എന്താണ് ദൈവരാജ്യം?

എന്താണ് ദൈവരാജ്യം? നമുക്ക് എങ്ങനെ ദൈവരാജ്യം എന്ന ആശയത്തെ പഴയനിയമത്തില്‍ കാണുവാന്‍ കഴിയും? എങ്ങനെ ആണ് യേശുവിന്റെ സുവിശേഷത്തിന്റെ അടിത്തറ ദൈവരാജ്യമായി മാറുന്നത്? എന്നിങ്ങനെ ഉള്ള വിഷയങ്ങള്‍ ദൈവശാസ്ത്രപരമായി വിശകലനം ചെയ്യുക ആണ് ഈ സന്ദേശത്തിന്റെ ഉദ്ദേശ്യം.

സുവിശേഷം എന്നതിന്റെ ഗ്രീക് പദമായ euangelion എന്നതിന്റെ അര്‍ത്ഥം നല്ല വാര്‍ത്ത എന്നാണ്. ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന നല്ല വാര്‍ത്ത ആണ് സുവിശേഷം.

വേദപുസ്തകത്തിന്റെ മുഖ്യധാരാ വിഷയം ദൈവരാജ്യം എന്നതാണ്. വേദപുസ്തകം ആരംഭിക്കുന്നതും അവസാനിക്കുന്നതും ദൈവരാജ്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്.

ദൈവരാജ്യം എന്ന വിഷയം വേദപുസ്തകത്തെ മൊത്തമായി യോജോപ്പിച്ചു നിറുത്തുന്ന ഏക ചിന്ത ആണ്.

വീണ്ടും ജനനം പ്രാപിക്കുക, രക്ഷിക്കപ്പെടുക എന്നത് ദൈവരാജ്യത്തില്‍ കടക്കുവാനുള്ള ഏക മാര്‍ഗ്ഗം ആണ്.

ദൈവരാജ്യം ഇന്ന് ഭൂമിയില്‍ കാണുന്ന സഭ ആണ് എന്ന് ചിലര്‍ വിശ്വസിക്കുന്നു. ഈ ലോകം ദൈവീക മൂല്യങ്ങളാല്‍ ഭരിക്കപ്പെടുന്ന അവസ്ഥ ആണ് ദൈവരാജ്യം എന്ന് മറ്റ് ചിലര്‍ ചിന്തിക്കൂന്നു. ഇനിയും ചിലര്‍ നമ്മളുടെ മനസ്സില്‍ ആണ് ദൈവരാജ്യം എന്ന് ചിന്തിക്കുന്നു. ഇതിലെല്ലാം സത്യത്തിന്റെ ചില അംശങ്ങള്‍ ഉണ്ട് എങ്കിലും അവയൊന്നും പൂര്‍ണ്ണമായ സത്യമല്ല.

സുവിശേഷങ്ങളില്‍ മത്തായി മാത്രമേ “സ്വർഗ്ഗരാജ്യം” എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളൂ. മത്തായി 33 പ്രാവശ്യം “സ്വര്‍ഗ്ഗരാജ്യം” എന്ന പദം ഉപയോഗിക്കുന്നു. അദ്ദേഹം അതേ സുവിശേഷത്തില്‍ 5 പ്രാവശ്യം “ദൈവരാജ്യം: എന്ന പദവും ഉപയോഗിക്കുന്നുണ്ട്.

മറ്റുള്ള സുവിശേഷകര്‍ “ദൈവരാജ്യം” എന്ന വാക്ക് ആണ് ഉപയോഗിച്ചിട്ടുള്ളത്. പൌലൊസ്, എഫെസ്യര്‍ 5:5 ല്‍ പറയുന്നതു “ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ എന്നാണ്. പത്രൊസിന്‍റെ രണ്ടാം ലേഖനം 1: 11 ല്‍ പറയുന്നത്, “നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം  എന്നാണ്. വെളിപ്പാടു പുസ്തകം 12: 10 ല്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്: “നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു;

ഈ പരാമര്‍ശങ്ങള്‍ എല്ലാം ദൈവരാജ്യത്തെക്കുറിച്ച് ഉള്ളതാണ്.

നഷ്ടപ്പെട്ട ഒരു രാജ്യത്തിന്റെയും, അതിനെ പൂര്‍വ്വസ്ഥിതിയേക്കാള്‍ ശേഷ്ടമായി പുനസ്ഥാപിക്കാം എന്നുള്ള ദൈവത്തിന്റെ വാഗ്ദത്തത്തിന്റെയും അതിനായുള്ള ദൈവീക ഇടപെടലുകളുടെയും ചരിത്രമാണ് വേദപുസ്തകം.

ഇതാണ് വേദപുസ്തകത്തിലെ വിവിധ പുസ്തകങ്ങളെ സംയോജിപ്പിക്കുന്ന വിഷയം. 

ദൈവജനത്തെ മൊത്തമായി ഒരുമിച്ച് വിളിച്ചുചേര്‍ത്തു, ദൈവത്തിന്റെ ഭരണത്തിനും കരുതലിനും കീഴില്‍, എല്ലാവരും ഏകരായി, ദൈവവും മനുഷ്യരും തമ്മിലും, മനുഷ്യര്‍ അന്യോന്യവും,  സകല പ്രപഞ്ചവും മനുഷ്യരും തമ്മിലും, ഉള്ള സമ്പൂര്‍ണ്ണമായ ഒരുമയോടെ, ജീവിക്കുന്ന അവസ്ഥ ആണ് ദൈവരാജ്യം.

ദൈവരാജ്യത്തില്‍ മനുഷ്യര്‍ ദൈവത്തെ മുഖാമുഖം കാണും, അവനെ ഗാഢമായി അറിയുകയും, മനുഷ്യര്‍ പരസ്പരം വേണ്ടുംവണ്ണം അറിയുകയും ചെയ്യും. അത് കൂട്ടായ്മയുടെയും, ഒരുമയുടെയും ഐക്യതയുടെയും, സ്നേഹത്തിന്റെയും പരമമായ അവസ്ഥ ആയിരിയ്ക്കും.  

ലേവ്യപുസ്തകം 26: 12 ല്‍ ഈ അവസ്ഥയെ ഇങ്ങനെ വിശേഷിപ്പിക്കുന്നു: “ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും.

 ഏതൊരു രാജ്യത്തിനും, അതിനെ രാജ്യം എന്നു വിശേഷിപ്പിക്കേണം എങ്കില്‍, അതിന് അത്യാവശ്യമായും നാല് ഘടകങ്ങള്‍ ഉണ്ടായിരിക്കേണം.

1.        ഒരു രാജ്യത്തിന് ഒരു രാജാവ് ഉണ്ടായിരിക്കും. ദൈവരാജ്യത്തില്‍ യേശുക്രിസ്തു ആണ് രാജാവ്.

2.      രാജാവിന്റെ അധികാരം ചോദ്യം ചെയ്യപ്പെടാത്ത ഭൂപ്രദേശം അദ്ദേഹത്തിന്റെ അധികാരത്തിന്‍ കീഴ് ഉണ്ടായിരിക്കേണം. ഈ ഭൂപ്രദേശം രാജാവിന്റെ ഭരണം ചോദ്യം ചെയ്യപ്പെടാതെ നടക്കുന്ന പ്രദേശങ്ങള്‍ ആണ്. ദൈവാരാജ്യത്തിലെ ഭൂപ്രദേശം ഇന്ന് മാര്‍മ്മികവും ഭാവിയില്‍ ആത്മീയവും കൃത്യവുമായ പ്രദേശവും ആയിരിയ്ക്കും. ഒരു പക്ഷേ ഇന്നത്തെ നമ്മളുടെ കാഴ്ചപ്പാടില്‍ നിന്നും അത് വ്യത്യസ്തം ആയേക്കാം.

3.      ഒരു രാജ്യത്തിന് പ്രജകള്‍ ഉണ്ടായിരിക്കും. വീണ്ടെടുക്കപ്പെട്ട ദൈവജനം ദൈവരാജ്യത്തിലെ പ്രജകള്‍ ആയിരിയ്ക്കും. അവര്‍ അവിടെ രാജകീയ പുരോഹിത വര്‍ഗ്ഗം ആയിരിയ്ക്കും.

4.      ഒരു രാജ്യത്തിന് പ്രമാണങ്ങള്‍ അല്ലെങ്കില്‍ നിയമങ്ങള്‍ ഉണ്ടായിരിക്കും. പ്രമാണങ്ങള്‍ രാജാവും പ്രജകളും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നു. ആ ബന്ധത്തിന്‍റെ സ്വഭാവവും രീതികളും പ്രമാണങ്ങള്‍ വെളിപ്പെടുത്തുന്നു. ദൈവവും മനുഷ്യനും തമ്മില്‍ നിത്യമായി നിലനില്‍ക്കുന്ന ഉടമ്പടി ബന്ധങ്ങള്‍ ഉണ്ട്.

 അതായത് ഒരു രാജ്യത്തിന് ആവശ്യമായതെല്ലാം ദൈവരാജ്യത്തിനും ഉണ്ടായിരിക്കും.

ദൈവത്തിന്റെ ജനം, ദൈവത്തിന്റെ പ്രമാണപ്രകാരം, ദൈവത്താല്‍ ഭരിക്കപ്പെടുന്ന രാജ്യം ആണ് ദൈവരാജ്യം.

