അത്തിവൃക്ഷവും യഹൂദനും

അത്തിവൃക്ഷം യിസ്രയേല്യരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനം വഹിക്കുന്നുണ്ട്. യിസ്രായേലിലെ മലനിരകളില്‍ ധാരാളമായി അത്തിവൃക്ഷത്തെ കാണാവുന്നതാണ്. മിസ്രയീമില്‍ നിന്നും പുറപ്പെട്ടുവന്ന യിസ്രയേല്യര്‍ കനാന്‍ ദേശം കൈവശമാക്കുന്നതിന് മുംബ് തന്നെ, ആ ദേശത്ത് അത്തിവൃക്ഷങ്ങള്‍ ഉണ്ടായിരുന്നു എന്നു സംഖ്യാപുസ്തകം 13: 23 വായിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.

യഹൂദന്മാരുടെ പൂര്‍വ്വകാല സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള കൃതികളില്‍ അത്തിവൃക്ഷത്തെ കുറിച്ചുള്ള അനേകം പരാമര്‍ശങ്ങള്‍ വായിക്കാവുന്നതാണ്.

വേദപുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ആദ്യത്തെ വൃക്ഷം ജീവവൃക്ഷം ആണ്. രണ്ടാമത്തെ വൃക്ഷം നന്മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം ആണ്. ഇവ രണ്ടും ഏത് വൃക്ഷങ്ങള്‍ ആയിരുന്നു എന്നു നമുക്ക് അറിഞ്ഞുകൂടാ എന്നതിനാല്‍ അവ രണ്ടും പ്രത്യേക വൃക്ഷങ്ങള്‍ ആയിരിക്കാം എന്നു അനുമാനിക്കാം.


എന്നാല്‍ മൂന്നാമത്തെ വുക്ഷത്തിന്‍റെ പേര് എടുത്തു പറയുന്നുണ്ട്. അത് അത്തിവൃക്ഷം ആണ്. അതായത് വേദപുസ്തകത്തില്‍ പേര് പറയുന്ന ആദ്യത്തെ വൃക്ഷം അത്തിവൃക്ഷം ആണ്.

ആദാമും ഹവ്വയും പാപം ചെയ്തു കഴിഞ്ഞപ്പോള്‍ അവര്‍ സ്വയം “നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി.” (ഉല്‍പ്പത്തി 3: 7)

വേദപുസ്തകത്തില്‍ പറയുന്ന ഫലം പുറപ്പെടുവിക്കുന്ന ആദ്യത്തെ വൃക്ഷം അത്തി ആണ്. എന്നാല്‍ അതിന്റെ ഫലത്തെക്കുറിച്ചല്ല, ഇലയെ കുറിച്ചാണ് ആദ്യത്തെ പരാമര്‍ശം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് പാപം ചെയ്തുകഴിഞ്ഞ മനുഷ്യന്‍റെ ജീവിതത്തിന്റെ ഒരു നേര്‍ചിത്രം ആണ്. അകമേയുള്ള പാപത്തെ മറയ്ക്കുന്ന ബാഹ്യമായ നീതി അന്നുമുതല്‍ തന്നെ മനുഷ്യന്‍ ശീലിക്കുവാന്‍ തുടങ്ങി.

അത്തിയുടെ ഇലകള്‍ വലുതും അതിന്റെ അടിവശം നേരിയ നാരുകള്‍ ഉള്ളവയും ആണ്. ആദ്യമനുഷ്യര്‍ക്ക് അരയാട ഉണ്ടാക്കുവാന്‍ അത് പര്യാപ്തമായിരുന്നിരിക്കേണം.

അത്തി യഹൂദ സംസ്കാരത്തിന്‍റെ മുഖ്യ ഭാഗം ആണ്. ദൈവം പാഴും ശൂന്യവും ആയ ഒരു ദേശം അല്ല യിസ്രയേല്യര്‍ക്ക് വാഗ്ദത്തമായി നല്കിയത്. അവര്‍ക്ക് ദൈവം നല്കിയ കനാന്‍ ദേശം ചുരുങ്ങിയത് ഏഴ് വിശിഷ്ടമായ ഫലങ്ങളാല്‍ സമൃദ്ധം ആയിരുന്നു. അതില്‍ ഒന്ന് അത്തിവൃക്ഷം ആയിരുന്നു. ആവര്‍ത്തനപുസ്തകം 8: 8, 9

വാക്യങ്ങളില്‍ ദേശത്തെക്കുറിച്ച് ഇങ്ങനെ ആണ് പറയുന്നത്: “കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം; ഒലിവുവൃക്ഷവും തേനും ഉള്ള ദേശം;”

ഈ വാക്യത്തില്‍ ഏഴു ഫലങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇവയെല്ലാം വാഗ്ദത്ത ദേശത്തു സുലഭം ആയിരിയ്ക്കും എന്നാണ് നമ്മള്‍ ഇവിടെ വായിക്കുന്നത്. ഇതില്‍ വീണ്ടും വീണ്ടും ഫലം നല്‍കുന്ന വൃക്ഷം ആണ് അത്തി. അത് വീണ്ടും വീണ്ടും തളിര്‍ക്കുന്ന യിസ്രയേലിന്റെ അടയാളമായി നില്ക്കുന്നു. ചില കാലങ്ങളിലെ തളര്‍ച്ചയും വീണ്ടും തളിര്‍ക്കുന്ന സമൃദ്ധിയും യിസ്രയേലിന്റെ ചരിത്രം ആണ്.

 അത്തിയും യിസ്രായേലുമായി ബന്ധപ്പെട്ട മറ്റ് ചില പരാമര്‍ശങ്ങളും വേദപുസ്തകത്തില്‍ ഉണ്ട്.

1 രാജാക്കന്മാര്‍ 4:25, മീഖാ 4:4, സെഖര്യാവ് 3:10 എന്നീ വാക്യങ്ങളില്‍ ആവര്‍ത്തിച്ച് വായിക്കുന്ന, “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും എന്ന വചനം യിസ്രയേലിന്റെ സമാധാനത്തെയും സുരക്ഷിതത്വത്തെയും സൂചിപ്പിക്കുന്നു.

എന്നാല്‍ അവര്‍ ദൈവത്തെ വിട്ടുമാറിയാല്‍, അവരുടെ അത്തിവൃക്ഷങ്ങളെയും മുന്തിരിവള്ളികളെയും നശിപ്പിച്ച് ദേശം കാടാകും എന്നു ദൈവം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായി, യെരമ്യാവ് 5:17, 8:13, ഹോശേയ 2:12, ഹബക്കൂക് 3:17 എന്നിവടങ്ങളില്‍ വായിക്കാവുന്നതാണ്.

 മോശെ കനാന്‍ ദേശത്തെ ഉറ്റുനോക്കുവാന്‍ അയച്ച 12 ചാരന്മാര്‍ തിരികെ വന്നപ്പോള്‍, ആ ദേശത്തിന്‍റെ സമൃദ്ധിയുടെ അടയാളമായി അവര്‍ കൊണ്ടുവന്ന ഫലങ്ങളില്‍ അത്തിയും ഉണ്ടായിരുന്നു. (സംഖ്യാപുസ്തകം 13:23). മരുഭൂമിയില്‍ ആയിരുന്നപ്പോള്‍ യിസ്രായേല്‍ ജനം കഴിക്കുവാന്‍ ആഗ്രഹിച്ച ആഹാരത്തില്‍ അത്തിപ്പഴം ഉണ്ടായിരുന്നു. (സംഖ്യാപുസ്തകം 20:5).

പുതിയനിയമത്തില്‍ മത്തായി, മര്‍ക്കോസ് എന്നിവരുടെ സുവിശേഷങ്ങളില്‍ യേശുക്രിസ്തു അത്തിവൃക്ഷത്തെ ശപിക്കുന്നതും, ലൂക്കോസിന്‍റെ സുവിശേഷത്തില്‍ ഫലം കായ്ക്കാത്ത അത്തിവൃക്ഷത്തിന്‍റെ ഉപമയും നമ്മള്‍ വായിക്കുന്നുണ്ട്. അന്ത്യകാലത്തിന്‍റെ അടയാളമായി അത്തിവൃക്ഷം തളിര്‍ക്കുന്ന ഉപമയും യേശു പറയുന്നുണ്ട്. ഇവയെക്കുറിച്ച് എല്ലാം നമുക്ക് വിശദമായി ചിന്തിക്കാം.

അത്തിവൃക്ഷത്തിന്‍റെ ചരിത്രം

ആദ്യമായി, നമ്മള്‍ അത്തിവൃക്ഷത്തെകുറിച്ചുള്ള ചില വിവരങള്‍ പഠിക്കുവാന്‍ പോകുക ആണ്. ഈ വിശദാംശങ്ങള്‍ എല്ലാം ശ്രദ്ധയോടെ കേള്‍ക്കുക. കാരണം പിന്നീട് നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കുവാന്‍ ഇത് നമുക്ക് ആവശ്യമാണ്.

യിസ്രായേലിലെ അത്തിവൃക്ഷങ്ങളുടെ ചരിത്രം നൂറ്റാണ്ടുകള്‍ പഴക്കം ഉള്ളതാണ്. യഹൂദ മലനിരകളിലെ ഗെസര്‍ എന്ന സ്ഥലത്തു നടത്തിയ പുരാവസ്തു ഗവേഷണത്തില്‍ നവ ശിലായുഗത്തില്‍ ഉണക്കി സൂക്ഷിച്ചിരുന്ന അത്തി പഴം കണ്ടെടുക്കുക ഉണ്ടായി.

യിസ്രയേലിനോടു ചേര്‍ന്ന് കിടക്കുന്ന ഗ്രീക്കില്‍ അത്തിപ്പഴത്തെ വളരെ വിലയുള്ളതും പവിത്രമായതുമായി കരുതിയിരുന്നു. അതിനാല്‍ അത്തിപ്പഴം മോഷ്ടിക്കുന്നത്, പുരാതന യവന നിയമ പ്രകാരം, വലിയ ശിക്ഷാര്‍ഹമായ കുറ്റം ആയിരുന്നു. അത് ഗ്രീക്ക് രാജ്യത്തിന് വെളിയില്‍ വില്‍ക്കുന്നതും നിരോധിച്ചിരുന്നു. അതിന്റെ വ്യാപാരവും ലാഭവും എല്ലാം രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ കുത്തക ആയിരുന്നു.

ഇന്നത്തെ യിസ്രയേലിന്റെ ചരിത്രത്തിലും അത്തിവൃക്ഷത്തിന് ഒരു വലിയ പ്രാധാന്യം ഉണ്ട്.

