സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം

വേദപുസ്തകത്തിലെ ഒരു വാക്യം വായിച്ചുകൊണ്ടു ഇന്നത്തെ സന്ദേശം ആരംഭിക്കാം.

             എബ്രായര്‍ 12: 1, 2(a)

    ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.

   വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; ....

എബ്രായര്‍ക്ക് എഴുതിയ ലേഖനം പൌലൊസ് എഴുതിയതാണ് എന്നു ഭൂരിപക്ഷം വേദപണ്ഡിതന്മാരും വിശ്വസിക്കുന്നു. എന്നാല്‍ അത് പൌലൊസ് എഴുതിയതല്ല എന്നു ചിന്തിക്കുന്നവരും ഉണ്ട്.

പൌലൊസിന് മുന്തൂക്കം ഉണ്ടെങ്കിലും, ബര്‍ണബാസ്, ലൂക്കോസ്, അപ്പല്ലോസ്, റോമിലെ ക്ലെമെന്‍റ് എന്നിവരും സാധ്യതാ പട്ടികയില്‍ ഉണ്ട്.

മദ്ധ്യകാലഘട്ടത്തില്‍ പൌലൊസ് ആണ് ഈ ലേഖനം എഴുതിയത് എന്നു ഉറച്ചു വിശ്വസിച്ചിരുന്നു.  എന്നാല്‍ നവീകരണ കാലത്ത് മര്‍ട്ടിന്‍ ലൂഥര്‍ ഇതിനെ ചോദ്യം ചെയ്തു മുന്നോട്ട് വന്നു. അപ്പല്ലോസ് ആണ് എബ്രായ ലേഖന കര്‍ത്താവ് എന്നു അദ്ദേഹം വിശ്വസിച്ചു. ജോണ്‍ കാല്‍വിനും ഇതിന്റെ എഴുത്തുകാരന്‍ പൌലൊസ് ആയിരിക്കില്ല എന്നു അഭിപ്രായപ്പെട്ടു. 

എബ്രായ ലേഖനം പൌലൊസ് എഴുതിയതല്ല എന്നു അഭിപ്രായപ്പെടുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടവ ഇതെല്ലാം ആണ്.

പൌലൊസിന്റെ മറ്റ് ലേഖനങ്ങളില്‍ കാണാത്ത ചില വിഷയങ്ങളെ കുറിച്ചുള്ള പരാമര്‍ശം ഈ ലേഖനത്തില്‍  ഉണ്ട്. ഉദാഹരണത്തിന് മല്‍ക്കീസേദെക്കിനെ കുറിച് ഈ ലേഖനത്തില്‍ മൂന്നു പ്രാവശ്യം പരാമര്‍ശിക്കുന്നുണ്ട്.

പഴയനിയമത്തിലെ സമാഗമന കൂടാരത്തിലേക്ക് നമ്മളുടെ ശ്രദ്ധയെ കൊണ്ടുപോകുവാന്‍ എഴുത്തുകാരന്‍ എപ്പോഴും ശ്രമിക്കുന്നു. ക്രിസ്തു മഹാപുരോഹിതന്‍ ആണ് എന്നു സമര്‍ഥിക്കുവാനാണ് അദ്ദേഹം കൂടുതല്‍ സമയവും ചിലവഴിക്കുന്നത്. ഇതെല്ലാം പൌലൊസിന്റെ മറ്റ് ലേഖനങ്ങളില്‍ നിന്നുമുള്ള വ്യത്യാസങ്ങള്‍ ആണ്. 

ഈ ലേഖനം എബ്രായര്‍ക്ക് എഴുതിയത് ആയതിനാല്‍ എബ്രായ ജീവിതരീതികള്‍ ലേഖനത്തില്‍ നമുക്ക് കാണാവുന്നതാണ്. എന്നാല്‍ യവന കാഴ്ചപ്പാടുകളും ലേഖകനെ സ്വാധീനിച്ചിട്ടുണ്ട്.

പഴയനിയമത്തിലുള്ള ആഴമായ അറിവ്, എഴുത്തുകാരന്‍ യഹൂദന്‍ ആണ് എന്നതിന് തെളിവാണ്.

ഈ ലേഖനത്തിലെ 13 അദ്ധ്യായങ്ങളില്‍ ആയി 31 പ്രാവശ്യം പഴയനിയമം അദ്ദേഹം ഉദ്ദരിക്കുന്നുണ്ട്.

പഴയനിയമ തിരുവെഴുത്തുകളെ ഇത്ര അധികം ഉപയോഗിച്ചിരിക്കുന്ന മറ്റൊരു പുതിയനിയമ ഭാഗം ഇല്ല. 

എന്നാല്‍ പൌലൊസിന്റെ ലേഖനങ്ങളില്‍ സാധാരണ കാണുന്ന, വായനക്കാര്‍ക്ക് വന്ദനം പറയുന്ന രീതി ഈ ലേഖനത്തില്‍ ഇല്ല. ഇവിടെ പറയുന്ന വിവരങ്ങള്‍,കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ... കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ” ആണ് എന്നു ലേഖകന്‍ പറയുന്നു. (എബ്രായര്‍ 2:3,4). അതായത് അദ്ദേഹം നേരിട്ട് കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ അല്ല, കേട്ടവര്‍ ഉറപ്പിച്ചുതന്ന കാര്യങ്ങള്‍ ആണ് ഈ ലേഖനത്തിന് ആധാരമായിരിക്കുന്ന വസ്തുതകള്‍.  

ആദ്യകാല സഭാപിതാക്കന്മാരില്‍ ഒരാളായിരുന്ന റോമിലെ ക്ലെമെന്‍റ്, എബ്രായ ലേഖനം AD 95 ല്‍ ആണ് എഴുതപ്പെട്ടത് എന്നു പറയുന്നുണ്ടു. എന്നാല്‍ ലേഖനത്തില്‍ തന്നെയുള്ള ചില തെളിവുകള്‍ ഈ തീയതിയെ ശരിവയ്ക്കുന്നില്ല. ഈ ലേഖനം എഴുതപ്പെട്ടപ്പോള്‍ തിമൊഥെയൊസ്  ജീവനോടെ ഉണ്ടായിരുന്നു. “സഹോദരനായ തിമോഥെയോസ് തടവിൽനിന്നു ഇറങ്ങി എന്നു അറിവിൻ. അവൻ വേഗത്തിൽ വന്നാൽ ഞാൻ അവനുമായി നിങ്ങളെ വന്നുകാണും.” എന്നു 13 ആം അദ്ധ്യായം 23 ആം വാക്യത്തില്‍ നമ്മള്‍ വായിക്കുന്നു.


യെരുശലേമിലെ ദൈവാലയത്തിലെ യാഗങ്ങള്‍ AD 70 ല്‍ ആലയം തകര്‍ക്കപ്പെട്ടതോടെ നിര്‍ത്തലായി. ഈ സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ യാതൊന്നും നമ്മള്‍ ഈ ലേഖനത്തില്‍ കാണുന്നുമില്ല. അതിനാല്‍ ഇത് AD 70 നു മുംബ് എഴുതപ്പെട്ടതായിരിക്കേണം. അതായത് AD 65 ലോ അതിനോടടുത്ത വര്‍ഷങ്ങളിലോ ആയിരിക്കേണം ഈ ലേഖനം എഴുതപ്പെട്ടത്.    

എബ്രായര്‍ക്ക് എഴുതിയ ലേഖനം ഒരു എബ്രായന്‍ എല്ലാ എബ്രായ വിശ്വാസികള്‍ക്കുമായി എഴുതിയതാണ് എന്നു നമുക്ക് ശരിയായി ചിന്തിക്കാം. ഈ ലേഖനമെഴുതുന്ന കാലത്ത് തന്നെ, എബ്രായ വിശ്വാസികള്‍, പഴയനിയമ ആചാരങ്ങളിലേക്ക് പിന്മാറിപ്പോകുവാന്‍ തുടങ്ങിയിരുന്നു എന്നു വേണം നമ്മള്‍ കരുത്തുവാന്‍. ഇത് ഒരുപക്ഷേ വിശ്വാസത്യാഗം മൂലമോ, പീഡനങ്ങള്‍ മൂലമോ, തിരുവെഴുത്തുകളിലെ മര്‍മ്മങ്ങള്‍ അറിവില്ലാത്തതിനാലോ ഒക്കെ ആയിരിക്കാം. എന്നാല്‍ ഇവര്‍ ക്രിസ്തുവിന്റെ കൃപയില്‍ ഉറച്ചുനില്‍ക്കേണം എന്നാണ് ലേഖകന്‍ അവരെ പ്രബോധിപ്പിക്കുന്നത്. വിശ്വാസത്താലുള്ള രക്ഷയെ മുറുകെ പിടിക്കുവാന്‍ ആണ് അദ്ദേഹം അവരെ ഉപദേശിക്കുന്നത്. 

