നമ്മള്‍ എന്തില്‍ നിന്നുമാണ് രക്ഷ പ്രാപിച്ചതു? ഇതാണ് നമ്മളുടെ ചിന്താവിഷയം.
യേശുക്രിസ്തു നമ്മളുടെ രക്ഷകന്‍ ആണ് എന്ന് നമ്മള്‍ പറയുമ്പോള്‍, അവന്‍ നമ്മളെ, നമ്മളുടെ ജീവന് ഭീഷണി ആയിരുന്ന, ഗുരുതരമായ ഒരു ആപത്തില്‍നിന്ന് രക്ഷിച്ചവന്‍ ആണ് എന്ന് നമ്മള്‍ ഏറ്റുപറയുക ആണ്. എന്തായിരുന്നു നമ്മളുടെ ജീവനെ അപകടത്തിലാക്കിയിരുന്ന അവസ്ഥ? എന്തില്‍ നിന്നുമാണ് നമ്മള്‍ രക്ഷ പ്രാപിച്ചത്?
രക്ഷിക്കപ്പെട്ട്, ഗുണകരമായ ഒരു ക്രിസ്തീയ ജീവിതം നയിക്കുന്ന അനേകം വിശ്വാസികള്‍ക്ക് പോലും, നമ്മള്‍ എന്തില്‍ നിന്നും രക്ഷ പ്രാപിച്ചിരിക്കുന്നു എന്നതില്‍ നിശ്ചയം ഇല്ല. കാരണം ഇന്നത്തെ സമൂഹത്തിന്റെ ചിന്താരീതിയില്‍, അതൊരു അപ്രിയ സത്യം ആണ്. അതിനാല്‍, തത്വശാസ്ത്രപരമായി, നമ്മള്‍ നമ്മളില്‍ നിന്നുതന്നെ രക്ഷ പ്രാപിക്കുന്നതാണ്, യഥാര്‍ത്ഥ രക്ഷ എന്ന് ചിലര്‍ തെറ്റായി ചിന്തിക്കുന്നു. വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും സാത്താനില്‍ നിന്നും ഉള്ള രക്ഷയാണ് വേദപുസ്തകം പറയുന്ന രക്ഷ എന്ന് വിശ്വസിക്കുന്നു. എന്നാല്‍, സത്യം ഇത് രണ്ടുമല്ല. നമ്മള്‍ രക്ഷ പ്രാപിച്ചിരിക്കുന്നത്, ദൈവ കോപത്തില്‍ നിന്നാണ്. പാപിയോടുള്ള ദൈവത്തിന്റെ കോപത്തില്‍ നിന്നുമാണ് നമ്മള്‍ രക്ഷ പ്രാപിച്ചിരിക്കുന്നത്.
ദൈവം പാപിയെ സ്നേഹിക്കുന്നു, പാപത്തെ മാത്രം വെറുക്കുന്നു എന്നൊക്കെ നമ്മള്‍ പറയാറുണ്ട്
എങ്കിലും, അങ്ങനെ ഒരു വാക്യമോ ആശയമോ വേദപുസ്തകത്തില്‍ ഇല്ല.
പാപം ഒരേ സമയം, നമ്മളുടെ പ്രകൃതിയും, നമ്മളുടെ തിരഞ്ഞെടുപ്പും ആണ്. പാപത്തെ തിരഞ്ഞെടുത്ത ഒരു പാപിയെയും ദൈവത്തിന് സ്നേഹിക്കുവാന്‍ കഴിയുക ഇല്ല. പാപി ദൈവ കോപത്തെ അഭിമുഖീകരിക്കേണ്ടി വരും. ദൈവ കോപത്തില്‍ നിന്നുള്ള പാപിയുടെ രക്ഷയാണ് വേദപുസ്തകം പഠിപ്പിക്കുന്ന രക്ഷ.
