യേശുക്രിസ്തുവിന്റെ ക്രൂശു മരണത്തിന് ശേഷം, അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന് മുമ്പുള്ള മൂന്ന് ദിവസങ്ങള്‍ അവന്‍ എവിടെ ആയിരുന്നു എന്നതാണ് നമ്മള്‍ ചിന്തിക്കുവാന്‍ പോകുന്നത്. വേദപുസ്തകത്തിലെ ചില വാക്യങ്ങള്‍ മനസ്സിലാക്കുവാന്‍ നമുക്ക് പ്രയാസമായി തോന്നുന്നതിനാല്‍ ആണ് ഇങ്ങനെ ഒരു ചോദ്യം ഉയരുന്നത്. ആ വാക്യങ്ങള്‍ ഓരോന്നായി എന്താണ് പറയുന്നതു എന്നു നമുക്ക് നോക്കാം.
1 പത്രൊസ്
3: 18, 19
18 ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി
നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
19 ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.
ഇവിടെ 19 ആം വാക്യത്തില്‍, “ആത്മാവില്‍ അവന്‍ ചെന്നു” എന്നു പറയുന്ന ഇടത്തെ ആത്മാവ്
ശരീരം വിട്ട് മരിച്ചുപോയ യേശുവിന്റെ ആത്മാവ് ആണ്. അത്
പരിശുദ്ധാത്മാവിനെക്കുറിച്ച് അല്ല. അതായത് യേശു മരിച്ചു,
അവന്റെ ശരീരം കല്ലറയില്‍ വച്ചു. മൂന്നാം നാള്‍ അവര്‍ ഉയിര്‍ത്തെഴുന്നേറ്റു.
യേശുവിന്റെ മരണത്തിനും ഉയിര്‍പ്പിനും ഇടയിലുള്ള മൂന്ന് ദിവസങ്ങള്‍ അവന്റെ ആത്മാവ്
എവിടെ ആയിരുന്നു? ഇതാണ് പത്രൊസ് പറയുന്നത്.
നമ്മള്‍ വായിച്ച വാക്യത്തില്‍ യേശുവിന്‍റെ ആത്മാവ് തടവിലുള്ള ആത്മാക്കളോട് പ്രസംഗിച്ചു എന്നു പറയുന്നുണ്ട്. ഇവിടെ പ്രസംഗിച്ചു എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്കിന്, മൂല ഭാഷയായ ഗ്രീക്കില്‍ കെയ്റൂസ്സോ (kerusso - kay-roos'-so) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കിന്റെ അര്‍ത്ഥം, പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക, പ്രസംഗിക്കുക എന്നിങ്ങനെ ആണ്. അതായത് പഴയകാലങ്ങളില്‍ രാജാക്കന്മാരുടെ കല്‍പ്പനകള്‍ ജനങ്ങളെ അറിയിക്കുവാനായി തെരുവുകളില്‍ നിന്നുകൊണ്ടു ഉറക്കെ അത് വിളംബരം ചെയ്യുന്നതിനെ ആണ് കെയ്റൂസ്സോ എന്നു പറയുന്നത്. അതായത്, പത്രൊസ് പറയുന്നത്, മരണത്തിനും ഉയിര്‍പ്പിനും ഇടയില്‍ എപ്പോഴോ യേശുക്രിസ്തു തടവില്‍ ആയിരുന്ന ആത്മാക്കളോട് ഒരു പ്രത്യേക വിളംബരം അറിയിച്ചു.
യേശു വിളംബരം അറിയിച്ച ആത്മാക്കള്‍ ആരായിരുന്നു, അവര്‍ എവിടെ ആണ് തടവില്‍ ആയിരുന്നത്? ഇതിനെക്കുറിച്ച് രണ്ടു വ്യത്യസ്തങ്ങള്‍ ആയ അഭിപ്രായങ്ങള്‍ ഉണ്ട്. രണ്ടും ഞാന്‍ ഇവിടെ പറയുന്നു. ഒന്നിനെക്കുറിച്ചും നിശ്ചയം ഇല്ലാത്തതിനാല്‍ ഞാന്‍ പക്ഷം പിടിക്കുന്നില്ല.