ഈ ലേഖനത്തില്‍ മൂന്ന് വിഭാഗത്തിലുള്ള മനുഷ്യരെ കുറിച്ച് പറയുന്നുണ്ട്. ഒരു കൂട്ടര്‍, യേശുക്രിസ്തുവില്‍ വിശ്വസിച്ചു രക്ഷ പ്രാപിച്ചവര്‍ ആണ്. രണ്ടാമത്തെ കൂട്ടര്‍, ബുദ്ധികൊണ്ടു യേശുവിനെ അറിയുകയും അവനെ കുറിച്ചുള്ള അറിവിനെ ബുദ്ധികൊണ്ടു അംഗീകരിക്കുകയും ചെയ്തിട്ടുള്ളവര്‍ എങ്കിലും വിശ്വാസത്താല്‍ സ്വീകരിയ്ക്കാഞ്ഞതിനാല്‍ അവിശ്വാസികള്‍ ആണ്. മൂന്നാമത്തെ കൂട്ടര്‍, യേശുവിനെ കുറിച്ച് കേട്ടു, അവനിലേക്ക് ആകര്‍ഷിക്കപ്പെട്ടു എങ്കിലും അവനെ തള്ളികളഞ്ഞ അവിശ്വാസികള്‍ ആണ്.

ഇവയില്‍ ആരെകുറിച്ചാണ് ഈ ലേഖനത്തിലെ ഓരോ വാക്യങ്ങളും പരാമര്‍ശിക്കുന്നത് എന്നത് വ്യക്തമായി നമ്മല്‍ മനസ്സിലാക്കിയിരിക്കേണ്ടതാണ്. 

യേശുക്രിസ്തുവിന്റെ ശ്രേഷ്ഠത അവതരിപ്പിക്കുക എന്നതാണ് ലേഖന കര്‍ത്താവിന്റെ മുഖ്യലക്ഷ്യം. പഴയനിയമത്തിലെ യാഗങ്ങളും ആചാരങ്ങളും വരുവാനിരുന്ന മശിഹായിലേക്ക് വിരല്‍ചൂണ്ടുന്നത് ആയിരുന്നു.

പഴയനിയമത്തിന്റെ അടിസ്ഥാനം ലേവ്യ പൌരോഹിത്യം ആണ്. പഴയനിയമത്തിലെ യാഗങ്ങളുടെ അപര്യാപ്തതയും ക്രിസ്തുവിലൂടെ പൂര്‍ത്തീകരിച്ച യാഗത്തിന്റെ പൂര്‍ണ്ണതയും ലേഖനത്തിലെ പ്രധാന വിഷയം ആണ്. (എബ്രായര്‍ 10:10) 

ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ഉപദേശങ്ങള്‍ അടങ്ങിയ ഒരു ലേഖനമാണ് എബ്രായര്‍ക്ക് എഴുതപ്പെട്ടിട്ടുള്ളത്. ഇതില്‍ പഴയനിയമ വിശ്വാസവീരന്‍മാരുടെ ഒരു പട്ടിക തന്നെ നമുക്ക് ലഭിക്കുന്നുണ്ട്. അവര്‍ കഷ്ടതയിലും, പീഡനങ്ങളിലും ശത്രുക്കളാലുള്ള പോരാട്ടങ്ങളിലും കൂടെ കടന്നുപോയി വിശ്വാസത്താല്‍ സകലത്തിനെയും ജയിച്ചവര്‍ ആണ്.

ലേഖനത്തിന്റെ അന്നത്തെ വായനക്കാര്‍ക്കും ഇന്ന് നമുക്കും ഇത് പ്രചോദനവും ധൈര്യവും ആകേണം. 

എബ്രായര്‍ 11 ആം അദ്ധ്യായം, നമ്മള്‍ മുമ്പ് സൂചിപ്പിച്ചതുപോലെ, വിശ്വാസവീരന്‍മാരുടെ നീണ്ട പട്ടിക ആണ്. അവര്‍ എല്ലാവരും പഴയനിയമ കാലത്ത് ജീവിച്ചിരിക്കുകയും വിശ്വാസത്താല്‍ വങ്കാര്യങ്ങള്‍ നേടിയവരും ആണ്. വിശ്വാസജീവിതത്തില്‍ വിജയിച്ചവരുടെ പട്ടിക ആണിത്.

വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു;” എന്നു പറഞ്ഞുകൊണ്ടു തുടങ്ങുന്ന ഈ പട്ടിക, അവര്‍ ഇഹലോക ജീവിതത്തില്‍ വിശ്വാസത്താല്‍ എന്തു പ്രാപിച്ചു എന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്കിയിരിക്കുന്നത്.

ഹാബെലിന്റെ യാഗവും നീതീകരണവും, ഹാനോക്ക് ദൈവത്താല്‍ എടുക്കപ്പെട്ടതും കഴിഞ്ഞാല്‍ ഭൌതീക നേട്ടങ്ങളിലേക്ക് വിവരണം നീളുക ആണ്.  

അതിനു ഒരു മുഖവുര ആയി, 6 ആം വാക്യത്തില്‍ നമ്മള്‍ വായിക്കുന്നു: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.”

അതായത് ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കുള്ള ഭൌതീക അനുഗ്രഹങ്ങള്‍ ആണ് ഈ അദ്ധ്യായത്തിലെ വിഷയം. അവര്‍ പ്രാപിച്ച ഭൌതീക അനുഗ്രഹങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും ആത്മീയ മര്‍മ്മങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ട് എങ്കിലും അവയെല്ലാം പ്രഥമ ദൃഷ്ടിയാല്‍ ഭൌതീക അനുഗ്രഹങ്ങള്‍ തന്നെ ആയിരുന്നു.

വിശ്വാസത്താല്‍ പഴയനിയമ ഭക്തര്‍ പ്രാപിച്ച നന്മകളുടെ ഒരു ചുരുക്കം എബ്രായ ലേഖന കര്‍ത്താവ് 33 മുതല്‍ 35 വരെയുള്ള വാക്യങ്ങളില്‍ പറയുന്നുണ്ട്:

“വിശ്വാസത്താൽ അവർ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടച്ചു, തീയുടെ ബലം കെടുത്തു, വാളിന്റെ വായ്ക്കു തെറ്റി, ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായ്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു. സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്പിനാൽ തിരികെ കിട്ടി; (11: 33-35)

എന്നാല്‍ ഇത് മാത്രമല്ല, ഭൌതീക അനുഗ്രഹങ്ങള്‍ പ്രാപികാതെ വിശ്വാസത്താല്‍ കഷ്ടം സഹിച്ചവരുടെ കാര്യവും ഇവിടെ പറയുന്നുണ്ട്.

“മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു. വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറു ഏറ്റു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു, കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല. അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.” (11: 35-39)

എന്നാല്‍ ഈ വിവരണവും ഭൌതീക തലത്തില്‍ അവര്‍ സഹിച്ച കഷ്ടതകളുടെ വിവരണം ആണ്. 

പഴയനിയമ ഉടമ്പടിയിലുള്ള വിശ്വാസികളും പുതിയ ഉടമ്പടിയ്ക്കു കീഴില്‍ ഉള്ള വിശ്വാസികളും തമ്മില്‍ ഒരു വലിയ വ്യത്യാസം ഉണ്ട്. അത് നമ്മള്‍ ശ്രദ്ധിക്കാതെ പോകുവാന്‍ പാടില്ല.

പഴയനിയമ വിശ്വാസികള്‍ എല്ലാം ഭൌതീക അനുഗ്രഹങ്ങളിലും ശാപങ്ങളിലും ശ്രദ്ധവച്ചുകൊണ്ടു ജീവിച്ചിരുന്നു. അവരും ദൈവവും തമ്മിലുള്ള ബന്ധത്തെ ഭൌതീക അവസ്ഥകളിലൂടെ നിര്‍വചിക്കപ്പെട്ടിരുന്നു.

ഇത് നല്ലതാണന്നോ ദോഷം ആണന്നോ അല്ല വിഷയം. പഴയനിയമ ഉടമ്പടി കാലത്ത് അതായിരുന്നു വ്യവസ്ഥ. അന്നത്തെ സാമൂഹിക, രാഷ്ട്രീയ, മതപരമായ പശ്ചാത്തലം അപ്രകാരമുള്ള ഒരു നിര്‍വചനത്തിന്‍റേത് ആയിരുന്നു.

