അബ്രാഹാമിന്‍റെ ജീവിത ചരിത്രം

അബ്രാഹാമിന്റെ ജീവിത ചരിത്രത്തിലൂടെ ഒരു ദ്രുതയാത്ര ആണ് ഇന്നത്തെ സന്ദേശം.
സംഭവ ബഹുലമായ ജീവിതം ആയിരുന്നു അബ്രാഹാമിന്‍റേത്. അതിനാല്‍ സംഭവങ്ങളുടെ ഒരു ക്രമമായ വിവരണം അല്ലാതെ അതിന്റെ ആത്മീയ മര്‍മ്മങ്ങളിലേക്ക് അധികമായി നമ്മള്‍ പോകുന്നില്ല. എന്നാല്‍ അല്‍പ്പമായി ഇടയ്ക്കിടെ വിശകലനം ചെയ്യുന്നുമുണ്ട്.

വേദപുസ്തകത്തില്‍ അബ്രാഹാമിനേ കുറിച്ചുള്ള ആദ്യ പരമാര്‍ശം ഉല്‍പ്പത്തി 11: 26 ല്‍ നമ്മള്‍ വായിക്കുന്നു. അവന് അപ്പോള്‍ 70 വയസ്സ് ആയിരുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ ജീവിത ചരിത്രം വേദപുസ്തകത്തില്‍ ആരംഭിക്കുന്നത് ഉല്‍പ്പത്തി 12 : 1 ആം വാക്യത്തോടെ ആണ്.
അപ്പോള്‍ അദ്ദെഹത്തിന് 75  വയസ്സ് ആയിരുന്നു. അബ്രഹാം മരിക്കുന്നത്, 175 ആം വയസ്സില്‍ ആണ്. (ഉല്‍പ്പത്തി 25: 7,8). അതായത് 14 അദ്ധ്യായങ്ങളില്‍ ആയി 100 വര്‍ഷങ്ങളുടെ ജീവിത ചരിത്രമാണ് വേദപുസ്തകത്തില്‍ നമുക്ക് ലഭ്യമായിരിക്കുന്നത്.
അബ്രാഹാമിന്റെ ജനനം മുതല്‍ 75 ആമത്തെ വയസ്സ് വരെയുള്ള ജീവിത ചരിത്രം ദൈവത്തിന്റെ പദ്ധതിയ്ക്ക് പ്രധാനമല്ലായിരിക്കാം. അതിനാല്‍ ആയിരുന്നിരിക്കേണം അത് ദൈവാത്മാവ് രേഖപ്പെടുത്താതിരുന്നത്.
എങ്കിലും യഹൂദ പാരമ്പര്യത്തില്‍ അബ്രാഹാമിന്റെ  75 വയസ്സ് വരെയുള്ള ഒരു ചരിത്ര കഥ ഉണ്ട്. അതില്‍ സത്യവും മിഥ്യയും ഉണ്ടാകാം എന്നതിനാല്‍ അതിന്‍റെ വിശ്വസനീയതയില്‍ എനിക്ക് ഉറപ്പില്ല. എങ്കിലും നമ്മളുടെ അറിവിലേക്കായി ഞാന്‍ ചുരുക്കമായി അതിവിടെ പറയാം.

അബ്രാഹാമിന്റെ ആദ്യത്തെ പേര് അബ്രാം എന്നായിരുന്നു. പിന്നീട് ദൈവം ആണ് അബ്രാമിന്റെ പേര് അബ്രഹാം എന്ന് മാറ്റുന്നത്. എന്നാല്‍ നമ്മള്‍ ഈ സന്ദേശത്തിന്റെ ആദ്യം തന്നെ മുതല്‍ അബ്രഹാം എന്ന പേര് ഉപയോഗിക്കുക ആണ്.

അബ്രാഹാമിന്റെ കുടുംബം ബാബിലോണ്‍ രാജാവായ നിമ്രോദിന്റെ കാലത്ത് “കല്‍ദയരുടെ ഒരു പട്ടണമായ ഊരില്‍” ജീവിച്ചിരുന്നു. (11:28)
കല്‍ദയര്‍ മെസൊപ്പൊട്ടേമിയ എന്ന ദേശത്തിന്‍റെ തെക്ക് കിഴക്കന്‍ ഭാഗത്ത്, യൂഫ്രട്ടീസ് നദിക്കരയില്‍ ജീവിച്ചിരുന്ന നാടോടി സ്വഭാവം ഉള്ള ഒരു സമൂഹം ആയിരുന്നു. അവര്‍ പൊതുവേ ബഹുദൈവ വിശ്വാസികള്‍ ആയിരുന്നു എന്നതിനാല്‍ മറ്റ് അനേകം ദേവന്മാരുടെ കൂട്ടത്തില്‍ യഹോവയായ ദൈവത്തെയും അവര്‍ ആരാധിച്ചിരുന്നു.
അബ്രാഹാമിന്റെ പിതാവായ തേരഹിന് അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിങ്ങനെ മൂന്നു മക്കള്‍ ആയിരുന്നു.
ഇതില്‍ ഹാരാന്‍ ഊരില്‍ വച്ച് തന്നെ മരിച്ചു. അദ്ദേഹത്തിന്റെ മകന്‍ ആയിരുന്നു ലോത്ത്.
തേരഹ് നോഹയുടെ വംശാവലിയില്‍ ഒന്‍പതാമന്‍ ആയിരുന്നു.
ഇത്രയും കാര്യങ്ങള്‍ വേദപുസ്തകത്തില്‍ നിന്നും നമുക്ക് ഗ്രഹിക്കുവാന്‍ കഴിയുന്നതാണ്.



യഹൂദ പാരമ്പര്യം

ഇനി നമ്മള്‍ പറയുന്ന ജീവിത ചരിത്രം യഹൂദ പാരമ്പര്യ കഥകള്‍ ആണ് എന്ന് ശ്രദ്ധിയ്ക്കുക.
തേരഹ് ബാബിലോണിയന്‍ രാജ്യാവായ നിമ്രോദിന്റെ കൊട്ടാരത്തിലെ പ്രധാനി ആയിരുന്നു.
അബ്രാഹാമിന്റെ ജനനത്തിന്റെ തലേ രാത്രിയില്‍ ജോതിഷന്‍മാര്‍ ആകാശത്തിലെ നക്ഷത്ര സമൂഹത്തെ വീക്ഷിച്ചിട്ട്, ജനിക്കുവാന്‍ ഇരിക്കുന്ന കുട്ടി ഒരു വലിയ ജനസമൂഹത്തിന്റെ പിതാവാകും എന്ന് പ്രവചിച്ചു പറഞ്ഞു. ഈ വിവരം നിമ്രോദ് അറിഞ്ഞപ്പോള്‍, കുട്ടിയെ കൊല്ലേണം എന്ന് തേരഹിനോടു ആവശ്യപ്പെട്ടു. അതിനാല്‍ അബ്രഹാം ജനിച്ച ഉടനെ, തേരഹ് അവനെ ഒരു ഗുഹയില്‍ ഒളിപ്പിക്കുകയും, പകരമായി ഒരു ദാസന്റെ മകനെ കൊല്ലുവാനായി നിമ്രോദിനെ ഏല്‍പ്പിക്കുകയും ചെയ്തു.

അബ്രഹാം 10 വയസ്സ് വരെ ഈ ഗുഹയില്‍ താമസിച്ചു. അവിടെ വച്ച് സൂര്യ, ചന്ദ്ര, നക്ഷത്രാദികളെ വീക്ഷിച്ചിട്ട്, ഇവയെ എല്ലാം നിയന്ത്രിക്കുന്ന സര്‍വ്വശക്തനായ ഒരു ദൈവം ഉണ്ട് എന്ന് അവന്‍ മനസ്സിലാക്കി. അവിടെ നിന്നും അവന്‍ നോഹ, ശേം, എന്നിവരുടെ വീട്ടില്‍ ചെന്ന് താമസിച്ചു. അവിടെ വച്ച് യഹോവയായ ദൈവത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ അബ്രാഹാമിന് കഴിഞ്ഞു.
അതിനാല്‍, അബ്രഹാം, യഹോവയെ മാത്രം ആരാധിക്കാവൂ എന്ന് തന്റെ പിതാവിനോടു പറയുമായിരുന്നു എങ്കിലും തേരഹ് അത് ഗൌനിച്ചില്ല. ഒരു ദിവസം അബ്രഹാം തന്റെ പിതാവിന്റെ പൂജാമുറിയിലെ വിഗ്രഹങ്ങളെ എല്ലാം തച്ചുടച്ചു. ദേവന്മാര്‍ തമ്മില്‍ കലഹം ഉണ്ടായി പരസ്പരം കൊന്നതാണ് എന്ന് അബ്രഹാം ഒരു വിശദീകരണവും തേരഹിന് കൊടുത്തു. എന്നാല്‍ അത് വിശ്വസിക്കാത്ത തേരഹ് വിവരം രാജാവായ നിമ്രോദിനെ അറിയിച്ചു.  

