വിതക്കുന്നവന്റെ ഉപമ

യേശുക്രിസ്തുവിന്റെ ഉപമകള്‍ എല്ലാം തന്നെ വളരെ പ്രസിദ്ധം ആണ്. വിശ്വാസികളും അവിശ്വാസികളും മനപ്പൂര്‍വ്വമായും അല്ലാതെയും യേശുവിന്‍റെ ഉപമകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ, അവരുടെ സംഭാഷണങ്ങളില്‍ ഉപയോഗിക്കാറുണ്ട്.

എല്ലാ ഉപമകളും ആത്മീയ മര്‍മ്മങ്ങള്‍ അടങ്ങിയതാണ്. എന്നാല്‍ എല്ലാത്തിനും യേശു വിശദീകരണം നല്‍കിയിട്ടില്ല. അതിനാല്‍ വേദപണ്ഡിതന്മാര്‍ ഉപമകളെ വ്യത്യസ്തങ്ങള്‍ ആയ തലങ്ങളില്‍ നോക്കിക്കാണുകയും വ്യാഖ്യാനിക്കുകയും ചെയ്യാറുണ്ട്.

എന്നാല്‍ വിതയ്ക്കുന്നവന്റെ ഉപമ ആദ്യം യേശു പറയുകയും പിന്നീട് ശിഷ്യന്മാര്‍ക്കായി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. യേശു തന്നെ ഈ ഉപമയുടെ പൊരുള്‍ വിശദീകരിക്കുന്നതിനാല്‍, അതിനു മറ്റൊരു അര്‍ത്ഥം ഉണ്ടാകുക സാധ്യമല്ല.



വിതയ്ക്കുന്നവന്റെ ഉപമ, മൂന്നു സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മത്തായി 13: 3-8 വരെയും മര്‍ക്കോസ് 4:3-8 വരെയും ലൂക്കോസ് 8: 4-8 വരെയുമുള്ള വാക്യങ്ങളില്‍ നമ്മള്‍ ഇത് വായിക്കുന്നു. ഇതിന്‍റെ വിശദീകരണം യേശു പറയുന്നതു, മത്തായി 13: 19-23 വരെയും മര്‍ക്കോസ് 4: 14-20 വരെയും ലൂക്കോസ് 8: 11-15 വരെയുമുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

യേശു തന്നെ ഈ ഉപമയ്ക്ക് വിശദീകരണം നല്‍കിയിട്ടുള്ളതിനാല്‍ വീണ്ടും അതിനായി നമ്മള്‍ ശ്രമിക്കുന്നില്ല. ഉപമയെ നമ്മളുടെ ജീവിതത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയും എന്നാണ് നമ്മള്‍ ഇവിടെ ചിന്തിക്കുന്നത്. 

ഇനി നമുക്ക് ഈ ഉപമ എന്താണ് എന്നു ഒന്നു വായിച്ചു നോക്കാം. അടിസ്ഥാനപരമായി മത്തായിയുടെ വിവരണം ആണ് നമ്മള്‍ വായിക്കുന്നത്. എന്നാല്‍ മര്‍ക്കോസ്, ലൂക്കോസ് എന്നീ മറ്റ് രണ്ട് സുവിശേഷ രചയിതാക്കളും ഈ ഉപമ രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ വിവരണത്തില്‍ ചില വാക്കുകളുടെ വ്യത്യാസം ഉണ്ട്. അതിനാല്‍ ഈ മൂന്നു വിവരണങ്ങളും നമ്മള്‍ ഒരുമിച്ച് വായിക്കുക ആണ്.

അതായത്, മൂന്ന് സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഉപമയെ, അതിന്റെ മര്‍മ്മം നമ്മളുടെ ശ്രദ്ധയില്‍ നിന്നും തെറ്റിപ്പോകാതെ ഇരിക്കത്തക്കവണ്ണം, കൂട്ടികലര്‍ത്തി നമ്മള്‍ വായിക്കുകയാണ്. ചില മാര്‍മ്മികമായ വാക്കുകള്‍ ഒരു സുവിശേഷകന്‍ വിട്ടു പോകുകയും മറ്റൊരു സുവിശേഷകന്‍ പറയുകയും ചെയ്താല്‍, അത് നമ്മള്‍ മത്തായിയുടെ വിവരണത്തോട് ചേര്‍ത്തു വായിക്കുകയാണ്. ഇതേ ശൈലി തന്നെ നമ്മള്‍ യേശു പറഞ്ഞ വ്യാഖ്യാനത്തിലും ഉപയോഗിക്കുക ആണ്. 

ഉപമ ഇങ്ങനെ ആണ്:

വിതെക്കുന്നവൻ വിത്തു വിതെപ്പാൻ പുറപ്പെട്ടു. വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു. (ലൂക്കോസ് 8: 5)

ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; ക്ഷണത്തിൽ മുളെച്ചുവന്നു. സൂര്യൻ ഉദിച്ചാറെ ചൂടുതട്ടി. മണ്ണിന്നു താഴ്ചയില്ലായ്കയാലും, നനവ് ഇല്ലായ്കയാലും (ലൂക്കോസ് 8:6), വേര്‍ ഇല്ലായ്കകൊണ്ടും അത് ഉണങ്ങിപ്പോയി.

മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു (ലൂക്കോസ് 8: 7); അതു വിളഞ്ഞതുമില്ല. (മര്‍ക്കോസ് 4: 7)

മറ്റു ചിലതു നല്ലമണ്ണിൽ വീണിട്ടു മുളെച്ചു വളർന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു. (മര്‍ക്കോസ് 4:8) 

ഈ ഉപമയുടെടെ അര്‍ത്ഥം എന്താണ് എന്ന് യേശു പിന്നീട് അവര്‍ക്ക് വിശദീകരിച്ചു കൊടുത്തു. പിന്നീടു യേശു തനിച്ചിരിക്കുമ്പോള്‍ “അവനോടു കൂടെ ഉള്ളവര്‍ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ച് ചോദിച്ചു” എന്നാണ് മര്‍ക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത്. (4:10). അതായത് ഉപയുടെ വ്യാഖ്യാനം യേശു, അത് അറിയുവാന്‍ ആഗ്രഹിച്ച ജനത്തോട് എല്ലാം വിശദീകരിച്ചു പറഞ്ഞു. 

വിത്തു ദൈവരാജ്യത്തിന്‍റെ വചനം (മത്തായി 13: 19). വിതെക്കുന്നവൻ വചനം വിതെക്കുന്നു. (മര്‍ക്കോസ് 4:14).

വചനം വിതച്ചിട്ടു വഴിയരികെ വീണതു, (മര്‍ക്കോസ് 4:15), വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും (ലൂക്കോസ് 8:12), അത് കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ (മത്തായി 13:19), അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ (ലൂക്കോസ് 8:12), കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു. (മര്‍ക്കോസ് 4:15)

പാറസ്ഥലത്തു വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു (മത്തായി 13: 20).

മര്‍ക്കോസ് 4: 17 എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു;

അവർ തൽക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു. (ലൂക്കോസ് 8: 13)

വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു. (മത്തായി 13: 21)


മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും (മത്തായി 13: 22), മറ്റുവിഷയ മോഹങ്ങളും അകത്തുകടന്നു (മര്‍ക്കോസ് 4: 19), വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു. (മത്തായി 13: 22).

ഇത് ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് അല്‍പ്പം വ്യത്യസ്തം ആയിട്ടാണ്: “മുള്ളിന്നിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും (choked with cares and riches and pleasures of this life) ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.” (bring no fruit to perfection -KJV- ലൂക്കോസ് 8: 14).

ഇതിനെക്കുറിച്ച് പിന്നീട് നമുക്ക് വിശദമായി പഠിക്കാം. 

നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു; (മത്തായി 13:23). അവര്‍ വചനം കേള്‍ക്കുകയും അംഗീകരിക്കുക്കയും ചെയ്യുന്നവര്‍ തന്നെ. (മര്‍ക്കോസ് 4: 20).

“നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നേ.” (patiently produce a huge harvest - (NLT) (ലൂക്കോസ് 8: 15).

അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു. (മര്‍ക്കോസ് 4: 20) 

ഇതാണ് യേശു പറഞ്ഞ വ്യാഖ്യാനം.

ഇനി നമുക്ക് ഈ വ്യാഖ്യാനം ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കാം. 

ഈ ഉപമയില്‍ എല്ലാ സ്ഥലത്തും വിതച്ച വിത്ത് ഒന്നുതന്നെ ആണ്. അതിനു ഒരേ ഗുണവും ശക്തിയും ആണ് ഉള്ളത്. മുളയ്ക്കുവാനും ഫലം കായ്ക്കുവാനും ഉള്ള കഴിവ് എല്ലാ വിത്തുകള്‍ക്കും ഒരേപോലെ ഉണ്ട്. അതായത്, വിത്തിന്റെ ഗുണത്തെക്കുറിച്ചല്ല ഈ ഉപമ പറയുന്നത്. വിത്തിന്റെ ശ്രേഷ്ഠത ഉപമയില്‍ മുന്നമേ നിശ്ചയിക്കപ്പെട്ടത് ആണ്. അതിവിടെ ചര്‍ച്ച ആകുന്നതെ ഇല്ല.