ഏറ്റവും ശക്തവും സമ്പന്നവും ആയിരുന്ന രാജ്യത്തിന്റെ ദേവനാണ് ദേവന്‍മാരില്‍ ഏറ്റവും ശക്തന്‍ എന്ന് കരുതപ്പെട്ടിരുന്ന കാലത്ത് യഹോവയായ ദൈവവും യിസ്രായേല്‍ ജനവുമായുള്ള ബന്ധവും ഭൌതീക അനുഗ്രഹങ്ങളാല്‍ നിര്‍വചിക്കപ്പെട്ടു.

അതിനാല്‍ പഴയ ഉടമ്പടിയുടെ കാലത്ത്, ഭൌതീക അനുഗ്രഹങ്ങള്‍ പ്രാപിച്ചവരും ഭൌതീക തലത്തില്‍ കഷ്ടതകളിലൂടെ കടന്നുപോയവരും വിശ്വാസവീരന്‍മാര്‍ തന്നെ ആണ്. 

എബ്രായര്‍ക്ക് എഴുതിയ ലേഖനം പേരുകൊണ്ട് തന്നെ അത് എബ്രായ ക്രൈസ്തവ വിശ്വാസികള്‍ക്ക് എഴുതിയതാണ് എന്ന് മനസ്സിലാക്കാവല്ലോ. അതുകൊണ്ടു തന്നെ, “നമുക്കു ചുറ്റും നില്ക്കുന്ന” “സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം“ ത്തെക്കുറിച്ച് പറയുവാന്‍ പഴയനിയമ വിശ്വാസികളുടെ പട്ടിക തന്നെ എഴുത്തുകാരന്‍ ഉപയോഗിച്ചു എന്നു വേണം നമ്മള്‍ മനസ്സിലാക്കുവാന്‍.

എന്നാല്‍ പഴയനിയമ വിശ്വാസികളും പുതിയനിയമ വിശ്വാസികളും തമ്മില്‍ വലിയ അന്തരം ഉണ്ട്.

പുതിയനിയമ വിശ്വാസികളും ദൈവവും തമ്മിലുള്ള ബന്ധം ഭൌതീക അനുഗ്രഹങ്ങളാലോ ഭൌതീക തലത്തിലെ കഷ്ടതയാലോ നിര്‍വചിക്കപ്പെടുന്നില്ല. യാതൊരു ഭൌതീക വിഷയങ്ങളുടെയും അടിസ്ഥാനത്തില്‍ അല്ല പുതിയ നിയമ വിശ്വാസിയുടെ ദൈവവുമായുള്ള ബന്ധം നിര്‍വചിക്കപ്പെടുന്നത്.

പഴയനിയമത്തിലെ പോരാട്ടം വിശ്വാസികളും പിശാച് കാലാകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന മനുഷ്യരും, രാജാക്കന്മാരും, രാജ്യങ്ങളും തമ്മില്‍ ആയിരുന്നു എങ്കില്‍, പുതിയ നിയമ വിശ്വാസികളുടെ പോരാട്ടം പിശാചിനോടു നേരിട്ടാണ്.

പഴയനിയമ വിശ്വാസികള്‍ക്ക് പോരാട്ടത്തിലുള്ള ജയം താല്‍കാലികമായിരുന്നു; സമ്പൂര്‍ണ്ണ ജയം വാഗ്ദത്തം മാത്രം ആയിരുന്നു. പുതിയനിയമ വിശ്വാസികള്‍ക്ക് പിശാചുമായുള്ള പോരാട്ടം ജയിച്ചുകഴിഞ്ഞ യുദ്ധം ആണ്. അവര്‍ ജയത്തില്‍ നിന്നും ജയത്തിലേക്ക് നടക്കുന്നവര്‍ ആണ്.

പഴയനിയമ വിശ്വാസികള്‍ക്ക് ഒരിയ്ക്കലും പിശാചിന്‍റെമേലോ അവന്റെ പ്രവര്‍ത്തികളുടെമേലോ ജയം ഉണ്ടായിരുന്നില്ല; പുതിയനിയമ വിശ്വാസികള്‍ക്ക് പിശാചിന്‍റെമേലും അവന്റെ പ്രവര്‍ത്തികളുടെ മേലും ജയം ഉണ്ട്. കാരണം പുതിയനിയമ വിശ്വാസിയുടെ വീണ്ടെടുപ്പുകാരന്‍ ആയ യേശു പിശാചിനെ എന്നന്നേക്കുമായി തോല്‍പ്പിച്ചു.

യേശു പിശാചിനെ മരുഭൂമിയില്‍ തോല്‍പ്പിച്ചു; അവന്റെ ശുശ്രൂഷകാലത്തെല്ലാം ജയം തുടര്‍ന്നുകൊണ്ടിരുന്നു, അന്തിമമായി ക്രൂശില്‍ അവനെ തോല്‍പ്പിച്ചു.

കൊലൊസ്യര്‍ക്ക് എഴുതിയ ലേഖനം 2 ആം അദ്ധ്യായം 15 ആം വാക്യത്തില്‍ പറയുന്നതുപോലെ, യേശു, “വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.”

ഈ ജയത്തില്‍ നിന്നാണ് ക്രിസ്തീയ വിശ്വാസിയുടെ ജീവിതം ആരംഭിക്കുന്നത് തന്നെ.

അതിനാല്‍ പുതിയനിയമ വിശ്വാസിക്ക് പിശാചിന്റെ മേലും അവന്റെ പ്രവര്‍ത്തികളുടെ മേലും ജയം ഉണ്ട്. 

പഴയനിയമ വിശ്വാസികള്‍ ശത്രു രാജാക്കന്മാരോട് പോരാടി ജയിച്ചു. അവര്‍ ശത്രുക്കളായ അന്യജാതികളോട് പോരാടി. അവര്‍ മല്ലന്‍മാരുമായി യുദ്ധം ചെയ്തു. അവര്‍ ദേശങ്ങളെ പിടിച്ചടക്കി. അവരുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുത്തി. അവര്‍ മരുഭൂമിയിലൂടെ യാത്രചെയ്തു. സന്തതികള്‍ക്കായി അവര്‍ ദൈവത്തോട് യാചിച്ചു. ഭൌതീക അനുഗ്രഹങ്ങള്‍ക്കായി അവര്‍ ദൈവവുമായി മല്ലുപിടിച്ചു. ക്ഷാമകാലത്ത് ദേശത്തുനിന്നും ദേശങ്ങളിലേക്ക് യാത്രചെയ്തു. വെള്ളത്തിനായും കിണറുകള്‍ക്കായും അവര്‍ യുദ്ധം ചെയ്തു.

പഴയനിയമ വിശ്വാസികളുടെ വാഗ്ദത്തം, ഭൌതീക ദേശവും, സന്തതിയും ഭൌതീക അനുഗ്രഹങ്ങളും ആയിരുന്നു.

എന്നാല്‍ പുതിയ നിയമ വിശ്വാസികള്‍ക്ക് പിടിച്ചടക്കുവാന്‍ ഭൌതീകമായ ദേശമില്ല. അവരുടെ വാഗ്ദത്തദേശം ക്രിസ്തു ആണ്.

അതിനാല്‍ തന്നെ ഭൌതീകമായ രാജാക്കന്മാരുമായി യുദ്ധം ഇല്ല. അവര്‍ക്ക് ഭൌതീക തലത്തില്‍ ശത്രുക്കള്‍ ഇല്ല. അവരുടെ സന്തതികളെയോ, ഭാര്യമാരെയോ ശത്രുക്കളായ മനുഷ്യരുടെ കൈയില്‍ നിന്നും വിടുവിക്കുവാന്‍ ഭൌതീക തലത്തില്‍ അവര്‍ പോരാടേണ്ടതില്ല. അവരുടെ വാഗ്ദത്തം ആത്മീയമാണ്. അത് ക്രിസ്തുവും അവനില്‍ നിവര്‍ത്തിക്കപ്പെടുന്ന ദൈവരാജ്യവും ആണ്. 

അതുകൊണ്ടു തന്നെ പുതിയനിയമ വിശ്വാസികളുടെ ഓട്ടത്തിന് ആവശ്യമായ പ്രചോദനം വിശ്വാസവീരന്‍മാര്‍ ഭൌതീക അനുഗ്രഹങ്ങള്‍ പ്രാപിച്ചതിനെ കുറിച്ചുള്ള സാക്ഷ്യത്തില്‍ നിന്നും ലഭിക്കുക ഇല്ല.

ഇതിന്റെ അര്‍ത്ഥം, എബ്രായ ലേഖനകര്‍ത്താവ് ഉദ്ധരിച്ച വിശ്വാസവീരന്‍മാരുടെ പട്ടിക തെറ്റാണ് എന്നല്ല. ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന സാക്ഷികളുടെ ഇത്ര വലിയ സമൂഹം നേരിട്ട് പരാമര്‍ശിക്കുന്നത് പഴയനിയമ വിശുദ്ധന്മാരെ ആണ്.