നിമ്രോദ് ഉടന്‍ തന്നെ അബ്രാഹാമിനെ തീയില്‍ ഇട്ട് കൊല്ലുവാന്‍ കല്‍പ്പിച്ചു. എന്നാല്‍ അഗ്നി അബ്രാഹാമിനെ കെട്ടിയിരുന്ന കയര്‍ കത്തിച്ചു കളഞ്ഞതല്ലാതെ അവന് ഒരു ദോഷവും വരുത്തിയില്ല. ഇതൊരു മഹാ അത്ഭുതമായിരുന്നു. അങ്ങനെ അബ്രഹാം തീയില്‍ നിന്നും രക്ഷ പ്രാപിച്ച് വീട്ടിലേക്ക് തിരികെ പോയി. എന്നാല്‍, യഹോവയായ ദൈവം മാത്രമേ ദൈവമായുളൂ എന്ന് അവിടെ കൂടിയിരുന്ന ചില കൊട്ടാര പ്രധാനിമാര്‍ക്ക് മനസ്സിലായി. അവര്‍ അബ്രാഹാമിനോടൊപ്പം കൂടി. അകൂട്ടത്തില്‍ ഒരാളായിരുന്നു, പിന്നീട് അദ്ദേഹത്തിന്റെ വിശ്വസ്ത ദാസന്‍ ആയിതീര്‍ന്ന ദേമ്മേശെക്കുകാരനായ എലെയാസാര്‍.

പിന്നീട് അബ്രഹാം സാറായേ വിവാഹം കഴിച്ചു. അവര്‍ക്ക് സന്തതികള്‍ ജനിച്ചില്ല. വീണ്ടും നിമ്രോദ് അബ്രാഹാമിനെ കൊല്ലുവാന്‍ പദ്ധതികള്‍ തയ്യാറാക്കി. അത് കേട്ടപ്പോള്‍ തേരഹ്  അബ്രഹാമുമായി സ്വദേശം വിട്ട്, കാനാന്‍ ദേശത്തേക്ക് പോകുവാന്‍ തീരുമാനിച്ചു, യാത്ര പുറപ്പെട്ടു.
ഇത്രയും യഹൂദ പരമ്പര്യ കഥകള്‍ ആണ്.

വേദപുസ്തക ചരിത്രം തുടങ്ങുന്നത് ഇങ്ങനെ ആണ്: “തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൗത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻ വരെ വന്നു അവിടെ പാർത്തു. തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു. (ഉല്‍പ്പത്തി 11: 31, 32)

ദൈവം വിളിക്കുന്നു

നമ്മള്‍ മുംബ് പറഞ്ഞതുപോലെ അബ്രാഹാമിന്റെ ചരിത്രം വേദപുസ്തകത്തില്‍ ആരംഭിക്കുന്നത് 75 ആമത്തെ വയസ്സില്‍ ആണ്. മെസൊപ്പൊട്ടേമിയയിലെ ജനങ്ങള്‍ ബഹുദൈവ വിശ്വാസികള്‍ ആയിരുന്നതിനാല്‍ ആയിരിക്കാം ദൈവം അവനോടു മറ്റൊരു ദേശത്തേക്കു പോകുവാന്‍ ആവശ്യപ്പെട്ടത്. അവിടെ ദേശം അവകാശമാക്കി, ഒരു പുതിയ ജനസമൂഹത്തെയും രാജ്യത്തെയും സൃഷ്ടിക്കുക എന്നതായിരുന്നു ദൈവത്തിന്റെ പദ്ധതി.
സകലതും സാധ്യമായ സര്‍വ്വശക്തനായ ദൈവത്തിന് അന്ന് നിലവില്‍ ഉണ്ടായിരുന്ന ഏതെങ്കിലും ഒരു രാജ്യത്തെയോ ജനസമൂഹത്തെയോ രൂപാന്തരപ്പെടുത്തി, യഹോവയെ മാത്രം ആരാധിക്കുന്ന ഏക ദൈവ വിശ്വാസികള്‍ ആക്കി മാറ്റി എടുക്കാമായിരിന്നു. എന്നാല്‍ ദൈവത്തിന്റെ പദ്ധതി അങ്ങനെ ആയിരുന്നില്ല. എപ്പോഴും എല്ലാകാര്യത്തിലും ദൈവത്തിന് അവന്‍റേതായ തനതായ ഒരു പ്രവര്‍ത്തന രീതി ഉണ്ട്.
നിലവില്‍ ഉള്ളതിനെ മാറ്റി എടുക്കുക ആയിരുന്നില്ല ദൈവീക പദ്ധതി. ഒന്നുമില്ലായ്മയില്‍ നിന്നും പുതിയ ഒന്നിനെ സൃഷ്ടിച്ച് എടുക്കുക എന്നതായിരുന്നു അവന്റെ പദ്ധതി.
അതിനായി ദൈവം അബ്രാഹാമിനെ കണ്ടു, തിരഞ്ഞെടുത്തു, മുന്‍നിയമിച്ചു, അവനോടു ഒരു ഉടമ്പടി ചെയ്തു.

ഉല്‍പ്പത്തി 12: 1 - 3
    യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.
   ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
   നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

ദൈവീക കല്പ്പന അനുസരിച്ച് അബ്രഹാം, ഭാര്യ സാറായേയും സഹോദര പുത്രന്‍ ലോത്തിനെയും കൂട്ടി കനാന്‍ ദേശത്തേക്കു യാത്രയായി.
ഇവിടെ നമ്മള്‍ ഒരു വലിയ ആത്മീയ മര്‍മ്മം ശ്രദ്ധിക്കേണ്ടതുണ്ട്.
ദൈവം പറഞ്ഞത്, “ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.” എന്നാണ്.
എബ്രായര്‍ 11: 8 ല്‍ നമ്മള്‍ വായിക്കുന്നത്,വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.”
എന്നാല്‍, ഉല്‍പ്പത്തി 12: 5 ല്‍ തന്നെ അബ്രഹാം “കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു കനാൻദേശത്തു എത്തി.” എന്നു നമ്മള്‍ വായിക്കുന്നു.
എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത്? അബ്രാഹാമിന്റെ പിതാവ് കനാന്‍ ദേശത്തേക്ക് പോകുവാനാണ് ഊര്‍ ദേശം വിട്ട് യാത്ര തിരിച്ചത്. അത് ഒരു ദൈവീക ക്രമീകരണം ആയിരുന്നു എങ്കിലും തേരഹ്, സ്വന്ത ഇഷ്ടത്താല്‍ എടുത്ത ഒരു തീരുമാനം ആണ്. നിര്‍ഭാഗ്യവശാല്‍, വഴിമദ്ധ്യേ, ഹാരാന്‍ എന്ന സ്ഥലത്തു വച്ച് തേരഹ് മരിച്ചു. അതിനുശേഷം ദൈവം അബ്രാഹാമിന് പ്രത്യക്ഷന്‍ ആയി യാത്ര തുടരുവാന്‍ പറഞ്ഞു. അബ്രഹാം കനാന്‍ ദേശത്തേക്കുള്ള യാത്ര തുടര്‍ന്നു.
എന്നാല്‍ ഭൌതീകമായി, ആ ദേശം അബ്രഹാം അതുവരെ കണ്ടിട്ടില്ല. കനാന്‍ ചെറുതും വലുതുമായ ഒന്നിലധികം രാജ്യങ്ങളുള്ള വിശാലമായ ഒരു ദേശമാണ്. അത് സിറിയ, ഈജിപ്ത് എന്നീ ദേശങ്ങളുടെ ഇടയില്‍ സ്ഥിതി ചെയ്തിരുന്നു.
ആ ദേശത്തു എവിടെ താമസിക്കും, ഏത് ഭാഗം കൈവശമാക്കും എന്നു അദ്ദേഹത്തിന് അറിഞ്ഞുകൂടാ. അങ്ങനെ അത് ഇനിയും ദൈവം കാണിച്ചുകൊടുപ്പനുള്ള ദേശമായി മാറി.

ഇത് കൂടാതെ,ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശം”,എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു” എന്നീ വാക്കുകളില്‍ ഒരു ആത്മീയ മര്‍മ്മം അടങ്ങിയിരിപ്പുണ്ട്. ഈ ആത്മീയ മര്‍മ്മം വളരെ പ്രധാനപ്പെട്ടതാണ്.