വിത്ത് വിതയ്ക്കുന്നവന്റെ ലക്ഷ്യം “പൂർണ്ണമായി ഫലം  ഉണ്ടാകുക ആണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാല്‍ ഏതെല്ലാം സ്ഥലത്തു വിത്ത് വീണു എന്നത് പ്രധാനപ്പെട്ട വസ്തുത ആണ്. ഫലം കായ്ക്കുവാന്‍ ആ സ്ഥലങ്ങള്‍ അനുയോജ്യമായിരുന്നുവോ എന്നതാണ് സ്ഥലത്തിന്റെ സവിശേഷത.

ഒരേ ഗുണമുള്ള വിത്ത് വ്യത്യസ്തങ്ങളായ പരിസ്ഥിതികളില്‍ വിതച്ചാല്‍ ഉണ്ടാകുന്ന അനുഭവങ്ങള്‍ ആണ് ഉപമയിലെ സന്ദേശം. 

ഉപമയില്‍ പറയുന്ന വിത്ത് വീണ സ്ഥലങ്ങളുടെ ഗുണനിലവാരം പടിപടിയായി മെച്ചപ്പെടുന്നുണ്ട്. അതോടൊപ്പം വിത്തിന്‍റെ വളര്‍ച്ചയും മെച്ചമാകുന്നുണ്ട്.

ഇതില്‍ ആദ്യത്തെ രണ്ടു സ്ഥലങ്ങളും, വഴിയരികെയും പാറസ്ഥലവും വിത്ത് വിതയ്ക്കുവാനും വളരുവാനും അനുയോജ്യമായ സ്ഥലങ്ങളേ അല്ല എന്നു വേഗം നമുക്ക് പറയുവാന്‍ കഴിയും. ഒരു കൃഷിക്കാരനും വിളവു പ്രതീക്ഷിച്ച് ഈ രണ്ടു സ്ഥലങ്ങളിലും വിത്ത് വിതയ്ക്കുക ഇല്ല.

അതിനാല്‍, ഈ രണ്ടു സ്ഥലങ്ങളെയും കുറിച്ച് അധികം ചിന്തിക്കാതെ മൂന്നാമത്തെ സ്ഥലത്തെക്കുറിച്ച് ചിന്തിക്കുവാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. 

മൂന്നാമത്തെയും നാലാമത്തെയും സ്ഥലങ്ങള്‍ വിത്ത് മുളയ്ക്കുവാന്‍ അനുയോജ്യം തന്നെ ആണ്. എന്നാല്‍ അതില്‍ ഒന്ന്, മുള്ളുകള്‍ ഉള്ള സ്ഥലവും, മറ്റൊന്ന് നല്ല നിലവും ആണ്.

നല്ല നിലത്തു മാത്രമല്ല വിത്ത് വളര്‍ന്നതും ഫലം പുറപ്പെടുവിച്ചതും എന്നു നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണം.

മുള്ളിന്നിടയിൽ വീണ വിത്ത് മുളച്ചു എങ്കിലും അതിനോടൊപ്പം “മുള്ളു മുളെച്ചു വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു

എന്നു മത്തായിയും (മത്തായി 13:7), മുള്ളുകള്‍ കൂടെ മുളെച്ചു അതിനെ ഞെരുക്കികളഞ്ഞു എന്നു ലൂക്കൊസും (ലൂക്കോസ് 8: 7);മുള്ളു മുളെച്ചു വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല എന്നു മര്‍ക്കോസും പറയുന്നുണ്ട്. (മര്‍ക്കോസ് 4: 7).

ഉപമയുടെ വ്യാഖ്യാനം പറയുമ്പോള്‍ കര്‍ത്താവ് പറയുന്നത്, മത്തായി രേഖപ്പെടുത്തിയിരിക്കുന്നത്,മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ .... വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു.” (മത്തായി 13:22). എന്നാണ്.

ഇത്, മര്‍ക്കോസ് രേഖപ്പെടുത്തിയിര്‍ക്കുന്നത്,നിഷ്ഫലമാക്കി തീർക്കുന്നതാകുന്നു.” എന്നാണ്.

ഇതു ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ ആണ്: “മുള്ളിന്നിടയിൽ വീണതോ ... പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ. (bring no fruit to perfection - KJV - ലൂക്കോസ് 8: 14).

മുള്ളുകള്‍ക്കിടയില്‍ വീണ വിത്തിന് സംഭവിച്ചത് എന്താണ് എന്ന് പറയുവാന്‍ സുവിശേഷ ഗ്രന്ഥകര്‍ത്താക്കള്‍ വ്യത്യസ്തങ്ങള്‍ ആയ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍, ഇവിടെ സൂക്ഷമായ പഠനം ആവശ്യമാണ്. 

ഉപമ പറയുമ്പോള്‍, മര്‍ക്കോസ്, അതു വിളഞ്ഞതുമില്ല” എന്ന് പറയുന്ന ഇടത്തു, മിക്ക ഇംഗ്ലീഷ് പരിഭാഷകളിലും “it yielded no fruit” (KJV), “ഫലം കായ്ച്ചില്ല” അല്ലെങ്കില്‍ “ഫലം പുറപ്പെടുവിച്ചില്ല” എന്നാണ് നമ്മള്‍ വായിക്കുന്നത്. എന്നാല്‍ ഇവിടെ ഫലം എന്നത്, മൂല ഭാഷയായ ഗ്രീക്കില്‍, karpos എന്ന വാക്ക് ആണ്, അത് വളര്‍ന്ന് വരുന്ന ഫലം അല്ല, അതു പറിക്കുവാന്‍ തക്കവണം പാകമായ ഫലം ആണ്. അതിനാല്‍ ആണ് ESV (English Standard Version), AMB (Amplified Bible), NIV (New International Version) പരിഭാഷകളില്‍ ഫലത്തെക്കുറിച്ച് പറയുവാന്‍ “grain” എന്ന വാക്ക് ആണ് ഉപയോഗിക്കുന്നത്.

അതായത്, വിത്ത് വളര്‍ന്നു, ഫലം പുറപ്പെടുവിച്ചു എന്നാല്‍ ഫലം വിളഞ്ഞില്ല, അല്ലെങ്കില്‍ പാകമായില്ല. അതിന്റെ കാരണം വിത്ത് മുളച്ചു വളര്‍ന്ന് വന്നപ്പോള്‍ അതിനോടൊപ്പം മുള്ളുകള്‍ കൂടെ മുളെച്ചു; മുള്ളുകള്‍ വിത്തില്‍ നിന്നും വളര്‍ന്ന നല്ല സസ്യത്തെ ഞെരുക്കി കളഞ്ഞു. അതിനാല്‍ സസ്യം ഫലം പുറപ്പെടുവിച്ചു എങ്കിലും അത് വിളഞ്ഞില്ല അല്ലെങ്കില്‍ പാകമായില്ല. അങ്ങനെ ഫലം ഉപയോഗശൂന്യമായി പോയി. 

ഇതാണ് ശരിയായ ചിത്രം. 

വഴി അരികെയുള്ള സ്ഥലവും പാറസ്ഥലവും വിത്തുകള്‍ വിതയ്ക്കുവാന്‍ യോജ്യമല്ലാത്ത ഇടങ്ങള്‍ ആണ്. എന്നാല്‍ മുള്ളുകള്‍ ഉള്ള സ്ഥലം അങ്ങനെ അല്ല. അത് ഒരു രീതിയി, വിത്ത് വിതയ്ക്കുവാനും വളരുവാനും ഫലം കായ്ക്കുവാനും യോജ്യമായ സ്ഥലം ആണ്. എന്നാല്‍ അതിന്റെ പ്രശനം അവിടെ ഉള്ള മുള്ളുകള്‍ ആണ്; മുള്ളുകള്‍ ആണ് ഫലം പാകമാകത്തെ സസ്യത്തെ ഞെരുക്കി കളഞ്ഞത്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, മുള്ളുകള്‍ പെറുക്കികളഞ്ഞാല്‍, മുള്ളുകള്‍ ഇല്ലാതായാല്‍, ഈ സ്ഥലവും വിതയ്ക്കുവാനും ഫലം കായ്ക്കാനും അത് പാകമാകുവാനും യോജ്യമായ സ്ഥലം തന്നെ ആണ്. മുള്ളുകള്‍ ആ സ്ഥലത്തിന്റെ മാറ്റമില്ലാത്ത അവസ്ഥ അല്ല. ആ സ്ഥലത്തേയും മുള്ളുകള്‍ പറിച്ചുകളഞ്ഞു രൂപപ്പെടുത്തിയെടുക്കുവാന്‍ കഴിയുന്ന ഇടം ആണ്.