എന്നാല്‍ അവര്‍ പ്രാപിച്ചതു അധികവും ഭൌതീക നന്മകള്‍ ആയിരുന്നു. അതിന്റെ കാരണവും നമ്മള്‍ കണ്ടു കഴിഞ്ഞു.

എന്നാല്‍ പുതിയനിയമ വിശ്വാസികളുടെ പോരാട്ടം ഭൌതീകനല്ലാത്ത ഒരു ശത്രുവിനോടു ആണ് എന്നതിനാലും, അത് ഭൌതീക നന്മകള്‍ പ്രാപിക്കുവാന്‍ വേണ്ടി അല്ലാ എന്നതിനാലും, നമുക്ക് നിരന്തരമായ ഒരു ആത്മീയ യുദ്ധം പിശാചുമായിട്ടുണ്ട് എന്നതിനാലും, സാക്ഷികളുടെ സമൂഹത്തിന്റെ സാക്ഷ്യവും ആത്മീയ ജയത്തെക്കുറിച്ച് ആയിരിക്കേണം.

ഈ ചിന്ത ഹൃദയത്തില്‍ വച്ചുകൊണ്ടു നമുക്ക് എബ്രായര്‍ക്ക് എഴുതിയ ലേഖനം 12:1, 2 വാക്യങ്ങള്‍ ഒരിക്കല്‍ കൂടി  വായിക്കാം.

 

 എബ്രായര്‍ 12: 1, 2(a)

    ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.

   വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; .... 

ഈ വാക്യം ഒരു പുതിനിയമ വിശ്വസിയോട് പറയുന്നതാണ് എന്നതില്‍ ആര്‍ക്കും സംശയം ഇല്ലല്ലോ. അവന്റെ ലക്ഷ്യം ഭൌതീക നന്മകള്‍ അല്ല,വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശു”വാണ് എന്നും,സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.” എന്നും ഈ വാക്യത്തില്‍ പറയുന്നുണ്ട്.

ഇതിലെ ഓട്ടക്കാരന്‍, ഓട്ടം ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്ന വിശ്വാസി അല്ല, ഓട്ടം ആരംഭിച്ച, ഓടിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ വിശ്വാസി ആണ്. അവരുടെ ചുറ്റിനും ആണ് “സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം” അവര്‍ക്ക് പ്രചോദനമായി നില്‍ക്കുന്നത്.

ആരാണ് ഈ സാക്ഷികള്‍, അവരുടെ സാക്ഷ്യം എന്തായിരിക്കേണം, എങ്ങനെ ഉള്ള സാക്ഷ്യമാണ് ഒരു പുതിയനിയമ ഓട്ടക്കാരന് പ്രചോദനമായി തീരുന്നത്? ഇതാണ് നമ്മള്‍ തുടര്‍ന്നു ചിന്തിക്കുവാന്‍ പോകുന്നത്. 

ഒട്ടക്കളത്തിലെ നിയമങ്ങള്‍ 

പുതിയനിയമ വിശ്വാസിയുടെ ഓട്ടത്തിലെ തടസ്സം “സകല ഭാരവും മുറുകെ പറ്റുന്ന പാപവും” ആണ്. അവിടെയും പഴയനിയമ വിശ്വാസികളില്‍ നിന്നും അവര്‍ വ്യത്യസ്തര്‍ ആയി നില്‍ക്കുന്നു. ക്രൈസ്ത വിശ്വാസികളുടെ മുന്നോട്ട് ഉള്ള പോക്കിന് തടസ്സം ആത്മീയമാണ്, അത് ഭൌതീകം അല്ല.

അവരെ പ്രോല്‍സാഹിപ്പിക്കുവാനായി, മുമ്പ് ഓടി ഓട്ടത്തില്‍ ജയിച്ചവര്‍ അനേകര്‍ ചുറ്റിനും വഴിയില്‍ എല്ലായിടവും നില്‍ക്കുന്നുണ്ട്. സാക്ഷികള്‍ എല്ലാവരും ഇതേ ഓട്ടത്തില്‍ ഓടി ജയിച്ചവര്‍ ആണ്, തൊറ്റവര്‍ക്ക് സാക്ഷികള്‍ ആകുവാന്‍ കഴിയുക ഇല്ലല്ലോ.

ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്: എബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍ ക്രിസ്തു ഓട്ടക്കാരനെ പ്രചോദിപ്പിക്കുന്ന സാക്ഷി അല്ല, ക്രിസ്തു ഓട്ടക്കാരന്റെ ലക്ഷ്യം ആണ്. ലക്ഷ്യവും സാക്ഷികളും രണ്ടാണ്.

ഇവിടെ, ക്രിസ്തു ഓട്ടക്കളത്തിലെ പ്രചോദനം അല്ല, ക്രിസ്തു വിജയ കിരീടവുമായി കാത്തിരിക്കുന്ന ലക്ഷ്യം ആണ്. 

വിശ്വാസജീവിതം എന്ന ഓട്ടത്തിലെ ജയത്തിന് ലോകപ്രകാരമുള്ള ഓട്ടത്തിലെ ജയത്തില്‍ നിന്നും ചില വ്യത്യാസങ്ങള്‍ ഉണ്ട്.

ലോകത്തിലെ ഓട്ടമല്‍സരങ്ങളില്‍ അനേകര്‍ ഓടുന്നു എങ്കിലും ഒരുവന്‍ മാത്രമേ ജയിക്കുന്നുള്ളൂ; ഒരുവന് മാത്രമേ കിരീടം ലഭിക്കുന്നുള്ളൂ.

1 കൊരിന്ത്യര്‍ 9: 24 ല്‍ “ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ?” എന്നു പൌലൊസേ പറയുന്നുണ്ട്. അതിന് ശേഷം അവന്‍ കൊരിന്ത്യയിലെ എല്ലാ വിശ്വാസികളെയും “നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.” എന്നു പറഞ്ഞ് പ്രോല്‍സാഹിപ്പിക്കുക ആണ്. 

എന്നാല്‍, ക്രിസ്തീയ ഒട്ടക്കളത്തില്‍ ഒന്നാമത് എത്തുന്നവന് മാത്രമല്ല, ഓട്ടം വിശ്വസ്തതയോടെ, വ്യവസ്ഥപ്രകാരം ഓടി പൂര്‍ത്തീകരിക്കുന്ന എല്ലാവര്‍ക്കും കിരീടം ലഭിക്കും.

അതാണ് പൌലൊസ് 1 കൊരിന്ത്യര്‍ 9: 2ല്‍  ഓര്‍മ്മിപ്പിക്കുന്നത്: “അങ്കം പൊരുതുന്നവൻ ഒക്കെയും സകലത്തിലും വർജ്ജനം ആചരിക്കുന്നു.”

ഓട്ടം പൂര്‍ത്തീകരിക്കുക അല്ലെങ്കില്‍ മരണത്തോളം ഓടിക്കൊണ്ടേ ഇരിക്കുക എന്നതാണ് ജയം. വഴിമദ്ധ്യേ ഓട്ടം നിറുത്തുന്നുന്നതും, മാര്‍ഗ്ഗം തെറ്റുന്നതും മാത്രമേ പരാജയമായി കാണുന്നുള്ളൂ. ഒരുവന്‍ വ്യവസ്ഥപ്രകാരം ഓടിക്കൊണ്ടിരിക്കുന്ന കാലത്തോളം അവന്‍ പരാജയപ്പെട്ടവന്‍ അല്ല. 

ലോകപ്രകാരം, ഒരുവന് ഏകനായി ഓടി ഒരു ഓട്ടമല്‍സരത്തില്‍ ജയിക്കുവാന്‍ കഴിയുക ഇല്ല. ജയത്തില്‍ മല്‍സരം ഉണ്ട്. അവിടെ കൂട്ടത്തില്‍ ഓടുവാന്‍ മറ്റ് ചിലര്‍ കൂടി ഉണ്ട്.

എന്നാല്‍ വിശ്വാസത്തിന്റെ ഓട്ടത്തില്‍ മല്‍സരം ഇല്ല. കാരണം ഓടി ലക്ഷ്യത്തില്‍ എത്തുന്ന എല്ലാവര്‍ക്കും കിരീടം ലഭിക്കും. ഓട്ടം വേഗത്തിലോ, പതുക്കയോ ആകാം. പക്ഷേ ഓട്ടം വഴിമദ്ധ്യേ നിറുത്തരുത്, ലക്ഷ്യം തെറ്റി പോകുകയും അരുത്. യുദ്ധക്കളത്തിലും ഓട്ടക്കളത്തിലും വിശ്രമം ഇല്ല.