അബ്രഹാം യാത്രപുറപ്പെട്ട്, ശെഖേം, മോരെ എന്ന സ്ഥലത്തെ ഓക്ക് മരക്കാടുകള്‍ വരെയും സഞ്ചരിച്ചു. അതായത് ഹെബ്രോനിലെ മമ്രേയുടെ തോപ്പില്‍ വരെ എത്തി.
അത് കനാന്‍ ദേശത്തിന്റെ ഭാഗം ആയിരുന്നു. ശെഖേം അക്കാലത്ത് ഒരു രാക്ഷ്ട്രീയ ശക്തിയും ബാല്‍ ബേരിറ്റ് എന്ന കനാന്യ ദേവന്‍റെ ആരാധനാ കേന്ദ്രവും ആയിരുന്നു.
ഹെബ്രോനിൽ മമ്രേയുടെ തോപ്പില്‍ യഹോവയായ ദൈവം അബ്രഹാമിനു പ്രത്യക്ഷനായി, ആ ദേശം അവന്റെ സന്തതിക്കു കൊടുക്കുമെന്നു അരുളിച്ചെയ്തു.
അവിടെ, വാഗ്ദത്ത ദേശത്തു ആദ്യമായി, അബ്രഹാം യഹോവെക്കു ഒരു യാഗപീഠം പണിതു, യഹോവയായ ഏക ദൈവത്തിന്‍റെ ആരാധന ആരംഭിച്ചു.
പിന്നീട് അബ്രഹാം ചുറ്റുമുള്ള ദേശങ്ങളിലേക്ക് യാത്ര തുടര്‍ന്നു. അവൻ ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു. ബേഥേല്‍ ഏല്‍ എന്ന കനാന്യ ദേവന്‍റെ ആരാധനാ കേന്ദ്രം ആയിരുന്നു. അവിടെയും അബ്രഹാം യഹോവെക്കു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.
അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.
അതായത്, ദൈവം ഭൌതീകമായ ഒരു ദേശം കാണിച്ചുകൊടുത്തു, അവിടെ അബ്രാഹാമിനെ സുരക്ഷിതമായി എത്തിച്ചു, ദേശം അവകാശമായി കൊടുക്കാം എന്നു ഉറപ്പുനല്‍കി. അബ്രഹാം അവിടെ ഒരു യാഗപീഠം പണിതു, ആരാധനയും തുടങ്ങി.
അതിനുശേഷമുള്ള മറ്റുസ്ഥലങ്ങളിലേക്കുള്ള യാത്രയും അവിടെ എല്ലാം യാഗം പണിയുന്നതും ആരാധന നടത്തുന്നതും, ഏക ദൈവമായ യഹോവയെ മറ്റുള്ളവര്‍ കൂടി അറിയുവാന്‍ ആണ്.
പുതിയ നിയമ ഭാഷയില്‍ പറഞ്ഞാല്‍, ഒരു അപ്പൊസ്തലനും, സുവിശേഷകനും ആയി അബ്രഹാം മാറി.
യിസ്രായേല്‍ അബ്രാഹാമിന്റെ ജഡപ്രകാരമുള്ള സന്തതി പരമ്പരകല്‍ ആയിരിക്കുമ്പോഴും, അതിനുമപ്പുറത്ത് ജാതികളെകുറിച്ചും ദൈവത്തിന് ഒരു വീണ്ടെടുപ്പ് പദ്ധതി ഉണ്ടായിരുന്നു എന്നു അബ്രഹാം വിശ്വസിച്ചിരുന്നിരിക്കേണം.

ഉടമ്പടിയുടെ രണ്ടു തലങ്ങള്‍
അബ്രാഹാമിന്റെ ഉടമ്പടിയ്ക്കു ഭൌതീകവും ആത്മീയവും ആയ രണ്ടു തലങ്ങള്‍ ഉണ്ടായിരുന്നു.
ദൈവം അബ്രാഹാമിന് ഭൌതീകമായ സന്തതികളും, അനുഗ്രഹങ്ങളും ദേശവും വാഗ്ദത്തം ചെയ്തു. അബ്രഹാമും അവന്റെ സന്തതികളും ഭൌതീകമായി തന്നെ അവയെല്ലാം അവകാശമാക്കി.
ഇതൊനോടൊപ്പം, അബ്രാഹാമിന്റെ ഉടമ്പടിയില്‍ ആത്മീയ സന്തതികളും, ആത്മീയ അനുഗ്രഹങ്ങളും, ആത്മീയ ദേശവും ഉണ്ടായിരുന്നു. ഈ രണ്ടു തലങ്ങളെക്കുറിച്ചും അബ്രാഹാമിന് നല്ല  ബോധ്യം ഉണ്ടായിരുന്നു.

ഇവിടം മുതല്‍ അബ്രാഹാമിന്‍റെ ജീവിതത്തിലേക്ക് ജാതീയ രാജാക്കന്മാര്‍ കടന്നുവരുകയാണ്. അതായത് അബ്രാഹാമിന്‍റെ ചരിത്രം രാജാക്കന്മാരുടെ ജീവിതവുമായി ബന്ധപ്പെടുവാന്‍ തുടങ്ങുന്നു. അവന്റെ ജീവിതത്തിന്‍റെ നിലവാരം മാറുക ആണ്.

ആദ്യ കുടിയേറ്റം

അതിനു ശേഷം കനാന്‍ ദേശത്ത് ഒരു വലിയ ക്ഷാമം ഉണ്ടായി. (ഉല്‍പ്പത്തി 12: 10)
അതായത്, കൃഷിയും വിളവെടുപ്പും സമൃദ്ധം ആയില്ല. ഒരു പക്ഷേ കാലത്തെ കാലാവസ്ഥ അനുകൂലം ആയിരുന്നില്ല എന്നത് അതിനു കാരണം ആയേക്കാം. അല്ലെങ്കില്‍, കാട്ടുമൃഗങ്ങളോ, വെട്ടുകിളികളോ, ശത്രുക്കളായ മറ്റ് രാജ്യക്കാരോ വിളകളെ നശിപ്പിച്ചതും ആകാം. എന്നാല്‍ ആ കാലത്തെ ക്ഷാമത്തിന്റെ കാരണങ്ങള്‍ വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
ദേശത്ത് ക്ഷാമം ഉണ്ടാകുമ്പോള്‍, അക്കാലത്തെ മനുഷ്യര്‍ താല്‍ക്കാലികമായി സമൃദ്ധി ഉള്ള അയല്‍ രാജ്യങ്ങളിലേക്ക് മാറി താമസിക്കുക പതിവായിരുന്നു.
അബ്രാഹാമിന് ശേഷം, യാക്കോബിന്റെ ജീവിതത്തിലും, രൂത്തിന്റെ പുസ്തകത്തിലും ഇത്തരം കുടിയേറ്റം കാണാവുന്നതാണ്. ചിലപ്പോള്‍ തല്‍ക്കാലികമായി ചെയ്യുന്ന ഇത്തരം കുടിയേറ്റങ്ങള്‍ സ്ഥിരമായ താമസം ആയേക്കാം.
അബ്രഹാം ഒരു കൃഷിക്കാരന്‍ ആയിരുന്നില്ല. അവന്‍ ആടുകളെ വളര്‍ത്തുന്ന പ്രവര്‍ത്തിയില്‍ ആയിരുന്നിരിക്കേണം. അതുകൊണ്ടാണ് അവന്, ഒരു സ്ഥലത്തു നില്‍ക്കാതെ യാത്ര ചെയ്തുകൊണ്ടിരിക്കുവാന്‍ കഴിഞ്ഞത്.
അതായത്, ആട്ടിടയന്‍മാര്‍ എന്ന തൊഴില്‍, ഒരു ദേശവും സ്ഥിരമല്ല എന്ന ആത്മീയ മര്‍മ്മം വെളിപ്പെടുത്തുണ്ട്. അവര്‍ ഒരു സ്തലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് ആടുകളുമായി എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കും. ആടുകളുടെ സുരക്ഷ, ഭക്ഷണം എന്നിവയാണ് ഇടയന്‍മാരുടെ പരിഗണനാ വിഷയങ്ങള്‍.
യിസ്രായേല്‍ ജനവും ആട്ടിടയന്‍മാര്‍ ആയിരുന്നുവല്ലോ. നമ്മളുടെ കര്‍ത്താവ് നല്ല ഇടയനും നമ്മള്‍ ആടുകളും ആകുന്നുവല്ലോ. നമ്മളുടെ ഇടയന്റെയും നമ്മളുടെയും ദേശം നമ്മള്‍ ഇപ്പോള്‍ താമസിക്കുന്ന ഭൂമി അല്ല.
ഈ ചിന്ത അബ്രാഹാമിന്റെ ജീവിത ദര്‍ശനത്തിന്റെ മുഖ്യ ഭാഗം ആണ്.

