നമ്മളുടെ ദൈവം ഈ ഭൂമിയില്‍
പ്രവര്‍ത്തിക്കുന്നത് മനുഷ്യരുമായി ചേര്‍ന്നാണ്. ഒരു തരം പങ്കാളിത്ത പ്രവര്‍ത്തന
രീതിയാണ് ദൈവം തുടരുന്നത്. ഇതു നമ്മള്‍ക്ക് വേദപുസ്തകത്തില്‍ ഉടനീളം കാണാം.
ദൈവത്തിനു ഈ ഭൂമിയില്‍ പ്രവര്‍ത്തിക്കുവാന്‍
ആരുടേയും അനുവാദമോ സഹായമോ ആവശ്യമില്ല. എങ്കിലും ദൈവം മനുഷ്യനുമായി പങ്ക് ചേര്‍ന്ന്
മാത്രമേ പ്രവര്‍ത്തിക്കാറുള്ളൂ.
എന്നാല്‍ നമ്മള്‍ സാധാരണ
പറയുന്നതുപോലെ, ഞാന്‍ പാതി, ദൈവം പാതി, എന്ന രീതിയല്ല ദൈവത്തിന്റെത്.
ഇതു നമ്മള്‍ വ്യക്തമായി
മനസ്സിലാക്കേണം.
നമ്മള്‍ ചെയ്തതിന്‍റെ ബാക്കി
ചെയ്യുക ദൈവത്തിന്റെ രീതി അല്ല. കാരണം ദൈവം എന്തെങ്കിലും ചെയ്യുമ്പോള്‍, അത്
എന്തായിരിക്കേണം, എവിടെ, എപ്പോള്‍ ചെയ്യേണം, എങ്ങനെ ആയിരിക്കേണം എന്നെല്ലാം
തീരുമാനിക്കുന്നത് ദൈവം തന്നെ ആണ്.
നമ്മളുടെ ചിന്തകള്‍ക്കും
ദൈവത്തിന്റെ പദ്ധതികള്‍ക്കും തമ്മില്‍ ഭൂമിയും ആകാശവും തമ്മിലുള്ള ദൂരവ്യത്യാസം
പോലെ, വ്യത്യാസങ്ങള്‍ ഉണ്ടാകാം.
നിര്‍ബന്ധമായും, നമ്മളും ദൈവവും
തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ചിന്തകളില്‍ ഉണ്ടായിരിക്കേണം എന്നല്ല ഞാന്‍ അര്‍ത്ഥമാക്കിയത്;
പലപ്പോഴും ദൈവം ചിന്തിക്കുന്നതുപോലെയോ ആഗ്രഹിക്കുന്നതുപോലെയോ, ചിന്തിക്കുവാന്‍
മനുഷ്യര്‍ക്ക് കഴിയാതെ പോകുന്നു.
അതുകൊണ്ട് തന്നെ, നമ്മള്‍
നമ്മളുടെ ഇഷ്ടപ്രകാരം ചെയ്യുന്ന കാര്യങ്ങളുടെ ബാക്കി ചെയ്യുവാന്‍ ദൈവത്തിന് കഴിയുക
ഇല്ല. കാരണം അത് ദൈവത്തിന്‍റെ പദ്ധതിയോ മാര്‍ഗ്ഗമോ ആയിരിക്കില്ല.
ദൈവം മനുഷ്യരുമായി പങ്ക് ചേര്‍ന്ന്
ചെയ്യുന്ന കാര്യങ്ങള്‍, ദൈവ ഹിതപ്രകാരം, ദൈവത്തിന്‍റെ കാലത്തും ശൈലിയിലും, ദൈവം
ആഗ്രഹിക്കുന്ന സ്ഥലത്തും നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ്.
ഇവിടെ ദൈവം കാര്യങ്ങളെയും
രീതികളെയും തീരുമാനിക്കുന്നു, മനുഷ്യന്‍ അത് ദൈവത്തോടൊപ്പം ചെയ്യുന്നു എന്ന്
മാത്രം.
ഇതു മുമ്പും പിന്‍പും ആയുള്ള
നടത്തം അല്ല, ദൈവത്തോടൊപ്പം ഉള്ള നടത്തം ആണ്.
ഇതു പാതി - പാതി ആയി വീതം
വെച്ചുള്ള പ്രവര്‍ത്തനം അല്ല, ദൈവത്തോടോപ്പമുള്ള പ്രവര്‍ത്തനം ആണ്. രണ്ട് കൂട്ടരും
ഒരുമിച്ചു ഒരേ കാര്യം ചെയ്യുകആണ്.
മനുഷ്യന് സ്വതവേ ഒന്നും
ചെയ്യുവാന്‍ കഴിവുള്ള ജീവികള്‍ അല്ല എന്നതാണ് സത്യം.
അതായത് മനുഷ്യന്‍ ഒരു നിഷ്പക്ഷ
ശക്തി അഥവാ neutral force ആണ്. അവന്
ഏതെങ്കിലും ഒരു പക്ഷത്തേക്ക് ചേര്‍ന്നെങ്കിലെ
എന്തെങ്കിലും പ്രവര്‍ത്തിക്കുവാനുള്ള ശക്തി ലഭിക്കൂ. ബാഹ്യമായ ഒരു സ്രോതസ്സില്‍
നിന്നും മനുഷ്യന് ജീവനും ശക്തിയും ആവശ്യമാണ്. ജീവന്‍ അവനു ദൈവത്തിങ്കല്‍ നിന്നും
ലഭിച്ചപ്പോള്‍ ശക്തിക്കായി ആശ്രയിക്കുവാനുള്ള സ്വാതന്ത്ര്യം മനുഷ്യന് ദൈവം
കൊടുത്തു.
ഈ സ്വാതന്ത്ര്യത്തെ ആണ്
നമ്മള്‍ സ്വതന്ത്ര ഇശ്ചാശക്തി അഥവാ free will എന്ന് വിളിക്കുന്നത്.
മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ഈ
ഭൂമിയില്‍ നിന്നും എടുത്ത മണ്ണ്, ദൈവം തരികെ സ്ഥാപിച്ചില്ല എന്നതില്‍ നിന്നും
മനുഷ്യ സൃഷ്ടിയില്‍ തന്നെ ഒരു ശൂന്യത നിലവില്‍ വന്നു എന്ന് നമ്മള്‍ കാണേണം.
മനുഷ്യന്റെ ഉള്ളിലും
ദൈവത്തിന്‍റെ ആത്മാവ് വസിക്കുവാനുള്ള ഇടം ദൈവം സൃഷ്ടിച്ചിട്ടുണ്ട്.
അതായത് ദൈവത്തിന്‍റെ ആത്മാവ്
ഇല്ലാത്ത മനുഷ്യന്റെ ഉള്ളില്‍ ഒരു ശൂന്യത ഉണ്ടായിരിക്കും.
ഇതാണ് മനുഷ്യനെ നിഷ്പക്ഷ ശക്തി
ആക്കുന്നത്.
ഈ ലോകത്തില്‍ രണ്ടു ശക്തികള്‍
ആണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് - ഒന്ന്
സര്‍വ്വ ശക്തായ ദൈവവും, രണ്ടാത്തെത് പിശാചും. മൂന്നാമതൊരു ശക്തി ഇല്ല.
ദൈവം സകല പ്രപഞ്ചത്തിന്റെയും
സൃഷ്ടാവ് ആയതിനാല്‍, സൃഷ്ടാവ് എന്ന രീതിയില്‍ സകലത്തിന്റെയും മേല്‍ അധികാരം ഉണ്ട്.
സ്വാഭാവികമായും സൃഷ്ടാവ്
ഉടമസ്ഥനും, അധികാരിയും, വിധി കര്‍ത്താവും ആണ്.
എന്നാല്‍ ആദമിലൂടെ ഈ
ലോകത്തിന്‍റെ അധികാരങ്ങള്‍ പിടിച്ചെടുത്ത പിശാചിനും ഇപ്പോഴും ഇവിടെ പ്രവര്‍ത്തിക്കുവാന്‍
അധികാരം ഉണ്ട്.
അവനും ലോക ക്രമീകരണങ്ങളെ
നിയന്ത്രിക്കുവാന്‍ ഇപ്പോള്‍ അധികാരവും സ്വാതന്ത്ര്യവും ഉണ്ട്.
നിഷ്പക്ഷ ശക്തി ആയ മനുഷ്യന്
ഇതില്‍ ഏതെങ്കിലും ഒരു ശക്തിയോട് ചേര്‍ന്ന് മാത്രമേ പ്രവര്‍ത്തിക്കുവാന്‍ കഴിയൂ.
പാപത്തിന് മുന്‍പ് മനുഷ്യന്‍
ദൈവത്തോട് കൂടെ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചു; പപത്തോടെ മനുഷ്യന് ഈ
ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായി.
ഓര്‍ക്കുക, മനുഷ്യന്‍ പാപം
ചെയ്തത് വഞ്ചിക്കപ്പെട്ടിട്ടാണ്; അവന്റെ സ്വതന്ത്ര ഇശ്ചാശക്തിയുടെ തെറ്റായ
ഉപയോഗത്തിലൂടെ ആണ്.
എങ്കിലും മനുഷ്യന് സ്വതന്ത്ര ഇശ്ചാശക്തിയോ,
ദൈവത്തോട് കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യമോ നഷ്ടപ്പെട്ടില്ല.
തിരഞ്ഞെടുപ്പിനുള്ള
ഉത്തരവാദിത്തം ഭാരമുള്ളതായി മാറി; പലപ്പോഴും തെറ്റായ തിരഞ്ഞെടുപ്പുകള്‍ നടത്തുകയും
ചെയ്യുന്നു.