“തടവിലുള്ള” എന്നത് മരിച്ചവര്‍ വിശ്രമിക്കുന്ന ഇടത്തെക്കുറിച്ചുള്ള പരാമര്‍ശം ആണ് എന്നാണ് ഒരു അഭിപ്രായാം. തടവ് എന്നത് കാരാഗൃഹം അല്ലെങ്കില്‍ ജയില്‍ എന്ന് മനസ്സിലാക്കേണ്ടതില്ല. ലാസറിന്റെ ഉപമയില്‍, അബ്രഹാം ധനവാനോട് പറയുന്ന വാക്യം ഇങ്ങനെ ആണ്: “അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്ന്. ഇവിടെനിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു.” (ലൂക്കോസ് 16:26). അപ്പോള്‍, അങ്ങോട്ടും ഇങ്ങോട്ടും പോകുവാന്‍ കഴിയാത്ത ഒരു ഇടത്തെയെ ആണ് ഇവിടെ “തടവിലുള്ള” എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ കാഴ്ചപ്പാട് അനുസരിച്ച്, തടവിലുള്ള ആത്മാക്കള്‍ പഴയനിയമ കാലത്ത് മരിച്ചുപോയ വിശുദ്ധന്മാരുടെ ആത്മാക്കള്‍ ആയിരിക്കേണം.
രണ്ടാമത്തെ അഭിപ്രായം ഇതാണ്. യൂദാ 1: 6 ല്‍ നമ്മള്‍ വായിക്കുന്നത് അനുസരിച്ചു തടവില്‍ ഉള്ള ആത്മാക്കള്‍, “തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ” ദൂതന്മാര്‍ ആയിരിക്കേണം. അതായത് അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും പിശാചിനോടൊപ്പം വീണു പോയ ദൂതന്മാര്‍ ആയിരിക്കേണം. അവരെ “മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.” എന്നാണ് യൂദാ പറയുന്നത്. ഇവരെ ഇങ്ങനെ ചങ്ങലയില്‍ ഇട്ടു സൂക്ഷിക്കുവാന്‍ കാരണം അവര്‍ ഗുരുതരമായ പാപപ്രവൃത്തികള്‍ ചെയ്തത് കൊണ്ടായിരിക്കാം. ഒരു പക്ഷേ ഇവരെക്കുറിച്ച് ആയിരിക്കാം, ഉല്‍പ്പത്തി 6: 2 ല്‍ ദൈവത്തിന്‍റെ പുത്രന്മാര്‍ എന്നു പറയുന്നത്. അവര്‍ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു എന്നും അങ്ങനെ ഭൂമിയിൽ മല്ലന്മാർ ഉണ്ടായി എന്നും ആണ് അവിടെ പറയുന്നത്. പത്രൊസും, യേശു വിളംബരം അറിയിച്ച തടവിലുള്ള ആത്മാക്കള്‍, “പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി”രുന്നു എന്നു പറയുന്നുണ്ട്. 2 പത്രൊസ് 2: 4 ല്‍ “പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും…” ചെയ്തു എന്ന് പറയുന്നുണ്ട്. ഇവിടെ പത്രൊസ് പാപം ചെയ്ത ദൂതന്മാര്‍ ഇപ്പോള്‍ അന്ധതമസ്സിലും നരകത്തിലും ആണ് എന്ന് വ്യക്തമായി പറയുന്നു. ഈ അഭിപ്രായം അനുസരിച്ച് തടവിലുള്ള ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വീണുപോയ ദൂതന്മാര്‍ ആയിരിക്കേണം.
യേശു എന്താണ് തടവിലുള്ള ആത്മാക്കളോട് വിളംബരം ചെയ്തത് എന്ന് വ്യക്തമായി പറയുന്നില്ല. അത് ഒരു രക്ഷയുടെ ദൂത് ആകുവാന്‍ സാധ്യതയില്ല. പഴയ നിയമ വിശുദ്ധന്മാര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശ്വാസത്താല്‍ നീതീകരണം പ്രാപിച്ചവരാണ്. അവരോടു ഇനി രക്ഷയുടെ ദൂത് അറിയിക്കേണ്ട ആവശ്യമില്ല. യേശു രക്ഷയുടെ ദൂത് വീണുപോയ ദൂതന്മാരോടു വിളംബരം ചെയ്യുവാനും സാധ്യത ഇല്ല. കാരണം യേശുക്രിസ്തുവിന്റെ മരണം മൂലം, ദൂതന്‍മാര്‍ക്ക് രക്ഷയോ വീണ്ടെടുപ്പോ ഇല്ല. എബ്രായര്‍ 2: 16 ല്‍ പറയുന്നു: “ദൂതന്മാരെ സംരക്ഷണം ചെയ് വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ് വാനത്രെ അവൻ വന്നതു.” അതിനാല്‍ യേശുക്രിസ്തു പിശാചിന്റെ മേല്‍ നേടിയ ജയത്തെ ആയിരിക്കേണം അവന്‍ തടവിലുള്ള ആത്മാക്കളോട് വിളംബരം ചെയ്തത്. അവന്‍ ഇപ്പോള്‍ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നതിനാല്‍, ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന് കീഴ്പ്പെട്ടുമിരിക്കുന്നു. (1 പത്രൊസ് 3:22). അവന്‍ ക്രൂശില്‍, “വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.” (കൊലൊസ്സ്യര്‍ 2: 15). ജയത്തിന്റെ ഈ സത്യം ആയിരിക്കാം യേശു വിളംബരം ചെയ്തത്.
