പതിനാറാം നൂറ്റാണ്ടില്‍ പാശ്ചാത്യ ക്രിസ്തീയ സഭയില്‍ ഉണ്ടായ ആത്മീയ മുന്നേറ്റമാണ് നവീകരണ പ്രസ്ഥാനം, അഥവാ, Reformation എന്നു ഏറിയപ്പെടുന്നത്. 1517 ല്‍ ആരംഭിച്ച ഈ മുന്നേറ്റത്തിന്റെ മുന്നണി പോരാളികള്‍ മര്‍ട്ടിന്‍ ലൂതര്‍, ജോണ്‍ കാല്‍വിന്‍, ഉള്‍ഡ്രിച്ച് സ്വീങ്ഗ്ലി എന്നിവര്‍ ആയിരുന്നു. (Martin Luther, John Calvin, Huldrych Zwingli). അന്നത്തെ കത്തോലിക്ക സഭയോട് വിയോജിച്ച്, പ്രൊട്ടസ്റ്റന്‍റ് എന്ന് ഇന്ന് അറിയപ്പെടുന്ന പ്രത്യേക ക്രിസ്തീയ വിഭാഗം രൂപപ്പെടുന്നത് ഈ മുന്നേറ്റത്തോടെ ആണ്. ഇത് പാശ്ചാത്യ രാജ്യങ്ങളിലും ലോകത്താകെമാനവും, രാക്ഷ്ട്രീയവും, മതപരവും, സാംസ്കാരികവും, സാമ്പത്തികവും, തത്വ ശാസ്ത്രാപരവുമായ ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാക്കി. അതുകൊണ്ടു തന്നെ, ലോക ചരിത്രത്തെ ഗതി തിരിച്ചുവിട്ട ഒരു മുന്നേറ്റമാണിത്.
ഞാന്‍ ആകുന്നു
യേശുക്രിസ്തുവിന്റെ പ്രിയ ശിഷ്യന്‍ ആയിരുന്ന അപ്പൊസ്തലനായ യോഹന്നാന്‍, യേശു പറഞ്ഞ “ഞാന്‍ ആകുന്നു” എന്ന പ്രസ്താവനകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യോഹന്നാന്‍ മാത്രമേ ഈ പ്രസ്താവനകള്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. അത് ഒരു പക്ഷേ യോഹന്നാന്‍ സുവിശേഷം എഴുതിയത്, മറ്റുള്ളവരെക്കാള്‍ വ്യത്യസ്തം ആയ ഉദ്ദേശ്യത്തോടെ ആയിരുന്നത് കൊണ്ട് ആകാം. യേശു ആരാണ് എന്നാണ് യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ പറയുവാന്‍ ശ്രമിക്കുന്നത്. യോഹന്നാന്റെ സുവിശേഷം ഏത് പ്രദേശത്തുള്ള സമൂഹത്തെയാണ് വായനക്കാരായി കണ്ടത് എന്നു നമുക്ക് നിശ്ചയമില്ല. അതിനാല്‍, അത് എല്ലാ ക്രിസ്തീയ വിശ്വാസികള്‍ക്കും വേണ്ടിയുള്ളതാണ് എന്നു കരുതപ്പെടുന്നു. ക്രിസ്തീയ വിശ്വാസികളെ അവരുടെ വിശ്വാസത്തിലും ജീവിതത്തിലും ഉറച്ചുനില്‍ക്കുവാന്‍ സഹായിക്കുക എന്നതായിരുന്നിരിക്കാം യോഹന്നാന്‍റെ ഉദ്ദേശ്യം. അതിനെക്കുറിച്ച്, യോഹന്നാന്‍ 20: 31 ല്‍ അദ്ദേഹം പറയുന്നതിങ്ങനെ ആണ്: “ എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” യേശുവിന്റെ ദൈവത്വത്തെക്കുറിച്ചുള്ള ഗ്രീക്ക് ചിന്തകരുടെ ചോദ്യങ്ങള്‍ക്ക്, യേശു ദൈവം തന്നെ എന്ന് വ്യക്തമായി മറുപടി നല്കുക എന്നതും യോഹന്നാന്‍റെ ഉദ്ദേശ്യം ആയിരുന്നിരിക്കാം.