തിയോഡോര്‍ ഹെര്‍ട്സെല്‍ (Theodor Herzl's - Te'odor Hertsel) എന്ന യഹൂദന്‍ ആണ് സയോണിസം (Zionism) എന്നു അറിയപ്പെടുന്ന രാക്ഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കുന്നത്. ഒരു യഹൂദ സ്വതന്ത്ര രാക്ഷ്ട്രം എന്ന ലക്ഷ്യത്തോടെയാണ് വേള്‍ഡ് സയോണിസ്റ്റ് ഓര്‍ഗനൈസേഷന്‍ എന്ന പ്രസ്ഥാനത്തിന്, 1897 ല്‍ അദ്ദേഹം രൂപം കൊടുക്കുന്നത്.  ഈ സ്വപ്നത്തിലേക്ക് തിയോഡോര്‍ ഹെര്‍ട്സെല്‍ നെ നടത്തിയത് അത്തിവൃക്ഷത്തെക്കുറിച്ചുള്ള വേദപുസ്തകത്തിലെ ഒരു പരാമര്‍ശം ആണ് എന്നു കരുത്തുന്നു. അദ്ദേഹത്തെ സ്വാധീനിച്ച വാക്യം ഇതാണ്:

 

1 രാജാക്കന്മാര്‍ 4: 25 ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിർഭയം വസിച്ചു.

യിസ്രായേല്‍ ദേശത്തു അത്തിവൃക്ഷങ്ങള്‍ ഏകദേശം 20 അടിയോളം ഉയരത്തില്‍ വളരും. അതിനു ധാരാളം ശാഖകളും വലിയ ഇലകളും ഉള്ളതിനാലും അത് പരന്നു വളരുന്നതിനാലും വൃക്ഷത്തിന് ചുവട്ടില്‍ തണുത്ത നിഴല്‍ ഉണ്ടാകും. യിസ്രായേലിലെ അരുവികള്‍ക്കും മറ്റ് ജലസ്രോതസ്സുകള്‍ക്കും അരുകില്‍ ഇത്തരം പടര്‍ന്ന് നില്‍ക്കുന്ന അത്തിവൃക്ഷങ്ങളെ കാണാം.

അത്തിപ്പഴം പോഷക സമ്പുഷ്ടമായ ഒരു ഫലം ആണ്; അതിലെ തേന്‍ അതിനെ കൂടുതല്‍ രുചികരവും സമ്പുഷ്ടവും ആക്കുന്നു.

യഹൂദ റബ്ബിമാരുടെ എഴുത്തുകളില്‍ ഇങ്ങനെ ഒരു പറച്ചില്‍ ഉണ്ട്: “അത്തിപ്പഴത്തിന്റെ എല്ലാ ഭാഗങ്ങളും ഭക്ഷിക്കുവാന്‍ യോഗ്യമാണ് എന്നതുപോലെ ന്യായപ്രമാണത്തിന്റെ എല്ലാ ഭാഗങ്ങളും മൂല്യമേറിയതാണ്.” ഇവിടെ റബ്ബിമാര്‍ അത്തിപ്പഴത്തെ ന്യായപ്രമാണത്തോട് ഉപമിച്ചിരിക്കുന്നത് ശ്രദ്ധിയ്ക്കുക. യഹൂദന്‍മാര്‍ക്ക് അത്രമാത്രം പ്രധാനപ്പെട്ട ഒരു ഫലം ആയിരുന്നു അത്തി.

മറ്റ് വൃക്ഷങ്ങളില്‍ നിന്നും വിഭിന്നമായി, അത്തിവൃക്ഷങ്ങള്‍ ശൈത്യകാലത്താണ് ഇലകള്‍ പൊഴിക്കുന്നത്.

അത്തിവൃക്ഷം ഒരു വര്‍ഷം രണ്ടു പ്രാവശ്യം ഫലം കായ്ക്കുന്നു എന്നു പറയാം. ആദ്യത്തേത് വേനല്‍ക്കാലത്തും രണ്ടാമത്തേത് ശൈത്യ കാലത്തും ആണ്. കഴിഞ്ഞ വര്‍ഷത്തെ ഫലങ്ങളില്‍ പാകമാകാതെ ഇരുന്ന ഫലങ്ങള്‍ ആണ് അടുത്ത വര്‍ഷം ആദ്യം കാണുന്ന പച്ച നിറത്തിലുള്ള ഫലങ്ങള്‍. അതായത്, ശൈത്യകാലത്ത് ഇലകള്‍ കൊഴിഞ്ഞുപോയാലും ശേഷിപ്പുള്ള ഫലങ്ങള്‍ അത്തിവൃക്ഷത്തില്‍ അവശേഷിക്കും. ഇവ ഒരു രീതിയില്‍ പറഞ്ഞാല്‍ അത്തിയുടെ പാകമാകാത്ത പൂക്കള്‍ ആണ്. അവ ആണ് അടുത്ത വര്‍ഷം ആദ്യത്തെ ഫലമായി വളരുന്നത്. ഇവ പൂക്കള്‍ ആയിരിക്കുമ്പോള്‍ ഭക്ഷിക്കുവാന്‍ യോഗ്യമല്ല.

ഈ പൂക്കള്‍, അല്ലെങ്കില്‍ പച്ച നിറത്തിലുള്ള ഫലങ്ങള്‍, വര്‍ഷത്തിന്റെ ആദ്യ നാളുകളിലും, വസന്തകാലത്തും വളര്‍ന്ന്, വേനല്‍കാലമാകുമ്പോഴേക്കും പാകമാകും. ഇവയാണ് ആദ്യത്തെ ഫലങ്ങള്‍. അത്തിയുടെ ആദ്യ ഫലങ്ങള്‍, നമ്മളുടെ ജൂണ്‍ മാസത്തിലോ, അതിനു മുമ്പോ പാകമാകും.

ഈ ഫലങ്ങള്‍ വേനല്‍ക്കാലത്തിന്റെ അവസാനം ആകുമ്പോഴേക്കും രുചികരം അല്ലാതെ ആയി മാറുവാനും അത് പൊട്ടിപ്പോകാനും സാധ്യത ഉണ്ട് എന്നും നമ്മള്‍ മനസ്സിലാക്കേണം.

അത്തിയില്‍ ആദ്യത്തെ ഫലങ്ങള്‍ ഉള്ളപ്പോള്‍ തന്നെ, പുതിയ ശിഖിരങ്ങളും ഇലകളും പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങും. അങ്ങനെ ഫലം ഇലകളാല്‍ മൂടിയിരിക്കുവാന്‍ സാധ്യത ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് ഇലകള്‍ മാത്രമുള്ള, ഫലമില്ലാത്ത അത്തിവൃക്ഷത്തെ കപടഭക്തിയുടെ ചിത്രമായി പറയാറുണ്ട്.

പാകമായ ആദ്യ ഫലങ്ങള്‍ വളരെ രുചികരം ആണ്. അത് അവര്‍ അപ്പോള്‍ തന്നെ ഭക്ഷിക്കുന്നു. എന്നാല്‍ ശൈത്യകാലത്തെ ഫലങ്ങള്‍ ഉണക്കി സൂക്ഷിക്കുക ആണ് പതിവ്.

വസന്തകാലത്ത് പുതിയതായി ഉണ്ടായ പുതിയ ശിഖിരങ്ങളില്‍ ആണ് ശരത്കാലമാകുമ്പോള്‍ പ്രധാന ഫലം ഉണ്ടാകുന്നത്. അതായത്, വൃക്ഷങ്ങള്‍ ഇലകൊഴിയുന്ന കാലത്ത് ഉണ്ടാകുന്ന അത്തിപ്പഴങ്ങള്‍ ആണ് അതിന്റെ പ്രധാന വിളവ്. അത്തിയില്‍ പര്‍പ്പിള്‍ നിറത്തിലുള്ള പഴങ്ങള്‍ ഉണ്ടാകുന്നത് കാണുമ്പോള്‍ വേനല്‍ക്കാലം കഴിയാറായി എന്നു അനുമാനിക്കാം. ഇത് സെപ്റ്റംബര്‍ - ഓഗസ്റ്റ് മാസത്തില്‍ സംഭവിക്കുന്നു. അങ്ങനെ, അത്തിപ്പഴങ്ങള്‍ ഉണ്ടാകുന്നത് യഹൂദന്മാരുടെ പുതിയ വര്‍ഷത്തിന്‍റെ അടയാളമായി മാറുന്നു. പുതിയ അത്തിപ്പഴം പുതിയ വര്‍ഷത്തിലെ അനുഗ്രഹങ്ങളുടെ അടയാളം ആണ്. 

ഇങ്ങനെ ആണ് അത്തിവൃക്ഷത്തിന്റെ ഫലങ്ങള്‍ ഉണ്ടാകുന്ന കാലം. ഈ വിവരങ്ങള്‍ മറക്കാതെ മനസ്സില്‍ സൂക്ഷിക്കുക. ഇനിയുള്ള കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ നമുക്ക് ഇത് ആവശ്യമാണ്.

അത്തിപ്പഴം ഉണ്ടാകുന്നതും യഹൂദന്മാരുടെ ഉല്‍സവങ്ങളും തമ്മില്‍ ചില ബന്ധങ്ങള്‍ ഉണ്ട്. ആദ്യത്തെ ഫലം ഉണ്ടാകുന്ന സമയത്ത് ആണ് പെസഹ പെരുന്നാള്‍ ആചരിക്കുന്നത്. അപ്പോള്‍ അത്തിയുടെ ഇലകള്‍ പൂര്‍ണ്ണമായും വളര്‍ന്നിട്ടു ഉണ്ടായിരിക്കുക ഇല്ല.

പ്രാധാന വിളവെടുപ്പ് അവരുടെ കാഹളപ്പെരുന്നാല്‍, പാപ പരിഹാര യാഗ ദിവസം, കൂടരപ്പെരുന്നാള്‍ എന്നിവയോട് ചേര്‍ന്ന് വരും. 

അങ്ങനെ, വിവിധ തലങ്ങളില്‍ അത്തിവൃക്ഷം യിസ്രായേല്‍ ജനതയുടെയും രാജ്യത്തിന്റെയും അടയാളമായി നിലനില്‍ക്കുന്നു.

ഇനി നമുക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാം.

അത്തിവൃക്ഷം പഴയനിയമത്തില്‍

വേദപുസ്തകത്തില്‍ യിസ്രയേലിന്റെ അടയാളമായി മൂന്ന് വൃക്ഷങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അവ, മുന്തിരി, അത്തി, ഒലിവ് എന്നിവ ആണ്. ഇവ മൂന്നും യിസ്രായേല്‍ ദേശത്തിന്റെ ഫല സമൃദ്ധിയെ സൂചിപ്പിക്കുന്നു.