വിശ്വാസത്തിന്റെ ഓട്ടക്കളത്തില്‍ ചിലപ്പോള്‍ മറ്റ് അനേകര്‍ കൂട്ടത്തില്‍ ഓടുവാന്‍ കണ്ടേക്കാം. ചിലപ്പോള്‍ ആരും കൂട്ടിനില്ലാതെ, ഏകരായി, ഏകാന്തത അനുഭവിച്ചുകൊണ്ടു, ഒറ്റപ്പെട്ടവരായി, നമ്മള്‍ ഓടേണ്ടതായി വരും. കൂട്ടത്തില്‍ ആരും ഇല്ല എന്നതിനാല്‍ ഓട്ടം നിറുത്തരുത്, ലക്ഷ്യത്തില്‍ എത്തുവോളം ഓടികൊണ്ടേ ഇരിക്കുക. ഇവിടെ ഒറ്റയ്ക്കും ഓടി കിരീടം പ്രാപിക്കുവാന്‍ കഴിയും. 

രണ്ടു കൂട്ടം സാക്ഷികള്‍ 

സാക്ഷികളുടെ സമൂഹത്തില്‍ രണ്ടു കൂട്ടം ആളുകള്‍ ഉണ്ട്. ഒരു കൂട്ടര്‍ തങ്ങളുടെ വിശ്വാസത്തിന്റെ ഓട്ടം ഓടി തീര്‍ന്നവരാണ്. അവര്‍ ജയിച്ചവരും കിരീടം പ്രാപിച്ചവരും ആണ്. അവര്‍ നമുക്ക് മുമ്പേ ഓട്ടം തികച്ച് ഈ ഓട്ടക്കളം വിട്ട് പോയവര്‍ ആണ്.

ഇതിന്റെ അര്‍ത്ഥം മരിച്ചുപോയ വിശുദ്ധന്മാര്‍ ഇപ്പോള്‍ ഭൂമിയിലെ വിശ്വാസികളെ നോക്കികൊണ്ടിരിക്കുന്നു എന്നല്ല. മരിച്ചുപോയവര്‍ ക്രിസ്തുവില്‍ വിശ്രമിക്കുന്നു, അവര്‍ക്ക് ഇപ്പോള്‍ ഈ ഭൂമിയില്‍ നടക്കുന്ന യാതൊന്നിലും കാര്യമില്ല. (സഭാപ്രസംഗി 9:5; വെളിപ്പാട് 14:13)

എന്നാല്‍ അവരുടെ ജീവിതം നമ്മളെ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.

എബ്രായര്‍ 13: 7 ല്‍ നമ്മള്‍ വായിക്കുന്നു: “നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.”

ഇവിടെ നമ്മളെ ഇന്നേ വരെ ദൈവവചനം പഠിപ്പിച്ചു നടത്തിയവരുടെ ജീവാവസാനം ഓര്‍ത്ത് അവരുടെ വിശ്വാസം അനുകരിക്കുവാന്‍ ആണ് നമ്മളെ പ്രബോധിപ്പിക്കുന്നത്. 

രണ്ടാമത്തെ കൂട്ടര്‍, ഓട്ടം ഇന്നേവരെ ജയത്തോടെ ഓടി കൊണ്ടിരിക്കുന്നവര്‍ ആണ്. അവര്‍ ഇതുവരെയും ഓട്ടത്തില്‍ നിന്നും പിമാറുകയോ, ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കുകയോ ചെയ്യാഞ്ഞതിനാല്‍ അവര്‍ ജയാളികള്‍ ആണ്.

അവര്‍ എല്ലാവരും ഈ ഓട്ടത്തില്‍ പലവിധത്തിലുള്ള ആത്മീയ പോരാട്ടങ്ങളിലൂടെ കടന്നുപോയി, അതിനെ ജയിച്ചവര്‍ ആണ്.

അതായത് ഇപ്പോള്‍ ഓടികൊണ്ടിരിക്കുന്ന നമ്മള്‍ അഭിമുഖീകരിക്കുന്ന പിശാചിന്റെ പോരാട്ടങ്ങളില്‍, ഒരു വിശ്വാസിക്ക് സംഭവിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഇല്ല. അത് നമുക്ക് മുമ്പേ ഓടിയ സാക്ഷികളുടെ സമൂഹം അഭിമുഖീകരിക്കുകയും അവര്‍ അതിനെ ജയിക്കുകയും ചെയ്തിട്ടുണ്ട്.

അതാണ് നമ്മള്‍ 1 പത്രൊസ് 4: 12 ല്‍  നിന്നും മനസ്സിലാക്കുന്നത്. “പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നുവച്ചു അതിശയിച്ചുപോകരുതു.” 

എന്തായിരിക്കാം അവരുടെ സാക്ഷ്യം? 

ഇനി നമുക്ക് സാക്ഷികളുടെ വലിയ സമൂഹത്തിന്റെ സാക്ഷ്യം എന്തായിരിക്കാം എന്നു നോക്കാം.

പുതിയനിയമ വിശ്വാസികളുടെ ഓട്ടക്കളത്തിന് ചുറ്റും നിന്നുകൊണ്ട് തങ്ങളുടെ ജയത്തിന്റെ സാക്ഷ്യം വിളിച്ച് പറയുന്ന വലിയ സമൂഹം എന്തിനെ എല്ലാം ജയിച്ചവര്‍ ആണ്? ഈ ചോദ്യവും അതിനുള്ള ഉത്തരവും ആണ് ഈ സന്ദേശത്തിന്റെ കാതല്‍.

എബ്രാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നമ്മള്‍ വായിച്ച ഭാഗത്ത്, “സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.” എന്നു പറയുന്നുണ്ട്. അതിനാല്‍ ഇവിടെ പഴനിയമ വിശ്വാസികള്‍ അനുഭവിച്ച കഷ്ടതയേക്കാള്‍ മറ്റെന്തോ കൂടി, അവരുടെ സാക്ഷ്യമായി ലേഖനത്തിന്റെ എഴുത്തുകാരന്‍ ഉദ്ദേശിക്കുന്നുണ്ട്. 

ക്രിസ്തീയജീവിതം ഒരു ഓട്ടം ആണ് എന്നു പറയുമ്പോള്‍, അത് ഒരു ഹൃസ്വദൂര ഓട്ടമല്ല എന്നു നമ്മള്‍ മനസ്സിലാക്കേണം. ഇത് ഗ്രീക്കില്‍ അക്കാലത്തും ഇന്ന് നമ്മളുടെ ഇടയിലും ഉള്ള  ദീര്‍ഘ ദൂര മാരത്തോണ്‍ ഓട്ടമാണ്. അതിനാല്‍ തന്നെ കഷ്ടനഷ്ടങ്ങള്‍, പീഡകള്‍, നിന്ദ, പരിഹാസം, ഏകാന്തത ഇതെല്ലാം വിശ്വാസജീവിതത്തിന്റെ ഭാഗമാണ്.

ഇതുപോലെയുള്ള പല അനുഭവങ്ങളിലൂടെ പോയി, അവയെ ജയിച്ചതിന്റെ സാക്ഷ്യം പൌലൊസ് പറയുന്നുണ്ട്.

 

2 കൊരിന്ത്യര്‍ 11: 23 – 28

23  ... ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;

24  യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടംകൊണ്ടു;

25  മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.

26  ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു;

27  അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത

28  എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു. 

ഇതാണ് പൌലൊസിന്റെ സാക്ഷ്യം. അന്നും ഇന്നും വിശ്വാസത്തിന്റെ ഒട്ടകളത്തില്‍ ഓടുന്നവര്‍ ഇതേ അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ചിലര്‍ ചില ഇടങ്ങളില്‍ ചിലത് അനുഭവിക്കുകയും ചിലര്‍ അതിലൂടെ കടന്നുപോകാതെ ഇരിക്കുകയും ചെയ്യുന്നുണ്ടായിരിക്കാം. എങ്കിലും ക്രിസ്തീയ വിശ്വാസിയുടെ ഒട്ടകളത്തിലെ പൊതുവായ അനുഭവങ്ങള്‍ ഇതെല്ലാം ആണ്. 

പൌലൊസിന്റെ ഈ സാക്ഷ്യം എക്കാലത്തും വിശ്വാസികളെ തളര്‍ന്ന് പോകാതെ ഓടുവാന്‍ സഹായിക്കും. ഇതിന് സമാനമായ അനുഭവങ്ങളിലൂടെ ഒരു ക്രിസ്തീയ വിശ്വാസി കടന്നുപോകുമ്പോള്‍, സാക്ഷികളുടെ വലിയ സമൂഹത്തില്‍ നിന്നുകൊണ്ടു പൌലൊസ് തന്റെ സാക്ഷ്യം വിളിച്ചുപറയും.