യേശു നരകത്തില്‍ പോയോ?
ചിലര്‍ യേശു മൂന്ന് ദിവസങ്ങള്‍ നരകത്തില്‍ പോയി എന്നും അത് തന്റെ കഷ്ടത തികയ്ക്കുവാന്‍ വേണ്ടി ആയിരുന്നു എന്നും അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍, യേശുക്രിസ്തു എപ്പോഴെങ്കിലും, താല്‍ക്കാലികമായി പോലും നരകത്തില്‍ പോയി എന്നു വേദപുസ്തകത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അതിനാല്‍ ഈ വാദം അടിസ്ഥാന രഹിതം ആണ്. യോഹന്നാന്‍ 19: 30 ല്‍ പറയുന്നത്, “യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.” അതിനാല്‍ ഇനി ചെയ്തു തീര്‍ക്കേണ്ടുന്ന യാതൊന്നും ശേഷിച്ചില്ല.
അപ്പോസ്തല പ്രവൃത്തികള്‍ 2: 27 ല്‍ “നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” എന്നും അപ്പോസ്തല പ്രവൃത്തികള്‍ 2: 31 ല്‍ “അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു.” എന്നും നമ്മള്‍ വായിക്കുന്നുണ്ട്. ഈ രണ്ടു വാക്യങ്ങളിലും പാതാളം എന്നതിന് ഉപയോഗിച്ചിരിന്ന മൂല പദം ഹെയിഡ്സ് (hades, hah'-dace) എന്ന ഗ്രീക്കു വാക്കാണ്. ഇതിന്റെ അര്‍ത്ഥം മരിച്ചവര്‍ വിശ്രമിക്കുന്ന സ്ഥലം എന്നും, ശവക്കുഴി എന്നും ആണ്. പാതാളം മരിച്ചവരുടെ ആത്മാക്കള്‍ വിശ്രമിക്കുന്ന ഇടം ആണ്. അത് താല്‍ക്കാലിക ഇടം ആണ്. അവിടെ ഉള്ളവര്‍ പുനരുദ്ധാരണത്തിനായി കാത്തിരിക്കുന്നു. നരകം വീണ്ടെടുക്കപ്പെടാത്ത ആത്മാക്കളുടെ നിത്യ ശിക്ഷയുടെ ഇടം ആണ്. ശവക്കുഴിയില്‍ ആരുടേയും ആത്മാക്കള്‍ വിശ്രമിക്കുന്നില്ല. മാത്രവുമല്ല, ഈ വാക്യങ്ങള്‍ യേശു പാതാളത്തിലോ നരകത്തിലോ പോയി എന്നതിന്റെ തെളിവല്ല. കാരണം യേശു മരണത്തിന് ശേഷം എവിടെ പോയി എന്നതല്ല ഇവിടെ പ്രതിപാദ്യ വിഷയം. യേശുവിന്റെ ഉയിര്‍പ്പിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
സങ്കീര്‍ത്തനങ്ങള്‍ 16: 10, 11 വാക്യങ്ങളും യേശു നരകത്തില്‍ പോയി എന്നു പറയുന്നില്ല. വാക്യം ഇങ്ങനെ ആണ്: “നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” ഇവിടെ പാതാളം എന്ന വാക്ക് എബ്രായ ഭാഷയില്‍, ഷെഓള്‍ (she'owl - sheh-ole') എന്നാണ്. ഈ വാക്കിന് പാതാളം എന്നും ശവക്കുഴി എന്നും അര്‍ത്ഥം ഉണ്ട്. അതിനാല്‍, നീ എന്റെ പ്രാണനെ ശക്കുഴിയില്‍ വിടുകയില്ല എന്നും നമുക്ക് വായിയ്ക്കാം. മത്തായി 12:40 ല്‍ യേശു പറയുന്നു: “യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.” ഈ രണ്ടു വാക്യങ്ങള്‍ ചേര്‍ത്തു വായിച്ചാല്‍, മരണത്തിന് ശേഷം യേശുവിന്റെ ശരീരം മൂന്നു ദിവസങ്ങള്‍ ശക്കുഴിയില്‍ ഇരിക്കും എന്നു മാത്രമേ ഇവിടെ അര്‍ഥമുള്ളൂ എന്നു മനസ്സിലാക്കാം. ശവക്കുഴി എന്നത് മൃതശരീരം വെക്കുന്ന സ്ഥലം ആണ്. അത് കുഴിതന്നെ ആകേണം എന്നും ഇല്ല.