മുന്തിരി യിസ്രയേലിന്‍റെ ആത്മീയ ജീവിതത്തെയും, അത്തി വൃക്ഷം യിസ്രയേല്‍ എന്ന രാജ്യത്തെയും, ഒലീവ് വൃക്ഷം യഹൂദ മതത്തെയും സൂചിപ്പിക്കുന്നു.

ഈ വൃക്ഷങ്ങള്‍ ഒരു രാത്രികൊണ്ട് വളരുന്നവ അല്ല, അവ വളര്‍ന്ന് ഫലം ഉണ്ടാകുവാന്‍ ദീര്‍ഘനാളത്തെ കരുതലും ക്രമീകരണവും, പരിപോഷണവും ആവശ്യമാണ്. ഇവയുടെ വളര്‍ച്ചയും വിളവും, അതിനെ പരിപാലിച്ച തോട്ടക്കാരന്റെ ശ്രദ്ധയേയും അര്‍പ്പണ മനോഭാവത്തെയും കഠിനാദ്ധ്വാനത്തെയും കാണിക്കുന്നു.

വേദപുസ്തകത്തില്‍ എല്ലായിടവും ഈ വൃക്ഷങ്ങള്‍, യിസ്രായേല്‍ ജനത്തിന്റെ സമൃദ്ധി, ആരോഗ്യം, സന്തുഷ്ടമായ ജീവിതം, സംരക്ഷണം എന്നിവയുടെ അടയാളമാണ്.

 നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, 1 രാജാക്കന്മാര്‍ 4:25, മീഖാ 4:4, സെഖര്യാവ് 3:10 എന്നീ വാക്യങ്ങളില്‍ “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും എന്ന് നമ്മള്‍ ആവര്‍ത്തിച്ച് വായിക്കുന്നു.

ഈ വാക്യം യിസ്രായേല്‍ ജനത്തിന്റെ പ്രവാസത്തില്‍ നിന്നുള്ള മോചനത്തെ കാണിക്കുന്നു. പ്രവാസ ജീവിതം യിസ്രായേല്‍ ജനതയുടെ ചരിത്രത്തിന്റെ ഭാഗം ആണ്. അത് ദൈവം അവരുടെ അനുസരണക്കേടിന് നല്‍കുന്ന ശിക്ഷയിട്ടാണ് പലയിടത്തും നമ്മള്‍ വായിക്കുന്നത്. അതിനാല്‍ തന്നെ, “ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും” എന്നത് ഒരു മടങ്ങിവരവും സ്വാതന്ത്ര്യവും സമൃദ്ധിയും സുരക്ഷിതത്വവും കാണിക്കുന്നു.

ഒപ്പം തന്നെ ക്രിസ്തുവിന്റെ ആയിരം ആണ്ട് വാഴ്ചയെക്കുറിച്ചുള്ള ഒരു പ്രവചനമായും നമുക്ക് ഈ വാക്യത്തെ കാണാവുന്നതാണ്. മീഖായും സെഖര്യാവും ഈ അര്‍ത്ഥത്തില്‍ ആണ് ഈ വാക്യം പറഞ്ഞിരിക്കുന്നത് എന്ന് ചിന്തിക്കുന്നത് ആയിരിയ്ക്കും കൂടുതല്‍ ശരി. ഈ പ്രവാചകന്മാരുടെ വാക്കുകള്‍ വായിക്കുമ്പോള്‍ നമുക്ക് അത് ബോദ്ധ്യമാകും. 

 

മീഖാ 4:4 അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.

 

സെഖര്യാവു 3: 10 അന്നാളിൽ നിങ്ങൾ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിൻ കീഴിലേക്കും ക്ഷണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

ഇത് കൂടാതെ, അത്തിവൃക്ഷം യിസ്രായേല്‍ ജനത്തിന്റെ ശരീരികവും ആത്മീയവുമായ ആരോഗ്യത്തെയും സൂചിപ്പിക്കുന്നു.

2 രാജാക്കന്മാര്‍ 20:7, യെശയ്യാവ് 38:21 എന്നീ വാക്യങ്ങളില്‍, ഹിസ്കീയാവിന്‍റെ രോഗം സൌഖ്യമാകുവാന്‍ അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുന്നതിനെ കുറിച്ച് നമ്മള്‍ വായിക്കുന്നു.

മര്‍ദ്ദം ഉപയോഗിച്ച് പരത്തിയ അത്തിപ്പഴത്തെക്കുറിച്ചാണ് അത്തിപ്പഴക്കട്ട എന്നു ഇവിടെ പറയുന്നത്. ഇത് ശരീരികവും ആത്മീയവുമായ സൌഖ്യത്തെ കാണിക്കുന്നു.

അതായത് അത്തി വൃക്ഷം എന്നത് വേദപുസ്തകത്തില്‍ എമ്പാടും യിസ്രായേല്‍ ജനത്തിന്റെ ആരോഗ്യത്തിന്റെ അടയാളമാണ്. അവരെ ദൈവം ശിക്ഷിക്കുമ്പോള്‍ അത്തിവൃക്ഷത്തിന്റെ ഫലങ്ങളെ ദൈവം എടുത്തുമാറ്റുന്നതും നമ്മള്‍ വായിക്കുന്നുണ്ട്. ഇത്തരം സൂചനകള്‍, ചെറിയ പ്രവാചകന്മാരുടെ പുസ്തകങ്ങളില്‍ അനേകം ഇടങ്ങളില്‍ നമുക്ക് വായിക്കാവുന്നതാണ്. 

ഒരേ അത്തിവൃക്ഷം തന്നെ നല്ല ഫലങ്ങളും കൈപ്പുള്ള ഫലങ്ങളും പുറപ്പെടുവിക്കാറുണ്ട്. വേനല്‍ക്കാലത്തിന് മുമ്പ് ലഭിക്കുന്ന അത്തിപ്പഴങ്ങള്‍ പാകമാകാത്തതും, ഭക്ഷിക്കുവാന്‍ യോഗ്യമല്ലാത്തതും ആയിരിയ്ക്കും. അത് കയ്പ്പുള്ള അത്തിപ്പഴം ആണ്. യിസ്രായേല്‍ ജനതയും പലപ്പോഴും ഇങ്ങനെ ആയിരുന്നു. എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുകയും അവനെ അനുസരിച്ചു ജീവിക്കുകയും ചെയ്ത ജനത്തെ നല്ല അത്തിപ്പഴമായി കാണാവുന്നതാണ്.

ഹോശയ പ്രവാചകന്‍റെ ഒരു വാക്യം നമുക്ക് വായിയ്ക്കാം.

 

ഹോശേയ 9:10 മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു;

ഇവിടെ യിസ്രായേലിലെ ആദ്യകാല പിതാക്കന്മാര്‍ ആദ്യത്തെ ഫലം പോലെ നല്ല അത്തിപ്പഴം ആയിരുന്നു എന്നു പ്രവാചകന്‍ പറയുക ആണ്.

നെബൂഖദ്നെസ്സര്‍ രാജാവു യിസ്രായേല്‍ ജനതയെ പ്രവാസത്തിലേക്ക് പിടിച്ചുകൊണ്ടുപോയ ശേഷം, യിരെമ്യാവ് പ്രവാചകന്‍ കണ്ട ഒരു ദര്‍ശനം അദ്ദേഹം 24 ആം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിപ്രകാരം ആണ്:

യഹോവയായ ദൈവം പ്രവാചകനെ, രണ്ടു കൊട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിൻ മുമ്പിൽ വെച്ചിരിക്കുന്നതു കാണിച്ചു. ഒരു കൊട്ടയിൽ ആദ്യത്തെ ഫലം പോലെ എത്രയും നല്ല അത്തിപ്പഴവും മറ്റെ കൊട്ടയിൽ എത്രയും ആകാത്തതും തിന്മാൻ പാടില്ലാതവണ്ണം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു.

ഇവിടെ കാണുന്ന നല്ലതും ചീത്തയും ആയ അത്തിപ്പഴങ്ങള്‍ യഹൂദ ജനത്തെ കാണിക്കുന്നു. അവരില്‍, ദൈവത്തെ പൂര്‍ണ്ണ ഹൃദയത്തോടെ സേവിക്കുന്നവര്‍ നല്ല അത്തിപ്പഴമായും ദൈവത്തോട് മല്‍സരിക്കുന്നവര്‍ ചീത്ത അത്തിപ്പഴമായും നമ്മള്‍ ഇവിടെ കാണുന്നു.

 അത്തിവൃക്ഷം പുതിയ നിയമത്തില്‍

 പുതിയ നിയമത്തിലും അനേകം ഇടങ്ങളില്‍ അത്തിവൃക്ഷത്തെക്കുറിച്ചും, അതിനെ യിസ്രായേല്‍ ജനതയുടെയും രാജ്യത്തിന്റെയും അടയാളമായും പരാമര്‍ശിക്കുന്നത് നമുക്ക് വായിക്കാവുന്നതാണ്. ഇതില്‍ ചില സംഭവങ്ങളെയും പരാമര്‍ശങ്ങളെയും നമുക്ക് വിശദമായി പഠിക്കാം.

നഥനയേലും അത്തിവൃക്ഷവും (യോഹന്നാന്‍ 1: 45 - 51)

യോഹന്നാന്‍റെ സുവിശേഷം 1 ആം അദ്ധ്യായത്തില്‍ യേശു തന്റെ ശിഷ്യന്മാരെ ഓരോരുത്തരായി വിളിച്ച് ചേര്‍ക്കുന്നത് നമ്മള്‍ വായിക്കുന്നു. 43 ആം വാക്യത്തില്‍, യേശു ഗലീലെക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പോസിനെ കണ്ടു: “എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു. പിന്നീട്, ഫിലിപ്പോസ് നഥനയേലിനെ കണ്ടു, യേശുവിനെ കാണുവാന്‍ അവനെ ക്ഷണിച്ചു.

നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: “ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല ” എന്നു അവനെക്കുറിച്ചു പറഞ്ഞു. (47)

നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: “ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു” എന്നു യേശു ഉത്തരം പറഞ്ഞു. (48)

നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു. (49)

യേശു നഥനയേലിനെ അത്തിയുടെ കീഴില്‍ ഇരിക്കുന്നവനായി കണ്ടു എന്ന പ്രസ്താവന ഒരു സാധാരണ വാചകമോ, ഒരു ദര്‍ശനത്തില്‍ നഥനയേലിനെ കണ്ടതിന്റെ വിവരണമോ മാത്രമല്ല. യേശുവിന്‍റെ വാക്കുകളില്‍ ചില ആത്മീയ മര്‍മ്മങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് നഥനയേലിന് വ്യക്തമായി മനസ്സിലാകുകയും ചെയ്തു. അത് യഹൂദന്മാര്‍ പ്രത്യാശ വച്ചിരുന്ന മശിഹാ ആണ് യേശു എന്നതിന്റെ തെളിവായിരുന്നു.