ഈ മര്‍മ്മം മനസ്സിലാക്കിയെങ്കില്‍ മാത്രമേ ഈ ഉപമ ശരിയായി നമുക്ക് മനസ്സിലാക്കുവാന്‍ കഴിയൂ. 

യെശയ്യാവ് പ്രവാചകന്റെ പുസ്തകം അഞ്ചാം അദ്ധ്യായത്തില്‍ ഒരു മുന്തിരി തോട്ടത്തെ ഒരുക്കി എടുക്കുന്നതിന്റെ വിവരണം ഉണ്ട്. തോട്ടക്കാരന്‍ നിലത്തിന് ചുറ്റും “വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു” എന്നു നമ്മള്‍ വായിക്കുന്നു. (യെശയ്യാവു 5: 2). എന്നാല്‍ ഈ തോട്ടത്തില്‍ നിന്നും നല്ല മുന്തിരിങ്ങ കായ്ക്കും എന്നു തോട്ടക്കാരന്‍ പ്രതീക്ഷിച്ചു എങ്കിലും കായ്ച്ചത് കാടുമുന്തിരിങ്ങ ആയിപ്പോയി. അതിനാല്‍ അദ്ദേഹം, അതിന്റെ വേലി പൊളിച്ചുകളയും, അതിന്റെ മതിൽ ഇടിച്ചുകളയും എന്നും ആ തോട്ടം മൃഗങ്ങള്‍ ചവിട്ടി മെതിച്ചു കളയും, പറക്കാരയും മുള്ളും അതിൽ മുളെക്കും എന്നിങ്ങനെ നമ്മള്‍ വായിക്കുണ്ട്. (യെശയ്യാവ് 5:5,6)

അതായത്, കല്ലുകളും, മുള്ളുകളും പറക്കാരയും ഉള്ള ഒരു സ്ഥലത്തെ ആണ്, അതിനെ ഒരുക്കി, വെടിപ്പാക്കി, മുന്തിരി തോട്ടമായി മാറ്റി എടുത്തത്. നല്ല മുന്തിരിങ്ങ കായ്ക്കുവാന്‍ നിലത്തെ ഒരുക്കേണ്ടതുണ്ട്. നല്ല നിലം എന്നത് ഒരുക്കിയ നിലം ആണ്.

സത്യത്തില്‍ നല്ല നിലം എന്നൊന്നില്ല; ഒരുക്കപ്പെട്ട നിലത്തെയാണ് നമ്മള്‍ നല്ല നിലം എന്നു വിളിക്കുന്നത്.

അതായത് മുള്ളുകള്‍ ഉള്ള നിലവും, നല്ല നിലവും തമ്മില്‍ ഒരു വ്യത്യാസം മാത്രമേ ഉള്ളൂ. അത്, ഒരിടത്ത് മുള്ളുകള്‍ ഉണ്ട് എന്നതും, മറ്റൊരിടത്ത് മുള്ളുകള്‍ ഇല്ലാ എന്നതും ആണ്. ഇത് വളരെ പ്രധാനപ്പെട്ട വ്യത്യാസം ആണ്. 

എന്നാല്‍, സുവിഷത്തോട് അനുകൂലമായി പ്രതികരിച്ചതിനാല്‍, കൃപയാല്‍, വിശ്വാസം മൂലം രക്ഷ പ്രാപിച്ച നമ്മള്‍ ആരും തന്നെ ഇങ്ങനെ ഒരുക്കപ്പെട്ട നിലം ആയിരുന്നില്ല എന്നതാണു സത്യം.  നമ്മള്‍ ജന്‍മനാലോ, അതിനു ശേഷമുള്ള ജീവിതത്തിലോ, വിശുദ്ധര്‍ ആയതുകൊണ്ട് നമ്മള്‍ രക്ഷിക്കപ്പെട്ടതല്ല.

നമ്മള്‍ പാപികള്‍ ആയിരുന്നപ്പോള്‍ തന്നെ നമ്മളുടെ കര്‍ത്താവ് നമുക്ക് വേണ്ടി യാഗമായി തീര്‍ന്നു. (റോമര്‍ 5:8). സഖായിയുടെ ഹൃദയം നല്ല നിലം ആയതുകൊണ്ടല്ല അവന്‍ യേശുവിനെ കണ്ടുമുട്ടിയത്. യഥാര്‍ത്ഥത്തില്‍ യേശു അവനെ കണ്ടുമുട്ടുക ആയിരുന്നു. അവര്‍ തമ്മില്‍, ഒരുവന്‍ അത്തിമരത്തിന്‍റെ ചുവട്ടിലും, മറ്റൊരുവന്‍ അത്തിമരത്തിന്റെ മുകളിലുമായി കണ്ടുമുട്ടുമ്പോള്‍, സക്കായി ഒരു ചുങ്കക്കാരന്‍ ആയിരുന്നു. യേശു അവന്റെ വീട്ടില്‍ ചെന്നുകഴിഞ്ഞപ്പോള്‍ അവന്‍ അവന്റെ ഹൃദയത്തില്‍ നിന്നും മുള്ളുകളെയും പറക്കാരയെയും, കല്ലുകളെയും കട്ടകളെയും പെറുക്കിക്കളഞ്ഞു. അവിടെ ദൈവരാജ്യത്തിന്റെ വചനം നൂറു മേനിയായി വിളഞ്ഞു. 

നമ്മള്‍ രക്ഷിക്കപ്പെട്ടപ്പോള്‍ അനേകം മുള്ളുകളും പറക്കാരകളും നമ്മളുടെ ഹൃദയത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനിടയില്‍ വിത്ത് വീഴുകയും, നിലം അതിനെ സ്വീകരിക്കുകയും അത് വളരുകയും ചെയ്തു. എന്നാല്‍ അനേകരും മുള്ളുകളെയും പറക്കാരകളെയും പറിച്ചുകളയാറില്ല. അതിനാല്‍ അത് കൂടെ വളര്‍ന്നു.

മുള്ളുകള്‍, വിത്ത് വിതച്ചതിന് ശേഷം ശത്രുക്കള്‍ കൊണ്ട് വന്നു ഇട്ടതല്ല; അത് അവിടെ തന്നെ ഉണ്ടായിരുന്നതാണ്. മുള്ളുകള്‍ ഉള്ളപ്പോള്‍ തന്നെ ആണ് അവിടെ വിത്തുകള്‍ വീണത്.

മുള്ളുകള്‍ പറിച്ചു കളഞ്ഞാല്‍ അത് നല്ല നിലമായി തീരും. അവിടെ നൂറ് മേനി പാകമായ ഫലം ഉണ്ടാകും.

രക്ഷിക്കപ്പെട്ട നമ്മളുടെ ജീവിതത്തില്‍, പ്രായോഗികമായി ഉണ്ടായ മാറ്റങ്ങള്‍ ഇതാണ്. രക്ഷിക്കപ്പെട്ടത്തിന് ശേഷം നമ്മള്‍ ദൈവ വചനം വായിക്കുവാനും ദൈവത്തെ സ്തുതിക്കുവാനും തുടങ്ങി. നമ്മള്‍ സഭയില്‍ വിശുദ്ധരായി മാറി. ചിലപ്പോള്‍ സഭാ സെക്രട്ടറിയോ, മൂപ്പനോ ഒക്കെ ആയെന്നും വന്നേക്കാം. ഉപവാസ പ്രാര്‍ഥനയ്ക്കും ഭവന സന്ദര്‍ശനത്തിനും നമ്മളുടെ സാന്നിധ്യം ഉണ്ട്.

അതായത്, വിത്ത് മുളച്ചു, അത് വളര്‍ന്നു, ഫലം പുറപ്പെടുവിക്കുന്നുമുണ്ട്. എന്നാല്‍ എവിടെയോ ചില തകരാറുകള്‍ ഉണ്ട്. ക്രിസ്തുവിന്റെ മനോഭാവം നമ്മളില്‍ ഉളവാകുന്നില്ല.

ഫിലിപ്പിയര്‍ 2:5 ല്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.” ഈ വാചകം ഇംഗ്ലീഷില്‍ NLT (New Living Translation) എന്ന പരിഭാഷയില്‍ "You must have the same attitude that Christ Jesus had." എന്നും, “ക്രിസ്തുയേശുവിലുള്ള ഭാവം” എന്നതിന് NIV (New International Version) ല്‍ “the same mindset as Christ Jesus” എന്നുമാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

അതായത് ക്രിസ്തുവിന്റെ മനോഭാവം നമ്മളില്‍ ഉണ്ടായിരിക്കേണം.  

ഇത് ഒരു ദിവസം കൊണ്ട് നമ്മളില്‍ ഉളവാകുന്നതല്ല. വിശുദ്ധീകരണം ഒരു തുടര്‍ പ്രക്രിയ ആണ്. 