അബ്രാഹാമിന്റെ ജീവിതത്തിലെ, കനാന്‍ ദേശത്ത് എത്തിചേര്‍ന്നതിന് ശേഷമുള്ള ആദ്യ കുടിയേത്തിന്റെ ചരിത്രം ആണ് നമ്മള്‍ ഉല്‍പ്പത്തി 12 ല്‍ വായിക്കുന്നത്.
ദൈവം ആ ദേശം അവനും സന്തതിക്കും അവകാശമായി നല്കും എന്നു ഉറപ്പ് നല്കിയത്തിന് ശേഷമാണ് ഈ കുടിയേറ്റം നടക്കുന്നതു എന്നത് ശ്രദ്ധേയം ആണ്.
ദൈവം തന്ന ദേശമായതുകൊണ്ടു ഇവിടം വിട്ട് എങ്ങോട്ടും പോകില്ല എന്നല്ല അബ്രഹാം തീരുമാനിച്ചത്; ദേശത്ത് ക്ഷാമം ഉണ്ടാകുമ്പോള്‍ സമൃദ്ധി ഉള്ള അയല്‍ രാജ്യങ്ങളിലേക്ക് കുടിയേറുക എന്ന അന്നത്തെ രീതി അനുസരിച്ച് അവനും മിസ്രയീമിലേക്ക് പോയി. ഇതിനാല്‍ ദൈവം അവനെ ശകാരിച്ചതും ഇല്ല.
ഈ യാത്ര, ഒരു നാടോടി ആയ അബ്രാഹാമിനെ രാജാക്കന്മാരുമായി ബന്ധം സ്ഥാപിക്കുന്ന നിലയിലേക്കും, കൂടുതല്‍ അനുഗ്രഹം പ്രാപിക്കുന്നതിലേക്കും നയിച്ചു.
എന്നാല്‍ ഈ യാത്രയും, അവിടെ നിന്നും പ്രാപിച്ച ഭൌതീക അനുഗ്രഹങ്ങളും പിന്നീട് അബ്രാഹാമിന്റെ ജീവിതത്തില്‍ അനേകം പ്രതിസന്ധികള്‍ ഉണ്ടാക്കി.

സാറാ അതിസുന്ദരി ആയിരുന്നതിനാല്‍ മിസ്രയീമ്യര്‍ സാറയെ സ്വന്തമാക്കുവാനായി അബ്രാഹാമിനെ കൊല്ലും എന്നു അവന്‍ ഭയപ്പെട്ടു.
അതിയനാല്‍ തന്റെ ഭാര്യയെ സഹോദരി എന്ന് ആ ദേശക്കാരോടു പരിചയപ്പെടുത്തുവാനും, മിസ്രയീം രാജാവായ ഫറവോന്‍ ആവശ്യപ്പെട്ടപ്പോള്‍ സാറായെ വിട്ട് കൊടുക്കുവാനും അബ്രഹാം തയ്യാറായി. ഇത് അബ്രാഹാമിന്റെ ജീവിതത്തിലെ കറുത്ത പാടാണ്.

സാറ അബ്രാഹാമിനെ വിവാഹം കഴിക്കുന്നത് 40 നും 45 നും വയസ്സിന് ഇടയില്‍ ആയിരിക്കേണം. അബ്രാഹാമും സാറായും മിസ്രയീമില്‍ ചെന്നപ്പോള്‍ അവള്‍ക്ക് 65 വയസ്സു പ്രായം ആയിട്ടുണ്ടാകും. എങ്കിലും അവള്‍ അതീവ സുന്ദരി ആയിരുന്നു എന്നു വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ദൈവം അബ്രാമിന് ഉടമ്പടി നല്കിയത്തിന് ശേഷം അവരുടെ ഇരുവരുടെയും പ്രായം കുറഞ്ഞു വന്നെന്നോ, അവര്‍ക്ക് യൌവനം തിരികെ ലഭിച്ചു എന്നോ വേദപുസ്തകം പറയുന്നില്ല.

മിസ്രയീമില്‍, അബ്രഹാം ഭയന്നത് പോലെ തന്നെ സംഭവിച്ചു. ഫറവോന്‍ സാറായെ പിടിച്ചുകൊണ്ട് പോയി. അവന്‍ അതിന് പകരമായി അബ്രാഹാമിന് ആടുമാടുകളെയും, ആണ്‍കഴുതകളെയും, പെണ്‍കഴുതകളെയും, ഒട്ടകങ്ങളെയും, ദാസന്മാരെയും, ദാസിമാരെയും കൊടുത്തു. (12:16)
എന്നാല്‍, അബ്രാമിന്റെ ഭാര്യയായ സാറായിനിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു.
ദണ്ഡനത്തിന്‍റെ കാരണം സാറയെ ഭാര്യയായി എടുത്തതാണ് എന്നു മനസ്സിലാക്കിയ ഫറവോന്‍, സാറായിയെ തിരികെ കൊടുത്തു. മിസ്രയീം ദേശം വിട്ട് പോകുവാന്‍ ഫറവോന്‍ അബ്രാഹാമിനോടു കല്‍പ്പിച്ചു.

അങ്ങനെ ഈ കഥ ശുഭമായി പര്യവസാനിച്ചു എങ്കിലും, അബ്രാഹാമിന് ഇത് ഗുണവും ദോഷവും സമ്മിശ്രമായി ലഭിച്ച സംഭവമായിരുന്നു.
ക്ഷാമകാലം തീരുന്നതുവരെ അബ്രാഹാമും കുടുംബവും മിസ്രയീമില്‍ താമസിച്ചു കാണും. എന്നാല്‍ താന്‍ ചെല്ലുന്ന ഇടത്തേല്ലാം യാഗപീഠം പണിതു യഹോവയെ ആരാധിക്കുന്ന അബ്രഹാം മിസ്രയീമില്‍ അങ്ങനെ ചെയ്തില്ല. അത്, ഒരു പക്ഷേ മിസ്രയീമില്‍ ആരാധന ഇല്ല, ആരാധന വാഗ്ദത്ത ദേശത്ത് മാത്രമേ ഉള്ളൂ എന്നതിനാല്‍ ആയിരിക്കാം.
ഈ കാലയളവില്‍ ദൈവം അവനെ മറന്നു എന്ന് പറയുവാന്‍ കഴിയില്ല; അവന് വേണ്ടി ദൈവം ഫറവോനെയും കുടുംബത്തെയും ദണ്ഡിപ്പിച്ചു.
എന്നാല്‍ മിസ്രയീമില്‍ ആയിരുന്ന കാലത്ത്, ദൈവവുമായി അബ്രാഹാമിന് യാതൊരു ആശയ വിനിമയവും ഉണ്ടായില്ല.
ഫറവോന്‍ സമ്മാനമായി നല്കിയ സമ്പത്ത് ആണ് പിന്നീട് ലോത്തുമായി വഴിപിരിയുവാന്‍ കാരണമായത്.
മിസ്രയീമില്‍ നിന്നും ലഭിച്ച ദാസിമാരില്‍ ഒരുവള്‍ ആയിരുന്നു, ഹാഗാര്‍ എന്നും വിശ്വസിക്കപ്പെടുന്നു.

ഉല്‍പ്പത്തി 13 ല്‍ അബ്രാഹാമിന്റെ തിരിച്ചു വരവ് വിവരിക്കപ്പെടുന്നു. അവന്‍ ബേഥേൽവരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദിയിൽ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു. അവിടെ അബ്രഹാം യഹോവയുടെ നാമത്തിൽ ആരാധിച്ചു.
അബ്രാഹാമിന്റെയും ലോത്തിന്റെയും ആടുമാടുകളും, ദാസീദാസന്മാരും സമ്പത്തും വളരെ ആയിരുന്നതിനാല്‍ അവര്‍ക്ക് ആ ദേശത്ത് ഒന്നിച്ചു പാര്‍ക്കുവാന്‍ കഴിഞ്ഞില്ല. (13: 6)
അതിനാല്‍ സൌഹാര്‍ദ്ദമായി തന്നെ അവര്‍ രണ്ടു വഴിക്ക് പിരിഞ്ഞു.

ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ടുന്ന ഒരു സ്വഭാവ വിശേഷത അബ്രഹാം പ്രകടിപ്പിക്കുന്നുണ്ട്.
വാഗ്ദത്തം ലഭിച്ചവനായ അബ്രഹാം തനിക്ക് ഏറ്റവും നല്ലത് എന്നു തോന്നിയത് തിരഞ്ഞെടുക്കാതെ, തിരഞ്ഞെടുപ്പിനുള്ള അവകാശം തന്റെ സഹോദരന് കൊടുക്കുക ആണ്.
തനിക്ക് അതിനുശേഷമുള്ളത് മതി എന്ന് അവന്‍ തീരുമാനിച്ചു. ദൈവം തനിക്ക് തരുന്നത് ചെറുതായാലും, വിശാലമായാലും, മോശമായാലും, നല്ലതായാലും, അത് മതി എന്ന് അബ്രഹാം സമ്മതിക്കുക ആണ്.
അതിനാല്‍ ലോത്ത് പിരിഞ്ഞ ശേഷം ദൈവം അബ്രാഹാമിന് പ്രത്യക്ഷന്‍ ആയി, “തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.” എന്ന് അരുളിച്ചെയ്തതു. (13:14,15)
ലോത്ത് അവന്റെ കണ്ണുകള്‍ കൊണ്ട് നോക്കി,സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.” എങ്കിലും “പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു”, അതിലെ സമ്പന്നത മോഹിച്ചു, അവിടം തിരഞ്ഞെടുത്തു.
അബ്രാഹാമും തന്റെ കണ്ണുകള്‍ കൊണ്ട് നോക്കി, ദൈവം അവകാശമായി തരുന്ന ദേശം കണ്ടു, അവിടെ പാര്‍ത്തു.
അബ്രഹാം വീണ്ടും, ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നു പാർത്തു; അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു.

