രക്ഷയുടെ മൂന്ന് ഘട്ടങ്ങള്‍

 രക്ഷയും വിശുദ്ധിയും

 രക്ഷ എന്നത് ദൈവത്തിന്റെ വിശുദ്ധിയെ തിരഞ്ഞെടുക്കുന്നതാണ്. പാപത്തിന്റെ മല്‍സര മനോഭാവത്തില്‍ നിന്നും ദൈവത്തിങ്കലേക്കു തിരിയുന്നതാണ് രക്ഷ. ദൈവത്തിന്റെ വിശുദ്ധിയെ എതിര്‍ക്കുന്നത് അവസാനിപ്പിക്കുന്നതാണ് രക്ഷ. അവന്റെ വിശുദ്ധിയിലേക്ക് തിരികെ ചെല്ലുന്നതാണ് രക്ഷ.

രക്ഷ എന്നത്, ദൈവത്തില്‍ നിന്നും, പാപത്താല്‍ അകന്നുപോയി, നരകത്തിലേക്ക് പോയിക്കൊണ്ടിരുന്ന  ഒരു മനുഷ്യനെ, അവിടെ നിന്നും വീണ്ടെടുത്ത്, ദൈവത്തോട് നിരപ്പ് പ്രാപിച്ച്, ദൈവരാജ്യത്തില്‍ ആക്കുന്ന പ്രക്രിയ ആണ്. 

ഇത് എങ്ങനെ സംഭവിക്കും? നമുക്ക് എങ്ങനെ ദൈവത്തിന്റെ വിശുദ്ധിയിലേക്ക് തിരികെ ചെല്ലുവാന്‍ കഴിയും?

തീര്‍ച്ചയായും, രക്ഷ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു പ്രക്രിയ അല്ല. രക്ഷ ഒരു തുടര്‍ പ്രക്രിയ ആണ്. അത് ജീവിതകാലം മുഴുവന്‍ തുടരുന്ന, പാപത്തിന്റെ മേലുള്ള ജയം ആണ്.

നമ്മള്‍ രക്ഷിക്കപ്പെടുമ്പോള്‍, നമ്മള്‍ മാനസാന്തരപ്പെട്ട്, വിശ്വാസത്താല്‍, യേശുക്രിസ്തുവിനെ നമ്മളുടെ രക്ഷിതാവും കര്‍ത്താവായും സ്വീകരിക്കുകയും, അവനില്‍ നിന്നും പാപമോചനവും നിത്യജീവനും പ്രാപിക്കുകയും ചെയ്യുന്നു,

എന്നാല്‍ വേദപുസ്തകം പറയുന്ന രക്ഷയെക്കുറിച്ചുള്ള സന്ദേശം ഇതില്‍ മാത്രം ഒതുങ്ങുന്നില്ല.

നമ്മളുടെ, തീരുമാനമെടുക്കുന്ന രക്ഷയുടെ പ്രാര്‍ഥന, ഒരു ദീര്‍ഘദൂര യാത്രയുടെ തുടക്കം മാത്രം ആണ്.

ഒരിക്കല്‍ ഒരുവന്‍ വീണ്ടും ജനിക്കപ്പെട്ടാല്‍, അവന്‍ പാപത്തിന്റെ ശിക്ഷയില്‍ നിന്നും രക്ഷിക്കപ്പെടുന്നു, (റോമര്‍ 8:1; എഫെസ്യര്‍ 2:5,8), പാപത്തിന്റെ അധികാരത്തില്‍ നിന്നും പാപത്തിന്റെ ശക്തിയില്‍ നിന്നും രക്ഷിക്കപ്പെടുന്നു, (റോമര്‍ 6:11-14) ഭാവിയില്‍ അവന് രൂപാന്തരപ്പെട്ട ശരീരം ലഭിച്ചിട്ട് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുമ്പോള്‍, അവന്‍ പാപത്തിന്റെ സാന്നിധ്യത്തില്‍ നിന്നും രക്ഷിക്കപ്പെടും. (ഫിലിപ്പിയര്‍ 3:20,21).

