രക്ഷയുടെ ഘടന

ക്രിസ്തുയേശുവിന്റെ പരമ യാഗത്താലുള്ള മാനവ രക്ഷയുടെ ഘടനയെ കുറിച്ചാണ്  നമ്മള്‍ ഈ സന്ദേശത്തില്‍ ചിന്തിക്കുവാന്‍ പോകുന്നത്. അതിനായി, ആദം മുതല്‍ യിസ്രായേല്‍ ജനത്തിന്റെ പുറപ്പാട് വരെയുള്ള പ്രധാനപ്പെട്ട സംഭവങ്ങളില്‍ അടങ്ങിയിരിക്കുന്ന ആത്മീയ മര്‍മ്മങ്ങള്‍ ആണ് നമ്മള്‍ പഠിക്കുവാന്‍ പോകുന്നത്.

മനുഷ്യന്റെ വീഴ്ച പാപത്താല്‍ ഏദന്‍ തോട്ടത്തില്‍ ഉണ്ടായി എന്നു നമുക്ക് അറിയാമല്ലോ. എന്നാല്‍, പാപം ചെയ്ത മനുഷ്യരെ ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കുന്നതിന് മുമ്പ്, ദൈവം അവര്‍ക്ക് ഒരു വാഗ്ദത്തം നല്കി. മനുഷ്യരെ പാപത്തില്‍ നിന്നും രക്ഷിച്ച്, ദൈവരാജ്യം പുനസ്ഥാപിക്കും എന്നതായിരുന്നു ആ വാഗ്ദത്തം. ഇതിനെ നമുക്ക് ആദാമിന്റെ ഉടമ്പടി എന്നു വിളിക്കാം.

മാനവ രക്ഷ എങ്ങനെ സാധ്യമാകും എന്നതിന്റെ ഒരു ആദ്യരൂപമായി, ഏദന്‍ തോട്ടത്തില്‍ വച്ച് ഒരു മൃഗം കൊല്ലപ്പെടുകയും അതിന്റെ രക്തത്തില്‍ കുതിര്‍ന്ന തോല്‍കൊണ്ടു ദൈവം മനുഷ്യര്‍ക്ക് ഒരു ഉടുപ്പുണ്ടാക്കി കൊടുക്കുകയും ചെയ്തു.

മനുഷ്യന്റെ ചരിത്രത്തില്‍ അവന്‍ അണിയുന്ന ആദ്യത്തെ വസ്ത്രം, അത്തിയില കൂട്ടിത്തുന്നി അവന്‍ ഉണ്ടാക്കിയ അരയാട ആയിരുന്നു. (ഉല്‍പ്പത്തി 3:7).

പിന്നീട്, ദൈവം ഉണ്ടാക്കി നല്കിയ ഉടുപ്പ് മൃഗത്തിന്റെ തോല്‍കൊണ്ടു ഉള്ളതും അത് പാപത്തിന്റെ നഗ്നതത മറയ്ക്കുവാന്‍ പര്യാപ്തവും ആയിരുന്നു. (ഉല്‍പ്പത്തി 3: 21)

മനുഷ്യന്‍ ഉണ്ടാക്കിയ അരയാട ഉടുത്തിട്ടും അവര്‍ക്ക് തങ്ങള്‍ നഗ്നര്‍ എന്നു തോന്നി എങ്കിലും ദൈവം നല്കിയ ഉടുപ്പ് ധരിച്ചതിനുശേഷം അവര്‍ അങ്ങനെ പറഞ്ഞില്ല. 

ദൈവം നല്കിയ ഉടുപ്പ്, ഒരു മൃഗത്തിന്റെ തോല്‍കൊണ്ടു ഉണ്ടാക്കിയതാണ്; അതിനായി ഒരു മൃഗം കൊല്ലപ്പെട്ടിട്ടുണ്ട്. ഈ തോല്‍ ഒരു മൃഗത്തിന്റെ രക്തത്തില്‍ കുതിര്‍ന്നതാണ്. അതായത് രക്തത്താല്‍ ഉള്ള ഒരു ഉടുപ്പാണ് ദൈവം ആദിമ മനുഷ്യര്‍ക്ക് നല്കിയത്.

മൃഗം കൊല്ലപ്പെടുന്നതിന് മുമ്പായി തന്നെ ദൈവം മാനവരക്ഷയുടെ പദ്ധതി പ്രഖ്യാപിച്ചു. ആദാമിനു ഇതില്‍ യാതൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല. വിശ്വസിക്കുക മാത്രമാണു അവന്റെ ഉത്തരവാദിത്തം. വിശ്വസിച്ചാല്‍ വാഗ്ദത്തം പ്രാപിക്കുവാന്‍ കഴിയും. അതായത് ഇതൊരു ഏകപക്ഷീയ ഉടമ്പടി ആണ്. 

ഉടമ്പടിയുടെ വിശദാംശങ്ങള്‍ ഉല്‍പ്പത്തി പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല, എങ്കിലും ഏദന്‍ തോട്ടത്തില്‍ വച്ച് ദൈവം പറഞ്ഞതും അവിടെ സംഭവിച്ചതുമായ കാര്യങ്ങളില്‍ നിന്നും നമുക്ക് അതിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാം.

അത് ഇങ്ങനെ ആയിരുന്നു. ദൈവം ഭാവിയില്‍ ഒരു യാഗമൃഗത്തെ ഒരുക്കും, അതിനെ യാഗമായി അര്‍പ്പിക്കും, അതിന്റെ രക്തം മനുഷ്യന്റെ പാപത്തിന് പരിഹാരമായി ചൊരിയും, അതിന്റെ രക്തത്താല്‍ മനുഷ്യരുടെ പാപം ശുദ്ധീകരിക്കപ്പെടും, അതിന്റെ രക്തം മനുഷ്യനെ ദൈവത്തിന്റെ ന്യായവിധിയില്‍ നിന്നും വിടുവിക്കും, ദൈവവുമായുള്ള ശത്രുത എന്നന്നേക്കുമായി ഇല്ലാതാക്കും.

അങ്ങനെ മനുഷ്യന്റെ വീണ്ടെടുപ്പ് സാദ്ധ്യമായി, ദൈവരാജ്യം വീണ്ടും പുനസ്ഥാപിക്കപ്പെടും.

ഉടമ്പടി ഏകപക്ഷീയമായി ദൈവം നിവര്‍ത്തിക്കും എങ്കിലും മനുഷ്യന് അതില്‍ പങ്കാളി ആകണമെങ്കില്‍ വിശ്വാസത്തോടെ സ്വീകരിക്കേണം. ദൈവം ഒരുക്കുന്ന രക്ഷാ പദ്ധതി തങ്ങളെ പാപത്തില്‍ നിന്നും രക്ഷിക്കും എന്നു മനുഷ്യന്‍ വിശ്വസിക്കുകയും സ്വീകരിക്കുകയും വേണം.

അതിനാലാണ്, ദൈവം തോല്‍കൊണ്ടു ഒരു ഉടുപ്പുണ്ടാക്കി മനുഷ്യര്‍ക്ക് കൊടുത്തത്. ആദവും ഹവ്വയും അത് സ്വീകരിച്ചു എന്നുവേണം നമ്മള്‍ മനസ്സിലാക്കുവാന്‍. 

ഒരു മൃഗം കൊല്ലപ്പെടേണം എന്നും, അതിന്റെ രക്തം ചൊരിയേണം എന്നും, അതിന്റെ രക്തത്താല്‍ ഒരു ഉടുപ്പുണ്ടാക്കി അതിനെ ധരിച്ച് പാപത്തില്‍ നിന്നും രക്ഷ പ്രാപിക്കേണം എന്നതും ദൈവത്തിന്റെ പദ്ധതി ആയിരിക്കേണം.

ചെറിയവന് ഉയര്‍ന്നവനോടു ഉടമ്പടി ചെയ്യുവാന്‍ സാധ്യമല്ല; കുറ്റവാളിക്ക് നീതിപീഠത്തോട് പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ സാദ്ധ്യമല്ല.

അതിനാല്‍, ഉടമ്പടികള്‍ എല്ലാം ദൈവം നിര്‍ദ്ദേശിക്കുകയും മനുഷ്യന്‍ സ്വീകരിക്കുകയും ആണ് ചെയ്യുന്നത്. എപ്പോഴും സ്വീകരിക്കുവാനും നിരസിക്കുവാനും ഉള്ള സ്വാതന്ത്ര്യവും മനുഷ്യര്‍ക്ക് ഉണ്ടായിരുന്നു.

എന്നാല്‍ പാപ പരിഹാരത്തിനായി യാതൊന്നും ചെയ്യുവാന്‍ പാപിയായിരുന്ന മനുഷ്യര്‍ക്ക് കഴിയുമായിരുന്നില്ല.

അതിനാല്‍, ദൈവം തന്നെ പാപ പരിഹാര പദ്ധതി നിര്‍ദ്ദേശിച്ചു. ദൈവം തന്നെ ഒരു മൃഗത്തെ കണ്ടെത്തി, ദൈവം മഹാപുരോഹിതന്‍ ആയി ആ മൃഗത്തെ കൊന്നു, അതിന്റെ രക്തത്താല്‍ ഒരു ഉടുപ്പുണ്ടാക്കി, ആദമിനെയും ഹവ്വയെയും ഉടുപ്പിച്ചു.