ഇപ്പോള്‍ മനുഷ്യന്‍
ചെയ്യുന്നതെല്ലാം, ഒന്നുകില്‍ ദൈവവുമായുള്ള പങ്കാളിത്തത്തില്‍ ആണ്; അല്ലെങ്കില്‍
പിശാചുമായുള്ള പങ്കാളിത്തത്തില്‍ ആണ്.
ഇതിന്റെ രണ്ടിന്റെയും ഇടയില്‍
ഒരു സ്ഥാനം ഇല്ല.
ഒരു മനുഷ്യന്‍ ഇപ്പോള്‍
അനുഭവിക്കുന്നതും കൈവശം വെച്ചിരിക്കുന്നതുമായ എല്ലാം ഒന്നുകില്‍ ദൈവത്തില്‍
നിന്നും വന്നതാണ് അല്ലെങ്കില്‍ പിശാചില്‍ നിന്നും ലഭിച്ചതാണ്.
അതിനാല്‍ തന്നെ, ദൈവം ഭൌതീക
നന്മകള്‍ നല്‍കുകയില്ല എന്ന് ആരെങ്കിലും പഠിപ്പിച്ചാല്‍, അതിന്റെ അര്‍ത്ഥം
അദ്ദേഹത്തിന്‍റെ എല്ലാ ഭൌതീക നന്മകളും പിശാചു നല്‍കിയതാണ് എന്നാണ്.
മനുഷ്യന്‍ ഒന്നും സ്വയമേവ
നേടുന്നില്ല. ഒരു ദൈവ പൈതലിന്റെ എല്ലാ നന്മകളും, അതു ഭൌതീകം ആയിക്കൊള്ളട്ടെ,
ആത്മീയം ആയിക്കൊള്ളട്ടെ, സകലതും ദൈവം നല്‍കിയതാണ്.
അതിനാല്‍, മനുഷ്യനെ,
ദൈവത്തിനും പിശാചിനും തങ്ങളുടെ പ്രവര്‍ത്തിയില്‍ പങ്കാളികള്‍ ആക്കുവാന്‍ കഴിയും.
എന്നാല്‍ മനുഷ്യരുമായി ചേര്‍ന്ന്
ദൈവം പ്രവര്‍ത്തിക്കുന്നതും മനുഷ്യരുമായി ചേര്‍ന്ന് പിശാച് പ്രവര്‍ത്തിക്കുന്നതും
തമ്മില്‍ വ്യത്യാസം ഉണ്ട്.
പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍
എന്നാല്‍ രണ്ടു പേര് ചേര്‍ന്ന് ഒരേ കാര്യം ചെയ്യുന്നതാണ് എന്ന് നമ്മള്‍ പറഞ്ഞു
കഴിഞ്ഞല്ലോ.
അതായാത്, ഒരേ ദിശയില്‍, ഒരേ
ലക്ഷ്യത്തിലേക്ക്, ഒരു പോലെ ചേര്‍ന്ന് നടക്കുന്നതാണ് പങ്കാളിത്തം.
ഇതു രണ്ടു പേര്‍ തോളോട് തോള്‍
ചേര്‍ന്ന് നടക്കുന്നതുമായി സാമ്യപ്പെടുത്താം.
ദൈവവും നമ്മളും തോളോട് തോള്‍
ചേര്‍ന്ന് നടക്കുമ്പോള്‍, രണ്ടു കൂട്ടരും സ്വതന്ത്രര്‍ ആണ്; ചേര്‍ന്ന് നടക്കുവാന്‍
രണ്ടു കൂട്ടരും തീരുമാനിക്കുകയും ആഗ്രഹിക്കുകയും അപ്രകാരം ചെയ്യുകയും ചെയ്യുന്നു.
എപ്പോള്‍ വേണമെങ്കിലും
മനുഷ്യന് ഈ കൂട്ടുകെട്ട് വിട്ട് പോകുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ദൈവം
ഒരിക്കലും നമ്മളെ വിളിച്ചിറക്കിയതിനു ശേഷം വഴിയില്‍ കൈവിടുക ഇല്ല. ദൈവം ഉവ്വ്
എന്ന് പറഞ്ഞാല്‍ ഉവ്വ് എന്നായിരിക്കും, ഇല്ല എന്ന് പറഞ്ഞാല്‍ ഇല്ല എന്നായിരിക്കും.
നമ്മളുടെ ദൈവം
മാറ്റമില്ലാത്തവാന്‍ ആണ്; അതാണ് അവനെ വിശ്വസിക്കുവാനുള്ള നമ്മളുടെ ഉറപ്പ്.
അതുകൊണ്ട്, ദൈവവും മനുഷ്യനും
തമ്മില്‍ ചേര്‍ന്ന് പങ്കാളികളായി തുടങ്ങുന്ന ഒരു സംരംഭത്തില്‍ നിന്നും ദൈവം പാതി
വഴിയില്‍ വച്ച് വിട്ടുപോകുക ഇല്ല.
ഇത്തരം സംരംഭത്തില്‍ മനുഷ്യന്‍റെ
ഭൌതീക ജീവിത യാത്രകള്‍ മാത്രമല്ല, നിത്യ ജീവനിലേക്കുള്ള യാത്രയും ഉള്‍പ്പെട്ടിരിക്കുന്നു.
എന്നാല്‍ മനുഷ്യന് ദൈവത്തെ
വിട്ടു പോകുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍,
ദൈവവും മനുഷ്യനും തമ്മില്‍ കാണപ്പെടുന്നതോ, കാണപ്പെടാത്തതോ ആയ യാതൊരു കെട്ടുകളും,
നിര്‍ബന്ധവും ഇല്ല.
നമ്മള്‍ പറഞ്ഞതുപോലെ,
മനുഷ്യന്‍ ഒരു നിഷ്പക്ഷ ശക്തി ആയതിനാല്‍, അവനു പിശാചിനോടും പങ്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍
കഴിയും. പിശാചും പ്രവര്‍ത്തിക്കുന്നത് മനുഷ്യരുമായുള്ള പങ്കാളിത്തത്തില്‍ ആണ്.
എന്നാല്‍ പിശാചും മനുഷ്യനും
തമ്മിലുള്ള പങ്കാളിത്തം, ദൈവവും മനുഷ്യനും തമ്മിലുള്ളതില്‍ നിന്നും വ്യത്യസ്തം
ആണ്.
ഇവിടെ മനുഷ്യനും പിശാചും ഒരുമിച്ചു പ്രവര്‍ത്തിക്കുക ആണ്. അവര്‍
ഒരുമിച്ചു തോളോട് തോള്‍ ചേര്‍ന്ന് നടക്കുന്നു.
എന്നാല്‍ ഇവിടെ മനുഷ്യന്‍
സ്വതന്ത്രന്‍ അല്ല; അവനു ഇഷ്ടമില്ല എങ്കില്‍ അകന്നു നടക്കുവാന്‍ അനുവാദമില്ല;
ഓടിപ്പോകുവാനും പ്രയാസമാണ്.
പിശാചിനും മനുഷ്യര്‍ക്കും
ഇടയില്‍ ബന്ധിച്ചിരിക്കുന്ന ഒരു ചരട് എപ്പോഴും ഉണ്ടായിരിക്കും.
ഇതു പിടിക്കപ്പെടുന്ന
കുറ്റവാളികള്‍ ഓടി പോകാതിരിക്കെണ്ടതിനായി, പടയാളികളുടെ കൈയും കുറ്റവാളികളുടെ കൈയും
ഒരു വിലങ്ങ്കൊണ്ടോ ചങ്ങലകൊണ്ടോ ബന്ധിക്കുന്നത് പോലെ ആണ്.
പുരാതന കാലത്ത്, ഓടിപ്പോകുമോ
എന്ന് ഭയപ്പെട്ടിരുന്ന കുറ്റവാളികളെ കാരാഗ്രഹത്തില്‍ താമസിപ്പിക്കുമ്പോഴും, ചങ്ങലകള്‍കൊണ്ട്
അവരുടെ കാലുകള്‍ തടവറയിലെ ഒരു തൂണില്‍ ബന്ധിക്കാറുണ്ടായിരുന്നു.
മിക്കപ്പോഴും ഭാരം കൂടിയ
ഇരുമ്പ് ഗോളങ്ങള്‍ അവരുടെ കാലില്‍ ബന്ധിച്ചിരിക്കും. അവര്‍ ഓടിപോകുന്നെങ്കില്‍ ഈ
ഇരുമ്പ് ഗോളവും ചുമന്നുകൊണ്ടു ഓടണമായിരുന്നു.
അതായത് രക്ഷപെടുവാനുള്ള
സാധ്യത ഇല്ലാത്ത ഒരു ബന്ധനം പിശാചിനും മനുഷ്യര്‍ക്കും ഇടയില്‍ ഉണ്ടായിരിക്കും.
മനുഷ്യന്റെ സ്വതന്ത്ര
ഇശ്ചാശക്തി അവനു ഉപയോഗിക്കുവാന്‍ കഴിയാതെ പിശാച് പറയുന്നതെല്ലാം ചെയ്യുന്ന അടിമകള്‍
ആയി മനുഷ്യര്‍ മാറും.
ഇതിനെ ആണ് നമ്മള്‍ പൈശാചിക
ബന്ധനം എന്ന് വിളിക്കുന്നത്.
ഈ ബന്ധനത്തെ ദൈവകൃപയാല്‍
അല്ലാതെ ഒരു മനുഷ്യനും തള്ളിപറയുവാന്‍ സാദ്ധ്യമല്ല. ദൈവകൃപയാല്‍ അല്ലാതെ ആര്‍ക്കും
സ്വതന്ത്രര്‍ ആകുവാന്‍ സാദ്ധ്യമല്ല. ദൈവകൃപയാല്‍ കണ്ണുകള്‍ തുറന്നല്ലാതെ ആര്‍ക്കും
ഈ ബന്ധനം തിരിച്ചറിയുവാന്‍ പോലും കഴിയുക ഇല്ല.
