കോറം ഡെയോ (Coram Deo)

ദി വൾഗേറ്റ്”, “ബിബ്ലിഅ വൾഗേറ്റ എന്നിങ്ങനെ അറിയപ്പെടുന്ന, വേദപുസ്തകത്തിന്റെ ലാറ്റിൻ വൾഗേറ്റ് പരിഭാഷ തയ്യാറാക്കിയത്, നാലാം നൂറ്റാണ്ടിൽ, വിശുദ്ധനായ ജെറോം എന്ന പണ്ഡിതനാണ് (The Vulgate, Biblia Vulgata, Latin Vulgate, St. Jerome).  സ്ട്രൈഡോണിലെ ജെറോം എന്നും അദ്ദേഹം അറിയപ്പെടുന്നു (Jerome of Stridon). അദ്ദേഹം റോമൻ കത്തോലിക്കാ സഭയിലെ ഒരു പുരോഹിതനും, വേദശാസ്ത്രജ്ഞനും, വിവർത്തകനും, ചരിത്രകാരനും ആയിരുന്നു. AD 347 ൽ ആണ് അദ്ദേഹം ജനിച്ചത്. ഏകദേശം 419/420 ൽ ഇന്നത്തെ പലസ്റ്റീനിലെ ബേത്ത്ളേഹെമിൽ വച്ച് അദ്ദേഹം മരിച്ചു.

 

AD 366 ഒക്റ്റോബർ മുതൽ 384 ഡിസംബർ 11 ആം തീയതി വരെ, റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പ ആയിരുന്ന ഡമാസൂസ് ഒന്നാമൻ ആണ് വേദപുസ്തക പരിഭാഷയക്കായി ജെറോമിനെ നിയോഗിക്കുന്നത് (Pope Damasus I / Damasus of Rome). അക്കാലത്ത് പല വിധത്തിലുള്ള ലാറ്റിൻ പരിഭാഷകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം കൃത്യത കുറവായിരുന്നു. അതിനാൽ സഭയിൽ എക്കാലവും ഔദ്യോഗികമായി ഉപയോഗിക്കുവാൻ കഴിയുന്ന, കൃത്യതയുള്ള ഒരു ലാറ്റിൻ പരിഭാഷ ആവശ്യമാണ് എന്നു മാർപ്പാപ്പയ്ക്ക് തോന്നി. അതിനായി ജെറോമിനെ നിയോഗിക്കുകയും ചെയ്തു.

 

AD 383 നും 404 നും ഇടയിലായി ജെറോം വേദപുസ്തകത്തെ ലാറ്റിൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. അദ്ദേഹം സുവിശേഷങ്ങൾ ഗ്രീക്ക് ഭാഷയിൽ നിന്നും നേരിട്ട് പരിഭാഷപ്പെടുത്തി. ഒപ്പം അന്ന് നിലവിൽ ഉണ്ടായിരുന്ന സുവിശേഷത്തിന്റെ ചില വിവർത്തനങ്ങളിലെ തെറ്റുകൾ തിരുത്തുകയും ചെയ്തു. പഴയനിയമത്തെ എബ്രായ മൂലകൃതികളിൽ നിന്നും അദ്ദേഹം പരിഭാഷപ്പെടുത്തി. 406 ൽ ലാറ്റിൻ ഭാഷയിലേക്കുള്ള വേദപുസ്തകത്തിന്റെ വിവർത്തനം പൂർത്തിയായി. അദ്ദേഹം സാധാരണയായ ലാറ്റിൻ ഭാഷ ഉപയോഗിച്ചു എന്നതിനാൽ അദ്ദേഹത്തിന്റെ പരിഭാഷയെ “വൾഗേറ്റ്” എന്നാണ് അറിയപ്പെടുന്നത് (Vulgate). “വൾഗേറ്റ്” എന്നാൽ സാധാരണമായത് എന്നാണ് അർത്ഥം.

 

ഈ പരിഭാഷയിൽ, സങ്കീർത്തനം 55:13 ആം വാക്യത്തിൽ ആണ് “കോറം ഡെയോ” എന്ന വാക്ക് ഉള്ളത് (coram Deo). ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഇംഗ്ലീഷ്, മലയാളം വിവർത്തനത്തിൽ ഇത് 56:13 ആം വാക്യമാണ്.