നമ്മള്‍ ഭൂതകാലത്ത് ഒരു ദിവസം രക്ഷിക്കപ്പെട്ടു (എഫെസിയന്‍സ് 2:8); വര്‍ത്തമാനകാലത്ത് നമ്മള്‍ ജീവിക്കുമ്പോള്‍ രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (1 കൊരിന്ത്യര്‍ 1:18); ഭാവിയില്‍ നമ്മള്‍ രക്ഷിക്കപ്പെടും (1 പത്രൊസ് 1:5). ഇത് ഭൂതകാല രക്ഷയും, വര്‍ത്തമാനകാല രക്ഷയും, ഭാവികാല രക്ഷയും ആണ്.

അതായത് രക്ഷയ്ക്ക് വ്യക്തമായ മൂന്നു ഘട്ടങ്ങള്‍ ഉണ്ട്. നമ്മള്‍ രക്ഷിക്കപ്പെട്ടു, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, രക്ഷിക്കപ്പെടും.

ഈ മൂണ് ഘട്ടങ്ങളില്‍ നടക്കുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് ഇങ്ങനെ പറയാവുന്നതാണ്: നമ്മള്‍ നീതീകരിക്കപ്പെട്ടു, നമ്മള്‍ വിശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, നമ്മള്‍ തേജസ്കരിക്കപ്പെടും.

 

റോമര്‍ 8: 29, 30

29  അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.

30  മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു. നീതീകരണം

 നമ്മള്‍ രക്ഷിക്കപ്പെട്ടു എന്നതാണ് രക്ഷയുടെ ഒന്നാമത്തെ അവസ്ഥ. വീണ്ടും ജനനം പ്രാപിച്ച ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം രക്ഷിക്കപ്പെട്ടു എന്നത് ഒരു ഭൂതകാല സംഭവം ആണ്. ഈ ഘട്ടത്തെ നമുക്ക് നീതീകരണം എന്നും വിളിക്കാം.

നീതീകരിക്കപ്പെടുക എന്നത് എന്താണ് എന്നു മനസ്സിലാക്കുക, ക്രിസ്തീയ വിശ്വാസത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആണ്. കൃപയാല്‍ വിശ്വസം മൂലം രക്ഷ എന്ന ദൈവശാസ്ത്രത്തെയും പ്രവര്‍ത്തികളിലൂടെ രക്ഷ എന്ന ചിന്താഗതിയെയും വേര്‍തിരിക്കുന്ന മര്‍മ്മം ആണ് നീതീകരണം.

 

നീതീകരണം എന്ന വാക്ക് ഒരു നിയമപരമായ പദം ആണ്. ഒരുവനെ കൂറ്റക്കാരന്‍ അല്ല എന്നു വിധിക്കുന്നതാണ് നീതീകരണം. ഇത് ന്യായാധിപന്‍ എന്ന നിലയിലുള്ള ദൈവത്തിന്റെ പ്രവര്‍ത്തി ആണ്. ഇവിടെ ഒരു ന്യായാധിപന്‍ ഒരു പാപിയുടെ ഭൂതകാലത്തെയും, വര്‍ത്തമാനകാലത്തെയും, ഭാവികാലത്തെയും എല്ലാ പാപങ്ങളെയും,  മോചിപ്പിച്ച് അവനെ നീതിമാന്‍ എന്നു വിധിക്കുക ആണ്.

ഇത് ഒരു മനുഷ്യന്റെ ജീവിതത്തില്‍, യേശുക്രിസ്തുവിന്റെ പാപ പരിഹാര യാഗത്തിലുള്ള അവന്റെ വിശ്വാസം മൂലം, ഒരിക്കലായിട്ട് സംഭവിക്കുന്നു. യേശുക്രിസ്തുവിന്റെ രക്തം അവന്‍റെ എല്ലാ പാപങ്ങളെയും മായിച്ചുകളഞ്ഞത് കൊണ്ടാണ് ഇത് സംഭവിച്ചിരിക്കുന്നത്.