അതുകൊണ്ടാണ് അപ്പോസ്തലന്‍ പറഞ്ഞത്:
“പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ
ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1 കൊരിന്ത്യര്‍ 12: 3)
നമ്മളുടെ ഈ സന്ദേശത്തിന്റെ വിഷയം പൈശാചിക
ബന്ധനം അല്ല.
ദൈവവുമായുള്ള പങ്കാളിത്തത്തെ കുറിച്ച്
പറഞ്ഞുവന്നപ്പോള്‍ നമ്മള്‍ ദൈവവുമായുള്ള മനുഷ്യരുടെ ബന്ധത്തെകുറിച്ചും, പൈശാചിക
ബന്ധനത്തെ കുറിച്ചും സന്ദര്‍ഭവശാല്‍ പറഞ്ഞു എന്നേ ഉള്ളൂ.
ദൈവുമായി നമുക്ക് ഉള്ളത് ഒരു ബന്ധവും
പിശചുമായി ഉണ്ടായെക്കാവുന്നത് ബന്ധനവും ആണ്.
ഇനി നമുക്ക് വീണ്ടും ദൈവീക പങ്കാളിത്തത്തെ
കുറിച്ച് ചിന്തിക്കാം.
ദൈവത്തിന് ഈ ഭൂമിയല്‍ പ്രവര്‍ത്തിക്കുവാന്‍
മനുഷ്യരെ പങ്കാളികള്‍ ആയി ആവശ്യമുണ്ട്.
ഈ പങ്കാളിത്തം, ഞാന്‍ പാതി, ദൈവം പാതി
എന്ന ക്രമീകരണത്തില്‍ അല്ല, നമ്മളും ദൈവവും ഒരുമിച്ചു തോളോട് തോള്‍ ചേര്‍ന്ന്
നടക്കുക ആണ്.
ഇവിടെ വേദപുസ്തകത്തിലെ ഒരു പ്രശസ്ത വാക്യം
ഞാന്‍ ഉദ്ദരിക്കട്ടെ: “രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ?” (ആമോസ് 3:3)
അതായത് ദൈവവും മനുഷ്യനും തമ്മില്‍ ഒത്താലെ
ഒരുമിച്ചു നടക്കുവാന്‍ കഴിയൂ.
ദൈവത്തോട് കൂടെ നടന്ന ഒരു
വ്യക്തിയെക്കുറിച്ച് വേദപുസ്തകം പറയുന്നുണ്ട്; “ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.” (ഉല്‍പ്പത്തി 5: 24)
ഹനോക്ക് ദൈവത്തോട് കൂടെ നടന്നു എന്ന്
പറയുമ്പോള്‍, ദൈവം അവനോട് കൂടെ നടന്നു എന്നും നമ്മള്‍ മനസ്സിലക്കേണം.
ഉയര്‍ന്നവനും താഴ്ന്നവനും ഒരുമിച്ച്
നടക്കണമെങ്കില്‍ ഉയര്‍ന്നവന്‍ അതിനു മുന്‍കൈ എടുക്കേണം.
ദൈവം ഹാനോക്കിനോടുകൂടെ നടക്കുവാന്‍ ആദ്യം
തീരുമാനിച്ചു; ഹാനോക്ക് അതിനായി ആഗ്രഹിക്കുകയും സ്വീകരിക്കുകയും ചെയ്തു. അങ്ങനെ
അവര്‍ ഒരുമിച്ച് നടന്നു.
ഹനോക്കിന്റെ ആയുഷ്കാലം ആകെ
മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു. അതിന്‍റെ അന്ത്യത്തില്‍ ദൈവം അവനെ ജീവനോടെ
തന്നെ സ്വര്‍ഗ്ഗത്തിലേക്ക് എടുത്തു.
ദൈവത്തിന് മനുഷ്യരോട് കൂടെ, ഏറ്റവും
കുറഞ്ഞപക്ഷം ദൈവം തിരഞ്ഞെടുക്കുന്ന മനുഷ്യരോട് കൂടെ നടക്കുവാന്‍ ആഗ്രഹമുണ്ട്.
നമ്മള്‍ ഈ ദൈവകൃപയെ സ്വീകരിക്കുന്നു
എങ്കില്‍ ദൈവം നമ്മളോട് കൂടെ നടക്കും. ദൈവം നമ്മളെ അവന്‍റെ പ്രവര്‍ത്തികള്‍ക്ക്
പങ്കാളികള്‍ ആക്കും.
എല്ലാകാലത്തും ഈ ഭൂമിയില്‍, മനുഷ്യരുടെ
ഇടയില്‍ ഒരു പ്രവര്‍ത്തി ചെയ്യുവാന്‍ ദൈവം പങ്കാളികളെ അന്വേഷിക്കാറുണ്ട്.
അതായത് ദൈവം പറയുന്നത്, പറയുന്ന സമയത്ത്,
പറയുന്ന ഇടത്ത്, പറയുന്നതുപോലെ ചെയ്യുവാന്‍ ദൈവത്തിന് മനുഷ്യരെ ആവശ്യമുണ്ട്. ദൈവത്തോട്
കൂടെ നടക്കുവാന്‍ അവന്‍ എപ്പോഴും മനുഷ്യരെ അന്വേഷിക്കാറുണ്ട്.
ആമോസ് ഇതിനെക്കുറിച്ച് ഇങ്ങനെ ആണ് പറയുന്നത്:
“യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം
വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.” (ആമോസ്
3: 7)
ദൈവം ദൈവദാസന്മാര്‍ക്ക് കാര്യങ്ങള്‍ സംഭവിക്കുന്നതിന്
മുമ്പ് അത് വെളിപ്പെടുത്തികൊടുക്കുന്നത് രണ്ടു ഉദ്ദേശ്യത്തോടെ ആണ്.
ഒന്ന്, അനര്‍ത്ഥങ്ങള്‍ സംഭവിക്കാതെ
ഇരിക്കുവാന്‍, മനുഷ്യര്‍ക്കും ദൈവത്തിനും ഇടയില്‍ ഇടുവില്‍ നില്‍ക്കുവാന്‍ ഒരു
അവസരം നല്‍കുകയാണ്.
ഉദാഹരണം ആണ് അബ്രഹാം ലോത്തിനുവേണ്ടി ഇടുവില്‍
നിന്നത്.
ഇടുവില്‍ നില്‍ക്കുവാന്‍ ദൈവദാസന്മാര്‍
പരാജയപ്പെടുമ്പോള്‍, ദൈവം അറിയിച്ചതുപോലെ പ്രവര്‍ത്തിക്കുവാന്‍ മനുഷ്യന്‍ അനുവാദം
നല്‍കുകയാണ്.
ഒരു മനുഷ്യന്‍, മറ്റൊരു മനുഷ്യന് നല്‍കുന്ന
അനുവാദം പോലെ അല്ല ഇതു എങ്കിലും, ദൈവത്തില്‍നിന്നും ഈ ഭൂമിയുടെമേല്‍ അധികാരം
ഏറ്റുവാങ്ങിയ മനുഷ്യന്‍, അനര്‍ത്ഥം സംഭവിക്കുവാന്‍ അനുവദിക്കുകയാണ്.
ദൈവം താന്‍ ചെയ്യുവാന്‍ പോകുന്ന
കാര്യങ്ങളെ തന്റെ ദാസന്മാർക്കു വെളിപ്പെടുത്തുന്നതിന്റെ രണ്ടാമത്തെ ഉദ്ദേശ്യം
ദൈവീക പ്രവര്‍ത്തികളില്‍ പങ്കാളി ആകുവാനുള്ള ക്ഷണം ആണ്.
ദൈവം തന്‍റെ മഹാകൃപയാല്‍, ദൈവീക മുന്‍നിര്‍ണ്ണയ പ്രകാരം
തിരഞ്ഞെത്തവരെ ആണ് കാര്യങ്ങള്‍ വെളിപ്പെടുത്തി തിരഞ്ഞെടുക്കുന്നത്.
ദൈവീക ദൌത്യം സ്വീകരിക്കുക, ഒരുമിച്ചു
നടക്കുക എന്നതാണ് നമ്മളുടെ പക്ഷത്തുനിന്നും പ്രതീക്ഷിക്കുന്ന പ്രതികരണം.
ഇങ്ങനെ ദൈവത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍
ക്ഷണം കിട്ടിയ അനേകരുടെ ചരിത്രം വേദപുസ്തകത്തില്‍ പറയുന്നുണ്ട്.
അവരില്‍ അധികവും ദൈവീക തിരഞ്ഞെടുപ്പ്
മനസ്സിലാക്കിയ ഉടന്‍ തന്നെ അത് സ്വീകരിക്കുകയും അതിനായി ഇറങ്ങി പുറപ്പെടുകയും
ചെയ്തു.
യാക്കോബ് തന്റെ ഭവനത്തില്‍ നിന്നും
ഓടിപ്പോയതു വഴിമദ്ധ്യേ ദൈവത്തെ കണ്ടുമുട്ടാം എന്ന് കരുതിയല്ല.
അവന്‍ തന്റെ ജീവനെ രക്ഷിക്കുവാന്‍ വേണ്ടി,
കൊപാകുലന്‍ ആയ സഹോദരനില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
എന്നല്‍ വഴിമദ്ധേ, ഒരു വിജന പ്രദേശത്തു അവൻ
എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ടു അവിടെ രാത്രിയില്‍ കിടന്നുറങ്ങുവാന്‍
തീരുമാനിച്ചു.
അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നു എടുത്തു
തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി.
ഇവിടെ ദൈവം തന്നെ അന്വേഷിച്ച് വരും എന്ന്
അവന്‍ പ്രതീക്ഷിച്ചില്ല; അങ്ങനെ അവന്‍ ആഗ്രഹിച്ചും ഇല്ല.