അതായത്, ദൈവകൃപ സുവിശേഷത്തോട് അനുകൂലമായി പ്രതികരിക്കുവാന്‍ നമ്മളുടെ ഹൃദയത്തെ ഒരുക്കുന്നു. അതിലേക്കാണ് ദൈവ വചനം എന്ന വിത്ത് വീഴുന്നത്. അതിനാല്‍ നമ്മള്‍ അത് സ്വീകരിക്കുകയും വിത്ത് വളരുകയും ചെയ്യുന്നു.

വഴിയരികെയുള്ള സ്ഥലവും, പാറസ്ഥലവും സുവിശേഷത്തെ സ്വീകരിക്കുവാന്‍ തക്കവണം ദൈവകൃപ ലഭിച്ച ഇടങ്ങള്‍ അല്ല. എന്നാല്‍ മുള്ളുകള്‍ ഉള്ള സ്ഥലം വചനത്തെ സ്വീകരിക്കുകയും അത് വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുവാന്‍ തക്കവണം ദൈവകൃപ ലഭിച്ച നിലം ആണ്. അത് നമ്മള്‍ രക്ഷിക്കപ്പെട്ട അവസ്ഥയിലെ നമ്മളുടെ ഹൃദയം ആണ്.

എന്നാല്‍ രക്ഷ ഒരിക്കലായി സംഭവിച്ചു കഴിഞ്ഞു, ഇനി നമുക്ക് ഒരു ഉത്തരവാദിത്തവും ഇല്ല എന്നു ചിന്തിക്കുന്നവര്‍ക്ക് അവരുടെ ഹൃദയം ഒരുക്കപ്പെടാത്ത നിലം ആയി തുടരും.

ഇത് ഈ ഉപമ കൂടുതല്‍ പഠിക്കുമ്പോള്‍ നമുക്ക് വ്യക്തമാകും. 

മുള്ളുകള്‍ എന്തിനെ ആണ് ഞെരുക്കിയത് എന്നുകൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. വഴിയരികെയും പാറമേലും മുള്ളുകള്‍ ഉള്ളതും, നല്ലതുമായ നിലങ്ങള്‍ എല്ലാം ഒരു മനുഷ്യന്റെ ഹൃദയത്തെ ആണ് കാണിക്കുന്നത് എന്നു കര്‍ത്താവ് തന്നെ വിശദീകരിക്കുന്നുണ്ട്. വിത്ത് ദൈവരാജ്യത്തിന്റെ വചനം ആണ്. അപ്പോള്‍ ദൈവരാജ്യത്തിന്റെ വചനം ഒരു മനുഷ്യന്റെ ഹൃദയത്തില്‍ ആണ് വീണത്. അതിന്റെ പ്രത്യേകത അത് വളരുവാന്‍ ആവശ്യമായ ഊര്‍ജ്ജം അതില്‍ തന്നെ അടങ്ങിയിട്ടുണ്ട് എന്നതാണു. അനുകൂല സാഹചര്യമുള്ള എല്ലായിടത്തും അത് വളരും, വര്‍ദ്ധിക്കും.

ദൈവരാജ്യത്തെ കടുകുമണിയോടും, പുളിച്ച മാവിനോടും യേശു സാദൃശ്യപ്പെടുത്തിയിട്ടുണ്ട്. അവിടെ എല്ലാം അത് വളര്‍ന്നും വര്‍ദ്ധിച്ചും വരുന്നതാണ് യേശു നല്കിയ സന്ദേശം. വിതക്കാരന്റെ ഉപമയില്‍, നല്ല നിലത്ത്, അത് പാകമായ ഫലം പുറപ്പെടുവിക്കുന്നു. 

അപ്പോള്‍, മുള്ളുകള്‍ ഞെരുക്കിയത്, വചനത്തെ സ്വീകരിച്ച മനുഷ്യനെ അല്ല, അവന്റെ ഹൃദയത്തെയും അല്ല; ദൈവ വചനത്തെ ആണ്. വചനം സ്വീകരിച്ച മനുഷ്യന്‍ ഭൌതീകമായി വളരുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്തുകാണും. പക്ഷേ അവന്റെ ഹൃദയത്തില്‍ വീണ ദൈവരാജ്യത്തിന്‍റെ വചനം എന്ന വിത്ത് പാകമായ ഫലം പുറപ്പെടുവിച്ചില്ല. ഇതാണ് ഇവിടെ വിഷയം.   

എന്തുകൊണ്ടാണ് മുള്ളുകള്‍ക്കിടയില്‍ വീണ വിത്തിന് പാകമായ ഫലം നല്കുവാന്‍ കഴിയാഞ്ഞത് എന്നു നമ്മള്‍ മനസ്സിലാക്കി കഴിഞ്ഞു. അവിടെ മുള്ളുകള്‍ ഉണ്ടായിരുന്നതിനാലും അവയും സസ്യത്തോടൊപ്പം വളര്‍ന്ന്, അതിനെ ഞെരുക്കി കളഞ്ഞതും കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

എന്താണ് ഈ മുള്ളുകള്‍ എന്നും യേശു തന്നെ വിശദീകരിക്കുന്നുണ്ട്.

 

1.        ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും (മത്തായി 13: 22)

2.      മറ്റുവിഷയ മോഹങ്ങളും അകത്തുകടന്നു (മര്‍ക്കോസ് 4: 19)

3.      ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും (choked with cares and riches and pleasures of this life -KJV- ലൂക്കോസ് 8: 14)

ഈ പട്ടിക നമുക്ക് ചുരുക്കി പറയാം. മുള്ളുകള്‍ സൂചിപ്പിക്കുന്നത് ഈ ലോകത്തിന്റെ ചിന്തകളും, ആകുലകതകളും, മോഹങ്ങളും, ധനത്തോടുള്ള അത്യാഗ്രഹവും ഒക്കെ ആണ്. യേശു ധനത്തോടുള്ള അത്യാഗ്രഹത്തെക്കുറിച്ച് ഇവിടെ പറഞ്ഞപ്പോള്‍, ധനത്തിന്റെ വഞ്ചന എന്നാണ് പറഞ്ഞത്. (മത്തായി 13: 22). യേശുവിന്റെ വാക്കുകളില്‍, ധനം നമ്മളെ വഞ്ചിക്കും എന്നും അതാണ് ജീവിത ലക്ഷ്യമെന്നോ, അതാണ് ദൈവീക അനുഗ്രഹം എന്നോ ഉള്ള വഞ്ചന നമുക്ക് തരും എന്നൊരു ധ്വനി ഉണ്ട്.

ഇത് നമ്മള്‍ വളരെ ശ്രദ്ധിക്കേണം. അനേകം ദൈവദാസന്‍മാര്‍ പോലും വഞ്ചിക്കപ്പെട്ട് ദൈവകൃപയ്ക്ക് വെളിയില്‍ ആയിപ്പോയത് ധനമോഹം കൊണ്ടാണ്. 

ദൈവം നമ്മളെ തിരഞ്ഞെടുത്ത് രക്ഷിച്ചിരിക്കുന്നത്, നമ്മള്‍ ഭൌതീകമായി ധനവാന്‍മാര്‍ ആയി, ലോകത്തിന്റെ മോഹങ്ങള്‍ അനുഭവിച്ചുകൊണ്ടു ജീവിക്കുവാന്‍ അല്ല. അവന്‍ നമ്മളുടെ ഹൃദയത്തില്‍ വിതച്ച വിത്ത് പാകമായ ഫലം പുറപ്പെടുവിക്കേണ്ടതിനാണ്.

ഇതാണ് കടുകുമണിയുടെ ഉപമയില്‍ യേശു വ്യക്തമാക്കുന്നത്.

കടുകുമണി “എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.” (മത്തായി 13: 32)

അതായത്, ദൈവരാജ്യം വളരേണം, ഫലം പുറപ്പെടുവിക്കേണം, അത് അനേകര്‍ക്ക് രക്ഷയായി തീരേണം.

നമ്മളിലുള്ള ദൈവരാജ്യത്തിന്റെ വിത്ത് അനേകര്‍ക്ക് രക്ഷ കണ്ടെത്തുവാന്‍ സഹായമാകുന്നില്ല എങ്കില്‍ അത് ഫലം പാകമാകാത്ത, ഉപയോഗ്യശൂന്യമായ സസ്യമായി തുടരും. അതിനെ വെട്ടി മാറ്റി തീയി ഇട്ടു ചുട്ടുകളയും എന്നു ദൈവവചനം പറയുന്നുണ്ട്. (യോഹന്നാന്‍ 15:6; ലൂക്കോസ് 13:9)

അതിനാല്‍ മറ്റുള്ളവരെ ദൈവരാജ്യത്തിലേക്ക് നടത്തുന്ന, പാകമായ ഫലം പുറപ്പെടുവിക്കുക എന്നത് ക്രിസ്തീയ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗം ആണ്. 