ഉല്‍പ്പത്തി 14 ല്‍ വളരെ പ്രധാനപ്പെട്ട ഒരു സംഭവം നടക്കുന്നുണ്ട്.
ലോത്ത് താമസിച്ചിരുന്ന സൊദോം രാജ്യത്തിലെ രാജാവും മറ്റ് നാല് രാജാക്കന്മാരും ഒരുമിച്ച് കൂടി, സിദ്ദീം താഴ്‌വരയിൽവെച്ചു, ഏലാം രാജാവായ കെദൊർലായോമെർ ഉം മറ്റ് മൂന്ന് രാജാക്കന്മാരുമായി , ഒരു യുദ്ധം ഉണ്ടായി. യുദ്ധത്തില്‍ സൊദോം രാജാവും കൂട്ടരും പരാജയപ്പെട്ട് ഓടിപ്പോയി. യുദ്ധത്തില്‍ ജയിച്ചവര്‍, സൊദോമിലുണ്ടായിരുന്ന സമ്പത്തും ഭക്ഷണ സാധനങ്ങളും എടുത്തുകൊണ്ടുപോയി. അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ കൊണ്ടുപോയി. (8-12)
യുദ്ധകളത്തില്‍ നിന്നു ഓടിപോന്ന ഒരുവന്‍ മമ്രേയുടെ തോപ്പില്‍ താമസിച്ചിരുന്ന അബ്രാഹാമിനെ ഈ വിവരം അറിയിച്ചു. അബ്രഹാം അത് കേട്ടപ്പോള്‍ അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ടു പോയി അവരെ ആക്രമിച്ചു തോല്‍പ്പിച്ചു. അവര്‍ കൊള്ള ചെയ്തുകൊണ്ട് പോയ സമ്പത്തും സഹോദരനായ ലോത്തിനെയും സ്ത്രീകളെയും ജനത്തെയുംകൂടെ മടക്കിക്കൊണ്ടുവന്നു.
എന്നാല്‍, അന്നത്തെ രീതി അനുസരിച്ചു, യുദ്ധത്തിലെ കൊള്ളമുതല്‍ അബ്രാഹാമിന് അവകാശപ്പെട്ടത് ആയിരുന്നു എങ്കിലും അവന്‍ അതില്‍ നിന്നും യാതൊന്നും എടുത്തില്ല.
തിരികെ വരുന്ന വഴിക്ക്  ശാലേം രാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുംകൊണ്ടുവന്നു. ശാലേം രാജാവ് അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.  അവൻ അബ്രാഹാമിനെ അനുഗ്രഹിച്ചു. അവന്നു അബ്രാം സകലത്തിലും ദശാംശം കൊടുത്തു.

വേദപുസ്തകത്തില്‍ ആദ്യമായി ദശാംശത്തെ കുറിച്ച് പറയുന്നത് ഇവിടെ ആണ്.
അബ്രഹാം ആ കാലത്ത് മനുഷ്യരുടെ ഇടയില്‍ നിലവില്‍ ഇരുന്ന ഒരു സമ്പ്രദായം അനുസരിക്കുക മാത്രം ആയിരുന്നു.
അന്ന് ദശാംശം എന്നത് യഹോവയായ ദൈവത്തെ ആരാധിക്കുന്നവരുടെ മാത്രം ഒരു പ്രത്യേക സമ്പ്രദായം ആയിരുന്നില്ല. വ്യത്യസ്തങ്ങളായ മതവിശ്വാസങ്ങള്‍ ഉണ്ടായിരുന്ന എല്ലാ ജനങ്ങളും പുരാതന കാലത്ത് അവര്‍ ആരാധിച്ചിരുന്ന ദേവന്മാര്‍ക്ക് ദശാശം കൊടുത്തിരുന്നു എന്ന് അനേകം ചരിത്രകാരന്മാരും വേദപണ്ഡിതന്മാരും വിശ്വസിക്കുന്നു. തങ്ങളുടെ വരുമാനത്തിന്‍റെ ദശാംശം ദേവന്മാര്‍ക്ക് കൊടുത്താല്‍ അനുഗ്രഹിക്കപ്പെടും എന്ന് എല്ലാവരും വിശ്വസിച്ചിരുന്നു.
ഈ സംഭവത്തിന്റെ പ്രാധാന്യം എന്തായിരുന്നു എന്ന് എബ്രായര്‍ക്ക് എഴുതിയ ലേഖനം 6: 20 മുതല്‍ 7: 28 വരെയുള്ള വാക്യങ്ങളില്‍ വിവരിക്കുന്നുണ്ട്.

ഉല്‍പ്പത്തി 15 ആം അദ്ധ്യായത്തില്‍ ദൈവം അബ്രാഹാമുമായുള്ള ഉടമ്പടിയെ രക്തത്താല്‍ ഉറപ്പിക്കുന്നത് കാണാം.
ഇതിനെ ഖണ്‌ഡങ്ങളുടെ ഉടമ്പടി അഥവാ കഷണങ്ങളുടെ ഉടമ്പടി എന്ന് വിളിക്കാറുണ്ട്.
ദൈവം അബ്രാഹാമിനെ ആകാശത്തിലെ നക്ഷത്രങ്ങളെ കാണിച്ചു, എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു. അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു. (15: 5,6)
ശേഷം ദൈവം അവനോട് ഒരു പശുക്കിടാവ്, ഒരു കോലാട്, ഒരു ആട്ടുകൊറ്റന്‍, ഒരു കുറുപ്രാവ്, ഒരു പ്രാവിൻകുഞ്ഞ് എന്നിവയെ കൊണ്ടുവരുവാന്‍ കല്‍പ്പിച്ചു.
അബ്രഹാം ഇവയെയൊക്കെയും കൊണ്ടുവന്നു ഒത്തനടുവെ പിളർന്നു ഭാഗങ്ങളെ നേർക്കുനേരെ വെച്ചു.
സൂര്യൻ അസ്തമിക്കുന്ന നേരമായപ്പോള്‍, ദൈവം അബ്രാഹാമിനോടു അവന്റെ സന്തതികളുടെ ഭാവി എന്താകും എന്നും അവര്‍ എന്ന് ഈ ദേശം കൈവശമാക്കും എന്നും അറിയിച്ചു.
സൂര്യൻ അസ്തമിച്ചു ഇരുട്ടായശേഷം മൃഗങ്ങളുടെ പിളര്‍ന്ന ഭാഗങ്ങളുടെ നടുവെ ജ്വലിക്കുന്ന ഒരു പന്തമായി ദൈവം കടന്നുപോയി.
ഇത് അന്ന് നിലവില്‍ ഇരുന്ന ഉടമ്പടികളുടെ രീതി അനുസരിച്ചുള്ള ഒരു ആചാരം ആയിരുന്നു.
ഈ ഘട്ടത്തില്‍ ദൈവം അവകാശമായി നല്കുവാന്‍ ആഗ്രഹിക്കുന്ന ദേശത്തിന്‍റെ വ്യാപ്തിയും അതിരുകളും ദൈവം വ്യക്തമാക്കുന്നുണ്ട്.

യിശ്മായേൽ ജനിക്കുന്നു

ഉല്‍പ്പത്തി 16 ആരംഭിക്കുന്നത് അബ്രാഹാമിന്നും സാറയ്ക്കും മക്കള്‍ ഇല്ലായിരുന്നു എന്ന് വീണ്ടും പറഞ്ഞുകൊണ്ടാണ്.
യജമാനത്തിയുടെ ദാസിയില്‍ യജമാനന് ജനിക്കുന്ന മകനെ യജമാനത്തിയുടെ മകനായി പരിഗണിക്കാം എന്നൊരു സമ്പ്രദായം അന്ന് നിലവില്‍ ഉണ്ടായിരുന്നു.
അതിനാല്‍ സാറാ തന്റെ മിസ്രയീമ്യ ദാസിയായ ഹാഗാറിനെ, അബ്രാഹാമിന്നു ഭാര്യയായി കൊടുത്തു. അങ്ങനെ ഹാഗാര്‍ ഗർഭം ധരിച്ചു.
ഹാഗാർ അബ്രാമിന്നു ഒരു മകനെ പ്രസവിച്ചു, അവന് അബ്രഹാം യിശ്മായേൽ എന്നു പേരിട്ടു. അപ്പോള്‍ അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു.
എന്നാല്‍ ഇത് ദൈവത്തിന്റെ വാഗ്ദത്ത പ്രകാരം ഉള്ള സന്തതി അല്ലായിരുന്നു.