 മാനവ ചരിത്രത്തില്‍ ഒന്നിലധികം പ്രാവശ്യം, ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിനായി ദൈവം ഇടപെടുന്നതും ദൈവരാജ്യത്തിന്റെ അപൂര്‍ണ്ണമായ പ്രത്യക്ഷതയും നമുക്ക് കാണാവുന്നതാണ്.

ഈ ഭൂമിയിലുള്ള ദൈവരാജ്യത്തിന്റെ നാളിതുവരെയുണ്ടായിട്ടുള്ള എല്ലാ പ്രത്യക്ഷതകളും അപൂര്‍ണ്ണമാണ്. എങ്കിലും അത് സംഭവിച്ചിട്ടുണ്ട്.

ഒരു രീതിയില്‍ പറഞ്ഞാല്‍ ദൈവ ഭരണം എപ്പോഴെല്ലാം ഒരു രാജ്യത്തിലോ, സമൂഹത്തിലോ, കുടുംബത്തിലോ ഒരു വ്യക്തിയിലോ സ്ഥാപിക്കപ്പെടുന്നുവോ, അപ്പോഴെല്ലാം അവിടെ ദൈവരാജ്യത്തിന്റെ പ്രത്യക്ഷത ഉണ്ടാകുക ആണ്. ഈ അനുഭവം ഭാവിയില്‍ പുനസ്ഥാപിക്കപ്പെടുവാന്‍ ഇരിക്കുന്ന ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം ഉറപ്പ് നല്‍ക്കുന്നു.

 ദൈവരാജ്യം എന്ന പദം പഴയനിയമത്തില്‍ കാണുവാന്‍ കഴിയുക ഇല്ല; എന്നാല്‍ ദൈവരാജ്യം എന്ന ആശയം പഴയനിയമത്തില്‍ ഉണ്ട്. യഹൂദന്‍റെ അന്നും ഇന്നുമുള്ള പ്രതീക്ഷ ആണ് ദൈവരാജ്യം.

അതിനാല്‍, യേശു, “ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിച്ചപ്പോള്‍ അത് കേട്ട യഹൂദന് അതൊരു പുതിയ ആശയം ആയിരുന്നില്ല. (മര്‍ക്കോസ് 1: 15)

 ഏദനിലെ ദൈവരാജ്യം

 ദൈവരാജ്യത്തിന്റെ ആദ്യപ്രത്യക്ഷത നമുക്ക് ഏദന്‍ തോട്ടത്തില്‍ കാണാം. ഈ പ്രപഞ്ചത്തില്‍ കാണുന്നതെല്ലാം ദൈവം സൃഷ്ടിച്ചതാണ് എന്നതാണ് അതെല്ലാം ദൈവീക അധികാരത്തിന്‍ കീഴില്‍ ആണ് എന്നതിന് കാരണം.

ഈ സൃഷ്ടിയെല്ലാം ദൈവം സൃഷ്ടിച്ചത് ദൈവരാജ്യം സ്ഥാപിക്കുവാന്‍ വേണ്ടിയായിരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഏദന്‍ തോട്ടം ദൈവത്തിന്റെ രാജ്യം ആയിരുന്നു.

ഏദന്‍ തോട്ടത്തില്‍ ദൈവം ആദമിനെയും ഹവ്വയെയും സൃഷ്ടിച്ച് ആക്കിവെച്ചു. അവര്‍ ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യപ്രകാരവും സൃഷ്ടിക്കപ്പെട്ടവര്‍ ആയിരുന്നു. അവര്‍ ദൈവത്തിന്റെ നേരിട്ടുള്ള അധികാരത്തില്‍ ആയിരുന്നു.

ഭൂമിയിലെ മറ്റ് സൃഷ്ടികളുടെമേലുള്ള ദൈവീക ഭരണം മനുഷ്യരിലൂടെ വെളിപ്പെട്ടു വന്നു.

മനുഷ്യന്‍ “സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ” എന്നു ദൈവം കല്‍പ്പിച്ചു. (ഉല്‍പ്പത്തി 1:26)

എങ്കിലും മനുഷ്യന്റെ അധികാരവിനിയോഗത്തിന് ദൈവം അതിര് നിശ്ചയിച്ചു. ഇത് ദൈവമാണ് സര്‍വ്വാധികാരി എന്നും മനുഷ്യന്റെ അധികാരത്തിന് പരിധി ഉണ്ട് എന്നും മനുഷ്യന്‍ മനസ്സിലാക്കുവാന്‍ വേണ്ടിയായിരുന്നു.

“യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്‍പ്പത്തി 2: 16, 17)

ഇതൊരു കഠിന കല്‍പ്പന അല്ല. ഈ കല്‍പ്പന, ദൈവവും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന്ധ ത്തിന്റെ നിര്‍വചനം ആണ്. ഇതാണ് ദൈവരാജ്യത്തിന്റെ മനോഹാരിത. മനുഷ്യനു ദൈവത്തോടും ഈ ഭൂമിയിലെ മറ്റെല്ലാ ദൈവീക സൃഷ്ടിയോടും ഉത്തരവാദിത്തങ്ങള്‍ ഉണ്ട്.

പ്രകൃതിയും മൃഗങ്ങളും എല്ലാം ദൈവത്തിന്റെ പ്രതിനിധി ആയ മനുഷ്യന് കീഴടങ്ങി ഇരുന്നു. വൃക്ഷങ്ങള്‍ നല്ല ഫലം നല്കി; പ്രകൃതി നല്ല കാലാവസ്ഥ നല്കി. യാതൊന്നും മനുഷ്യനോട് മല്‍സരിച്ചില്ല, ഒന്നും മനുഷ്യനെ വെല്ലുവിളിച്ചില്ല.

രക്ഷിക്കപ്പെടുക എന്ന ആശയത്തിന് യാതൊരു ഇടവും ഈ ദൈവരാജ്യത്തില്‍ ഉണ്ടായിരുന്നില്ല; ആരും പാപി ആയിരുന്നില്ല, അതിനാല്‍ ആരും രക്ഷിക്കപ്പെടേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല.

 ദൈവരാജ്യം പഴയനിയമത്തില്‍

 ദൈവരാജ്യത്തിന്റെ സ്ഥാപനം വളരെ മനോഹരവും അനുഗ്രഹവും ആയിരുന്നു എങ്കിലും മനുഷ്യന്റെ പാപത്താലുള്ള വീഴ്ച ദൈവരാജ്യത്തെ ഇളക്കിമറിച്ചു. മനുഷ്യന്‍ ഒരു മല്‍സരി ആയി മാറി, അവനെ ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കി. ആദാമിന്റെയും ഹവ്വയുടെയും വീഴ്ചയോടെ സകല സൃഷ്ടിയും ദൈവരാജ്യത്തിന് വെളിയില്‍ ആയി. ഭൂമി ശപിക്കപ്പെട്ടു; മനുഷ്യന്റെ അധികാരത്തെ പ്രകൃതി വെല്ലുവിളിക്കുവാന്‍ തുടങ്ങി; സകല പ്രപഞ്ചവും മനുഷ്യനോട് മല്‍സരിക്കുവാന്‍ തുടങ്ങി.

മനുഷ്യന്‍ ദൈവത്തിന്റെ സര്‍വ്വാധികാരത്തെ വെല്ലുവിളിച്ചപ്പോള്‍ പ്രകൃതിയിലെ സകല ജീവജാലങ്ങളും, ഭൂമിയും, പ്രപഞ്ചം തന്നെയും, മനുഷ്യന്റെ അധികാരത്തെ വെല്ലുവിളിച്ചു. മനുഷ്യന്റെ ജീവിതം മൊത്തമായി തന്നെ ദൈവരാജ്യത്തിന് വെളിയില്‍ ആയി.

 എന്നാല്‍ ദൈവത്തിന്റെ നിത്യമായ സ്വഭാവത്തില്‍ നീതിയും കൃപയും ഉണ്ട്. അതിനാല്‍ മനുഷ്യന്റെ തകര്‍ച്ചയില്‍ ദൈവത്തിന്റെ കൃപ വെളിപ്പെട്ടുവന്നു.

സ്ത്രീയുടെ സന്തതിയിലൂടെ മനുഷ്യന്റെ വീഴ്ചയെ പരിഹരിക്കുവാനും അവനെ ദൈവരാജ്യത്തിലേക്ക് പുനസ്ഥാപിക്കുവാനുള്ള ദൈവീക പദ്ധതി ഏദന്‍ തോട്ടത്തില്‍ വച്ചുതന്നെ പ്രഖ്യാപിക്കപ്പെട്ടു.

“ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്‍പ്പത്തി 3:15)

 ഉല്‍പ്പത്തി പുസ്തകം 4 ആം അദ്ധ്യായം മുതല്‍ 11 ആം അദ്ധ്യായം വരെ നമ്മള്‍ വായിക്കുന്നത് ആദാമിന്റെ വംശാവലിയുടെ ലഘുചരിത്രം ആണ്. രണ്ടു തരത്തിലുള്ള മനുഷ്യര്‍ അവനില്‍ നിന്നും പുറപ്പെട്ടു. ദൈവത്തിന് സ്വന്തജനമായി തീരേണ്ടതിനായി അവന്റെ കൃപയെ വെളിപ്പെടുത്തുന്ന ഒരു കൂട്ടര്‍. രണ്ടാമത്തെ കൂട്ടര്‍, ദൈവത്തിന്റെ ന്യായവിധിയെ വിളിച്ചുവരുത്തുന്ന, മനുഷ്യന്റെ പാപത്തെ വെളിപ്പെടുത്തുന്ന മനുഷ്യരുടെ കൂട്ടം. ഇവരെ നമുക്ക് രണ്ടു വംശാവലി എന്നും വിളിക്കാം.