എന്നാല്‍ ദൈവം അവിടെ അവനു പ്രത്യക്ഷന്‍
ആയി അവനോടു സംസാരിച്ചു.
അവന്‍ കിടക്കുന്ന ഭൂമിയെ ദൈവം അവനും അവന്‍റെ
സന്തതിക്കും അവകാശമായി കൊടുക്കും എന്നും അവന്‍റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; അവന്‍ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും;
യാക്കോബ് മുഖാന്തരവും അവന്‍റെ
സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും. എന്നും, അവന്‍ പോകുന്നേടത്തൊക്കെയും
ദൈവം അവനെ കാത്തുകൊള്ളും എന്നും ദൈവം അരുളിച്ചെയ്തു.
ആഗ്രഹിക്കുകയോ, പ്രതീക്ഷിക്കുകയോ
ചെയ്യാത്ത ഒരു മനുഷ്യനെ ദൈവം അന്വേഷിച്ചു ചെന്ന് അവനെകുറിച്ചുള്ള ദൈവീക പദ്ധതി
അറിയിക്കുക ആണ്.
യാക്കോബ് ഉടന്‍തന്നെ ദൈവീക പദ്ധതിക്ക്
കീഴ്പ്പെട്ടു.
ആമോസ് തന്‍റെ തിരഞ്ഞെടുപ്പിനെക്കുറിച്ച്
പറയുന്നതിങ്ങനെ ആണ്: “ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല,
ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ. ഞാൻ ആടുകളെ
നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ
യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു” (ആമോസ് 7: 14, 15)
ആമോസ് ഒരു വിമുഖന്‍ ആയ പ്രാവചകന്‍
ആയിരുന്നു; ആഗ്രഹിച്ചതുകൊണ്ടല്ല; ദൈവം നിര്‍ബന്ധിച്ചത് കൊണ്ട് മാത്രം ദൈവത്തിന്‍റെ
പ്രവചന ശബ്ദവുമായി യിസ്രായെലിലേക്ക് പോയവന്‍.
ഈ സന്ദേശത്തില്‍ നമ്മള്‍ ശ്രദ്ധ
കേന്ദ്രീകരിക്കുവാന്‍ ആഗ്രഹിക്കുന്നത് യാക്കോബിന്റെയോ ആമോസിന്റെ ജീവിതചരിത്രത്തില്‍
അല്ല.
നമ്മള്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നത്
മോശെയുടെ വിളിയാണ്.
മോശേയുടെ ജനനത്തിന്റെ ഏക പ്രത്യേകത അവന്‍
സുന്ദരന്‍ ആയിരുന്നു എന്നത് മാത്രമാണ്. അത് അവന്‍റെ ഇഷ്ടമോ അവന്റെ തിരഞ്ഞെടുപ്പോ
അല്ല; ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് മൂലം ആണ്.
അക്കാലത്ത് മോശെ മാത്രമായിരിക്കില്ല സുന്ദരനായ
ശിശു,
മിസ്രയീം പടയാളികള്‍ എബ്രായ ശിശുക്കളെ
നൈല്‍ നദിയില്‍ എറിഞ്ഞ് കൊന്നിരുന്ന ആ കാലത്ത് മറ്റു അനേകം മാതാപിതാക്കന്മാര്‍
തങ്ങള് കുഞ്ഞുങ്ങളെ ഒളിപ്പിച്ചു വെക്കുവാന്‍ ശ്രമിച്ചിട്ടുണ്ടായിരിക്കേണം.
എന്നാല്‍ അനേകരുടെ പരിശ്രമങ്ങള്‍ മിസ്രയീം
പടയാളികള്‍ തോല്‍പ്പിച്ചു അവരുടെ കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞപ്പോള്‍, മോശെ എന്ന
ശിശുവിനെ സൂക്ഷിക്കുവാന്‍ കഴിഞ്ഞത് ദൈവീക സംരക്ഷണം ഉണ്ടായിരുന്നതുകൊണ്ടാണ്. ഇവിടെയും
അത് മോശെയുടെ തിരഞ്ഞെടുപ്പ് അല്ല.
ഈ ശിശുവിനെ ഒരു പെട്ടകത്തില്‍ ആക്കി നൈല്‍
നദിയിലൂടെ ഒഴുക്കിയപ്പോള്‍ അവന്റെ മാതാപിതാക്കള്‍ക്ക് ഒരു ആശ്വാസം മാത്രമേ
ഉണ്ടായിരുന്നുള്ളൂ, അവന്റെ മരണം നേരില്‍ കാണേണ്ടി വരുക ഇല്ലല്ലോ.
മോശെയെ പെട്ടകത്തില്‍ ഫറവോന്റെ മകള്‍
കണ്ടെത്തും എന്നോ, മറ്റാരെങ്കിലും കണ്ടെത്തുമെന്നോ, അതുകൊണ്ട് രാജാവിന്റെ കല്‍പ്പനയില്‍
നിന്നും അവന്‍ രക്ഷപെടും എന്നോ പ്രതീക്ഷിക്കുവാന്‍ യാതൊരു സാധ്യതയും ഇല്ല.
ശിശുവിന് എന്ത് സംഭവിക്കും എന്ന്
അറിയുവാന്‍ കുറെ ദൂരം അവന്‍റെ സഹോദരി നോക്കിനിന്നതും സ്വാഭാവികം മാത്രമാണ്.
അതായത്, മോശെയുടെ ജനനത്തിങ്കല്‍ , ശിശുവോ
അവന്റെ മാതാപിതാക്കളോ, അവന്‍ യിസ്രായേല്‍ ജനത്തെ അടിമത്തത്തില്‍ നിന്നും
വിടുവിക്കുന്ന ഒരുവന്‍ ആകും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവനെ അതിനായി സമര്‍പ്പിച്ചിരുന്നില്ല.
ശിശുവായ മോശെ അത് പ്രതീക്ഷിചിരുന്നുമില്ല.
ദൈവീക തിരഞ്ഞെടുപ്പ് മനുഷ്യന്റെ
ഇഷ്ടത്താലോ, ആഗ്രഹാത്താലോ ഉണ്ടാകുന്നതല്ല. ഇതാണ് നമ്മള്‍ ഈ സന്ദേശത്തില്‍
ചിന്തിക്കുന്നതും.
ഫറവോന്റെ മകള്‍ക്ക് മോശെയെ വെള്ളത്തില്‍
നിന്നും കിട്ടിയതാണ്.
വേദപുസ്തകത്തില്‍ നമ്മള്‍ വായിക്കുന്നു: “ഞാൻ
അവനെ വെള്ളത്തിൽനിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവൾ അവന്നു മോശെ എന്നു
പേരിട്ടു.” (പുറപ്പാട് 2: 10)
എന്ന് പറഞ്ഞാല്‍, ഈ ശിശുവിനെ നൈല്‍
നദിയില്‍ നിന്നും ദാനമായി ലഭിച്ചതാണ്. നൈല്‍ മിസ്രയീമ്യരുടെ ദേവന്‍ ആയ ഹാപ്പി
ആയിരുന്നു. അതായത് നൈല്‍ നദിയുടെ ദേവനായ ഹാപ്പിയുടെ ദാനമാണ് ഈ ശിശു എന്ന അര്‍ത്ഥത്തില്‍
ആണ് ഫറവോന്റെ പുത്രി അവന് മോശെ എന്ന് പേര് വിളിച്ചത്.
പന്നീട് ജീവിതകാലം എല്ലാം അദ്ദേഹം മിസ്രയീം
ദേവനായ ഹാപ്പിയുടെ ദാനമായി, നൈല്‍ നദിയില്‍ നിന്നും ലഭിച്ചത് എന്ന് അര്‍ത്ഥമുള്ള
മോശെ എന്ന് തന്നെ അറിയപ്പെട്ടു.
ഇതു എന്നെ അല്‍പ്പം ചിന്തിപ്പിച്ചു.
ദൈവം അബ്രഹാമിനെ വിളിച്ചതിന് ചില നാളുകള്‍
കഴിഞ്ഞപ്പോള്‍ അവന്റെ പേര് അബ്രാം എന്നായിരുന്നത് മാറ്റി അബ്രഹാം എന്നാക്കി.
യാക്കോബിന്റെ പേര് യിസ്രായേല്‍ എന്നാക്കി.
പ്രാവസത്തിലേക്ക് പോയ യോസേഫിനും,
ദാനിയെലിനും കൂട്ടുകാര്‍ക്കും എല്ലാം വ്യത്യസ്തങ്ങള്‍ ആയ പേരുകള്‍ ലഭിച്ചു.
എന്നാല്‍ ഒരു വലിയ ജനത്തെ, അന്നത്തെ
ശക്തവും സമ്പന്നവും ആയിരുന്ന ഒരു രാജ്യത്തുനിന്നും വിടുവിക്കുവാന്‍ ദൈവം നിയോഗിച്ച
മോശെയുടെ പേര് ദൈവമോ, മനുഷ്യരോ മാറ്റിയില്ല.
മിസ്രയീം രാജാവിന്റെ പുത്രി നല്‍കിയ മോശെ എന്ന
പേര് തന്നെ അവന്റെ ജീവിതകാലം മുഴുവനും തുടര്‍ന്നു.
മോശെ വളര്‍ന്നപ്പോള്‍ മിസ്രയീം രാജ്യം
വിട്ട് ഓടിപ്പോയി മിദ്യാന്‍ രാജ്യത്ത് വന്നു അവിടുത്തെ പുരോഹിതന്‍ ആയ യിത്രോവിന്റെ
കൂടെ താമസിച്ചപ്പോഴും ആരും അവന്റെ പേര് മാറ്റിയില്ല.