എഫെസ്യര്‍ 4: 9 ല്‍ യേശു മരണത്തിന് ശേഷം ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നേ പറയുന്നുള്ളൂ. അധോഭാഗങ്ങള്‍ എന്നത് ശവക്കുഴിയെക്കുറിച്ചാകാം പറയുന്നത്. അത് നരകമാണ് എന്നു പറയുവാന്‍ സാധ്യമല്ല. അതിനാല്‍, യേശു ക്രിസ്തു നരകത്തിലേക്ക് പോയി, മരിച്ചവരോടു സുവിശേഷം പ്രസംഗിച്ചു എന്നത് തെറ്റായ വ്യാഖ്യാനം ആണ്. അത് ഊഹാപോഹം മാത്രമാണു.
യേശു മൂന്ന് ദിവസങ്ങള്‍
എവിടെ ആയിരുന്നു?
യേശു മൂന്ന് ദിവസങ്ങള്‍ എവിടെ ആയിരുന്നു എന്നതിന് മറ്റൊരു സൂചന നമുക്ക്
എഫെസ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ ലഭ്യമാണ്.
എഫെസ്യര്‍ 4: 8-10
8 അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചു
കൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.
9 കയറി എന്നതിനാൽ അവൻ ഭൂമിയുടെ
അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ?
10 ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിന്നു സ്വർഗ്ഗാധിസ്വർഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു.
സങ്കീര്‍ത്തനം 68: 18 ആം വാക്യത്തിലെ ആശയമാണ് പൌലൊസ് ഇവിടെ എടുത്ത് പറയുന്നത്. ഈ വാക്യം ഇങ്ങനെ ആണ്: “നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്നു നീ മനുഷ്യരോടു, മത്സരികളോടു തന്നേ, കാഴ്ച വാങ്ങിയിരിക്കുന്നു.” ഇവിടെ പറയുന്നത് ഇങ്ങനെ ആണ് മനസ്സിലാക്കേണ്ടത്: യേശുക്രിസ്തു ക്രൂശില്‍ മരിച്ചതിലൂടെ മാനവര്‍ക്ക് രക്ഷ നേടിയതിന് ശേഷം, അവന്‍ പാതാളത്തിലേക്ക് ഇറങ്ങി ചെന്നു. അവരുടെ ജീവിത കാലത്ത് തന്നെ വിശ്വസം മൂലം നീതീകരിക്കപ്പെട്ടവര്‍ ആയിരുന്ന പഴയ നിയമ വിശുദ്ധന്മാരായ അബ്രഹാം, ദാവീദ്, ദാനിയേല്‍, യേശുവിന്റെ ഉപമയിലെ ലാസര്‍ എന്നിങ്ങനെ ഉള്ളവരെ പിടിച്ചുകൊണ്ട് പോയി അവരെ മറ്റൊരു ആത്മീയ ഗൃഹത്തില്‍ ആക്കി. എന്നാല്‍ ഇവിടെ പറയുന്നതുപോലെ ഉള്ള ഒരു സംഭവം വേദപുസ്തകത്തില്‍ മറ്റൊരിടത്തും രേഖപ്പെടുത്തിയിട്ടില്ല.
യേശുക്രിസ്തുവിന്റെ ക്രൂശു മരണത്തിന് ശേഷം മൂന്നു ദിവസങ്ങള്‍ അവന്‍ പരദീസയില്‍
ആയിരുന്നു എന്നു ചിന്തിക്കുന്നതാണ് കൂടുതല്‍ ശരി. യേശു മരിച്ചപ്പോള്‍ അവന്‍ പറഞ്ഞ
വാക്കുകള്‍ ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ ആണ്:
ലൂക്കോസ് 23: 46 യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.