ഇതില്‍ ദൈവത്തിന്റെ കൃപയെ വെളിപ്പെടുത്തുന്ന വംശാവലി അബ്രാഹാമില്‍ എത്തുന്നു. അവനുമായി ദൈവം ഒരു ഉടമ്പടിയാലുള്ള വാഗ്ദത്തം ചെയ്ത്, മാനവരാശിയുടെ പുനസ്ഥാപനത്തിനായുള്ള ദൈവീക പദ്ധതി ആരംഭിക്കുന്നു.

അബ്രാഹാമുമായുള്ള ദൈവീക ഉടമ്പടിയില്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ ഉണ്ട്

  1.  ദൈവം അബ്രാഹാമിന്റെ സന്തതികളെ ഒരു വലിയ ജാതി അല്ലെങ്കില്‍ രാജ്യം ആക്കും.
  2. അവര്‍ക്ക് താമസിക്കുവാന്‍ ഒരു ദേശം കൊടുക്കും.
  3. അവര്‍ ദൈവവുമായി ഒരു സവിശേഷമായ ബന്ധത്തില്‍, ദൈവത്തിന്റെ സ്വന്ത ജനം ആയിരിയ്ക്കും.

 ഇവിടെ നമ്മള്‍ കാണുന്നത് ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിന്റെ പദ്ധതി ആണ്. അബ്രാഹാമിന്റെ സന്തതികള്‍, ദൈവത്തിന്റെ സ്വന്തജനമായി, ദൈവത്തിന്റെ ദേശത്ത്, ദൈവീക ഭരണത്തില്‍ ആയിരിയ്ക്കും.

 ഇതിനുശേഷം നമ്മള്‍ പഴയനിയമത്തില്‍ കാണുന്ന ചരിത്രം എല്ലാം, അബ്രാഹാമിന്റെ സന്തതികളുടെ ദൈവീക വാഗ്ദത്തവും അവരുടെ യഥാര്‍ത്ഥ അനുഭവങ്ങളും തമ്മിലുള്ള ഒരു സംഘര്‍ഷം ആണ്. ഭൌതീക തലത്തിലെ അനുഭവങ്ങള്‍ പലപ്പോഴും ദൈവീക വാഗ്ദത്തവുമായി ചേര്‍ന്ന് പോയില്ല. എല്ലാം ദൈവീക വാഗ്ദത്തത്തിന് എതിരായി അനുഭവപ്പെട്ടുകൊണ്ടിരുന്നു. അതിനാല്‍ വാഗ്ദത്തങ്ങളില്‍ വിശ്വസിക്കുക അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. ഇവിടെ ആണ് പഴയനിയമ വിശ്വാസികള്‍ കൃപയാല്‍ വിശ്വസം മൂല രക്ഷപ്രാപിക്കുവാനുള്ള വഴി തെളിയുന്നത്.

വാഗ്ദത്തങ്ങള്‍ക്ക് എതിരായുള്ള അനുഭവങ്ങളുടെ മൂര്‍ദ്ധ്യന്യാവസ്ഥ നമ്മള്‍ കാണുന്നത് യാക്കോബിന്റെ സന്തതികള്‍ മിസ്രയീമില്‍ അടിമകള്‍ ആയി തീരുമ്പോള്‍ ആണ്. അവിടെ അവര്‍ ഏറെ കഷ്ടം സഹിക്കേണ്ടി വന്നു, അവര്‍ വിടുതലിനായി നിലവിളിക്കേണ്ടി വന്നു. അവരുടെ നിലവിളി വാഗ്ദത്തവും യാഥാര്‍ഥ്യവും തമ്മിലുള്ള സംഘര്‍ഷത്തെ കാണിക്കുന്നു. ഭൌതീക വാഗ്ദത്തങ്ങള്‍ സ്വഭാവികമായി ഒഴുകി വരുന്നില്ല, അത് വിശ്വാസത്താല്‍ പ്രാപിക്കേണ്ടുന്നതായിരുന്നു.

 യിസ്രായേല്‍ ജനത്തിന്റെ രക്ഷയും ദൈവരാജ്യവും

 രക്ഷയുടെയും ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിന്റെയും ഒരു മാതൃക നമ്മള്‍ യിസ്രായേല്‍ ജനത്തിന്റെ പുറപ്പാടില്‍ കാണുന്നു.

അത് ആരംഭിക്കുന്നത്, ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിന്റെ വാഗ്ദത്തം ദൈവം അബ്രാഹാമിന് നല്‍കുന്നതിലൂടെ ആണ്.

അബ്രാഹാമിന്റെ ഉടമ്പടിയ്ക്കും യിസ്രായേല്‍ ജനത്തിന്റെ രക്ഷയ്ക്കും തമ്മിലുള്ള ബന്ധം നമുക്ക് പുറപ്പാടു പുസ്തകം 2: 23, 24 വാക്യങ്ങളില്‍ കാണാം.

 

23  ഏറെ നാൾ കഴിഞ്ഞിട്ടു മിസ്രയീംരാജാവു മരിച്ചു. യിസ്രായേൽമക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി.

24  ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു.

യിസ്രായേല്‍ ജനത്തെ മിസ്രയീമില്‍ നിന്നും പുറപ്പെടുവിച്ച രീതി, രക്ഷയുടെ ചിത്രം ആണ്. അറുക്കപ്പെട്ട കുഞ്ഞാടും, ചൊരിയപ്പെടുന്ന രക്തവും, ഭക്ഷിക്കപ്പെടുന്ന മാസവും, രക്തത്തിനുപിന്നില്‍ മറഞ്ഞിരുന്നു സംഹാരകനില്‍ നിന്നും രക്ഷ പ്രാപിക്കുന്ന ദൈവജനവും, അടിമത്തത്തില്‍ നിന്നുമുള്ള പുറപ്പാടും നമ്മള്‍ അവിടെ കാണുന്നു.

ഒരു വ്യക്തി എങ്ങനെ ആണ് രക്ഷിക്കപ്പെടുന്നത് എന്നത് മനസ്സിലാക്കുവാന്‍ യിസ്രായേല്‍ ജനത്തിന്റെ പുറപ്പാടിന്റെ സംഭവങ്ങള്‍ സഹായിക്കും.

ഇവിടെ പ്രധാനമായും നമ്മള്‍ മനസ്സിലാക്കുന്നത് ഇതാണ്: രക്ഷ കൃപയാല്‍ മാത്രമേ നമുക്ക് ലഭിക്കൂ.

അബ്രാഹാമിന്റെ യാതൊരു നീതിപ്രവര്‍ത്തികളും കാരണം അല്ല ദൈവം അവനുമായി ഒരു ഉടമ്പടി ചെയ്തത്. അബ്രാഹാമിന്റെ വിളി, ദൈവത്തിന്റെ സ്വന്ത ഇഷ്ടപ്രകാരവും സര്‍വാധികാരത്തിലുമുള്ള ഒരു തിരഞ്ഞെടുപ്പ് ആയിരുന്നു.

അബ്രാഹാമിനോടുള്ള കൃപായാലുള്ള വാഗ്ദത്തം മൂലമാണ് യിസ്രായേല്‍ ജനത്തിന് മിസ്രയീമ്യരുടെ അടിമത്തത്തില്‍ നിന്നും രക്ഷ ലഭിച്ചതു. അവരുടെ യാതൊരു നീതിപ്രവര്‍ത്തികളും അതിനു കാരണമായില്ല.

ഫറവോന്റെ രാജ്യം അടിമത്തത്തിന്റെ ചിത്രമാണ്. ഫറവോന്റെ ഹൃദയം, ദൈവീക പ്രവര്‍ത്തികള്‍ കണ്ടിട്ടും കഠിനമായി തീര്‍ന്നു. അതായത് യിസ്രായേല്‍ ജനത്തിന് ഒരിയ്ക്കലും അവരുടെ ശക്തിയോ കഴിവുകളോ ഉപയോഗിച്ച് രക്ഷ പ്രാപിക്കുവാന്‍ കഴിയുക ഇല്ല.

അതുകൊണ്ടു ദൈവം അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല. യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും;” (പുറപ്പാട് 14:13,14)

ഈ വാക്യങ്ങളില്‍ എല്ലാം, യിസ്രായേല്‍ ജനത്തിന്റെ നിസ്സഹായ അവസ്ഥയും രക്ഷയ്ക്കായുള്ള ദൈവീക ഇടപെടലും കാണുന്നു.

യിസ്രായേല്‍ ജനം മിസ്രയീമില്‍ നിന്നും രക്ഷ പ്രാപിച്ചു; ചെങ്കടല്‍ അവര്‍ക്കായി പിളര്‍ന്നു; ദൈവം അവരെ മരുഭൂമിയില്‍ പരിപാലിച്ചു.

ദൈവം തന്റെ പ്രമാണങ്ങളെ മരുഭൂമിയില്‍ സീനായ് പര്‍വ്വത്തില്‍ വച്ച് അവര്‍ക്ക് കൊടുത്തപ്പോള്‍, അവരെ സ്വന്ത ജനം എന്നാണ് ദൈവം വിളിച്ചത്.

മോശെയുടെ ന്യായപ്രമാണങ്ങള്‍, യിസ്രായേല്‍ ജനത്തെ രക്ഷിക്കുവാനുള്ള മാര്‍ഗ്ഗം ആയിരുന്നില്ല. രക്ഷ കൃപയാല്‍ മാത്രം ലഭിക്കുന്നു. മോശെയുടെ ഉടമ്പടി രക്ഷയ്ക്കായി ലഭിച്ചതല്ല, രക്ഷിക്കപ്പെട്ട ദൈവ ജനത്തിന് ലഭിച്ച പ്രമാണങ്ങള്‍ ആണ്.

അങ്ങനെ ന്യായപ്രമാണങ്ങള്‍ ദൈവരാജ്യത്തിലെ ജനങ്ങളുടെ വിളംബര പത്രിക ആയി മാറി.

മോശെയുടെ ഉടമ്പടി അബ്രാഹാമിന്റെ ഉടമ്പടിയുടെ തുടര്‍ച്ച ആയിരുന്നു. ന്യായപ്രമാണങ്ങള്‍ അബ്രാഹാമിന്റെ ഉടമ്പടിയുടെ വിശദാംശങ്ങള്‍ ആണ്.

രക്ഷിക്കപ്പെട്ട, ചെങ്കടിനാല്‍ മിസ്രയീമ്യരുമായി വേര്‍പെട്ട യിസ്രായേല്‍ ജനം ആണ് സീനായ് പര്‍വ്വത്തില്‍ ദൈവത്തെ കണ്ടുമുട്ടുന്നത്.

യിസ്രയേല്യരെ ദൈവം വിടുവിക്കും എന്നതിനും അതിനായി ദൈവം മോശെയെ അയക്കുന്നു എന്നതിനും, ദൈവം മോശെയ്ക്ക് കൊടുത്ത ആദ്യത്തെ അടയാളം ആണ്, ഈ കൂടികാഴ്ച. (പുറപ്പാടു 3:12)

ഇവിടെ യിസ്രായേല്‍ ജനം ദൈവത്തിന്റെ സ്വന്ത ജനം ആയി വിളമ്പരം ചെയ്യപ്പെട്ടു.

എന്നാല്‍, അവരുടെ രക്ഷയില്‍. കനാന്‍ ദേശം കൈവശമാക്കുക എന്ന ദൈവീക പദ്ധതിയും ഉണ്ടായിരുന്നു. യോശുവ കനാന്‍ ദേശം പിടിച്ചടക്കിയ രീതി പഠിച്ചാല്‍ രക്ഷയില്‍ ഉള്ള ദൈവീക ശക്തി നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.

യിസ്രായേല്‍ ജനത്തിന് വാഗ്ദത്തമായി ലഭിച്ച സ്ഥലത്തെ കുറിച്ച് പുറപ്പാടു 3: 8 ല്‍ “നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു” എന്ന് പറയുന്നു.

ദേശത്തിന്റെ ഒരു ചെറിയ വിവരണം തന്നെ നമ്മള്‍ ആവര്‍ത്തന പുസ്തകം 8: 7-10 വരെയുള്ള വാക്യങ്ങളില്‍ വായിക്കുന്നുണ്ട്. 

നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്‌വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം; കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം; ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായിരിക്കുന്നതും മലകളിൽനിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം. നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.”

ദേശത്തിന്റെ ഈ വിവരണത്തില്‍ ഏദന്‍ തോട്ടത്തിന്റെ ഒരു സാദൃശ്യം നമുക്ക് കാണുവാന്‍ കഴിയും.

എന്നാല്‍ മനുഷ്യന്റെ പാപത്താല്‍ ശപിക്കപ്പെട്ട ഈ ഭൂമിയില്‍, ദൈവരാജ്യത്തിന്റെ നിവര്‍ത്തി താല്‍ക്കാലികവും അപൂര്‍ണവും ആയിരിയ്ക്കും.

അതുകൊണ്ടു തന്നെ അബ്രാഹാമിന്റെ ഉടമ്പടിയുടെ സമ്പൂര്‍ണ്ണമായ നിവര്‍ത്തി, വീണുപോയ ഈ ലോകത്തിന് വെളിയില്‍ സംഭവിക്കേണ്ടുന്ന ഒന്നായിരിക്കേണം.

ദൈവരാജ്യവും ദാവീദും

 തുടര്‍ന്നു, യിസ്രായേലിന് ഒരു രാജാവിനെ വാഴിക്കുന്നതുവരെയുള്ള ചരിത്രം, ന്യായാധിപന്‍മാരുടെ കാലം ആയിരുന്നു. അത് അപൂര്‍ണ്ണം എങ്കിലും, ദൈവീക ഭരണത്തിന്‍ കീഴുള്ള രാജ്യത്തിന്റെ ഒരു പതിപ്പ് ആയിരുന്നു. 

രാജാക്കന്മാരുടെ കാലം ആരംഭചിച്ചത് ശൌല്‍ രാജാവോടുകൂടി ആണ്. രണ്ടാമത്തെ രാജാവായിരുന്നു ദാവീദ്. അവന്‍ ദൈവത്തിന്റെ ഹൃദയപ്രകാരം ഉള്ള മനുഷ്യന്‍ ആയിരുന്നു.

ദാവീദ് രാജാവു, ന്യായപ്രമാണപ്രകാരം രാജ്യത്തെ ഭരിക്കുവാന്‍ ശ്രമിച്ച രാജാവായിരുന്നു. യെരുശലേമിലെ ദൈവാലയം ആയിരുന്നു അദ്ദേഹത്തിന്റെ ഭരണത്തിന്റെ കേന്ദ്രബിന്ദു. ദൈവം രാജാവായി വാഴുന്ന കാലത്തിന്റെ ഒരു തെളിമയാര്‍ന്ന ചിത്രമായിരുന്നു ദാവീദിന്റെ ഭരണകാലം.

2 ശമുവേല്‍ 7 ആം അദ്ധ്യായത്തില്‍ ദൈവം ദാവീദുമായി ഒരു ഉടമ്പടി ചെയ്യുന്നത് നമ്മള്‍ കാണുന്നു.

ദൈവം നാഥാന്‍ പ്രവാചകനിലൂടെ ആണ് ഈ ഉടമ്പടി വ്യവസ്ഥകള്‍ ദാവീദിനെ അറിയിക്കുന്നത്.

അതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ ആയിരുന്നു:

ദൈവം അവന്റെ സ്വന്തജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ അവിടെനിന്നു ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. ശേഷം ഒരിക്കലും ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല. (10)

യഹോവ ദാവീദിന് ഒരു വംശാവലിയെ നല്കും. (11)

അവന്റെ സന്തതിയെ അവന് പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കുകയും ചെയ്യും. (12, 13)

അങ്ങനെ, ഒരു രീതിയില്‍ പറഞ്ഞാല്‍, ദൈവം അബ്രാഹാമിന് കൊടുത്ത വാഗ്ദത്തത്തിന്റെ ഭൌതീക വശം നിവര്‍ത്തിക്കപ്പെട്ടു.

1 രാജാക്കന്മാര്‍ 4: 25 ല്‍ പറയുന്നു:    ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിർഭയം വസിച്ചു.

എന്നാല്‍, നിര്‍ഭാഗ്യവശാല്‍, ദാവീദിന്റെ മകന്‍ ശലോമോന് ശേഷം യിസ്രായേല്‍ രാജ്യം 922 B.C. യ്ക്കും 586 B.C. യ്ക്കും ഇടയില്‍ വിഭജിക്കപ്പെട്ടു.

ഇത് ചില ചോദ്യങ്ങള്‍ ഉയര്‍ത്തി. ദാവീദിന്റെയും ശലോമോന്റെയും കാലത്ത് നിവര്‍ത്തിക്കപ്പെട്ടു എന്നു കരുതിയിരുന്ന ദൈവരാജ്യത്തിന്റെ വാഗദത്തം ആണ് യിസ്രായേല്‍ രാജ്യത്തിന്റെ വിഭജനത്തോടെ ശിഥിലം ആയത്.

ദാവീദിന്റെ രാജ്യം ദൈവീക ഭരണത്തിന്റെ അത്യുന്നതമായ ചിത്രം ആയിരുന്നു; ശലോമോന്റെ രാജ്യം ദൈവരാജ്യത്തിന്റെ സമ്പന്നത്തയുടെ ശ്രേഷ്ഠമായ ചിത്രം ആയിരുന്നു.

എന്നാല്‍ അതെല്ലാം വീണുപോയ, ശപിക്കപ്പെട്ട ഈ ഭൂമിയില്‍ വെളിപ്പെട്ട വാഗ്ദത്ത നിവര്‍ത്തി മാത്രമാണ്. 

ഈ ഭൂമിയില്‍ എല്ലാം അപൂര്‍ണ്ണം ആയതിനാല്‍, അതിനു നിത്യമായി നിലനില്‍ക്കുവാന്‍ കഴിയുക ഇല്ല.

എങ്കിലും, ദൈവരാജ്യത്തിന്റെ നിവര്‍ത്തി എന്ന് കരുതപ്പെട്ടിരുന്ന യിസ്രായേല്‍ രാജ്യം, ശലോമോന് ശേഷം, വിഭജിക്കപ്പെട്ടപ്പോള്‍, അബ്രാഹാമിന്റെ വാഗ്ദത്തത്തിന്റെ നിവര്‍ത്തി തന്നെ ചോദ്യം ചെയ്യപ്പെട്ടു. വാഗ്ദത്ത നിവര്‍ത്തി എവിടെ? ദാവീദിനോടുള്ള ദൈവീക വാഗ്ദത്തം ഇനിയും നിവര്‍ത്തിക്കപ്പെടുമോ? ദൈവരാജ്യത്തിന്റെ നിവര്‍ത്തി എന്നു സംഭവിക്കും?

എന്നാല്‍, ഈ ചോദ്യത്തിന് ഉത്തരമില്ലാതെ പോയില്ല. ദൈവം പിന്നീട് അയച്ച പ്രവാചകന്മാര്‍ ഈ ചോദ്യത്തിന് മറുപടി അറിയിച്ചു.

അവര്‍ പറഞ്ഞു, യിസ്രായേല്‍ രാജ്യത്തിന്റെ പതനം ഉടമ്പടി വ്യവസ്ഥകളുടെ ലംഘനം മൂലം സംഭവിച്ചിതാണ്.

മോശെയുടെ ഉടമ്പടി അബ്രാഹാമിന്റെ ഉടമ്പടിയുടെ തുടര്‍ച്ച ആയിരുന്നു. ന്യായപ്രമാണങ്ങള്‍ അബ്രാഹാമിന്റെ ഉടമ്പടിയുടെ വിശദാംശങ്ങള്‍ ആണ്. ന്യായപ്രമാണങ്ങള്‍ ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ ആണ്. അവ ദൈവീക വിശുദ്ധിയുടെ വെളിപ്പെടുത്തലുകള്‍ ആണ്.

ഇതാണ് യിസ്രായേല്‍ ലംഘിച്ചത്.

ദൈവരാജ്യത്തിന്റെ നഷ്ടം മാത്രമല്ല പ്രവാചകന്മാര്‍ അറിയിച്ചത്. അവര്‍ ദൈവരാജ്യത്തിന്റെ ഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന സമ്പൂര്‍ണ്ണമായ നിവര്‍ത്തിയും അറിയിച്ചു.

ദൈവരാജ്യം, സമ്പൂര്‍ണ്ണമായും, നിത്യമായും, സകല മഹത്വത്തത്തോടെയും നിവര്‍ത്തിക്കപ്പെടുന്ന ഒരു ശ്രേഷ്ഠമായ നാളിനെകുറിച്ചു പ്രവാചകന്മാര്‍ പ്രവചിച്ചു.

ദൈവരാജ്യം പ്രവചനങ്ങളില്‍

മാനവരാശിയുടെ ഭാവിയെക്കുറിച്ച് പറയുന്ന പഴയനിയമ കാലത്തെ പ്രവചനങ്ങള്‍ക്കുള്ള ഒരു  പ്രത്യേകത നമ്മള്‍ ശ്രദ്ധിക്കേണ്ടുതുണ്ട്.

ഭൂതകാല ചരിത്രത്തിന്റെ ഘടനയില്‍ നിന്നുകൊണ്ടാണ് ഭാവികാല സംഭവങ്ങള്‍ പ്രവചിക്കുന്നത്.

അതായത്, ദൈവം മനുഷ്യന്റെ പരമമായ രക്ഷ പൂര്‍ത്തീകരിക്കുന്നത്, ഭൂതകാല ചരിത്രത്തിന്റെ ഘടനയുടെ ആവര്‍ത്തനത്തിലൂടെ ആയിരിയ്ക്കും.

യിസ്രയേലിന്റെ മിസ്രയീമില്‍നിന്നുള്ള രക്ഷയും, മരുഭൂമിയിലെ സംരക്ഷണവും, വാഗ്ദത്ത ദേശത്തിന്റെ കൈവശപ്പെടുത്തലും, ആ ദേശത്തു ദൈവം രാജാവായിയിരിക്കുന്ന രാജകീയ ഭരണവും നമ്മള്‍ പുറപ്പാടിന്റെ കാലം മുതല്‍ ദാവീദിന്റെ കാലം വരെ കാണുന്നു.

ഇതേ ഘടനയിലൂടെ, പിശാചിന്റെ അടിമത്തത്തില്‍ നിന്നും നമ്മളെ വിടുവിച്ചു, മരുഭൂപ്രയാണ നാളുകളില്‍ നമ്മളെ സംരക്ഷിച്ചു, വാഗ്ദത്ത ദേശത്ത് ദൈവീക രാജ്യത്തില്‍ നമ്മള്‍ എത്തിച്ചേരും. ഇത് രണ്ടാമത്തെ പുറപ്പാടും രക്ഷയും ആണ്.

ഒരു പുതിയ യെരൂശലേം പട്ടണവും പുതിയ ദൈവാലയവും പണിയപ്പെടും ദാവീദിന്റെ വംശത്തില്‍ നിന്നും ഒരുവന്‍ ദൈവത്തിന്റെ സ്വന്തജനത്തെ രാജാവായി ഭരിക്കും.

എന്നാല്‍ ചരിത്രത്തിന്റെ ഘടന ഉണ്ടായേക്കാം എങ്കിലും ഭൌതീക തലത്തില്‍ നടന്ന സംഭവങ്ങള്‍ അതേപോലെ ആവര്‍ത്തിക്കപ്പെടുക ഇല്ല. രണ്ടാമത്തെ പുറപ്പാടും രക്ഷയും പുനസ്ഥാപനവും ആത്മീയതലത്തിലേക്ക് മാറ്റപ്പെടും.

രണ്ടാമത്തെ പുറപ്പാടില്‍, നമ്മളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടും, ന്യായപ്രമാണങ്ങള്‍ നമ്മളുടെ ഹൃദയങ്ങളില്‍ എഴുതപ്പെടും. ദൈവത്തിന്റെ പ്രമാണങ്ങള്‍ അനുസരിച്ചു ജീവിക്കുവാന്‍ തക്കവണം മനുഷ്യന്റെ പ്രകൃതി തന്നെ മാറ്റപ്പെടും. പുതിയ ഭൂമി, ഏദന്‍ തോട്ടത്തിലെ ഫലസമൃദ്ധിയാല്‍ നിറയും. പ്രപഞ്ചത്തിന്റെ പ്രകൃതി മനുഷ്യനുമായി മല്‍സരിക്കുക ഇല്ല. ആകാശവും ഭൂമിയും അതിനനുസൃതമായി രൂപാന്തരപ്പെടും.

എന്നാല്‍, ഇവിടുത്തെ ഗൌരവമേറിയ ചോദ്യം, എപ്പോള്‍ ഈ പ്രവചനങ്ങള്‍ നിവര്‍ത്തി ആകും എന്നതാണ്.

ദൈവരാജ്യം ദാനിയേല്‍ പ്രവചനത്തില്‍

പഴയനിയമത്തില്‍ ദൈവരാജ്യത്തെ കുറീച് വ്യക്തമായ ദര്‍ശനം ലഭിച്ച ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു. അദ്ദേഹമാണ് ദാനിയേല്‍. ദാനിയേല്‍ നെബൂഖദ്നെസ്സര്‍ രാജാവിന്റെ കാലത്ത് ബാബിലോണ്‍ രാജ്യത്ത് പ്രവാസത്തില്‍ താമസിക്കുകയും രാജസദസ്സില്‍ വേലചെയ്യുകയും ആയിരുന്നു. ആ കാലത്ത് അദ്ദേഹത്തിന് ദൈവരാജ്യത്തെ കുറിച്ചുള്ള ദൈവീക വെളിപ്പാടുകള്‍  ലഭിച്ചു. അത് ഇങ്ങനെ ആയിരുന്നു.

ബാബിലോണ്‍ സാമ്രാജ്യത്തിന് ശേഷം, മൂന്നു പ്രധാനപ്പെട്ട സാമ്രാജ്യങ്ങള്‍ കൂടി ഈ ലോകത്ത് നിലവില്‍ വരും. അത് പേര്‍ഷ്യന്‍, ഗ്രീക്, റോമന്‍ എന്നീ സാമ്രാജ്യങ്ങള്‍ ആയിരിയ്ക്കും.

അതുനുശേഷം ഒരു സ്വര്‍ഗീയ സാമ്രാജ്യം സ്ഥാപിക്കപ്പെടും എന്ന് ദാനിയേല്‍ പ്രവചിച്ചു:ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.” (ദാനിയേല്‍ 2: 44)

വീണ്ടും ദാനിയേല്‍ 7: 18 ല്‍ അദ്ദേഹം പ്രവചിക്കുന്നു: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.

“അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും” ചെയ്യും എന്ന് 21 ആം വാക്യത്തില്‍ പറയുന്നു.

27 ആം വാക്യത്തില്‍ “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും. എന്നും നമ്മള്‍ വായിക്കുന്നു.

ദാനീയേലിന്റെ ദര്‍ശനങ്ങളില്‍ നിന്നും നമ്മള്‍ മനസ്സിലാക്കുന്നത് ഇതാണ്: ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും സാമ്രാജ്യങ്ങളുടെയും അന്ത്യം ഉണ്ടാകും. അപ്പോള്‍ ദൈവരാജ്യം സ്ഥാപിക്കപ്പെടും. അല്ലെങ്കില്‍ ദൈവരാജ്യം സ്ഥാപിക്കപ്പെടുന്നതോടെ സകല ലോക സാമ്രാജ്യങ്ങളും രാജ്യവും ഇല്ലാതെ ആകും.

അത് ലോക സാമ്രാജ്യങ്ങളുടെ തുടര്‍ച്ചയായി, ലോക സാമ്രാജ്യങ്ങളെ ഇല്ലാതാക്കികൊണ്ടു സ്ഥാപിക്കപ്പെടും എന്നു പറഞ്ഞാല്‍, അത് ഒരു രാജ്യം തന്നെ ആയിരിയ്ക്കും.

അതായത് ദൈവരാജ്യം ഒരു സങ്കല്‍പ്പിക കഥ അല്ല. അത് ഇന്ന് നമ്മള്‍ കാണുന്ന സാമ്രാജ്യങ്ങളെപ്പോലെ തന്നെ ഉള്ള എന്നാല്‍ സ്വര്‍ഗ്ഗീയമായ ഒരു ആത്മീയ രാജത്വം ആയിരിയ്ക്കും.

അത് ഒരുകൂട്ടം മതഭ്രാന്തന്‍മാരുടെ സ്വപ്നമോ, തത്ത്വശാസ്ത്രമോ അല്ല. ബാബിലോണ്‍, പേര്‍ഷ്യ, ഗ്രീക്, റോമന്‍ സാമ്രാജ്യങ്ങള്‍ കാലാകാലങ്ങളില്‍ നിലവില്‍ വന്നതുപോലെ തന്നെ ദൈവരാജ്യവും നിലവില്‍ വരും.

ദാനീയേലിന്റെ പ്രവചനങ്ങള്‍ക്കും ഏകദേശം 600 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് യേശു ഭൂമിയില്‍ ജനിക്കുന്നത്.

യേശുക്രിസ്തുവിന്‍റെ പ്രഥമ ആഗമനകാലത്ത്, ദാനിയേല്‍ പ്രവചിച്ച നാല് സാമ്രാജ്യങ്ങളുടെ കാലം അവസാനിച്ചിരുന്നില്ല. അപ്പോള്‍ റോമന്‍ സാമ്രാജ്യം അതിശക്തമായി നിലനിന്നിരുന്നു. അതിനാല്‍ മനുഷ്യരുടെ സാമ്രാജ്യങ്ങളെ മാറ്റി ദൈവരാജ്യം സ്ഥാപിക്കുവാനുള്ള സമയം ആയിട്ടില്ലായിരുന്നു.

യേശുവിന്റെ കാലത്തെ യഹൂദന്മാര്‍ മശിഹായുടെ വരവിനായി പ്രത്യാശയോടെ കാത്തിരുന്നവര്‍ ആണ്. എന്നാല്‍ മശിഹാ വരുമ്പോള്‍ ഒരു ഭൌതീകമായ യഹൂദ രാജ്യം സ്ഥാപ്പിക്കും എന്നും അവരുടെ സകല ശത്രുക്കളെയും തോല്‍പ്പിച്ച് അവരെ അടിമത്തത്തില്‍ നിന്നും എന്നന്നേക്കുമായി വിടുവിക്കും എന്നതുമായിരുന്നു അവരുടെ പ്രതീക്ഷ.

അവരുടെ മത മേലദ്ധ്യക്ഷന്മാര്‍ ന്യായപ്രമാണങ്ങളെയും പ്രവാചകന്മാരെയും സൂക്ഷ്മതയോടെ പഠിച്ചവര്‍ ആകയാല്‍,  മശിഹാ വരുമ്പോള്‍ അവനെ അവര്‍ക്ക് ആദ്യം തിരിച്ചറിയുവാന്‍ കഴിയും എന്നും വിശ്വസിച്ചിരുന്നു.

എന്നാല്‍ അവരുടെ വിചാരങ്ങള്‍ തെറ്റിപ്പോയി.

യേശു ആദ്യം വന്നത് ദൈവരാജ്യത്തെ പ്രഖ്യാപിക്കുവാനും ആരംഭിക്കുവാനും ആണ്. വീണ്ടും വരുന്നത് ദൈവരാജ്യത്തെ നിത്യമായി സ്ഥാപിക്കുവാന്‍ ആണ്. 

ദൈവരാജ്യം പുതിയ നിയമത്തില്‍

പുതിയനിയമത്തില്‍ ദൈവരാജ്യത്തെക്കുറിച്ച് അതിന്റെ ആത്മീയ തലത്തില്‍ ഊന്നിയ വിഭിന്നമായ ഒരു ചിത്രം ആണ് നമുക്ക് ലഭിക്കുക. എങ്കിലും ദൈവരാജ്യത്തിന്‍റെ ഘടനയ്ക്ക് യാതൊരു വ്യത്യാസവും വരുന്നില്ല.

പുതിയനിയമത്തില്‍ ദൈവരാജ്യത്തിന്റെ ആത്മീയ തലത്തിന് കൂടുതല്‍ ഊന്നല്‍ ഉള്ളതിനാല്‍ അത് പഴയനിയമത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ട ദൈവരാജ്യമല്ല എന്നു പറയുന്നവര്‍ ഉണ്ട്.

എന്നാല്‍ പുതിയനിയമ സുവിശേഷം യേശുവും അപ്പോസ്തലന്മാരും വിളംബരം ചെയ്തത് പഴയനിയമത്തിലെ വാഗ്ദത്തമായ ദൈവരാജ്യത്തിന്റെ നിവര്‍ത്തി ആയിട്ടാണ്.

പുതിയനിയമത്തിലും ദൈവത്തിന്റെ ജനം, ദൈവത്തിന്റെ പ്രമാണപ്രകാരം, ദൈവത്താല്‍ ഭരിക്കപ്പെടുന്ന രാജ്യം ആണ് ദൈവരാജ്യം.

മര്‍ക്കോസ് 1: 15 ല്‍ യേശു കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു;” എന്ന് പ്രഖ്യാപിച്ചപ്പോള്‍, മാനവ ചരിത്രത്തിലേക്ക് ദൈവരാജ്യം ഒരു പുതിയ രൂപത്തിലും ഭാവത്തിലും കടന്നുവന്നു. അങ്ങനെ യേശുവിന്റെ പ്രഖ്യാപനം ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിന്റെ പദ്ധതിയിലെ പ്രധാനപ്പെട്ട പ്രഖ്യാപനം ആയി മാറി.

യഹൂദന്മാര്‍ ദൈവരാജ്യത്തിന്റെ വരവിനായി പ്രത്യാശയോടെ കാത്തിരിക്കുക ആയിരുന്നു എങ്കിലും അവരുടെ പ്രതീക്ഷയ്ക്ക് ഒത്തവണ്ണം ആയിരുന്നില്ല യേശുവിന്റെ പ്രഖ്യാപനം. യഹൂദന്മാര്‍ ദാവീദിന്റെ പിന്തുടര്‍ച്ചക്കാരനായ ഒരു രാക്ഷ്ട്രീയ ഭരണാധികാരിയെ ദൈവം അയക്കും എന്നു പ്രതീക്ഷിച്ചിരുന്നു.

യേശു പ്രഖ്യാപിച്ച ദൈവരാജ്യവും യഹൂദന്മാര്‍ മനസ്സിലാക്കിയിരുന്ന ദൈവരാജ്യവും തമ്മില്‍ വളരെ അന്തരം ഉണ്ടായിരുന്നതിനാല്‍ ആണ് യോഹന്നാന്‍ സ്നാപകന്‍ പോലും ആശയകുഴപ്പത്തില്‍ ആയത്.

യോഹന്നാന്റെ സുവിശേഷം 18: 36 ല്‍ ഇതാണ് യേശു വ്യക്തമാക്കുന്നത്: “എന്റെ രാജ്യം ഐഹികമല്ല;” ദൈവത്തിന്റെ രാജ്യം ഇപ്പോള്‍ ഭൌതീകമല്ല, എങ്കിലും ദൈവരാജ്യം വര്‍ത്തമാന കാലത്ത് തന്നെ നമ്മളുടെ ഇടയില്‍ ഉണ്ട്. ഇതാണ് “ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്നു യേശു പറഞ്ഞതിന്റെ മര്‍മ്മം.

യേശുവിന്റെ പ്രഖ്യാപനത്തോടെ ദൈവരാജ്യം വന്നു കഴിഞ്ഞു എങ്കിലും അതിനു വിവിധ ഘട്ടങ്ങള്‍ ഉണ്ട്. യേശു തന്റെ ശുശ്രൂഷയുടെ ആരംഭത്തില്‍ ദൈവരാജ്യം പ്രഖ്യാപിച്ച അന്നുമുതല്‍ താത്വികമായി ദൈവരാജ്യം വന്നു കഴിഞ്ഞു. പിന്നെടുള്ള യേശു ചെയ്ത എല്ലാ അത്ഭുത പ്രവര്‍ത്തികളും അവന്‍ മശിഹാ ആണ് എന്നു തെളിയിക്കുന്നതാണ്. അവന്‍ മശിഹാ ആണെങ്കില്‍, അവന്‍ രാജാവാണ്, അവന്‍ ചെയ്ത അത്ഭുത പ്രവര്‍ത്തികളും, പാപമോചനവും ദൈവരാജ്യത്തിന്റെ സാന്നിധ്യത്തെ വെളിപ്പെടുത്തുന്ന അടയാളങ്ങള്‍ ആണ്.

പുതിയനിയമത്തില്‍ യേശു ചെയ്ത അത്ഭുതപ്രവര്‍ത്തികളെ അടയാളങ്ങള്‍ എന്ന് വിളിക്കുന്നത് കാണാം.

യോഹന്നാന്‍ 2: 23 ല്‍ “പെസഹപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.” എന്നു നമ്മള്‍ വായിക്കുന്നു.

യേശു ചെയ്ത അത്ഭുതപ്രവര്‍ത്തികള്‍ എന്തിന്റെ അടയാളം ആണ്? അത് യേശു മശിഹാ, ആണ്, അയക്കപ്പെട്ടവന്‍ ആണ്,  ദൈവത്തിന്റെ അഭിഷിക്തന്‍ ആണ്, രാജാവാണ്, എന്നതിന്റെ എല്ലാം അടയാളം ആണ്. അതായത്, അത്ഭുതങ്ങള്‍, രാജാവു വന്നിരിക്കുന്നു, അതിനാല്‍ ദൈവരാജ്യം വന്നിരിക്കുന്നു എന്നതിന്റെ അടയാളം ആണ്.

യോഹന്നാന്‍ സ്നാപകന്‍ സംശയിച്ചപ്പോള്‍, “വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ” എന്നു ചോദിച്ചപ്പോള്‍ യേശു അവന് നല്കിയ മറുപടി ഇതായിരുന്നു:

 

ലൂക്കോസ് 7: 22 കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.

ഈ വാക്യത്തില്‍ യേശു ചൂണ്ടിക്കാണിക്കുന്നതെല്ലാം, അവന്‍ ചെയ്ത അത്ഭുതങ്ങള്‍ ആണ്; അവ യേശു രാജാവാണ് എന്നതിന്റെ അടയാളങ്ങള്‍ ആണ്. പഴയതിയ നിയത്തില്‍ ദൈവം വാഗ്ദത്തം ചെയ്ത, പ്രവാചകന്മാര്‍ പ്രവചിച്ച, മശിഹാ ആണ് യേശു ക്രിസ്തു എന്നതിന്റെ അടയാളങ്ങള്‍. ദൈവരാജ്യം അവരുടെ ഇടയില്‍ വന്നുകഴിഞ്ഞു എന്നതിന്റെ അടയാളങ്ങള്‍.

എന്നാല്‍ യേശുവിന്റെ ക്രൂശു മരണം ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിന് ആവശ്യമാണ്. ക്രൂശിലെ യാഗത്തോടെ മാത്രമേ ഒരു ജനതയെ വീണ്ടെടുക്കുവാനും ദൈവരാജ്യത്തില്‍ ആക്കുവാനും കഴിയൂ. മശിഹയുടെ പ്രധാന ദൌത്യം ഒരു ജനതയെ വീണ്ടെടുക്കുക എന്നതാണു.

അതിനാല്‍, സ്ത്രീയ്ക്ക് ഒരു സന്തതി ഉണ്ടാകും എന്നും അവന്‍ പിശാചിന്റെ തല തകർക്കും, എന്ന് ആദമിനോടും ഹവ്വയോടും ദൈവം അരുളിച്ചെയ്തു. (ഉല്‍പ്പത്തി 3:15)

ഒരു യാഗമൃഗത്തെ ഒരുക്കി കൊടുത്തുകൊണ്ടു, ആകാശത്തിലേ നക്ഷ്ത്രങ്ങളെപ്പോലെ പെരുപ്പമുള്ള ഒരു ജാതിയെ ദൈവം വീണ്ടെടുക്കും എന്ന്, ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും വെളിപ്പെടുത്തി.

അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്യുമെന്നു യെശയ്യാവ് പ്രവാചകന്‍ മുഖാന്തരം അറിയിച്ചു. (യെശയ്യാവ് 53: 12)

യോഹന്നാന്‍ സ്നാപകന്‍ അവനെക്കുറിച്ച് സാക്ഷ്യം പറഞ്ഞു: “ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;” (യോഹന്നാന്‍ 1: 29)

ഇതാണ് മശിഹാ എന്ന നിലയില്‍ യേശുവിന്റെ ദൌത്യം. യേശുവിന്റെ പാപ പരിഹാര യാഗത്തിലൂടെ മാത്രമേ ദൈവരാജ്യത്തിന്റെ പുനസ്ഥാപനം സാധ്യമാകൂ.

പുതിയനിയമത്തില്‍ ദൈവരാജ്യത്തിന്റെ വെളിപ്പെടലിന്റെ മൂന്നാമത്തെ ഘട്ടം പെന്തക്കോസ്ത് നാളില്‍ പരിശുദ്ധാത്മാവിന്റെ പകര്‍ച്ചയോടെ സംഭവിച്ചു. ഇതോടെ നമ്മള്‍ ഇപ്പോള്‍ ആയിരിക്കുന്ന ദൈവരാജ്യത്തിന്റെ അവസ്ഥ വെളിപ്പെട്ടു. അന്ന് ദൈവരാജ്യത്തിന്റെ ശക്തി വെളിപ്പെട്ടു. വീണ്ടെടുക്കപ്പെട്ട ജനത്തെ വിളിച്ച് ഒരുമിച്ച് ചേര്‍ക്കുവാന്‍ തുടങ്ങി.

ഇത്, മര്‍ക്കോസ് 9:1 ല്‍ യേശു പറഞ്ഞതിന്റെ നിവര്‍ത്തി ആയി: “പിന്നെ അവന്‍ അവരോട്: ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.”

പെന്തക്കോസ്ത് നാള്‍ മുതല്‍ യോവേല്‍ പ്രവാചകന്റെ അറിയിപ്പിന്റെ നിവര്‍ത്തി ഉണ്ടായി.


യോവേല്‍ 2: 28, 29

28  അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും.

29  ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.

 ഈ പ്രവചന നിവര്‍ത്തിയോടെ ദൈവരാജ്യം ഇപ്പോഴത്തെ വെളിപ്പെട്ട അവസ്ഥയില്‍ അതിന്റെ ശക്തിയോടെ വന്നുകഴിഞ്ഞു. (അപ്പോസ്തലപ്രവര്‍ത്തികള്‍ 2: 14-42)

അന്നുമുതല്‍ വീണ്ടെടുക്കപ്പെട്ട ജനത്തിന്, ദൈവം രാജാവായിരിക്കുന്ന അവസ്ഥ ആണ്. അവന്‍ ഒരു പട്ടണമതില്‍ പോലെ നമ്മളെ കാക്കുന്നു (എബ്രായര്‍ 13:6); നമുക്കും ദൈവത്തിനും ഇടയില്‍ നമുക്കുവേണ്ടി പക്ഷപാതം ചെയ്യുന്നു (എബ്രായര്‍ 9:24); നമ്മള്‍ ഇപ്പോള്‍ പരിശുദ്ധാത്മാവിന്റെ ആലയം ആയിരിക്കുന്നു. (എഫെസ്യര്‍ 2:22)

സമ്പൂര്‍ണ്ണമായ ദൈവരാജ്യം ഭാവിയില്‍ നിവര്‍ത്തിക്കാനിരിക്കുന്നതെ ഉള്ളൂ എന്നതിനാല്‍ നമുക്ക് വര്‍ത്തമാനകാല ദൈവരാജ്യത്തിന്റെ പ്രത്യക്ഷതയെ ആരംഭിക്കപ്പെട്ട ദൈവരാജ്യം എന്നു വിളിക്കാം.

ഈ ആരംഭിക്കപ്പെട്ട ദൈവരാജ്യവും ഭൌതീകമല്ല, ആത്മീയമാണ്. കാരണം നമുക്ക് നമ്മളുടെ ജഡപ്രകാരമുള്ള ഇന്ദ്രിയങ്ങള്‍ കൊണ്ട് അതിനെ കാണുവാനോ അനുഭവിക്കുവാനോ കഴിയുക ഇല്ല. എങ്കിലും അത് ഇപ്പോള്‍ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയില്‍ കാണപ്പെടുന്നു എന്നു നമ്മള്‍ മനസ്സിലാക്കേണം.

കാരണം ഇവിടെ ഇപ്പോള്‍, രണ്ടോ മൂന്നോ പേർ യേശുക്രിസ്തുവിന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ക്രിസ്തു അവരുടെ നടുവിൽ ഉണ്ടു.” (മത്തായി 18: 20).

അതായത് യേശുക്രിസ്തുവിന്റെ നാമത്തില്‍ രണ്ടോ മൂന്നേ പേര്‍ കൂടിവരുന്നേടത്തൊക്കെയും ദൈവരാജ്യം ഉണ്ട്. 

ഇന്ന് നമ്മള്‍ സാധാരണയായി സഭ എന്നു വിളിക്കുന്ന ഒരു സംഘടനയും സംവിധാനങ്ങളും ക്രിസ്തുവിന്റെ സഭയല്ല. എന്നാല്‍ ഇവയില്‍ ക്രിസ്തുവിന്റെ സഭയുടെ അംഗങ്ങള്‍ ഉണ്ട്. അവര്‍ ഒരുമിച്ച് കൂടുമ്പോള്‍ അത് ദൈവരാജ്യത്തിന്റെ പ്രത്യക്ഷത ആയി മാറുന്നു.

സഭ എന്ന് പറഞ്ഞാല്‍ ജനങ്ങളുടെ കൂടിവരവ് ആണ്. ജനങ്ങള്‍ ദൈവത്തിന് ചുറ്റുമായി ഒന്നിച്ചു കൂടുമ്പോള്‍ അത് സഭയാകും, ദൈവരാജ്യമാകും.