പൌലൊസ് ജയിച്ചു എങ്കില്‍ നമ്മളും ജയിക്കും. ഇതാണ് സാക്ഷികളെ കൊണ്ടു നമുക്കുള്ള പ്രയോജനം.

ഉപരി ആയി “വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശു” എന്ന ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കാതെ ഇരിക്കുവാന്‍ ഈ സാക്ഷ്യം ഏറെ സഹായിക്കുന്നു. 

ക്രിസ്തീയ ജീവിതം കഷ്ടനഷ്ടങ്ങളുടെ ജീവിതം ആണ് എന്ന ഭൌതീക ബന്ധത്തില്‍ അല്ലാതെ, മറ്റൊരു കാഴ്ചപ്പാട് കൂടി പൌലൊസ് നമ്മളെ പഠിപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ക്രിസ്തീയ ജീവിതം എന്താണ് എന്നു ചോദിച്ചാല്‍ അത് കഷ്ടതയുടെ ജീവിതമാണ് എന്നതല്ല ശരിയായ ഉത്തരം. ക്രിസ്തീയ ജീവിതം ഒരു ജയജീവിതം ആണ്. ഇന്നത്തെ സുവിശേഷ ലോകത്തില്‍ അനേകര്‍ പറയാതെവിടുന്ന മര്‍മ്മം ആണ് യേശു പിശാചിന്റെ പ്രവര്‍ത്തികളെ തകര്‍ത്തിരിക്കുന്നു എന്നത്.

യേശു ഈ ഭൂമിയില്‍ വന്നത്തിന് രണ്ടു ഉദ്ദേശ്യങ്ങള്‍ ആണ് ഉണ്ടായിരുന്നത്. രണ്ടും പൂര്‍ത്തീകരിച്ച ശേഷം ആണ് യേശു തിരികെ പോയത്.

1 തിമൊഥെയൊസ് 1: 15 ല്‍  പറയുന്നു: “ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു”. ഇതാണ് ഒന്നാമത്തെ ഉദ്ദേശ്യം.

1 യോഹന്നാന്‍ 3:8 ല്‍ രണ്ടാമത്തെ ഉദ്ദേശ്യം വ്യക്തമായി പറയുന്നുണ്ട്: “പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.”

അതായത് യേശു വന്നത് പാപത്തില്‍ നിന്നും നമ്മളെ രക്ഷിക്കുവാനും പിശാചിന്റെ പ്രവര്‍ത്തികളെ അഴിക്കുവാനും ആണ്.

പിശാചിന്റെമേലുള്ള യേശുവിന്റെ ജയത്തില്‍ ആശ്രയിച്ചുകൊണ്ടാണ് പൌലൊസ് 2 കൊരിന്ത്യര്‍ 2:14 ല്‍ “ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം.” എന്നു പറയുന്നത്.

ഇതേ അദ്ധ്യായം 11 ആം വാക്യത്തില്‍ പൌലൊസേ പറയുന്നു: “സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.”

അതായത് 14 ആം വാക്യത്തില്‍ പറയുന്ന ജയോല്‍സവം സാത്താന്റെ മേലുള്ള ജയമാണ്. ഭൌതീക അനുഗ്രഹങ്ങള്‍ പ്രാപിച്ചതിന്റെ പട്ടിക നിരത്തല്‍ അല്ല.

ക്രിസ്തു ഞങ്ങളെ എപ്പോഴും എല്ലായിടത്തും, സാത്താന്റെ മേല്‍ ഉള്ള ജയത്തില്‍ നടത്തുകയും ആ ജയത്തിനെ കുറിച്ച് ലഭിച്ചിരിക്കുന്ന പരിജ്ഞാനത്തിന്റെ വാസന എല്ലായിടത്തും വെളിപ്പെടുത്തുകയും ചെയ്യുന്നു, എന്നാണ് പൌലൊസ് പറഞ്ഞത്.

സാത്താന്റെമേലുള്ള ജയത്തിന്റെ പരിജ്ഞാനത്തിന്റെ വാസന ആണ് ഇന്ന് വിശ്വാസ ഓട്ടകളത്തില്‍ ഓടുന്ന ഒരുവന് പ്രചോദനമാകുന്നത്. സാത്താന്റെ മേലുള്ള ജയം ആകട്ടെ, ഭൌതീക അനുഗ്രഹങ്ങളുടെ നീണ്ട പട്ടിക അല്ല, രോഗ സൌഖ്യത്തിന്റെ വിശദീകരണം അല്ല, ജോലിയിലെ പ്രമോഷനോ, സാമ്പത്തിക നേട്ടങ്ങളുടെ കഥകളോ അല്ല. വിശ്വാസജീവിതത്തെ തളര്‍ത്തുവാനുള്ള സാത്താന്റെ തന്ത്രങ്ങളുടെ മേല്‍ നേടിയ ജയത്തിന്റെ സാക്ഷ്യം ആണ്.  

അത്തരമൊരു ജയത്തിന്റെ സാക്ഷ്യം ആണ് പൌലൊസ്, നമ്മള്‍ മുകളില്‍ വായിച്ച, 2 കൊരിന്ത്യര്‍ 11 ല്‍ പറയുന്നതു.

പിശാച് അവന് സ്വാധീനിക്കുവാന്‍ കഴിയുന്നവരിലൂടെ പ്രവര്‍ത്തിച്ചു, പൌലൊസിന് കഷ്ടത വരുത്തി. എന്നാല്‍ പുതിയനിയമ വിശ്വസിക്ക് മനുഷ്യരുമായി പോരാട്ടം ഇല്ല എന്നു ഓര്‍ക്കുക. അതിനാല്‍ നമുക്ക് പറയാന്‍ കഴിയും, പിശാച് അവനെ തടവില്‍ ആക്കി, അടിച്ചു, പലപ്പോഴും മരണം മുഖാമുഖം കണ്ടു. അവന് കല്ലേറ് കൊള്ളേണ്ടി വന്നു; അവന്‍ യാത്രചെയ്തിരുന്ന കപ്പല്‍ മൂന്നുവട്ടം തകര്‍ന്നു. പലപ്പോഴും ശത്രുഭയത്താല്‍ വിശ്രമം കൂടാതെ യാത്ര ചെയ്യേണ്ടി വന്നു; പലവിധത്തിലുള്ള ആപത്തുകള്‍ പ്രകൃതിയില്‍ നിന്നും, കള്ളന്മാരില്‍ നിന്നും, കള്ള സഹോദരന്മാരില്‍ നിന്നും അനുഭവിക്കേണ്ടി വന്നു. കൂട്ടത്തില്‍ അവന്‍ “അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത” എന്നിവയെ കുറിച്ചും പറയുന്നു.

ഇവിടെ എല്ലാം പൌലൊസ് തോറ്റുപോയി എന്നല്ല അവന്‍ പറയുന്നതു, ഇതിനെ എല്ലാം അവന്‍ ക്രിസ്തുവില്‍ ജയിച്ചിരിക്കുന്നു. അവന് ജയിക്കുവാന്‍ കഴിഞ്ഞു എങ്കില്‍ നമുക്കും ജയിക്കുവാന്‍ കഴിയും.

ഇതിനെക്കുറിച്ചാണ് പൌലൊസ് പറഞ്ഞത്, “ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം.”

കാലങ്ങള്‍ വളരെ കഴിഞ്ഞുപോയി എങ്കിലും സാത്താന്‍ ഇന്നും അതേ തന്ത്രങ്ങള്‍ തന്നെ വിശ്വാസികള്‍ക്കെതിരെ ഉപയോഗിക്കുന്നു. അതിനാല്‍ ഓട്ടക്കളത്തിലെ വിശ്വാസിക്ക് തളര്‍ന്ന് പോകാതെ ജയിക്കുവാന്‍ പൌലൊസിന്റെ സാക്ഷ്യം പ്രയോജനപ്പെടും. 

പൌലൊസിന്റെ സാക്ഷ്യത്തില്‍, ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചുവോ എന്നു എനിക്ക് അറിഞ്ഞുകൂടാ. ഒരിക്കലും ഒരിടത്തും ഭൌതീക സമ്പന്നതയോ, ഭൌതീക തലത്തിലുള്ള അനുഗ്രഹങ്ങളോ പൌലൊസിന്റെ അനുഭവങ്ങളുടെ പട്ടികയില്‍ കാണുന്നില്ല.