ഇങ്ങനെ ഫലം പുറപ്പെടുവിക്കുന്നതില്‍ നിന്നും ഒരു വിശ്വാസിയെ തടയുന്നത് എന്തെല്ലാം ആണ് എന്നാണ് യേശു പറഞ്ഞത്. അവ, ഈ ലോകത്തിന്റെ ചിന്തകളും, ആകുലകതകളും, മോഹങ്ങളും, ധനത്തോടുള്ള അത്യാഗ്രഹവും ഒക്കെ ആണ്.

നമ്മള്‍ രക്ഷിക്കപ്പെട്ടപ്പോള്‍, നമ്മളുടെ ഹൃദയം നല്ല നിലം ആയിരുന്നില്ല എന്നു ഞാന്‍ മുമ്പ് പറഞ്ഞുവല്ലോ. അത് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി കാണും എന്ന് കരുതുന്നു. നമ്മള്‍ രക്ഷിക്കപ്പെട്ടപ്പോള്‍, ദൈവരാജ്യത്തിന്റെ സുവിശേഷം ആദ്യമായി നമ്മളുടെ ഹൃദയത്തില്‍ വീണപ്പോള്‍, അവിടെ, മുള്ളും, പറക്കാരയും, ധനമോഹവും, ലോകമോഹങ്ങളും, ഭൌതീക കാര്യങ്ങളെക്കുറിച്ചുള്ള ആകുലചിന്തകളും എല്ലാം ഉണ്ടായിരുന്നു. ഇതിനിടയില്‍ വീണ ദൈവരാജ്യത്തിന്റെ സുവിശേഷം, ദൈവകൃപയാല്‍ നമുക്ക് സ്വീകരിക്കുവാന്‍ കഴിഞ്ഞു.

ഇവിടെ പൌലൊസ് പറഞ്ഞ വാചകം ഓര്‍മ്മിപ്പിക്കട്ടെ: 


എഫെസ്യര്‍ 2: 8, 9

8    കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.

   ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല. 

രക്ഷ ഒരിക്കലായിട്ടു സംഭവിക്കുന്നു എങ്കിലും ഒരിക്കലായിട്ട് പൂര്‍ത്തീകരിക്കപ്പെടുന്നില്ല. രക്ഷ ഒരു തുടര്‍ പ്രക്രിയ ആണ്. ഒരിക്കല്‍ നമ്മള്‍ എടുക്കുന്ന ഒരു തീരുമാനത്തോടെയും തിരഞ്ഞെടുപ്പോടെയും രക്ഷ എന്ന പ്രക്രിയ ആരംഭിക്കുക ആണ്. നമ്മള്‍ രക്ഷിക്കപ്പെട്ടു, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, നമ്മള്‍ രക്ഷിക്കപ്പെടും. അതായത് രക്ഷയില്‍ നീതീകരണം, വിശുദ്ധീകരണം, തേജസ്കരണം എന്നീ മൂന്നു ഘട്ടങ്ങള്‍ ഉണ്ട്. ഇതില്‍ വിശുദ്ധീകരണം എന്ന ഘട്ടത്തിലൂടെ ആണ് ഇപ്പോള്‍ രക്ഷിക്കപ്പെട്ട ദൈവജനം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

വിശുദ്ധീകരണത്തില്‍ എന്താണ് സംഭവിക്കേണ്ടത്? നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഉപമയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍, വിശുദ്ധീകരണം എന്നത്, ഫലം നാല്‍കാതെവണ്ണം ദൈവവചനത്തെ ഞെരുക്കിക്കളയുന്ന എല്ലാ ലോക ചിന്തകളെയും, മോഹങ്ങളെയും ധനത്തിന്റെ അത്യാഗ്രഹങ്ങളെയും പെറുക്കികളയുന്നതാണ്.

ഇത് ഒരിക്കലായിട്ട് നടക്കുന്ന ഒരു പ്രവര്‍ത്തി ആണ് എന്നു ഞാന്‍ കരുതുന്നില്ല. ഇത് ഒരു തുടര്‍ പ്രക്രിയ ആണ്. 

ദൈവരാജ്യത്തിന് ചേരാത്ത ചിന്തകള്‍ നമ്മളെ നിഷ്ഫലമാക്കി കളയുന്നു എന്ന കുറ്റം നിങ്ങളുടെ മേല്‍ വയ്ക്കുവാന്‍ അല്ല, ഞാന്‍ ഇവിടെ ആഗ്രഹിക്കുന്നത്. അതില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാനും അതിന്മേല്‍ ഒക്കെയും ജയം പ്രാപിക്കുവാനും നിങ്ങളെ സഹായിക്കുക എന്നതാണു എന്‍റെ ലക്ഷ്യം. അതിനായി നമ്മള്‍ ആദ്യം ചെയ്യേണ്ടത്, നമ്മളുടെ ഹൃദയത്തില്‍ ഇപ്പൊഴും മുള്ളുകളും പറക്കാരയും ഉണ്ട് എന്നു തിരിച്ചറിയുക എന്നതാണു. രക്ഷിക്കപ്പെട്ടപ്പോള്‍ ഏറ്റുപറഞ്ഞ പ്രാര്‍ഥനയോടെ നമ്മളുടെ ഹൃദയം നല്ല നിലം ആയില്ല എന്നു പറയുവാന്‍ യഥാര്‍ത്ഥത്തില്‍ ദൈവ ശാസ്ത്രത്തിന്റെ അകമ്പടി ആവശ്യമില്ല. നമുക്ക് തന്നെ അറിയാവുന്ന കാര്യമാണത്. എന്നാല്‍ അത് നമ്മള്‍ തുറന്നു സമ്മതിക്കുമ്പോള്‍ മാത്രമേ വിടുതല്‍ ആരംഭിക്കുക ഉള്ളൂ.

രക്ഷിക്കപ്പെട്ടതിനു ശേഷമുള്ള നമ്മളുടെ ജീവിതത്തില്‍ വലിയായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അഞ്ചു കൊല്ലങ്ങള്‍ക്ക് മുമ്പു ശരി എന്നു നമ്മള്‍ കരുതിയിരുന്ന പലതും ഇപ്പോള്‍ പാപമാണ് എന്നു നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നു. ഇന്ന് നമ്മള്‍ ശരി എന്ന് ചിന്തിക്കുന്ന പലതും അഞ്ചു കൊല്ലങ്ങള്‍ക്ക് ശേഷം നമ്മള്‍ പാപമായി കരുതും. ഈ പ്രവര്‍ത്തനമാണ്, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, അല്ലെങ്കില്‍ വിശുദ്ധീകരണം എന്നത്. ഇത് മുള്ളുകളെയും പറക്കാരകളെയും പെരുക്കിക്കളയുക ആണ്.   

ഇവിടെ, നമ്മളുടെ കര്‍ത്താവിന്റെ ചില വാക്കുകള്‍ നമുക്ക് ശ്രദ്ധിക്കാം.

 

മത്തായി 6:21 നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.

 

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഹൃദയം ഇരിക്കുന്ന ഇടത്തു നിക്ഷേപം ഉണ്ടായിരിക്കും. നമ്മളുടെ ഏകാന്ത നിമിഷങ്ങളില്‍, മറ്റാരോടും സംസാരിക്കുവാന്‍ ഇല്ലാതെ ഏകരായി ഇരിക്കുമ്പോള്‍, നമ്മള്‍ സ്വാഭാവികമായും എന്തിനെക്കുറിച്ച് ചിന്തിക്കുന്നുവോ, അവിടെ ആണ് നമ്മളുടെ ഹൃദയം. നമ്മളുടെ ചിന്ത, ഈ ലോകത്തിന്റെ മോഹങ്ങളെക്കുറിച്ചും ധനത്തെക്കുറിച്ചും ആണ് എങ്കില്‍ നമ്മളുടെ ഹൃദയം ഈ ലോകത്തില്‍ ആണ്. ഈ ലോകത്തിന്റെ ചിന്തകള്‍ നമ്മളുടെ ഹൃദയത്തിലുള്ള ദൈവ വചനത്തെ ഞെരുക്കുക ആണ്. 

യേശു, തന്റെ ശിഷ്യന്മാരെയും നമ്മളെയും പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചതു ഇങ്ങനെ ആണ്: “ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;” (മത്തായി 6:11). അതായത്, ദിനം തോറുമുള്ള ദൈവീക നടത്തിപ്പില്‍ ആശ്രയിക്കുവാനാണ് കര്‍ത്താവ് പറയുന്നത്.

യിസ്രായേല്‍ ജനം മരുഭൂമിയിലൂടെ യാത്ര ചെയ്തപ്പോള്‍ അവരെ ദൈവം നടത്തിയ വിധങ്ങള്‍ ഇവിടെ നമ്മള്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. അവര്‍ക്ക് ദൈവം കഴിക്കുവാന്‍ മന്നയും കുടിക്കുവാന്‍ പാറ പിളര്‍ന്ന് വെള്ളവും കൊടുത്തു എന്നത് നമുക്ക് അറിയാവുന്ന കാര്യം ആണല്ലോ.