മാനസാന്തരപ്പെട്ട്, പാപങ്ങളെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുകയും, യേശുക്രിസ്തുവിനെ രക്ഷകനും കര്‍ത്താവും ആയി സ്വീകരിക്കുകയും ചെയ്യുമ്പോള്‍ തന്നെ ഇത് സംഭവിക്കുന്നു. (റോമര്‍ 10:9)

നീതീകരണത്തിലൂടെ ഒരു പാപിയെ നിഷ്കളങ്കതയിലേക്ക് തിരികെ കൊണ്ടുവരുന്നു.

 

യാഥാര്‍ത്ഥത്തില്‍, ഇവിടെ ഒരു പാപിയെ നീതീകരിക്കുക അല്ല ചെയ്യുന്നത്, യേശുക്രിസ്തു ചെയ്തു തീര്‍ത്ത പാപ പരിഹാര പ്രവര്‍ത്തിയുടെ അടിസ്ഥാനത്തില്‍, അവനെ നീതിമാന്‍ എന്നു ദൈവം വിധിക്കുക ആണ് ചെയ്യുന്നത്.

അങ്ങനെ, പാപി, യേശുക്രിസ്തുവിന്റെ നീതിയെ ധരിക്കുന്നു.

 

2 കൊരിന്ത്യര്‍ 5: 21 പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.”

 

അതിനാല്‍, മാനസാന്തരപ്പെട്ട ഒരുവനെ, ദൈവം യേശുക്രിസ്തുവിന്റെ നീതിയില്‍ കാണുകയാണ്. ഒരു പാപി കൃപയാല്‍, യേശുക്രിസ്തുവിന്റെ പാപ പരിഹാര പ്രവര്‍ത്തിയിലുള്ള വിശ്വാസം മൂലം നീതീകരിക്കപ്പെടുന്നു. അവന്റെ സ്വന്ത പ്രവര്‍ത്തികള്‍ ഇതിന് കാരണമാകുന്നില്ല.

യേശുക്രിസ്തുവിന്റെ മരണത്താല്‍, ഒരു പാപ്പിക്ക് എതിരെ ഉണ്ടായിരുന്ന ദൈവത്തിന്റെ കോപം അവന്‍ നീക്കികളഞ്ഞു. 

ഇതിനെക്കുറിച്ച് നമ്മള്‍ റോമര്‍ 5:1 ല്‍ വായിക്കുന്നു:  “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.”

 വിശുദ്ധീകരണം

 രക്ഷയുടെ രണ്ടാമത്തെ ഘട്ടം, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്. ഇത് വര്‍ത്തമാനകാല അനുഭവം ആണ്. ഇതിനെ വിശുദ്ധീകരണം എന്നു വിളിക്കാം.

വിശുദ്ധീകരണം എന്നത് പ്രവര്‍ത്തിയാലുള്ള രക്ഷ അല്ല എന്നു നമ്മള്‍ വ്യക്തമായി മനസ്സിലാക്കിയിരിക്കേണം. രക്ഷ യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിലുള്ള വിശ്വസം മൂലം മാത്രം ലഭിക്കുന്നു. രക്ഷയ്ക്കായി ചെയ്യേണ്ടുന്നതെല്ലാം യേശുക്രിസ്തു ചെയ്തു കഴിഞ്ഞു. അതില്‍ നമ്മള്‍ ചെയ്യേണ്ടതായി യാതൊന്നും ബാക്കി വച്ചിട്ടില്ല. ക്രൂശിലെ പാപപരിഹാരത്തില്‍ നമ്മള്‍ വിശ്വസിക്കുക എന്നത് മാത്രമാണ് നമ്മളുടെ ഉത്തരവാദിത്തം. 