ഇവിടെ, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” എന്ന് കല്‍പ്പിച്ച ദൈവത്തിനും, കല്‍പ്പനയെ നിരസിച്ച്, പാപിയായിതീര്‍ന്ന മനുഷ്യനും ഇടയില്‍ ദൈവം തന്നെ ഒരു മഹാപുരോഹിതന്‍ ആയി നില്ക്കുക ആണ്.

അവര്‍ക്ക് വേണ്ടി, അവര്‍ക്ക് പകരമായി, അവരെ പ്രതിനിധാനം ചെയ്തുകൊണ്ടാണ് ആ മൃഗം കൊല്ലപ്പെട്ടത് എന്ന് ആദാമും ഹവ്വയും മനസ്സിലാക്കിയിട്ടുണ്ടാകേണം.

ഉടമ്പടി പ്രകാരം യാഗത്തെ ക്രമീകരിക്കുക ദൈവത്തിന്റെ പ്രവര്‍ത്തിയും, അതിനെ വിശ്വാസത്തോടെ സ്വീകരിക്കുക എന്നത് മനുഷ്യന്റെ ഉത്തരവാദിത്തവും ആയി. ഇത് രക്ഷയുടെ ഘടനയില്‍ അന്നുമുതല്‍ ഇന്നുവരെ തുടരുന്നു.

ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വേണം നമ്മള്‍ കയീന്‍റെയും ഹാബേലിന്റെയും യാഗങ്ങളെ കാണേണ്ടത്. വിടുതലിനായി രക്തം ചൊരിഞ്ഞുള്ള യാഗത്തില്‍ ഉള്ള വിശ്വാസമാണ് ഹാബേലിന്റെ യാഗത്തില്‍ നമ്മള്‍ കാണുന്നത്. കയീന്റെ യാഗത്തില്‍ രക്തം ചൊരിഞ്ഞുള്ള യാഗം കാണുന്നില്ല. 

എന്നാല്‍ ഈ പാപ പരിഹാരയാഗം, ആര്, എപ്പോള്‍, എങ്ങനെ ക്രമീകരിക്കും എന്നതിന്റെ വിശദവിവരങ്ങള്‍ ഏദന്‍ തോട്ടത്തില്‍ വച്ച് ദൈവം വെളിപ്പെടുത്തിയില്ല. അതിന്റെ ആദ്യ രൂപം, അപ്പോള്‍ അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍, ദൈവം അരുളിച്ചെയ്തു.

 

ഉല്‍പ്പത്തി 3: 15 ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും. 

ഇത്രമാത്രമേ വേദപുസ്തകത്തില്‍ നമ്മള്‍ വായിക്കുന്നുള്ളൂ, എങ്കിലും സ്ത്രീയുടെ സന്തതി പിശാചിന്റെ തല തകര്‍ത്ത് മനുഷ്യര്‍ക്ക് വിടുതല്‍ സാധ്യമാക്കും എന്നു ആദവും ഹവ്വയും മനസ്സിലാക്കിയിരുന്നു. അതിനാല്‍ ആണ് കയീന്‍ ജനിച്ചപ്പോള്‍,യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു” എന്നു ഹവ്വ പറഞ്ഞത്. (ഉല്‍പ്പത്തി 4:1).

തനിക്ക് ലഭിച്ച പുരുഷപ്രജ ദൈവം അരുളിച്ചെയ്ത സന്തതി ആയിരിക്കാം എന്ന് ഹവ്വ ചിന്തിച്ചു. അതായത് സ്ത്രീയുടെ സന്തതി പിശാചിന്റെ തലയെ തകര്‍ക്കും എന്ന ദൈവീക ദൂത് അവര്‍ക്ക് മനസ്സിലായി. ആരാണ് ഈ സന്തതി എന്ന് അവര്‍ക്ക് വ്യക്തമായില്ല താനും. അതിനാല്‍ അവരുടെ കാത്തിരിപ്പ് തുടരുക ആണ്.

കയീന്‍ ഹാബേലിനെ കൊന്നശേഷം, അവന്‍ “ഭൂമിയിൽ ഉഴന്നലയുന്നവൻ ആയി ദേശം വിട്ട് ഓടിപ്പോയി. അതിനുശേഷം ആദാമിനും ഹവ്വയ്ക്കും ഒരു മകന്‍ ജനിച്ചു. “കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.”

ഇവിടെ “മറ്റൊരു സന്തതി” എന്ന പദത്തെ ശ്രദ്ധിയ്ക്കുക. പിശാചിനെ തകര്‍ത്ത്, മനുഷ്യര്‍ക്ക് വിടുതലും വീണ്ടെടുപ്പും സാധ്യമാക്കി, ഏദന്‍ തോട്ടത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ പ്രതീക്ഷയാണ് നമ്മള്‍ ഇവിടെ കാണുന്നത്. സ്ത്രീയുടെ സന്തതി അത് സാധ്യമാക്കും എന്ന പ്രത്യാശ അവര്‍ ഉപേക്ഷിച്ചുകളഞ്ഞില്ല. 

ആരായിരിക്കാം പിശാചിന്റെ തലയെ തകര്‍ക്കുന്ന സ്ത്രീയുടെ സന്തതി? അത് എപ്പോള്‍ സംഭവിക്കും? ഇത് അവര്‍ക്ക് വ്യക്തമായിരുന്നില്ല. എന്നാല്‍ കാലം ചെല്ലുന്തോറും, ദൈവം സ്ത്രീയുടെ സന്തതി ആരായിരിക്കും എന്നതിന് കൂടുതല്‍ വ്യക്തത വരുത്തികൊണ്ടിരുന്നു.

ദൈവം പൊടുന്നനവേ യേശുവിനെ “ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു; ആയി അവതരിപ്പിക്കുക ആയിരുന്നില്ല. കാലാകാലങ്ങളില്‍ ഭാഗം ഭാഗമായി ദൈവം ഈ മര്‍മ്മം തന്റെ ദാസന്‍മാര്‍ക്ക് നേരിട്ടും, പ്രവാചകന്മാരിലൂടെയും വെളിപ്പെടുത്തികൊണ്ടിരുന്നു. (യോഹന്നാന്‍ 1:29)

പഴയനിയമ കാല ചരിത്രം ഈ വെളിപ്പെടുത്തലിന്റെ കാലം ആയിരുന്നു. പുതിയനിയമകാലത്ത് പാപ പരിഹാര യാഗത്തിന്നായുള്ള ദൈവത്തിന്റെ കുഞ്ഞാട് നമുക്ക് കാണത്തക്കവണ്ണം വെളിപ്പെട്ടുവന്നു. 

മനുഷ്യര്‍ ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കപ്പെട്ടു എങ്കിലും, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും അറ്റുപോയില്ല. ദൈവം മനുഷ്യരുമായുള്ള ബന്ധം തുടര്‍ന്നുകൊണ്ടേയിരുന്നു. അത് തിരഞ്ഞെടുക്കപ്പെട്ട ചില മനുഷ്യരുമായി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് മാത്രം.

ഇത്തരത്തിലുള്ള ഒരു ബന്ധമാണ് നമ്മള്‍ ഹാനോക്കിന്റെ ജീവിതത്തില്‍ കാണുന്നത്. അവന്‍ ആദാംമുതൽ എണ്ണിയാല്‍ അവന്റെ വംശാവലിയില്‍ ഏഴാമനായിരുന്നു. (യൂദാ 1: 14)

 “... ഹാനോക്ക് മൂന്നൂറു സംവത്സരം ... ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. (ഉല്‍പ്പത്തി 5: 22, 24) എന്നാണ് വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നത്.

ഹാനോക്കും ദൈവവും തമ്മില്‍ എന്തെല്ലാം സംസാരിച്ച് വെന്നോ എന്തെല്ലാം ആത്മീയ മര്‍മ്മങ്ങള്‍ ദൈവം ഹാനോക്കിന് വെളിപ്പെടുത്തികൊടുത്തു എന്നോ നമുക്ക് അറിഞ്ഞുകൂടാ. എന്നാല്‍, കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനെകുറിച്ചു ഹാനോക്ക് പ്രവചിച്ചിരുന്നു എന്ന് യൂദായുടെ ലേഖനം 1: 15 ല്‍ നമ്മള്‍ വായിക്കുണ്ട്.

ദൈവീക വീണ്ടെടുപ്പു പദ്ധതി ഭാഗം ഭാഗമായി ദൈവം മനുഷ്യര്‍ക്ക് വെളിപ്പെടുത്തി കൊടുത്തുകൊണ്ടിരുന്നു എന്നു നമുക്ക് ഇവിടെ അനുമാനിക്കാവുന്നതാണ്. 

എന്നാല്‍, മനാവരാശിയുടെ വീണ്ടെടുപ്പ് പദ്ധതി നടപ്പിലാക്കുവാന്‍ ദൈവം തുടങ്ങുന്നത് അബ്രാഹാമിലൂടെ ആണ്.

അബ്രാഹാമിന്റെ കുടുംബം ബാബിലോണ്‍ രാജാവായ നിമ്രോദിന്റെ കാലത്ത് “കല്‍ദയരുടെ ഒരു പട്ടണമായ ഊരില്‍” ജീവിച്ചിരുന്നു. (ഉല്‍പ്പത്തി 11:28)

കല്‍ദയര്‍ പൊതുവേ ബഹുദൈവ വിശ്വാസികള്‍ ആയിരുന്നു എന്നതിനാല്‍ മറ്റ് അനേകം ദേവന്മാരുടെ കൂട്ടത്തില്‍ യഹോവയായ ദൈവത്തെയും അവര്‍ ആരാധിച്ചിരുന്നു.