 എന്തുകൊണ്ടാണ് നഥനയേല്‍ ഇങ്ങനെ ഒരു ചിന്തയില്‍ എത്തിച്ചേര്‍ന്നത്? യേശുവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ തെളിഞ്ഞുവന്ന ചിത്രം എന്തായിരുന്നു?

യേശുവിന്റെ കാലത്തെ യഹൂദ റബ്ബിമാരുടെയും അവരുടെ ശിഷ്യന്മാരുടെയും ജീവിത രീതികള്‍ മനസ്സിലാക്കിയാലെ, ഈ സംഭവം കൂടുതല്‍ വ്യക്തമായി ഗ്രഹിക്കുവാന്‍ കഴിയുക ഉള്ളൂ.

അന്നത്തെ റബ്ബിമാരും അവരുടെ ശിഷ്യന്മാരും വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചുകൊണ്ടേ ഇരിക്കും. ഈ യാത്രയിലാണ്, ജീവിതം കൊണ്ടും വാക്കുകളിലൂടെയും റബ്ബിമാര്‍ ശിഷ്യന്മാരെ ആത്മീയ മര്‍മ്മങ്ങള്‍ പഠിപ്പിക്കുന്നത്.

ശിഷ്യന്മാര്‍, യഹൂദ പള്ളികളിലും അത്തിവൃക്ഷങ്ങളുടെ തണലിലും ഇരുന്നു, റബ്ബിമാരില്‍ നിന്നും കേട്ട് പഠിക്കുമായിരുന്നു.  

അതിനാല്‍ ആണ്, “പാദപീഠത്തില്‍ ഇരിക്കുക” എന്ന പ്രയോഗം റബ്ബിമാരില്‍ നിന്നും പഠിക്കുക എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നത്. 

അത്തിവൃക്ഷങ്ങള്‍ അവര്‍ക്ക് നല്ല തണല്‍ മാത്രമല്ല നല്കിയിരുന്നത്, അത് നല്ല മധുരമുള്ള ഫലങ്ങളും അവര്‍ക്ക് നല്കി. അതിനാല്‍ അത്തിവൃക്ഷ തണല്‍ അവര്‍ക്ക് പ്രിയപ്പെട്ടത് ആയിരുന്നു. അങ്ങനെ “അത്തിവൃക്ഷ തണലില്‍” എന്നതും റബ്ബിമാരുരെയും ശിഷ്യന്മാരുടെയും പഠനരീതിയെ സൂചിപ്പിക്കുന്ന പദമായി മാറി. അവിടെ ഗുരുവിന്റെ തണലും, ഗുരുവില്‍ നിന്നും ലഭിക്കുന്ന മധുരമുള്ള ആത്മീയ മര്‍മ്മങ്ങളും ഉണ്ടായിരുന്നു.

ഇവരുടെ ജീവിത രീതിയില്‍ മറ്റൊരു പ്രധാന സംഭവം കൂടി ഉണ്ട്. യഹൂദ റബ്ബിമാരുടെ ശിഷ്യന്മാരുടെ പ്രിയപ്പെട്ട പ്രാര്‍ഥനാ സ്ഥലം കൂടി ആയിരുന്നു അത്തി വൃക്ഷത്തിന്‍റെ തണല്‍. അവിടെ, ശീതലമായ നിഴലില്‍, ശിഷ്യന്മാര്‍ ഏറെനേരം പ്രാര്‍ഥനയില്‍ ഇരിക്കുക പതിവായിരുന്നു. വേദപുസ്തകത്തില്‍ നേരിട്ടു പറയുന്നില്ല എങ്കിലും, നഥനയേലും ഒരു യഹൂദ റബ്ബിയുടെ ശിഷ്യന്‍ ആയിരുന്നിരിക്കേണം. അവന്‍ അത്തിവൃക്ഷത്തിന്റെ തണലില്‍ ഇരുന്നിരുന്നത് പ്രാര്‍ഥനയ്ക്കായി ആയിരുന്നിരിക്കാം. അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ആയിരിക്കാം ഫിലിപ്പ് അവനെ യേശുവിനെ കാണുവാനായി ക്ഷണിച്ചത്.

ഫിലിപ്പ് നഥനയേലിനോട് പറഞ്ഞ വാക്കുകള്‍ ഇതാണ്:

 

യോഹന്നാന്‍ 1: 45 ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.

ആദ്യം, നഥനയേല്‍ ഇതിന് മറുപടി നല്‍കിയതും, യേശുവിന്‍റെ അടുക്കല്‍ വന്നപ്പോള്‍ സംസാരിച്ചതും, അല്‍പ്പം മുഷിപ്പോടെ ആയിരുന്നു. നസറെത്തില്‍ നിന്നും ഒരു നന്മയും വരുകയില്ല എന്നു നഥനയേല്‍ കരുതി. “എന്നെ എവിടെവെച്ചു അറിയും” എന്ന യേശുവിനോടുള്ള നഥനയേലിന്‍റെ  ചോദ്യത്തിലും അല്‍പ്പം നീരസം കാണാം. എന്നാല്‍ യേശുവിന്‍റെ മറുപടി അവന്റെ ധാരണകളെ മാറ്റിമറിച്ചു.

എന്തായിരിക്കാം നഥനയേല്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നത് എന്നു മനസ്സിലാക്കുമ്പോള്‍ മാത്രമേ അവന്‍റെ പ്രതികരണത്തിലെ മാറ്റത്തിന്‍റെ കാരണം വ്യക്തമാകൂ.

യഹൂദ റബ്ബിമാരുടെ പഠിപ്പിക്കല്‍ അനുസരിച്ചു, ഒരു യഹൂദന്‍, മശിഹായുടെ വരവിനായി പ്രത്യാശയോടെ പ്രാര്‍ത്ഥിയ്ക്കുന്നില്ല എങ്കില്‍, അവന്‍റെ പ്രാര്‍ഥനകള്‍ ഒന്നും യഥാര്‍ത്ഥ പ്രാര്‍ഥന ആകുന്നില്ല.

യേശുവിന്‍റെ കാലത്ത് പ്രബലമായിരുന്ന പരീശന്മാര്‍ മശിഹായുടെ വരവിനായി തങ്ങളെ തന്നെ ഒരുക്കേണം എന്നു വിശ്വസിച്ചിരുന്നവര്‍ ആണ്. യോഹന്നാന്‍ സ്നാപകന്‍ അംഗമായിരുന്ന എസ്സെനെസ് എന്ന സന്യാസിസമൂഹം, പരീശന്മാരെക്കാള്‍ കൂടുതല്‍ കാര്‍ക്കശ്യത്തോടെ ന്യായപ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുകയും, പ്രാര്‍ഥനയിലും ഉപവാസത്തിലും തങ്ങളെ തന്നെ സമര്‍പ്പിച്ചവരുമായിരുന്നു.

ഇവരെല്ലാം ദൈവവചനത്തിലേക്കും അതനുസരിച്ചുള്ള ജീവിതത്തിലേക്കും തിരികെ പോകേണം എന്ന് പഠിപ്പിച്ചിരുന്നു. മശിഹായുടെ വരവിനെക്കുറിച്ചുള്ള പ്രത്യാശ ഇവര്‍ സജീവമാക്കി.

അതായത്, നഥനയേല്‍ ഒരു യഹൂദ റബിയുടെ ശിഷ്യന്‍ ആയിരുന്നിരിക്കാം; അവന്‍ അത്തിവൃക്ഷത്തിന്റെ തണലില്‍ പ്രാര്‍ഥയില്‍ ആയിരുന്നു; അവന്‍ മശിഹായുടെ വരവിനായി പ്രത്യാശയോടെയും വിശ്വാസത്തോടെയും പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഫിലിപ്പ് ചെന്നു പറഞ്ഞത്: “ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു;”

യേശു, അവനോട്, “നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു”, എന്ന് പറഞ്ഞപ്പോള്‍, നഥനയേല്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നു എന്നും, അവന്‍ മശിഹായുടെ വരവിനായി പ്രാര്‍ത്ഥികുക ആയിരുന്നു എന്നും, ഇപ്പോള്‍ അതിനു നിവര്‍ത്തിയായി എന്നും ആണ് യേശു പറഞ്ഞത്.

ഇതുകൊണ്ടാണ് നഥനയേലിനെക്കുറിച്ച് ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല ” എന്ന് യേശു പറഞ്ഞത്.

ഈ മര്‍മ്മം വേഗത്തില്‍ ഗ്രഹിക്കുവാന്‍ നഥനയേലിന് കഴിഞ്ഞു. അവന്‍ ഉടന്‍തന്നെ യേശുവിനെ മശിഹാ ആയി സ്വീകരിച്ചു. നഥനയേൽ യേശുവിനോട്: “റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.”

ഫലമില്ലാത്ത അത്തിവൃക്ഷത്തിന്റെ ഉപമ

ഇനി നമുക്ക് യേശു പറഞ്ഞ ഫലമില്ലാത്ത അത്തിവൃക്ഷത്തിന്റെ ഉപമയിലേക്ക് ശ്രദ്ധ തിരിക്കാം.

ലൂക്കോസിന്റെ സുവിശേഷം 13: 6 – 9 വരെയുള്ള വാക്യങ്ങളില്‍ നമുക്ക് ഈ ഉപമ വായിക്കാവുന്നതാണ്. ഈ ഉപമയില്‍ ദൈവവചനത്തോട് മല്‍സരിക്കുന്ന യഹൂദന്മാരെയും, യേശുക്രിസ്തു എന്ന മശിഹായേ സ്വീകരിക്കുവാന്‍ സാധ്യതയുള്ള യഹൂദന്മാരെയും നമുക്ക് കാണാവുന്നതാണ്.