ചരിത്രാതീത കാലം മുതല്‍ തന്നെ, മനുഷ്യര്‍ പരിഹരിക്കപ്പെടാത്ത അനേകം പ്രശനങ്ങളിലൂടെ കടന്നു
പോകുക ആണ്. യഥാര്‍ത്ഥത്തില്‍, മനുഷ്യര്‍ ഇന്ന് അനുഭവിക്കുന്ന
പ്രശങ്ങള്‍ ഒന്നും പുതിയത് അല്ല. അവയെല്ലാം, മനുഷ്യര്‍
എല്ലാകാലവും അനുഭവിച്ചിട്ടുള്ള, അവന് പരിഹരിക്കുവാന്‍
കഴിയാതിരുന്ന പ്രശങ്ങളുടെ തുടര്‍ച്ചയോ, പുതിയ രൂപങ്ങളോ
ആണ്.
സൂക്ഷ്മമായി പഠിച്ചാല്‍, മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് ഒരു ആന്തരിക വൈരുദ്ധ്യം ഉണ്ട്, എന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. ലോകം ഒരേ സമയം അതിസമ്പന്നതയും
കൊടും ദാരിദ്ര്യവും അനുഭവിക്കുന്നു. ഒരു വശത്ത് ഭക്ഷണം അധികം വന്ന്, അതിനെ വലിച്ചെറിയുന്നു. മറ്റൊരു വശത്ത്, കൊടും
പട്ടിണിയാല്‍ ജനം മരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തെ,
വീണ്ടും വീണ്ടും രോഗങ്ങള്‍ തോല്‍പ്പിക്കുന്നു. മനുഷ്യന്‍ ലോകത്തില്‍ സമാധാനം
സ്ഥാപിക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു; പക്ഷെ
യുദ്ധങ്ങളും കലാപങ്ങളും വര്‍ദ്ധിച്ചുവരുന്നു. ലോകത്തിലെ ഒരു രാജ്യവും അശാന്തിയില്‍
നിന്നും മോചിതമല്ല. നമ്മളുടെ വിദ്യാഭ്യാസ സമ്പ്രദായം അടിക്കടി മെച്ചമായിക്കൊണ്ടിരിക്കുന്നു; എങ്കിലും നമ്മളുടെ യുവാക്കല്‍ ലക്ഷ്യബോധം ഇല്ലാതെ ജീവിക്കുന്നു. നമ്മളുടെ
പരിസ്ഥിതി മലിനമായി തീരുന്നു. സാങ്കേതിക വിദ്യയില്‍ നമ്മള്‍ അത്ഭുതാവാഹമായ പുരോഗതി
കൈവരിച്ചിരിക്കുന്നു; എന്നാല്‍ അത് മനുഷ്യരെ പരസ്പരം അകറ്റി, അന്യരാക്കി മാറ്റിയിരിക്കുന്നു. നമ്മള്‍ കാലം ചെല്ലുന്തോറും സ്വാര്‍ഥരും, സ്വസ്നേഹികളും, ക്രൂരന്മാരും ആയിത്തീരുന്നു.
ഇതിനൊന്നിനും നമുക്ക് പരിഹാരം കണ്ടെത്തുവാന്‍ കഴിയുന്നില്ല. അതിന്റെ അര്‍ത്ഥം, നമ്മള്‍ ഇതുവരെയും മനസ്സിലാക്കുകയോ, അംഗീകരിക്കുകയോ, പരിഹരിക്കുകയോ ചെയ്യാത്ത ഒരു പ്രശനം മനുഷ്യ സമൂഹത്തിനു ഉണ്ട്.
മനുഷ്യന്‍റെ എല്ലാ പ്രശങ്ങള്‍ക്കുമുള്ള
മൂല കാരണം പാപം ആണ് എന്ന് വേദപുസ്തകം പറയുന്നു. പാപവും അതിന്റെ അനന്തര ഫലങ്ങളും
ആണ് മനുഷ്യ ജീവിതത്തെ ദുസ്സഹമാക്കുന്നത്. അടിസ്ഥാനപരമായി, മനുഷ്യര്‍ എല്ലാം പാപികള്‍ ആണ്.
നിങ്ങള്‍ സമ്പന്നന്‍ ആണെങ്കിലും അല്ലെങ്കിലും, നിങ്ങളുടെ ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ ഉള്ള
വ്യക്തി ആണെങ്കിലും, ജീവിത വിജയത്തിനായി കഠിനാദ്ധ്വാനം
ചെയുന്ന വ്യക്തി ആണെങ്കിലും, ലോകപ്രകാരം മാന്യനും, സത്യസന്ധനും ആണ് എങ്കിലും, വിദ്യാസമ്പന്നന്‍
ആണെങ്കിലും അല്ലെങ്കിലും, നിങ്ങള്‍ ഒരു പാപി ആണ്. കാരണം, എല്ലാ മനുഷ്യരും, അടിസ്ഥാനപരമായി, പാപികള്‍ ആണ്.