എന്നാല്‍, യഹോവയായ ദൈവം ബഹുദൈവ വിശ്വാസത്തെ അനുവദിച്ചിരുന്നില്ല. യഹോവയെ ആരാധിക്കുന്നവര്‍ അവനെ ഏക ദൈവമായി വിശ്വസിച്ച് ആരാധിക്കേണമായിരുന്നു. അതിനാല്‍ അപ്രകാരമുള്ള ഒരു ജനത്തെയും ഒരു പ്രത്യേക ജാതിയെയും പുതിയതായി സൃഷ്ടിക്കുവാന്‍ തന്നെ ദൈവം തീരുമാനിച്ചു. അപ്പോള്‍ ജീവിച്ചിരുന്നവരില്‍ കുറെപ്പേരെ തിരഞ്ഞെടുത്ത് ചില മാറ്റങ്ങള്‍ വരുത്തി ഒരു പുതിയ രാജ്യമുണ്ടാക്കുക എന്നതായിരുന്നില്ല ദൈവീക പദ്ധതി, ഒന്നുമില്ലായ്മയില്‍ നിന്നും പുതിയ ഒന്നിനെ സൃഷ്ടിക്കുക എന്നതായിരുന്നു ദൈവീക പദ്ധതി. അതിനായി അവന്‍ അബ്രാഹാമിനെ തിരഞ്ഞെടുത്തു. 

അബ്രഹാം അക്കാലത്ത് ഒരു രാഷ്ട്രീയ നേതാവോ, രാജ്യ തന്ത്രജ്ഞനോ, സാമൂഹിക പരിഷ്കര്‍ത്താവോ ആയിരുന്നില്ല. അവന്‍ ഒരു സാധാരണ മനുഷ്യന്‍ എന്നതില്‍ കവിഞ്ഞ യാതൊരു വിവരണവും വേദപുസ്തകത്തില്‍ ഇല്ല. അവനെ വിളിച്ച് വേര്‍തിരിക്കുവാന്‍ ലോകപ്രകാരമുള്ള യോഗ്യതകള്‍ കാരണമായിരുന്നില്ല എന്ന മര്‍മ്മം ആണ് നമ്മള്‍ ഇവിടെ മനസ്സിലാക്കുന്നത്.

അതായത് അബ്രാഹാമിനെ ഇത്ര വലിയ ദൈവീക പദ്ധതിക്കായി വിളിച്ച് വേര്‍തിരിച്ചത് മാനുഷികമായ യാതൊരു യോഗ്യതകളുടെയും അടിസ്ഥാനത്തില്‍ ആയിരുന്നില്ല.

ദൈവം എപ്പോഴും തന്റെ സര്‍വ്വാധികാരത്തില്‍ അവന്‍റെ പദ്ധതികള്‍ നിവര്‍ത്തിക്കുവാനായിട്ടു അവന്‍റെ ഹിതപ്രകാരം ഉള്ളവരെ തിരഞ്ഞെടുക്കുന്നു.

ഏദന്‍ന്‍ തോട്ടത്തില്‍ ദൈവം സൃഷ്ടി പൂര്‍ത്തീകരിച്ച ശേഷം ദൈവം വീണ്ടും അതുപോലെഉള്ള സൃഷ്ടികള്‍ നടത്തിയിട്ടില്ല. പിന്നീട് ദൈവം തിരഞ്ഞെടുപ്പുകള്‍ ആണ് നടത്തിയത്. അത് അവന്റെ മുന്‍നിയമന പ്രകാരം ആയിരുന്നു.

 

റോമര്‍ 8: 29 & 30

29 അവൻ മുന്നറിഞ്ഞവരെ തന്‍റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.

30  മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു. 

ദൈവത്തിന്റെ തിരഞ്ഞെടുപ്പു അബ്രാഹാമില്‍ വരുന്നതിന് മുമ്പ് അവന് സന്തതി ഇല്ലായിരുന്നു. അവന് സന്തതി ജനിക്കുന്നത്, ദൈവം അവനെ തിരഞ്ഞെടുത്തതിനും, അവനെ വാഗ്ദത്തദേശത്തു എത്തിച്ചതിനും ശേഷം ആണ്. അതായത് ദൈവം അബ്രാഹാം എന്ന ഒരുവനെ, സന്തതി ഇല്ലാത്തവനെ, സന്തതി ജനിക്കുവാന്‍ സാധ്യതകള്‍ ഇല്ലായിരുന്നവനെ തിരഞ്ഞെടുത്തു. അതിനു ശേഷം സംഭവിച്ചതെല്ലാം ദൈവീക തിരഞ്ഞെടുപ്പിന് ഉള്ളില്‍ സംഭവിക്കുന്നതാണ്. അതിനാല്‍ അബ്രാഹാമിന്റെ മേലുള്ള തിരഞ്ഞെടുപ്പ് അവന്റെ സന്തതിയിലും കടന്നുചെന്നു. 

ദൈവം അവന് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ പെരുപ്പമുള്ള ഒരു ജാതിയെ വാഗ്ദത്തം ചെയ്തു. (ഉല്‍പ്പത്തി 15:5എന്നാല്‍ അബ്രാഹാമിന് വാഗദത്തപ്രകാരം ഒരു സന്തതി മാത്രമേ ലഭിച്ചുള്ളൂ. ആ സന്തതിയില്‍ ദൈവീക വാഗ്ദത്തമായ  നക്ഷത്രങ്ങളെപ്പോലെ പെരുപ്പമുള്ള ഒരു ജാതി ഉണ്ടായിരുന്നു.

അബ്രാഹാമിന്റെ ഏക സന്തതിയ്ക്ക് ദൈവം അവകാശമായി കൊടുക്കുന്നതെല്ലാം, നക്ഷത്രങ്ങളെപ്പോലെ പെരുപ്പമുള്ള ഒരു ജാതിയ്ക്കു കൊടുക്കുന്നതായിരുന്നു. ഈ സന്തതി കടന്നുപോകുന്ന എല്ലാ അനുഭവങ്ങളും അവനില്‍ അടങ്ങിയിരുന്ന പെരുപ്പമുള്ള ഒരു ജാതി കടന്നുപോകുന്ന അനുഭവങ്ങള്‍ ആയിരുന്നു.

അങ്ങനെ അവനെ യാഗം കഴിക്കുന്നത് അവന്റെ സന്തതി പരമ്പരകളെ യാഗം കഴിക്കുന്നതിന് തുല്യം ആയിരുന്നു. അവന് വേണ്ടി, അവന് പകരമായി ഒരു യാഗമൃഗം യാഗമായി തീരുന്നത്, അവന്റെ സകല സന്തതി പരമ്പരകള്‍ക്കും പകരമായി ഒരു യാഗമൃഗം യാഗമായി തീരുന്നതാണ്. അവന് പകരം യാഗമായി തീരുവാന്‍ ദൈവം ഒരു യാഗമൃഗത്തെ ക്രമീകരിച്ചപ്പോള്‍, അത് അവന്റെ സകല സന്തതി പരമ്പരകള്‍ക്കും പകരമായി ദൈവം ക്രമീകരിച്ച യാഗമൃഗം ആയി. 

ഇതാണ് യിസ്ഹാക്കിനെ യാഗം കഴിക്കുവാന്‍ ദൈവം കല്‍പ്പിക്കുന്നതിന്റെ പിന്നിലെ ആത്മീയ മര്‍മ്മം. ഈ മര്‍മ്മം അബ്രഹാം മനസ്സിലാക്കിയിരുന്നു.   

അബ്രഹാം ഇത് എങ്ങനെ ഗ്രഹിച്ചു എന്നു നമുക്ക് അറിഞ്ഞുകൂടാ. എന്നാല്‍ അബ്രാഹാമിന്റെ വാക്കുകളില്‍ അവന് ഈ ആത്മീയ മര്‍മ്മം അറിയാമായിരുന്നു എന്നതിന്റെ സൂചനകള്‍ ഉണ്ട്. 

യിസ്ഹാക്കിന്റെ യാഗം 

ദൈവം അബ്രാഹാമിനോടു സാറായില്‍ ജനിച്ച അവന്റെ ഏക മകനായ യിസ്ഹാക്കിനെ, മോരിയാ മലയില്‍ വച്ച് ഹോമയാഗം കഴിക്കുവാന്‍ കല്‍പ്പിക്കുന്നത് ഉല്‍പ്പത്തി 22 ല്‍ ആണ്. യാഗത്തിനായി അബ്രഹാം തന്റെ മകനെ കൂട്ടികൊണ്ട് പോകുന്ന വഴിക്കു അവര്‍ എന്തെല്ലാം സംസാരിച്ചു എന്നു വേദപുസ്തകത്തില്‍ വിവരിക്കുന്നില്ല. എന്നാല്‍ രണ്ടു വാചകങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അബ്രാഹാമിന്റെ ചിന്തകളെ വെളിവാക്കുന്നത് ആയിരുന്നു.  

ഉല്‍പ്പത്തി 22: 5 ല്‍ അബ്രാഹാം ദാസന്മാരോടു പറയുന്നതിങ്ങനെ ആണ്: “നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു.” ഇവിടെ മലയാളം വിവര്‍ത്തനത്തില്‍ ഒരു പ്രധാനപ്പെട്ട വാക്ക് വിട്ടുപോയിട്ടുണ്ട്. അബ്രഹാം പറഞ്ഞത്, ഞാനും ബാലനും അവിടെത്തോളം ചെന്നു ആരാധന കഴിച്ചു ഞങ്ങള്‍ മടങ്ങി വരാം എന്നാണ്.