പേരുകള്‍ മാറ്റുന്നു

ഇനി നമ്മള്‍ അബ്രാഹാമിനെ കാണുന്നത് അവന് 99 വയസ്സ് ഉള്ളപ്പോള്‍ ആണ്. സാറായ്ക്ക് അപ്പോള്‍ 90 വയസ്സായിരുന്നു. ഇവിടെ ആണ് ദൈവം അബ്രാഹാമിന്റെയും സാറായുടെയും പഴയ പേരുകള്‍ മാറ്റുന്നത്.
ഉടമ്പടിയുടെ അടയാളമായി അബ്രാഹാമും അവന്റെ സന്തതികളും, ദാസന്മാരും, പുരുഷപ്രജയൊക്കെയും പരിച്ഛേദന എല്‍ക്കേണം എന്ന നിയമം ദൈവം നല്‍കുന്നതും ഈ ഘട്ടത്തില്‍ ആണ്.
അതിന്‍ പ്രകാരം, യിശ്മായേലും പരിച്ഛേദന ഏറ്റു എങ്കിലും, അവന്‍ അല്ല വാഗ്ദാത്തിന് അനന്തര അവകാശി എന്നും ദൈവം വ്യക്തമാക്കി.
അബ്രഹാമിന്റെ ഭാര്യ സാറാ ഒരു മകനെ പ്രസവിക്കും; അവന്നു യിസ്ഹാക്ക് എന്നു പേരിടേണം; അവനോടു അവന്റെ ശേഷം അവന്റെ സന്തതിയോടും ദൈവം ഉടമ്പടിയേ നിത്യനിയമമായി ഉറപ്പിക്കും എന്നും ദൈവം അരുളിച്ചെയ്തു.

അബ്രാഹാമും അവന്റെ സന്തതികളും, ദാസന്മാരും പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏറ്റതിന് ശേഷം അബ്രാഹാമിനെ മൂന്ന് സ്വര്‍ഗീയ ദൂതന്മാര്‍ സന്ദര്‍ശിച്ചു. ഈ ചരിത്രം നമ്മള്‍ ഉല്‍പ്പത്തി 18 ല്‍ വായിക്കുന്നു. ഈ വിവരണം ആരംഭിക്കുന്നത്, “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി എന്ന് പറഞ്ഞുകൊണ്ടാണ്. അതായത് ഈ സന്ദര്‍ശനത്തെ ദൈവത്തിന്റെ പ്രത്യക്ഷത ആയി കണക്കാക്കേണ്ടതുണ്ട്.
അബ്രഹാം ദൂതന്‍മാര്‍ക്ക് വെണ്ണയും പാലും പാകംചെയ്ത കാളക്കുട്ടിയെയും നല്കി സല്‍കരിച്ചു. അവര്‍ ഭക്ഷണം കഴിച്ച ശേഷം, ദൂതന്മാരില്‍ ഒരുവന്‍ സ്വര്‍ഗ്ഗീയ ദൂത് അബ്രാഹാമിനെ അറിയിച്ചു.
ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യ സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അവൻ പറഞ്ഞു.” (18: 10)

തുടര്‍ച്ചയായി നമ്മള്‍ വായിക്കുന്നത്, സൊദോം, ഗൊമോരാ എന്നെ പട്ടങ്ങളെ സമ്പൂര്‍ണ്ണമായി നശിപ്പിക്കാതെ ഇരിക്കേണ്ടതിന്, അബ്രഹാം ദൈവ സന്നിധിയില്‍ ഇടുവില്‍ നില്‍ക്കുന്നതാണ്. കാരണം അവന്റെ സഹോദരന്‍ ലോത്ത് സൊദോമില്‍ താമസിച്ചിരുന്നു.
ഉല്പത്തി 19 ആം അദ്ധ്യായം ആ പട്ടണങ്ങളുടെ സംഹാരത്തിന്റെയും ലോത്തിന്‍റെ കുടുംബത്തിന്റെ രക്ഷപെടലിന്റെയും ചരിത്രമാണ്.

ഉല്‍പ്പത്തി 20 ല്‍ നമ്മള്‍ വീണ്ടും അബ്രാഹാമിലേക്ക് തിരികെ വരുക ആണ്.
അബ്രാഹാം തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ, ഫെലിസ്ത്യരുടെ  ദേശമായ ഗെരാരിൽ, പരദേശിയായി പാർത്തു.
ഇവിടെ നടക്കുന്ന സംഭവം, മുമ്പ് അബ്രഹാം മിസ്രയീമിലേക്ക് പോയപ്പോള്‍ ഉണ്ടായ സംഭവങ്ങളുടെ ഒരു ആവര്‍ത്തനമാണ്. തന്റെ ഭാര്യയെ സഹോദരിയായി ആ ദേശക്കാര്‍ക്ക് പരിചയപ്പെടുത്തിയ അതേ തെറ്റ് അബ്രഹാം വീണ്ടും ആവര്‍ത്തിക്കുന്നു. അതേ രീതിയില്‍ തന്നെ കഥ പര്യവസാനിക്കുന്നു.
ഇവിടെ ഉള്ള അധികമായ വിശദാംശം, അബ്രഹാം ഒരു പ്രവാചകന്‍ ആണ് എന്നു ദൈവം ഗെരാരിലെ രാജാവായ അബീമേലെക്കിനോട് അറിയിയ്ക്കുന്നു എന്നതും, അബ്രഹാം, രാജാവിനും  കുടുംബത്തിനും വേണ്ടി ദൈവത്തോട് അപേക്ഷിച്ചു, എന്നതും “ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൗഖ്യമാക്കി, അവർ പ്രസവിച്ചു”, എന്നതുമാണ്.

അബ്രഹാം ഈ ദേശത്തു കുറച്ചു വര്‍ഷങ്ങള്‍ താമസിച്ചു കാണേണം.
യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോടു അരുളിച്ചെയ്തിരുന്ന അവധിക്കു സാറാ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. (ഉല്‍പ്പത്തി 21: 1, 2)
അവന് യിസ്ഹാക്ക് എന്നു പേരിട്ടു. അവനെ എട്ടാം ദിവസം പരിച്ഛേദന കഴിച്ചു. യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാമിന്നു നൂറു വയസ്സായിരുന്നു.
യിസ്ഹാക്ക് വളർന്നു മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു. എന്നാല്‍ മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകൻ യിശ്മായേല്‍ യിസ്ഹാക്കിനെ പരിഹസിച്ചു.
ഇതിന്റെ വിശദാംശങ്ങള്‍ നമുക്ക് ലഭ്യമല്ല. എന്നാല്‍, ജഡപ്രകാരമുള്ള സന്തതി, വാഗ്ദത്ത സന്തതി എന്ന രണ്ടു രീതിയിലേക്ക് അബ്രാഹാമിന്റെ മക്കള്‍ വേര്‍തിരിയുന്ന അവസരം ആണിത്.
തുടന്ന് സാറയുടെ പരാതിയും ദൈവീക അരുളപ്പാടും അനുസരിച്ച് അബ്രഹാം ജഡപ്രകാരമുള്ള ദാസിയുടെ സന്തതിയെ പുറത്താക്കി, വാഗ്ദത്ത സന്തതി, വാഗ്ദത്തങ്ങള്‍ക്ക് ഏക അവകാശി ആയി മാറി.

അന്നത്തെ സാമൂഹിക മര്യാദ അനുസരിച്ചു അബ്രഹാം യിശ്മായേലിനെ പുറത്താക്കിയത് ശരിയായ പ്രവര്‍ത്തി അല്ല. ഒരുവന് ഭാര്യയിലും ദാസിയിലും ജനിക്കുന്ന മക്കള്‍ എല്ലാം അവന്റെ സമ്പത്തിന്റെ അവകാശികള്‍ ആണ്. എന്നാല്‍ അബ്രഹാം യാതൊരു അവകാശവും കൊടുക്കാതെ യിശ്മായേലിനെ മരുഭൂമിയിലേക്ക് പറഞ്ഞുവീടുക ആണ്.
എങ്കിലും ഈ പ്രവര്‍ത്തിയെ ദൈവം അംഗീകരിക്കുന്നു. അതിന്റെ കാരണം, സാറായുടെ വാക്കുകളില്‍ ഉണ്ട്. “ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുതു എന്നു പറഞ്ഞു.” (12:10).
യിസ്ഹാക്ക് ആണ് ദൈവത്തിന്റെ പദ്ധതിയിലെ അബ്രാഹാമിന്റെ അനുഗ്രഹങ്ങളുടെ അവകാശി. അതില്‍ യിശ്മായേലിന് പങ്കില്ല.