മനുഷ്യരാശിയുടെ ഏറ്റവും വലിയ ശത്രു
പാപം ആണ്, പാപത്തിന്‍റെ അനന്തര ഫലങ്ങള്‍ ആണ് മനുഷ്യന്‍റെ
ജീവിതത്തെ തകര്‍ത്തുകൊണ്ടിരിക്കുന്നത്. പാപം നമ്മളെ നിത്യമായ നരകത്തിലേക്ക്
നയിച്ചുകൊണ്ടിരിക്കുന്നു.
അതിന്റെ കാരണം, മനുഷ്യന്‍ ദൈവത്തിന്റെ നിത്യമായ നിയമങ്ങളെ ലംഘിച്ചിരിക്കുന്നു എന്നതാണ്. നിയമലംഘനത്താല്‍ മനുഷ്യന്‍റെ മേല്‍ വന്ന ദൈവ കോപം ആണ് പാപത്തിന്റെ ഫലം.
അതുകൊണ്ടാണ് മനുഷ്യര്‍
രക്ഷിക്കപ്പെടുകയും വിടുവിക്കപ്പെടുകയും വേണം എന്ന് വേദപുസ്തകം പഠിപ്പിക്കുന്നത്.
ദൈവരാജ്യത്തിന്റെ സുവിശേഷം മാത്രമേ,
പാപത്തില്‍ നിന്നും ദൈവ കോപത്തില്‍ നിന്നും
രക്ഷ പ്രാപിക്കുവാനുള്ള ഏക മാര്‍ഗ്ഗം വിശദീകരിക്കുന്നുള്ളൂ.
സുവിശേഷത്തിന്റെ സന്ദേശം ഇതാണ്. പാപത്തില്‍ നിന്നും അതിന്റെ ശിക്ഷയില്‍ നിന്നും, പാപത്തിന്റെ അടിമത്തത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുവാനായി ദൈവം യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചു. ക്രിസ്തുവിന്റെ മരണത്താല്‍ നമുക്ക് പാപമോചനം ഉണ്ട്.
ദൈവരാജ്യത്തിന്റെ സുവിശേഷം, ചില ദുസ്വഭാവങ്ങളില്‍ നിന്നും മോചനം പ്രാപിക്കുവാനുള്ള മാര്‍ഗ്ഗം
അല്ല. സഭ, ഒരു നല്ല മനുഷ്യനായി ജീവിക്കുവാന്‍ നമ്മളെ
പഠിപ്പിക്കുന്നതോ പരിശീലിപ്പിക്കുന്നതോ ആയ സ്ഥലം അല്ല.
സുവിശേഷം, മനുഷ്യന്‍റെ പാപത്തെക്കുറിച്ച് സംസാരിക്കുന്നു. അത് ദൈവ കോപത്തെക്കുറിച്ച്
സംസാരിക്കുന്നു. മനുഷരെ ദൈവ കോപത്തില്‍ നിന്നും വിടുവിക്കുവാന്‍ ദൈവം തന്റെ പുത്രനായ
യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്ക് അയച്ചു എന്ന സത്യത്തിന്‍റെ ചരിത്ര രേഖ ആണ്
സുവിശേഷം.
യേശുക്രിസ്തുവിന്റെ ജനത്തെക്കുറിച്ച് യോസെഫിനെ അറിയിച്ച ദൈവദൂതന്‍ ഇങ്ങനെ ആണ് പറഞ്ഞത്: “….. അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം” (മത്തായി 1:21)
രക്ഷയുടെ സുവിശേഷം അറിയിക്കുവാനായി സാധാരണയായി
തിരഞ്ഞെടുക്കുന്ന ഒരു വേദഭാഗം ആണ്, യോഹന്നാന്റെ
സുവിശേഷം 3: 16. ഇതില്‍ ഇങ്ങനെ വായിക്കുന്നു: “തന്റെ ഏകജാതനായ പുത്രനിൽ
വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ
നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”
ഇതില്‍, തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന
ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ
സ്നേഹിച്ചു, എന്നത് നമ്മളെ സന്തോഷിപ്പിക്കുന്നു. എന്നാല്‍
ഇതില്‍ ഒരു വാക്ക് കൂടി ഉണ്ട്, “നശിച്ചുപോകാതെ”.
അതായത് വിശ്വസിക്കുന്നവര്‍ നിത്യജീവന്‍ പ്രാപിക്കുമെന്നും
അല്ലാത്തവര്‍ നശിച്ചുപോകും എന്നും ഈ വാക്യം പറയുന്നു. ദൈവം ലോകത്തെ സ്നേഹിച്ചു
എന്നും ചിലര്‍ നശിച്ചുപോകത്തക്കവണം ദൈവത്തിന് അവരോടു കോപം ഉണ്ട് എന്നും ഈ വാക്യം
പറയുന്നുണ്ട്.
ഇവിടെ ലോകത്തിലെ മനുഷ്യരെ രണ്ടായി വേര്‍തിരിക്കുക ആണ്, തന്റെ
ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും.
എല്ലാ മനുഷ്യരും വിശ്വസിക്കേണം എന്ന് ദൈവം ആഗ്രഹിക്കുന്നു.
ആരും നശിച്ചുപോകരുത് എന്ന് ദൈവം ആഗ്രഹിക്കുന്നു. അതിനാല്‍ യേശുക്രിസ്തുവില്‍
വിശ്വസിച്ച് നാശത്തില്‍ നിന്നും രക്ഷ പ്രാപിക്കുവാന്‍ ദൈവം ആവശ്യപ്പെടുക ആണ്.
ഇതേ അദ്ധ്യായം 18 ആം വാക്യം കൂടുതല്‍ വ്യക്തമാണ്: “അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.”
മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം “നശിച്ചുപോകാതെ”
നിത്യജീവന്‍ പ്രാപിക്കുക എന്നതാണ്. എന്നാല്‍ എന്താണ് നശിച്ചുപോകുക എന്നതുകൊണ്ടു
ഉദ്ദേശിക്കുന്നത്.?
യോഹന്നാന്റെ സുവിശേഷം 3 ആം ആദ്ധ്യായം 14
ആം വാക്യത്തില്‍ യേശുക്രിസ്തു വെളിപ്പെടുത്തുന്ന ഒരു മര്‍മ്മം ഉണ്ട്: “ മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ
മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.”
യിസ്രയേലിന്റെ രക്ഷയുടെ ചരിത്രത്തിലെ
ഒരു ഭയങ്കര സംഭവത്തെ ആണ് യേശു ഇവിടെ പരാമര്‍ശിക്കുന്നത്.
ഈ സംഭവത്തിന്റെ മര്‍മ്മം
വെളിപ്പെടുത്തിയതിന് ശേഷമാണ്, 16 ആം വാക്യത്തില്‍, “തന്റെ
ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ
പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” എന്നു
യേശു പറയുന്നതു.
അതായത് നശിച്ചു പോകുന്നത് ആരെല്ലാം ആണ് എന്നു യേശു ഇവിടെ വ്യക്തമാക്കുന്നു.
ഈ സംഭവം, യിസ്രായേല്‍ ജനത്തിന്റെ, മിസ്രയീമില്‍ നിന്നും കനാന്‍
ദേശത്തേക്കുള്ള മരുഭൂമി യാത്രയില്‍ ഉണ്ടായതാണ്.
ഇതിന്റെ ചരിത്രം നമ്മള്‍ സംഖ്യാപുസ്തകം 20, 21 അദ്ധ്യായങ്ങളില്‍ വായിക്കുന്നു.
കനാനിലേക്കുള്ള യാത്രാമദ്ധ്യേ അവര്‍ക്ക്
എദോമ്യരുടെ ദേശത്തുകൂടെ പോകേണമായിരുന്നു. എദോമ്യര്‍ യിശ്മായേലിന്‍റെ വംശാവലി
ആയിരുന്നതിനാല്‍ അവര്‍ ജഡപ്രകാരം യിസ്രയേലിന്റെ സഹോദരങ്ങള്‍ ആയിരുന്നു. എന്നാല്‍, അവരുടെ ദേശത്തുകൂടി പോകുവാന്‍ എദോം രാജാവ് സമ്മതിച്ചില്ല. എങ്കിലും
അവരോടു യുദ്ധം ചെയ്യരുത് എന്നു യഹോവ കല്‍പ്പിച്ചിരുന്നതിനാല്‍, യിസ്രായേല്‍ ജനം എദോമ്യരുടെ ദേശം വിട്ട്, തെക്ക്
കിഴക്ക് ദിശയിലൂടെ യാത്ര തുടര്‍ന്നു. (ആവര്‍ത്തനപുസ്തകം
2:5). ഇത് എദോമ്യ ദേശത്തെ ചുറ്റി ഉള്ള, വളരെ
ക്ലേശകരമായ യാത്ര ആയിരുന്നു. വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.
ഈ അവസത്തില്‍ യിസ്രയേല്യര്‍ തികച്ചും
അക്ഷമര്‍ ആയി. “ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു:
മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു
എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല;
ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.” (സംഖ്യാപുസ്തകം
21:5)
അങ്ങനെ യിസ്രായേല്‍ ജനം, ദൈവം അവര്‍ക്ക് ഭക്ഷിക്കുവാന്‍
നല്കിയ മന്നയെ തുച്ഛീകരിച്ചു സംസാരിച്ചു. മരുഭൂമിയില്‍ ദൈവം അവരെ കരുതി നടത്തിയ
എല്ലാ വിധങ്ങളെയും അവര്‍ മറന്ന് ദൈവത്തിനെതിരെ പിറുപിറുത്തു. അതിനാല്‍ ദൈവത്തിന്
അവരോടു കോപം ഉണ്ടായി. യഹോവ
ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.
എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ അവര്‍ക്ക് പശ്ചാത്താപം
ഉണ്ടായി, അവര്‍ മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവയ്ക്കും നിനക്കും
വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു
നീക്കിക്കളവാൻ യഹോവയോടു പ്രാർത്ഥിക്കേണം എന്നു പറഞ്ഞു; മോശെ
ജനത്തിന്നുവേണ്ടി പ്രാർത്ഥിച്ചു.
യഹോവ മോശെയോടു: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു. (സംഖ്യാപുസ്തകം 1:8)
മരുഭൂമിയില്‍ ദൈവത്തോടും മോശെയോടും വിരോധമായി സംസാരിച്ച് പാപം ചെയ്ത
യിസ്രായേല്‍ ജനം കൂട്ടത്തോടെ മരിക്കുക ആണ്. പാപം അവരെ ദൈവ കോപത്തിനും മരണത്തിനും
വിധേയര്‍ ആക്കി. ജീവിക്കുവാന്‍ ആര്‍ക്കും അര്‍ഹത ഇല്ലാതായി. കാരണം അവര്‍
ദൈവത്തിന്റെ കരുതലിന് എതിരെ സംസാരിച്ച്, ദൈവത്തോട് കലഹിച്ചു. ഇത് ഒരു
രാജ്യത്തിനുള്ളില്‍ നടക്കുന്ന ആഭ്യന്തര കലാപം പോലെ ആയി.
അതിനാല്‍ ദൈവം അവരെ നശിപ്പിക്കുവാന്‍ അഗ്നിസര്‍പ്പങ്ങളെ അയച്ചു. അത് അവരുടെ
പാപങ്ങളുടെ ന്യായവിധി ആയിരുന്നു.
ഇവിടെ ഒരു സന്ദേശം നമ്മള്‍ വായിച്ചെടുക്കേണ്ടത് ഉണ്ട്. ദൈവം ഒരിയ്ക്കലും പാപത്തെ ഗണിക്കാതെ ഇരിക്കുന്നില്ല; ദൈവം പാപത്തെ കാണാതെ പോകുന്നില്ല. മാത്രവുമല്ല, നമുക്ക് സ്വയമേ ഒരു പാപ പരിഹാര മാര്‍ഗ്ഗം കണ്ടെത്തുവാനും കഴിയുക ഇല്ല. നമ്മളുടെ പ്രവര്‍ത്തികള്‍ എല്ലാം ദൈവ മുമ്പാകെ കറപുരണ്ട തുണിപോലെ ആയിത്തീര്‍ന്നിരിക്കുന്നു.
ഇവിടെ ഒരു ചോദ്യം ഉയര്‍ന്ന് വന്നേക്കാം. എങ്ങനെ ആണ് ദൈവം താന്‍ സ്നേഹിക്കുന്ന
മനുഷ്യരെ നശിക്കുവാന്‍ അനുവദിക്കുന്നത്?
ഇന്നത്തെ നമ്മളുടെ ആധുനിക ലോകത്തില്‍, നമ്മളുടെ സംസ്കാര സമ്പന്നതയില്‍, വിവിധ മതങ്ങളുടെയും ആശയങ്ങളുടെയും സമ്മിശ്രമായ ലോകത്ത്, സഹിഷ്ണതയുടെയും മാനവികതയുടെയും കാലത്ത്, ദൈവ കോപത്തെ
കുറിച്ചുള്ള സന്ദേശം യോജ്യമാണോ?
എന്നാല്‍, നമ്മള്‍ എന്തു ചിന്തിക്കുന്നു എന്നതല്ല, വേദപുസ്തകം
എന്ത് പറയുന്നു എന്നതാണു സത്യം. അതാണ് ശരി.
വേദപുസ്തകം ദൈവീക കോപത്തെക്കുറിച്ച് പറയുന്നുണ്ടു.
റോമര്‍
1: 18 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ
ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു.
എന്താണ് ദൈവകോപം?
അപ്പൊസ്തലനായ പൌലൊസ് റോമര്‍ക്ക് എഴുതിയ ലേഖനത്തില്‍ തന്നെ, ദൈവ കോപത്തെ കുറിച്ച് പത്തു
പ്രാവശ്യം പറയുന്നുണ്ട്. ഈ ലേഖനത്തിലെ പ്രധാന വിഷയം ദൈവം കോപം എന്നതാണ്.
യഥാര്‍ത്ഥത്തില്‍, വേദപുസ്തകത്തില്‍, ദൈവ സ്നേഹത്തെ കുറിച്ച്
പറയുന്നതിനെക്കാള്‍ കൂടുതല്‍ ഇടങ്ങളില്‍ ദൈവ കോപത്തെ കുറിച്ച് പറയുന്നുണ്ട്.
വേദപുസ്തകത്തിലെ ദൈവം സൃഷ്ടിക്കു ശേഷം എവിടെയെങ്കിലും വിശ്രമിക്കുന്ന
ദൈവം അല്ല; യഹോവയായ ദൈവം
മനുഷ്യന്റെ ജീവിതത്തില്‍ നിരന്തരമായി ഇടപെടുന്ന ദൈവം ആണ്. സകലതും ആത്യന്തികമായി
ദൈവത്തിന്റെ നിയന്ത്രണത്തില്‍ ആണ്.
യഹോവയായ ദൈവം വിശുദ്ധനായ ദൈവം ആയതിനാല്‍, അവന്റെ സകല സൃഷ്ടികളും വിശുദ്ധമായിരിക്കേണം. മനുഷ്യരും
വിശുദ്ധര്‍ ആയിരിക്കേണം. വിശുദ്ധമായത് അല്ലാതെ യാതൊന്നും ദൈവത്തില്‍ നിന്നും
വരുന്നില്ല.
അതിനാല്‍ തന്നെ, പാപത്തെ സ്നേഹിക്കുവാനോ, അനുവദിക്കുവാനോ ദൈവത്തിന്
കഴിയുക ഇല്ല. പാപത്തെ തിരഞ്ഞെടുത്തിരിക്കുന്ന മനുഷ്യനെ ന്യായം വിധിക്കാതെ
ഇരിക്കുവാന്‍ ദൈവത്തിന് കഴിയുക ഇല്ല.
എന്നാല്‍,
ദൈവം വിശുദ്ധനും നീതിമാനും ആയിരിക്കുമ്പോള്‍ തന്നെ അവന്‍ സ്നേഹവും ആകുന്നു. അവന്റെ
ഈ സ്വഭാവങ്ങള്‍ക്ക് യാതൊരു മാറ്റവും കാലങ്ങളുടെ പുരോഗതിയാല്‍ സംഭവിക്കുന്നില്ല.
അതിനാല്‍,
പാപികളെ നാശത്തിന് വിട്ടുകൊടുക്കാതെ, അവരെ നിത്യരക്ഷയ്ക്കായി
വീണ്ടെടുക്കുവാന്‍ ദൈവം ഒരു പദ്ധതി തയ്യാറാക്കി. അതാണ്,
പാപത്തില്‍ നിന്നും മാനസാന്തരപ്പെട്ട് അവന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുക
എന്നത്.
ദൈവകോപം എന്നത്, ദൈവത്തിന്റെ സമ്പൂര്‍ണ്ണതയും, അവന്റെ പ്രകൃതിയും, അവന്റെ മഹത്വവും ആണ്. അത് ദൂതന്മാരിലും മനുഷ്യരിലും ഉള്ള തിന്‍മയ്ക്ക്
എതിരായ അവന്റെ വിശുദ്ധ കോപം ആണ്.
ദൈവകോപം എന്നത്, ഒരിക്കലായി തിരഞ്ഞെടുക്കപ്പെടുകയും തീരുമാനിക്കപ്പെടുകയും
ചെയ്തിരിക്കുന്ന ദൈവത്തിന്റെ വിശുദ്ധ പ്രകൃതിയ്ക്ക് എതിരെയുള്ള എല്ലാ
കാര്യങ്ങളോടും ഉള്ള അവന്റെ മാറ്റമില്ലാത്ത പ്രതികരണം ആണ്. വേദപുസ്തകത്തിലെ ദൈവം നന്മ തിന്‍മകളുടെ
സമ്മിശ്രം അല്ല; അവനില്‍ വിശുദ്ധി മാത്രമേ ഉള്ളൂ.
ദൈവകോപത്തെ കുറിച്ച് ശരിയായി മനസ്സിലാക്കാതെ, നമുക്ക് ക്രൂശിനെ കുറിച്ച്
മനസ്സിലാക്കുവാന്‍ കഴിയുക ഇല്ല. ക്രൂശ് ദൈവ സ്നേഹത്തെ മാത്രമല്ല, പാപത്തോടുള്ള ദൈവകോപത്തെയും വെളിപ്പെടുത്തുന്നു. ക്രൂശില്‍, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ പാപങ്ങള്‍, പാപം അറിയാത്തവന്റെ മേല്‍ പകരുക ആണ് ചെയ്തത്. അങ്ങനെ യേശുക്രിസ്തു
ക്രൂശില്‍ നമുക്ക് പകരമായി മരിക്കുക ആണ്.
പാപത്തിന് പരിഹാരമായി രക്തം ചൊരിഞ്ഞുള്ള യാഗം ആവശ്യമാണ് എന്ന നിയമം ദൈവം
സ്വയം സൃഷ്ടിച്ചെടുത്തതല്ല. ദൈവത്തിന്റെ പ്രമാണങ്ങള്‍ അവന്‍ സ്വന്തഇഷ്ട പ്രകാരം സൃഷ്ടിച്ചതല്ല.
ദൈവീക പ്രമാണങ്ങള്‍ ദൈവീക വിശുദ്ധിയുടെ വിപുലീകരണം ആണ്. അതായത് ദൈവീക വിശുദ്ധിയും
അവന്റെ പ്രമാണങ്ങളും ഒന്നു തന്നെ ആണ്; പ്രമാണങ്ങള്‍ ദൈവീക വിശുദ്ധിയെ നമുക്ക് പരിചയപ്പെടുത്തി തരുന്നു.
അതിനാല്‍ തന്നെ പ്രാമാണങ്ങള്‍ അവന്റെ വിശുദ്ധിയില്‍ നിന്നും നിത്യമായി
ഒഴുകികൊണ്ടേ ഇരിക്കുന്നു.
ദൈവം സാന്‍മാര്‍ഗ്ഗിക ജീവിതം കണ്ടു പിടിച്ചതല്ല; അത് അവന്റെ സ്വയം വെളിപ്പെടുത്തല്‍
ആണ്. അവന്റെ സത്വത്തിന്‍റെ വെളിപ്പെടുത്തല്‍ ആണ് വിശുദ്ധി.
പാപം എന്നത് ദൈവം ഇഷ്ടപ്പെടാത്ത മനുഷ്യരുടെ ചില ചിന്തകളോ പ്രവര്‍ത്തികളോ
അല്ല. പാപം എന്നത് ദൈവത്തിന്റെ വിശുദ്ധിക്കും സമ്പൂര്‍ന്നതയ്ക്കും
യോജ്യമല്ലാത്തതെല്ലാം ആണ്. അവന്റെ വിശുദ്ധമായ പ്രകൃതിയെ എതിര്‍ക്കുന്നതെല്ലാം പാപം
ആണ്.
കള്ളം പറയുന്നത് പാപമാകുന്നത്, ദൈവം അത് ഇഷ്ടപ്പെടുന്നില്ല എന്നതുകൊണ്ടല്ല, അവന്‍
സത്യം ആണ് എന്നതിനാല്‍ കള്ളം അവന് എതിരാണ് എന്നതുകൊണ്ടാണ്.
കൊലപാതകം പാപമാകുന്നത്, ദൈവം അതിനെ പാപം എന്നു സ്വന്ത ഇഷ്ടത്താല്‍ വിധിച്ചത് കൊണ്ടല്ല; ദൈവം ജീവന്‍ ആയതിനാല്‍ കൊലപാതകം അവന്റെ നിത്യമായ സത്വത്തിന് എതിരാണ്
എന്നതുകൊണ്ടാണ്.
ഒരു രീതിയില്‍ പറഞ്ഞാല്‍, ദൈവം പാപത്തെയോ പാപിയേയോ എതിര്‍ക്കുക അല്ല, പാപവും
പാപിയും ദൈവത്തെ എതിര്‍ക്കുക ആണ്.
“പാപത്തിന്റെ ശമ്പളം മരണമത്രേ;” (റോമര്‍ 6:23) എന്നു ദൈവം പറഞ്ഞപ്പോള്‍ ഒരു പുതിയ
നിയമം നമ്മളുടെ മേല്‍ ദൈവം ചുമത്തുക ആയിരുന്നില്ല, മറിച്ച്
നിത്യമായ, മാറ്റമില്ലാത്ത, ഒരു പ്രമാണം
അവന്‍ വെളിപ്പെടുത്തുക മാത്രം ആയിരുന്നു. ജീവന്റെ സൃഷ്ടാവും പരിപാലകനും ദൈവം
മാത്രം ആണ്. അവനില്‍ ജീവന്‍ ഉണ്ട്,
അവനെ കൂടാതെ ജീവന്‍ ഇല്ല. നമ്മള്‍ അവനില്‍ നിന്നും മാറിപ്പോയാല്‍, ജീവന്റെ ശ്രോതസ്സില്‍ നിന്നും നമ്മള്‍ സ്വയം മുറിച്ചുമാറ്റപ്പെടുക ആണ്.
അങ്ങനെ നിത്യമായി ജീവിക്കുവാനുള്ള സാധ്യതയെ നമ്മള്‍ ഇല്ലാതാക്കുന്നു. ജീവന്‍
ഇല്ലാതാകുമ്പോള്‍ മരണം സംഭവിക്കുന്നു. ഇതാണ് ദൈവക്രോധത്തിന്റെ ശരിയായ അര്‍ത്ഥം.
നമ്മള്‍ ദൈവ കോപത്തില്‍ നിന്നും രക്ഷ
പ്രാപിച്ചിരിക്കുന്നു. ദൈവ കോപം എന്നതോ പാപത്തിന്റെമേലുള്ള ദൈവീക ന്യായവിധി ആണ്.
ഇതാണ് ദൈവ കോപത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട്. നമ്മള്‍ ദൈവ കോപത്തില്‍
നിന്നും രക്ഷ പ്രാപിച്ചിരിക്കുന്നു. രക്ഷ എന്നത് ദൈവ കോപത്തില്‍ നിന്നുള്ള രക്ഷ
ആണ്.
റോമര്‍ 5:9 അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽനിന്നു രക്ഷിക്കപ്പെടും.
Watch more videos in
English and Malayalam @ naphtalitribetv.com
Listen to the audio message
@ naphtalitriberadio.com
Read Bible study notes in
English at our official web: naphtalitribe.com
Read Bible study notes in
Malayalam @ vathil.in
No comments:
Post a Comment