ഇതിനോടൊപ്പം അവന്‍ മാനസാന്തരപ്പെട്ട കള്ളന് കൊടുത്ത വാഗ്ദത്തം കൂടി ചേര്‍ത്തു വായിക്കാം: “ഇന്നു നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും” (ലൂക്കോസ് 23:43). അതായത്, യേശു മരിച്ചപ്പോള്‍ അവന്റെ ആത്മാവിനെ പിതാവായ ദൈവത്തിന്റെ കൈയില്‍ ഏല്‍പ്പിച്ചു. അങ്ങനെ അവന്‍ പരദീസയില്‍ പ്രവേശിച്ചു. അത് സ്വര്‍ഗ്ഗം തന്നെയോ, സ്വര്‍ഗ്ഗത്തിന്റെ ഒരു ഭാഗമോ ആയിരിക്കാം. അവിടെ രക്ഷിക്കപ്പെട്ട ആത്മാക്കള്‍ വിശ്രമിക്കുന്നുണ്ടാകാം. അതുകൊണ്ടാണല്ലോ മാനസാന്തരപ്പെട്ട കള്ളന്റെ ആത്മാവും പരദീസയില്‍ പ്രവേശിച്ചത്. യേശുവും അവിടെ മൂന്ന് ദിവസങ്ങള്‍ ഉണ്ടായിരുന്നു.
ഉപസംഹാരം
അതിനാല്‍, ഈ ചേദ്യത്തിന്റെ ഉത്തരം നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം. യേശുക്രിസ്തുവിന്‍റെ
ക്രൂശിലെ മരണത്തിനും ഉയിര്‍പ്പിനും ഇടയിലുള്ള മൂന്നു ദിവസങ്ങള്‍ യേശു എവിടെ
ആയിരുന്നു എന്നോ, അവന്‍ എന്തെല്ലാം ചെയ്തു എന്നോ വ്യക്തമായ
ഒരു വിവരണം വേദപുസ്തകത്തില്‍ ഇല്ല. അതിനാല്‍ നമുക്ക് രണ്ടു കാര്യങ്ങള്‍
അനുമാനിക്കാം. വിശ്വസം മൂലം നീതീകരിക്കപ്പെട്ടവരായി ജീവിച്ച പഴയനിയമ
വിശ്വാസവീരന്മാരെ അവന്‍ ആശ്വസിപ്പിക്കുകയും അവരെ മറ്റൊരു പാര്‍പ്പിടത്തിലേക്ക്
കൊണ്ട് പോകുകയും ചെയ്തു. അവന്‍ വീണുപോയ ദൂതന്മാരോട്,
പിശാചിന്റെമേല്‍ അവന്‍ നേടിയ ജയം വിളംബരം ചെയ്തു. എന്നാല്‍ മരിച്ചുപോയ പഴയനിയമ
ആത്മാക്കള്‍ക്കൊ, വീണുപോയ ദൂതന്‍മാര്‍ക്കോ, രക്ഷിക്കപ്പെടുവാനുള്ള രണ്ടാമതൊരു അവസരം യേശു നല്കുക ആയിരുന്നില്ല. എബ്രായര്‍ 9:27 ല്‍
പറയുന്നതനുസരിച്ച്, “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും
മനുഷ്യർക്കു” നിയമിച്ചിരിക്കുന്നു. മരണത്തിന് ശേഷം ആര്‍ക്കും രക്ഷിക്കപ്പെടുവാന്‍
രണ്ടാമതൊരു അവസരം കൂടി ലഭിക്കുന്നില്ല. അതിനാല്‍ യേശു അവന്‍റെ മരണത്തിനും ഉയിര്‍പ്പിനും
ഇടയില്‍ ആരോടും രക്ഷയുടെ സുവിശേഷം പ്രസംഗിച്ചില്ല. അവന്‍ പിശാചിന്റെ മേല്‍ നേടിയ
ജയത്തെ വിളംബരം ചെയ്തു.
ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ. ഒന്നു രണ്ടു
കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.
തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും
ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍
ലഭ്യമാണ്.
വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും
ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും
സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍
ലഭ്യമാണ. English ല്‍
വായിക്കുവാന്‍ naphtalitribe.com എന്ന
വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.
ഈ സന്ദേശം കണ്ടതിന്നും കേട്ടത്തിനും വളരെ നന്ദി.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment