സൊദോം ഗൊമോരാ പട്ടണങ്ങളുടെ തകര്‍ച്ച

ചരിത്രം ആവര്‍ത്തിക്കപ്പെടാറുണ്ട് എന്നത് ഒരു ചരിത്ര വസ്തുത ആണ്. കാരണം മനുഷ്യന്‍ എക്കാലത്തും ഒന്നുതന്നെയാണ്. മനുഷ്യന്റെ അടിസ്ഥാന സ്വഭാവം ഒരിയ്ക്കലും മാറുന്നില്ല. അവന്റെ ചിന്തകള്‍ക്ക് മാറ്റമുണ്ടാകുന്നില്ല. സംസ്കാരത്തിന്റെയും ആധുനികതയുടെയും, സഹവര്‍ത്തിത്വത്തിന്റെയും പേരില്‍ മനുഷ്യര്‍ സഹിഷ്ണതയുള്ളവരായി പെരുമാറുന്നു എന്നതുമാത്രമാണ് നമുക്ക് ഉണ്ടായിട്ടുള്ള പുരോഗതി. സാഹചര്യം അതിന് അനുകൂലമായാല്‍, നമ്മളില്‍ ഉള്ള പ്രാകൃത മനുഷ്യന്‍ പുറത്തുവരുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അപൂര്‍വ്വമായിട്ടാണ് എങ്കിലും, ലോകത്തിലെ എല്ലാ രാജ്യങ്ങളിലും, മനുഷ്യന്റെ പ്രാകൃത സ്വഭാവത്തിന്റെ പ്രവര്‍ത്തികള്‍ ഇന്നും  സംഭവിക്കുന്നു.

ഈ മുഖവുരയോടെ നമുക്ക് രണ്ടു പുരാതന പട്ടണങ്ങളുടെ തകര്‍ച്ചയെക്കുറിച്ച് പഠിക്കാം. ഈ പഠനം മുഖ്യമായി ഒരു ചരിത്ര അവലോകനമാണ്. ഇതൊരു ദൈവശാസ്ത്രപരമായ വിശകലനം അല്ല. എന്നാല്‍ ഇതില്‍ ദൈവ ശാസ്ത്രം ഇല്ലാതെയുമില്ല. ചരിത്രവും, ഗവേഷകരുടെ കണ്ടെത്തലുകളും, വേദപുസ്തകത്തിലെ വിവരണവും ഒരുമിച്ച് നിരത്തി, സൊദോം, ഗൊമോരാ എന്നീ പുരാതന പട്ടണങ്ങളെക്കുറിച്ച് പഠിക്കുവാനാണ് നമ്മള്‍ ഇവിടെ ശ്രമിക്കുന്നത്.

അന്വേഷിപ്പിന്‍, നിങ്ങള്‍ കണ്ടെത്തും

യേശുക്രിസ്തു, തന്റെ ഇഹലോക ശുശ്രൂഷയുടെ ആദ്യ ഘട്ടത്തില്‍ പറഞ്ഞ ദൈര്‍ഘ്യമേറിയ ഒരു ഭാഷണമാണ്, ഗിരി പ്രഭാഷണം എന്നു അറിയപ്പെടുന്നത്. യേശുക്രിസ്തുവിന്‍റെ പ്രഭാഷണങ്ങളില്‍ ഏറ്റവും പ്രശസ്തമായതും ലോകത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ളതുമായ പ്രസംഗം ആണിത്. ഇത് സുവിശേഷ ഗ്രന്ഥകര്‍ത്താവും യേശുവിന്റെ ശിഷ്യനും ആയിരുന്ന  മത്തായി എഴുതിയ സുവിശേഷം 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. യേശു പ്രസംഗിച്ച സ്ഥലം, ഗലീല കടലിന്‍റെ വടക്ക് പടിഞ്ഞാറെ തീരത്തുള്ള, കഫർന്നഹൂമിനും ഗെന്നേസരെത്തിനും ഇടയില്‍ ആയിരുന്നിരിക്കേണം. ഗിരി പ്രഭാഷണം യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളുടെ സത്ത ആണ്.