ഉപമ ഇങ്ങനെ ആണ്: “ഒരുത്തന്നു തന്റെ മുന്തിരിത്തോട്ടത്തിൽ നട്ടിരുന്നോരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവൻ അതിൽ ഫലം തിരഞ്ഞുവന്നു, കണ്ടില്ലതാനും. (6)

അവൻ തോട്ടക്കാരനോടു: ഞാൻ ഇപ്പോൾ മൂന്നു സംവത്സരമായി ഈ അത്തിയിൽ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു എന്നു പറഞ്ഞു. (7)

അതിന്നു അവൻ: കർത്താവേ, ഞാൻ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടുംകൂടെ നിൽക്കട്ടെ. (8) മേലാൽ കായിച്ചെങ്കിലോ - ഇല്ലെങ്കിൽ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു. (9)

ഞാന്‍ പറഞ്ഞതുപോലെ, അത്തിവൃക്ഷം ഇവിടെയും യഹൂദ ജനത്തെയും രാജ്യത്തെയും സൂചിപ്പിക്കുന്നു. അത്തിവൃക്ഷം നട്ടിരുന്നത് മുന്തിരിത്തോട്ടത്തിൽ ആയിരുന്നു. അതായത് വിശാലമായ കനാന്യ ദേശത്ത് ദൈവം യിസ്രായേലിനെ നട്ടു. ദേശത്തിന്റെയും അത്തിയുടെയും യജമാനന്‍ ദൈവം ആണ്. അവന്‍ യിസ്രയേല്യറില്‍ നിന്നും നല്ല ഫലം പ്രതീക്ഷിച്ചു. പക്ഷേ ലഭിച്ചില്ല. അതിനാല്‍ അതിനെ വെട്ടിക്കളയുവാന്‍ ദൈവം തീരുമാനിക്കുന്നു. അത്തിയെ വെട്ടിക്കളയുക എന്നാല്‍ യിസ്രായേലിനെ വാഗ്ദത്ത ദേശത്തുനിന്നും മാറ്റിക്കളയുക എന്നതാണ്.

എന്നാല്‍ ഉടന്‍ തന്നെ ആ വൃക്ഷത്തെ വെട്ടിക്കളയുന്നില്ല. യേശുക്രിസ്തു അവര്‍ക്കായി മദ്ധ്യസ്ഥത വഹിച്ചു. കുറച്ചുനാള്‍ കൂടി അത് നില്‍ക്കട്ടെ, ഒരു പക്ഷേ ഫലം കായ്ച്ചേക്കാം എന്ന് അവന്‍ അപേക്ഷിച്ച്. അങ്ങനെ ദൈവ കൃപയുടെ ദിവസങ്ങള്‍ നീട്ടി.

എന്നാല്‍, ചരിത്രം പറയുന്നു, യേശുവിന് ശേഷം, ഏകദേശം 40 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, അവരോടുള്ള കൃപയുടെ ദിനങ്ങള്‍ അവസാനിച്ചു. അന്ന് റോമന്‍ സൈനീക മേധാവിയും പിന്നീട് റോമന്‍ ചക്രവര്‍ത്തിയും ആയ, റ്റൈറ്റസ് (Titus) യരുശലേമിനെ ആക്രമിച്ചു, കീഴടക്കി, യഹൂദ ദൈവാലയവും നശിപ്പിക്കപ്പെട്ടു.

അങ്ങനെ അത്തിവൃക്ഷത്തെ വെട്ടിക്കളഞ്ഞു, ദേശത്തു നിന്നും നീക്കം ചെയ്തു.

യഹൂദന്മാര്‍ ലോകമെമ്പാടും ചിതറിപ്പോയി.

ഈ ഉപമയുടെ ചരിത്ര നിവര്‍ത്തി അല്ലല്ലോ നമ്മളുടെ ഈ വീഡിയോയിലെ ചിന്താവിഷയം. അതിനാല്‍ ഉപമയുടെ വിശദീകരണം ഇവിടെ നിറുത്തട്ടെ.

നമ്മള്‍ ഇവിടെ പറയുവാന്‍ ആഗ്രഹിച്ചത് ഇതാണ്: അത്തിവൃക്ഷം, നമ്മളുടെ കര്‍ത്താവ് പറഞ്ഞ ഈ ഉപമയിലും യിസ്രയേലിന്റെ അടയാളമായി നില്‍ക്കുന്നു. 

യേശു അത്തിവൃക്ഷത്തെ ശപിക്കുന്നു

യേശു അത്തിവൃക്ഷത്തെ ശപിക്കുന്ന സംഭവം മത്തായി 21: 18-22, വരെയും മര്‍ക്കോസ് 11: 12 – 14, വരെയും ഉള്ള വേദഭാഗങ്ങളില്‍ നമ്മള്‍ വായിക്കുന്നുണ്ട്. ഈ രണ്ടു സുവിശേഷങ്ങളില്‍ മാത്രമേ നമ്മള്‍ ഈ സംഭവം രേഖപ്പെടുത്തിയതായി കാണുന്നുള്ളൂ. ഇവരുടെ വിവരണങ്ങളില്‍ ചെറിയ വ്യത്യാസങ്ങളും ഉണ്ട്.

യേശുക്രിസ്തുവിന്റെ യെരൂശലേമിലേക്കുള്ള പ്രവേശനത്തിന്‍റെ പിറ്റേ ദിവസം രാവിലെ അവന്‍ ബെഥാന്യ എന്ന സ്ഥലത്തുനിന്നും നഗരത്തിലേക്ക് പോകുക ആയിരുന്നു. അപ്പോള്‍ അവന് വിശന്നു. വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു. അതില്‍ ഫലം പ്രതീക്ഷിച്ച് യേശു അതിന്റെ അടുക്കല്‍ ചെന്നു. എന്നാല്‍ അതില്‍ ഇലയല്ലാതെ ഫലം ഒന്നും കണ്ടില്ല. അപ്പോള്‍, “ഇനി നിന്നില്‍ ഒരു നാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു യേശു പറഞ്ഞു, അതിനെ ശപിച്ചു. മത്തായി പറയുന്നതനുസരിച്ച്, ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി. എന്നാല്‍ മര്‍ക്കോസ് അല്‍പ്പം വ്യത്യസ്തമായി പറയുന്നുണ്ട്. പിറ്റേ ദിവസം രാവിലെ യേശുവും ശിഷ്യന്മാരും വീണ്ടും ആ വഴി പോയപ്പോള്‍ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയത് അവര്‍ കണ്ടു എന്നാണ് മര്‍ക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത്.

അത്തി ഉണങ്ങിപ്പോയ സമയം നമുക്ക് ഇവിടെ പ്രധാനം അല്ല. ഈ ഉപമയിലെ അത്തിവൃക്ഷം യിസ്രായേല്‍ ജനതയെയും രാജ്യത്തെയും കാണിക്കുന്നു എന്നതാണു പ്രധാന വസ്തുത. അത്തിവൃക്ഷത്തെ യിസ്രയേലിന്റെ ഒരു അടയാളമായി കാണുന്ന പതിവ് പഴയനിയമത്തില്‍ നിന്നും ഉള്ള തുടര്‍ച്ച ആണ്. യിസ്രായേല്‍ അവരുടെ വാഗ്ദത്ത മശിഹായേ തിരിച്ചറിയുന്നതിലും അംഗീകരിച്ച് സ്വീകരിക്കുന്നതിലും പരാജയപ്പെട്ടതിനാല്‍ അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു എന്നതാണു സന്ദേശം. അത്തിവൃക്ഷം ഉണങ്ങിപ്പോയതുപോലെ യിസ്രായേലും ഉണങ്ങിപ്പോകും. 

ദൈവത്തോടുള്ള യിസ്രായേല്‍ ജനത്തിന്‍റെ മല്‍സര മനോഭാവം ഈ സംഭവത്തിന്‍റെ വിവരണത്തില്‍ പ്രകടമാണ്. ഇവിടെ മര്‍ക്കോസ് എടുത്തു പറയുന്ന ഒരു കാര്യം ഉണ്ട്. യേശു അത്തിപ്പഴം അന്വേഷിച്ച് ചെന്ന സമയം “അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.” (മര്‍ക്കോസ് 11:13).ഇവിടെ ഒരു യുക്തി സഹജമായ ചോദ്യം ഉയരുന്നുണ്ട്: അത് അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു എങ്കില്‍, അത്തിപ്പഴം ഇല്ലാതിരുന്നതിന് യേശു എന്തിനാണ് വൃക്ഷത്തെ ശപിച്ചത്?

അത്തിപ്പഴം ഉണ്ടാകുന്ന കാലങ്ങളെക്കുറിച്ച് ഈ സന്ദേശത്തിന്റെ തുടക്കത്തില്‍ നമ്മള്‍ വിവരിച്ച കാര്യങ്ങള്‍ ഈ ചോദ്യത്തിനുള്ള ഉത്തരം ആണ്.

എങ്കിലും, വേഗത്തില്‍ മനസ്സിലാക്കുവാന്‍ വേണ്ടി ഞാന്‍ ഇവിടെ അത്യാവശ്യമുള്ളത് മാത്രം ആവര്‍ത്തിച്ച് പറയാം.

അത്തിപ്പഴത്തിന്‍റെ ആദ്യത്തെ ഫലം വസന്തകാലത്ത്, പുതിയ ഇലകളും ശാഖകളും ഉണ്ടാക്കുന്നതിനും മുമ്പ് തന്നെ പ്രത്യക്ഷപ്പെടും. ഇവ വേനല്‍ക്കാലത്തും വളര്‍ന്ന്, ജൂണ്‍ മാസത്തിലോ അതിനു മുമ്പോ പാകമാകും.

എന്നാല്‍ വസന്തകാലത്ത് പുതിയ ശിഖിരങ്ങളും ഇലകളും ഉണ്ടാകുകയും ചെയ്യും. അതിനാല്‍ അത്തിപ്പഴങ്ങള്‍ ഇലകളാല്‍ മൂടപ്പെട്ടിരിക്കും. ദൂരെനിന്നു നോക്കിയാല്‍ ഫലങ്ങള്‍ കാണുവാന്‍ കഴിയുക ഇല്ല.

വസന്തകാലത്തും അതിനു ശേഷമുള്ള വേനല്‍ക്കാലത്തും അത്തിയില്‍ ഇലകള്‍ ഉള്ളപ്പോള്‍ തന്നെ ആദ്യത്തെ ഫലങ്ങളും അതില്‍ ഉണ്ടായിരിക്കും എന്നു പ്രതീക്ഷിക്കുക സ്വാഭാവികം മാത്രം ആണ്. യേശു അതാണ് പ്രതീക്ഷിച്ചത്. നിര്‍ഭാഗ്യവശാല്‍ അത്തിയില്‍ ഫലങ്ങള്‍ ഇല്ലായിരുന്നു, അതിനാല്‍ യേശു അതിനെ ശപിച്ചു.

മറ്റൊരു കാര്യം കൂടി നമ്മള്‍ ഇവിടെ മനസിലാക്കേണം. അത്തിവൃക്ഷം ഒരു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഫലം പുറപ്പെടുവിക്കും രണ്ടാമത്തെ ഫലം ഉണ്ടാകുന്നത് ശരത് കാലമായ ആഗസ്റ്റ് മാസത്തിലാണ്. ഈ ഫലങ്ങളെ ആണ് അത്തിയുടെ മുഖ്യ വിളവായി കാണുന്നതും.