ഇത് പറഞ്ഞതിന് ശേഷം, ദാസന്മാരെ താഴ് വരയില്‍ ഇരുത്തിയിട്ട് അബ്രഹാം തന്റെ മകനുമായി മുന്നോട്ട് പോകുന്ന വഴിയില്‍ യിസ്ഹാക് ചോദിച്ചു: “തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻകുട്ടി എവിടെ (22:7ഇതിനുള്ള അബ്രാഹാമിന്റെ മറുപടി ശ്രദ്ധേയം ആണ്: “ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും” (ഉല്‍പ്പത്തി 22:8അബ്രാഹാമിന്റെ മറുപടിയില്‍ അവന്‍ ഗ്രഹിച്ച ആത്മീയ മര്‍മ്മം അടങ്ങിയിട്ടുണ്ട്.

ഈ യാഗം യിസ്ഹാക്ക് എന്ന ഒരു വ്യക്തിയുടെ മരണമല്ല. ഇത് അവനിലൂടെ ജനിക്കുവാനിരിക്കുന്ന ഒരു വലിയ സന്തതി പരമ്പരയെ വീണ്ടെടുക്കുവാനുള്ള യാഗം ആണ്. അതിനായി, ഊനമില്ലാത്ത ഒരു യാഗമൃഗത്തെ ദൈവം ക്രമീകരിക്കും.

ദൈവം ആദമിനും ഹവ്വയ്ക്കും കാണിച്ചുകൊടുത്ത, ഹാബെല്‍ പിന്തുടര്‍ന്ന, പാപ പരിഹാരയാഗത്തില്‍ അബ്രഹാം വിശ്വസിച്ചു. യാഗമൃഗത്തെ ദൈവം ഒരുക്കും എന്ന വെളിപ്പാട് പ്രാപിച്ചു. ഈ വിശ്വാസത്തെയും അതിന്റെ പ്രവര്‍ത്തിയെയും ദൈവം അവന് നീതീക്കായി കണക്കിട്ടു. ഉല്‍പ്പത്തി 15:6 ല്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” അബ്രാഹാമിന്റെ ജീവിതത്തില്‍ ഉടനീളം ഈ വിശ്വസം കാണാവുന്നതാണ്. 

എബ്രായര്‍ക്ക് എഴുതിയ ലേഖനം 11 ആം അദ്ധ്യായത്തില്‍ ഈ സംഭവത്തിന്‍റെ മറ്റൊരു വശം നമ്മള്‍ കാണുന്നുണ്ട്.  അവിടെ ഇങ്ങനെ ആണ് ആ സംഭവത്തെ വിവരിക്കുന്നത്: വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു. (എബ്രായര്‍ 11: 17-19)

ഇവിടെ വെളുപ്പെടുത്തുന്ന ആത്മീയ മര്‍മ്മം ഇതാണ്: അബ്രഹാം വാഗ്ദത്ത സന്തതിയെ വിശ്വാസത്താല്‍ യാഗമായി അര്‍പ്പിച്ചു. യിസ്ഹാക്ക് അങ്ങനെ യാഗമായി തീര്‍ന്നപ്പോള്‍, അവനില്‍ ജനിക്കുവാനിരിക്കുന്ന സകല സന്തതികളും യാഗമായി അര്‍പ്പിക്കപ്പെട്ടു. അത് ദൈവം സ്വീകരിച്ചു. അതിലൂടെ യിസ്രായേല്‍ ജനം എല്ലാവരും ദൈവത്തിന് സമ്പൂര്‍ണ്ണമായി യാഗമായി അര്‍പ്പിക്കപ്പെട്ടവര്‍ ആയി. ഇത് വിശസത്താല്‍ അബ്രാഹാമിന്റെ പ്രവത്തിയെ നോക്കികാണുക ആണ്.  

രണ്ടു രീതിയില്‍ ഈ യാഗത്തെ കണ്ടാലും നമ്മള്‍ കാണുന്നത്, ഒരുവന്‍ അനേകര്‍ക്കുവേണ്ടി യാഗമായി തീരുന്നതാണ്. യിസ്ഹാക്കിന്റെ യാഗം വരുവാനിരിക്കുന്ന ക്രിസ്തുവിന്റെ ക്രൂശിലെ പാപ പരിഹാര യാഗത്തിന് ഒരു നിഴല്‍ ആയിരുന്നു. മാനവ രാശിയുടെ പാപ പരിഹാരം മനുഷ്യന്‍ ക്രമീകരിക്കുന്ന യാതൊരു ബലിയാലും സാധ്യമല്ല. അതുകൊണ്ടു ദൈവം യാഗത്തിനായി ഒരു മൃഗത്തെ ഒരുക്കി. ദൈവം ഒരുക്കിയ യേശുക്രിസ്തു എന്ന കുഞ്ഞാട്, ഒരു പകരക്കാരന്‍ ആയി, ഒരുവന്‍ അനേകര്‍ക്ക് വേണ്ടി, ക്രൂശില്‍ യാഗമായി തീര്‍ന്നു. ഇവിടെ മനാവരാശിക്കു വേണ്ടിയുള്ള ദൈവീക രക്ഷാ പദ്ധതി കൂടുതല്‍ വെളിപ്പെട്ടുവന്നു. 

യിസ്രായേല്‍ അടിമത്തത്തില്‍ ആകുന്നു

അബ്രാഹാമിന് ശേഷം യിസ്ഹാക്കിന്റെ എല്ലാ സന്തതികളെയും ദൈവം തന്റെ വീണ്ടെടുപ്പ് പദ്ധതിക്കായി തിരഞ്ഞെടുത്തില്ല. യിസ്ഹാക്കിന്റെ രണ്ടു പുത്രന്മാരില്‍ മൂത്തവനായ ഏശാവിനെ ദൈവം തള്ളികളഞ്ഞു, ഇളയവനായ യാക്കോബിനെ തിരഞ്ഞെടുത്തു. (റോമര്‍ 9:13; മലാഖി 1:2,3ഇതിന്‍റെ കാരണം ദൈവം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, നമ്മള്‍ ഇവിടെ ദൈവത്തിന്റെ മുന്നറിവു പ്രകാരമുള്ള മുന്‍നിയമനം കാണുന്നു. 

യാക്കോബ് കനാനില്‍ താമസിക്കുന്ന കാലത്ത്, അവന്റെ സന്തതികള്‍ക്കു അവരുടെ സഹോദരനായ യോസേഫിനോട് നീരസം തോന്നി. അതിനാല്‍ അവര്‍ അവസരം കിട്ടിയപ്പോള്‍ യോസേഫിനെ യിശ്മായേല്യ കച്ചവടക്കാര്‍ക്ക് അടിമയായി വിറ്റുകളഞ്ഞു. അവര്‍ വിറ്റത് അവര്‍ക്ക് നീരസം ഉണ്ടായിരുന്ന യോസേഫിനെ മാത്രം ആയിരുന്നു എങ്കിലും യാക്കോബിന്റെ സന്തതികളുടെ അന്യദേശത്തെ അടിമത്തം അവിടെ ആരംഭിക്കുക ആയിരുന്നു.

എന്നാല്‍ അവര്‍ എല്ലാവരും അടിമത്തത്തില്‍ ആകുന്നതിന് മുമ്പ്, ദൈവീക പദ്ധതിയില്‍ ചില സംഭവങ്ങള്‍ കൂടി നടക്കേണ്ടിയിരുന്നു.

യോസേഫിനെ ദൈവം അനുഗ്രഹിച്ചു, അവന്റെ ദര്‍ശനത്തെ നിവര്‍ത്തിച്ചു. ചില കഷ്ടങ്ങളിലൂടെ കടന്നുപോയെങ്കിലും യോസേഫ് മിസ്രയീം രാജ്യത്തെ രാജാവിന്റെ വിശ്വസ്തനും രാജ്യത്തെ രണ്ടാമത്തെ ഭരണ തലവനും ആയിമാറി. 

അപ്പോള്‍ കനാന്‍ ദേശത്തു ഒരു വലിയ ക്ഷാമം ഉണ്ടായി. അതിനാല്‍ ധാന്യം വാങ്ങുവാന്‍ യാക്കോബിന്റെ മക്കള്‍ മിസ്രയീമിലേക്ക് പോയി. അവര്‍ അവിടെ യോസേഫിനെ വീണ്ടും കണ്ടുമുട്ടി. തുടര്‍ന്ന് യാക്കോബും തന്റെ 11 മക്കളും കൂടെ മിസ്രയീം ദേശത്ത് ചെന്നു, അവിടെ പരദേശികളായി താമസിച്ചു.

യോസേഫ് ജീവിച്ചിരുന്ന കാലത്തെല്ലാം, പിന്നീട് അവന്‍ ചെയ്ത നന്മകള്‍ അറിയാമായിരുന്ന രാജാക്കന്മാര്‍ ഉള്ള കാലത്തെല്ലാം, യിസ്രായേല്‍ ജനം സുഖമായി അവിടെ ജീവിച്ചു.

പിന്നീട്, യോസേഫിനെ മറന്ന രാജാക്കന്മാര്‍ മിസ്രയീം രാജ്യം ഭരിക്കുവാന്‍ തുടങ്ങിയപ്പോള്‍, യിസ്രായേല്‍ ജനം അവിടെ അടിമകള്‍ ആയി.