എത്ര സമ്പത്ത് നമ്മളുടെ കൈവശം ഉണ്ടായാലും, മരുഭൂമിയില്‍ എങ്ങും വെള്ളമോ, ആഹാരമോ ലഭ്യമല്ല എന്നു നമ്മള്‍ ഓര്‍ക്കേണം. മരുഭൂമിയില്‍ യിസ്രായേല്‍ ജനത്തിന്‍റെ കൈവശം ആഹാരം ഉണ്ടായിരുന്നില്ല. അവന്‍ മിസ്രയീം ദേശത്തുനിന്ന് പുറപ്പെടുന്നതിന് മുംബ് കഴിച്ചതു പെസഹ കുഞ്ഞാടിന്റെ മാസം ആണ്. അതിനെക്കുറിച്ചാകട്ടെ ,പിറ്റെന്നാൾ കാലത്തേക്കു അതിൽ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാൾ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങൾ തീയിലിട്ടു ചുട്ടുകളയേണം.” എന്നായിരുന്നു ആയിരുന്നു ദൈവീക കല്‍പ്പന. (പുറപ്പാട് 12:10)

ദൈവം നല്‍കുന്നതല്ലാതെ യാതൊന്നും അവര്‍ക്ക് മരുഭൂമിയില്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ ഇത് നമ്മള്‍ നിസ്സഹായര്‍ ആണ് എന്ന ചിന്ത അല്ല നമ്മളില്‍ ഉളവാക്കേണ്ടത്. മറിച്ച്, നമ്മള്‍ക്കായി കരുത്തുന്ന ഒരു ദൈവം ഉണ്ട് എന്നും അതിനാല്‍ നാളെയെക്കുറിച്ചോര്‍ത്തു നമ്മള്‍ ഭാരപ്പെടേണ്ടതില്ല എന്ന വിശ്വാസവും നമ്മളില്‍ നിറയേണം.

വെള്ളവും മന്നയും മാത്രമല്ല ദൈവം അവര്‍ക്ക് നല്കിയത്. ആവര്‍ത്തന പുസ്തകം 8:4 ല്‍ നമ്മള്‍ വായിക്കുന്നു: “ഈ നാല്പതു സംവത്സരം നീ ധരിച്ചവസ്ത്രം ജീർണ്ണിച്ചുപോയില്ല; നിന്റെ കാൽ വീങ്ങിയതുമില്ല.”

വീണ്ടും ആവര്‍ത്തനപുസ്തകം 29:4 ല്‍ ഇങ്ങനെ വായിക്കുന്നു: “ഞാൻ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ഉടുത്തിരുന്ന വസ്ത്രം ജീർണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പു പഴകീട്ടുമില്ല.”

യിസ്രായേല്‍ ജനത്തിന് മിസ്രയീമില്‍ അടിമകള്‍ ആയി ജീവിച്ച കാലത്ത്, അനേകം വിലകൂടിയ വസ്ത്രങ്ങള്‍ ഉണ്ടായിരിക്കുവാന്‍ സാധ്യതയില്ല. മാത്രവുമല്ല, അവര്‍ തിരക്കിട്ടു, എങ്ങനെ എങ്കിലും അടിമത്തില്‍ നിന്നും രക്ഷപ്പെടേണം എന്നു ആഗ്രഹിച്ചു ഓടി പോന്നതാണ്. അവര്‍ അധികം വസ്ത്രങ്ങള്‍ എടുത്തുകൊണ്ടു വരുവാനും സാധ്യത ഇല്ല. എന്നാല്‍ അവര്‍ക്ക് ഉള്ളത് ധാരാളം ആയിരുന്നു.

മരുഭൂമിയിലെ കഠിനമായ ചൂടില്‍, മണല്‍ പരപ്പിലൂടെ,  നാല്‍പ്പത് വര്‍ഷങ്ങള്‍, യാത്രചെയ്ത യിസ്രായേല്‍ ജനത്തിന്റെ ഒരു ഉടുപ്പിന്റെ പോലും നിറം മങ്ങിയില്ല. അത് ജീര്‍ണിച്ച് പോയില്ല. അവരുടെ കാല്‍ വീങ്ങിയില്ല; കാലിലെ ചെരിപ്പു പഴകിയില്ല.

അവര്‍ക്ക് അധികം ഉണ്ടായിരുന്നില്ല; ഉണ്ടായിരുന്നത് ദൈവം സംരക്ഷിച്ചു. അത് ദീര്‍ഘനാള്‍ ഈടുനിന്നു. ഇതാണ് ദൈവീക കരുതല്‍. ഇതാണ് യഥാര്‍ത്ഥ സമൃദ്ധി. എണ്ണത്തില്‍ എത്ര ഉണ്ട് എന്നല്ല, ആവശ്യത്തിലുള്ള ദൈവീക കരുതലാണ് സമൃദ്ധി.

അറപ്പുരകളില്‍ കൂട്ടിവച്ചല്ല ഒരു വിശ്വാസി ജീവിക്കേണ്ടത്, അറകളില്‍ ഇരുന്നു ദൈവത്തോട് യാചിച്ചുകൊണ്ടാണ് ജീവിക്കേണ്ടത്. നിങ്ങള്‍ യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.” എന്നാണ് യാക്കോബ് അപ്പൊസ്തോലന്‍ പറയുന്നതു. (യക്കോബ് 4:2b). അദ്ദേഹം തുടര്‍ന്നു പറയുന്നതു കൂടുതല്‍ ശ്രദ്ധിയ്ക്കുക:

 

യാക്കോബ് 4: 3 നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല. 

നമ്മളുടെ ജഡപ്രകാരമുള്ള ലോകമോഹങ്ങളില്‍ മുഴുകി ജീവിക്കുവാന്‍ ആവശ്യമായതിനായി പ്രാര്‍ഥിക്കുവാന്‍ അല്ല കര്‍ത്താവ് നമ്മളെ പഠിപ്പിചത്. അറപ്പുരയില്‍ കൂട്ടിവയ്ക്കാനുള്ള ധനത്തിനായി പ്രാര്‍ത്ഥിക്കുവാനും അവന്‍ പറഞ്ഞില്ല. “ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ”, അല്ലെങ്കില്‍ ഇന്നത്തേക്ക് ആവശ്യമുള്ളത് ഇന്ന് നല്കേണമേ, എന്നാണ് പ്രാര്‍ഥിക്കേണ്ടത്.

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ ഇവിടെ പ്രതിഫലിക്കുന്നത് അരക്ഷിതാവസ്ഥ അല്ല, ദൈവത്തിലുള്ള സംപൂര്‍ണ്ണമായ ആശ്രയവും വിശ്വാസവും ആണ്.

നമ്മളുടെ മനോഭാവം, നാളെയേക്കുറിച്ച് ആകുലതയില്ലാത്ത വിശ്വാസജീവിതം ആയിരിക്കേണം. ഈ മനോഭാവത്തിലേക്ക് നമ്മള്‍ എത്തുന്നില്ലാ എങ്കില്‍, ദൈവം ഉദ്ദേശിക്കുന്ന, ലോകത്തിന്റെ ചിന്തകളും ആകുലതകളും ഇല്ലാത്ത ജീവിതം ആകുന്നില്ല.

ഇത്, ഒന്നും ഇല്ലാത്തതുകൊണ്ടു, ഇനി ദൈവം മാത്രമേ ആശ്രയമുള്ളൂ എന്ന ചിന്ത അല്ല, ലോകത്തിലുള്ള സകലത്തിനെയും ചേതം എന്നും ചവറ് എന്നും  എന്നു എണ്ണി, ദൈവത്തില്‍ മാത്രം ആശ്രയിക്കുന്നതാണ്. (ഫിലിപ്പിയര്‍ 3:8, 11). ഇങ്ങനെ ഉള്ളവര്‍ക്ക് നാളെയേക്കുറിച്ച് ആകുലതകള്‍ ഇല്ല. അവര്‍ക്ക് കളപ്പുരയില്‍ ഒന്നും കൂട്ടി വയ്ക്കേണ്ടതില്ല. ലോകത്തിന്റെ മോഹങ്ങള്‍ അവര്‍ക്ക് ചവറ് ആണ്. ലോകത്തിന്റെ മാന്യതയെ അവര്‍ ചേതം എന്ന് കരുത്തുന്നു.

ഇത് നിസ്സഹായ അവസ്ഥയില്‍ നിന്നുളവായ മനോഭാവം അല്ല, ക്രിസ്തുവിന്റെ കരുതലില്‍ ഉള്ള അടിയുറച്ച വിശ്വസം ആണ്. 