അതായത്, യേശു അത്തിവൃക്ഷത്തിന്റെ അടുക്കല്‍ ചെന്ന കാലം, അത്തിവൃക്ഷത്തിന്റെ പ്രധാന വിളവിന്റെ കാലം ആയിരുന്നില്ല.

യേശുവിന്, അത്തി, ഫലം പുറപ്പെടുവിക്കുന്ന രീതി നല്ലതുപോലെ അറിയാമായിരുന്നു. യേശു അടുക്കല്‍ ചെന്ന സമയം, അത്തിയില്‍ ആദ്യത്തെ ഫലം കാണേണ്ടുന്ന സമയം ആയിരുന്നു. അത് കഴിഞ്ഞ വര്‍ഷത്തെ ഫലങ്ങളുടെ ശേഷിപ്പ് ആയിരിക്കും, എങ്കിലും പാകമായാല്‍ വളരെ രുചികരം ആയിരുന്നു. എന്നാല്‍ ഇവിടെ പറയുന്ന അത്തിവൃക്ഷം ഇലകളാല്‍ സമൃദ്ധം ആയിരുന്നു എന്നല്ലാതെ അതില്‍ ഫലം ഒന്നുപോലും ഇല്ലാതെ പോയി. ഇത് വഞ്ചനാത്മകവും പ്രകടനപരവും ആയ സ്വഭാവം ആണ്. 

ഈ സംഭവത്തിന്‍റെ മാര്‍മ്മിക അര്‍ത്ഥം വളരെ ലളിതം ആണ്. അത്തിവൃക്ഷം യിസ്രായേല്‍ ജനത്തെ ആണ് സൂചിപ്പിക്കുന്നത്. അവര്‍ക്ക് ആത്മീയതയുടെ ബാഹ്യ ലക്ഷണങ്ങള്‍ എല്ലാം ഉണ്ട് എങ്കിലും ഫലം പുറപ്പെടുവിക്കുന്നില്ല. അവരുടെ ബാഹ്യ പ്രകടനം വഞ്ചനയും കപടഭക്തിയും ആണ്. മതപരമായ ചടങ്ങുകളും, ആചാരങ്ങളും, ചട്ടങ്ങളും, പ്രവര്‍ത്തികളും എല്ലാം ബാഹ്യ പ്രകടനങ്ങള്‍ മാത്രം ആയിരുന്നു. അതിനാല്‍ യേശു അവരെ ശപിക്കുക ആണ്.

ഈ സംഭവം പ്രവചനാത്മകവും ആണ്. നമ്മള്‍ മുമ്പു പറഞ്ഞതുപോലെ AD 70 ല്‍ റോമന്‍ സൈന്യാധിപന്‍ ആയിരുന്ന റ്റൈറ്റസ് യരുശലേമിനെ ആക്രമിച്ച് കീഴടക്കി, ദൈവാലയത്തെയും തകര്‍ത്തുകളഞ്ഞു. യഹൂദന്മാര്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. അങ്ങനെ, അത്തി വൃക്ഷം ഉണങ്ങി പ്പോയി.

എന്നാല്‍ ഇത് എന്നന്നേക്കുമുള്ള ഉണക്ക് അല്ല എന്നും അത്തിവൃക്ഷം വീണ്ടും തളിര്‍ക്കും എന്നും യേശു പിന്നീട് പ്രവചിച്ചു.

ഇനി നമുക്ക് അതിനെക്കുറിച്ച് ചിന്തിക്കാം.

തളിര്‍ക്കുന്ന അത്തിവൃക്ഷത്തിന്‍റെ ഉപമ

യേശുക്രിസ്തു പറഞ്ഞ തളിര്‍ക്കുന്ന അത്തിവൃക്ഷത്തിന്റെ ഉപമ, മത്തായി 24: 32 -35 വരെയുള്ള വാക്യങ്ങളിലും, മര്‍ക്കോസ് 13: 28 – 31 വരെയുള്ള വാക്യങ്ങളിലും ലൂക്കോസ് 21: 29 – 33 വരെയുള്ള വാക്യങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ ചെറിയ ഒരു ഉപമ ആണ് ഇത് എങ്കിലും ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു മര്‍മ്മം ഇതില്‍ അടങ്ങിയിട്ടുണ്ട്.

 യേശുക്രിസ്തുവിന്റെ കഷ്ടാനുഭവ ആഴ്ചയില്‍, ചെവ്വാഴ്ച വൈകുന്നേരം, അവന്‍ ഒലീവ് മലയില്‍ ഇരിക്കുമ്പോള്‍, ശിഷ്യന്മാര്‍ അടുക്കല്‍ ചെന്നു മൂന്ന് ചോദ്യങ്ങള്‍ ഒരുമിച്ച് ചോദിച്ചു.

ചോദ്യങ്ങള്‍ ഇവ ആയിരുന്നു: യരുശലേം ദൈവാലയത്തിന്റെ തകര്‍ച്ച എപ്പോള്‍ സംഭവിക്കും; നിന്‍റെ രണ്ടാമത്തെ വരവിന് അടയാളം എന്താണ്; ഈ ലോകത്തിന്റെ അവസാനത്തിന്റെ അടയാളം എന്താണ്? (മത്തായി 24: 3)

ഈ മൂന്ന് ചോദ്യങ്ങള്‍ക്കും ഒരുമിച്ചാണ് യേശു ഉത്തരം നല്‍കിയതും. അങ്ങനെ ചെയ്യുന്നത് ഒരു പ്രവാചക ശൈലി ആയിരുന്നു.

ഈ ഉത്തരങ്ങളില്‍, അവന്റെ വരവിന്‍റെ അടയാളങ്ങള്‍ ആയി പല സംഭവങ്ങളെക്കുറിച്ചും യേശു പറയുക ഉണ്ടായി. അവയില്‍ ചിലത് ലോകത്തിലും, ചിലത് ക്രൈസ്തവ സഭയിലും, മറ്റ് ചിലത് യിസ്രായേലിലും ആകാശത്തും സംഭവിക്കേണ്ടത് ആണ്.

അവന്‍ യുദ്ധങ്ങള്‍, ക്ഷാമം, ഭൂകമ്പം, ആഭ്യന്തര കലാപങ്ങള്‍, നിയമരാഹിത്യം, പ്രതികൂലമായ കാലാവസ്ഥ, ക്രൈസ്ത വിശ്വാസത്തിനെതിരെയുള്ള പീഡനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം പ്രവചിച്ചു പറഞ്ഞു. ജ്യോതിര്‍ ഗോളങ്ങളിലും ആകാശത്തിലും സംഭവിക്കുവാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അടയാളങ്ങളെക്കുറിച്ചും അവന്‍ മുന്നറിയിപ്പ് നല്കി. വിശ്വാസത്യാഗവും, കള്ള പ്രവാചകന്മാരുടെ വഞ്ചനയും അക്കാലത്ത് ഉണ്ടാകും എന്നും പറഞ്ഞു.. എന്നാല്‍ ഇതിന്റെ എല്ലാം ഇടയില്‍, ദൈവരാജ്യത്തിന്‍റെ സുവിശേഷം ലോകത്തെമ്പാടും ഘോഷിക്കപ്പെടും എന്നും അവന്‍ അറിയിച്ചു.

ഈ അടയാളങ്ങള്‍ എല്ലാം കാണുമ്പോള്‍, “ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിന്‍” എന്ന് യേശു ഉപദേശിച്ചു. (ലൂക്കോസ് 21: 31)

ഇവയെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍, യേശു ഒരു ഉപമ കൂടി അവരോടു പറഞ്ഞു. അത് യേശുവിന്റെ വാക്കുകളില്‍  തന്നെ നമുക്ക് വായിയ്ക്കാം.

 

മത്തായി 24: 32, 33

32  അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

33  അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.

ഈ ഉപമ, അന്ത്യകാലത്തിന്‍റെ മര്‍മ്മ പ്രധാനമായ ഒരു അടയാളത്തെക്കുറിച്ചാണ് പറയുന്നത്. ഇന്ന് ലോകത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ ഈ ഉപമ നമ്മളെ ഏറെ സഹായിക്കും.

എന്തുകൊണ്ടാണ് യേശു അന്ത്യകാലത്തിന്റെ അടയാളമായി ഒരു അത്തിയെ എടുത്തുകാണിക്കുന്നത്? യേശു പ്രകൃതിയില്‍ സാധാരണയായി കാണുന്ന ഒരു വൃക്ഷത്തിന്റെ വിളവിന്റെ രീതിയെ ചില കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ ഉപയോഗിച്ചു എന്നേയുള്ളൂ എന്നു  അഭിപ്രായപ്പെടുന്നവര്‍ ഉണ്ട്.

എന്നാല്‍ ഉപമകള്‍ എപ്പോഴും നിഗൂഡമായ മര്‍മ്മങ്ങള്‍ അടങ്ങിയവ ആയിരിയ്ക്കും. “അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ എന്നാണ് യേശു പറയുന്നത്. ഉപമകള്‍ ഒരിയ്ക്കലും സാധാരണമായ ഒരു പ്രകൃതി വീക്ഷണം അല്ല. അവ സംഭാഷണങ്ങളെ രസകരമാക്കുവാനായി പറയുന്ന കഥകളും അല്ല. യേശു എല്ലാ ഉപമകളെയും ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ വിശദീകരിക്കുവാന് ഉപയോഗിച്ചിട്ടുള്ളത്.

യേശു ഇവിടെ “ഇല തളിർക്കുമ്പോൾ” എന്നാണ് പറഞ്ഞത്. അതായത് വസന്തകാലത്തുണ്ടാകുന്ന പുതിയ ശാഖകളെക്കുറിച്ചും ഇലകളെക്കുറിച്ചും ആണ് യേശു സംസാരിച്ചത്. അത് ആദ്യത്തെ ഫലങ്ങള്‍ പാകമാകുവാന്‍ തുടങ്ങുന്ന സമയം കൂടി ആണ്. അത് വേനല്‍ക്കാലം അടുത്തു എന്നതിന്റെ അടയാളം ആണ്.

നമ്മള്‍ മുമ്പ് കണ്ടതുപോലെ അത്തിവൃക്ഷം പഴയനിയമത്തിലും യിസ്രായേല്‍ ജനത്തിന്റെയും രാജ്യത്തിന്റെയും അടയാളം ആണ്. അവിടെ അത് അവരുടെ ഭൌതീകവും ആത്മീയവുമായ അവസ്ഥയുടെ അടയാളം ആയിരുന്നു. അതിനാല്‍ തന്നെ, അത്തിവൃക്ഷത്തിന്‍റെ “ഇല തളിർക്കുമ്പോൾ” എന്നത് ചിതറിപ്പോയ യിസ്രായേല്‍ ജനത്തിന്റെ മടങ്ങിവരവും യിസ്രായേല്‍ രാജ്യത്തിന്റെ പുതിയ തളിര്‍പ്പും ആണ്.

