നമ്മള്‍ എങ്ങനെ രക്ഷിക്കപ്പെട്ടു?

നമ്മള്‍ എങ്ങനെ രക്ഷിക്കപ്പെട്ടു എന്ന ചോദ്യത്തിന് നമുക്ക് ഓരോരുത്തര്‍ക്കും വ്യത്യസ്തങ്ങള്‍ ആയ അനുഭവങ്ങള്‍ ഉണ്ട്. അതെല്ലാം നമ്മളുടെ അനുഭവങ്ങള്‍ ആണ്. നമ്മള്‍ കാണുകയും, കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങള്‍ എങ്ങനെ നമ്മളെ രക്ഷയിലേക്ക് നടത്തി എന്നതാണു നമ്മളുടെ സാക്ഷ്യം. എന്നാല്‍ നമ്മളുടെ രക്ഷ യഥാര്‍ഥത്തില്‍ സാധ്യമായത് ഒരു ദൈവീക പദ്ധതിയാല്‍ ആണ്. ഇതിനെക്കുറിച്ച് അധികം ആരും ബോധവാന്മാര്‍ അല്ല. നമ്മളുടെ സാക്ഷ്യത്തിന്റെ ചരിത്രത്തില്‍ ഇതിന് അര്‍ഹമായ ഇടം ലഭിക്കാറില്ല.

നമ്മളുടെ രക്ഷയ്ക്ക് കാരണമായ ദൈവീക പദ്ധതിയെ മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ് ഈ പഠനം.

യഹോവ ഒരു കനാന്യ ദേവന്‍ ആയിരുന്നുവോ?

യഹൂദന്മാരും ക്രൈസ്തവരും ഏക സത്യ ദൈവമായി ആരാധിക്കുന്ന യഹോവ, പുരാതന കാലത്ത് കനാന്യരുടെ ദേവന്‍മാരില്‍ ഒരുവന്‍ ആയിരുന്നുവോ? ഇതാണ് ഇന്നത്തെ ചോദ്യം.

ഇന്ന് ഈ ചോദ്യം വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആണ്. ഇതിന് കാരണം ഗെരാര്‍ഡ് നിസിം അംസല്ലാഗ് (Gerard Nissim Amzallag) എന്ന സസ്യ ശാസ്ത്രജ്ഞ്ന്‍റെ അഭിപ്രായങ്ങള്‍ ആണ്. അംസല്ലാഗ് ഒരു ഫ്രെഞ്ച് ശാസ്ത്രജ്ഞ്ന്‍ ആണ്. അദ്ദേഹം ജനിക്കുന്നത് 1962 ല്‍ മൊറോക്കോയിലാണ്. (Morocco). യെരൂശലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയില്‍ നിന്നും ഗവേഷണ ബിരുദ്ധം നേടിയിട്ടുണ്ട്. അദ്ദേഹം യെരൂശലേം യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിട്ടുണ്ട്. “ദി കോപ്പര്‍ റെവലൂഷന്‍” എന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതിയാണ്. (The Copper Revolution: Smelters from Canaan and the Origin of Ancient Civilizations). പുരാതന കനാന്‍ ദേശത്തെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. അംസല്ലാഗിന്റെ അഭിപ്രായത്തില്‍, കനാന്‍ ദേശത്ത്, വെങ്കലയുഗത്തില്‍ (Bronze Age) ഉടലെടുത്ത ഒരു ദൈവീക സങ്കല്‍പ്പം ആണ് യഹോവ. ആ പ്രദേശത്ത്, ലോഹ സംസ്കരണം നടത്തിയിരുന്നവരുടെ പ്രാദേശിക ദേവന്‍ ആയിരുന്നു യഹോവ.  