 എന്നാല്‍ രക്ഷ ഒരു തുടര്‍ പ്രക്രിയ ആണ്. അത് ഒരു തീരുമാന പ്രാര്‍ഥനകൊണ്ട് മാത്രം പൂര്‍ത്തീകരിക്കപ്പെടുന്നില്ല. രക്ഷ യേശുവിനോടൊപ്പം ഉള്ള ഒരു ദീര്‍ഘമായ യാത്ര ആണ്. നമ്മളുടെ ഇഹലോക ജീവിതകാലം മുഴുവന്‍ യേശുവിനോടൊപ്പം നടന്ന്, നമ്മളെ തന്നെ വിശുദ്ധീകരിച്ചും അവനോടു അനുരൂപപ്പെട്ടും ജീവിക്കുന്നത് രക്ഷയുടെ ഒഴിവാക്കാനാവാത്ത ഭാഗം ആണ്.

 

റോമര്‍ 8: 29 അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.

 വിശുദ്ധീകരണം എന്നത്തിന്റെ അര്‍ത്ഥം വേര്‍തിരിക്കുക എന്നതാണ്. ഈ അര്‍ത്ഥത്തില്‍ വിശുദ്ധീകരണം വേര്‍പാട് ആണ്.

ഇവിടെ വീണ്ടും ജനനം പ്രാപിച്ച ഒരുവനെ, ദൈവം, അവന്റെ പദ്ധതിക്കായും വിശുദ്ധജീവിതത്തിനായും വേര്‍തിരിക്കുക ആണ്. യേശുവിന്‍റെ സ്വരൂപത്തോടു അനുരൂപരാകുന്തോറും നമ്മള്‍ കൂടുതല്‍ വിശുദ്ധീകരിക്കപ്പെടുന്നു.

 

ഫിലിപ്പിയര്‍ 2: 12, 13

12   അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ.

13   ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു.

12 ആം വാക്യത്തിലെ,നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ” എന്ന പദസമുച്ചയത്തിലെ “പ്രവര്‍ത്തിപ്പിന്‍” എന്ന വാക്കിന്റെ മൂലഭാഷയായ ഗ്രീക്കിലുള്ള പദം, “കറ്റ്-എര്‍-ഗാദ്-സോം-ആയി” എന്നതാണ്. (katergazomai - kat-er-gad'-zom-ahee).

ഈ വാക്കിന്റെ അര്‍ത്ഥം, പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുക, നേടിഎടുക്കുക, പൂര്‍ത്തീകരിക്കുക, രൂപപ്പെടുത്തുക, നടപ്പിലാക്കുക എന്നിവ ആണ്.

അതിന്റെ അര്‍ത്ഥം, പൌലൊസ് ഇവിടെ പറയുന്നതു, നമ്മള്‍ നമ്മളുടെ രക്ഷയെ പൂര്‍ണ്ണമായി നേടി എടുക്കുക, അതിനെ പൂര്‍ത്തീകരിക്കുക, എന്നിങ്ങനെ ആണ്.

13 ആമത്തെ വാക്യം, പൌലൊസ് ഉദ്ദേശിച്ചത് കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്: “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു.”

അതായത് ദൈവം നമ്മളില്‍ പ്രവര്‍ത്തിച്ചിട്ട് നമ്മളുടെ രക്ഷയെ സമ്പൂര്‍ണ്ണമാക്കി തീര്‍ക്കും. അതിനായി നമ്മള്‍ ഭയത്തോടും വിറയലോടും കൂടെ ജീവിക്കേണം.

 അങ്ങനെ നമ്മള്‍ നമ്മളുടെ രക്ഷെക്കായി പ്രവർത്തിക്കേണ്ടത് എന്തുകൊണ്ട് ആണ്? കാരണം ലളിതമാണ്, നമ്മള്‍ പാപ പങ്കിതമായ ഒരു ലോകത്ത്, പാപത്തിന്റെ പ്രലോഭനങ്ങളെ അഭിമുഖീകരിച്ചുക്കൊണ്ട് ഇപ്പൊഴും ജീവിക്കുന്നു.