അത്യധികമായ ഭൌതീക അനുഗ്രഹങ്ങള്‍ നല്കി പിശാച് അവനെ തെറ്റിച്ചുകളയുവാന്‍ ശ്രമിച്ചതായി പൌലൊസ് പറയുന്നതെ ഇല്ല. ഭൌതീക അനുഗ്രഹങ്ങള്‍ക്ക് പിന്നലെയോ പ്രശസ്തിക്കു പിന്നലെയോ പൌലൊസ് ഒരിയ്ക്കലും ഓടിയിട്ടില്ല. ഇതില്‍ ഒരു ആത്മീയ മര്‍മ്മം ഉണ്ട്.

ഇത് മനസ്സിലാക്കുവാന്‍ നമുക്ക് ഒരു വാക്യം വായിയ്ക്കാം. ഇതില്‍ പൌലൊസ് തന്നെകുറിച്ച് പ്രശംസിക്കുവാനുള്ള കാര്യങ്ങള്‍ പറയുന്നു.

 

ഫിലിപ്പിയര്‍ 3: 4 - 7 

4    പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ടു; മറ്റാർക്കാനും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്കു അധികം;

   എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യാമീൻഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ;

   ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യൻ.

   എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. 

ഇതിലെ മാര്‍മ്മികമായ വാക്യം, 7 ആമത്തെ വാക്യം ആണ്: “എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.”

അതായത് ഭൌതീക അനുഗ്രഹങ്ങളുകൂറിച്ച് പൌലൊസ് തന്റെ ആത്മീയ ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ ഒരു തിരഞ്ഞെടുപ്പു നടത്തിയിരുന്നു. ഏറെ ഭൌതീക നന്മകള്‍ ഉണ്ടായിരുന്നു എങ്കിലും, അവയെ എല്ലാം ചേതം എന്നു എണ്ണി ആണ് ക്രിസ്തുവിന്റെ നിന്ദ വഹിക്കുവാന്‍ ഇറങ്ങി പുറപ്പെട്ടത്. 

സമാനമായ ഒരു ആശയം നമുക്ക് മോശെയുടെ ജീവിതത്തിലും കാണാം.

 

എബ്രായര്‍ 11: 24 – 26

24  വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.

25  പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും

26  മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.     

ദൈവീക വിളി ഏറ്റെടുത്തതിനുശേഷം ഒരിയ്ക്കലും മോശെയെ ഭൌതീക അനുഗ്രഹങ്ങളാല്‍ തെറ്റിക്കുവാന്‍ പിശാച് ശ്രമിച്ചിട്ടില്ല.

വിശ്വാസത്തിന്റെ ഓട്ടം ഓടുവാന്‍ ആരംഭിക്കുന്നതിന് മുമ്പായി തന്നെ, മോശെയും പൌലൊസും ക്രിസ്തുവിന്റെ നിന്ദ തിരഞ്ഞെടുത്തു. ഭൌതീക അനുഗ്രഹങ്ങളുടെ വിഷയം അവര്‍ ഒരിക്കലായി ക്രമീകരിച്ചതിന് ശേഷം ആണ് ഓടുവാന്‍ ആരംഭിച്ചത്.

അവര്‍ ഭൌതീക അനുഗ്രഹങ്ങളെക്കുറിച്ച് ഒരു സാക്ഷ്യവും പറഞ്ഞിട്ടില്ല. അത് അവര്‍ക്ക് ക്രിസ്തുവിലുള്ള ജയോല്‍സവം ആയിരുന്നില്ല. അവരുടെ ജയോല്‍സവം എന്നും എപ്പോഴും പിശാചിന്റെ തന്ത്രങ്ങളെ ജയിച്ചതിനാല്‍ ഉള്ളത് ആയിരുന്നു. 

അതിനാല്‍, പുതിയനിയമ വിശ്വാസികളുടെ സാക്ഷ്യം പിശാചിന്റെ തന്ത്രങ്ങളുടെ മേലുള്ള ജയത്തെക്കുറിച്ചുള്ളത് ആയിരിക്കേണം.

എന്നാല്‍ ഇത് മറ്റാരെങ്കിലും എപ്പോഴെങ്കിലും നേടിയ ജയത്തിന്റെ ചരിത്രം പറയുന്നതല്ല.

ഓരോ വിശ്വാസിക്കും സ്വന്തജീവിതത്തില്‍ ജയത്തിന്റെ ഒരു സാക്ഷ്യം ഉണ്ടായിരിക്കേണം. ഇതിന് മാത്രമേ മറ്റുള്ളവരെ ഓട്ടക്കളത്തില്‍ പ്രചോദിപ്പിക്കുവാന്‍ കഴിയൂ. ജയത്തിന്റെ സാക്ഷ്യം ഉള്ളവര്‍ക്ക് മാത്രമേ “സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം” ത്തില്‍ ചേരുവാന്‍ കഴിയൂ. 

ജഡത്തിന്റെ പ്രവര്‍ത്തികള്‍ 

എവിടെ നിന്നും, ഏതെല്ലാം വിഷയങ്ങളില്‍ ആണ് ഒരു പുതിയനിയമ വിശ്വസിക്ക് ജയം ഉണ്ടാകേണ്ടത് എന്നു മനസ്സിലാക്കികൊണ്ടു നമുക്ക് ഈ സന്ദേശം അവസാനിപ്പിക്കാം.

 

ഗലാത്യര്‍ 5: 19 – 21

19   ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം,

20  വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത,

21   അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു. 

ഇവിടെ ജഡത്തിന്റെ പ്രവര്‍ത്തികളുടെ ഒരു പട്ടിക ആണ് നമ്മള്‍ കാണുന്നു. ഒപ്പം തന്നെ അവ പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം കാണുക ഇല്ല എന്നും പറയുന്നു.

എന്നാല്‍ ദൈവരാജ്യം കാണുവാനും അവകാശമാക്കുവാനും ആണ് നമ്മള്‍ ഓടുന്നത് എന്നു ഓര്‍ക്കുക. ദൈവരാജ്യമാണ് നമ്മളുടെ വിശ്വാസത്തിന്റെ പൂര്‍ത്തീകരണം. അതാണ് ദൈവീക വീണ്ടെടുപ്പ് പദ്ധതിയുടെ ലക്ഷ്യം.

അതായത് ഗലാത്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്നും നമ്മള്‍ വായിച്ച ജഡത്തിന്റെ പ്രവര്‍ത്തികളെ ജയിക്കാത്തവര്‍ ആരും ഓട്ടക്കളത്തില്‍ വിജയിക്കുന്നില്ല.

ഗലാത്യര്‍ക്ക് എഴുതിയ ലേഖനം അവിശ്വാസികള്‍ക്ക് എഴുതിയതല്ല, ഗലാത്യയിലേ സഭയ്ക്ക് എഴുതിയതാണ്. പൌലൊസ് അവരെ “ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല” എന്നു ഉപദേശിക്കുക ആണ് (5:6)

അതായത്, കഷ്ടതകളെ മാത്രമല്ല, ജഡത്തിന്റെ പ്രവര്‍ത്തികളെയും നമ്മള്‍ ജയിക്കേണ്ടതാകുന്നു. കാരണം ജഡത്തിന്റെ പ്രവര്‍ത്തികള്‍ പിശാചില്‍ നിന്നും വരുന്നതാണ്. അതിനാല്‍ ആണ് അവയെ പ്രവര്‍ത്തിക്കുന്നവരെ ദൈവരാജ്യത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

ഗലാത്യര്‍ 5: 17 ആം വാക്യത്തില്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്: “ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.” 

ജഡത്തിന്റെ പ്രവര്‍ത്തികള്‍ നമ്മളെ വിശ്വാസ ഓട്ടത്തില്‍ സഹായിക്കില്ല. അത് പിശാചിന്റെ പ്രവര്‍ത്തികള്‍ ആയതിനാല്‍ നമ്മള്‍ അതിനെ തോല്‍പ്പിക്കേണ്ടി ഇരിക്കുന്നു. പിശാചിന്റെ പ്രവര്‍ത്തികള്‍ നമ്മളെ ബന്ധിച്ചിരിക്കുന്നു. നമ്മള്‍ അതിനെ തകര്‍ത്ത് ജയിക്കേണ്ടി ഇരിക്കുന്നു.

യേശു വന്നത് പാപത്തില്‍ നിന്നും നമ്മളെ രക്ഷിക്കുവാനും പിശാചിന്റെ പ്രവര്‍ത്തികളെ അഴിക്കുവാനും ആണ് എന്നു നമ്മള്‍ മുമ്പ് പറഞ്ഞുവല്ലോ. 

ജഡത്തിന്റെ പ്രവര്‍ത്തികളുടെ പട്ടിക ഇവിടെപൂര്‍ണ്ണമല്ല എന്നു ഓര്‍ക്കേണം.