പകര്‍ച്ചവ്യാധികളും ക്രിസ്തീയ സഭയും

2019 തിന്‍റെ അവസാന നാളുകള്‍ മുതല്‍ ലോകം ഒരു പകര്‍ച്ചവ്യാധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുക ആണ്. ഇപ്പൊഴും അത് പൂര്‍ണ്ണമായി മാറിയിട്ടില്ല എങ്കിലും, അതിനെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വൈദ്യശാസ്ത്രം അതിനെ പ്രതിരോധിക്കുവാന്‍ കുത്തിവെയ്പ്പുകള്‍ കണ്ടെത്തിക്കഴിഞ്ഞു. താമസിയാതെ ഇതിനെ ചികില്‍സിച്ചു ഭേദമാക്കുവാന്‍ കഴിയുന്ന മരുന്നുകളും കണ്ടെത്തിയേക്കാം. ആരംഭത്തില്‍ ഭയന്ന ലോകം ഇന്ന് കരുതലിലേക്ക് മാറിയിട്ടുണ്ട്. ഈ മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇത്തരം രോഗങ്ങളും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ചും, അതില്‍ ക്രിസ്തീയ സഭയുടെ സ്ഥാനത്തെക്കുറിച്ചും ആണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

ലോകം പ്രതികൂല അവസ്ഥകളെ അഭിമുഖീകരിക്കുമ്പോഴെല്ലാം ക്രിസ്തീയ വിശ്വാസികള്‍ അതിനൊരു മറുപടി വേദപുസ്തകത്തില്‍ അന്വേഷിക്കാറുണ്ട്. അത് സ്വഭാവികം മാത്രമാണ്. ക്രിസ്തുവിന് മുമ്പ്, അന്നത്തെ ജനം, അവര്‍ക്ക് പരിചയമുണ്ടായിരുന്ന മതങ്ങളില്‍ നിന്നും വിശദീകരണവും ആശ്വാസവും അന്വേഷിക്കുമായിരുന്നു. എന്നാല്‍ എല്ലായിപ്പോഴും എല്ലാ സംഭവങ്ങള്‍ക്കും തൃപ്തികരമായ ഒരു വിശദീകരണം തിരുവെഴുത്തുകളില്‍ നിന്നും നമുക്ക് ലഭിച്ചു എന്നു വരുകയില്ല.  ഈ സാഹചര്യത്തില്‍, എല്ലാ സംഭവങ്ങളെയും, അന്ത്യകാലവും, യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവുമായും ബന്ധിപ്പിക്കുന്ന അനേകം പ്രഭാഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ലോകം അതിന്റെ അന്ത്യത്തിലേക്ക് അടുക്കുന്നു എന്നത് സത്യം ആണ്. നമ്മളുടെ കര്‍ത്താവിന്റെ വരവ് ഏറെ സമീപിച്ചിരിക്കുന്നു എന്നതിലും ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, ലോകത്ത് സംഭവിക്കുന്ന ഓരോ സംഭവങ്ങളെയും പര്‍വ്വതീകരിച്ച്, അതിനോടൊപ്പം വ്യാജ പ്രചാരണങ്ങള്‍ കൂട്ടി ചേര്‍ത്തു, നിഗൂഢ സിദ്ധാന്തങ്ങളുടെ അകമ്പടിയോടെ, യേശുവിന്റെ മടങ്ങിവരവിനെ അവതരിപ്പിക്കുന്നത് ശരിയായ വചന വ്യാഖ്യാനമല്ല. നമ്മളുടെ കര്‍ത്താവ് മടങ്ങിവരുവാന്‍ കാലമാകുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടുന്ന ലക്ഷണങ്ങള്‍ എന്തെല്ലാമാണ് എന്നു അവന്‍ മരിക്കുന്നതിന് മുമ്പായി തന്നെ നമ്മളോട് പറഞ്ഞിട്ടുണ്ട്. അപ്പോസ്തലന്മാര്‍ അത് വിശദീകരിച്ചിട്ടുണ്ട്. ഇനി നമുക്ക് നിഗൂഢ സിദ്ധാന്തങ്ങളും വ്യാജ പ്രചാരണങ്ങളും ആവശ്യമില്ല.