മത്തായി 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങളെ നമ്മള്‍ യേശുവിന്റെ ഗിരിപ്രഭാഷണം എന്നാണ് വിളിക്കുന്നത്. ദൈവ ശാസ്ത്രജ്ഞന്മാര്‍ ഇതിനെ ദൈവരാജ്യത്തിന്റെ ഭരണഘടന എന്നാണ് വിളിക്കുന്നത്. നമ്മളുടെ കര്‍ത്താവ് പ്രഖ്യാപിച്ച ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ ആണ് യേശു ഇവിടെ വിളംബരം ചെയ്യുന്നത്.

ഇതില്‍, ദൈവാരാജ്യത്തില്‍ വിശ്വസിക്കുന്നവര്‍ ഭാവിയെ എങ്ങനെ കാണേണം എന്നു കര്‍ത്താവ് പറയുന്നുണ്ട്.

 

മത്തായി 6: 25 അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു…” 

യേശു തുടരുന്നു: “ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?” (6:26)

വീണ്ടും യേശു പറയുന്നു: “ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. (6:28). എന്നാൽ ശലോമോൻപോലും തന്റെ സർവ്വമഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. (6: 28, 29) 

ഈ വാക്കുകള്‍ക്ക് വിശദീകരണം ആവശ്യമില്ല. കര്‍ത്താവ് നമ്മളുടെ ഭൌതീക ആവശ്യങ്ങളെക്കുറിച്ച് നേരിട്ടു സംസാരിക്കുക ആണ്. നമ്മളുടെ ആഹാരം, നമ്മളുടെ വസ്ത്രം, ഇവയെക്കുറിച്ചുപോലും അവന് കരുതല്‍ ഉണ്ട്.

“സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.” (6:32b)

ഇതിനോടൊപ്പം യേശു ക്രിസ്തു ഇങ്ങനെ കൂടി പറയുന്നുണ്ട്: “ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു” (6:32a).

അതായത്, ഭൌതീക കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് ആകുലപ്പെടുന്നവര്‍, അതിനു പിന്നാലെ ആര്‍ത്തിയോടെ ഓടുന്നവര്‍ അവിശ്വാസികള്‍ ആയ ജാതികള്‍ ആണ്.

യേശു ഇവിടെ പറയുന്നത്,  ദൈവരാജ്യത്തിന്റെ പ്രമാണം ആയതിനാല്‍, ദൈവരാജ്യത്തിനുള്ളില്‍ ഉള്ളവര്‍ക്ക് ഒഴിഞ്ഞുനില്‍ക്കുവാന്‍ സാധ്യമല്ല. 

ഈ പ്രമാണങ്ങള്‍ അപ്പൊസ്തലനായ പൌലൊസ് ഉള്‍കൊണ്ടിരുന്നു. അതിനാല്‍ അദ്ദേഹം തിമൊഥെയൊസിനുള്ള ഒന്നാം ലേഖനം 6: 8 ല്‍ ഇങ്ങനെ ഉപദേശിച്ചു: “ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.” അതിനുള്ള കാരണവും അദ്ദേഹം തന്നെ വിശദീകരികുന്നുണ്ട്: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. (6:9). ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ.” (1 തിമൊഥെയൊസ് 6:9, 10a) 

കര്‍ത്താവിന്റെ പ്രമാണങ്ങള്‍ ഉപദേശങ്ങള്‍ മാത്രം ആയിരുന്നില്ല, അത് നിത്യജീവിതത്തില്‍ പ്രായോഗികമാക്കുവാന്‍ കഴിയുന്നവ ആയിരുന്നു. അത് കര്‍ത്താവ് തെളിയിച്ചു തന്നിട്ടുമുണ്ട്.

മത്തായി 10 ആം അദ്ധ്യായത്തില്‍,അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധദീനവും വ്യാധിയും പൊറുപ്പിപ്പാനും” ശിഷ്യന്‍മാര്‍ക്ക് അധികാരം കൊടുത്തു, അവരെ അടുത്തുള്ള ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും അയക്കുന്നത് നമ്മള്‍ വായിക്കുന്നു.

അത്, അവര്‍ അന്നേവരെ കേട്ടതും കണ്ടതുമായ കാര്യങ്ങളുടെ, അവരുടേതായ നിലയിലുള്ള സ്വതന്ത്രമായ ഒരു പരിശീനലം ആയിരുന്നു. അതിനാല്‍ അവര്‍ നിര്‍ബന്ധമായും പാലിക്കേണ്ടുന്ന ചില പ്രാമാണങ്ങള്‍ കൂടെ കര്‍ത്താവ് പറഞ്ഞു.

 

മത്തായി 10: 9, 10

   മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും

10   വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ. 

അങ്ങനെ പൊന്നും വെള്ളീയും, ചെമ്പും, പൊക്കാണവും, രണ്ടു ഉടുപ്പും ഇല്ലാതെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാനും, രോഗികളെ സൗഖ്യമാക്കുവാനും, മരിച്ചവരെ ഉയിർപ്പിക്കുവാനും, കുഷ്ഠരോഗികളെ ശുദ്ധമാക്കുവാനും, ഭൂതങ്ങളെ പുറത്താക്കുവാനും (മത്തായി 10:8) ആയി പോയ അവരുടെ അനുഭവങ്ങളെക്കുറിച്ച് കര്‍ത്താവ് പിന്നീട് ചോദിക്കുന്നുണ്ട്:

 

ലൂക്കോസ് 22: 35  പിന്നെ അവൻ അവരോടു: “ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ ” എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.

 അപ്പോസ്തലന്മാര്‍ ആരും പിന്നീട് അവരുടെ ജീവിതത്തില്‍ ഈ പ്രമാണം മറന്നില്ല. അവര്‍ക്ക് അതൊരു ബൌദ്ധീക ജ്ഞാനം ആയിരുന്നില്ല, അനുഭവം ആയിരുന്നു. ഇതാണ് ദൈവരാജ്യത്തിന്‍റെ നാളെയേക്കുറിച്ചുള്ള പ്രമാണം.

ഈ പ്രമാണം അനുസരിച്ചു ജീവിക്കാത്തവര്‍ ഒക്കെയും അവിശ്വാസികള്‍ ആയ ജാതികള്‍ ആണ് എന്നാണ് കര്‍ത്താവ് പറയുന്നത്. (മത്തായി 6:32a).

ജാതീയ മതങ്ങളില്‍ വിശ്വാസിക്കുന്നവര്‍ക്ക്, അവരുടെ ആവശ്യങ്ങള്‍ അറിയുന്ന, അവ തക്ക സമയത്ത് നല്‍കുന്ന ഒരു പിതാവ് ഇല്ല. എന്നാല്‍ നമുക്കോ “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.” (6:32b) 

എങ്ങനെ മുള്ളും പറക്കാരയും പറിച്ചുകളയാം 

ഈ പഠനം ചുരുക്കേണ്ട സമയമായി എന്നു ഞാന്‍ കരുത്തുന്നു. അതിനാല്‍, എങ്ങനെ നമ്മളുടെ ഹൃദയത്തില്‍ നിന്നും മുള്ളും പറക്കാരയും പറിച്ചുകളയാം എന്ന് നമുക്ക് ചിന്തിക്കാം. 

“കൃപ” എന്ന വാക്കിന്റെ അര്‍ത്ഥം “അര്‍ഹിക്കപ്പെടാത്ത ദാനം” എന്നാണ് എന്ന് നമ്മള്‍ പറയാറുണ്ടല്ലോ.

ദൈവകൃപ ദൈവത്തിന്റെ മാറ്റമില്ലാത്ത, അനന്തമായ, സ്വാഭാവത്തിന്റെ ഭാഗം ആണ്. കൃപ നമ്മളെ ജീവിപ്പിക്കുകയും, വിശുദ്ധീകരിക്കുകയും, ക്രിസ്തുവിനോടു അനുരൂപപ്പെടുത്തുകയും ചെയ്യുന്നു. അത് നമ്മളെ പ്രതികൂലങ്ങളില്‍ പതറാതെ നില്‍ക്കുവാന്‍ സഹായിക്കുന്നു.

എന്നാല്‍ “കൃപ” എന്ന വാക്കിന് “അര്‍ഹിക്കാത്ത ദാനം” എന്ന അര്‍ത്ഥത്തേക്കാള്‍ കൂടുതല്‍ ആഴമുണ്ട്.

ദൈവകൃപ നമ്മളില്‍ അടിസ്ഥാനപരമായി എന്താണ് ചെയ്യുന്നത് എന്നുകൂടി മനസ്സിലാക്കിയാലേ അത് വ്യക്തമാകൂ.