അങ്ങനെ 400 വര്‍ഷങ്ങള്‍ അധികം  അവര്‍ അവിടെ അടിമത്തത്തില്‍ ജീവിച്ചു. 

യിസ്രയേലിന്റെ രക്ഷയുടെ ചരിത്രം 

യിസ്രായേല്‍ ജനത്തിന്റെ മിസ്രയീമ്യ അടിമത്തത്തില്‍ നിന്നുള്ള രക്ഷയുടെ ചരിത്രം ആണ് ഇനി നമ്മള്‍ പഠിക്കുവാന്‍ പോകുന്നത്. ഈ ചരിത്രത്തില്‍ മാനവരാശിയുടെ രക്ഷാ പദ്ധതിയുടെ ശരിയായ ഒരു ചിത്രം ദൈവം വെളിപ്പെടുത്തുന്നുണ്ട്. ഇവിടെ വെളിപ്പെടുത്തപ്പെടുന്ന രക്ഷയുടെ മര്‍മ്മങ്ങള്‍ ആണ് പിന്നീട് നമ്മള്‍ മോശെയുടെ ഉടമ്പടിയിലെ പാപ പരിഹാര യാഗത്തില്‍ കാണുന്നത്.

മിസ്രയീമ്യ അടിമത്തില്‍ നിന്നുമുള്ള യിസ്രായേല്‍ ജനതയുടെ രക്ഷയില്‍ വെളിപ്പെട്ട ആത്മീയ മര്‍മ്മങ്ങള്‍ മോശെയുടെ ഉടമ്പടിയില്‍ പ്രമാണമായി മാറി. 

യഥാര്‍ത്ഥത്തില്‍, യിസ്രായേല്‍ ജനം 400 വര്‍ഷങ്ങള്‍ അടിമത്തില്‍ ആയിരിയ്ക്കും എന്നും “അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.” എന്നും “മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ദേശത്തെ അവകാശമാക്കി അവിടെ ജീവിക്കും എന്നും ദൈവം അബ്രാഹാമിന് കൊടുത്ത ഉടമ്പടി പ്രകാരമുള്ള വാഗ്ദത്തം ആണ്. (ഉല്‍പ്പത്തി 15: 14; 18, 19,20). ഇതേ വാഗ്ദത്തം ദൈവം വീണ്ടും യിസ്ഹാക്കിനോടും ആവര്‍ത്തിക്കുന്നുണ്ട്.

ഈ വാഗ്ദത്തം പ്രാപിച്ചവര്‍ ആണ് 400 വര്‍ഷങ്ങള്‍ അടിമത്തത്തില്‍ പരദേശികളായി കഴിഞ്ഞത്. അവരെ അവിടെ നിന്നും വിടുവിക്കുവാന്‍ ദൈവം ഇടപെട്ടപ്പോള്‍ അതിന്റെ കാരണവും ദൈവം വ്യക്തമാക്കുന്നുണ്ട്. “ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു. ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു;” (പുറപ്പാട് 2:24)

കൂട്ടത്തില്‍ അടിമത്തത്തിന്റെ കഷ്ടതയില്‍ യിസ്രായേല്‍ ദൈവത്തോട് വിടുതലിനായി നിലവിളിച്ചു എന്നും ദൈവം അവരുടെ നിലവിളി കേട്ടു എന്നും നമ്മള്‍ വായിക്കുന്നു. (പുറപ്പാട് 3:7) 

ഇവിടെ ഒരു ചോദ്യം നമ്മളുടെ മനസ്സില്‍ ഉയരേണ്ടതാണ്. ദൈവം യിസ്രായേല്‍ ജനത്തെ അടിമത്തത്തില്‍ നിന്നും വിടുവിക്കും എന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും നിയമം ചെയ്തിട്ടുണ്ട് എങ്കില്‍, എന്തുകൊണ്ടാണ് യിസ്രായേല്‍ ജനം നിലവിളിക്കുവാന്‍ ഇടവന്നത്? തക്ക സമയത്ത് ദൈവം അവരെ വിടുവിച്ചാല്‍ പോരായിരുന്നോ?

ഇവിടെ ഒരു കാര്യം നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. യിസ്രായേല്‍ ജനം പാപത്തിന്റെ ശിക്ഷയായി ശത്രു രാജ്യത്ത് പ്രവാസത്തില്‍ പോയതല്ല. അവര്‍ ദേശത്തു ക്ഷാമം ഉണ്ടായപ്പോള്‍, അക്കാലത്തെ എല്ലാവരും ചെയ്യുന്നത് പോലെ, ധാന്യം വാങ്ങുവാനായി അത് ഉള്ള ഇടത്ത് പോയി എന്ന് മാത്രമേ ഉള്ളൂ.

പിന്നീട്, യോസേഫ് അവരെ മിസ്രയീം ദേശത്ത്, വേറിട്ട ഒരു പ്രദേശത്ത് താമസിപ്പിക്കുക ആയിരുന്നു.

മിസ്രയീമില്‍ യാക്കോബും സന്തതികളും താമസിച്ചത് തെറ്റായി പോയി എന്ന് വേദപുസ്തകത്തില്‍ എങ്ങും പറയുന്നുമില്ല. 

യോസേഫിനെ സഹോദരന്മാര്‍ അടിമയായി വിറ്റുകളഞ്ഞതാണ് എങ്കിലും, അദ്ദേഹം അതിനെ ഒരു ദൈവീക കരുതലായി കാണുന്നുണ്ട്.

യോസേഫ് പറയുന്നതിങ്ങനെ ആണ്: “ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു .... ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചിരിക്കുന്നു. ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; (ഉല്‍പ്പത്തി 45: 5-8)

യിസ്രായേല്‍ ജനത്തിന്‍റെ ഈ പ്രവാസ ജീവിതത്തെക്കുറിച്ച് ആദ്യം പറയുന്നതു ദൈവം തന്നെ ആണ്. ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തു: “നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക…. അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.”

പ്രവാസികള്‍ ആയി ജീവിക്കുന്നതിന്റെ കാരണമായി ദൈവം പറയുന്നതു “അമോർയ്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല.” എന്നു മാത്രമേ ഉള്ളൂ. (ഉല്‍പ്പത്തി 15: 13-16)

അമോര്‍യ്യര്‍ കാനാന്‍ ദേശത്തിലെ എല്ലാ രാജ്യങ്ങളെയും സൂചിപ്പിക്കുന്നു എന്ന് പറയാം. 

അപ്പോള്‍ ചോദ്യം ബാക്കി നില്‍ക്കുന്നു? എന്തുകൊണ്ട് വിടുതലിനായി യിസ്രായേല്‍ ജനം നിലവിളിക്കേണ്ടി വന്നു? മാനവ രാശിയുടെ രക്ഷയുടെ ആദ്യ പടി ഇവിടെ തുടങ്ങുക ആണ്.

യിസ്രായേല്‍ അടിമത്തത്തിലും കഷ്ടതയിലും ആയി. അവര്‍ അത് തിരിച്ചറിഞ്ഞു. അവര്‍ വിടുതല്‍ ആഗ്രഹിച്ചു. അതിനായി ദൈവത്തോട് അപേക്ഷിച്ചു.

അതായത്, പിശാചിന്റെ അടിമത്തത്തില്‍ ആണ് എന്ന് തിരിച്ചറിയാത്ത ആരും രക്ഷിക്കപ്പെടുന്നില്ല. രക്ഷ ആഗ്രഹിക്കാത്ത ആരും രക്ഷിക്കപ്പെടുക ഇല്ല. രക്ഷ മനുഷ്യരിലേക്ക് നിര്‍ബന്ധപൂര്‍വ്വം ദൈവം അടിച്ചേല്‍പ്പിക്കുന്ന ഒന്നല്ല. രക്ഷ സ്വാഭാവികമായി ഒരുവനില്‍ സംഭവിക്കുന്ന ഒന്നല്ല.

രക്ഷ ഒരു തിരഞ്ഞെടുപ്പ് ആണ്. പാപം ഒരു തിരഞ്ഞെടുപ്പ് ആയിരിക്കുന്നതുപോലെ തന്നെ ആണിത്. ഈ തിരഞ്ഞെടുപ്പ് മനുഷ്യന്റെ ഉത്തരവാദിത്തമാണ്.

ഒരു മനുഷ്യനെ പിശാചിന്റെ അടിമത്തത്തില്‍ നിന്നും രക്ഷിക്കുവാനുള്ള ദൈവീക പ്രവര്‍ത്തി ആരംഭിക്കുന്നത് അവന്‍ രക്ഷയ്ക്കായി ആഗ്രഹിക്കുകയും അതിനെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതിലൂടെ ആണ്.

അതിനാല്‍, യിസ്രായേല്‍ ജനം വിടുതലിനായി ദൈവത്തോട് യാചിച്ചു. 

യിസ്രായേല്‍ ജനത്തിന്റെ രക്ഷാ പദ്ധതിയില്‍ ദൈവം ഒരു പ്രധാനപ്പെട്ട കാര്യം കൂടെ ഉള്‍പ്പെടുത്തിയിരുന്നു. അത് പിശാചിന്റെ പ്രവര്‍ത്തികളെ തകര്‍ക്കുക എന്നതായിരുന്നു.

1 യോഹന്നാന്‍ 3:8 ല്‍ നമ്മള്‍ വായിക്കുന്നു: “പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.”