ഇവിടെ, ഫലമില്ലാത്തതിനാല്‍ വെട്ടിക്കളഞ്ഞ, കര്‍ത്തവിനാല്‍ ശപിക്കപ്പെട്ട യിസ്രായേല്‍ ജനവും രാജ്യവും പുതിയ ശിഖിരങ്ങളും, മുളകളും, ഇലകളും കൊണ്ട് വീണ്ടും തളിര്‍ക്കുക ആണ്. യിസ്രായേല്‍ എന്ന രാജ്യം വീണ്ടും ജീവന്‍ പ്രാപിച്ചു, അത് ജാതികള്‍ക്ക് ഒരു അടയാളം ആയിരിക്കുന്നു.

യിസ്രായേല്‍ ജനത്തില്‍ ഒരു വിഭാഗം നല്ല അത്തിപ്പഴം ആയി തീര്‍ന്ന് കഴിഞ്ഞു. ഈ പ്രക്രിയ കഴിഞ്ഞ നൂറിലധികം വര്‍ഷങ്ങളായി തുടരുക ആണ്.

യിസ്രായേല്‍ ജനത തിരികെ വന്ന്, യിസ്രായേല്‍ രാജ്യം വീണ്ടും സ്ഥാപിക്കപ്പെടുമ്പോള്‍, “അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. എന്നാണ് കര്‍ത്താവ് മുന്നറിയിപ്പ് നല്കിയത്.  അത് ദൈവരാജ്യം അതിന്റെ പൂര്‍ണ്ണതയില്‍ പുനസ്ഥാപിക്കപ്പെടുന്ന കാലത്തിന്റെ അടയാളം ആയിരിയ്ക്കും.

ഈ ഉപമയില്‍ മറ്റൊരു മര്‍മ്മം കൂടി അടങ്ങിയിട്ടുണ്ട്. ലൂക്കോസ് 21: 29 ല്‍ യേശു പറയുന്നത് ഇങ്ങനെ ആണ്: “അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ.”

ഇവിടെ അത്തിയെ മാത്രമല്ല, മറ്റ് വൃക്ഷങ്ങളെയും അന്ത്യകാലത്തിന്‍റെ അടയാളം ആയി നോക്കുവീന്‍ എന്നാണ് യേശുക്രിസ്തു പറയുന്നത്. അതായത്, അന്ത്യകാലത്തിന്‍റെ അടയാളം യിസ്രായേലിലും അതിന് ചുറ്റുമുള്ള രാജ്യങ്ങളിലും നമുക്ക് കാണാവുന്നതാണ്. അതായത് ലോകസംഭവങ്ങളുടെ പ്രഭവ കേന്ദ്രം യിസ്രായേല്‍ ആയിരിക്കും. ഇത് നമുക്ക് ഇന്നത്തെ ലോകത്തിലെ പ്രധാന രാക്ഷ്ട്രീയ സംഭവങ്ങളെ സൂക്ഷമമായി വിശകലനം ചെയ്തു പഠിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉള്ളൂ. അതിനാല്‍, നമുക്ക് ഈ ഉപമയെ ലോകസംഭവങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് വേണം പഠിക്കുവാന്‍.

ഇവിടെ പ്രധാന ചോദ്യം ഇതാണ്: എപ്പോള്‍ ആണ് യിസ്രായേല്‍ തളിര്‍ക്കുവാന്‍ ആരംഭിച്ചത്? ലോകസംഭവങ്ങളുടെ പ്രഭവകേന്ദ്രമായി യിസ്രായേല്‍ മാറിയത് എങ്ങനെ?

അന്താരാക്ഷ്ട്ര രാക്ഷ്ട്രീയമ് പഠിച്ചാല്‍, സാധാരണക്കാര്‍ ശ്രദ്ധിക്കുവാന്‍ ഇടയില്ലാതെ, ചിലരെ എങ്കിലും യിസ്രയേലിന്റെ എതിര്‍പക്ഷം ചേരുവാന്‍ പ്രേരിപ്പിക്കുന്ന ചില ചിന്തകള്‍ കാണുവാന്‍ കഴിയും. ഇത്തരം ചിന്തകള്‍ ക്രിസ്തീയ സഭകളിലും അതിസൂക്ഷമായി കടന്നുകയറിയിട്ടുണ്ട്.

ഇത് മനസ്സിലാക്കുവാന്‍ നമ്മള്‍ രണ്ടു പ്രസ്ഥാനങ്ങളെ പരിചയപ്പെടേണ്ടതുണ്ട്. അവ, സയോണിസം (Zionism) എന്നതും ആന്‍റി-സെമിറ്റിസം (Anti-Semitism) എന്നതും ആണ്.

ഇതില്‍ സയോണിസം എന്നത്, നമ്മള്‍ ഈ സന്ദേശത്തിന്റെ ആരംഭത്തില്‍ മനസ്സിലാക്കിയത് പോലെ, തിയോഡോര്‍ ഹെര്‍ട്സെല്‍ (Theodor Herzl's - Te'odor Hertsel) എന്ന യഹൂദന്‍ 1897 ല്‍ ആരംഭിച്ച പ്രസ്ഥാനം ആണ്. യഹൂദന്മാരുടെ ഒരു സ്വതന്ത്ര രാക്ഷ്ട്രത്തിന്റെ പുനസ്ഥാപനം ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ആന്‍റി-സെമിറ്റിസം എന്നത് യഹൂദ വിരോധത്തില്‍, അവരെ തുടച്ചുനീക്കുവാനുള്ള രാക്ഷ്ട്രീയമായ മുന്നേറ്റം ആണ്. ഇതില്‍ ക്രൈസ്തവ സഭയിലെ ചില വിഭാഗങ്ങള്‍ മനപ്പൂര്‍വ്വമായും മറ്റ് ചിലര്‍ ദൈവീക പദ്ധതിയെക്കുറിച്ചുള്ള അജ്ഞതയാലും, യഹൂദ വിരോധത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

“അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ. അവ തളിർക്കുന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ.” എന്നു യേശു പറഞ്ഞിട്ടുള്ളതിനാല്‍, ഈ രണ്ട് പ്രസ്ഥാനങ്ങളെയും, അവയുടെ പ്രവര്‍ത്തനങ്ങളെയും നമ്മള്‍ ശ്രദ്ധിച്ച് പഠിക്കേണ്ടിയിരിക്കുന്നു. അതായത് സയോണിസവും യിസ്രായേലും മാത്രമല്ല, ആന്‍റി-സെമിറ്റിസവും യഹൂദവിരോധവും തളിര്‍ക്കും. അവ രണ്ടും അന്ത്യകാലത്തിന്‍റെ ലക്ഷണങ്ങള്‍ ആയിരിക്കും.  

ഒരു വീഡിയോയില്‍ നമുക്ക് എല്ലാ കാര്യങ്ങളും വിശദീകരിക്കുവാന്‍ സമയ പരിമിതി ഉണ്ട് എങ്കിലും,  ഈ രണ്ടു പ്രസ്ഥാനങ്ങളെക്കുറിച്ചു അല്പ്പം ചില കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ നമുക്ക് ശ്രമിക്കാം.

സയോണിസം (Zionism) എന്ന പ്രസ്ഥാനത്തെക്കുറിച്ച് നമ്മള്‍ മുകളില്‍ പറഞ്ഞു കഴിഞ്ഞല്ലോ. വാഗ്ദത്ത ദേശത്തേക്കു തിരികെ പോയി, അവിടെ അവര്‍ക്കയായൊരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുക എന്നത് എല്ലാ യഹൂദന്റെയും വലിയ സ്വപനം ആണ്. ഈ പുനസ്ഥാപനത്തിന് മൂന്നു ഭാഗങ്ങള്‍ ഉണ്ട്. അവ, മതപരം, സാമ്പത്തികം, രാക്ഷ്ട്രീയം എന്നിവ ആണ്. യഹോവയായ ദൈവത്തില്‍ ഉള്ള വിശ്വാസത്തിന്റെ പുതുക്കം, പഴയനിയമ ന്യായപ്രമാണങ്ങളിലേക്കുള്ള ഉള്ള മടങ്ങി പോക്ക്, പ്രവചനങ്ങളുടെ നിവര്‍ത്തി, യരുശലേമില്‍ ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മാണവും ആരാധനയുടെ പുനസ്ഥാപനവും എന്നിവ ആണ് മതപരമായ ഭാഗം.

അന്യ രാജ്യങ്ങളില്‍ അവര്‍ അനുഭവിക്കുന്ന അടിമത്തത്തില്‍ നിന്നും വിവേചനത്തില്‍ നിന്നും കഷ്ടതയില്‍ നിന്നും ഉള്ള മോചനം ആണ് സാമ്പത്തിക ഭാഗം. യഹൂദ വര്‍ഗ്ഗത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകളുമായി, വാഗ്ദത്ത ദേശത്തു, സമൃദ്ധിയോടെയും സമാധാനത്തോടെയും ജീവിക്കുക എന്നതാണു അവരുടെ സ്വപ്നം.

യഹൂദ ജനതയ്ക്ക്, അവരുടെ വീണ്ടെടുപ്പിനായും പുനസ്ഥാപനത്തിനായും യഹോവയായ ദൈവം വാഗ്ദത്തം ചെയ്ത മശിഹായുടെ വരവും, മശിഹാ സ്ഥാപിക്കുന്ന നിത്യമായ രാജ്യവും, ശത്രുക്കളുടെമേലുള്ള എന്നന്നേക്കുമായ ജയവും ആണ് അവരുടെ സ്വപ്നത്തിന്റെ രാക്ഷ്ട്രീയ ഭാഗം.

ആന്‍റി-സെമിറ്റിസം (Anti-Semitism) എന്നത് യഹൂദവിരോധം ആണ്. അത് യഹൂദരെ മറ്റ് രാജ്യങ്ങളില്‍ നിന്നും നീക്കികളയുക എന്ന ലക്ഷ്യം ആണ്. യഹൂദന്മാരുടെ ജനസംഖ്യ വര്‍ദ്ധിച്ചുവരുന്നത് അവര്‍ ഇപ്പോള്‍ ആയിരിക്കുന്ന രാജ്യങ്ങള്‍ക്ക് ഒരു ഭീക്ഷണി ആകും എന്ന് ഈ ചിന്താഗതിക്കാര്‍ വാദിക്കുന്നു. അതിനാല്‍ അവരെ ഓടിച്ചുകളയുകയോ നശിപ്പിക്കുകയോ വേണം.