രക്ഷയ്ക്കായി പ്രവര്‍ത്തിക്കേണം എന്നത്, നമ്മളുടെ പ്രവര്‍ത്തികളാല്‍ രക്ഷ പ്രാപിക്കുവാന്‍ കഴിയും എന്ന അര്‍ത്ഥത്തില്‍ അല്ല പൌലൊസ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വിശ്വസം മൂലം രക്ഷ പ്രാപിച്ച നമ്മള്‍ അതിന്റെ പൂര്‍ത്തീകരണത്തിനായി വിശുദ്ധിയോടെ ജീവിക്കേണം. 

വിശുദ്ധീകരണം ദൈവം തിരുവുള്ളം ഉണ്ടായിട്ടു നമ്മളില്‍ പൂര്‍ത്തീകരിച്ചുതരും. എന്നാല്‍ നമ്മള്‍ “ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ” ദൈവത്തോട് ചേര്‍ന്ന് നില്‍ക്കേണ്ടതുണ്ട്.

ഈ സത്യം മനസ്സിലാക്കിയതിനാല്‍ ആണ് പൌലൊസ് ഇപ്രകാരം പറഞ്ഞത്:

 

ഫിലിപ്പിയന്‍സ് 3: 13, 14

13   സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല.

14   ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.

 

നമ്മള്‍ ക്രിസ്തുവിലുള്ളവര്‍ ആയിരിക്കുന്നതിനാല്‍ വിശുദ്ധീകരണം നമ്മളുടെ ലക്ഷ്യം ആണ്. അത് പൊടുന്നനവേ, ഒറ്റ നിമിഷത്തില്‍ ലഭിക്കുന്നതല്ല. വിശുദ്ധീകരണം, ഒരു വിശ്വാസി ഈ ലോകത്തില്‍ നിന്നും മാറ്റപ്പെടുന്നതുവരെ തുടരുന്ന പ്രക്രിയ ആണ്.

 പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തി

ആത്മീയ ശിശു എന്നതില്‍ നിന്നും പക്വതയിലേക്കുള്ള ഒരു വിശ്വാസിയുടെ വളര്‍ച്ച ആണ് വിശുദ്ധീകരണം. ഈ കാലയളവില്‍ അവന്‍ ദൈവ വചനം പഠിക്കുകയും ദൈവത്തിന്റെ ഹിതപ്രകാരം ജീവിക്കുവാനുള്ള ശരിയായ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുന്നു.

ഇങ്ങനെ ആത്മീയ പക്വതയിലേക്ക് ഒരുവന്‍ വളരുന്നത് പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ മാത്രമേ സാധ്യമാകൂ.

ദൈവം, അവന്റെ ഹിതപ്രകാരം നമ്മളില്‍ രൂപാന്തരം വരുത്തുവാന്‍ നമ്മള്‍ പരിശുദ്ധാത്മാവും ആയി ചേര്‍ന്നു ജീവിക്കുമ്പോള്‍ മാത്രമേ വിശുദ്ധീകരണം സാദ്ധ്യമാകൂ. 

നീതീകരണവും വിശുദ്ധീകരണവും വ്യത്യസ്തങ്ങള്‍ ആയ അനുഭവങ്ങള്‍ ആണ്.

നീതീകരണത്തില്‍ ദൈവമുമ്പാകെ ഉള്ള ഒരു വ്യക്തിയുടെ സ്ഥാനം മാറുമ്പോള്‍, വിശുദ്ധീകരണത്തില്‍ അവന്റെ സ്വഭാവം മാറുക ആണ്. 

നീതീകരണം രക്ഷിക്കപ്പെടുന്ന നിമിഷം തന്നെ ഒരിക്കലായിട്ടു സംഭവിക്കുന്നു. വിശുദ്ധീകരണം ഒരു തുടര്‍ പ്രക്രിയ ആണ്. അത് ഒരു വിശ്വാസിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തി മൂലം ആണ്. (2 തെസ്സലൊനീക്യര്‍ 2:13).

വിശുദ്ധീകരണം ഒരുവനെ വിശുദ്ധന്‍ ആക്കി മാറ്റുന്ന പ്രക്രിയ ആണ്.