പന്നീട് ദൈവം അവനെ മരുഭൂമിയില്‍ വച്ച്
വിളിച്ചപ്പോഴും, മോശെ എന്ന പേര് ചൊല്ലി വിളിച്ചു; ദൈവം അവന്റെ പേര് മാറ്റിയില്ല.
പിന്നീട് അടിമത്തത്തില്‍ നിന്നും ജനത്തെ
സ്വതന്ത്രര്‍ ആക്കി മരുഭൂമിയിലൂടെ സഞ്ചരിച്ച നാളുകളില്‍ മോശെ ദൈവത്തെ അഭിമുഖമായി
കണ്ടു സംസാരിച്ചു. ദൈവം മോശെയുടെ പക്കല്‍ ദൈവീക പ്രമാണങ്ങള്‍ ജനത്തിനായി നല്‍കി.
അപ്പോഴും മോശെയുടെ പേര് മാറ്റിയില്ല.
ഇതു എന്തെങ്കിലും പ്രത്യേക സന്ദേശം നല്‍കുന്നുണ്ടോ
എന്ന് എനിക്ക് അറിയില്ല. എന്നാല്‍ പേരുകള്‍ എല്ലായിപ്പോഴും ദൈവത്തിന്
പ്രധാനപ്പെട്ടതല്ല എന്ന് തോന്നുന്നു.
അതോ, മോശെ എങ്ങനെ ആണ് മരണത്തില്‍ നിന്നും
രക്ഷപെട്ടത് എന്ന് അവന്‍ ഓര്‍ക്കേണം എന്ന് ദൈവം ആഗ്രഹിചിരുന്നുവോ.
ഇനിയും, മറ്റൊരു ചിന്ത കൂടുതല്‍
ദൈവശാസ്ത്രപരമാണ് എന്ന് എനിക്ക് തോന്നുന്നു.
മോശെ എന്ന വാക്ക് വെള്ളത്തില്‍ നിന്നും
വിടുവിക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥം വഹിക്കുന്നുണ്ട്.
അനേകം സ്വജനത്തെ, സ്വന്ത പ്രായക്കാരെ,
കൊന്ന് വിഴുങ്ങികളഞ്ഞ നൈല്‍ നദിയിലെ വെള്ളത്തിലൂടെ കടന്ന് ജീവനിലേക്കു പ്രവേശിച്ച ശിശു
ആണ് മോശെ.
മോശെ എന്ന് പേര് ഈ ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്നു.
അവന്‍ അതു എപ്പോഴും ഓര്‍ക്കേണം എന്ന് ദൈവം ആഗ്രഹിക്കുന്നു.
മോശെയുടെ കഴിവും, മിടുക്കും കൊണ്ടല്ല,
അവന്‍റെ മാതാപിതാക്കന്മാരുടെ കഴിവും കൊണ്ടല്ല. അവന്റെ സൗന്ദര്യം കൊണ്ടുമല്ല അവന്‍
മരണത്തില്‍ നിന്നും വിടുവിക്കപ്പെട്ടത്.
ബുദ്ധിമാന്മാരായ മാതാപിതാക്കന്മാരും,
സുന്ദരന്മാരായ ശിശുക്കളും യിസ്രായേല്‍ ജനത്തിന്റെ ഇടയില്‍ വേറെയും, സ്വാഭാവികമായും,
ഉണ്ടായിരുന്നു കാണും.
അവരുടെ കൂട്ടത്തില്‍ മോശെ മാത്രം
രക്ഷപെട്ടത്, അവനെ കുറിച്ചുള്ള ദൈവീക തിരഞ്ഞെടുപ്പ് കാരണം ആയിരുന്നു.
മറ്റൊന്നും അവന്‍റെ ജീവിതത്തിന് കാരണമായി
പറയുവാനില്ല.
എന്നാല്‍ ഇതിനെക്കുറിച്ച് മോശെ ബോധവാന്‍
ആയിരുന്നില്ല. ലോകം കണ്ടിട്ടുള്ളതില്‍വച്ചു ഏറ്റവും വലിയ ഒരു ദൌത്യത്തിനായി താന്‍
തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന് മോശെ ഒരിക്കലും വിചാരിച്ചിട്ടില്ല. അതിനായി ഒരു
തയ്യാറെടുപ്പുകളും ബോധപൂര്‍വ്വം അവന്‍ എടുത്തിരുന്നില്ല.
മേശെ വളര്‍ന്നു വന്നത് മിസ്രയീം രാജാവിന്റെ
കൊട്ടാരത്തില്‍ നിയപരമായി ഫറവോന്റെ പുത്രിയുടെ മകന്‍ ആയാണ്. മോശേയ്ക്ക് ലഭിച്ച
വിദ്യാഭാസവും പരിശീലവും ഒരു രാജകുമാരന് ലഭിക്കെണ്ടുന്നവ ആയിരുന്നു.
എന്നാല്‍ താനൊരു എബ്രായനാണ് എന്ന്
മോശെക്കു അറിവുണ്ടായിരുന്നു. അതുകൊണ്ട്, യുവാവായ ശേഷം ഒരു ദിവസം, അവൻ തന്റെ
സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരുടെ ഭാരമുള്ള വേല നോക്കി .
ഇതു യിസ്രായേല്‍ ജനത്തെ സംബന്ധിച്ചിടത്തോളം ഒരു
മാറ്റത്തിന്‍റെ കാരണം ആകേണ്ടുന്നതാണ്.
അവര്‍ മിസ്രയീമില്‍ വന്നത് യോസേഫിന്റെ കാലത്താണ്.
അന്ന് യൊസേഫ് മിസ്രയീം രാജ്യത്തെ രണ്ടാമന്‍ ആയിരിന്നു.
യോസേഫിന്റെ കാലത്തെല്ലാം യിസ്രായേല്‍ ജനം സുഖത്തോടെ
ജീവിച്ചുകാണും. യോസേഫിന്‍റെ ചരിത്രം അറിയാമിരുന്ന രാജാക്കന്മാരുടെ കാലത്തും അവര്‍ക്ക്
ബുദ്ധിമുട്ട് ഒന്നും ഉണ്ടായിക്കാണില്ല.
വേദപുസ്തകം പറയുന്നു, യിസ്രായേല്‍ ജനത്തിന്റെ കഷ്ടത
ആരംഭിക്കുന്നത്, യോസേഫ് ചെയ്ത നന്മകള്‍ അറിയാന്‍ പാടില്ലാത്ത ഒരു രാജാവ്
മിസ്രയീമില്‍ അധികാരത്തില്‍ വന്നത് മുതല്‍ ആണ്.
വീണ്ടും ഒരു എബ്രായനായ ഒരുവന്‍ മിസ്രയീമിന്റെ
അധികാരത്തില്‍ വന്നാല്‍ യിസ്രായേല്‍ ജനത്തിന്റെ കഷ്ട മാറും. അതിനുള്ള സാധ്യത
മോശെയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ ശുഭാപര്യവസാനിച്ചില്ല.
മേശേയുടെ സന്ദര്‍ശനം ഒരു മിസ്രയീമ്യന്റെ കൊലപാതകത്തില്‍ കലാശിച്ചു.
ഇതു പരസ്യമായി, ഫറവോന്‍ അറിഞ്ഞു, മോശെയേയും കൊല്ലുവാന്‍
അവന്‍ തീരുമാനിച്ചു.
അങ്ങനെ 40 -) മത്തെ വയസ്സില്‍ മോശെയുടെ കൊട്ടരവാസകാലം
അവസാനിച്ചു. (അപ്പോസ്തല പ്രവര്‍ത്തികള്‍ 7: 23)
മോശെ കൊട്ടാരവും മിസ്രയീം രാജ്യവും വിട്ട് ഓടിപ്പോയി,
മിദ്യാന്‍ ദേശത്ത് ചെന്ന്, മിദ്യാന പുരോഹിതന്‍ ആയ യിത്രോവിന്റെ വീട്ടില്‍
താമസിച്ചു.
യിതോവ് മോശെക്കു തന്റെ മകൾ സിപ്പോറയെ ഭാര്യയായി
കൊടുത്തു. മോശെ അവിടെ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ട് ജീവിച്ചു.
മോശേക്ക് 80 വയസ്സ് പ്രായം ആയപ്പോള്‍ ദൈവം അവനോടു
സംസാരിക്കുവാന്‍ തീരുമാനിച്ചു. . (അപ്പോസ്തല
പ്രവര്‍ത്തികള്‍ 7: 30)
പുറപ്പാടു 3-)o
അദ്ധ്യായത്തില്‍ നമ്മള്‍ ഈ സംഭവം വായിക്കുന്നു.
മോശെ തന്‍റെ പക്കല്‍ ഉള്ള ആടുകളെ മേയിച്ചുകൊണ്ട്
മരുഭൂമിക്ക് അപ്പുറത്തുള്ള ദൈവത്തിന്റെ പര്‍വ്വതമായ ഹോരേബ് വരെ ചെന്നു.
അപ്പോള്‍
അവിടെ ഒരു അത്ഭുത കാഴ്ച അവന്‍ കണ്ടു. അവിടെ ഉണ്ടായിരുന്ന ഉണങ്ങിയ മുള്‍പ്പടര്‍പ്പില്‍
ഒരു അഗ്നിജ്വാല. അഗ്നിജ്വാല കത്തുന്നത് അവന്‍ കണ്ടു എങ്കിലും മുള്‍പ്പടര്‍പ്പ്
തീയില്‍ കത്തുന്നത് അവന്‍ കണ്ടില്ല.
ആളികത്തുന്ന അഗ്നിജ്വാലയില്‍ നില്‍ക്കുന്ന മുള്‍പ്പടര്‍പ്പ്
കത്താതിരിക്കുന്നത് ഒരു അസാധാരണ സംഭവം ആയതിനാല്‍, അത് എന്താണ് എന്ന് കാണുവാന്‍
മോശെ അതിനോട് അടുത്തു ചെല്ലുവാന്‍ ആഗ്രഹിച്ചു.