ഇത് മിസ്രയീമ്യ അടിമത്തത്തിന്‍റെ പുതിയ രൂപം ആണ്. മിസ്രയീമ്യര്‍ക്ക് യിസ്രായേല്‍ ജനത്തെകൊണ്ടു പ്രയോജനം ഉണ്ടായിരുന്നു. യിസ്രായേല്‍ അവരുടെ അടിമകള്‍ ആയിരുന്നു. അവരെകൊണ്ടു വലിയ കെട്ടിടങ്ങള്‍ പണിയുവാനും, കൃഷി ചെയ്യിക്കുവാനും, കന്നുകാലികളെ മേയിക്കുവാനും, മറ്റ് പ്രയാസമുള്ള ജോലികള്‍ ചെയ്യിക്കുവാനും കഴിയുമായിരുന്നു. എന്നാല്‍ യിസ്രായേല്‍ ജനത്തിന്റെ ജനസംഖ്യ വര്‍ദ്ധിക്കുന്നത് ഒരു ഭീക്ഷണി ആയി മിസ്രയീമ്യര്‍ കണ്ടു. അതിനാല്‍ കഠിനാദ്ധ്വാനത്താല്‍ യിസ്രയേല്യരുടെ ജനസംഖ്യയെ കുറയ്ക്കുവാന്‍ അവര്‍ ശ്രമിച്ചു.

അവര്‍ക്ക് യിസ്രായേല്‍ ജനത്തിന്റെ സേവനം വേണം, എന്നാല്‍ യിസ്രായേല്‍ ജനത്തെ അവര്‍ ഭയപ്പെട്ടു.

ഇന്നും ആന്‍റി-സെമിറ്റിസം (Anti-Semitism) അഥവാ യഹൂദവിരോധം വച്ചുപുലര്‍ത്തുന്ന രാജ്യങ്ങളുടെ മനോഭാവം ഇത് തന്നെ ആണ്.  

ഈ രണ്ടു ചിന്താഗതികളും, സയോണിസവും ആന്‍റി-സെമിറ്റിസവും ഇന്ന് വിവിധ രാജ്യങ്ങളില്‍ പ്രകടമായിതന്നെ കാണാവുന്നതാണ്. ഈ ചിന്തകളുടെ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ പുതിയ കൂട്ടുകെട്ട് ഉണ്ടാക്കുന്നതും കാണാം. എന്നാല്‍ ആന്‍റി-സെമിറ്റിസം വെച്ചുപുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കിടയില്‍ തന്നെ, ആ കൂട്ടായ്മയുടെ നേതൃത്വത്തിനായുള്ള മല്‍സരവും അന്തര്‍ലീനമായി ദര്‍ശിക്കാവുന്നതാണ്. തുര്‍ക്കിയും, സിറിയയും, ഇറാനും, സൌദി അറേബ്യയും, റഷ്യയും ഈ കൂട്ടുകെട്ടിന്‍റെ നേതൃത്വത്തിനായി മല്‍സരിക്കുന്നു.

ആന്‍റി-സെമിറ്റിസമുള്ള രാജ്യങ്ങളില്‍ മാത്രമല്ല, ചില ക്രൈസ്തവ സഭാവിഭാഗങ്ങളിലും അവരുടെ പഠിപ്പിക്കലുകളിലും ഈ ചിന്താഗതികള്‍ അന്തര്‍ലീനമായിരിക്കുന്നു.

നമുക്ക് ശരി എന്നു തോന്നുന്ന, ഗൌരവമല്ലാ എന്നു ചിന്തിക്കുന്ന രീതിയില്‍ ആണ് ക്രൈസ്തവിശ്വാസികളുടെ ഇടയില്‍ ആന്‍റി-സെമിറ്റിസം എന്ന യഹൂദ വിരോധം പടര്‍ന്ന് കയറിയിരിക്കുന്നത്.

പഴയനിയമം ഇനി വേണ്ട, പുതിയ നിയമം മാത്രം മതി, പഴയ നിയമം നീങ്ങിപ്പോയി, എന്നിങ്ങനെ ഉള്ള ചിന്തകളില്‍ എന്തെങ്കിലും അപകടം ഉള്ളതായി പ്രത്യക്ഷതയില്‍ നമുക്ക് തോന്നാറില്ല. ഇതെല്ലാം ചെറിയ വേദവ്യാഖ്യാനങ്ങള്‍ ആണ് എന്നു നമുക്ക് ചിന്തിക്കാം.

എന്നാല്‍ ഇത് അതി ഗൌരവമായ ഒരു യഹൂദ വിരുദ്ധ ചിന്ത ആണ്, പകരംവെയ്ക്കല്‍ സിദ്ധാന്തം, മാറ്റികളഞ്ഞു എന്ന ചിന്ത, അല്ലെങ്കില്‍ Replacement Theory, ദൈവത്തിന്റെ സഭ എന്ന നിലയില്‍ നിന്നും യിസ്രായേല്‍ ജനതയെ ദൈവം നീക്കി കളഞ്ഞു എന്നും, ഇന്നത്തെ ക്രിസ്തീയ സഭ അവര്‍ക്ക് പകരമായി ദൈവം തിരഞ്ഞെടുത്തിരിക്കുക ആണ് എന്നും പഠിപ്പിക്കുന്നു. ചില ക്രൈസ്തവ സഭകള്‍ക്ക്, അവര്‍ മാത്രമേ ദൈവത്തിന്റെ സഭയായി ഈ ഭൂമിയില്‍ ഇപ്പോള്‍ ഉള്ളൂ എന്ന് സ്ഥാപിക്കുക ആണ് ലക്ഷ്യം. എന്നാല്‍, ഖേദകരം എന്ന് പറയട്ടെ, ചില പ്രൊട്ടസ്റ്റന്‍റ് സഭാവിഭാഗങ്ങളും, പെന്തക്കോസ്ത്, കരിസ്മാറ്റിക്ക് വിഭാഗങ്ങളും ഈ ചിന്തയില്‍ വീണുപോയിട്ടുണ്ട്.

ഈ ചിന്തയുടെ തെറ്റ് ചര്‍ച്ച ചെയ്യുവാന്‍ ഇവിടെ കഴിയാത്തതുകൊണ്ടു, ഒരു വാക്കില്‍ ഉത്തരം നല്കി പോകുവാന്‍ ഞാന്‍ ആഗ്രഹികുന്നു.

യിസ്രായേല്‍ ജനതയ്ക്കും രാജ്യത്തിനും ദൈവീക പദ്ധതിയില്‍ അവരുടേതായ സ്ഥാനം ഉണ്ട്; ഒപ്പം തന്നെ കര്‍ത്താവിന്റെ മണവാട്ടി സഭയായ വീണ്ടും ജനനം പ്രാപിച്ച ജനത്തിന് അവരുടേതായ പ്രത്യേക സ്ഥാനവും ദൈവീക പദ്ധതിയില്‍ ഉണ്ട്. ഒന്നു ഒന്നിനെ നീക്കികളയുന്നില്ല.

റോമര്‍ 11:24 ല്‍ പൌലൊസ് പറയുന്നതു ശ്രദ്ധയോടെ വായിക്കുക: “സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവിക കൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും.”

അതിനാല്‍ തന്നെ യഹൂദ വിരോധമായ ആന്‍റി-സെമിറ്റിസം ദൈവീക പദ്ധതിക്കു എതിരായ ഒരു സിദ്ധാന്തം ആണ്.

അത്തി യഹൂദന്മാരെ സൂചിപ്പിക്കുന്നു. അത് തളിര്‍ക്കുന്നതും അവര്‍ക്കെതിരായി വിരോധികള്‍ എഴുന്നേല്‍ക്കുന്നതും അന്ത്യകാല ലക്ഷണം ആണ്. “അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.” (മത്തായി 24: 33)

ഉപസംഹാരം

അത്തിവൃക്ഷവും യിസ്രായേലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഈ പഠനം ഞാന്‍ ഇവിടെ ചുരുക്കുവാന്‍ ആഗ്രഹിക്കുന്നു. അത്തിവൃക്ഷം യിസ്രയേലിന്റെ അടയാളമാണ് എന്നതിന് തെളിവായി കൂടുതല്‍ വേദഭാഗങ്ങള്‍ ഉണ്ട് എങ്കിലും അവയെല്ലാം വിശദീകരിക്കുവാന്‍ ഒരു വീഡിയോയില്‍ കഴിയുക ഇല്ലല്ലോ.

ഉലപ്പത്തി മുതല്‍ വെളിപ്പാടു വരെ ഉള്ള വേദപുസ്തക ഭാഗങ്ങളില്‍ അത്തിവൃക്ഷത്തെ യിസ്രയേലിന്റെ അടയാളമായി ചിത്രീകരിക്കുന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു.  

ഇന്ന് നമുക്ക് ഏറ്റവും പ്രാധാനപ്പെട്ട വസ്തുത, യേശുക്രിസ്തുവിന്റെ അന്ത്യകാലത്തെക്കുറിച്ചുള്ള പ്രവചനമാണ്. അത്തിവൃക്ഷം തളിര്‍ത്തിരിക്കുന്നു. യിസ്രയേലില്‍ എമ്പാടും വളര്‍ന്ന് ഇലകളും ഫലങ്ങളും നിറഞ്ഞ അത്തിവൃക്ഷം കാണാവുന്നതാണ്. ഇത് കര്‍ത്താവ് വരവായി എന്നതിന്റെ വ്യക്തമായ സൂചന ആണ്.

ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ചിതറിപ്പോയ യിസ്രായേല്‍ ജനത്തിലെ മഹാബഹുഭൂരിപക്ഷവും തിരികെ സ്വന്ത ദേശത്തു എത്തിചേര്‍ന്നിരിക്കുന്നു.

ഇനി അവരുടെ ഇടയില്‍ ഒരു ആത്മീയ ഉണര്‍വ്വ് നടക്കേണം. അവര്‍ യേശുക്രിസ്തുവിനെ സ്വീകരിക്കുവാന്‍ തയ്യാറാകേണം. അപ്പോള്‍ യേശുക്രിസ്തു നിശ്ചയമായും തിരികെ വരും.

വീണ്ടും ജനനം പ്രാപിച്ച വിശ്വാസ സമൂഹത്തിന്റെ പ്രത്യാശ ഇതാണ്. ആ മഹാ സംഭവത്തിന്നാ നമുക്ക് ഒരുങ്ങി കാത്തിരിക്കാം.

 ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.

വേദപുസ്തക മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കാണുവാനും കേള്‍ക്കുവാനും നിങ്ങളെ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. 

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.

ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക. മറ്റുള്ളവരോടുകൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.

 

No comments:

Post a Comment