യിസ്രായേല്‍ ജനത്തെ ഇത്രയും നാള്‍ അടിമത്തത്തില്‍ സൂക്ഷിച്ച പിശാചിന്റെ പ്രവര്‍ത്തികള്‍ തകരാതെ രക്ഷ പൂര്‍ണ്ണമാകുക ഇല്ല എന്ന് ദൈവത്തിന് അറിയാമായിരുന്നു. അതിനാല്‍ അവന്‍ 10 ബാധകളെ മിസ്രയീം രാജ്യത്തിനുമേല്‍ അയച്ചു. അവ ഓരോന്നും മിസ്രയീമുകാരുടെ ദേവന്മാരുടെ ശക്തിയെ തകര്‍ത്ത് ദൈവജനത്തിന് വേണ്ടി ദൈവം പ്രഖ്യാപിക്കുന്ന ജയം ആയിരുന്നു. മിസ്രയീമിന്റെ വെള്ളത്തെയും, ആരോഗ്യത്തെയും, മാന്ത്രിക ശക്തിയെയും, സമ്പത്തിനെയും, ആരാധനയെയും, രാജകീയ വാഴ്ചയെയും, യഹോവയായ ദൈവം തകര്‍ത്തു. അവസാനമായി അവരുടെ സകല സൈന്യ ബലത്തെയും ചെങ്കടിലില്‍ മുക്കി കൊന്നു.

പുറപ്പാടു 12: 12 ല്‍ “മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും എന്ന് ദൈവം പറയുന്നുണ്ട്.

പിശാചിന്‍റെ പ്രവര്‍ത്തികള്‍ തകരാതെ രക്ഷ പൂര്‍ണ്ണമാകില്ല. പിശാചിന്റെ പ്രവര്‍ത്തികള്‍ക്ക് ശക്തി ഉള്ള ഇടത്തോളം, ഒരു മനുഷ്യനും രക്ഷയുടെ അനുഭവത്തില്‍ ജീവിക്കുവാന്‍ കഴിയുക ഇല്ല.

നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തു ക്രൂശില്‍ പിശാചിന്റെമേല്‍ പൂര്‍ണ്ണ ജയം നേടി. അതാണ് നമ്മള്‍ കൊലൊസ്യര്‍ 2: 15 ല്‍ വായിക്കുന്നത്: “വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.”

ഈ ജയത്തില്‍ നമ്മള്‍ ജീവിക്കുന്നില്ല എങ്കില്‍, യേശുക്രിസ്തു നമുക്ക് നല്‍കുന്ന രക്ഷ പൂര്‍ണ്ണമാകുന്നില്ല; നമ്മള്‍ അടിമത്തത്തില്‍ തുടരും; പിശാച് നമ്മളെ വിഴുങ്ങി കളയുവാനും സാധ്യത ഉണ്ട്. 

പെസഹയുടെ മര്‍മ്മം 

പാപത്തില്‍ നിന്നുള്ള രക്ഷയുടെ വ്യക്തമായ ഒരു ചിത്രം യിസ്രായേല്‍ ജനം ആചരിച്ച പെസഹ അത്താഴത്തില്‍ നമുക്ക് കാണാവുന്നതാണ്. ഇതിന്റെ ചരിത്രം നമ്മള്‍ വായിക്കുന്നത് പുറപ്പാട് പുസ്തകം 12 ആം അദ്ധ്യായത്തില്‍ ആണ്. പെസഹയുടെ വിവരണത്തിലെ ഓരോ വാക്കിലും രക്ഷാ പദ്ധതിയുടെ മര്‍മ്മങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ഒന്നാമതായി നമ്മള്‍ മനസ്സിലാക്കേണ്ടത്, പെസഹ മിസ്രയീമില്‍ താമസിക്കുന്ന എല്ലാ മനുഷ്യര്‍ക്കും വേണ്ടി ഉള്ളതായിരുന്നില്ല, എന്നാണ്. അത് ദൈവം തിരഞ്ഞെടുത്ത യിസ്രയേലിന്റെ രക്ഷയ്ക്കായി ഉള്ളതായിരുന്നു. പെസഹയെക്കുറിച്ചുള്ള എല്ലാ കല്‍പ്പനകളും യിസ്രായേല്‍ ജനത്തോട് മാത്രമായി പറഞ്ഞതും അവര്‍ പാലിക്കേണ്ടുന്നതും ആയിരുന്നു. പെസഹ ഭക്ഷിക്കുവാന്‍ ആ ദേശത്തെ ആരെയും ക്ഷണിക്കുവാന്‍ ദൈവം നിര്‍ദ്ദേശിച്ചില്ല. 

എന്നാല്‍ ചില അന്യജാതിക്കാര്‍ യിസ്രയേല്യരൊടൊപ്പം പെസഹ ഭക്ഷിച്ചിരുന്നു എന്നു നമ്മള്‍ കാണുന്നുണ്ട്.

പുറപ്പാടു 12: 43, 44 വാക്യങ്ങളില്‍ ദൈവം അരുളിചെയ്യുന്നതായി നമ്മള്‍ വായിക്കുന്നു: “പെസഹയുടെ ചട്ടം ഇതു ആകുന്നു: അന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുതു. എന്നാൽ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം.”

അതേ അദ്ധ്യായം 48, 49 വാക്യങ്ങളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “ഒരു അന്യജാതിക്കാരൻ നിന്നോടുകൂടെ പാർത്തു യഹോവെക്കു പെസഹ ആചരിക്കേണമെങ്കിൽ, അവന്നുള്ള ആണൊക്കെയും പരിച്ഛേദന ഏൽക്കേണം. അതിന്റെശേഷം അതു ആചരിക്കേണ്ടതിന്നു അവന്നു അടുത്തുവരാം; അവൻ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുതു. സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നേ ആയിരിക്കേണം.”

ഈ അദ്ധ്യായത്തില്‍ തന്നെ 38 ആം വാക്യത്തില്‍ യിസ്രായേല്‍ ജനം മിസ്രയീമില്‍ നിന്നും സ്വതന്ത്രര്‍ ആയി പുറപ്പെട്ടപ്പോള്‍,വലിയോരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടുകൂടെ പോന്നു.” എന്ന് നമ്മള്‍ വായിക്കുന്നു.

അതായത് പെസഹ ചില അന്യജാതിക്കാരും ഭക്ഷിച്ചിരുന്നു, അവരും കുഞ്ഞാടിന്റെ രക്തത്തില്‍ അഭയം പ്രാപിച്ച് രക്ഷ പ്രാപിച്ചിരുന്നു. അവര്‍, നിശ്ചയമായും, യിസ്രയേലിന്റെ ദൈവമായ യഹോവയില്‍ വിശ്വസിച്ചവര്‍ ആയിരുന്നിരിക്കേണം.

ഈ സംഭവം യേശുക്രിസ്തുവിലൂടെ യിസ്രായേലിന് വെളിയിലുള്ള ജാതീയരിലേക്ക് രക്ഷ എത്തിച്ചേരും എന്നതിന്റെ നിഴല്‍ ആണ്. 

അതായത് പെസഹ യിസ്രയേല്യനും, അവരുടെ ഇടയില്‍ താമസിച്ചിരുന്ന, യഹോവയായ ദൈവത്തില്‍ വിശ്വസിച്ചിരുന്ന, അന്യജാതിക്കാരനും ആചരിക്കാമായിരുന്നു.

എന്നാല്‍ രണ്ടുകൂട്ടര്‍ക്കും ഒരേ നിയമം ബാധകമായിരുന്നു: “പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുതു. 

എന്തായിരുന്നു പഴയനിയമത്തിലെ പരിച്ഛേദന? അബ്രാഹാമിന്റെ ഉടമ്പടിയുടെ അടയാളം ആയിരുന്നു പരിച്ഛേദന. 

അത് ദൈവവും അബ്രാഹാമും അദ്ദേഹത്തിന്റെ ജഡപ്രകാരമുള്ള സന്തതികളുമായുള്ള ഉടമ്പടിയുടെ ജഡത്തിലുള്ള അടയാളം ആണ്. അബ്രാഹാമിന്റെ തലമുറ ഉടമ്പടി സ്വീകരിക്കുന്നു എന്നതിന്റെ അടയാളം ആയിരുന്നു അത്.

എന്നാല്‍, അബ്രഹാമിന് ജഡത്തിലുള്ള പരിച്ഛേദനയ്ക്കൂ കല്‍പ്പന നല്‍കിയതിന് ഏകദേശം 700 വര്‍ഷങ്ങള്‍ക്ക് ശേഷം ദൈവം മോശെയിലൂടെ, മറ്റൊരു പരിച്ഛേദനയെ കുറിച്ച് അരുളിച്ചെയ്തു.

അത് നമ്മള്‍ ആവര്‍ത്തനപുസ്തകം 10:16 ല്‍ വായിക്കുന്നു: ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.”

ഹൃദയത്തിന്റെ പരിച്ഛേദനയെക്കുറിച്ച് പറയുന്ന മറ്റ്ചില വേദഭാഗങ്ങളും പഴയനിയമത്തില്‍ ഉണ്ട്.

ജഡത്തിലുള്ള പരിച്ഛേദന അബ്രാഹാമിന്റെ ഉടമ്പടിയുടെ ജഡപ്രകാരമുള്ള അവകാശികളുടെ അടയാളം ആയിരിക്കുമ്പോള്‍ തന്നെ ദൈവം അവരുടെ ഹൃദയത്തിന്റെ പരിച്ഛേദനയും ആവശ്യപ്പെടുക ആണ്. 

