പരിശുദ്ധാത്മ സ്നാനം

യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റത്തിന്റെ അന്‍പതാം ദിവസമായ, പെന്തക്കോസ്ത് ഉല്‍സവത്തിന്റെ ദിവസം, ശിഷ്യന്മാരുടെമേല്‍ ഉണ്ടായ ആത്മപകര്‍ച്ചയെയാണ് പരിശുദ്ധാത്മ സ്നാനം എന്ന് വിളിക്കുന്നത്. ഈ അനുഭവം, വ്യത്യസ്ഥമായ രീതിയിലും അളവിലും, ക്രിസ്തുവില്‍ വിശ്വസിക്കുന്നവരില്‍  ഇന്നും ഉണ്ടാകുന്നു എന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു.

 

പഴയനിയമത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളില്‍ മാത്രമാണ് ആത്മപകര്‍ച്ച ഉണ്ടായത്. അന്ന് ന്യായാധിപന്‍മാരിലും പ്രവാചകന്മാരിലും പുരോഹിതന്മാരിലും ആത്മാവ് പകരപ്പെട്ടു. ഈ ആത്മപകര്‍ച്ചയെ യഹൂദ റബ്ബിമാരുടെ കൃതികളില്‍ “പ്രവാചനാത്മാവ്” എന്നാണ് വിളിക്കുന്നത്. അന്ന്, പരിശുദ്ധാത്മാവിന്റെ പകര്‍ച്ചയുടെ അടയാളം പ്രവചനം ആയിരുന്നു.

 

പെന്തെക്കോസ്ത് വിശ്വാസികള്‍ അന്യാഭാഷാ ഭാഷണം ആത്മ സ്നാനത്തിന്റെ പ്രത്യക്ഷമായ അടയാളമായി കരുതുന്നു. ഇത് ഒരുവന്‍ രക്ഷിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആത്മ പകര്‍ച്ചയില്‍ നിന്നും വ്യത്യസ്തമായ അനുഭവമാണ് എന്നും അവര്‍ വിശ്വസിക്കുന്നു. പെന്തെക്കോസ്ത് വിശ്വാസമനുസരിച്ച്, പരിശുദ്ധാത്മ സ്നാനം രക്ഷിക്കപ്പെട്ടതിന് ശേഷം പ്രാപിക്കുന്നതാണ്.

 

ആദ്യകാല സഭയില്‍, പരിശുദ്ധാത്മ സ്നാനത്തിനായി, രക്ഷിക്കപ്പെട്ട ഒരു വ്യക്തിയുടെമേല്‍, അപ്പോസ്തലന്മാര്‍ കൈവച്ച് പ്രാര്‍ത്ഥിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ അപ്പോസ്തലന്‍മാര്‍ക്ക് ശേഷം ഈ പതിവ് നമ്മള്‍ ചരിത്രത്തില്‍ കാണുന്നില്ല.

യേശുക്രിസ്തു ദൈവമാണോ?

യേശുക്രിസ്തു ദൈവമാണോ? യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ചിരുന്നപ്പോള്‍ അവന്‍ ദൈവമായിരുന്നുവോ? യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യനായി ജനിക്കുന്നതിന് മുമ്പും അവന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തതിന് ശേഷവും ദൈവമാണോ? ഈ ചോദ്യങ്ങള്‍ ആദ്യ നാളുകള്‍ മുതല്‍ ക്രിസ്തീയ വിശ്വാസികള്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങള്‍ ആണ്. ഇതിന് അന്നുമുതല്‍ തന്നെ അവര്‍ മറുപടി നല്കുന്നുണ്ട്. എങ്കിലും ഇന്നും നിരീശ്വര വാദികളും, മറ്റ് മത വിശ്വാസികളും ഇതേ ചോദ്യം ഉയര്‍ത്തുന്നു. ഇന്ന്, ഉത്തരാധുനിക കാലത്ത് ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന പ്രധാന ചോദ്യവും ഇത് തന്നെയാണ്.

വേദപുസ്തകത്തില്‍ എവിടേയും, “ഞാന്‍ ദൈവമാണ്” എന്നോ “ഞാന്‍ ദൈവമല്ല” എന്നോ, അതേ വാക്കുകള്‍ തന്നെ ഉപയോഗിച്ച്, യേശു പറയുന്നതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് യേശു ദൈവമല്ല എന്നതിന്റെ തെളിവല്ല. ഈ കാരണം കൊണ്ട്, യേശു ദൈവമല്ല എന്നു വാദിക്കുവാന്‍ തര്‍ക്ക ശാസ്ത്ര പ്രകാരം സാധ്യമല്ല. നിശബ്ദത ഒരു സത്യത്തെ ഇല്ലാതാക്കുന്നില്ല.