ചുരുക്കിപ്പാറഞ്ഞാല്‍, യേശുക്രിസ്തുവിന്റെ വിശുദ്ധിയിലേക്കുള്ള ആത്മീയ വളര്‍ച്ച ആണ് വിശുദ്ധീകരണം. (2 പത്രൊസ് 3:18)

 എന്തുകൊണ്ട് നമുക്ക് ഇങ്ങനെയുള്ള ഒരു വിശുദ്ധീകരണം ആവശ്യമാണ്?

ദൈവത്തെക്കുറിച്ചും ദൈവീക വിശുദ്ധിയെക്കുറിച്ചും ഉള്ള അറിവ് പടിപടിയായി, കാലാനുഗതമായി നമുക്ക് ലഭിക്കുന്നതാണ്. അതുപോലെ തന്നെ പാപത്തെക്കുറിച്ചുള്ള അറിവും പടിപടിയായി നമ്മള്‍ മനസ്സിലാക്കുന്നത് ആണ്. നമ്മള്‍ യേശുക്രിസ്തുവില്‍ വരുമ്പോള്‍ മാത്രമേ, പാപം എന്താണ് എന്നു ശരിയായി മനസ്സിലാക്കുന്നുള്ളൂ. യേശുവിനോടൊപ്പം നമ്മള്‍ നടക്കുന്തോറും പാപത്തെക്കുറിച്ചുള്ള നമ്മളുടെ അറിവ് വര്‍ദ്ധിക്കുകയും കൂടുതല്‍ വ്യക്തമാകുകയും ചെയ്യുന്നു. ഇന്നലെ നമ്മള്‍ പാപം എന്നു കരുതാത്ത പലതിനെയും ഇന്ന് നമ്മള്‍ പാപം എന്നു മനസ്സിലാക്കുന്നു.

 നമ്മള്‍ ക്രിസ്തുവിങ്കലേക്കു ആദ്യമായി വരുമ്പോള്‍ ചില കാര്യങ്ങള്‍ പാപം ആണ് എന്നു നമ്മള്‍ മനസ്സിലാക്കുന്നു. അവയെ ഉടന്‍ തന്നെ ഉപേക്ഷിക്കുവാനും നമ്മള്‍ തയ്യാറാകുന്നു. എന്നാല്‍ നമ്മള്‍ ദൈവകൃപയില്‍ കൂടുതല്‍ വളരുമ്പോള്‍ നമ്മള്‍ കൂടുതല്‍ കാര്യങ്ങളെ ദൈവീക വിശുദ്ധിക്ക് യോജിക്കാത്തതായി കണ്ടെത്തുന്നു. അങ്ങനെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പു ചെയ്ത കാര്യങ്ങള്‍ പലതും നമ്മള്‍ ഇന്ന് ചെയ്യുക ഇല്ല. ഇന്ന് നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും ഇനി ഒരു അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ നമ്മള്‍ ചെയ്യുക ഇല്ല.

ഇതാണ് വിശുദ്ധീകരണത്തിന്റെ തുടര്‍ പ്രക്രിയ. ഇതിനെക്കുറിച്ച് ആണ് പൌലൊസ്,ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ” എന്നു പറഞ്ഞത്. ഇത് രക്ഷയുടെ വര്‍ത്തമാന കാല അനുഭവമായ രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന ഘട്ടമാണ്.

 പൌലൊസ് രക്ഷിക്കപ്പെട്ട് 18 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, 1 കൊരിന്ത്യര്‍ 15: 9 ല്‍ അദ്ദേഹം ഇങ്ങനെ എഴുതി: “ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല.”

ഇത് എഴുതിയതിനും അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം എഫെസ്യര്‍ 3: 8 ല്‍ പറഞ്ഞു: “സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയ ധനത്തെക്കുറിച്ചു പ്രസംഗിപ്പാനും ... ഈ കൃപ നല്കിയിരിക്കുന്നു.

ഇതിനുശേഷം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കഴിഞ്ഞ്, 1 തിമൊഥെയൊസ് 1: 15 ല്‍ അദ്ദേഹം വീണ്ടും ഇങ്ങനെ എഴുതി: “ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ.