അതായത്, കൃത്യമായി, പഴനിയമ പരിച്ഛേദന പുതിയനിയമത്തിലെ ഹൃദയത്തിന്റെ പരിച്ഛേദന ആയി മാറുന്നു എന്നു പറയുവാന്‍ കഴിയുക ഇല്ല.  എന്നാല്‍ ഭൌതീക നന്‍മകളുടെ അടിസ്ഥാനത്തിലുള്ള ഒരു ഉടമ്പടി പുതിയ നിയമത്തില്‍ ഇല്ലാത്തതിനാല്‍, ജഡത്തിലുള്ള പരിച്ഛേദന ആവശ്യമില്ലാത്തതായി മാറി.

പുതിയനിയമ ഉടമ്പടിയില്‍ അബ്രാഹാമിന്‍റെ ആത്മീയ സന്തതികള്‍ക്ക് ഉടമ്പടി പ്രകാരമുള്ള ആത്മീയ അനുഗ്രഹങ്ങള്‍ക്ക് അവകാശമുണ്ട്.

അതിനായി, പുതിയനിയമ ഉടമ്പടിയ്ക്കു അവകാശി ആകുവാന്‍ ഹൃദയത്തിന്റെ പരിച്ഛേദന അത്യാവശ്യമാണ്.

 

റോമര്‍ 2: 28, 29

28  പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;

29  അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.

 അതായത് പരിച്ഛേദന ഏറ്റിരിക്കേണം, പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുതു. എന്ന ആദ്യത്തെ പെസഹയുടെ ചട്ടം, ഹൃദയത്തിന്റെ പരിച്ഛേദന ഇല്ലാതെ ആരും പെസഹയില്‍ ഭാഗമാകരുത് എന്നതിനെ കാണിക്കുന്നു.

ഇത് മനസ്സിലാക്കുവാന്‍ പെസഹ എന്തായിരുന്നു എന്നു മനസ്സിലാക്കേണം. 

യിസ്രയേല്യരെ മിസ്രയീമിലെ അടിമത്തത്തില്‍ നിന്നും വിടുവിക്കുവാന്‍ ദൈവം ആദ്യം ചെയ്തത്, മിസ്രയീമ്യ ദേവന്മാരെ തകര്‍ക്കുക എന്നായിരുന്നു എന്നു നമ്മള്‍ മുമ്പ് പറഞ്ഞുവല്ലോ.

അതിന്റെ ഭാഗമായുള്ള ദൈവീക പ്രവര്‍ത്തി ആയിരുന്നു, മിസ്രയീമ്യരുടെ ആദ്യാജാതന്മാരെ സംഹരിക്കുക എന്നത്. മിസ്രയീമ്യരുടെ വീടുകളില്‍ ഉണ്ടായിരുന്ന, മനുഷ്യരിലും മൃഗങ്ങളിലും ഉള്ള ആദ്യജാതന്‍മാരെ ദൈവം സംഹരിച്ചു. എന്നാല്‍ ഈ സംഹാരത്തില്‍ നിന്നും ദൈവം യിസ്രായേല്‍ ജനത്തെ സംരക്ഷിച്ചു.

അതിനായി ദൈവം ചില നിയമങ്ങള്‍ കല്‍പ്പിച്ചു. ഈ നിയമങ്ങളില്‍ രക്ഷയുടെ മര്‍മ്മം അടങ്ങിയിട്ടുണ്ട്.

 

പുറപ്പാടു 12: 12, 13

1  ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു

13   നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല.

 

പുറപ്പാടു 12: 23 യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകൻ വരുവാൻ സമ്മതിക്കയുമില്ല.

 മിസ്രയീമ്യരുടെമേല്‍ ദൈവം ബാധകളെ അയച്ചപ്പോള്‍, ആദ്യം മുതല്‍ തന്നെ യിസ്രായേല്‍ ജനത്തെ അതില്‍നിന്നും വേര്‍തിരിച്ചിരുന്നു എന്നു വേണം നമ്മള്‍ മനസ്സിലാക്കുവാന്‍. ബാധകള്‍ മിസ്രയീമ്യരെ പീഡിപ്പിക്കുവാന്‍ ഉള്ളതായിരുന്നു, അത് ഫറവോന്റെ മേലും അവന്റെ ജനത്തിന്മേലും അവന്റെ സകല ഭൃത്യന്മാരുടെ മേലും സംഭവിച്ചത് ആയിരുന്നു. (പുറപ്പാടു 8:4, 22,23).

എന്നാല്‍ ഇവിടെ ഒന്നും ബാധകളില്‍ നിന്നുള്ള സംരക്ഷണത്തിനായി പ്രത്യേകമായി എന്തെങ്കിലും ചെയ്യേണം എന്നു ദൈവം യിസ്രയേല്യരോട് കല്‍പ്പിച്ചില്ല.

പത്താമത്തെ ബാധയായ, ആദ്യാജാതന്‍മാരുടെ സംഹാരം വന്നപ്പോള്‍, അതില്‍ നിന്നും രക്ഷ പ്രാപിക്കുവാന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്നു ദൈവം കല്‍പ്പിച്ചു.

കാരണം രക്ഷ സകല ജനത്തിന്നും ഉള്ളതല്ല. രക്ഷയ്ക്ക് രക്തം ചെരിഞ്ഞുള്ള യാഗവും, അതിലുള്ള ആശ്രയവും ഉണ്ട്.  ദൈവത്തിന്റെ രക്ഷാ പദ്ധതി ചിലര്‍ക്ക് സംഹാരവും മറ്റ് ചിലര്‍ക്ക് നിത്യജീവനും ആണ്.

അതിനെക്കുറിച്ചാണ് പൌലൊസ് 1 കൊരിന്ത്യര്‍ 1: 18 ല്‍ പറയുന്നത്: “ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.” 

ആര്‍ക്കാണ് രക്ഷ വിടുതല്‍ ആകുന്നത്? ഒരു നിബന്ധനയേ ദൈവം പറയുന്നുള്ളൂ. അത് പെസഹ ആചരിക്കുന്നവര്‍ക്കും, കുഞ്ഞാടിന്റെ രക്തത്തിന്‍റെ പിന്നില്‍ മറഞ്ഞിരിക്കുന്നവര്‍ക്കും ഉള്ളതാണ്.

പുറപ്പാടു 12 ആം അദ്ധ്യായത്തില്‍ വിവരിക്കുന്ന പെസഹയുടെ ക്രമീകരണങ്ങള്‍ ഇങ്ങനെ ആണ്.

പെസഹയ്ക്കായി ഒരു ആട്ടിന്‍കുട്ടിയെ വീതം ഓരോ കുടുംബവും എടുക്കേണം. മിസ്രയീമില്‍ നിന്നുള്ള അവരുടെ പുറപ്പാടിന്റെ തലേദിവസം സന്ധ്യാസമയത്തു അതിനെ അറുക്കേണം.

അന്നു രാത്രി അവർ ആട്ടിന്‍കുട്ടിയുടെ മാസം തീയിൽ ചുട്ട് പുളിപ്പില്ലാത്ത അപ്പത്തോടൊപ്പം തിന്നേണം. (12:8)

ഈസോപ്പുചെടിയുടെ ഒരു കെട്ടു എടുത്തു അതിന്റെ രക്തത്തിൽ മുക്കി, അത്  അവരുടെ വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. (12:7)

പിറ്റെന്നാൾ വെളുക്കുംവരെ ആരും വീട്ടിന്റെ വാതിലിന്നു പുറത്തിറങ്ങരുതു. (12:22)

രാത്രിയിൽ ദൈവം മിസ്രയീംദേശത്തുകൂടി കടന്നു ദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകലദേവന്മാരിലും ദൈവം ന്യായവിധി നടത്തും.

എന്നാല്‍, യിസ്രയേല്യര്‍ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ദൈവം രക്തം കാണുമ്പോൾ അവരെ ഒഴിഞ്ഞു കടന്നു പോകും;

മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ അവര്‍ക്ക് നാശഹേതുവായ്തീരുകയില്ല. (12:13) 

ദൈവം നല്കിയ നിര്‍ദ്ദേശങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടുന്നവ ഇതെല്ലാം ആണ്:

മിസ്രയീമിലെ എല്ലാ ആദ്യാജാതന്‍മാരും സംഹരിക്കപ്പെടുന്ന രാത്രിയില്‍, യിസ്രയേല്യര്‍ രക്ഷപ്പെടേണം എങ്കില്‍ അവര്‍ ഒരു ആട്ടിന്‍കുട്ടിയുടെ രക്തത്തിനുള്ളില്‍ മറഞ്ഞിരിക്കേണം.

അതായത് അവരുടെ രക്ഷയ്ക്കായി ഒരു ആട്ടിന്‍കുട്ടി കൊല്ലപ്പെടേണം, അതിന്റെ രക്തം ചൊരിയേണം. ആ രക്തമാണ് അവര്‍ക്ക് സംഹാരകനില്‍ നിന്നും രക്ഷയായി തീരുന്നത്.

ആ രാത്രി, മിസ്രയീമ്യരുടെ ഓരോ വീട്ടിലും ആദ്യാജാതന്‍ കൊല്ലപ്പെടുമ്പോള്‍, യിസ്രയേല്യരുടെ ഓരോ വീട്ടിലും അവര്‍ക്ക് രക്ഷയായി ഒരു കുഞ്ഞാട് കൊല്ലപ്പെടുന്നു. 