യേശുക്രിസ്തുവിന്റെ കുറ്റ വിചാരണയിലെ നിയമരാഹിത്യം

യേശുക്രിസ്തു, സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി ക്രൂശില്‍ മരിക്കേണം എന്നത് ദൈവീക പദ്ധതി ആയിരുന്നു എന്നു എല്ലാ ക്രിസ്തീയ വിശ്വാസികള്‍ക്കും അറിയാം. അതിനാല്‍, ക്രൂശീകരണത്തിന് മുമ്പുണ്ടായ കുറ്റവിചാരണയെക്കുറിച്ച് അധികമായി ആരും ചിന്തിക്കാറില്ല. കുറ്റവാളികളെ വിചാരണ ചെയ്യുക പതിവാണല്ലോ. അതിനാല്‍, വിചാരണയില്‍ എന്തെങ്കിലും ആത്മീയ മര്‍മ്മം ഉള്ളതായി നമുക്ക് തോന്നാറില്ല. എന്നാല്‍ നിര്‍ദ്ദോഷിയായ ഒരു മനുഷ്യന്റെ നിഷ്കളങ്കമായ രക്തം മനുഷ്യവംശത്തിന്‍റെ പാപ പരിഹാരത്തിന് വേണ്ടി ചൊരിഞ്ഞു, എന്ന ആത്മീയ മര്‍മ്മം യേശുവിന്റെ കുറ്റവിചാരണയില്‍ അടങ്ങിയിട്ടുണ്ട്. അനീതിയുള്ള മനുഷ്യര്‍ക്ക് പോലും യേശുവിന്റെമേല്‍ കുറ്റം കണ്ടെത്തുവാന്‍ കഴിഞ്ഞില്ല എന്നാണ് കുറ്റവിചാരണയുടെ ചരിത്രം പറയുന്നത്. യേശു തികച്ചും നിര്‍ദ്ദോഷിയും കളങ്കം ഇല്ലാത്തവനുമായ, ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് ആയിരുന്നു.   

 

യേശുക്രിസ്തുവിന്റെ കുറ്റവിചാരണ ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റം അനീതിനിറഞ്ഞതും നിയമരഹിതവും ആയിരുന്നു. എന്നാല്‍ അതിലെ നിയമരാഹിത്യം ഇന്നു നമുക്ക് വേഗം കണ്ടെത്തുവാന്‍ കഴിയാതെ വന്നേക്കാം. കാരണം, അത് രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ്, വിദൂരമായ ഒരു സ്ഥലത്തു, നമുക്ക് അപരിചിതമായ ഒരു നിയമ വ്യവസ്ഥിതിയില്‍ നടത്തപ്പെട്ട ഒരു വിചാരണ ആയിരുന്നു. എങ്കിലും, ഒരു യഹൂദന് അന്നും ഇന്നും, ഈ വിചാരണയിലെ നീതി നിഷേധം പെട്ടന്നു തിരിച്ചറിയുവാന്‍ കഴിയും. അന്നത്തെ ഓരോ റോമന്‍ പൌരനും, യേശുവിന് വിചാരണ വേളയില്‍ നീതി ലഭിച്ചില്ല എന്ന ബോധ്യം ഉണ്ടായിരുന്നു കാണും. യേശുവിനെ കുറ്റവിചാരണ ചെയ്തത്, ആദ്യം യഹൂദ മത പുരോഹിതന്‍മാരും പിന്നീട് റോമന്‍ ഭരണകൂടവും ആയിരുന്നു. രണ്ട് കൂട്ടരും, അവരുടെ വിശ്വാസവും, നീതി ന്യായ വ്യവസ്ഥകളും അനുസരിച്ച്, കുറ്റവിചാരണ വേളയില്‍ പാലിക്കേണ്ടുന്ന ചട്ടങ്ങള്‍,  യേശുക്രിസ്തുവിന്റെ വിചാരണയില്‍ പാലിച്ചില്ല. ഇതാണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്.