എന്തുകൊണ്ടാണ് രക്ഷിക്കപ്പെട്ടത്തിനും അനേകം വര്‍ഷങ്ങള്‍ക്ക് ശേഷവും തന്റെ അയോഗ്യതകളെക്കുറിച്ച് പൌലൊസ് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്? രക്ഷിക്കപ്പെട്ടതിന് ശേഷം അദ്ദേഹം പിന്‍മാറിപ്പോയോ? ഒരിയ്ക്കലും ഇല്ല.

എന്നാല്‍, ക്രിസ്തുവിനോട് കൂട് നടക്കുവാന്‍ തുടങ്ങിയപ്പോള്‍ വിശുദ്ധീകരണത്തിന്റെ ആവശ്യകത എത്ര അധികമാണ് എന്നു അദ്ദേഹം തിരിച്ചറിഞ്ഞു. പൌലൊസ് ഒരിയ്ക്കലും തന്റെ ഇഹലോക ജീവിതത്തില്‍ വച്ച് പൂര്‍ണ്ണമായ വിശുദ്ധീകരണം പ്രാപിച്ചതായി അവകാശപ്പെടുന്നതും ഇല്ല. 

“പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു” എന്നേ ഉള്ളൂ. (ഫിലിപ്പിയന്‍സ് 3: 14)

 തേജസ്കരണം

 രക്ഷയുടെ മൂന്നാമത്തെ ഘട്ടം, നമ്മള്‍ രക്ഷിക്കപ്പെടും എന്നത്, ഭാവിയില്‍ സംഭവിക്കേണ്ടത് ആണ്. ഇത് നമ്മളുടെ തേജസ്കരണം ആണ്.

ഒരു മനുഷ്യന്റെ രക്ഷയുടെ അനുഭവത്തിലെ അവസാന ഘട്ടം ആണ് തേജസ്കരണം. ഒരു മനുഷ്യനെ സമ്പൂര്‍ണ്ണന്‍ ആക്കുന്ന പ്രക്രിയ ആണ് തേജസ്കരണം എന്നത്. ഇതും ഒരിക്കല്‍ ആയി നടക്കുന്ന ഒരു സംഭവം ആണ്.

മരണത്തിലൂടെയോ, ജീവനോടെ എടുക്കപ്പെടുന്നതിലൂടെയോ, നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തുവിനോടൊപ്പം, നമ്മള്‍ ചേരുന്ന അവസരത്തില്‍ ഇത് സംഭവിക്കുന്നു.

തേജസ്കരിക്കപ്പെടുന്നത് വരെ നമ്മള്‍ പാപരഹിതമായ സമ്പൂര്‍ണ്ണതയില്‍ എത്തുക ഇല്ല. നമ്മള്‍ തേജസ്കരിക്കപ്പെടുമ്പോള്‍ പാപത്തിന്റെ പ്രകൃതി വിട്ടുപോകുകയും നമുക്ക് തേജസ്കരിക്കപ്പെട്ട ഒരു ശരീരം ലഭിക്കുകയും ചെയ്യും.

 

ഫിലിപ്പിയര്‍ 3: 20, 21

20  നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെനിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.

21   അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.

 യേശുക്രിസ്തു ക്രൂശില്‍ മരിച്ചത് നമ്മളെ നിത്യമായ മരണത്തില്‍ നിന്നും വിടുവിച്ച്, നിത്യമായ ജീവന്‍ നല്കുവാന്‍ വേണ്ടി ആയിരുന്നു. നമ്മളുടെ താഴ്ചയുള്ള ശരീരത്തെ രൂപാന്തരപ്പെടുത്തി, എന്നന്നേക്കും അവനോടു കൂടെ ജീവിക്കേണ്ടതിന് നമ്മളെ ചേര്‍ത്തുകൊള്ളുവാന്‍ അവന്‍ വേഗം വീണ്ടും വരും.