ഈ ഭൂമിയില്‍ ദൈവജനം രണ്ടോ മൂന്നോ പേര്‍ ഒരുമിച്ച് കൂടുമ്പോള്‍ അവരുടെ നടുവില്‍ യേശുക്രിസ്തു ഉണ്ട്; അവിടെ ദൈവരാജ്യത്തിന്റെ പ്രത്യക്ഷത സംഭവിക്കുന്നു.

സ്വര്‍ഗീയമായ ദൈവരാജ്യം

ദൈവരാജ്യത്തിന്റെ സമ്പൂര്‍ണ്ണമായ നിവര്‍ത്തി ഇനിയും സംഭവിക്കുവാന്‍ ഇരിക്കുന്നതെ ഉള്ളൂ എന്ന് ഞാന്‍ പറഞ്ഞുകഴിഞ്ഞല്ലോ.

ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന, സമ്പൂര്‍ണ്ണമായ ദൈവരാജ്യത്തിന്റെ നിവര്‍ത്തിയെ നമുക്ക് സ്വര്‍ഗ്ഗീയമായ ദൈവരാജ്യം എന്നു വിളിക്കാം.

എഫെസ്യര്‍ 1: 10 ല്‍ പറയുന്നു: “അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.”

ഇത്, മനുഷ്യര്‍ മാത്രമല്ല, ദൈവത്തിന്റെ സകല സൃഷ്ടികളും ക്രിസ്തുവില്‍ ഒന്നായിച്ചേരുന്ന, കാലസമ്പൂർണ്ണതയിലെ വ്യവസ്ഥയാണ്. അതാണ് ദൈവരാജ്യത്തിന്റെ ആത്മീയമായ സമ്പൂര്‍ണ്ണത ആണ്.

അതിനായി നമ്മളുടെ കര്‍ത്താവിനെ, “സ്വർഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ” ഇരുത്തുന്ന ദിവസത്തിനായി നമ്മള്‍ കാത്തിരിക്കുന്നു. (എഫെസ്യര്‍ 1: 21)

യേശുവിന്റെ നാമം ഇപ്പോള്‍ തന്നെ സകല നാമത്തിന്നും അത്യന്തം മീതെ ആയിരിക്കുന്നു എങ്കിലും, നമ്മള്‍ ഇപ്പോള്‍ ആയിരിക്കുന്ന ദൈവരാജ്യത്തിന് ഒരു സമ്പൂര്‍ന്ന നിവര്‍ത്തി ഉള്ളതുപോലെ, ഇതിനും ഒരു സമ്പൂര്‍ന്ന നിവര്‍ത്തി ഭാവിയില്‍ ഉണ്ടാകും.

അതാണ് നമ്മള്‍ വെളിപ്പാട് പുസ്തകം 11: 15 ല്‍ വായിക്കുന്നത്: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.”

ആ കാലത്ത് നമ്മള്‍ ദൈവീക “സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം” കേള്‍ക്കും. അത് ഇങ്ങനെ വിളിച്ച് പറയും, “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.” (വെളിപ്പാടു 21: 3)

അവിടെ, “യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും.” (വെളിപ്പാടു 22: 3)

ഈ സുദിനം മുതല്‍ ആണ് നമ്മള്‍ ക്രിസ്തുവിനോടൊപ്പം വാഴുന്നത്.

ദൈവരാജ്യം വന്നു, ഇനിയും വരുവാനിരിക്കുന്നതെ ഉള്ളൂ

ഇപ്പോള്‍ തന്നെ നമ്മളുടെ ഇടയിലുള്ള ദൈവാരാജ്യത്തിന്റെ പ്രത്യക്ഷതയെ മനസ്സിലാക്കുവാന്‍ നമുക്ക് പ്രായസം ഉണ്ടാകില്ല. കാരണം നമ്മള്‍ ദൈവാരാജ്യത്തിന്റെ അനുഗ്രഹങ്ങള്‍ അനുഭവിക്കുന്നു. നമുക്ക് രക്ഷയും, വിടുതലും, സൌഖ്യവും, സമാധാനവും ഉണ്ട്.

ഇതെല്ലാം ദൈവരാജ്യത്തിന്റെ അനുഭവങ്ങള്‍ ആണ്. എന്നാല്‍ ഈ അനുഭവങ്ങള്‍ ആണ് ദൈവരാജ്യം എന്നും ഇതിനുമപ്പുറം ഒരു ദൈവരാജ്യം ഇല്ല എന്നും പറയുവാന്‍ കഴിയുക ഇല്ല.

 

റോമര്‍ 14: 17 ല്‍ പറയുന്നു:

ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.”

എന്നു പറഞ്ഞാല്‍ ദൈവരാജ്യം ഒരു രാജ്യമല്ല എന്നോ അത് നീതിയും സമാധാനവും സന്തോഷവും എന്നിങ്ങനെ ഉള്ള അമൂര്‍ത്തമായ അനുഭവങ്ങള്‍ ആണന്നോ അല്ല. ദൈവരാജ്യം ഒരു രാജ്യം തന്നെ ആണ്. അതിന്റെ സവിശേഷ ഗുണങ്ങള്‍ ആണ്, “നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും”. ഈ സത്യം നമ്മള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.

അതായത് ഇപ്പോള്‍ നമുക്ക് ദൈവരാജ്യത്തിന്റെ ഈ ഗുണങ്ങള്‍ ആത്മീയമായും ഭൌതീകമായും അനുഭവിച്ച് അറിയുവാന്‍ കഴിയും.

നമ്മള്‍ ഇപ്പോള്‍ ആയിരിക്കുന്ന ദൈവരാജ്യവും സാങ്കല്‍പ്പികം അല്ല, അത് യഥാര്‍ത്ഥവും പ്രവര്‍ത്തനക്ഷമവുമാണ്.

അതായത് ദൈവരാജ്യം വന്നു കഴിഞ്ഞു, ദൈവീക കാഴ്ചപ്പാടില്‍ ദൈവരാജ്യം നമ്മളുടെ ഇടയില്‍ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. എന്നാല്‍ അത് ആരംഭിക്കപ്പെട്ടു കഴിഞ്ഞതേ ഉള്ളൂ, അത് പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ല. നമ്മള്‍ അതിന്റെ സമ്പൂര്‍ണ്ണ നിവര്‍ത്തിക്കായി കാത്തിരിക്കുന്നു.

ഇന്നത്തെ ദൈവരാജ്യത്തിന്റെ മങ്ങിയ അവസ്ഥ ഇനിയും വരുവാനിരിക്കുന്ന തേജസ്സിന്റെ അവസ്ഥയുടെ പ്രത്യാശ ആണ്.  

ഉപസംഹാരം

ഈ പഠനം ഞാന്‍ ഇവിടെ ചുരുക്കുക ആണ്.

നമ്മള്‍ ഇത്രത്തോളം ചിന്തിച്ചതില്‍നിന്നും വേദപുസ്തകത്തിന്റെ പൊതുവായ വിഷയവും മുഖ്യ വിഷയവും ദൈവരാജ്യത്തിന്റെ പുനസ്ഥാപനം ആണ് എന്നു നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.

വേദപുസ്തകത്തിലെ എല്ലാ വാഗ്ദാനങ്ങളും യേശുക്രിസ്തുവില്‍ നിവര്‍ത്തിയാകുന്നു. പഴയനിയമത്തിലെ ദൈവരാജ്യത്തെക്കുറിച്ചുള്ള എല്ലാ വെളിപ്പാടുകളും ഈ ഭൂമിയില്‍ ജഡത്തില്‍ വന്ന യേശുക്രിസ്തുവില്‍ നിവര്‍ത്തിക്കപ്പെടുന്നു. ദൈവരാജ്യവും യേശുക്രിസ്തുവില്‍ നിവര്‍ത്തിക്കപ്പെടുന്നു.

ക്രിസ്തു ദൈവത്തിന്റെ സ്വന്തജനത്തിന്റെ നിവര്‍ത്തി ആണ്. അവന്റെ സാന്നിധ്യവും കര്‍തൃത്തവും ഉള്ള ഇടം ദൈവരാജ്യത്തിന്‍റെ ഭൂപ്രദേശം ആണ്. അവന്‍റെ വാക്കുകള്‍ അധികാരത്തിന്റെ ദൈവീക ശബ്ദം ആണ്. 

ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.

ദൈവരാജ്യത്തെക്കുറിച്ചുള്ള നമ്മളുടെ ചിന്ത ഇവിടെ പൂര്‍ണ്ണമാകുന്നില്ല. ദൈവരാജ്യത്തിന്റെ വിവിധ വശങ്ങളെ കുറിച്ചുള്ള മറ്റ് ചില വീഡിയോകളും ഓഡിയോകളും നമ്മള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ എല്ലാം online ല്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. 

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കേള്‍ക്കുവാന്‍ നിങ്ങളെ സഹായിക്കും.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കാണുവാനും കേള്‍ക്കുവാനും നിങ്ങളെ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും English ലും മലയാളത്തിലും ലഭ്യമാണ്. അതിനായി, naphtalitribe.com, vathil.in എന്നീ വെബ്സൈറ്റ്കള്‍ സന്ദര്‍ശിക്കുക.  

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.

ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക. മറ്റുള്ളവരോടുകൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.

 

 


No comments:

Post a Comment