അപ്പോള്‍ അഗ്നിജ്വാലയില്‍ നിന്നും ഒരു ശബ്ദം അവന്‍
കേട്ടു. അത് അവനെ മോശെ എന്ന് പേര്‍ചൊല്ലി വിളിച്ചു.
ശ്രദ്ധിക്കുക: മോശെ ഹോരേബില്‍ പോയത് ദൈവത്തെ
കണ്ടുമുട്ടുവാനോ, ദൈവത്തോട് സംസാരിക്കുവാനോ, ദൈവത്തില്‍ നിന്നും ഒരു വലിയ ദൌത്യം
ഏറ്റെടുക്കുവാണോ അല്ല.
അവന്‍ ആടുകളെ തീറ്റുക ആയിരുന്നു; അത് അവന്റെ പതിവ്
ജോലി ആയിരുന്നു.
അവിടെ വച്ച് അവന്‍ ഒരു അത്ഭുത കാഴ്ച കണ്ടു. അത് ഒരു
അത്ഭുത കാഴ്ച എന്നല്ലാതെ ദൈവത്തിന്‍റെ പ്രത്യക്ഷതയായി മോശെ ആദ്യം കരുതിയില്ല.
മോശെ അതിലേക്കു ആകര്‍ഷിക്കപ്പെടുന്നത് അവിടെ ദൈവ
സാന്നിധ്യം ഉണ്ട് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടല്ല;
ഈ അസാധാരണ കാഴ്ച അടുത്ത് ചെന്ന് കാണേണം എന്ന ആഗ്രഹം കൊണ്ട് മാത്രം ആണ്.
എന്നാല്‍ അവിടെ ദൈവം ഉണ്ടായിരുന്നു; ദൈവം മോശെയോടു
സംസാരിച്ചു.
മിസ്രയീമിലുള്ള യിസ്രായേല്‍ ജനത്തിന്റെ
കഷ്ടത ദൈവം കണ്ടിരിക്കുന്നു.
ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ
നിലവിളിയും കേട്ടു.
യിസ്രായേൽമക്കളുടെ നിലവിളി ദൈവത്തിന്‍റെ
അടുക്കൽ എത്തിയിരിക്കുന്നു; മിസ്രയീമ്യർ അവരെ ഞെരുക്കുന്ന
ഞെരുക്കവും ദൈവം കണ്ടിരിക്കുന്നു.
അതുകൊണ്ട് അവരെ മിസ്രയീമ്യരുടെ
കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യർ, ഹിത്യർ, അമോർയ്യർ, പെരിസ്യർ,
ഹിവ്യർ, യെബൂസ്യർ എന്നവരുടെ സ്ഥലത്തേക്കു അവരെ
കൊണ്ടുപോകുവാനും ദൈവം ഇറങ്ങിവന്നിരിക്കുന്നു.
യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു
പുറപ്പെടുവിക്കേണ്ടതിന്നു യഹോവയായ ദൈവം മോശെയെ ഫറവോന്റെ അടുക്കൽ അയക്കുവാന്‍
തീരുമാനിച്ചിരിക്കുന്നു.
ഇതാണ് ദൈവം പറഞ്ഞ അരുളപ്പാട്.
ദൈവം തന്‍റെ പദ്ധതി അറിയിച്ചു; ഒപ്പം ദൈവം
തന്‍റെ ആവശ്യവും പറയുക ആണ്.
ദൈവത്തിന് പ്രവര്‍ത്തിക്കുവാന്‍ ഒരു
മനുഷ്യനെ ആവശ്യമുണ്ട്.
നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ ദൈവം
മനുഷ്യരുമായി പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നു. അത് ദൈവത്തിന്റെ ന്യായവും
രീതിയും ആണ്.
യിസ്രായേല്‍ ജനത്തിന്റെ വിടുതലില്‍ ഒരു
പങ്കാളി ആകുവാന്‍ ദൈവം മോശെയെ വര്‍ഷങ്ങള്‍ക്കു മുമ്പായി തന്നെ കണ്ടിരുന്നു.
ഇപ്പോള്‍ യിസ്രായേല്‍ ജനത്തിന്‍റെ
വിടുതലിന്റെ സമയമായി; ദൈവം അതിനായി മോശെയെ വിളിച്ച് നിയമിക്കുക ആണ്.
ഇവിടെ നമ്മള്‍ എലീശയുടെ തിരഞ്ഞെടുപ്പ് ഓര്‍ത്തുപോകുക
ആണ്.
എലീശ തന്റെ അപ്പന്റെ വയലില്‍ കാളകളെ വച്ച്
നിലം ഉഴുകുക ആയിരുന്നു.
ഏലീയാ പ്രവാചകന്‍ അവന്റെ അരികെ ചെന്നു
തന്റെ പുതപ്പു അവന്റെമേൽ ഇട്ടു.
ഉടന്‍തന്നെ യാതൊരു വിസമ്മതവും പറയാതെ,
ഏറ്റെടുക്കുന്ന ദൌത്യത്തിന്റെ ആഴമോ പരപ്പോ ചിന്തിക്കാതെ, എലീശ, ഏലീയാവിന്റെ
പിന്നാലെ ഓടി.
അവന്‍റെ അപ്പനോടും അമ്മയോടും സ്വന്ത
ജനത്തോടും യാത്രപറഞ്ഞ് അവന്‍ എലീയാവിന്റെ ശിഷ്യന്‍ ആയി.
എലീശ ഒരു വിധേയനായ ദാസന്‍ ആയിരുന്നു.
എലീയാവിന്റെ പുതപ്പു തന്‍റെ മേല്‍ വീണ ഉടന്‍, അത് ദൈവീക വിളി ആണ് എന്ന്
മനസ്സിലാക്കിയ എലീശ, യാതൊരു മടിയും കൂടാതെ, കാലതാമസവും കൂടാതെ, ദൈവീക ദൌത്യം
ഏറ്റെടുത്തു.
എന്നാല്‍ മോശെ അങ്ങനെ അല്ല. അവന്‍
വിമുഖനായ ദൈവ ദാസന്‍ ആണ്.
യിസ്രായേലിലെ ഏറ്റവും ശ്രേഷ്ടനായ വ്യക്തിയായി
കരുതപ്പെടുന്ന മോശെ, വിമുഖതയോടെ ദൈവീക ദൌത്യം സ്വീകരിച്ച ദാസന്‍ ആണ് എന്നത്
രസകരമായ ഒരു സത്യം ആണ്.
ദൈവം മോശെയെ വിളിക്കുവാനായി
കണ്ടുമുട്ടിയത് ഒരു പ്രാവശ്യം ഒരു
സ്ഥലത്തും ആയിരുന്നു എങ്കിലും മോശെ ദൈവീക വിളി അഞ്ച് പ്രാവശ്യം തള്ളികളഞ്ഞു.
ആദ്യ വിളിയുടെ ചരിത്രം നമ്മള്‍ കണ്ടു
കഴിഞ്ഞു. ദൈവം മോശെയെ വിളിച്ചു, കാര്യങ്ങള്‍ പറഞ്ഞു, ദൌത്യം ഏറ്റെടുക്കേണം എന്ന്
അറിയിച്ചു.
എന്നാല്‍ മോശെ വിസമ്മതിച്ചു. മോശെ
ദൈവത്തോടു, ഫറവോന്റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും
അവന് ശേഷിയില്ല എന്നു പറഞ്ഞു.
എന്നാല്‍ ദൈവം പദ്ധതിയേയോ മോശെയോ
ഉപേക്ഷിക്കുവാന്‍ തയ്യാറായിരുന്നില്ല.
മോശെയുടെ പ്രശനം ദൈവം പരിഹരിച്ചു; ദൈവം മോശെയോടു
കൂടെ ഇരിക്കാം എന്ന് വാക്ക് കൊടുത്തു.
മാത്രവുമല്ല, യിസ്രായേല്‍ ജനവുമായി പുറപ്പെട്ട്
വരുമ്പോള്‍ ഇതേ പര്‍വ്വതത്തില്‍ ദൈവത്തെ ആരാധിക്കും എന്നത് അടയാളമായിരിക്കും
എന്നും പറഞ്ഞു.
അതായത്, മോശെയുടെ ആദ്യ തടസ്സം പരിഹരിച്ചു;
ദൈവീക വിളി തുടരുന്നു. ഇതു രണ്ടാമത്തെ വിളിക്ക് സമം ആണ്.
എന്നാല്‍ മോശെ രണ്ടാമതും മറ്റൊരു തടസ്സം
കണ്ടെത്തുന്നു:
“മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ
അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ
അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ
ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു.”
അതിന്നു ദൈവം മോശെയോടു അരുളിച്ചെയ്തു: “നീ
യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും
യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ
അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും
തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.”
നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി
അവരോടു: “മിസ്രയീമിലെ കഷ്ടതയിൽനിന്നു കനാന്യർ, ഹിത്യർ,
അമോർയ്യർ, പെരിസ്യർ, ഹിവ്യർ,
യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു, പാലും തേനും
ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു എന്നു പറക.
എന്നാൽ അവർ നിന്റെ വാക്കു കേൾക്കും.”
അങ്ങനെ മോശെയുടെ രണ്ടാമത്തെ പ്രശ്നവും
പരിഹരിക്കപ്പെട്ടു.
പക്ഷെ ദൈവീക ദൌത്യം ഏറ്റെടുക്കുവാന്‍ മേശെ
തയ്യാറായില്ല.
മോശെ വിമുഖതയോടെ മൂന്നാമതൊരു തടസ്സം പറഞ്ഞു: “അവർ
എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും: യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല
എന്നു പറയും എന്നുത്തരം പറഞ്ഞു. (പുറപ്പാടു 4:1)
മോശെയുടെ ഈ വാദത്തിന് അല്‍പ്പം യുക്തി ഇല്ലാതില്ല.