 ഗ്രീക് പദമായ കാരിസ് (charis) എന്നതിന്റെ പരിഭാഷ ആണ് കൃപ.  ഈ ഗ്രീക് പദം, “കൃപ” നമ്മളില്‍ പ്രവര്‍ത്തിച്ചു എന്തു ഉളവാക്കുന്നു എന്നു കൂടി പറയുന്നുണ്ട്. അതായത് “കൃപ” നമ്മളില്‍ ഫലം ഉളവാക്കുന്ന ഒരു സ്വാധീന ശക്തി ആണ്. അതുകൊണ്ടു തന്നെ, ഒരുവനില്‍ ദൈവകൃപ ഉണ്ടെങ്കില്‍, അവന്‍ ദൈവകൃപയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ട് എങ്കില്‍,  അതിന്‍റെ പാകമായ ഫലം അവന്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കും.

പാപത്തെയും സാത്താന്‍റെ പ്രവര്‍ത്തികളെയും തോല്‍പ്പിച്ച്, ക്രിസ്തുവില്‍ ജയാളികള്‍ ആയി ജീവിക്കുവാന്‍ നമ്മളെ പ്രാപ്തരാക്കുന്ന ദൈവീകമായ ശക്തി ആണ് കൃപ. രക്ഷയില്‍ ജീവിക്കുമ്പോള്‍, ക്രിസ്തുവിനോട് അനുരൂപപ്പെടുവാന്‍ ദൈവകൃപ നമ്മളെ ശാക്തീകരിക്കുന്നു.   

നമ്മളുടെ ഹൃദയത്തിലെ മുള്ളുകളെയും പറക്കാരകളെയും നീക്കി കളഞ്ഞു അതിനെ നല്ല നിലമാക്കി മാറ്റുവാന്‍ ദൈവ കൃപ നമ്മളെ സഹായിക്കും. അതിനായി നമ്മള്‍ ദൈവകൃപയെ സ്വീകരിക്കുകയും, അതിനോട് അനുക്കൂലമായി പ്രതികരിക്കുകയും വേണം. 

നമ്മളുടെ ഹൃദയത്തെ വെടിപ്പാക്കുക എന്നത് മാനുഷികമായി, നമ്മളുടെ കഴിവിനാല്‍ സാധ്യമല്ല എന്നു നമ്മള്‍ മനസ്സിലാക്കേണം. നമ്മളുടെ ജഡപ്രകാരമുള്ള പ്രയത്നത്താല്‍ അല്ല നമ്മള്‍ വിശുദ്ധര്‍ ആകുന്നത്. നമ്മളുടെ ജഡത്തിന്റെ കഴിവുകള്‍ കൊണ്ട്, വിശുദ്ധരായി ജീവിച്ച്, പാകമായ ഫലം പുറപ്പെടുവിക്കുവാന്‍ കഴിയുക ഇല്ല. കാരണം നമ്മളില്‍ വസിക്കുന്ന പാപത്തിന്റെ പ്രകൃതി, നമ്മള്‍ ഇശ്ചിക്കുന്ന നന്മ ചെയ്യാതെ തിന്മ പ്രവര്‍ത്തിക്കുന്ന സ്വഭാവം ആണ്. (റോമര്‍ 7:19, 23).

നമ്മളുടെ ഹൃദയത്തെ, അതിലെ മുള്ളുകളെയും പറക്കാരകളെയും നീക്കി കളഞ്ഞ്,  നല്ലനിലമാക്കി മാറ്റുവാന്‍, പരിശുദ്ധാത്മാവിന് മാത്രമേ കഴിയൂ. 

അതിനാല്‍ നമ്മളുടെ ഹൃദയത്തിന്റെയും ജീവിതത്തിന്‍റെയും എല്ലാ മേഖലകളിലും, പരിശുദ്ധാത്മാവ് നിയന്ത്രണം ഏറ്റെടുക്കേണം. അവന്‍ നമ്മളുടെ ഹൃദയത്തെ ശുദ്ധമാക്കേണം.

അതിനായി, നമ്മളെ തന്നെ അവന് ഏല്‍പ്പിച്ചു കൊടുക്കുകയും, അവന് നമ്മള്‍ കീഴടങ്ങി ജീവിക്കുകയും വേണം. പരിശുദ്ധാത്മാവ് നടത്തുന്ന വഴികളിലൂടെ നമ്മള്‍ നിരന്തരം സഞ്ചരിക്കേണം.

റോമര്‍ 8:26 ല്‍ പൌലൊസ് പറയുന്നു: “അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു….” അതായത് പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കുവാന്‍ ഒരുക്കമാണ്. 

നമ്മള്‍ പറയുന്നത് ഇതാണ്: നമ്മളുടെ ഹൃദയം മുള്ളും പറക്കാരയും പെറുക്കിക്കളഞ്ഞു നല്ല നിലം ആക്കുവാന്‍, നമുക്ക് ദൈവകൃപയും, പരിശുദ്ധാത്മാവും ആവശ്യമാണ്. രക്ഷിക്കപ്പെട്ട എല്ലാവര്‍ക്കും കൃപ ലഭിച്ചിട്ടുണ്ട്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനവും അവരില്‍ ആരംഭിച്ചിട്ടുണ്ട്. ദൈവകൃപയേയും പരിശുദ്ധാത്മാവിനെയും നമ്മള്‍ എത്രമാത്രം ആഗ്രഹിക്കുകയും, കീഴ്പ്പെടുകയും, ഏല്‍പ്പിച്ചുകൊടുക്കുകയും ചെയ്യുന്നുവോ, അത്രമാത്രം നമ്മള്‍ നല്ല നിലം ആയിത്തീരും.  

പൌലൊസിന്റെ ഒരു പ്രബോധനം കൂടെ ഞാന്‍ എടുത്ത് എഴുതട്ടെ:

 

1 തിമൊഥെയൊസ് 6: 11 നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക. 

ഉപസംഹാരം 

സത്യത്തില്‍ നമ്മള്‍ രക്ഷിക്കപ്പെടുമ്പോള്‍, ദൈവകോപത്തില്‍ നിന്നും നമ്മള്‍ രക്ഷ പ്രാപിച്ചു കഴിയുമ്പോള്‍, നമ്മളുടെ ഭൌതീക സ്വപ്നങ്ങള്‍ അപ്രധാനമായി തീരും. അവയില്‍ ചിലതിനെ നമ്മള്‍ തന്നെ ഉപേക്ഷിക്കും, മറ്റ് ചിലത് ഒരിയ്ക്കലും പിന്നീട് യാഥാര്‍ത്യമാകുക ഇല്ല.

ക്രിസ്തുവിങ്കലേക്ക് വരുമ്പോള്‍, നമ്മളുടെ ആഗ്രഹങ്ങളും, ആവശ്യങ്ങളും എല്ലാം പുനര്‍ക്രമീകരണം ചെയ്യപ്പെടും. അപ്പോള്‍, പൌലൊസ് പറഞ്ഞതുപോലെ, മുമ്പ് വലിയവ എന്നു കരുതിയിരുന്ന പലതും ചപ്പും ചവറും ആയി തീരും. ക്രിസ്തുവിങ്കലേക്ക് വരുക എന്നാല്‍ നമ്മളുടെ പഴയ മനുഷ്യന്റെ മരണം ആണ്. നമ്മള്‍ പുതിയതായി അനുഭവിക്കുന്നത് പരിശുദ്ധാത്മാവിന്റെ ശക്തി മാത്രം ആയിരിയ്ക്കും. പാപത്തെ ജയിക്കുവാന്‍, ലോകമോഹങ്ങളെ ജയിക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മളെ ശാക്തീകരിക്കും. അവനാല്‍ മാത്രമേ മുള്ളുകളും പറക്കാരയും പെറുക്കിക്കളയുവാന്‍ സാദ്ധ്യമാകൂ. 

ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.

ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക. മറ്റുള്ളവരോടുകൂടെ പറയുക. 

ഒപ്പം തന്നെ ഓണ്‍ലൈന്‍ ല്‍, നമ്മളുടെ വീഡിയോ ഓഡിയോ ചാനലുകളില്‍, മറ്റ് വിഷയങ്ങളെ കുറിച്ചുള്ള അനേകം വീഡിയോകളും ഓഡിയോകളും ലഭ്യമാണ്. വീഡിയോ കാണുവാന്‍ താല്പര്യമുള്ളവര്‍ naphtalitribetv.com എന്ന വീഡിയോ ചാനലും ഓഡിയോ കേള്‍ക്കുവാന്‍ താല്പര്യമുള്ളവര്‍ naphtalitriberadio.com എന്ന ഓഡിയോ ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കേള്‍ക്കുവാന്‍ നിങ്ങളെ സഹായിക്കും.

അതുപോലെ തന്നെ, ഈ സന്ദേശങ്ങളുടെ പഠനക്കുറിപ്പുകള്‍ നമ്മളുടെ വെബ്സൈറ്റ്കളില്‍ ലഭ്യമാണ്. ഇംഗ്ലീഷിനായി naphtalitribe.com എന്ന website ഉം മലയാളത്തിലുള്ള പഠനക്കുറിപ്പുകള്‍ക്കായി vathil.in എന്ന website ഉം സന്ദര്‍ശിക്കുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.


No comments:

Post a Comment