തിരിച്ചിട്ടുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള വിഭജനങ്ങൾ
ഉണ്ടായത് നൂറ്റാണ്ടുകൾക്ക് ശേഷമാണ്. മൂല കൃതികളിൽ, വിരാമചിഹ്നങ്ങളോ, ഖണ്ഡികകളായ
വിഭജനമോ, വാക്കുകൾക്ക് ഇടയിൽ സ്ഥലമോ ഇല്ലായിരുന്നു. അതിനാൽ തിരുവെഴുത്തുകൾ
പൊതുവേദികളിൽ വായിക്കുവാനായി, അതിനെ അദ്ധ്യായങ്ങൾ ആയി വിഭജിക്കുവാനുള്ള ശ്രമം ശാസ്ത്രിമാർ
4 നൂറ്റാണ്ടിൽ തന്നെ ആരംഭിച്ചിരുന്നു.
എന്നാൽ പുതിയനിയമത്തിലെ പുസ്തകങ്ങളിലെ അദ്ധ്യായങ്ങൾ വേർതിരിക്കുന്നത് ഏകദേശം 13 ആം നൂറ്റാണ്ടിൽ ആണ്. 1205 ൽ സ്റ്റീഫൻ ലാങ്ടൺ എന്ന വ്യക്തി, ലാറ്റിൻ ഭാഷയിലുള്ള പുതിയനിയമത്തിൽ ആണ് ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന രീതിയിലുള്ള അദ്ധ്യായങ്ങൾ ക്രമീകരിച്ചത്. (Stephen Langton, 1150 - 9, 1228). ഇദ്ദേഹം 1207 ജൂൺ 27 ആം തീയതി മുതൽ 1228 ജൂലൈ 9 ൽ മരിക്കുന്നത് വരെ, ഇംഗ്ലണ്ടിലെ കാന്റർബറിയിലെ ആർച്ച് ബിഷപ്പ് ആയി ശുശ്രൂഷ ചെയ്തു. 1180 മുതൽ ഏകദേശം 20 വർഷങ്ങൾ അദ്ദേഹം പാരീസ് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് (University of Paris).