ഈ ആട്ടിന്‍ കുട്ടിയുടെ രക്തത്തിന് വെളിയില്‍ ഉള്ള ആരെയും, അത് മിസ്രയീമ്യരോ, യിസ്രയേല്യരൊ ആകട്ടെ, ആരും സംഹാരകനില്‍ നിന്നും രക്ഷ പ്രാപിക്കുക ഇല്ല.

ഇത് മാത്രമല്ല, അവര്‍ കൊല്ലപ്പെട്ട മൃഗത്തിന്റെ മാസവും പുളിപ്പില്ലാത്ത അപ്പവും ഭക്ഷിക്കേണം.

പെസഹ ആചരിക്കുവാന്‍, പുരുഷപ്രജ ഒക്കെയും പരിച്ഛേദന എല്‍ക്കേണം എന്നതുപോലെ തന്നെ അവര്‍ പുളിപ്പില്ലാത്ത അപ്പവും ഭക്ഷിക്കേണം.

ഹൃദയത്തിന്റെ പരിച്ഛേദനയും വിശുദ്ധ ജീവിതവും പാപികളോടുള്ള വേര്‍പാടും നമ്മള്‍ ഇവിടെ കാണുന്നു.

പുതിയനിയമ ഭാഷയില്‍ പറഞ്ഞാല്‍, രക്ഷയില്‍ മാനസാന്തരവും, യേശുവിന്റെ പരമ യാഗത്തില്‍ വിശ്വാസം മൂലമുള്ള പങ്കുചേരലും, വിശുദ്ധ ജീവിതവും, വേര്‍പാടും അടങ്ങിയിരിക്കുന്നു.

ഇതിന് വെളിയിലേക്ക് പോകുന്ന ആരും രക്ഷിക്കപ്പെടുന്നില്ല. 

രക്ഷാ പ്രക്രിയ ഇത്രമാത്രം വിശദമായും വ്യക്തമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്ന മറ്റൊരു വേദഭാഗം ഇല്ല. എങ്കിലും പഴയനിയമത്തില്‍ മര്‍മ്മമായി തന്നെ നിന്നിരുന്ന രക്ഷ പുതിയ നിയമത്തിലാണ് നിവര്‍ത്തിയാകുന്നത്.

 

യോഹന്നാന്‍ 6: 54 എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. 

എങ്ങനെ, ഒരുവന്‍, അനേകര്‍ക്കുവേണ്ടി പാപ പരിഹാരം ആകും? ഈ ചോദ്യത്തിന്റെ ഉത്തരമാണ് നമ്മള്‍ പുറപ്പാട് പുസ്തകത്തില്‍ കാണുന്നത്.

സകല മനുഷ്യരും സംഹരിക്കപ്പെടുവാന്‍ വിധിക്കപ്പെട്ടവര്‍ ആയിരുന്നു.

റോമര്‍ 3: 10, 11 വാക്യങ്ങളില്‍ നമ്മള്‍ വായിക്കുന്നു: നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ... എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു;”

യോഹന്നാന്‍ 3:18 “അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.”

യേശുക്രിസ്തുവില്‍ വിശ്വസിക്കാത്ത ഏവര്‍ക്കുമുള്ള ന്യായവിധി ഇനിയും പുതിയതായി കല്‍പ്പിക്കുവാന്‍ ഇരിക്കുന്നതല്ല, അത് ഇപ്പോള്‍ തന്നെ വന്നുകഴിഞ്ഞു.

ദൈവത്തിന്റെ ന്യായവിധിയില്‍ നിന്നും രക്ഷപ്രാപിക്കുക എന്നതാണ് സുവിശേഷത്തിന്റെ നല്ല ദൂത്.

അതിനു ഒരു മാര്‍ഗ്ഗമേ ഉള്ളൂ, അനേകര്‍ക്കുവേണ്ടി യാഗമായി തീര്‍ന്ന യേശുക്രിസ്തു എന്ന കുഞ്ഞാടിന്റെ രക്തത്തിന് പിന്നില്‍ വിശ്വാസത്താല്‍ മറഞ്ഞിരിക്കുക. 

ഉപസംഹാരം 

അല്പ്പം കൂടി മുന്നോട്ട് പോയശേഷം ഈ സന്ദേശം അവസാനിപ്പിക്കാം.

പെസഹയോടെ രക്ഷ പൂര്‍ണ്ണമാകുന്നില്ല. രക്ഷയ്ക്കായി ഇനി യിസ്രയേല്യര്‍ യാതൊന്നും ചെയ്യേണ്ടതില്ല എങ്കിലും അവര്‍ ഇപ്പോഴും താമസിക്കുന്നത് മിസ്രയീം ദേശത്ത് തന്നെ ആണ്.

ഇന്ന് രാത്രി ഫറവോന്നും സകല മിസ്രയീമ്യരും അവരോടു പുറപ്പെട്ട് പൊയ്കൊള്‍ക എന്നു പറയും. എന്നാല്‍ നാളെ പ്രഭാതമാകുമ്പോള്‍ ഫറവോന്റെ മനസ്സ് കഠിനമാകും. അവന്‍ സൈന്യവുമായി അവരുടെ പിന്നാലേ എത്തും. യിസ്രായേല്‍ വീണ്ടും അടിമകള്‍ ആകും.

അതിനാല്‍, രാത്രിയില്‍ തന്നെ അവര്‍ യാത്രയ്ക്കായി തയ്യാറെടുത്തു; പിറ്റെന്നാള്‍ അതിരാവിലെ തന്നെ അവര്‍ മിസ്രയീം വിട്ട് ഓടിപ്പോയി. (പുറപ്പാടു 12: 22)

അവര്‍ ചെങ്കടല്‍ കടന്നു; എന്നന്നേക്കുമായി പിശാചിന്റെ അടിമത്തത്തില്‍ നിന്നും ഒരു വേര്‍പാട് സാധ്യമാക്കി. 

യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചു രക്ഷ പ്രാപിച്ച ആര്‍ക്കും മിസ്രയീമില്‍ തുടരുവാന്‍ സാധ്യമല്ല. മിസ്രയീമില്‍ തുടരുക എന്നാല്‍, വീണ്ടും അടിമത്തത്തില്‍ ആയിത്തീരുക എന്നതായിരിക്കും അനുഭവം.

അതിനാല്‍ യിസ്രയേല്യര്‍ അതിരാവിലെ അവരുടെ പുറപ്പാട് ആരംഭിച്ചു. അവര്‍ ചെങ്കടലിന്റെ തീരത്ത് എത്തിയപ്പോഴേക്കും ഫറവോന്റെ സൈന്യം പിന്നാലേ എത്തി. എന്നാല്‍ അവര്‍ ചെങ്കടല്‍ കടന്നു എന്നന്നേക്കുമായുള്ള ഒരു വിടുതലും വേര്‍പാടും സാദ്ധ്യമാക്കി.

രക്ഷ ഒരിക്കലായി നിവര്‍ത്തിക്കപ്പെടുന്ന ഒരു ചടങ്ങ് അല്ല; രക്ഷ ഒരു തുടര്‍ പ്രക്രിയ ആണ്. രക്ഷയുടെ ആദ്യഘട്ടം ഒരു പുറപ്പാടിന്റെ ആരംഭം മാത്രം ആണ്.

നമ്മള്‍ രക്ഷിക്കപ്പെട്ടു, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, ഇനിയും രക്ഷിക്കപ്പെടും. (എഫെസ്യര്‍ 2:8; 1 കൊരിന്ത്യര്‍ 1:18; 1 പത്രൊസ് 1:4,5)

രക്ഷയില്‍ വേര്‍പാടും വിശുദ്ധജീവിതവും വാഗ്ദത്ത ഭൂമിയുടെ കൈവശപ്പെടുത്തലും ഉണ്ട്.

പെസഹ രക്ഷിക്കപ്പെട്ടതിനെയും ചെങ്കടല്‍ പിശാചിന്റെ പ്രവര്‍ത്തികളില്‍ നിന്നുള്ള വേര്‍പാടിനെയും, മരുഭൂമി യാത്ര രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന തുടര്‍ പ്രക്രിയയെയും, വാഗ്ദത്ത ഭൂമിയുടെ കൈവശപ്പെടുത്തല്‍ ഇനിയും രക്ഷിക്കപ്പെടും എന്നതിനെയും കാണിക്കുന്നു.

അതായത് നമ്മളുടെ രക്ഷാ പദ്ധതി ആരംഭിച്ചതെ ഉള്ളൂ. അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിന്റെ പൂര്‍ത്തീകരണത്തിനായി നമ്മള്‍ ഓടികൊണ്ടിരിക്കുന്നു. 

ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.

ഓണ്‍ലൈന്‍ ല്‍ നമ്മളുടെ വീഡിയോ ഓഡിയോ ചാനലുകളില്‍ മറ്റ് വിഷയങ്ങളെ കുറിച്ചുള്ള ധാരാളം വീഡിയോകളും ഓഡിയോകളും ലഭ്യമാണ്. വീഡിയോ കാണുവാന്‍ താല്പര്യമുള്ളവര്‍ naphtalitribetv.com എന്ന വീഡിയോ ചാനലും ഓഡിയോ കേള്‍ക്കുവാന്‍ താല്പര്യമുള്ളവര്‍ naphtalitriberadio.com എന്ന ഓഡിയോ ചാനലും സന്ദര്‍ശിക്കുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.


No comments:

Post a Comment