യിസ്രായേല്‍ ജനം കഷ്ടപ്പെട്ടപ്പോള്‍, മോശെ
കൊട്ടാരത്തില്‍ ജീവിച്ചു; അവന്‍ സ്വന്ത തന്റെ ജനത്തെ കാണുവാന്‍ പുറത്തേക്ക്
ഇറങ്ങിവന്ന ആദ്യദിവസം തന്നെ ഒരു മിസ്രയീമ്യനെ അടിച്ചു കൊന്നു; അത് പരസ്യമായപ്പോള്‍,
യിസ്രായേല്‍ ജനത്തെയും കൊട്ടരത്തെയും ഉപക്ഷിച്ചിട്ടു അവന്‍ ഓടി രക്ഷപെട്ടു.
മോശേയ്ക്ക് യിസ്രായേല്‍ ജനത്തിനിടയില്‍ നല്ല അഭിപ്രായം
ഇല്ല; ഒട്ടും ജനസമ്മതി ഉള്ള നേതാവല്ല മോശെ.
എന്നാല്‍ ദൈവത്തിനു ജനസമ്മതി ഉള്ള നേതാക്കന്മാരെ അല്ല
ആവശ്യം; അവനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്ന മനുഷ്യരെ ആണ് ആവശ്യം.
1 കൊരിന്ത്യര്‍ 1: 27
മുതലുള്ള വാക്യങ്ങളില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ
ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ
ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു. ഉള്ളതിനെ
ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും
തിരഞ്ഞെടുത്തു; ദൈവസന്നിധിയിൽ ഒരു ജഡവും
പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ.”
ബലഹീനരില്‍ ദൈവത്തിന്‍റെ ശക്തിയും ഭോഷന്മാരില്‍
ദൈവത്തിന്‍റെ ജ്ഞാനവും, കുലഹീനതയില്‍ ദൈവത്തിന്‍റെ ശ്രേഷ്ഠതയും വെളിപ്പെടുന്നു.
മോശെയുടെ മൂന്നാമത്തെ തടസ്സ വാദത്തിന് ദൈവം
കണ്ടെത്തിയത് അത്ഭുത പ്രവര്‍ത്തികള്‍ ആയിരുന്നു.
അത് മോശെയുടെ കൈയില്‍ ഉണ്ടായിരുന്ന ഇടയന്റെ വടിയെ സര്‍പ്പമാക്കി,
അതിനെ വീണ്ടും വടി ആക്കിമാറ്റി.
മോശെയുടെ കൈയെ ഹിമം പോലെ വെളുത്തതാക്കി മാറ്റി,
പിന്നീട് അത് സാധാരണമായി തീര്‍ന്നു.
ഈ അത്ഭുതങ്ങള്‍ കാരണം യിസ്രായേല്‍ ജനം മോശെയെ ദൈവം
വിളിച്ചു എന്നും യിസ്രായേല്‍ ജനത്തെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുവാന്‍
ദൈവം അവനെ നിയമിച്ചിരിക്കുന്നു എന്നും അവര്‍ വിശ്വസിക്കും എന്ന് ദൈവം
അരുളിച്ചെയ്തു.
എങ്കിലും ഇതുകൂടാതെ ഒരു അടയാളം കൂടെ കൊടുത്തു.
മോശെ നൈല്‍ നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്തു
ഒഴിക്കേണം; നദിയിൽനിന്നു കോരിയ വെള്ളം ഉണങ്ങിയ നിലത്തു
രക്തമായ്തീരും.
അങ്ങനെ മോശെയുടെ മൂന്നാമത്തെ തടസ്സവും
പരിഹരിക്കപ്പെട്ടു.
പക്ഷെ, ദൈവീക വിളിയെ തന്നില്‍നിന്നും തിരിച്ചുവിടുവാന്‍,
മോശെ നാലാമതൊരു തടസ്സം ഉന്നയിച്ചു.
മോശെ യഹോവയോടു: “കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല;
ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു എന്നു പറഞ്ഞു.”
എന്നാല്‍, മോശെയെ വിടുവാന്‍ ദൈവം
തയ്യാറല്ലായിരുന്നു; ഇതിനും ദൈവം പരിഹാരം കണ്ടെത്തുക ആണ്.
മനുഷ്യനു വായ് കൊടുത്തു യാഹോവയായ
ദൈവത്തിന്, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയ യാഹോവയ്ക്ക്,
അതിന് സഖ്യം വരുത്തുവാനും കഴിയും എന്ന് ദൈവം ഓര്‍മ്മിപ്പിച്ചു.
ദൈവം മോശെയുടെ വായോടുകൂടെ ഇരുന്നു അവന്‍ സംസാരിക്കേണ്ടതു ഉപദേശിച്ചുതരും എന്ന് ദൈവം
ഉറപ്പുനല്‍കി.
പക്ഷെ, മോശെ, ദൈവീക ദൌത്യം ഏറ്റെടുക്കുവാന്‍ വിമുഖന്‍
ആയിരുന്നു. അത് അവന്‍ അവസാനം തുറന്നു പറയുകയാണ്.
ഇനി തടസ്സങ്ങള്‍ പറയുന്നതുകൊണ്ട് കാര്യം ഇല്ല എന്ന്
മോശേയ്ക്ക് തോന്നിയതുകൊണ്ടാകാം, അവന്‍ അവന്‍റെ വിസമ്മതം തുറന്നു പറഞ്ഞു.
മോശെ ദൈവത്തോട്: “കർത്താവേ, നിനക്കു
ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു.”
അഞ്ചാമത്തെ പ്രാവശ്യമാണ് മോശെ ദൈവ വിളിയെ
നിരസിക്കുന്നത്.
ഇതു ദൈവത്തെ കോപാകുലന്‍ ആക്കി എന്ന് ദൈവ വചനത്തില്‍
രേഖപ്പെടുത്തിയിരിക്കുന്നു.
ദൈവം അഹരോനെ, മോശേയ്ക്ക് കൂട്ടായി നിയമിച്ചു. അവന്‍ മോശേയ്ക്ക്
പറയുവാനുള്ളത്, ജനത്തോട് സംസാരിക്കും.
അങ്ങനെ അഹരോന്‍ മോശെയുടെ വായായിരിക്കും.
ദൈവം കോപിച്ചതുകൊണ്ടായിരിക്കാം, പിന്നെ മോശെ
തടസ്സങ്ങള്‍ യാതൊന്നും പറഞ്ഞില്ല.
ഞാന്‍ ഈ സന്ദേശത്തിന്റെ അവസാന ഭാഗത്തേക്ക് വരുകയാണ്.
രണ്ടു കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍
കൊണ്ടുവരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
യിസ്രായേലിന്റെ ചരിത്രത്തില്‍ മോശേയെക്കാള്‍ വലിയവനായി
ഒരു മനുഷ്യനും ഇല്ല.
ഇതു മോശെയുടെ ജ്ഞാനം കൊണ്ടോ, ജന്മ ശ്രേഷ്ടത കൊണ്ടോ, കഴിവുകള്‍
കൊണ്ടോ നേടിയതല്ല.
ദൈവം ഒരു ദൌത്യം അവന്റെമേല്‍ ഏല്‍പ്പിച്ചത് കൊണ്ടാണ്.
എന്നാല്‍, മോശെ, മറ്റ് അനേകം ദൈവദാസന്മാരെപ്പോലെ,
ദൈവീക വിളി വന്നപ്പോള്‍ തന്നെ സന്തോഷത്തോടെ അതിനെ സ്വീകരിച്ചതല്ല.
ദൈവം നേരിട്ട് അവനു പ്രത്യക്ഷന്‍ ആയി, അവന്‍ നേരിട്ട്
ദൈവ ശബ്ദം കേട്ടു എങ്കിലും, അവന്‍ അഞ്ചു പ്രാവശ്യം ദൈവീക നിയോഗത്തെ നിരസിച്ചു.
മോശെ ഒരു വിമുഖന്‍ ആയ ദൈവ ദാസന്‍ ആണ്.
എങ്കിലും, ദൈവം അവനെ മാനവചരിത്രത്തിലെ സമാനതകള്‍
ഇല്ലാത്ത ഒരു ദൌത്യം ചെയ്യുവാന്‍ നിയമിക്കുകയും ഉപയോഗിക്കുകയും ചെയ്തു.
മോശെ ആഗ്രഹിച്ചതല്ല, നിനച്ചതുപോലും അല്ല, ദൈവം
നിശ്ചയിച്ചതാണ്.
ദൈവത്തിന്റെ നിര്‍ബന്ധത്താല്‍, ദൈവീക ദൌത്യം
ഏറ്റെടുത്ത വിമുഖനായ ദൈവ ദാസന്‍ ആണ് മോശെ.
എന്തുകൊണ്ടാണ് ദൈവം ഇങ്ങനെ വീണ്ടും വീണ്ടും ഒരുവനെ
നിര്‍ബന്ധിച്ച് അവന്‍റെ വേലക്കായി വിളിക്കുന്നത്.
താല്പര്യമുള്ള മറ്റാരെയെങ്കിലും ദൈവത്തിന്
വിളിച്ചുകൂടെ.
ഒരു മനുഷ്യന് ദൈവീക വിളിയില്‍ താല്പര്യമില്ല എങ്കില്‍,
ദൈവത്തിന് മറ്റ് അനേകം പേര്‍ ഉണ്ട് എന്ന് നമ്മള്‍ സാധാരണ പറയാറുണ്ടല്ലോ.
എന്നാല്‍ ദൈവം ഇവിടെ അങ്ങനെ അല്ല ചെയ്തത്.