ഉപസംഹാരം

 ഞാന്‍ ഈ പഠനം ഇവിടെ ചുരുക്കട്ടെ.

രക്ഷ എന്നത് ഒരിക്കലായി സംഭവിക്കുന്ന ഒരു പ്രക്രിയ അല്ല. അത്, യേശുവിനെ സ്വീകരിച്ചുകൊണ്ടു നമ്മള്‍ പറഞ്ഞ ആദ്യത്തെ പ്രാര്‍ഥന മുതല്‍ ആരംഭിച്ച ഒരു സുദീര്‍ഘമായ ഒരു യാത്ര ആണ്. നമ്മള്‍ ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍, നമ്മളുടെ രക്ഷയെ നേടിഎടുക്കേണ്ടതും ഉണ്ട്. നമ്മളുടെ രക്ഷ, നമുക്ക് ഭാവിയില്‍ തേജസ്കരിക്കപ്പെട്ട ശരീരം ലഭിക്കുമ്പോള്‍ മാത്രമേ പൂര്‍ണ്ണമാകൂ. അന്ന് നമ്മളുടെ പാപത്തിന്റെ പ്രകൃതി എടുത്തുമാറ്റപ്പെടും.

അതിനാല്‍, നമ്മളുടെ വര്‍ത്തമാന കാലത്ത് യേശുവിനോടൊപ്പം നടന്ന്, നമ്മളെ തന്നെ വിശുദ്ധീകരിക്കേണ്ടത് ഉണ്ട്. ദൈവം നമ്മളില്‍ പ്രവര്‍ത്തിക്കുവാന്‍ നമ്മള്‍ അനുവദിച്ചുകൊടുക്കേണം. നമ്മളുടെ ഇഹലോക ജീവിതം ദൈവത്തിന്റെ മഹത്വത്തിനായി തീരേണം.

അതിനായി നമ്മളുടെ ജീവിതത്തിലെ എല്ലാ ഘടകങ്ങളെയും, അനുഭവങ്ങളെയും, എല്ലാ ഇടങ്ങളെയും പരിശുദ്ധാത്മാവിന് തുറന്നുകൊടുക്കാം. ദൈവഹിതമല്ലാത്ത നമ്മളുടെ ഭൂതകാല ചെയ്തികളെ ഉപേക്ഷിച്ചുകളഞ്ഞു, “പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു” ഓടുന്നവരായി ജീവിക്കാം.

നമ്മള്‍ എങ്ങനെ ജീവിക്കേണം എന്നു യേശുക്രിസ്തു ആഗ്രഹിക്കുന്നുവോ, അങ്ങനെ ജീവിക്കുവാന്‍ നമുക്ക് കഴിയും. അതിനായി നിരന്തരം പരിശുദ്ധാത്മാവിന്റെ വാക്കുകള്‍ക്ക് ശ്രദ്ധയോടെ ആയിരിക്കാം.

നമ്മളുടെ ജഡത്തിന്റെ ശക്തിയില്‍ അല്ല; പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ ആണ് നമ്മള്‍ ആശ്രയിക്കുന്നത്.

  ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.

ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക. മറ്റുള്ളവരോടുകൂടെ പറയുക.

ഒപ്പം തന്നെ ഓണ്‍ലൈന്‍ ല്‍ നമ്മളുടെ വീഡിയോ ഓഡിയോ ചാനലുകളില്‍ മറ്റ് വിഷയങ്ങളെ കുറിച്ചുള്ള അനേകം വീഡിയോകളും ഓഡിയോകളും ലഭ്യമാണ്. വീഡിയോ കാണുവാന്‍ താല്പര്യമുള്ളവര്‍ naphtalitribetv.com എന്ന വീഡിയോ ചാനലും ഓഡിയോ കേള്‍ക്കുവാന്‍ താല്പര്യമുള്ളവര്‍ naphtalitriberadio.com എന്ന ഓഡിയോ ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കേള്‍ക്കുവാന്‍ നിങ്ങളെ സഹായിക്കും.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.

 

No comments:

Post a Comment