അബ്രാഹാമിന്റെ കിണര്‍

അതിനു ശേഷം, ആ ദേശത്തു അബ്രഹാം കുഴിച്ച കിണര്‍ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ച വിവരം അബ്രഹാം അവനോടു പരാതിപ്പെട്ടു.
അതിനാല്‍ അബ്രാഹാം അബീമേലെക്കിന്നു ആടുമാടുകളെയും ഏഴു പെണ്ണാട്ടുകുട്ടികളെയും കൊടുത്തു. അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു; അബ്രഹാം ആ സ്ഥലത്തിന്നു ബേർ-ശേബ എന്നു പേരിട്ടു.
അബ്രാഹാം ബേർ-ശേബയിൽ നിത്യദൈവമായ യഹോവയുടെ നാമത്തിൽ ആരാധന കഴിച്ചു.
തുടര്‍ന്നും അബ്രാഹാം കുറേക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു. (21: 22-34)

യിസ്ഹാക്കിന്റെ യാഗം

അബ്രാഹാമിന് ദൈവത്തിലുള്ള വിശ്വാസത്തിന്റെ അവസാനത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ പരിശോധന, സാറായില്‍ ജനിച്ച തന്റെ ഏക മകനായ യിസ്ഹാക്കിനെ, ഹോമയാഗം കഴിക്കുവാനുള്ള ദൈവീക കല്പ്പന ആയിരുന്നു.
ഇത് നമ്മള്‍ ഉല്‍പ്പത്തി 22 ല്‍ വായിക്കുന്നു. അബ്രാഹാമിന് യിസ്ഹാക്കിലൂടെ സന്തതിപരമ്പരകള്‍ ജനിക്കും എന്ന ദൈവീക അരുളപ്പാടില്‍ പ്രത്യാശയോടെ ജീവിക്കുമ്പോള്‍ ആണ് ഈ കലപ്പന ലഭിക്കുന്നത്. അത്യപൂര്‍വ്വമായ വിശ്വാസത്തോടെ അബ്രഹാം മകനെ ഹോമയാഗം കഴിക്കുവാന്‍ തയ്യാറായി. 
അവന്‍ തന്റെ മകനുമായി മൂന്നു ദിവസം യാത്രചെയ്ത് യാഗ സ്ഥലത്തു എത്തി, യാഗത്തിനായി മോരിയാ മലമുകളിലേക്ക് കയറിപ്പോയി.

മോരിയാ മലയില്‍ എത്തിയ അബ്രഹാം തന്റെ മകനെ യാഗം കഴിക്കുവാന്‍ ഒരുങ്ങി. 
എന്നാല്‍ തക്ക സമയത്ത് ദൈവം ഇടപെട്ടു, യാഗം തടഞ്ഞു. യിസ്ഹാക്കിന് പകരമായി ദൈവം ഒരുക്കി കൊടുത്ത ഒരു ആട്ടിങ്കുട്ടിയെ അബ്രഹാം ഹോമയാഗം കഴിച്ചു.
അങ്ങനെ പരീക്ഷ അവസാനിച്ചു. അബ്രഹാം തന്റെ വിശ്വസ്തതയിലൂടെ വിജയിച്ചു. ദൈവം അവനുമായുള്ള ഉടമ്പടി വീണ്ടും ആവര്‍ത്തിച്ച് ഉറപ്പിച്ചു. ദൈവവും അബ്രാഹാമുമായി ഒരു വ്യക്തിപരമായ ബന്ധം ഉടലെടുത്തു.
അവന്‍ തുടര്‍ന്നും ബേർ-ശേബയില്‍ താമസിച്ചു.

യാഗത്തിനായി മോരിയാ മലമുകളിലേക്ക് ഉള്ള യാത്രയില്‍ ഉടനീളം ദൈവം യാഗത്തിനായി തന്റെ മകനെ അല്ല കണ്ടിട്ടുള്ളത് എന്നു അബ്രഹാം വിശ്വസിച്ചു. ദൈവം തന്നെ ഒരുക്കുന്ന ഒരു യാഗമൃഗത്തെ കുറിച്ച് അവന്‍ യിസ്ഹാക്കിനോടും സംസാരിച്ചു.
ഈ സംഭവത്തിന്റെ ആത്മീയ മര്‍മ്മം നമ്മള്‍ മനസ്സിലാക്കുന്നത് പുതിയനിയമത്തിലെ എബ്രായര്‍ക്ക് എഴുതിയ ലേഖനം 11 ആം അദ്ധ്യായത്തില്‍ നിന്നുമാണ്.
അവിടെ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു. (എബ്രായര്‍ 11: 17-19)
ഇവിടെ വെളുപ്പെടുത്തുന്ന ആത്മീയ മര്‍മ്മം ഇതാണ്: അബ്രഹാം വാഗ്ദത്ത സന്തതിയെ വിശ്വാസത്താല്‍ യാഗമായി അര്‍പ്പിച്ചു. അത് ദൈവം സ്വീകരിച്ചു. ആ യാഗം അബ്രാഹാമിന്റെ സന്തതി പരമ്പരകല്‍ ആയ ഒരു ജന സമൂഹത്തിനു വേണ്ടിയുള്ള യാഗം ആയിരുന്നു. അതിലൂടെ യിസ്രായേല്‍ ജനം എല്ലാവരും ദൈവത്തിന് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ടവര്‍ ആയി.

ഒപ്പം വരുവാനിരിക്കുന്ന ക്രിസ്തുവിന്റെ പാപ പരിഹാര യാഗത്തിന് അതൊരു നിഴല്‍ ആയിരുന്നു. ദൈവത്തിന്റെ സ്വന്ത ജനത്തെ വീണ്ടെടുക്കുവാനുള്ള ക്രൂശിലെ യാഗത്തിന്റെ നിഴല്‍ ആണത്.
എന്നാല്‍, അതില്‍ മനുഷ്യബലി ഉള്‍പ്പെടുവാന്‍ ദൈവം ആഗ്രഹിച്ചില്ല.
മാനവ രാശിയുടെ പാപ പരിഹാരം മനുഷ്യന്‍ ക്രമീകരിക്കുന്ന യാതൊരു ബലിയാലും സാധ്യമല്ല. അതുകൊണ്ടു ദൈവം യാഗത്തിനായി ഒരു മൃഗത്തെ ഒരുക്കി.
ദൈവം ഒരുക്കിയ യേശുക്രിസ്തു എന്ന കുഞ്ഞാട്, ഒരു പകരക്കാരന്‍ ആയി, ദൈവം തിരഞ്ഞെടുത്ത ദൈവജനത്തിന്റെ വീണ്ടെടുപ്പിനായി ക്രൂശില്‍ യാഗമായി തീര്‍ന്നു.
തന്റെ ദൈവീക വിളിയുടെയും യാത്രയുടെയും ആത്മീയ മര്‍മ്മം അബ്രഹാം മനസ്സിലാക്കിയിരുന്നതുപോലെ തന്നെ ഈ ഹോമയാഗത്തിന്റെയും മര്‍മ്മം അദ്ദേഹം മനസ്സിലാക്കിയിരുന്നിരിക്കേണം.
അത് യാഗത്തിനായുള്ള അവരുടെ യാത്രയില്‍, അബ്രാഹാമിന്റെ വാക്കുകളില്‍ കാണാവുന്നതാണ്.

ദൈവരാജ്യത്തിന്റെ പ്രത്യക്ഷതയിലുള്ള അവന്റെ വിശ്വസം, “കാണിപ്പാനിരിക്കുന്ന ദേശത്തേക്കു”ള്ള യാത്രയിലും, മോരിയാമലയിലുള്ള യാഗത്തേകുറിച്ചുള്ള അവന്റെ പ്രത്യാശയിലും കാണാം.
കാണിപ്പാനിരിക്കുന്ന ദേശം ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരം” ആണ്. അത് ദൈവരാജ്യം ആണ്. ദൈവം ക്രമീകരിക്കുന്ന യാഗമൃഗം “ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” ആണ്. (എബ്രായര്‍ 11: 10; യോഹന്നാന്‍ 1: 29)

സാറായുടെ മരണം

സാറെക്കു നൂറ്റിരുപത്തേഴു വയസ്സു ആയപ്പോള്‍ അവള്‍ കനാൻദേശത്തു ഹെബ്രോൻ എന്ന കിർയ്യത്തർബ്ബയിൽവെച്ചു മരിച്ചു. (ഉല്‍പ്പത്തി 23)
അബ്രഹാം നാനൂറ് വെള്ളി ശേക്കെല്‍ വിലയായി കൊടുത്ത്, മമ്രേക്കരികെ മക്പേലാ നിലവും അതിലെ ഗുഹയും നിലത്തിന്റെ അതിർക്കകത്തുള്ള സകലവൃക്ഷങ്ങളും അവകാശമായി വാങ്ങി.
അങ്ങനെ അബ്രാഹാം സാറയെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു.
ഈ സ്ഥലം ആണ് അബ്രഹാം കനാന്‍ ദേശത്തു ആദ്യമായി അവകാശമാക്കുന്ന ഭൂപ്രദേശം. അത് ഒരു ശ്മശാന ഭൂമി ആയിരുന്നു എന്നത് വിചിത്രമായ സത്യം ആണ്.