ദൈവം മോശെയെ വിളിച്ചു; അവന്‍ അഞ്ചു പ്രാവശ്യം ദൈവീക
വിളിയെ നിരസിച്ചു; എങ്കിലും ദൈവം മോശെയെ വിട്ടുകളഞ്ഞിട്ടു മറ്റൊരു വ്യക്തിയെ
തിരഞ്ഞെടുത്തില്ല. എന്തായിരിക്കാം കാരണം.
ദൈവം മേശെയേ വിളിക്കുമ്പോള്‍, മോശേയ്ക്ക് 80 വയസ്സ്
പ്രായം ഉണ്ടായിരുന്നു.
കഴിഞ്ഞ 80 വര്‍ഷങ്ങള്‍ ദൈവം വെറുതെ ഇരിക്കുക
ആയിരുന്നില്ല; ദൈവം പെട്ടന്ന് യിസ്രായേല്‍ മക്കളുടെ നിലവിളി കേള്‍ക്കുകയും അവരുടെ
കഷ്ടത കാണുകയും ചെയ്ത്, അവരെ വിടുവിക്കുവാന്‍ ഒരുവനെ അന്വേഷിച്ചിറങ്ങിയതല്ല.
യിസ്രായേല്‍ ജനത്തെ അടിമത്തത്തില്‍ നിന്നും
വിടുവിക്കുവാന്‍, ഒരുവനെ ദൈവം, കുറഞ്ഞപക്ഷം 80 വര്‍ഷങ്ങള്‍ക്കു മുമ്പ്
തിരഞ്ഞെടുത്തു.
കഴിഞ്ഞ 80 വര്‍ഷങ്ങള്‍ ആ മനുഷ്യനില്‍ ദൈവം
നിക്ഷേപിച്ചുകൊണ്ടിരിക്കുക ആയിരുന്നു.
ദൈവം അവന്‍റെ ജീവനെ ഫറവോന്റെ പടയാളികളില്‍ നിന്നും
രക്ഷിച്ചു; മിസ്രയീമിലെ കൊട്ടാരത്തില്‍ വളര്‍ത്തി, മിസ്രയീമ്യ രാജകുമാരന്മാര്‍ക്ക്
ലഭിച്ചിരുന്ന വിദ്യാഭ്യാസവും പരിശീലനവും നല്‍കി.
മോശെ 40 വര്‍ഷങ്ങള്‍ ഏകാന്തതയില്‍ ജീവിച്ചു; 40 വര്‍ഷങ്ങള്‍
അന്യദേശത്തു ജീവിച്ചു; അത്രയും നാളുകള്‍ ആടുകളെ മേയിക്കുന്ന ഇടയന്റെ ജോലിചെയ്തു.
ദൈവം കഴിഞ്ഞ 80 വര്‍ഷങ്ങള്‍ ആയി മോശെ എന്ന മനുഷ്യനില്‍
നിക്ഷേപിച്ചുകൊണ്ടിരിക്കുക ആയിരുന്നു.
80 വര്‍ഷങ്ങളുടെ പരിശീലനമാണ് ദൈവം അവന് നല്‍കിയത്.
മോശെ അത് തിരിച്ചറിഞ്ഞില്ല; ദൈവീകവിളി
പ്രതീക്ഷിച്ചില്ല; അവന്‍ അതിനു തയ്യാറുമാല്ലായിരുന്നു.
മോശെ കൊട്ടാരത്തില്‍ വളര്‍ന്നത് ഒരു ദൈവീക പദ്ധതിയുടെ
ഭാഗമാകുവാനുള്ള പരിശീലനം ലഭിക്കുവാന്‍ ആയിരുന്നില്ല.
യിത്രോവിന്റെ വീട്ടില്‍ വന്നതും, അവന്‍റെ ആടുകളെ
മേയിക്കുന്ന ജോലി ഏറ്റെടുത്തതും ജീവിക്കുവാന്‍ വേണ്ടി മാത്രം ആയിരുന്നു.
ആടുകളെ മേയിച്ചുകൊണ്ട് മരുഭൂമിയുടെ അപ്പുറം വരെ മോശെ
പോയത്, ദൈവത്തെ കാണുവാനോ, ദൈവീക ദൌത്യം സ്വീകരിക്കുവാനോ അല്ല.
എന്നാല്‍ ദൈവം വിവധ അനുഭവങ്ങളിലൂടെ മോശെയുടെ
ജീവിതത്തില്‍ നിക്ഷേപം നടത്തുക ആയിരുന്നു.
വിവിധ അനുഭവങ്ങളുടെ നിക്ഷേപം ദൈവം മോശെയുടെ ജീവിതത്തില്‍
നടത്തിയത്, അവസാനം, മോശെയുടെ വിമുഖത കണ്ടിട്ട് അവനെ വിട്ടെച്ചുപോയി മറ്റൊരുവനെ
തിരഞ്ഞെടുക്കുവാന്‍ അല്ല.
ഈ സന്ദേശം കേട്ടുകൊണ്ടിരിക്കുന്നവരില്‍ എല്ലാവരെയും
ദൈവം ചില ദൌത്യങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ട്.
നമ്മളില്‍ അനേകരും തടസ്സ വാദങ്ങള്‍ പറഞ്ഞുകൊണ്ട്
ഒഴിഞ്ഞുമാറി കഴിയുക ആണ്.
പക്ഷെ ദൈവം വീണ്ടും വീണ്ടും നമ്മളോട്
സംസാരിച്ചുകൊണ്ടിരിക്കുന്നു.
നമ്മളുടെ അല്‍പ്പസമയവും അധിക സമയവും, അല്‍പ്പ
ആരോഗ്യവും അധിക ആരോഗ്യവും, അല്‍പ്പ സമ്പത്തും അധിക സമ്പത്തും ആവശ്യമുള്ള അനേകം
ജോലികള്‍ ദൈവരാജ്യത്തില്‍ ഉണ്ട്.
അതിനായി ദൈവം നമ്മളെ വിളിച്ചുകൊണ്ടിരിക്കുന്നു.
വിമുഖര്‍ ആയിരിക്കാം, എങ്കിലും ദൈവീക വിളിയോട് അനുസരണം
കാണിപ്പാന്‍ നമുക്ക് തീരുമാനിക്കാം.
ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, നമ്മള്‍ ദൈവീക ദൌത്യങ്ങള്‍
ഏറ്റെടുത്തില്ല എങ്കില്‍ ദൈവത്തിനു അനേകര്‍ വേറെ കാണും എന്നത് തെറ്റായ ന്യായം ആണ്.
നമ്മള്‍ ചെയ്യേണ്ടുന്ന ജോലികള്‍ നമ്മള്‍ തന്നെ ചെയ്തെ പറ്റൂ. അതിന് മറ്റൊരാളിനെ
ദൈവം തിരഞ്ഞെടുക്കുക ഇല്ല.
കാരണം, നമ്മളുടെ ജനനത്തിനും മുമ്പേ, ദൈവം നമ്മളെ
തിരഞ്ഞെടുക്കുകയും, അന്നുമുതല്‍ ഇന്നേവരെ, നമ്മളുടെ ജീവിതത്തില്‍ ദൈവം
നിക്ഷേപിക്കുകയും ചെയ്തുകൊണ്ടിരിക്കുക ആണ്.
ഇനിയും ദൈവത്തിന് നമ്മളെ ഉപേക്ഷിക്കുവാണോ, മറ്റൊരാളിനെ
കണ്ടെത്തുവാണോ കഴിയുക ഇല്ല.
മാത്രവുമല്ല നമ്മള്‍ക്ക് കിട്ടിയ ജ്ഞാനവും, കഴിവുകളും,
പരിശീലനവും ലഭിച്ച മറ്റൊരാള്‍ ഈ ഭൂമിയില്‍ വേറെ കാണുക ഇല്ല.
നമ്മള്‍ കടന്നുപോയ, നമ്മള്‍ ഇന്നേവരെ അനുഭവിച്ച,
സന്തോഷവും, വിജയവും, നേട്ടവും, സ്നേഹവും, നിരാശയും, പരാജയവും, കോട്ടങ്ങളും,
ഏകാന്തതയും, ഒറ്റപ്പെടലും എല്ലാം അതേപോലെ അനുഭവിച്ച മറ്റൊരാള്‍ ഈ ഭൂമിയില്‍
ഉണ്ടായിരിക്കില്ല.
ഈ അനുഭവങ്ങള്‍ എല്ലാം, ദൈവീക നിക്ഷേപങ്ങള്‍ ആണ്.
ഇന്ന് നമ്മള്‍ ആയിരിക്കുന്ന വ്യക്തിത്വം നമ്മളുടെ
ജീവിത അനുഭവങ്ങളുടെ ആകെതുക ആണ്.
ദൈവത്തിന് നമ്മളെപ്പോലെ ഒരു വ്യക്തിയെ ആവശ്യമായിരുന്നത്
കൊണ്ട്, അവന്‍ വര്‍ഷങ്ങള്‍ ആയി നമ്മളില്‍ ഈ അനുഭവങ്ങള്‍ എല്ലാം നിക്ഷേപിക്കുക
ആയിരുന്നു.
ആകയാല്‍ ദൈവീക വിളിയോട് നമുക്ക് അനുകൂലമായി
പ്രതികരിക്കാം.
അടിയന്‍ ഇതാ, അടിയനെ തിരഞ്ഞെടുക്കേണമേ, അടിയനെ
അയക്കേണമേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.
ഞാന്‍ അവസാനിപ്പിക്കട്ടെ.
കര്‍ത്താവ്
നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
Watch more videos in
English and Malayalam @ naphtalitribetv.com
Listen to the audio
message @ naphtalitriberadio.com
Read study notes in
English at our official web: naphtalitribe.com
Read study notes in
Malayalam @ vathil.in
No comments:
Post a Comment