1 തിമൊഥെയൊസ് 6: 10 ല്‍ നമ്മള്‍ വായിക്കുന്നു,  “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ.”

1 കൊരിന്ത്യര്‍ 6: 9, 10 വാക്യങ്ങളില്‍ ല്‍ പറയുന്നു: “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.”

എഫെസ്യര്‍ 5: 5 ല്‍ പറയുന്നു: “ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.”

ഈ ലേഖനങ്ങള്‍ എല്ലാം അന്നത്തെ ക്രിസ്തീയ സഭയ്ക്ക് എഴുതിയതാണ് എന്നു ഓര്‍ക്കേണം.

എങ്കിലും സഭയില്‍ ഈ വക പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടായിരുന്നു എന്നോ ഇല്ലായിരുന്നു എന്നോ നമുക്ക് നിശ്ചയമായി പറയുവാന്‍ കഴിയുക ഇല്ല.

എന്നാല്‍ എല്ലാ വിശ്വാസികളും ഇവയെല്ലാം ജയിച്ചിരിക്കേണം എന്നാണ് മുഖ്യ ദൂത് എന്നത് വ്യക്തമാണ്. 

നമ്മള്‍ രക്ഷിക്കപ്പെടുവാനായി തീരുമാനം എടുക്കുമ്പോഴോ, അത് ഏറ്റുപറയുമ്പോഴോ നമ്മളില്‍ നിന്നും ഇവയൊന്നും സ്വാഭാവികമായി വിട്ടുമാറുന്നില്ല എന്നു മനസ്സിലാക്കുവാന്‍ ദൈവശാസ്ത്രത്തിന്റെ അകമ്പടി ആവശ്യമില്ല. രക്ഷ ഒരു തിരഞ്ഞെടുപ്പോടെയും തീരുമാനത്തോടെയും സമ്പൂര്‍ണ്ണമാകുന്നില്ല, അത് തുടരുന്ന ഒരു പ്രക്രിയ ആണ്. ഈ നീണ്ട യാത്രയില്‍ നമ്മള്‍ രക്ഷിക്കപ്പെട്ടുകൊണ്ടേ ഇരിക്കുക ആണ്. ഈ സത്യത്തിന്റെ പശ്ചാത്തലത്തില്‍ വേണം പൌലൊസിന്റെ വാക്കുകളെ മനസ്സിലാക്കുവാന്‍. 

എബ്രായര്‍ക്ക് എഴുതിയ ലേഖനം 12:1 ല്‍ നമ്മള്‍ വായിക്കുന്ന “സകല ഭാരവും മുറുകെ പറ്റുന്ന പാപവും” ഈ പട്ടികയില്‍ നമുക്ക് കാണാം. അതായത്, ഒട്ടാക്കാരന്റെ ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിന്റെ തടസ്സങ്ങള്‍ ആണിവ. ഇവയുടെ മേല്‍ ജയം ഇല്ലാതെ ആരും ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നില്ല. 

ഓട്ടക്കളത്തില്‍ ഓടുന്നവര്‍ ഈ ജഡത്തിന്റെ പ്രവര്‍ത്തികളില്‍ തട്ടി വീണുപോയേക്കാം; അവരുടെ ഓട്ടത്തിന്റെ ലക്ഷ്യം തെറ്റിപ്പോയേക്കാം. അതിലുപരി അവര്‍ക്ക് ഇവയെ ജയിക്കുവാന്‍ കഴിയാതെ ഭാരപ്പെട്ടേക്കാം.

അവരോടാണ് ചുറ്റും നില്‍ക്കുന്ന സാക്ഷികളുടെ സമൂഹം അവരുടെ ജയത്തിന്റെ സാക്ഷ്യം പറയുന്നതു. സാക്ഷികളുടെ സമൂഹത്തില്‍ ദുർന്നടപ്പിനെയും, അശുദ്ധിയെയും, ദുഷ്കാമത്തെയും, വിഗ്രഹാരാധനയേയും, ആഭിചാരത്തേയും, പകയേയും, പിണക്കത്തേയും, ജാരശങ്കയേയും, ക്രോധത്തേയും, ശാഠ്യത്തേയും, ദ്വന്ദ്വപക്ഷത്തേയും, ഭിന്നതയേയും, അസൂയയെഉം, മദ്യപാനത്തേയും, വെറിക്കൂത്തുകളെയും ജയിച്ചവര്‍ ഉണ്ട്. അവരുടെ ജയത്തിന്റെ ചരിത്രമാണ് സാക്ഷ്യം. 

വിശ്വാസത്തിന്റെ ഓട്ടക്കളത്തില്‍ ഓടുന്നവനെ തടയുന്നത് ഭൌതീക അനുഗ്രഹങ്ങളുടെ അപര്യാപ്തത അല്ല. വിശ്വാസജീവിതത്തിന്റെ ശത്രു ജഡത്തിന്റെ പ്രവര്‍ത്തികള്‍ ആണ്. അതാണ് മുറുകെപറ്റുന്ന പാപം. അതിന്റെമേല്‍ ദിനംതോറും ജയിക്കാതെ ആര്‍ക്കും ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കുക ഇല്ല.

ജഡത്തിന്റെ പ്രവര്‍ത്തികളിന്മേലുള്ള ജയം ഒരിക്കലായി നമ്മള്‍ നേടുന്ന ജയം അല്ല. അതുകൊണ്ടാണ്, യക്കോബ് അപ്പൊസ്തോലന്‍, “ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.” (യാക്കോബ് 4:7) എന്നു സഭയെ ഉപദേശിച്ചത്. 

അപ്പോള്‍ സാക്ഷികളുടെ സമൂഹം ഓടുന്ന വിശ്വാസികളോട് സാക്ഷീക്കേണ്ടത്, അവരുടെ ജയത്തിന്റെ ചരിത്രം ആണ്. അവര്‍ ജഡത്തിന്റെയും പിശാചിന്റെയും പ്രവര്‍ത്തികളുടെ മേല്‍, ക്രിസ്തു മുഖാന്തിരം നേടിയ ജയത്തിന്റെ ചരിത്രമാണ് സാക്ഷികളുടെ ഇത്ര വലിയ സമൂഹത്തിന്റെ സാക്ഷ്യം.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍, നമ്മളുടെ യാതൊരു കൂടിവരവുകളിലും പിശാചിന്റെ പ്രവര്‍ത്തികളെ ജയച്ചതിന്റെ സാക്ഷ്യം കേള്‍ക്കുവാനില്ല.

നമ്മള്‍ ഭൌതീക നന്മകള്‍ ലഭിച്ചതിനെകുറിച്ചുള്ള വിവരണത്തെ ആണ് സാക്ഷ്യമായി കരുതുന്നത്. അതാണ് എല്ലായിടത്തും പ്രസ്താവിക്കുന്നത്. എന്നാല്‍ അത് ഒന്നുപോലും വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനും ആയ ക്രിസ്തുവിലേക്ക് ഓടുവാന്‍ ആരെയും സഹായിക്കില്ല.  

അതിനാല്‍, നമ്മളുടെ സാക്ഷ്യം, ദുർന്നടപ്പിനെയും, അശുദ്ധിയെയും, ദുഷ്കാമത്തെയും, വിഗ്രഹാരാധനയേയും, ആഭിചാരത്തേയും, പകയേയും, പിണക്കത്തേയും, ജാരശങ്കയേയും, ക്രോധത്തേയും, ശാഠ്യത്തേയും, ദ്വന്ദ്വപക്ഷത്തേയും, ഭിന്നതയേയും, അസൂയയെഉം, മദ്യപാനത്തേയും, വെറിക്കൂത്തുകളെയും ജയിച്ചത്തിന്റെ സാക്ഷ്യം ആയിരിക്കട്ടെ.

ഇതാണ് സാക്ഷികളുടെ ഇത്ര വലിയ സമൂഹത്തിന്റെ സാക്ഷ്യം. 

ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.

ഓണ്‍ലൈന്‍ ല്‍ നമ്മളുടെ വീഡിയോ ഓഡിയോ ചാനലുകളില്‍ മറ്റ് വിഷയങ്ങളെ കുറിച്ചുള്ള ധാരാളം വീഡിയോകളും ഓഡിയോകളും ലഭ്യമാണ്. വീഡിയോ കാണുവാന്‍ താല്പര്യമുള്ളവര്‍ naphtalitribetv.com എന്ന വീഡിയോ ചാനലും ഓഡിയോ കേള്‍ക്കുവാന്‍ താല്പര്യമുള്ളവര്‍ naphtalitriberadio.com എന്ന ഓഡിയോ ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കേള്‍ക്കുവാന്‍ നിങ്ങളെ സഹായിക്കും.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.

No comments:

Post a Comment