ഉല്‍പ്പത്തി 24 ആം അദ്ധ്യായത്തില്‍ അബ്രഹാം തന്‍റെ മകനായ യിസ്ഹാക്കിന് ഒരു വധുവിനെ കണ്ടെത്തുന്നതിന്റെ ചരിത്രം നമ്മള്‍ക്ക് വായിയ്ക്കാം.
അവന്‍ അപ്പോള്‍ താമസിച്ചിരുന്ന കനാന്‍ ദേശത്ത് നിന്നും ഒരു വധുവിനെ തന്‍റെ മകന് എടുക്കുവാന്‍ അബ്രഹാമിന് താല്‍പര്യം ഇല്ലായിരുന്നു.
അതിനായി, അവന്റെ ദാസനായ എലേസ്യര്‍, യിസ്ഹാക്കിന് ഒരു വധുവിനെ അന്വേഷിച്ച്, അബ്രാഹാമിന്റെ ജന്മദേശമായ മെസൊപ്പൊത്താമ്യയിൽ സഹോദരനായ നാഹോരിന്റെ പട്ടണത്തിൽ ചെന്നു.
അവിടെ ഒരു കിണറ്റിന്റെ അരികെ റിബെക്കായെ കണ്ടു. അവളുടെ പിതാവ് ബെഥൂവേലിന്റെയും സഹോദരന്‍ ലാബാന്‍റെയും അനുവാദത്തോടെ അവളെ കൂട്ടികൊണ്ട് തിരികെ പോയി.
യിസ്ഹാക്ക് അവളെ ഭാര്യയായി സ്വീകരിച്ചു.

ഉല്‍പ്പത്തി 25 ല്‍ അബ്രഹാം കെതൂറാ എന്നു പേരുള്ള ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുന്നത് കാണാം. അവന് അവളില്‍ മക്കള്‍ ജനിച്ചു. അങ്ങനെ അബ്രഹാം യിസ്രയേല്യര്‍ കൂടാതെ, മറ്റ് അനേക ജാതികള്‍ക്കും ജനസമൂഹങ്ങള്‍ക്കും പിതാവായി തീര്‍ന്നു.
യിശ്മായേല്യര്‍ (25:12-18), എദോമ്യര്‍ (36:1), അമലേക്യര്‍ (36:12), കെനിസ്യർ (36:9-16); മിദ്യാന്യര്‍, അശ്ശൂർ (25:1-5) എന്നിവര്‍ അബ്രാഹാമിന്റെ സന്തതി പരമ്പരകള്‍ ആണ്.
അവന്റെ സഹോദരനായ ലോത്തിന്റെ സന്തതിയിലൂടെ മോവാബ്യരും അമോന്യരും യിസ്രയേലിന്റെ ജഡപ്രകാരമുള്ള സഹോദരങ്ങള്‍ ആയി.
എന്നാൽ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന്നു കൊടുത്തു. (25:5). യിസ്ഹാക്ക് മാത്രമേ വാഗ്ദത്ത സന്തതി ആയിരുന്നുള്ളൂ; അതിനാല്‍ അവന്‍ മാത്രമേ ദൈവീക വാഗ്ദത്തത്തിന് അവകാശിയായുള്ളൂ.
അബ്രാഹാമിന്നു ജനിച്ച മറ്റ് മക്കള്‍ക്ക് അബ്രാഹാം ദാനങ്ങൾ കൊടുത്തു; താൻ ജീവനോടിരിക്കുമ്പോൾ തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു. (25:6)

അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു. (25:7). അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു.
അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ മക്പേലാ ഗുഹയിൽ,  അവന്റെ ഭാര്യ സാറായെ അടക്കം ചെയ്തിരുന്ന ഇടത്തു തന്നെ, അവനെ അടക്കം ചെയ്തു.

ഉപസംഹാരം

അബ്രാഹാമിനെ, പ്രവര്‍ത്തികളാല്‍ അതിവിശുദ്ധനായ ഒരു മനുഷ്യനായി വേദപുസ്തകം അവതരിപ്പിക്കുന്നില്ല. അവനില്‍ കുറവുകള്‍ ഉണ്ടായിരുന്നു. അബ്രഹാം എപ്പോഴും ഒരു സാധാരണ മനുഷ്യനായി നിലനിന്നു.
അവന്‍ സ്വയ രക്ഷയ്ക്കായി രണ്ടു പ്രാവശ്യം തന്റെ ഭാര്യയെ സഹോദരി എന്നു പറഞ്ഞ്, അന്യരുടെ അടുക്കലേക്ക് പോകുവാന്‍ അനുവദിച്ചു.
ദൈവീക വാഗ്ദത്തമായ സന്തതിയെ ലഭിക്കുവാന്‍ താമസിച്ചപ്പോള്‍, അവനും സാറായും അക്ഷമര്‍ ആയി, ഒരു സ്വന്ത പദ്ധതി രൂപീകരിച്ചു.
ദൈവം സന്തതിയെ നല്കും എന്ന അരുളപ്പാടില്‍ അവന്‍ വിശ്വസിച്ചു; എന്നാല്‍ അതെങ്ങനെ സംഭവിക്കും എന്നതില്‍ അവന്‍ അത്ഭുതപ്പെട്ടു. ഇത് അവന്‍ ദൈവത്തോട് തുറന്ന് പറഞ്ഞു.
ദൈവം വിശുദ്ധന്‍ ആണ് എന്നും പാപത്തെ എക്കാലത്തേക്കും അവന്‍ അനുവദിക്കുക ഇല്ല എന്നും അബ്രാഹാമിന് അറിയാമായിരുന്നു; എങ്കിലും അവന്‍ തന്റെ സഹോദരനായ ലോത്ത് താമസിക്കുന്ന സൊദോം പട്ടണത്തെ സംഹാരത്തില്‍ നിന്നും വിടുവിക്കേണ്ടതിനായി ദൈവത്തോട് വാദിച്ചു.   

അബ്രാഹാമിന്റെ ജീവിത കഥ ദൈവഹിതത്തോടുള്ള സമ്പൂര്‍ണ്ണമായ അനുസരണത്തിന്റെ ചരിത്രം ആണ്. എന്നാല്‍ അതൊരു അന്ധമായ അനുസരണം ആയിരുന്നില്ല. അബ്രഹാം ദൈവത്തോട് വാദിച്ചു, ചോദ്യങ്ങള്‍ ചോദിച്ചു, ദൈവത്തിന്റെ വാഗ്ദത്തം ഓര്‍മ്മിപ്പിച്ചും തന്റെ അപ്പോഴത്തെ അവസ്ഥ വിവരിച്ചും അവന്‍ ദൈവത്തെ നിരന്തരം ശല്യപ്പെടുത്തി.
ദൈവം ഒരിയ്ക്കലും അവനോടു ദേഷ്യപ്പെട്ടില്ല, അവനെ ശകാരിച്ചില്ല, അവനെ വിട്ട് പോയതും ഇല്ല. അബ്രഹാം വാദിച്ചപ്പോള്‍ ദൈവം നീക്ക് പൊക്കുകള്‍ നല്കി; അബ്രഹാം ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ദൈവം മറുപടി നല്കി; അബ്രഹാം പരാതി പറഞ്ഞപ്പോള്‍ ദൈവീക വാഗദത്തങ്ങള്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
ഇതിന്റെ എല്ലാം ഇടയില്‍, അബ്രഹാം, ദൈവത്തില്‍ വിശ്വസിച്ചു, ദൈവവുമായി ഒരു വ്യക്തിപരമായ, സവിശേഷമായ ബന്ധം സ്ഥാപിച്ചു.
അങ്ങനെ അബ്രഹാം ദൈവത്തിന്റെ സ്നേഹിതനും വിശ്വാസികളുടെ പിതാവും ആയി. (യെശയ്യാവ് 41:8, യാക്കോബ് 2:23; റോമര്‍ 4:11)

ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ ഞാന്‍ ദൈവ വചനം പങ്കുവെക്കുന്നുണ്ട്.
ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മറക്കാതെ കാണുക. മറ്റുള്ളവരോടുകൂടെ പറയുക.

ഒപ്പം തന്നെ ഓണ്‍ലൈന്‍ ല്‍ നമ്മളുടെ വീഡിയോ ഓഡിയോ ചാനലുകളില്‍ ധാരാളം വീഡിയോകളും ഓഡിയോകളും ലഭ്യമാണ്. വീഡിയോ കാണുവാന്‍ താല്പര്യമുള്ളവര്‍ naphtalitribetv.com എന്ന വീഡിയോ ചാനലും ഓഡിയോ കേള്‍ക്കുവാന്‍ താല്പര്യമുള്ളവര്‍ naphtalitriberadio.com എന്ന ഓഡിയോ ചാനലും സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കേള്‍ക്കുവാന്‍ നിങ്ങളെ സഹായിക്കും.

ഈ സന്ദേശം കണ്ടതിന്നും കേട്ടത്തിനും വളരെ നന്ദി.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.

Read Bible study notes in English at our official web: naphtalitribe.com
Read Bible study notes in Malayalam @ vathil.in

No comments:

Post a Comment