വീണ്ടും ജനനവും പരിശുദ്ധാത്മ സ്നാനവും
വീണ്ടും ജനനവും പരിശുദ്ധാത്മ സ്നാനവും രണ്ടു വ്യത്യസ്തങ്ങളായ ആത്മീയ അനുഭവങ്ങള്‍ ആണ്. വീണ്ടും ജനനം പ്രാപിക്കുമ്പോള്‍ നമ്മള്‍ ആത്മ രക്ഷ പ്രാപിക്കുന്നു. വീണ്ടും ജനനം എന്നത് നമ്മളെ പുതിയ ഒരു സൃഷ്ടിയാക്കിമാറ്റുന്ന, ഒരു സമ്പൂര്‍ണ്ണ മാറ്റത്തിന്റെ ആത്മീയ പ്രക്രിയ ആണ്. പഴയ വ്യക്തിയില്‍ നിന്നും ആത്മീയമായി വിഭിന്നന്‍ ആയ ഒരു പുതിയ വ്യക്തി നമ്മളില്‍ തന്നെ സൃഷ്ടിക്കപ്പെടുകയാണ്. അതുകൊണ്ടാണ് അതിനെ വീണ്ടും ജനനം എന്നു വിളിക്കുന്നത്.
1 കൊരിന്ത്യര്‍ 12: 3 ല്‍ അപ്പൊസ്തലനായ പൌലൊസ് പറയുന്നതു ഇങ്ങനെയാണ്: “ ... പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” അതായത് യേശുവിനെ രക്ഷിതാവായി സ്വീകരിക്കുക എന്നത് പരിശുദ്ധാത്മാവിനാല്‍ സംഭവിക്കുന്ന ഒരു പ്രക്രിയ ആണ്. ഇതാണ് നമ്മളെ രക്ഷയിലേക്ക് എത്തിക്കുന്നത്. അതിനാല്‍ രക്ഷിക്കപ്പെടുന്ന എല്ലാവരിലും ഒരു അളവില്‍ പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ഉണ്ട്.
എന്നാല്‍, പരിശുദ്ധാത്മ സ്നാനം വ്യത്യസ്തമായ ഒരു അനുഭവം ആണ്. ഇത് യേശുക്രിസ്തുവില്‍ വിശ്വസിച്ച്, ദൈവ കൃപയാല്‍ രക്ഷപ്രാപിച്ചവരുടെ മേല്‍ പരിശുദ്ധാത്മാവ് ശക്തിയോടെ പകരപ്പെടുന്ന ആത്മീയ അനുഭവം ആണ്. അത് പെന്തെക്കോസ്ത് ദിവസം, യെരൂശലേമിലെ ഒരു മാളിക മുറിയില്‍ ഒരുമിച്ച് കൂടിയിരുന്നു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന 120 പേരുടെമേല്‍ വന്ന ആത്മാവിന്റെ പകര്‍ച്ചയാണ്. ഈ അനുഭവം പെന്തെക്കോസ്ത് ദിവസം കൊണ്ട് അവസാനിച്ചില്ല. അത് യേശുവില്‍ വിശ്വസിച്ച എല്ലാവരുടെമേലു വീണ്ടും ഉണ്ടായിട്ടുണ്ട്. ആത്മാവിന്റെ ഈ പകര്‍ച്ച, അതേ അളവിലും ശക്തിയിലും ഇന്നും വിശ്വസിക്കുന്നവരുടെമേല്‍ സംഭവിക്കുന്നു.